എം സുകുമാരന്‍ കഥകളിലെ ഊമനായികമാരുടെ നിസ്സഹായതകള്‍


By റഫീഖ് ഇബ്രാഹിം

7 min read
Read later
Print
Share

വിശാലമായ അര്‍ത്ഥത്തില്‍ അപമാനവീകരണത്തിനെതിരായ രാഷ്ട്രീയ കഥകളാണ് സുകുമാരന്റെ ആദ്യകാല കഥകള്‍ എന്നു കാണാം. പിന്നീട്പ്രകടമായി രാഷ്ട്രീയം സംസാരിക്കാന്‍ തുടങ്ങിയ കാലത്ത് അദ്ദേഹം ആവിഷ്‌കരിച്ച പ്രമേയങ്ങളുടെ തുടക്കം ഇവിടെ നിന്നുതന്നെ കണ്ടെത്താം

എം സുകുമാരൻ. ഫോട്ടോ- മണിലാൽ പടവൂർ

തികച്ചും വിഭിന്നമാര്‍ന്ന ആഖ്യാനപരതകൊണ്ട് വായനയുടെ അപാരമായ ഉള്ളാഴങ്ങള്‍ തുറന്നുകാണിച്ച എഴുത്തുകാരനാണ് എം. സുകുമാരന്‍. മലയാളത്തിന്റെ വിപ്ലവാവേശങ്ങള്‍ സര്‍ഗാത്മകതയില്‍ ചൂടുംചൂരും നിറച്ച എഴുപതുകളില്‍ ഭാവനയുടെ മറ്റൊരു ലോകം തുറന്നുകാട്ടിയ എഴുത്തുകാരന്‍ ഓര്‍മയായിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. എന്തായിരുന്നു പൊതുവെ അദ്ദേഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടാത്ത ആദ്യകാല കഥകള്‍ സംവദിച്ചിരുന്നത്​ എന്നുള്ള അന്വേഷണമാണ് റഫീഖ് ഇബ്രാഹിം എഴുതിയ ഈ ലേഖനം.​

എം.സുകുമാരന്റെ മരണശേഷം രൂപപ്പെട്ടു വന്ന ചര്‍ച്ചകളില്‍ മിക്കതും സഞ്ചരിച്ചത് രണ്ട് വിരുദ്ധ ധ്രുവങ്ങളിലൂടെയാണ്. ഒരു പക്ഷേ അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തും ഈ രണ്ടു വഴികള്‍ തന്നെയായിരുന്നു സുകുമാരന്റെ കഥാലോകത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളായത്. ഇടതുപക്ഷ സംഘടനാരാഷ്ട്രീയത്തിലെ ധാര്‍മ്മിക ലോപത്തിനുമെതിരെ രാഷ്ട്രീയ കഥകളെഴുതിയ 'നിരാശാഭരിതനായ എഴുത്തുകാരന്‍' എന്നതായിരുന്നു പ്രധാന ചര്‍ച്ചാ കേന്ദ്രങ്ങളിലൊന്ന്. ശേഷക്രിയ വെച്ച് അതിന് സാധൂകരണം നിര്‍മ്മിക്കപ്പെടുകയും മുഖ്യധാരാ ഇടതുപക്ഷത്തോട് കടുത്ത വിമര്‍ശനം പുലര്‍ത്തിയ എഴുത്തുകാരനായി അദ്ദേഹത്തെ സ്ഥാനപ്പെടുത്തുകയുമാണ് ആ വഴിയേ പോയ ചര്‍ച്ചകളുടെ ലക്ഷ്യമായത്. മറുഭാഗത്താവട്ടെ ഇടതു വിരുദ്ധനും പാര്‍ട്ടി വിരുദ്ധനുമായ എഴുത്തുകാരനായി സുകുമാരനെ സ്ഥാനപ്പെടുത്താനായിരുന്നു ശ്രമം നടന്നത്. ശേഷക്രിയ തന്നെ ഇവിടെയും ഉദ്ധരിക്കപ്പെട്ടു. ഈ ഇരുവഴികളും രാഷ്ട്രീയ അന്യാപദേശ കഥകളെഴുതിയ ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമൊന്നുമല്ലെങ്കിലും അവ ചുരുക്കിക്കളഞ്ഞ സുകുമാരകഥാലോകത്തിന്റെ ഇതര സ്ഥാനങ്ങളുണ്ട്.

മുന്‍പേ പറഞ്ഞ രണ്ടു ചര്‍ച്ചകളുടെയും കേന്ദ്രമായി നിന്നത് ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൊന്നായിരുന്നു. പ്രസ്ഥാനവുമായി വിമര്‍ശനം പുലര്‍ത്തുന്ന, അതല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയെ ആഗ്രഹിക്കുന്ന കഥാഭാവനകള്‍ മാത്രമായി അവ ചുരുക്കിയെഴുതപ്പെട്ടു. നിശ്ചയമായും എം.സുകുമാരനെപ്പോലെ 'സാഹിത്യത്തിലെ ആധുനികതയുടെ സൗന്ദര്യാത്മക സംസ്‌കാരം ഉള്‍ക്കൊണ്ട് തന്റെ കഥകളെ ലാവണ്യശില്‍പ്പങ്ങളായി നിര്‍ത്തിക്കൊണ്ടു തന്നെ ചരിത്രബോധത്തിന്റേതായ മൂന്നാം കണ്ണ് തുറന്ന' (സച്ചിദാനദന്റെ വിശേഷണം) എഴുത്തുകാരനെ ഇത്തരത്തില്‍ ചുരുക്കുന്നത് അനീതിയാണ്. സുമാരന്റെ കഥകള്‍ മലയാളത്തിലെ രാഷ്ട്രീയാധുനികതയുടെ മികച്ച ഉദാഹരണമായി നില്‍ക്കെ തന്നെ പ്രബോധനാത്മകമോ അധ്യാപനാത്മകമോ ആയ രാഷ്ട്രീയ കഥകള്‍ മാത്രമല്ല സുകുമാരനിലുള്ളത്. ഒരു പക്ഷേ സുകുമാരന്‍ കാലത്തെ അതിജീവിക്കാന്‍ ശേഷി നേടുന്നത് പ്രമേയപരമായി രാഷ്ട്രീയം പറഞ്ഞ കഥകളെ മുന്‍നിര്‍ത്തിയാവാന്‍ സാധ്യതയല്ല. ആധുനികതാവാദം (Modernism) എന്ന വിപുലമായ രാഷ്ട്രീയ-സൗന്ദര്യ-ഭാവുകത്വ വിഛേദത്തെ രൂപപരവും ഭാവപരവുമായി ഏറ്റെടുത്ത എഴുത്തുകാരന്‍ എന്ന അര്‍ത്ഥത്തിലാവും. താന്‍ ജീവിക്കുന്ന കാലത്തോടുള്ള പ്രതികരണം മറ്റെല്ലാത്തിലുമെന്നതു പോലെ സാഹിത്യത്തിലും പ്രധാനമാണെങ്കിലും അവ പലപ്പോഴും അതത് കാലത്തില്‍ തളം കെട്ടപ്പെട്ട ഭാവനായായിപ്പോകും.

ബഷീറോ വി.കെ.എന്നോ കാലത്തെ അതിജീവിച്ച് തലയുയര്‍ത്തി നില്‍ക്കുന്നത് തങ്ങള്‍ ജീവിച്ച കാലത്തോടുള്ള പ്രതികരണത്തിന്റെ പുറത്തല്ല, ആ കാലത്തിന്റെ വൈരുധ്യങ്ങളിലേക്ക് അവരുടെ എഴുത്ത് കടന്ന് നിന്നു കൊണ്ടതാണ്. സുകുമാരന്റെ രാഷ്ട്രീയ കഥകള്‍ വളരെയേറെ പ്രസക്തിയാര്‍ന്നതായിരിക്കെ തന്നെ അവ മറച്ചു കളയുന്ന ഇതര കഥകളെ ചര്‍ച്ചയിലേക്ക് കൊണ്ടു വരേണ്ടതിന്റെ പ്രസക്തിയും അതു തന്നെയാണ്. ഇവിടെ സുകുമാരന്റെ ജനപ്രിയവും നിരന്തരം ഓര്‍മ്മിക്കപ്പെടുന്നതുമായ രാഷ്ട്രീയ കഥകളെ അതിനാല്‍ തന്നെ പരിഗണിക്കുന്നില്ല. അദ്ദേഹത്തിന്റെ ആദ്യ കാല കഥകളുടെ സൗന്ദര്യ-രാഷ്ട്രീയ ഘടനകളെ അഴിച്ചെടുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

m sukumaran
സുകുമാരന്റെ കഥാലോകത്തെ അതിന്റെ പരിണാമ വഴികളെയും ഭാവുകത്വ സവിശേഷതകളെയും മുന്‍നിര്‍ത്തി കുറഞ്ഞത് നാലായെങ്കിലും തരം തിരിക്കാം.സുകുമാരന്‍ എഴുത്തു ജീവിതം തുടങ്ങിയ ആദ്യകാല കഥകളെ ഭാവുകത്വപരമായി ഭാവഗീതാത്മകമായ യഥാതത്ഥ്യം (lyrical realism) എന്നാണ് സച്ചിദാനന്ദന്‍ പേരിട്ടു വിളിച്ചത്.പില്‍ക്കാലത്ത് സുകുമാരനില്‍ പ്രത്യക്ഷപ്പെട്ട അധ്യാപന ലക്ഷ്യ കഥകളുടെയും, ഐന്ദ്രജാല/മന:ശാസ്ത്ര യഥാതത്ഥ്യ കഥകളുടെയും ചെറിയ സൂചനകള്‍ ആദ്യകാല കഥകളിലുണ്ട് എന്നും സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നു. സുകുമാരനെക്കുറിച്ചുണ്ടായ ഗൗരവ ചര്‍ച്ചകളെയെല്ലാം സച്ചിദാനന്ദന്റെ പഠനം നിര്‍ണ്ണയിച്ചു എങ്കിലും ആദ്യകാല കഥകളെക്കുറിച്ച് അദ്ദേഹം നല്‍കിയ സൂചനകളെയോ അവയിലൂടെ തെളിയുന്ന സുകുമാരന്റെ കഥകളുടെ ബഹുസ്വരാത്മക ഭാവുകത്വത്തെയോ നാം വേണ്ടത്ര അന്വേഷണ വിഷയമാക്കിയിട്ടില്ല.

പീഡിതരുടെ കഥകള്‍ എന്നാണ് സുകുമാരന്റെ ആദ്യകാല കഥകളെ പൊതുവെ വിശേഷിപ്പിക്കാന്‍ പറ്റുക. മൂകസഹനത്തിന്റെയും വിമോചിക്കപ്പെടാനാവാതെ കുരുങ്ങിക്കിടന്ന നിസഹായതയുടെയും ലോകമാണവ. മനക്കണക്ക് എന്ന കഥ ഈ ഘട്ടത്തിലെ സുകുമാരന്റെ ഭാവനാലോകത്തിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ്. സഹോദരീഭര്‍ത്താവിന്റെ കാമാഭ്യാര്‍ത്ഥനയ്ക്ക് മുന്‍പില്‍ കുഴങ്ങുന്ന രമണിയെന്ന നിസഹായതയുടെ കഥയാണ് മനക്കണക്ക്. കാമാഭ്യര്‍ത്ഥന എന്ന് ലളിതമായി വിശേഷിപ്പിക്കാന്‍ പറ്റാത്ത തരത്തില്‍ ശക്തമായ ഒരധികാര ബന്ധം രമണിക്ക് മേല്‍ പ്രയോഗിക്കപ്പെടുന്നുണ്ട്.തന്റെയും കുടുംബത്തിന്റെയും ദാരിദ്യചരിത്രം പ്രതികരിക്കാനാവാതെ രമണിയെ കെട്ടിയിടുന്നു. ഏട്ടന്‍ എന്ന ആദര്‍ശശാലിയും ആരാധനാപാത്രവുമായ വ്യക്തി ഒറ്റയടിക്ക് വെറുക്കപ്പെടേണ്ട ക്രൂരതയായി മാറുകയാണ് കഥയില്‍. പതിനഞ്ച് വയസുകാരിക്ക് താങ്ങാനാവുന്നതിനുമപ്പുറമാണ് അയാളുടെ ലൈംഗിക ചേഷ്ട.' അമ്മയോടോ ചേച്ചിയോടോ പറഞ്ഞാല്‍ ഇനി ഈ വീട്ടില്‍ കാലുകുത്തില്ല' എന്ന ഭീഷണി കൂടിയാവുന്നതോടെ തകര്‍ച്ച പൂര്‍ണമാവുന്നു. ഒന്നും ചെയ്യാനാവാതെ, ഉറക്കെയൊന്ന് കരയാന്‍ പോലും കഴിയാതെ, സ്വന്തം ശരീരത്തിലേക്കുള്ള ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍ പോലുമാവാതെ കിണറില്‍ നിന്ന് വെറുതെ വെള്ളം കോരിയും അരിയരച്ചും മുങ്ങിക്കുളിച്ചും രമണി സങ്കടത്തെ കഴുകിക്കളയാന്‍ ശ്രമിക്കുന്നു.

കഥയിലെ ഏട്ടന്റെ പേര് ഒരിക്കല്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ബാക്കി എല്ലായിടത്തും അയാള്‍ ഏട്ടനാണ്. അയാളുടെ പേര് ഒട്ടുമേ പ്രസക്തമല്ല. കട്ടന്‍കാപ്പിയും വേവിച്ച കൊള്ളിക്കിഴങ്ങും കഴിച്ച് സ്‌കൂളില്‍ പോയിരുന്ന ദുരിതകാലത്തിന്റെ അന്ത്യം കണ്ടത് അയാളുടെ വരവോടെയാണ്.അമ്മയ്ക്കും ചേച്ചിക്കും പ്രതീക്ഷയുടെ പ്രവാചകനായ അയാള്‍ രമണിയ്ക്ക് പേടിപ്പെടുത്തുന്ന സാന്നിധ്യമാവുന്നു കഥയില്‍.'അമ്മ വീട്ടിലുണ്ടായിരുന്നെങ്കില്‍,അല്പം മുമ്പേ വന്നിരുന്നെങ്കില്‍' എന്നു രമണി നിരാശയോടെ നിസഹായതയോടെ പൂരിപ്പിക്കുന്നുണ്ട്. ഇതേ പൂരണം വേപ്പിന്‍ പഴങ്ങളിലുമുണ്ട്. ക്ഷേത്രപൂജാരിയുടെ കാമപൂരണത്തിന് താനെന്തിന് വഴങ്ങിക്കൊടുക്കുന്നു എന്ന് പളനിയമ്മ സ്വയം ചോദിക്കുന്നുണ്ട്. സുകുമാരന്റെ ആദ്യകാല കഥകളുടെ മര്‍മ്മ സ്പര്‍ശിയായ കാരണ ബന്ധം ഇവിടെ തെളിയുന്നത് കാണാം.തൃഷ്ണയോ കാമനകളോ അല്ല പച്ചയായ വിശപ്പാണ് പളനിയമ്മയെ ഊമയാക്കുന്നത്. 'അവള്‍ പെട്ടെന്നാലോചിച്ചു.നാളെ വേറൊരുത്തന്റെ കെട്ടിയവളായി കഴിയേണ്ട താനെന്തിനാണ് ഇവിടെ വന്നു നില്‍ക്കുന്നത്. ഉത്തരം കിട്ടി. വിശന്നിട്ടാണ്, നിവേദ്യച്ചോറ് തിന്നാന്‍ കിട്ടും ഇപ്പോള്‍ '. മറ്റൊരര്‍ത്ഥത്തില്‍ ഇതേ വിശപ്പു തന്നെയാണ് രമണിയെയും അനങ്ങാന്‍ പറ്റാതാക്കുന്നത് 'അരവയര്‍ കഞ്ഞി കുടിച്ച് വിശപ്പടങ്ങാതെ കിടന്നുറങ്ങിയ രാത്രികളൊന്നും മറന്നിട്ടില്ല. ഏട്ടന്‍ ചേച്ചിയെ വിവാഹം കഴിച്ചതു മുതല്‍ രാത്രി ഊണുണ്ട്. സമയത്തിന് പുസ്തകങ്ങള്‍ വാങ്ങുന്നു. ഫീസടയ്ക്കുന്നു'.

മനക്കണക്കില്‍ ഏട്ടനാണെങ്കില്‍ വേപ്പിന്‍ പഴങ്ങളില്‍ പൂജാരിയാണ് അധികാരമാവുന്നതെന്ന് മാത്രം. സഹോദരീ ഭര്‍ത്താവും ക്ഷേത്രപൂജാരിയും ഇരു സ്ഥാനവും നമ്മുടെ ഗാര്‍ഹിക സാമൂഹ്യ ജീവിതത്തിലെ മാനനീയ സ്ഥാനങ്ങളാണ്. ആധുനിക കേരളീയ ഗാര്‍ഹിക സാമൂഹിക പരിസരങ്ങളെ തന്റെ ഊമനായികമാരെ വെച്ച് ശക്തമായി ആക്രമിക്കുകയാണ് സുകുമാരന്‍ ചെയ്യുന്നത്.ഒരിടത്തു പേനയായും മറ്റൊരിടത്ത് നിവേദ്യച്ചോറായും പ്രത്യക്ഷപ്പെടുന്ന പ്രലോഭനങ്ങള്‍ അധികാരബന്ധത്തിന്റെ ഭീഷണികളാവുകയാണ് ചെയ്യുന്നത്.ലളിതമായൊരര്‍ത്ഥത്തില്‍ മലയാളത്തിലെ ഏത് സ്ത്രീവാദ കഥാകാരികളുടെയും നേര്‍ക്കു നേര്‍ നിര്‍ത്താവുന്ന ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം മനക്കണക്കിലും വേപ്പിന്‍ പഴങ്ങളിലുമുണ്ട്. ആ അര്‍ത്ഥത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല എങ്കിലും.

സുകുമാരന്റെ ആദ്യകാലകഥകളിലെ നിരന്തര സാന്നിധ്യമാണ് വാര്‍ധക്യം. പൊട്ടക്കിണറില്‍ മകനാല്‍ പീഡിപ്പിക്കപ്പെടുന്ന വൃദ്ധയായ അമ്മയെ കാണാം.'ശെത്തം പോടാതെ.... പോട്ടാ തുണ്ടു തുണ്ടാ അരിഞ്ചി ടുവേന്‍... കെഴട്ടു ശവമേ' യെന്ന് മകനാല്‍ ചീത്ത വിളി കേള്‍ക്കേണ്ടി വരുന്ന അയാളുടെ മര്‍ദ്ദനം സഹിക്കേണ്ടി വരുന്ന അമ്മയാണത്. സമയത്തിന് മരിച്ചില്ല എന്നതുമാത്രമാണ് അവര്‍ മര്‍ദ്ദനമേല്‍ക്കാന്‍ കാരണം. പൊട്ടക്കിണര്‍ എന്ന ശീര്‍ഷകത്തിന്റെ സാധുതയും അവിടെയാണെന്നു പറയാം. പ്രത്യേകിച്ചൊരു ഉപകാരവുമില്ലാത്തതെന്ന് ധരിക്കാവുന്ന ജീവിതങ്ങള്‍.ഇത്തരമൊരു വൃദ്ധയെ വഴിപാടിലും കാണാം. ക്ഷേത്രത്തില്‍ പോകുന്ന വഴിയേ മേല്‍പ്പുര പൊളിഞ്ഞ മഠത്തിന്റെ മുമ്പിലിരിക്കുന്ന അറപ്പു തോന്നിക്കുന്ന വൃദ്ധ രൂപം.'പൂഴിമണ്ണില്‍ ചവിട്ടി നടക്കുമ്പോള്‍ ആ പാട്ടിയമ്മയെക്കുറിച്ച് മൂകാമി അമ്മ പറഞ്ഞ വിവരം വെറുപ്പോടെ ഓര്‍ക്കേണ്ടി വന്നു. പട്ടരുപേക്ഷിച്ചു പോയ മച്ചി. പട്ടരു ചത്തു. ഇനിയും അവര്‍ക്ക് ചാവാറായിട്ടില്ല'. സമയത്തിന് ചത്തില്ല എന്നതാണീ വൃദ്ധരുടെ കുറ്റം.

ഉപകരണയുക്തിയും പ്രയോജനവാദവും പാശ്ചാത്യാധുനികതയുടെ കേന്ദ്രങ്ങളാണ്. ഉടമസ്ഥതാപരമായ അഹങ്കാരത്തെ വളര്‍ത്താനും മനുഷ്യന്റെ സാമൂഹിക നിലനില്‍പ്പിനെ റദ്ദാക്കാനുമാണ് ആധുനികത ഒരു ഭാഗത്ത് ശ്രമിച്ചത്. ലാഭം മുഖ്യ ലക്ഷ്യമായ ഉത്പാദന സമ്പ്രദായം പ്രയോജനവാദത്തിലൂടെയേ എന്തിനെയും മനസിലാക്കിപ്പോരുന്നുള്ളൂ. സുകുമാരന്റെ കഥകളിലെ വൃദ്ധര്‍ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്തവരാണ്. അവര്‍ ആരാലും പരിഗണിക്കപ്പെടാതെ ആട്ടിയോടിക്കപ്പെടുന്നത് ഇതിനാലാണ്.'അമ്മ തിങ്കളാഴ്ച്ചയും ശനിയാഴ്ച്ചയും പണ്ടാരന്മാര്‍ക്ക് അരിയും എണ്ണയും കൊടുക്കുന്നു.ഇവര്‍ക്കെന്തേ ഒന്നും കൊടുക്കാത്തത് ' എന്ന് മീനു സംശയിക്കുന്നുണ്ട്.

ആദര്‍ശാത്മകമായ ഒരു വൃദ്ധ സ്‌നേഹമല്ല സുകുമാരന്‍ പറഞ്ഞു വെക്കുന്നതെന്നത് ശ്രദ്ധേയമാണ്. പൊട്ടക്കിണറില്‍ കൊച്ചു മകനാല്‍ മുത്തശ്ശി കിണറ്റിലേക്ക് തള്ളപ്പെടുകയാണ്. പെറ്റവയറില്‍ മകന്‍ കാല് വെച്ചു തൊഴിച്ചതില്‍ ലോകത്തെ പ്രാകിക്കൊണ്ടിരിക്കുന്ന അവര്‍ക്ക് ആ വീഴ്ച്ച ആശ്വാസമാകുമെന്ന് കഥ കരുതുന്നില്ല.'ഇപ്പടി എതുക്കപ്പാ വാഴണം' എന്ന നിസഹായ ആത്മഗതത്തെ വാച്യാര്‍ത്ഥത്തിലെടുത്ത് മുത്തശ്ശിയെ തള്ളിയിടുകയാണ് കൊച്ചു മകന്‍. ഡേയ് നടേശാ എന്ന അവരുടെ അവസാന വിളിയില്‍ ജീവിക്കാനുള്ള സകല പ്രത്യാശയും കാണാം.തോറ്റു പോകുന്ന ജന്മങ്ങളാണവരുടേത്. മനക്കണക്കില്‍ അടുത്ത വീട്ടിലെ കുഞ്ഞിക്കാവിന്റെ തള്ളയുടെ മരണമാണ് രമണിയ്ക്ക് ഉച്ചത്തില്‍ കരയാനുള്ള അവസരം കൊടുക്കുന്നത്. എല്ലാവര്‍ക്കും അവര്‍ കുഞ്ഞിക്കാവിന്റെ തള്ളയായിരിക്കെ രമണിക്ക് മുത്തശ്ശിയാണ്.'പറമ്പിലൂടെ ഇടറുന്ന കാലടികള്‍ നീട്ടി വെച്ച് ധൃതിയില്‍ നടക്കുമ്പോള്‍ അവള്‍ ഓര്‍ത്തു. തന്നെ ചെറുപ്പത്തില്‍ എടുത്തു നടന്നിരുന്ന മുത്തശ്ശി. ഇതാ ഇപ്പോള്‍ മരിച്ചു '. നിസഹായയായ രമണിയും മരിക്കുന്ന മുത്തശ്ശിയും തമ്മിലൊരു ചരട് കഥയില്‍ മുറുകുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ മുത്തശ്ശിയുടെ മരണം രമണിയുടെ തന്നെ മരണമാണ്. അവളുടെ ബാല്യ കൗമാരങ്ങളുടെ മരണം.

തൃഷ്ണയുടെയും കാമനയുടെയും മോഹങ്ങളുടെയും കഥയെന്ന് ധരിക്കുമെങ്കിലും രഥോത്സവവും പറയുന്നത് പരിത്യക്തയായ യുവതിയുടെ കഥയാണ്. സുബ്ബലക്ഷ്മി രഘുവില്‍ നിന്ന് ശാരീരിക സാമിപ്യം മാത്രമല്ല ആഗ്രഹിക്കുന്നത്, നേര്‍ത്ത ഒരു വിഷാദച്ഛായ കഥയ്ക്കുടനീളം നല്‍കാന്‍ തക്ക തരത്തില്‍ പ്രണയത്തിന്റെ സ്ത്രീപക്ഷ സഞ്ചാരം കൂടെ രഥോത്സവത്തിലുണ്ട്.ഒരര്‍ത്ഥത്തില്‍ രഥോത്സവത്തിലെ സ്ത്രീകളെല്ലാം പരിത്യക്തരാണ്. കാമനയുടെ ശരീരങ്ങളല്ല അവ.മറിച്ച് ദാരിദ്യം നിര്‍മ്മിച്ച ഭൗതിക സാഹചര്യം ഒരു ഭാഗത്തും പുരുഷലോകത്തിന്റെ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന അഭിവാഞ്ജകള്‍ മറുഭാഗത്തുമുള്ള സ്ത്രീകളാണവര്‍.ഇവ തമ്മിലുള്ള സംഘര്‍ഷമാണ് രഥോത്സവം. ഗ്രാമത്തിലെ ഉത്സവം തങ്ങളുടെ ദ മിത വികാരങ്ങളെ കെട്ടഴിച്ചു വിടാനുള്ള ഉപാധിയാക്കുകയല്ലാതെ അവര്‍ക്ക് മറ്റു വഴികളില്ല. നഗരത്തില്‍ നിന്ന് ഉത്സവത്തിനെത്തുന്ന പുരുഷന്‍മാര്‍ക്ക് മുന്‍പില്‍ സ്വയം പ്രദര്‍ശിപ്പിക്കുവാന്‍ അവര്‍ തയ്യാറാവുന്നത് ഈ സംഘര്‍ഷത്തിനകമേയാണ്. കുനിഞ്ഞിരുന്ന് കോലം വരക്കുമ്പോള്‍ രഘുവിന്റെ നോട്ടം നീളുന്നതെങ്ങോട്ടെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സുബ്ബലക്ഷ്മി കോലം വര തുടരുക തന്നെയാണ്.തങ്ങളുടെ പ്രതിഷേധം കൂടിയായിരിക്കാം ആണ്‍നോട്ടത്തിനു മുന്നില്‍ സ്വയം വസ്തുവായിരിക്കുന്നതിലൂടെ ഈ സ്ത്രീകള്‍ ആവിഷ്‌കരിക്കുന്നത് വര്‍ഷത്തിലൊരിക്കല്‍ മാത്രം ആകര്‍ഷകമാകുന്ന തങ്ങളുടെ ശരീരം വെച്ചുള്ള ഒരു വിലപേശല്‍.

സുബ്ബലക്ഷ്മിക്ക് പിഴച്ചത് രഘുവില്‍ നിന്നവള്‍ പ്രണയം കൂടി നിശബ്ദമായി ആവശ്യപ്പെട്ടിരുന്നു എന്നിടത്താണ്. അയാള്‍ക്കാവട്ടെ മറ്റു സ്ത്രീകളെപ്പോലെ അവളും കേവലം ലൈംഗിക വസ്തു മാത്രമാണ്. തന്റെ കൂട്ടുകാരിയെയും അയാള്‍ സമീപിച്ചിരുന്നു എന്നും, ഉറക്കച്ചടവുള്ള അവളുടെ കണ്ണുകള്‍ സമൃദ്ധമായ തലേ ദിവസത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും തിരിച്ചറിയുന്നതോടെയാണ് വഞ്ചന അവളെ ഉലയ്ക്കുന്നത്. വഞ്ചിക്കപ്പെട്ട സുബ്ബലക്ഷ്മിയുടെ അടുത്ത പടിയാണ് ലെവല്‍ ക്രോസിലെ മാലിനി. സുബ്ബലക്ഷ്മിക്ക് കൂടി വേണ്ടിയാവാം മാലിനി നിങ്ങള്‍ക്കു വേണ്ടത് പരിശുദ്ധയായ സ്ത്രീയേയല്ലേ എന്ന് പെണ്ണു കാണാന്‍ വന്നയാളോട് ചോദിക്കാന്‍ മുതിരുന്നത്. വഞ്ചന കടുത്ത പ്രതിഷേധത്തിനുള്ള ഊര്‍ജമാവുകയാണ് മാലിനിയിലെത്തുമ്പോള്‍.ഒരു രാത്രി ടി.ബി.യില്‍ താന്‍ മറ്റൊരു പുരുഷനൊപ്പം കഴിഞ്ഞിട്ടുണ്ട് എന്ന അവളുടെ സത്യപ്രസ്താവന സുകുമാരന്റെ എല്ലാ നായികമാര്‍ക്കും വേണ്ടിയുള്ള പ്രതിഷേധമാണ്.

m sukumaran

മാലിനിയോളമില്ലെങ്കിലും നിശബ്ദമായ ഒരു പ്രതിഷേധം തന്നെയാണ് നക്ഷത്രരശ്മിയിലും കാണാന്‍ കഴിയുക. സ്വന്തം ബാല്യകൗമാരങ്ങളുടെ ജൈവികാനുബന്ധങ്ങളില്‍ നിന്ന് അകന്നു പോകേണ്ടി വന്ന ഒരു യുവതിയുടെ തിരിച്ചു വരവാണ്. നഗരമല്ല ഗ്രാമമാണ് ചലിക്കുന്നതായി അവളവകാശപ്പെടുന്നത്. പുഴയും കുന്നും നിമിഷ സൗഹൃദങ്ങളും തന്റെതു മാത്രമായ നിമിഷങ്ങളും തിരികെ ലഭിക്കാനായ സൗഭാഗ്യങ്ങളെ എറിഞ്ഞുടച്ചു വരുകയാണവള്‍. സുകുമാരന്റെ ആദ്യകാല കഥകളില്‍ ഒരല്‍പ്പം ദാര്‍ശനികഛായ കാണാന്‍ കഴിയുക നക്ഷത്രരശ്മിയില്‍ മാത്രമാണ്.

തുടക്കത്തില്‍ പറഞ്ഞതു പോലെ ഏകാകികളും പരിത്യക്തരുമാണ് സുകുമാരന്റെ ആദ്യകാല കഥകളിലെ നായികമാര്‍. എന്നാലവരാരും ദാര്‍ശനിക പ്രതിസന്ധിയോ അതിഭൗതിക കാരണങ്ങളാലോ അല്ല പീഡിതരാവുന്നത് താനും. വളരെ ഭൗതികമാണവ. ചിലയിടത്ത് ദാരിദ്ര്യമോ ചിലയിടങ്ങളില്‍ രോഗമോ കാരണങ്ങളാവുന്നു. ഊമ(വേപ്പിന്‍ പഴങ്ങള്‍ ), വന്ധ്യ(വഴിപാട് ), വൃദ്ധ (പൊട്ടക്കിണര്‍ ), ഭീഷണിയാല്‍ കുഴങ്ങുന്നവള്‍ (മനക്കണക്ക് ), ഭര്‍ത്താവ് നിരാകരിച്ചവള്‍ (നക്ഷത്രരശ്മി), വഞ്ചിത (രഥോത്സവം, ലെവല്‍ ക്രോസ്) എന്നിങ്ങനെ അവ നീളുന്നു. മിക്കയിടങ്ങളിലും വിശപ്പ് ചര്‍ച്ചാ വിഷയമാണ്, അതല്ലെങ്കില്‍ സാമൂഹികമായ അന്യവത്കൃതാവസ്ഥ.

വിശാലമായ അര്‍ത്ഥത്തില്‍ അപമാനവീകരണത്തിനെതിരായ രാഷ്ട്രീയ കഥകളാണ് സുകുമാരന്റെ ആദ്യകാല കഥകള്‍ എന്നു കാണാം. പിന്നീട്പ്രകടമായി രാഷ്ട്രീയം സംസാരിക്കാന്‍ തുടങ്ങിയ കാലത്ത് അദ്ദേഹം ആവിഷ്‌കരിച്ച പ്രമേയങ്ങളുടെ തുടക്കം ഇവിടെ നിന്നുതന്നെ കണ്ടെത്താം. അവ മിക്കപ്പോഴും സ്ത്രീ ലോകങ്ങളെ ചുറ്റിപ്പറ്റിയാണ് എന്നതാണ് ഏറെ പ്രസക്തം. സ്ഥൂലമായൊരു നോട്ടത്തില്‍ സ്ത്രീയുടെ ആന്തരികവും ശാരീരികവുമായ മോഹങ്ങളുടെയും ദാഹങ്ങളുടെയും കഥകളായി അവയില്‍ പലതും വായിക്കപ്പെടാമെങ്കിലും സൂക്ഷ്മമായി അവ സംസാരിക്കുന്നത് രാഷ്ട്രീയമാണ്. മനുഷ്യരെ സ്വകീയ നിലനില്‍പ്പില്‍ നിന്നും പുറത്താക്കുന്ന അതുവഴി അപമാനവീകരിക്കുന്ന മുതലാളിത്താധുനികതയ്ക്കെതിരെയുള്ള രാഷ്ട്രീയം. വേപ്പിന്‍ പഴങ്ങളിലെ നായിക ഊമയാവുന്നത് രൂപകാത്മകമായിരിക്കണം.അവര്‍ നേരിട്ടു രാഷ്ട്രീയം പറയുന്നില്ല എന്നേയുള്ളൂ, കൈയാംഗ്യത്തില്‍ നിന്നും ശരീരഭാഷയില്‍ നിന്നും അവര്‍ പറയുന്ന രാഷ്ട്രീയ ഭാഷ നാം വ്യവഛേദിച്ചെടുക്കേണ്ടതുണ്ട്. സുകുമാരന്‍ മലയാളത്തിലെ കഥാകൃത്തുക്കളില്‍ ഒറ്റപ്പെട്ടവനാവുന്നത് പറഞ്ഞ രാഷ്ട്രീയം കൊണ്ടു മാത്രമല്ല എന്നു ചുരുക്കം.

Content Highlights: Malayalam writer M Sukumaran stories Malayalam article

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vysakhan

3 min

ആയിരക്കണക്കിന് ജീവനുകളാണ് ഓരോ നിമിഷവും കൈയിലൂടെ കടന്നുപോകുന്നത് എന്നോര്‍മയുണ്ടാവണം- വൈശാഖന്‍

Jun 3, 2023


mathrubhumi

4 min

ഇന്ത്യാവിഭജനം നടന്നില്ലായിരുന്നെങ്കില്‍ ബലപ്പെടുമായിരുന്നില്ലേ ഗംഗ-യമുന സംസ്‌കാരം?

Aug 16, 2020


ജയ്സൂര്യദാസ്, മാധവിക്കുട്ടി

2 min

സ്‌നേഹിക്കാനേ അമ്മയ്ക്കറിയുമായിരുന്നുള്ളൂ, ആവോളം സ്‌നേഹിച്ചു- മാധവിക്കുട്ടിയുടെ മകന്‍ ജയ്സൂര്യ ദാസ്

Jun 1, 2023

Most Commented