-
എപ്പോഴുമെപ്പോഴും കൈ കഴുകുന്നതിന് , മില്‍മ പാല് കവറോടെ കഴുകുന്നതിന് , ബിസ്കറ്റ് പാക്കറ്റ് ഒക്കെ കഴുകുന്നതിന് മറ്റുള്ളവരുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരാറുള്ള ഒ സി ഡി രോഗിയായ എനിക്കിപ്പോള്‍ നല്ല കാലമാണ് , ആരുടെയും കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ട
എത്ര വൃത്തിയാക്കിയാലും മതിവരാത്ത ഒ.സി.ഡി രോഗികള്ക്കിപ്പോള് നല്ലകാലമാണെന്ന് എഴുതുകയാണ് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി കെ. രേഖ. എപ്പോഴുമെപ്പോഴും കൈ കഴുകുന്നതിന്, മില്‍മ പാല് കവറോടെ കഴുകുന്നതിന്, ബിസ്കറ്റ് പാക്കറ്റ് ഒക്കെ കഴുകുന്നതിന് മറ്റുള്ളവരുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരില്ല. പക്ഷെ വീട്ടിലിരിക്കുമ്പോള്‍ കീറിപ്പറഞ്ഞ കുപ്പായമിട്ടിരിക്കുന്ന ശീലത്തിന് കേള്‍ക്കുന്ന പഴിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും രേഖ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
അങ്ങനെ കീറിപ്പറിഞ്ഞ കുപ്പായമിട്ട് തോന്നുംപടി നിങ്ങള്‍ വീട്ടിലിരിക്കുന്ന ദിവസം സാക്ഷാല്‍ കുഞ്ചാക്കോ ബോബന് നിങ്ങളുടെ വാതിലില്‍ മുട്ടിയാല്‍ എങ്ങനെയുണ്ടാകും. അതും രണ്ടായിരാമാണ്ടില്‍. കുഞ്ചാക്കോ ബോബന് പെണ്‍കുട്ടികള്‍ നിറം സിനിമ കണ്ട ഹാങ്ങോവറില്‍ പ്രണയരക്തം കൊണ്ട് 'കത്തെഴുതുന്ന കാലം. സ്വന്തം ജീവിതത്തില്‍ ഉണ്ടായ ഈ അനുഭവം വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് കെ. രേഖ ഈ പോസ്റ്റിലൂടെ
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
എപ്പോഴുമെപ്പോഴും കൈ കഴുകുന്നതിന് , മില്‍മ പാല് കവറോടെ കഴുകുന്നതിന് , ബിസ്കറ്റ് പാക്കറ്റ് ഒക്കെ കഴുകുന്നതിന് മറ്റുള്ളവരുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരാറുള്ള ഒ സി ഡി രോഗിയായ എനിക്കിപ്പോള്‍ നല്ല കാലമാണ് , ആരുടെയും കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ട.
(ടോയ്ലറ്റില് പോയാല്‍ അടുക്കളയില്‍ കയറ്റാത്ത അമ്മയുടെ, ജനിതകവഴിയുടെ തുടര്‍ച്ച.....
കവി എം.പി. അപ്പന് ദിവസം പലകുറി കുളിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.)
പക്ഷേ വീട്ടില്‍ കീറിപ്പറിഞ്ഞ കുപ്പായമിടുന്നതിന് കേള്‍ക്കുന്ന പഴിക്ക് മാറ്റമില്ല .
അങ്ങനെ കീറിപ്പറിഞ്ഞ കുപ്പായമിട്ട് തോന്നും പടി നിങ്ങള്‍ വീട്ടിലിരിക്കുന്ന ദിവസം അതിസുന്ദരനായ സിനിമാ നടന് നിങ്ങളുടെ വീട്ടു വാതിലില്‍ വന്നു മുട്ടിയാല്‍ ..
അത്തരമൊരനുഭവം നിങ്ങള്‍ക്കുണ്ടാകുമ്പോഴേ നിങ്ങള്‍ പഠിക്കൂ എന്നു പലരും പറയും ...
അതും രണ്ടായിരാമാണ്ടില്‍
AD 2000
ഒരു പുലര്‍കാലം
കുഞ്ചാക്കോ ബോബന് പെണ്‍കുട്ടികള്‍ നിറം സിനിമ കണ്ട ഹാങ്ങോവറില്‍ പ്രണയരക്തം കൊണ്ട് 'കത്തെഴുതുന്ന കാലം
(ശേഷം തുടര്‍ന്നു വായിക്കുക )
( ഇഷ്ടം പോലെ സമയമുണ്ടല്ലോ ??! )
കുഞ്ചാക്കോ ബോബന് വാതിലില്‍ മുട്ടിയപ്പോള്‍
നമുക്കെല്ലാം രണ്ടു മുഖമുണ്ടെന്നുള്ളത് ഒരു സത്യമാണ്. വീടിനകത്തൊന്നും പുറത്തൊന്നും. അകത്താര് പുറത്താര് എന്നത് ഓരോരുത്തരെ ആശ്രയിച്ചിരിക്കുമെന്നു മാത്രം.
വീടിനകത്ത്, കീറിയതും അയഞ്ഞതും രണ്ടാളെ കയറ്റാന്‍ പാകമുള്ളതുമായ വസ്ത്രം ധരിക്കുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷവും സുഖവും സ്വാസ്ഥ്യവുമുള്ള കാര്യം. അതുകൊണ്ടുതന്നെ കൗമാരകാലങ്ങളില്‍ എന്റെ കീറിപ്പറിഞ്ഞ്, ഉപയോഗശൂന്യമായ വീട്ടു കുപ്പായങ്ങള്‍ തറ തുടയ്ക്കുവാന്‍ പോലും വൃത്തിരോഗിയായ എന്റെ അമ്മ ഉപയോഗിച്ചിരുന്നില്ല. ചവറു കൂട്ടത്തിനൊപ്പം തീപിടിക്കാനോ മണ്ണില്‍ കുഴിച്ചുമൂടപ്പെടാനോ ആയിരുന്നു അതുകളുടെ വിധി.
രാവിലെ തന്നെ കുളിച്ച് മുടി കുളിപ്പിന്നലിട്ട് നല്ല വസ്ത്രം ധരിച്ച് സുന്ദരീമണികളായി കഴിയുന്ന പെണ്‍കുട്ടികളുടെ വീരകഥകള്‍ പറഞ്ഞ് അമ്മ എന്നെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചാലും ഒന്നു മുറിപ്പെട്ട ടീ ഷര്‍ട്ടും മിഡ്ഢിയുമിട്ട് നടക്കുകയല്ലാതെ ചലനമൊന്നും ഉണ്ടായില്ല. ഉച്ചിയില്‍ മുടി കെട്ടുന്ന കൊച്ചമ്മിണിയായി, ലൂസുടുപ്പുകളുടെ ലൂസിയമ്മയായി, അങ്ങനെ വിരാജിച്ചു കൊണ്ടിരുന്നു. അതു കൊണ്ട് ഒരു പ്രയാസമേ ഉണ്ടായുള്ളൂ. വീട്ടില്‍ അതിഥികളെത്തിയാല്‍ ഒരൊറ്റ മുങ്ങലാണ്. കുളിമുറിയിലേക്ക്,
കുളി കഴിഞ്ഞ് മര്യാദക്കാരിയായി എത്തുന്ന എന്നെക്കണ്ട് അതിഥികള്‍ പറയും - ' എപ്പോഴും കുളിയാണല്ലോ. കഴിഞ്ഞ തവണ വന്നപ്പോഴും കുളിയായിരുന്നു. '
അതു കേട്ട് കണ്ടില്ലേ എന്റെ വൃത്തിയെക്കുറിച്ച് നാട്ടുകാരുടെ അഭിപ്രായം എന്ന മട്ടില്‍ ഞാനപ്പോള്‍ കുടുംബാംഗങ്ങളെ ഒന്നു ചുഴിഞ്ഞു നോക്കും. അതു കാണുന്ന ചില ദുഷ്ട അതിഥികള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കും - ' കാക്ക കുളിച്ചാല്‍ ( കാക്ക - എന്റെ നാട്ടുകാരും വീട്ടുകാരും എന്നെ വിളിക്കുന്നതങ്ങനെ) കൊക്കാകില്ല എന്നറിഞ്ഞു കൂടെ....?!
ചില സമയങ്ങളില്‍ ദുഷ്ടത്തിയായ അമ്മയാകും അതിഥികളെ കാണുമ്പോള്‍ കുളിമുറിയിലേക്ക് ഓടുന്നത്. അപ്പോള്‍ അതിഥികള്‍ എന്റെ 'രൂപഭംഗി ' കണ്ട് ചോദിക്കും .- പനി പിടിച്ചുവല്ലേ ....
ചില അസുഖങ്ങള്‍ കല്യാണം കഴിഞ്ഞാല്‍ മാറുമെന്നു കരുതി, കല്യാണം കഴിപ്പിക്കുന്നതു പോലെ, ഈ പ്രശ്നവും വിവാഹത്തോടെ പരിഹരിക്കപ്പെടുമെന്ന് അമ്മ ഉറപ്പിച്ചു.
കാലം കടന്നു. യൗവനം യുക്തയാക്കിയപ്പോള്, കണ്ടെത്തിയ കുമാരനെ ആദ്യം ഗാന്ധര്‍വ വിധിപ്രകാരവും പിന്നെ കല്യാണ മണ്ഡപത്തില്‍ വച്ചും പങ്കാളിയായി സ്വീകരിച്ചു. ചെറുക്കന്റെ വീട്ടിലേക്കു കൊണ്ടുപോകാനുള്ള വസ്ത്രങ്ങള്‍ക്കിടയില്‍ നാലഞ്ചു 'ജോടി കീറുടുപ്പുകള് നമ്മള് തിരുകിക്കയറ്റാന്‍ നടത്തിയ ശ്രമം വീട്ടുകാര്‍ പിടിക്കുകയും തടയുകയും ചെയ്തു. പ്രണയം തന്നെ ഒരു കണ്ണുപൊത്തിക്കളിയാണ്. പിന്നെയുണ്ടോ കീറുടുപ്പുകള് .... വാഴക്കുന്നത്തേക്കാള് മാന്ത്രിക വിദ്യ കാണിച്ചു കൊണ്ട് ഒന്നു രണ്ടു ജോടി കീറുടുപ്പുകള് ഭര്‍തൃഗൃഹത്തിലേക്ക് സാഹസപ്പെട്ട് എത്തിച്ചു കളഞ്ഞു, അധോലോക രാജകുമാരി!
കാലം കടന്നു പോയി. രണ്ടായിരാമാണ്ട് തുടങ്ങി. പുതിയ നൂറ്റാണ്ടില്‍ പത്രപ്രവര്‍ത്തകയായി, കോഴിക്കോട്ടു ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകനായ ഭര്‍ത്താവിനൊപ്പം ജീവിക്കാനായി വരികയാണ് യുവതി. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടാണ് ആദ്യമായി ഒന്നിച്ചു താമസിക്കുന്നത്.
കോഴിക്കോട് ഐ എം എ ഹാള്‍ റോഡിലുള്ള ഫ്ളാറ്റിലങ്ങനെ ജീവിതം പൊടിപൊടിക്കാന്‍ തുടങ്ങുമ്പോഴാണ് ആ സത്യം തിരിച്ചറിയുന്നത്. കാര്യം നാട്ടുകാരും വീട്ടുകാരും സദാചാര നിരതന്‍, മാന്യന്, മര്യാദക്കാരന്‍ ,ഹൃദയാലു എന്നൊക്കെ വിശേഷണങ്ങളുടെ ഭാരം കൊടുക്കുന്ന ഈ മനുഷ്യന് വീട്ടില്‍ ഷര്ട്ടിടില്ല. അതു കൊണ്ട് അതിഥികളെത്തിയാല്‍ നായികയേക്കാള്‍ വേഗത്തില്‍ നായകന് അന്തര്‍ധാനം ചെയ്യും. നായികയ്ക്കു മുങ്ങാനുള്ള സാധ്യതകളെല്ലാം ഇല്ലാതാക്കിക്കൊണ്ട് . നിസ്സഹായയായി നിരാലംബയായി നില്ക്കുന്ന നായിക കൊടും തണുപ്പു കാലാവസ്ഥയില്‍ ധരിക്കുന്ന കനപ്പെട്ട ഷോളുകള്‍ വാരിപ്പുതച്ച് കീറലുകള്‍ മൂടി അതിഥികള്‍ക്കു മുന്നില്‍ വാതില്‍ തുറക്കും. - വിധിയെന്തായാലും അതേറ്റു വാങ്ങാന്‍ തയ്യാറാകും മട്ടില്‍.
ഇതിന്റെ പേരില്‍ ഡിവോഴ്സ് ചെയ്താലോ - ആലോചിക്കാതിരുന്നിട്ടില്ല. സംഗതി കോടതിക്കു മുന്നിലെത്തുന്നു. വിചാരണാ വേളയില്‍ കോടതി ചോദിക്കുന്നു - 'എന്താണു പിരിയാന്‍ കാരണം?'
'കോടതീ, ഇയാള്‍ വീട്ടില്‍ ഷര്ട്ടിടുന്നില്ല.'
(അല്ലേല്‍ വേണ്ട - മറുപക്ഷം കീറുടുപ്പുകളിലേക്ക് ശ്രദ്ധ ക്ഷണിച്ചാലോ..?! അതിനേക്കാള്‍ ഭേദം ഇതങ്ങു വിടുന്നതാണ്. കീറുടുപ്പിടുന്നവള്ക്ക് ഷര്‍ട്ടിടാത്ത വരന് എന്നാകും പഴഞ്ചൊല്ല്)
തൊട്ടടുത്ത ഫ്ളാറ്റിലാണ് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ശത്രുഘ്നനും , ഭാര്യ അമ്മുച്ചേച്ചിയും Ammu Menon താമസിച്ചിരുന്നത്. അമ്മു ചേച്ചി രാവിലെ തന്നെ കുളിച്ച് നല്ല ഭംഗിയുള്ള കോട്ടണ്‍ സാരികളുടുത്ത് ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എനിക്ക് കുളിരു തോന്നും. സ്നേഹവതിയായ അമ്മുച്ചേച്ചി കോഴിക്കോട്ടുകാരുടെ അയല്മര്യാദയോടെ ഇച്ചിരി ' കപ്പയും അവിലു വിളയിച്ചതും ഒക്കെ കൊണ്ടു തരും. ആ കൈയിലുള്ള സംഗതിയോടുള്ള കൊതി തിരയടിക്കുമ്പോഴും അമ്മുച്ചേച്ചി എന്റെ കുപ്പായത്തിന്റെ 'സുവര്‍ണ ശോഭ ' കാണാതിരിക്കാന്‍ വാതിലിനെ ഒന്ന് ആലിംഗനം ചെയ്തു കൊണ്ടാകും എന്റെ നില്‍പ്പ്. എന്നിട്ടും വസ്ത്ര പരിഷ്കരണത്തില്‍ ഒരിഞ്ച് മുന്നേറിയില്ലെന്നതു പത്തു തരം.
അങ്ങനെ നാളുകള്‍ അലസ മനോഹരമായി കഴിയുന്നതിനിടെയാണ് ആ ദുരന്തം ഉണ്ടാകുന്നത്.
കിഴക്ക് വെള്ള കീറിയെന്ന് മിമിക്രിക്കാരും പ്രഭാതം പൊട്ടി വിടര്‍ന്നെന്ന് കഥാപ്രസംഗക്കാരും പറയുന്ന ഒരു സാധാരണ പ്രഭാതം. ദമ്പതികള്സ് രാത്രി വൈകിയുള്ള ജോലി കഴിഞ്ഞ് ഉറക്കത്തോടു പ്രതികാരം തീര്‍ക്കുകയാണ്. സൂര്യന് പല തവണ വന്ന് മര്യാദയുടെ ഭാഷയില്‍-എണീക്ക് എണീക്ക്-എന്ന് ആവര്‍ത്തിക്കുന്നുണ്ട്. ആരു കേള്‍ക്കാന്‍!'
അപ്പോഴാണ് കോളിങ് ബെല്ലടിക്കുന്നത്. ആദ്യത്തെ മൂന്നുനാലടി പതിവു പോലെ ക്രൂരമായി അവഗണിച്ചു. എന്നിട്ടും ഒഴിഞ്ഞു പോകാതെ തുടരനടി ....
' നീ പോയി തുറക്ക് ' - ഭര്‍ത്താവ്
' പോയി തുറക്ക് ' - ഭാര്യ
'എനിക്ക് വയ്യ! നീ തുറക്ക് '
' എനിക്കും വയ്യ. വാതിലു തുറക്കേണ്ടത് ആണുങ്ങളാണ്, '
'പിന്നെ ....എനിക്ക് നടുവേദന...'
'എനിക്ക് വയ്യ. നൈറ്റിന്റെ തലക്കനം'
'ഒന്നു തുറക്ക്. എനിക്ക് ഷര്‍ട്ടിടണം.'
അങ്ങനെ ഭര്‍ത്താവ് സൗമ്യതയുടെ വഴിയിലായപ്പോള്‍ ഭാര്യ ഉറക്കച്ചടവു കുരുക്കിട്ട കാലുകളാല്‍ വേച്ചു വേച്ചു വാതില്‍ക്കലേക്ക് നടന്നു.
അതിനിടയില്‍ കസേരകളിലും വാതിലിലുമൊക്കെ കാലു തട്ടുന്നുണ്ട്.
പ്രതീക്ഷിക്കാനൊന്നുമില്ലാതെ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ് വാതില്‍ തുറക്കുമ്പോള്‍ ......
മുന്പില് കുഞ്ചാക്കോ ബോബന് .....!
ഭൂമി പിളര്ന്നിരുന്നെങ്കില്, എന്നിട്ട് ഞാനതിനകത്തേക്ക് താണുപോയിരുന്നെങ്കില്‍ .........
കാലം 2000 ആണ്. നിറം സിനിമയൊക്കെ കണ്ട് ആരാധനയാല്‍ പെണ്‍കുട്ടികള്‍ വിരല്‍ മുറിച്ച് രക്തം കൊണ്ട് കുഞ്ചാക്കോയ്ക്ക് കത്തെഴുതും കാലം.
കാണുന്നത് സ്വപ്നമാണോ തോന്നലാണോ എന്നായിരുന്നു ആദ്യത്തെ പരിഭ്രമചിന്ത.
അല്ല ! മുഴുനീള ചിത്രമായി കുഞ്ചാക്കോ ബോബന് മുന്നില്‍
ചില സിനിമകളില്‍ ജഗതിയൊക്കെ ചെയ്തിരുന്നതു പോലെ 'ഇത് ഞാനല്ല ' എന്ന് അലറിക്കൊണ്ട് അകത്തേക്കോടിയാലോ എന്നാണ് ആദ്യം ഞാനാലോചിച്ചത്.
സ്ക്രീനില്‍ കാണുന്നതിനേക്കാള്‍ വിരിഞ്ഞു തൂവി നില്ക്കുന്ന ചിരിയും പ്രസന്നതയും.
കുളിച്ചു കുട്ടപ്പനായി സുസ്മേര വദനനായി ഒരു താരം വാതിലില്‍ വന്നു മുട്ടുമെന്ന് ഈ ആഴ്ചയിലെ നക്ഷത്രഫലത്തിലുണ്ടായിരുന്നുവോ?
ഈ ചിരി? ഈ വിനയം! ഈ ഉണര്‍വ് ! ഈ സുഗന്ധം! എന്റെ പാവം പിടിച്ച വാതിലുകളുടെ വിജാഗിരി ഒന്നു കരഞ്ഞു.
വേഗം വാതില്‍ വലിച്ചടച്ച് ഓടിപ്പോയി കുളിച്ച് നല്ല ഉടുപ്പിട്ട് വന്നാലോ എന്നായി അടുത്ത ചിന്ത. അപ്പോഴും വാതില്‍ പൂര്‍ണമായി തുറന്നിട്ടില്ല.
'ഒരു മിനിറ്റേ ...... ഞാനിപ്പോ വരാം' എന്നു പറയാനായി ഞാനായും മുന്‍പ് കുഞ്ചാക്കോ ബോബന് ചിരിച്ചു കൊണ്ട് ചോദിച്ചു:
''ശത്രുഘ്നന്റെ ഫ്ളാറ്റ്:..?!'
( നിറം, നക്ഷത്ര താരാട്ട്, ഈ പുഴയും കടന്ന്, കളിയൂഞ്ഞാല് അങ്ങനെ ഒരു പാടു സിനിമകളുടെ തിരക്കഥാകൃത്താണ് അയല്‍ക്കാരനായ ശത്രുഘ്നന്‍ )
കീറുടുപ്പുകള് നാക്കിനെ ചങ്ങലകൊണ്ട് തളച്ചതു പോലെ....ഒന്നും മിണ്ടാനാകുന്നില്ല.
കുഞ്ചാക്കോ ചോദ്യം ആവര്‍ത്തിച്ചു.
' ശരിക്കും ഞാനിങ്ങനെയല്ലാട്ടോ. ഇദ് വേഷത്തിന്റെ കുഴപ്പമാണ്. ' എന്നു പറഞ്ഞാലോ അതിനു ശേഷം ശത്രുഘ്നന്റെ ഫ്ളാറ്റ് കാണിച്ചു കൊടുത്താലോ എന്നു ഞാനാലോചിക്കുന്നതിനിടെ കുഞ്ചാക്കോ നടക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ദുര്‍ബലമായ കൈകള്‍ കൊണ്ട് ശത്രുഘ്നന്റെ വീട്ടിലേക്ക് വിരല്‍ ചുണ്ടി. കുഞ്ചാക്കോ അവിടേക്ക് നടന്നു പോകുന്നത് നിസ്സഹായതയോടെ നോക്കി നിന്ന .
ഇനി മുതല്‍ വീട്ടില്‍ 'നല്ല നടപ്പു കാലം' എന്നു തീരുമാനിച്ചുറച്ചെങ്കിലും നാളിതുവരെ ഒരിഞ്ച് മാറ്റമുണ്ടായില്ല.
മലയാളത്തിലെ ഒരു കഥാകാരി പറഞ്ഞ കഥയോര്‍ക്കുന്നു - വീട്ടില്‍ ആരെങ്കിലും യാദൃച്ഛികമായി കയറി വന്നാല്‍ ഭര്‍ത്താവ് വേഗം മുറിയിലേക്ക് ഓടും. എന്നിട്ട് ഭാര്യയ്ക്ക് ഉടുക്കാനുള്ള നല്ല വസ്ത്രങ്ങള്‍ ഒരു ഉണ്ടയായി കെട്ടി മുറിയുടെ എതിര്‍വശത്തുള്ള അടുക്കളയിലേക്ക് എറിയും. അപ്പോള്‍ അടുക്കളയില്‍ നിന്ന് മുഷിഞ്ഞ ഉടുപ്പുകളുടെ മറ്റൊരു ഉണ്ട ഇതേമുറിയില്‍ നില്ക്കുന്ന ഭര്‍ത്താവിനെ ലക്ഷ്യമാക്കി പാഞ്ഞു വരും.
ഈ 'ഉണ്ടയേറ് ' കാണുന്ന ഹാളിലിരിക്കുന്ന അതിഥികള്‍, ഇത് ഇവിടുത്തെ എന്തോ ആചാരമാണെന്നു കരുതി അമ്പരന്നിരിക്കും.
കീറ ഉടുപ്പുകളുടെ അമൂല്യശേഖരം ഇന്നും കൂടെയുണ്ട്. ഒരിഞ്ചിന് എന്നെ നന്നാക്കില്ലെന്ന വാശിയോടെ...താരങ്ങള്‍ മണ്ണിലേക്ക് ഇറങ്ങിവന്നാലും അതുകള്ക്കൊന്നുമില്ല എന്ന വാശിയോടെ...
Content Highlights: Malayalam writer K Rekha, Kunchacko Boban, Facebook post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..