ഉറൂബ്
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഉറൂബ് എന്ന പി.സി കുട്ടികൃഷ്ണന്റെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 8. യൗവനം നശിക്കാത്തവന്‍ എന്നാണ് ഉറൂബ് എന്ന അറബി വാക്കിന്റെ അര്‍ഥം. ഉറൂബ് എന്ന സാഹിത്യകാരന്‍ മലയാളത്തിന് സമ്മാനിച്ച കൃതികളുടെ കാര്യവും മറിച്ചല്ല. മലയാള സാഹിത്യലോകത്ത് ഇന്നും പുതുമ ചോരാതെ നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. ഓരോ വായനയിലും വ്യത്യസ്തമായ ഭാവതലങ്ങള്‍ അനുവാചകന് സമ്മാനിക്കുന്ന ഉറൂബിന്റെ കൃതികള്‍ ഇന്നും മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കി നിലകൊള്ളുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് പളളിപ്രം ഗ്രാമത്തിലാണ് പി.സി. കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ, കവിയായ ഇടശ്ശേരി ഗോവിന്ദന്‍ നായരുമായി സൗഹൃദത്തിലായി. സാഹിത്യലോകത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ കാല്‍വെപ്പ് കവിതയിലൂടെയായിരുന്നു. എന്നാല്‍ കഥയുടെയും നോവലുകളുടേയും ലോകത്തേക്ക് അദ്ദേഹത്തിന്റെ സാഹിത്യാഭിരുചി വഴിമാറുകയായിരുന്നു ആദ്യ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.
സാഹിത്യലോകത്ത് ചുവടുകള്‍ വച്ച് മുന്നേറുന്നതിനിടയില്‍ കുട്ടിക്കൃഷ്ണന് നാടുവിടേണ്ടിവന്നു. ആറു വര്‍ഷക്കാലം ഇന്ത്യയുടെ പല ഭാഗങ്ങളിലും ചുറ്റിത്തിരിഞ്ഞു. വിവിധ ജോലികള്‍ ചെയ്തു. 1948ല്‍ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. അധ്യാപകന്‍, ഗുമസ്തന്‍, ആശുപത്രി കമ്പൗണ്ടര്‍, പത്രാധിപര്‍, ആകാശവാണി പ്രൊഡ്യൂസര്‍ തുടങ്ങിയ ജോലികള്‍ ചെയ്തു. കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനവും അലങ്കരിച്ചു.
സുന്ദരികളും സുന്ദരന്‍മാരും, ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്‍മുളളുകള്‍ തുടങ്ങിയവയാണ് ഉറൂബിന്റെ നോവലുകള്‍. രാച്ചിയമ്മ, ഉളളവരും ഇല്ലാത്തവരും, ഗോപാലന്‍ നായരുടെ താടി, കുഞ്ഞമ്മയും കൂട്ടുകാരും, നീലവെളിച്ചം, മൗലവിയും ചങ്ങാതിമാരും, തുറന്നിട്ട ജാലകം എന്നിങ്ങനെ ഇരുപതോളം ചെറുകഥാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. തീ കൊണ്ട് കളിക്കരുത്, മണ്ണും പെണ്ണും, മിസ് ചിന്നുവും തുടങ്ങിയ നാടകങ്ങളും ഉറൂബിന്റെ കുട്ടിക്കഥകള്‍ എന്ന ബാലസാഹിത്യകൃതിയും നിഴലാട്ടം, മാമൂലിന്റെ മാറ്റൊലി, പിറന്നാള്‍ എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ഉറൂബിന്റെ സുന്ദരികളും സുന്ദരന്‍മാരും മലയാള നോവല്‍ സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ്. മൂന്നുതലമുറകളുടെ കഥ വിശാലമായ ഒരു പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന നോവലില്‍ ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം എന്നിവയെല്ലാം പശ്ചാത്തലമാക്കിയിരിക്കുന്നു.
ഒരു സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ അഗാധമായ ഉള്‍ക്കാഴ്ചയോടെ ചിത്രീകരിക്കുന്ന നോവലാണ് ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചു എന്ന സ്ത്രീയുടെ കഥയാണ് തന്റെ അനശ്വരനോവലിലൂടെ ഉറൂബ് പറഞ്ഞത്.
നീലക്കുയില്‍ എന്ന പ്രസിദ്ധ സിനിമയുടെ കഥയും തിരക്കഥയും ഉറൂബ് രചിച്ചതാണ്. ഇതടക്കം എട്ടോളം തിരക്കഥകളൊരുക്കി. നോവലിനുളള ആദ്യ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 1958ല്‍ 'ഉമ്മാച്ചു'വിന് ലഭിച്ചു. സുന്ദരികളും സുന്ദരന്‍മാരും 1960ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 1979 ജൂലൈ 10ന് ഉറൂബ് അന്തരിച്ചു.
Content Highlights: Malayalam writer Uroob birth anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..