
-
മലയാള സാഹിത്യത്തില്‍ എക്കാലവും സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട പേരുകളിലൊന്നാണ് എന്‍. പി മുഹമ്മദിന്റേത്. അറബിപ്പൊന്നും ദൈവത്തിന്റെ കണ്ണും എണ്ണപ്പാടവും തങ്കവാതിലും കാലത്തോടും സമൂഹത്തോടും കലഹിക്കുകയും മനുഷ്യനോട് സഹതപിക്കുകയും ചെയ്തു. സാഹിത്യപ്രവര്‍ത്തനം ജീവിതചര്യയായികൊണ്ടുനടന്നിരുന്ന എന്‍. പി മുഹമ്മദിന്റെ പതിനേഴാം ചരമദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ് മകനും എഴുത്തുകാരനുമായ എന്‍.പി ഹാഫിസ് മുഹമ്മദ്.
എന്‍.പി മുഹമ്മദ് എന്ന സാഹിത്യകാരനായ മനുഷ്യന് എങ്ങനെയായിരിക്കും ഈയൊരുആസുരകാലത്തെ കാണുക? ഉപ്പയുടെ ചരമദിനമായ ഇന്നുരാവിലെ മുതല്‍ മനസ്സുനിറയെ ഉപ്പയായിരുന്നു. പൗരത്വ ഭേദഗതിയെക്കുറിച്ചൊരു ലേഖനമെഴുതാനിരിക്കുകയാണ്. ആലോചനയില്‍ നിറഞ്ഞുനിന്നത് ഉപ്പയാണ്. ഏകാധിപത്യത്തിനും പൗരോഹിത്യത്തിനുമെതിര് നിന്നുകൊണ്ട് ഉപ്പ ഇന്നത്തെ ഇന്ത്യനവസ്ഥയെക്കുറിച്ചെന്തുപറയും? സംശയമില്ല. രോഷവും യുക്തിയും ഒന്നാവും. രോഷത്തിന്റെ വൈകാരികതയെ അരിച്ചെടുത്തുമാറ്റി, യുക്തിയുടെ സംവാദം നടത്തും. വാദമുഖങ്ങള്‍ക്ക് തടയിണകെട്ടാൻ ഒരാള്ക്കുമാകാത്ത വിചാരധാരയാവുമത്. അത് മതനിരപേക്ഷ ജനാധിപത്യത്തിന്റെ തെളിമയാര്‍ന്ന പ്രതിഷേധമാകും.
എന്ത് ഉപ്പയില്‍ നിന്ന് കിട്ടി? ഈ ചോദ്യത്തിനുള്ള പ്രധാന ഉത്തരം മറ്റൊന്നല്ല: മതനിരപേക്ഷ ജനാധിപത്യവ്യവസ്ഥയിലുള്ള അചഞ്ചലമായ വിശ്വാസം. സമഗ്രാധിപത്യത്തിനെതിരായുള്ള ധീരശബ്ദം. ഉപ്പയുടെ രചനകളില്‍ കാവ്യാത്മകതയുള്ക്കൊണ്ട ഈ പ്രതിഷേധമുണ്ടായിരുന്നു.
ആദ്യകാലകഥകളിലും ആദ്യനോവലായ 'മര'ത്തിലും മുസ്ലിം സ്ത്രീയുടെ വിധേയത്വത്തിന്റെയും അടിമത്വത്തിന്റെയും പൗരോഹിത്യ നിര്‍മിതികളെയാണ് ചോദ്യംചെയ്തത്. 'ഹിരണ്യകശിപു' ഒരു നയപ്രഖ്യാപനമായിരുന്നു. രാഷ്ട്രീയമായ കാഴ്ചപ്പാടിന്റെ വിളംബരം. ജനാധിപത്യത്തിന്റെ കഥയില്‍ വരുംകാല ഇന്ത്യയെക്കുറിച്ചുള്ള പ്രവചനമുണ്ടാവുമായിരുന്നു. ഏകാധിപത്യത്തിന്റെ ഭീകരത തന്നെയാണ് 'തങ്കവാതിലി'ലും 'നാവി'ലും ഉപ്പ ആലേഖനം ചെയ്തത്. അലക്സാണ്ടറുടെ അഹങ്കാരം 'തങ്കവാതിലി'ലും സ്വേചേഛാധിപതിയുടെ ഭരണം 'നാവി'ലും പരിഹസിക്കപ്പെടുകയും ചോദ്യംചെയ്യുകയുമായിരുന്നു. എഴുത്തുകാരന് അരാഷ്ട്രീയവാദിയായിരിക്കരുതെന്ന ലളിത സന്ദേശമാണ് ഉപ്പയില്‍ നിന്ന് നേടിയ പ്രധാനപാഠം.
ഇന്ന് പതിനേഴാം ചരമദിനം. ഞാന്‍ ഉമ്മയുടെ അടുത്ത് കുറച്ചുനേരം ചെലവഴിച്ചു. ഉമ്മ (ഇത്താത്ത എന്ന് ഞങ്ങള്‍ വിളിക്കുന്നു) എത്രയ്ക്ക് ഏകയായെന്നത് ഞങ്ങള്‍ക്കറിയാം. ഒരു മരണം മറ്റൊരാളെ ഏതുവിധം മാറ്റിമറിക്കുമെന്നത് ഞാന്‍ അറിഞ്ഞുകൊണ്ടേയിരിക്കുന്നു. ഉപ്പ മരിച്ച് നാലഞ്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഇത്താത്ത എന്നോടുചോദിച്ചു: ഇനി ഞാനെന്തിന് ജീവിച്ചിരിക്കണം? ഇന്നും ആ ദീനസ്വരം ഞാന്‍ കേള്‍ക്കുന്നു.

ഇത്താത്തയോടുള്ള ഉപ്പയുടെ അടുപ്പം വിസ്മയകരമായ സ്നേഹത്തിന്റേതായിരുന്നു. ഇത്താത്തയില്ലാതെ ഉപ്പയ്ക്ക് ജീവിക്കാനാവുമായിരുന്നില്ല. ഒരു ബീഡി കത്തിക്കാന്‍, ചായ നല്കിക്കൊണ്ടേയിരിക്കാന്, എഴുതാനുള്ള കടലാസ്, വൃത്തിയായി കുറിച്ചുകൊടുക്കാന്‍, കൂട്ടുകാര്ക്കേതുനേരവും ഭക്ഷണമൊരുക്കിക്കൊടുക്കാന്‍, വേദനയില്‍ തടവലിന്റെ ആശ്വാസമാവാന്‍, ഉപ്പയ്ക്ക് ഇത്താത്ത വേണമായിരുന്നു. ഓരോ ആവശ്യങ്ങള്‍ക്കായി മുഴങ്ങുന്ന ഉപ്പയുടെ ശബ്ദം: ബിച്ചാത്തൂ... ഏഴാമാകാശത്തുനിന്നും ഇത്താത്ത പറന്നെത്തുന്നു. ഉപ്പയുടെ പ്രതികരണം:'ഒന്നൂല്ലാ നീ എവിടെപ്പോയീന്ന് വിചാരിക്ക്വായിരുന്നു. ഇവിടിരി.' ഉപ്പയെുതുന്നു.

ഇന്നെനിക്കറിയാനാവുന്നു. ഉപ്പ മാത്രമല്ല ചോര്ന്നൊലിച്ചുപോയത്. എന്റെ ഇത്താത്തയുടെ ജീവിതം കൂടിയാണ് ചോര്ത്തിക്കൊണ്ടുപോയിരിക്കുന്നത്. എഴുത്തുകാരും കലാകാരന്മാരും കുടുംബത്തെ, ഭാര്യയെ, മക്കളെ, പെങ്ങന്മാരെ വേണ്ടവിധം പരിഗണിക്കരുതെന്ന് കരുതുന്നവര്‍ക്കിടയില്‍ എന്റെ ഉപ്പ ഒരത്ഭുതമായിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വാദംമുഴക്കിയാല്പ്പോരാ, പ്രവര്‍ത്തിച്ചും കാണിച്ചുകൊടുക്കണമെന്നത് ഉപ്പയുടെ ജീവിതത്തില്നിന്നറിഞ്ഞതാണ്. പുരുഷകേന്ദ്രീകൃതമായ സ്വത്തവകാശത്തോടുള്ള പ്രതിഷേധം, ഒരംശം പോലുമെടുക്കാതെ സഹോദരിമാര്‍ക്ക് പതിച്ചുനല്കലാണെന്ന സന്ദേശം അറിഞ്ഞതും ഉപ്പയില്‍ നിന്നാണ്. വാക്കും പ്രവര്‍ത്തിയും ഒന്നായിരുന്നു ഉപ്പയ്ക്ക്. തന്റെ രചനകളെ മാറിനിന്ന് നിസ്സംഗതയോടെ കാണാന്‍ ഉപ്പ ശ്രമിച്ചിരുന്നു.
അംഗീകാരങ്ങള്‍ക്ക് വേണ്ടിയുള്ള പരക്കംപാച്ചിലില്ല. അത് ലഭിക്കാത്തതിലുളള പരിവേദനങ്ങളില്ല. ഉപ്പ ചോദിക്കും: ഏതംഗീകാരം കിട്ടിയാലും ഏത് രചനകളാണ് കാലം സൂക്ഷിക്കുകയെന്ന് ആര്‍ക്ക് പറയാനാവും? ഒരച്ഛനും പകുത്തുതരാനാവാത്ത, പറയാനിടയില്ലാത്ത, ജീവിതമാണ് ഉപ്പ മുന്നില്‍ വെച്ചുപോയിരിക്കുന്നത്. ഉപ്പ മൗനം പറയുന്നു: സ്വീകരിക്കാം, തള്ളാം, രണ്ടായാലും ഉപ്പ സ്വന്തംപക്ഷത്ത് നില്ക്കുന്നു. ഉപ്പ പകരം വെക്കാനില്ലാത്ത സമ്പാദ്യമാക്കുന്നത് ഇങ്ങനെ പലതും കൊണ്ടാണ്.
Content Highlights: Malayalam writer NP Hafiz Muhammed recalls his father and writer NP Muhammed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..