-
ഇടതുകയ്യൻമാരുടെ അന്താരാഷ്ട്രദിനത്തിൽ, ഇടതുകയ്യൻ എന്ന നിലയിൽ ഈയിടത്തിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജന്മനാ ഇടംകയ്യനാണ് ഞാൻ. എഴുതുന്നതും ആഹാരം കഴിക്കുന്നതും ഒഴികെ എല്ലാകാര്യങ്ങളും ജീവിതത്തിൽ ഇന്നെവരെ നിവൃത്തിച്ചുവന്നിട്ടുള്ളത് ഇടംകയ്യാലാണ്. എന്റെ ഏറ്റവും വലിയ നിരാശ എഴുതാനുള്ള ഭാഗ്യവും എന്റെ ഇടതുകൈയ്ക്ക് കിട്ടിയില്ലല്ലോ എന്നുള്ളതാണ്. അതിന് കാരണമുണ്ട്. കുഞ്ഞുനാളിൽ ആദ്യക്ഷരം പഠിക്കാനായി എഴുത്താശ്ശാന്റെ കളരിയിൽ കൊണ്ട് ഇരുത്തിയപ്പോൾ അക്ഷരം എഴുതാനായി ആർത്തി പൂണ്ട് എന്റെ പാവം ഇടതുകയ്യാണ് മുന്നോട്ട് നീണ്ടത്. പക്ഷേ നിലത്തെഴുത്താശ്ശാന്റെ കണ്ണുരുട്ടലും ശകാരവും കേട്ട് എന്റെ സാധു ഇടംകൈ പിൻവലിഞ്ഞു. നിലത്തെഴുത്താശ്ശാൻ കലിപിച്ചു: വലത്തേ കയ്യിലെ ചൂണ്ടാണി വിരല് കൊണ്ടെഴുത്''. സത്യത്തിൽ ഞാനല്ല ആ കല്പന കേട്ടത്, എന്റെ ഇടം കയ്യാണ്. അതോടെ പാവം പിൻമാറിക്കൊടുത്തു. പിന്നെ ജീവിതത്തിൽ ഇന്നേവരെ എഴുതാനുള്ള ആർത്തിയോടെ ഇടംകൈ മുന്നോട്ട് വന്നിട്ടേയില്ല. അങ്ങനെ ഞാനൊരു വലംകൈ എഴുത്തുകാരനായ ഇടംകയ്യനായി മാറി. പിന്നീട് സ്വന്തമായിട്ട് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോളും മുതിർന്നവർ വലം കൈകൊണ്ട് കഴിക്കാനായിട്ട് ശീലിപ്പിച്ചു. അങ്ങനെ എഴുത്ത്, ഭക്ഷണം എന്നീ രണ്ടേ രണ്ടു കാര്യങ്ങൾക്കാണ് ഞാൻ വലം കൈ ഉപയോഗിക്കുന്നത്.
എറിയാൻ എനിക്ക് ഇടംകൈ വേണം. ഷട്ടിൽ കളിക്കാൻ ഇടംകൈ വേണം. സാധനങ്ങൾ എടുക്കാനും വയ്ക്കാനും ഇടംകൈ വേണം. കത്രിക കൊണ്ട് മുറിക്കാനും മുടി ചീകാനും ഇടംകൈ തന്നെ മുന്നിട്ടിറങ്ങണം. കിടന്നുറങ്ങുമ്പോൾ തലയ്ക്ക് താങ്ങായി വരുന്നതും എന്റെ ഇടംകൈ ആണ്.
വലംകൈയ്ക്ക് പക്ഷേ ഒരഹങ്കാരമുണ്ട്, ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട ഒന്നാണല്ലോ എഴുത്ത് എന്ന്. എന്നാൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി എഴുത്ത് ലാപ്ടോപ്പിലാണ്. കീ ബോർഡിന്റെ മുമ്പിൽ വലം കൈയ്ക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയുകയില്ലല്ലോ. അത് കൊണ്ട് കീ ബോർഡിൽ എന്റെ ഇടംകൈയും വലം കൈയും മത്സരിച്ചാണ് എഴുതുന്നത്. ഇടംകൈയ്യുടെ സഹായത്തോടെയാണ് എഴുതുന്നതെന്ന് ഇന്നെനിക്ക് പറയാൻ കഴിയും.
അബദ്ധ ധാരണകൊണ്ടാണ് ഇടത് കൈയെ ആളുകൾ നിഷേധിക്കുന്നത്. അതിൽ ഒന്നാമത്തേത് ശുഭ- അശുഭ ചിന്തകളാണ്. വലംകൈ ശുഭവും ഇടംകൈ അശുഭവും എന്ന ധാരണ പരക്കെയുണ്ട്. രണ്ട് ഇതിന്റെ ശാസ്ത്രീയമായ വശങ്ങളെക്കുറിച്ച് ആർക്കും ബോധ്യമില്ലാത്തതാണ്. ജന്മനാ ഒരു കുട്ടിയുടെ ഇടംകൈ ആണ് സ്വാധീനമെങ്കിൽ ആ കുട്ടിയുടെ എല്ലാ കാര്യങ്ങൾക്കും അവൻ ഇടംകൈ ഉപയോഗിക്കുവാൻ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. അവന്റെ തലച്ചോറ് അവനോട് കല്പിക്കുന്നത് ഇടംകൈ കൊണ്ട് ചെയ്യാനാണ്. അതിന് പകരമായിട്ട് നിർബന്ധപൂർവം അവന വലംകൈ പരിശീലിപ്പിക്കുമ്പോൾ തീർച്ചയായിട്ടും അത് വല്ലാത്ത ആശയക്കുഴപ്പങ്ങളുണ്ടാക്കും. അതിന്റെ പ്രത്യാഘാതം ആ കുട്ടിയുടെ ബുദ്ധിപരമായ പ്രകടനങ്ങളിലും മറ്റ് സർഗാത്മകപ്രവർത്തനങ്ങളിലും സംഭവിച്ചുകൂടെന്നില്ല. അത് കൊണ്ട് ഇടംകയ്യൻമാരെ തീർച്ചയായിട്ടും അങ്ങനെ തന്നെ വിടുക. ലോകത്ത് പത്തു ശതമാനം മാത്രമേ ഞങ്ങളുള്ളൂ. ജനസംഖ്യ കുറയ്ക്കാതിരിക്കാനായി അവരെ അങ്ങനെ തന്നെ നിലനിർത്തുക.
മലയാള സാഹിത്യത്തിൽ ഇടംകയ്യൻമാരുണ്ടോ എന്നറിയില്ല. പക്ഷേ ലോകസാഹിത്യത്തിൽ മാത്രമല്ല എല്ലാ മേഖലകളിലെയും പ്രമുഖൻമാരും പ്രബലന്മാരും പ്രതിഭകളുമായിട്ടുള്ളവർ ഇടംകയ്യന്മാരായിരുന്നുവെന്ന് ഇന്ന് മാതൃഭൂമി പത്രം വായിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഡാവിഞ്ചിയും ലൂയിസ് കരോളും ചാർളി ചാപ്ളിനും ഫിദൽ കാസ്ട്രോയും ബരാക് ഒബാമയും നരേന്ദ്രമോഡിയും ആശാഭോസ്ലേയും മേരികോമും സച്ചിൻ ടെണ്ടുൽക്കറും ബിൽഗേറ്റ്സും നിവിൻ പോളിയും ഉൾപ്പെടുന്ന പ്രതിഭകളുടെ വലിയനിരതന്നെ ഇടംകയ്യൻമാരാണ് എന്നതിൽ അഭിമാനമുണ്ട്.
Content Highlights: Malayalam Writer KV Mohan Kumar Writes about Left hand on International left Handers Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..