ഉറൂബിന്റെ അന്ത്യയാത്ര
കവി പി. ഭാസ്കരന് മാസ്റ്ററെ കാണാന്‍ കോട്ടയത്ത് ചെന്നതായിരുന്നു ഞാന്‍. ദീപിക വാരികയുടെ പത്രാധിപരായിരുന്നു അന്നദ്ദേഹം. വര്‍ഷം 1978. അദ്ദേഹം എന്നോടു ചോദിച്ചു: '' ഇന്ന് സാഹിതീ സഖ്യത്തിന്റെ ഒരുപരിപാടിയുണ്ട്; ഉറൂബാണ് അധ്യക്ഷന്‍. തോമസ് വരുന്നോ?'' ഒരു ഓട്ടോറിക്ഷയില്‍കയറി ഞങ്ങള്‍ സമ്മേളന സ്ഥലത്തെത്തി. മാസ്റ്ററെ കണ്ടതും ഉറൂബ് ഓടി വന്നു കൈപിടിച്ചു സ്വീകരിച്ചു. മാഷ് എന്നെ പരിചയപ്പെടുത്തി: '' ഇതു എന്റെ സ്നേഹിതന് തോമസ്'' എനിക്കും കിട്ടി ഉറൂബിന്റെ വക ഒരു ഹസ്തദാനം. കുറഞ്ഞ നാളത്തെ പരിചയം മാത്രമുള്ള എന്നെ മാഷ് 'സ്നേഹിതന്' എന്നു വിശേഷിപ്പിച്ചതും ഉറൂബിനെ ആദ്യമായി കാണുന്ന അദ്ദേഹത്തിന്റെ ഹസ്തദാനം ലഭിച്ചതുമൊക്കെ അന്നു കേവലം വിദ്യാര്‍ഥിയായിരുന്ന എനിക്ക് അപ്രതീക്ഷിതമായി ലഭിച്ച സൗഭാഗ്യങ്ങളായിരുന്നു.
പ്രൊഫ. എം.പി. പോള്‍ തുടങ്ങിവെച്ച ഒരു ചര്‍ച്ചാവേദിയായിരുന്നു. 'സാഹിതീസഖ്യം.' ഇടക്കാലത്തു മന്ദീഭവിച്ചുപോയ ആ പ്രസ്ഥാനത്തിന് ഉറൂബ് മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി വന്ന 1976 മുതല്‍ കുറേശ്ശെ ജീവന് വച്ചു തുടങ്ങി. ജോലിയില്ലാതെ അലഞ്ഞ കാലത്തു തനിക്കു മംഗളോദയത്തില്‍ പത്രാധിപരുടെ ജോലി നേടിത്തന്ന എം.പി. പോളിനോടുള്ള സ്നേഹാദരങ്ങള്‍ 'സാഹിതീസഖ്യ' ത്തിന്റെ പുനരുജ്ജീവനത്തിന് ഉറൂബിനു പ്രേരകമായിരുന്നിരിക്കണം.
ഉറൂബും പി. ഭാസ്കരനും തമ്മിലുള്ള ബന്ധത്തിന്റെ ദാര്ഢ്യമൊന്നും അന്നെനിക്കറിയില്ലായിരുന്നു. 1950 മേയ് 14 -ന് പ്രവര്‍ത്തനമാരംഭിച്ച കോഴിക്കോട് ആകാശവാണിയില്‍ ആദ്യദിനം തന്നെ ജോലിയില്‍ പ്രവേശിച്ച ഭാസ്കരന് മാസ്റ്ററുടെ നിര്‍ബന്ധം മൂലമാണ് അതേ വര്‍ഷം ജൂലായില്‍ ഉറൂബ് അവിടെ ചേരുന്നത്. അന്നൊന്നും 'ഉറൂബ്' എന്ന പേര് സ്വീകരിച്ചിട്ടില്ല. 1952-ല്‍ കെ. രാഘവന് മാസ്റ്ററെപ്പറ്റി ഒരു ലേഖനം 'മാതൃഭൂമി' യിലെഴുതിയപ്പോഴാണ് പി.സി. കുട്ടികൃഷ്ണന് ഉറൂബാകുന്നത്. (യൗവനം നശിക്കാത്തവന് എന്നാണത്രേ ഉറുദുവില്‍ ഈ വാക്കിനര്‍ഥം.) തിക്കോടിയന്, കെ.എ. കൊടുങ്ങല്ലൂര്‍, അക്കിത്തം, കക്കാട്, കരുമല ബാലകൃഷ്ണന് തുടങ്ങിയവരും എത്തിയതോടെ കോഴിക്കോട് ആകാശവാണി ഒരു സാംസ്കാരികകേന്ദ്രമായി മാറി. പക്ഷേ, പറഞ്ഞിട്ടെന്ത്? ഈ കലാകാരന്മാരെ ഒരു അധഃകൃത വിഭാഗമായാണ് അധികാരികളും ഉദ്യോഗസ്ഥരും കരുതിയിരുന്നത്. സ്ഥിരം ഉദ്യോഗസ്ഥരെ അപേക്ഷിച്ച് ശമ്പളം നന്നേകുറവ്. പെന്‍ഷനില്ല; ജോലി സ്ഥിരതയില്ല. ജോലിഭാരം കൂടുതലും. ഉദ്യോഗസ്ഥവൃന്ദത്തിന്റെ പാരപണിയുടെ ഫലമായി മുന്‍കാല കമ്യൂണിസ്റ്റുപാര്‍ട്ടി ബന്ധം ആരോപിച്ച് പി. ഭാസ്കരനെ പിരിച്ചുവിട്ടു. തന്റേതല്ലാത്ത കുറ്റത്തിനു ഉറൂബിന് സസ്പെന്ഷന് കിട്ടി. ഒടുവില്‍ മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന് അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിനു കത്തെഴുതിയതില്‍ പിന്നെയാണ് സസ്പെന്ഷന് പിന്‍വലിച്ചത്. 1975 വരെ വല്ല വിധത്തിലും അദ്ദേഹം അവിടെ പിടിച്ചുനിന്നു.
1979 ജൂലായ് 10-ന് ഉറൂബ് മരിച്ചു. പിറ്റേ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പി. ഭാസ്കരന് എഴുതി: 'പി.സി. ജീവിതത്തില്‍ ആദ്യമായി താങ്കള്‍ എന്നെ കബളിപ്പിച്ചു. ഞാന്‍ എന്റെ ആശയങ്ങളുടെ ആടയാഭരണങ്ങള്‍ ഊരിവയ്ക്കുന്നു. നിയന്ത്രണത്തിന്റെ ചമയം ഞാന്‍ കണ്ണീരുകൊണ്ടു കഴുകിക്കളയുന്നു. 2004-ല്‍ 'നീലക്കുയിലി'ന്റെ അമ്പതാം വാര്‍ഷികാഘോഷത്തിനെത്തിയ പി. ഭാസ്കരന് ഉറൂബിന്റെ മകന് സുധാകരനോടു ചോദിച്ചു: ''അച്ഛന് വര്ണ്ടാവില്ല അല്ലേ?'' കാല്‍നൂറ്റാണ്ടുമുമ്പ് ഉറൂബു മരിച്ച വിവരം മറവിരോഗത്തിന്റെ പിടിയിലായ ഭാസ്കരന് മാഷ് മറന്നുപോയിരുന്നു!
പൊന്നാനിക്കളരിയില്‍ വളര്‍ന്നുവന്ന ഉറൂബ് അന്നത്തെ പതിവനുസരിച്ച് കവിതയിലാണു തുടങ്ങിയത്. ആദ്യത്തെ കവിതയും കഥയും മാതൃഭൂമിയില്‍ വന്നു. 'വേലക്കാരിയുടെ ചെക്കന്' എന്ന ആദ്യകഥ വായിച്ച കുട്ടികൃഷ്ണമാരാര് പറഞ്ഞു: '' തന്റെ വഴി ഇതാണെന്നു തോന്നുന്നു.'' വിക്ടര്‍ ഹ്യൂഗോവിന്റെ 'പാവങ്ങള്‍' നാലപ്പാട്ടു നാരായണമേനോന് പരിഭാഷപ്പെടുത്തിയതോടെ മലയാളത്തില്‍ തിരയടിച്ച മാനവികതാബോധം ഏറ്റവുമധികം സ്വാധീനിച്ചത്, ഇടശ്ശേരിയെയും ഉറൂബിനെയുമായിരുന്നു എന്നു തോന്നുന്നു. 'മര്ത്ത്യന് സുന്ദരനാണ്' എന്ന ആശയം ഇരുവര്‍ക്കും പത്ഥ്യമായിരുന്നുവല്ലോ.
ദന്തവൈദ്യനായിരുന്ന ഡോ. വി.വി. ആന്റണി ഉറൂബിന്റെ അടുത്ത സുഹൃത്തായിരുന്നു. ഒരു ദിവസം ക്ലിനിക്കില്‍ ചെന്ന എനിക്ക് അദ്ദേഹം ഒരു സെറ്റ് കൃത്രിമപ്പല്ലുകള്‍ കാട്ടിത്തുന്നു: ''ഇത് ഉറൂബിനുവേണ്ടി ഉണ്ടാക്കിയതായിരുന്നു, എന്തു ചെയ്യാം, ഇതു വാങ്ങിക്കൊണ്ടുപോകാന്‍ അദ്ദേഹം വന്നില്ല.'' ഉറൂബിന്റെ പത്താംചരമവാര്ഷികം ആന്റണി ഡോക്ടര്‍, കൊടുങ്ങല്ലൂര്‍, എം.വി. ദേവന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായി ആചരിച്ചപ്പോള്‍ അവരുടെ ൈകയാളുകളായി നിന്നത് ഞാനും ശിവന് മഠത്തിലുമായിരുന്നു.
ഉറൂബ് ഒരു കോടീശ്വരനാണെന്നായിരുന്നു എന്റെ ധാരണ. സിനിമാക്കാരന്, പാഠപുസ്തകങ്ങളായ ഒട്ടേറെ ഗ്രന്ഥങ്ങള്‍, പത്രാധിപര്‍ എന്നീ പരിവേഷങ്ങളായിരിക്കാം അങ്ങനെ ഒരു തോന്നലുണ്ടാക്കിയത്. പോരെങ്കില്‍ അദ്ദേഹത്തിന്റെ നടപ്പിലും എടുപ്പിലുമെല്ലാം ഒരു 'സമ്പന്ന'ത പ്രസരിച്ചിരുന്നു താനും. അത്യന്തം വിചിത്രമായ ഒരു സാഹചര്യത്തിലാണ് എന്റെ ആ ധാരണ മാറിയത്. 1989-ന്റെ അവസാനം ഒരു വീടുണ്ടാക്കാന്‍ ഇത്തിരി സ്ഥലം തേടി നടന്ന എന്നെ ഒരു ബ്രോക്കര്‍ നടക്കാവിലെ ഒരു വീട്ടിലേക്കാണ് കൊണ്ടുപോയത്. അകത്തുനിന്ന് ഇറങ്ങിവന്ന ആളെ കണ്ട് ഞാന്‍ അമ്പരന്നു. ഉറൂബിന്റെ സഹധര്‍മിണി - ഇ. ദേവകിയമ്മ- ഇടശ്ശേരിയുടെ ഭാര്യാസഹോദരി. ആ അമ്മയ്ക്കാണെങ്കില്‍ എന്നെ കണ്ടുപരിചയവും ഉണ്ട്. ഒടുവില്‍ ഇടശ്ശേരിയുടെ കഥാപാത്രത്തെപ്പോലെ 'അങ്ങേ വീട്ടില്‍ കയറേണ്ടതായിരുന്നു' എന്നോ മറ്റോ പറഞ്ഞ് ഞാന്‍ രക്ഷപ്പെട്ടു. വലിയ പണക്കാരന് എന്നു ഞാന്‍ തെറ്റിദ്ധരിച്ചിരുന്ന ഉറൂബ് നിലനില്‍പ്പിനുവേണ്ടി നടത്തിയ ഏകാന്ത സമരങ്ങള്‍ പിന്നീടാണ് ഞാനറിയുന്നത്. സിനിമ വഴിക്കും മറ്റും കിട്ടിയ പണമത്രയും ബന്ധുക്കള്‍ക്കുവേണ്ടി ചെലവാക്കി. അന്യാധീനപ്പെട്ട പൊന്നാനിയിലെ കുടുംബസ്വത്ത് തിരിച്ചുപിടിക്കാന്‍ നടത്തിയ സുദീര്‍ഘമായ നിയമയുദ്ധം എങ്ങുമെത്താതെയാണ് ഉറൂബ് മരിച്ചത്. നടക്കാവിലെ വീടു പിന്നീട് വില്‍ക്കേണ്ടിവന്നു. കഥയ്ക്കാസ്പദമായ വിഷയങ്ങള്‍ കിട്ടാന്‍ വേണ്ടി സെഷന്‍സ് കോടതിയില്‍ പതിവായി പോകുന്നത് ഉറൂബിന്റെ വിനോദമായിരുന്നു. 'ഉമ്മാച്ചു'വിന്റെ കഥാതന്തു അങ്ങനെ കിട്ടിയതാണ്. വിധിവൈപരീത്യമെന്നു പറയട്ടെ പിന്നീടു രണ്ടു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹത്തിനു കോടതി കയറിയിറങ്ങേണ്ടിവന്നു. പിന്നെയും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നഷ്ടപ്പെട്ടതില്‍ കുറെയെങ്കിലും തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന്റെ മക്കള്ക്കായത്.
'അല്‍ഷിമേഴ്സ്' പിടിപെട്ടതുകൊണ്ട് പി. ഭാസ്കരന് മാസ്റ്റര്‍ ഉറൂബു മരിച്ചുപോയ കാര്യം മറന്നു. പക്ഷേ, ഉറൂബ് ജീവിച്ചിരുന്നുവെന്ന് മലയാളികള്‍ പലപ്പോഴും മറന്നുപോകുന്നത് ഏതുരോഗം മൂലമാണ്? 1991-ല്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പി.പി. ഉമ്മര്‍ക്കോയ പൊന്നാനിയില്‍ ഉറൂബിനായി ഒരു സ്മാരകം ഉദ്ഘാടനം ചെയ്തു. പക്ഷേ, സ്മാരകത്തിനുവേണ്ടി അനുവദിച്ച സ്ഥലത്ത് ഇന്നു പ്രവര്‍ത്തിക്കുന്നത് ഒരു മൃഗാശുപത്രിയാണ്. കോഴിക്കോട്ട് തുടങ്ങിയ മ്യൂസിയവും തുടര്‍നടപടികളില്ലാതെ നശിച്ചു. ജാതിസംഘടനകള്‍, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ എന്നിവയുടെ പിന്തുണയോ ബന്ധുബലമോ ഇല്ലാത്തതുകൊണ്ടാവാം ഉറൂബ് സ്മാരകത്തിന് ഈ ഗതിവന്നത്. കെട്ടിടങ്ങളും പ്രതിമകളുമല്ല, ഗ്രന്ഥങ്ങള്തന്നെയാണ് ഒരു എഴുത്തുകാരന്റെ ഉചിത സ്മാരകം; ശരിതന്നെ പക്ഷേ, തുടങ്ങിവെച്ചവ പൂര്‍ത്തിയാക്കാതിരിക്കുന്നത് അനാദരമാണ്.
'കാര്യം തുടങ്ങിവെയ്ക്കാക ബുദ്ധിതന്നാദ്യലക്ഷണം തുടങ്ങിയാല്‍ സമാപിക്ക,യതിന് മറ്റൊരു ലക്ഷണം.'
പുനപ്രസിദ്ധീകരണം
Content Highlights: Malayalam writer Uroob Memory
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..