എം. ഗോവിന്ദൻ | ഫോട്ടോ: കെ.ആർ വിനയൻ മാതൃഭൂമി
കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എം ഗോവിന്ദന്റെ ജന്മവാര്‍ഷിക ദിനമാണ് സെപ്റ്റംബര്‍ 18. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. മലയാള സാഹിത്യത്തെ ആധുനികതയിലേക്ക് കൈപിടിച്ച് നടത്തിയ എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹം.
അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത ചിന്തകനായിരുന്നു എം ഗോവിന്ദന്‍. മലയാളസാഹിത്യത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്ന ഒരുപാട് സാഹിത്യകാരന്മാരെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ എം.ഗോവിന്ദന് നിര്‍ണ്ണായക പങ്കുണ്ട്. മനുഷ്യന്‍ എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നു എം. ഗോവിന്ദന്റെ ജീവിതവിചാരം. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ കലാവിചാരവും.കൈവച്ച മേഖലകളിലെല്ലാം ആധുനികതയുടെ വഴിത്തിരിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനായി. കലയ്ക്കും സാഹിത്യത്തിനും ചിന്തകള്‍ക്കുമെല്ലാം നവീനതയിലേക്ക് മാറാന്‍ ഗോവിന്ദന്റെ ഇടപെടലുകള്‍ വഴിയൊരുക്കി.
മുന്‍ കമ്മ്യൂണിസ്റ്റ് നേതാവും റാഡിക്കല്‍ ഹ്യൂമനിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്ന എം.എന്‍ റോയിയുമായുള്ള പരിചയവും സൗഹൃദവും അദ്ദേഹത്തില്‍ റാഡിക്കല്‍ ഹ്യൂമനിസത്തിന്റെ വിത്തുപാകി. പിന്നീടാണ് സമീക്ഷ എന്ന പേരില്‍ ലിറ്റില്‍ മാഗസിന്‍ ആരംഭിച്ചത്. ഇത് മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ നാന്ദിയും വഴികാട്ടിയുമായിരുന്നു. ഗോവിന്ദന്‍ എഴുതിയ ഒരു ഇംഗ്ലീഷ് ലേഖനത്തില്‍ ആകൃഷ്ടനായ റോയി ഗോവിന്ദനെ തേടിയെത്തുകയായിരുന്നു. 1954 ജനവരി 25-ന് മരിക്കുംവരെ റോയി ഗോവിന്ദന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു.
1919 സെപ്റ്റംബര്‍ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുറ്റിപ്പുറം തൃക്കൃണാപുരത്താണ് ഗോവിന്ദന്‍ ജനിച്ചത്. അചഛന്‍ കോയത്തുമനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതില്‍ ദേവകിയമ്മ. 1945 വരെ സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലും ചെന്നൈയിലും ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലിചെയ്തു.
1989 ജനുവരി 23 ന് ഗുരുവായൂരില്‍ വച്ച് ഗോവിന്ദന്‍ മരണമടഞ്ഞു. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്ദന്റെ ഭാര്യ. പ്രധാന കൃതികള്‍ ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം, നാട്ടുവെളിച്ചം, അരങ്ങേറ്റം, മേനക, എം.ഗോവിന്ദന്റെ കവിതകള്‍, നോക്കുകുത്തി, മാമാങ്കം, പൂണൂലിട്ട ഡെമോക്രസി, ജനാധിപത്യം നമ്മുടെ നാട്ടില്‍.
Content Highlights: Malayalam writer M Govindan Birth Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..