കൊൽക്കത്തയിലെ ഒരു പഴയ വീട്| ഫോട്ടോ: ഗെറ്റി ഇമേജ്‌സ്
മലയാളികളുടെ ഗൃഹാതുരമായ പഴയ ഭവനമാണ് കൊല്‍ക്കത്ത. നോവലുകളിലൂടെ, കഥകളിലൂടെ, കവിതകളിലൂടെ, രാഷ്ട്രീയത്തിലൂടെ, സിനിമകളിലൂടെ, ഭൂപ്രകൃതിയിലൂടെ, സന്ന്യാസത്തിലൂടെ, മത്സ്യത്തിലൂടെ... ബംഗാളുമായി നാം സമാനമായി പലതും പങ്കിട്ടു. കൊല്‍ക്കത്ത നഗരത്തിലെത്തുന്ന മലയാളിക്ക് താന്‍ നിറംമങ്ങിയ ഒരു സ്വപ്നത്തിലൂടെയാണ് നടക്കുന്നത് എന്നു തോന്നാം. പഴയ കെട്ടിടങ്ങള്‍, പതുക്കെനീങ്ങുന്ന ട്രാമുകള്‍, പരിചയമുള്ള സ്ഥലനാമങ്ങള്‍... അത്തരം ഒരനുഭവത്തിലൂടെ മിഷ്ടി ദൊയി തുടങ്ങുന്നു..
കുറച്ചു പഴക്കംചെന്ന ഒരു വീട് വില്‍ക്കാനുണ്ടെന്നുള്ള ഒരു വാര്‍ത്ത വായിച്ചു. സ്ഥലം കാളീഘട്ടിലാണ്, ക്ഷേത്രത്തിനടുത്തെവിടേയോ. പഴക്കമുള്ള വീടുകള്‍ കൊല്‍ക്കത്തയില്‍ വിഷയമേയല്ല. എന്നാല്‍, അത്തരത്തിലൊന്നു വില്‍ക്കാനുണ്ട് എന്നൊരു വാര്‍ത്ത കാണുന്നത് ആദ്യമായിട്ടായിരുന്നു. പിറ്റേന്ന് കുറച്ചുനേരത്തേ ഓഫീസില്‍നിന്നും ഇറങ്ങി, ജാര്‍ഖണ്ഡുകാരനായ സഹപ്രവര്‍ത്തകന്‍ ഗൗതം ശ്രീവാസ്തവയ്‌ക്കൊപ്പം പോയി. ഓഫീസിനടുത്തുള്ള മൈദാനില്‍നിന്നും നാലാമത്തെ സ്റ്റേഷനായ കാളീഘട്ട് മെട്രോയില്‍ ഇറങ്ങി. അവിടെനിന്നു കുറച്ചു നടന്നാല്‍ ബസുശ്രീ സിനിമാതിയേറ്ററായി. അതിന്റെ പിന്നില്‍, സദാനന്ദ് റോഡിലായിട്ടാണ് തൊണ്ണൂറുവര്‍ഷം പഴക്കമുള്ള ആ വീട്. പത്രങ്ങളില്‍ പടം കണ്ടിരുന്നതുകൊണ്ട് പെട്ടെന്നുതന്നെ മനസ്സിലായി. കൊല്‍ക്കത്തയിലെ മിക്കവാറും എല്ലാ പഴയ വീടുകള്‍ക്കുമെന്നതുപോലെ ചെമന്ന നിറത്തിലുള്ള ചുവരുകളും പച്ച ജനവാതിലുകളുമൊക്കെയുള്ള ഒരു നാലുനിലക്കെട്ടിടം. മൂന്നുനിലകളില്‍ വിരിഞ്ഞ കോളാമ്പിപ്പൂക്കളുടെ ആകൃതിയിലുള്ള ബാല്‍ക്കണികള്‍. ബാല്‍ക്കണിയിലേക്കു തുറക്കുന്ന വാതിലുകള്‍ക്ക് മങ്ങിയ നീലനിറം. ഒന്നാമത്തെയും രണ്ടാമത്തെയും നിലകളില്‍ നീളന്‍ വരാന്തകളുണ്ട്. വീടിനുള്ളില്‍ ആരെങ്കിലുമുണ്ടെങ്കില്‍, അനുവദിച്ചാല്‍, ഒന്നു കയറി കാണണമെന്നുണ്ടായിരുന്നു. പക്ഷേ, മുന്നിലുള്ള വാതില്‍ അടച്ചിട്ടിരിക്കുന്നതു കണ്ടപ്പോള്‍ നിരാശതോന്നി. കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റിനിന്നു.
''ഇതുതന്നെയാണോ കാണണമെന്നു പറഞ്ഞത്?'' -ഗൗതം സംശയിച്ചു.
''അതെ'' -ഞാന്‍ പറഞ്ഞു.
''ഇതിനെന്താ ഇത്ര പ്രത്യേകത? ഇങ്ങനെ നൂറുകണക്കിനു കെട്ടിടങ്ങളുണ്ടല്ലോ.''
''ഉണ്ടാവും. ഇതുപക്ഷേ, വില്‍ക്കാന്‍വെച്ചിരിക്കുകയാണ്.'' -ഞാന്‍ പറഞ്ഞു.
ഗൗതം വിസ്മയത്തോടെ എന്നെ നോക്കി. ''വീടു വാങ്ങാന്‍ വല്ല പരിപാടിയുമുണ്ടോ?''
''ഏയ്. ആഗ്രഹിച്ചാലും നമ്മുടെ കൊക്കിലൊതുങ്ങുന്ന കാര്യമല്ല.'' -ഞാന്‍ പറഞ്ഞു. ''വാര്‍ത്ത വായിച്ചപ്പോള്‍ ഒന്നു കണ്ടുകളയാം എന്നു തോന്നി. അത്രയേയുള്ളൂ.''
''കുറച്ചൊന്ന് ഉള്ളിലേക്കു മാറിയാല്‍ ചിലപ്പോള്‍ കൈയിലൊതുങ്ങുന്ന ചിലതു കണ്ടേക്കും.'' -ഗൗതം ആലോചിച്ചുകൊണ്ടു പറഞ്ഞു.
''പഴയതു വല്ലതുമാണെങ്കില്‍ നോക്കിക്കളയാം.''
''പഴയ വീടുകള്‍ വാങ്ങിയിട്ടെന്തിനാണ്'' -അയാള്‍ ചോദിച്ചു. ''ആട്ടേ, എത്രത്തോളം പഴക്കമാണ് ഉദ്ദേശിക്കുന്നത്?''
''നൂറുവര്‍ഷമൊക്കെ... എന്താ കിട്ടുമോ?''
''കിട്ടാതെന്ത്! ഈ നഗരത്തില്‍ പഴയ സാധനങ്ങള്‍ക്കൊരു പഞ്ഞവുമില്ല.''
അയാള്‍ പറഞ്ഞതു ശരിയാവണം. കൊല്‍ക്കത്തയില്‍ത്തന്നെ പഠിച്ച്, ജോലിചെയ്യുന്നയാളാണ്. ഏതു തെരുവില്‍പ്പോയാലും ഇത്തരം ഒട്ടേറെ കെട്ടിടങ്ങളുണ്ട്്. എന്നാല്‍, ഇതങ്ങനെയല്ല, വളരെ പ്രാധാന്യമുള്ള ഒരു കെട്ടിടത്തിന്റെ മുന്നിലാണ് ഞങ്ങള്‍ വന്നുനില്‍ക്കുന്നത്. ഏതാണ്ട് നൂറുവര്‍ഷം പഴക്കമുണ്ട് കെട്ടിടത്തിന്. 1920-ല്‍ അസ്ഥിവാരം പണിത്, മൂന്നു ഘട്ടങ്ങളിലായി ഏതാണ്ട് കാല്‍നൂറ്റാണ്ടു കാലംകൊണ്ടാണ് വീട് ഇപ്പോഴത്തെനിലയില്‍ പണിപൂര്‍ത്തിയായിട്ടുള്ളത്. പരേഷ്നാഥ് ബാനര്‍ജി എന്നൊരാളായിരുന്നു അതു പണികഴിപ്പിച്ചത്. താഴത്തെ നിലയില്‍ ഇറ്റാലിയന്‍ വെണ്ണക്കല്ലു പാകിയിരിക്കുന്നു. ബെല്‍ജിയന്‍ ഗ്ലാസുകള്‍ പതിച്ചിരിക്കുന്നു. മറ്റുനിലകളില്‍ നഗരത്തിലെ കൊളോണിയല്‍ കെട്ടിടങ്ങളുടെയെല്ലാം മാതൃകയില്‍ റെഡ് ഓക്സൈഡുകൊണ്ടു നിലം പൂശിയിരിക്കുകയാണ്. ആറായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നില്‍ക്കുന്നത് വെറും നാലു കാട്ടാ ഭൂമിയില്‍ (ആറരസെന്റ്) ആണെന്നുള്ളതാണ് ഒരു പരിമിതി. ഇനി ആരെങ്കിലും വിചാരിച്ചാലും വികസനത്തിനു സാധ്യതയില്ല. ഒരു വാഹനം പാര്‍ക്കുചെയ്യാന്‍പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഈ പരേഷ്നാഥ് ബാനര്‍ജി വലിയൊരു ക്രിമിനല്‍ വക്കീലായിരുന്നു. ഗാന്ധിവധത്തിനുശേഷം ഗോഡ്സെയുടെ സംഘം തങ്ങളുടെ കേസ് വാദിക്കാന്‍ സമീപിച്ചത് അദ്ദേഹത്തെയാണെന്നു പറഞ്ഞാല്‍ ബാനര്‍ജിയുടെ പ്രൊഫഷണല്‍ വലുപ്പം മനസ്സിലാവും. ഏതായാലും അദ്ദേഹം ആ 'ഓഫര്‍' നിരസിച്ചു.
അദ്ദേഹത്തിന്റെ മൂന്നാം തലമുറയില്‍പ്പെട്ട ജ്യോതിര്‍മയി ബാനര്‍ജിയാണ് ഇപ്പോള്‍ കുടുംബകാരണവര്‍. എഴുപതുവയസ്സു പ്രായം. അദ്ദേഹം ഒരു എന്‍ജിനിയറായിരുന്നു. അദ്ദേഹത്തിന്റെ മരുമക്കളാണ് ഇവിടെ സ്ഥിരമായിട്ടുള്ളത്. പക്ഷേ, അവര്‍ക്കും ഇത്രയും വലിയ വീട് കൊണ്ടുനടക്കാന്‍ പറ്റാതായിരിക്കുന്നു. എന്നാലും അത്ര പെട്ടെന്നൊന്നും സംഗതി കച്ചവടമാവില്ലെന്നാണ് തോന്നുന്നത്. കാരണം ഇതു വാങ്ങുന്നവര്‍ കെട്ടിടത്തിന്റെ ഘടനയ്ക്കു മാറ്റംവരുത്താതെ, ഒരു വീടായിത്തന്നെ ഉപയോഗിക്കണം എന്നുള്ളതാണ് നിബന്ധന. ''ഇതു വെറും കല്ലും കുമ്മായവുമല്ല, ഒരു കാലഘട്ടമാണ്'' -എന്നാണ് ബാനര്‍ജിയുടെ അഭിപ്രായം. അപ്പോള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ പോരാ, അത്തരം സ്വപ്നങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഒരു കാല്പനികന്‍ തന്നെ വരണം അതു വാങ്ങിക്കാന്‍. അങ്ങനെയൊരാള്‍ എവിടെയുണ്ട്?
ഗൗതം പറഞ്ഞതുപോലെ ഇത്തരം നൂറുകണക്കിന് -പോരാ ആയിരക്കണക്കിനുതന്നെ- കെട്ടിടങ്ങള്‍ പഴയ കൊല്‍ക്കത്തയിലുണ്ട്. ഏതു തെരുവില്‍ച്ചെന്നാലും അത്തരത്തിലുള്ള ചിലതെങ്കിലും കാണാതെ നിങ്ങള്‍ക്കൊരു നൂറുമീറ്റര്‍പോലും നടക്കാനാവില്ല. പലതിലും കുറേക്കാലമായി ആള്‍ത്താമസമില്ല. അപൂര്‍വം ചിലതിന്റെ മുന്നിലെ പടിപ്പുരകളില്‍ കെട്ടിടെത്തക്കാള്‍ പ്രായമുള്ള ചില മനുഷ്യരെ കാവല്‍നിര്‍ത്തിയിരിക്കുന്നതു കാണാം (ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു പ്രേതഭവനത്തിന്റെ കാവല്‍ക്കാരനെ പരിചയപ്പെട്ടു. അയാളുടെ പേര് നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടേക്കും: ബിഭൂതി ഭൂഷണ്‍). കല്ലും കുമ്മായവും മാത്രമല്ലാത്തതു കൊണ്ടാവണം, പല കെട്ടിടങ്ങള്‍ക്കു മുകളിലും വലിയ ആല്‍മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നു. ചുവരുകളെ പിളര്‍ന്ന് ഓര്‍മകളിലേക്കെന്നതുകണക്ക് ആഴ്ന്നിറങ്ങിയ അവയുടെ വേരുകള്‍. കെട്ടിടമാണോ മരമാണോ ആദ്യമുണ്ടായത് എന്ന കടങ്കഥയിലേതുപോലെ ചില ആല്‍മരങ്ങളെങ്കിലും വളര്‍ന്നുവലുതായി വീടുകളുടെമേല്‍ പത്തിവിരിച്ചുനില്‍ക്കുന്നു. അവയ്ക്കുതാഴെയുള്ള ആ പഴയ വീടുകള്‍ അപ്പോള്‍ വെറും ആല്‍ത്തറകള്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നുതോന്നും.
എന്നാലും ഈ വടവൃക്ഷങ്ങളുടെ പടര്‍ന്നുപന്തലിച്ച കൊമ്പുകളോ, തായ്ത്തടികളോളം പോന്ന വേടുകളോ ഒരാളും വെട്ടുകയില്ല. കുടുംബാംഗങ്ങള്‍ തമ്മിലോ, കുടുംബവും മുനിസിപ്പല്‍ അധികൃതരും തമ്മിലോ ഒക്കെയുള്ള തര്‍ക്കങ്ങളും കോടതിവ്യവഹാരങ്ങളുമൊക്കെയാണ് അതിന്റെ കാരണമെന്ന് ഗൗതം സൂചിപ്പിച്ചു.
പൊതുവേ ദരിദ്രമെന്നു തോന്നിക്കുന്ന ചുറ്റുപാടുകളില്‍ നിലകൊള്ളുമ്പോഴും വാസ്തുവിദ്യയുടെയും വിസ്തൃതമായ ഇടങ്ങളുടെയും ചാരുത ഈ പഴയ വീടുകളെ സമ്പന്നമാക്കുന്നു. പഴയതും പുതിയതുമായ പല ചലച്ചിത്രങ്ങളിലും കൊല്‍ക്കത്തയിലെ ഈ മൂകഭവനങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇത്തരം പഴയ വീടുകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സംഘടനയുണ്ട്; കൊല്‍ക്കത്ത ആര്‍ക്കിടെക്ചറല്‍ ലെഗസീസ് (CAL) എന്ന പേരില്‍. നോവലിസ്റ്റ് അമിത് ചൗധരിയാണ് അതിന്റെ അമരക്കാരന്‍. നഗരങ്ങളെപ്പറ്റി നടത്തിയ ഒരു പ്രഭാഷണത്തില്‍ കൊല്‍ക്കത്തയെപ്പറ്റി സൂചിപ്പിച്ച ഭാഗത്ത് 'പഴയ കെട്ടിടങ്ങള്‍ ഈ നഗരത്തിന്റെ ആത്മാവാണെന്ന്' അദ്ദേഹം പറയുന്നതുകേട്ടു. ഇക്കഴിഞ്ഞ മേയില്‍ അത്തരം കുറെ കെട്ടിടങ്ങളെങ്കിലും നിലംപൊത്തി. മോചിപ്പിക്കപ്പെട്ട ആത്മാവുകള്‍ കൂടൊഴിഞ്ഞുപോകുന്നതിന്റെ തെളിവായിട്ടാവണം, അംഫന്‍ എന്ന കൊടുങ്കാറ്റ് നഗരത്തില്‍ ആഞ്ഞുവീശി. കൊടുംമഴ നിര്‍ത്താതെ പെയ്തു.

വീട്
കൊല്‍ക്കത്തയുടെ ഗതകാലപ്രതാപങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ നഗരത്തില്‍വന്നാല്‍ നിങ്ങള്‍ക്കു ഭൂതകാലത്തിന്റെ ഒരു ക്ലോസപ്പ് കിട്ടിയേക്കും. ആയുസ്സിന്റെ ഒരു മങ്ങിയ വൈകുന്നേരത്തിലേക്കു തുറന്നുവെച്ചിരിക്കുകയാണ് അതിന്റെ തെരുവുകള്‍. അവയിലൂടെ നടക്കുമ്പോള്‍, നിറംമങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വലിയൊരു മ്യൂസിയത്തിലൂടെ സഞ്ചരിക്കുകയാണെന്നുതോന്നും. എപ്പോഴോ, എവിടെയോവെച്ച് വളര്‍ച്ചനിലച്ച ജീവിതം ചില്ലുകൂട്ടിലെന്നവണ്ണം ഒരുക്കിവെച്ചിരിക്കുന്നു. ഓരങ്ങളില്‍ നിരനിരയായി ധാബകള്‍. കാത്തുനില്‍ക്കുന്ന സൈക്കിള്‍ റിക്ഷകള്‍. തിരക്കേറിയ പാതകള്‍ക്കു നടുവിലൂടെ ഇഴഞ്ഞുപോകുന്ന പഴയ ട്രാം പെട്ടികള്‍. ഒരിക്കല്‍ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് ടോളിഗഞ്ചിലെ ട്രാം ഡിപ്പോയ്ക്കടുത്തുനിന്നു ഗരിയാഹട്ടിലെ ഡിപ്പോവരെ ട്രാമില്‍ കയറിപ്പോയപ്പോള്‍ യാത്രക്കാരായി മൂന്നേ മൂന്നുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കൊളോണിയല്‍ കൗതുകം ഇനി എത്രനാളുണ്ടാവും എന്നറിഞ്ഞുകൂടാ. എന്നെങ്കിലും നിങ്ങള്‍ ഇവിടെ വരുകയാണെങ്കില്‍ -വേറെ തിരക്കുകളൊന്നുമില്ലെങ്കിലും- അവയിലൊന്നില്‍ക്കയറി യാത്രചെയ്യണം. ചലനചിത്രങ്ങള്‍ തുടങ്ങിയ കാലത്തു നിര്‍മിച്ച ഒരു പഴയ സിനിമ കാണുന്നതുപോലെയുണ്ടാവും. ഇടയ്ക്കിടെ നില്‍ക്കുന്നു, യാത്രതുടരുന്നു. എന്നാല്‍, നോക്കൂ; ഒരൊറ്റ സ്‌നാപ്പില്‍ കൊല്‍ക്കത്ത എന്ന യാഥാര്‍ഥ്യത്തെ പിടിച്ചെടുക്കാന്‍ ട്രാമിനെക്കാള്‍ നല്ലൊരു അടയാളം വേറെയുണ്ടോ?

നീങ്ങുന്ന ട്രാം
ബംഗാളിനോട്, വിശേഷിച്ച് കൊല്‍ക്കത്തയോട് മലയാളികള്‍ക്ക് വലിയൊരു അഭിനിവേശമുണ്ട്. നിങ്ങള്‍ കൊല്‍ക്കത്തയിലാണെന്നു പറഞ്ഞുനോക്കൂ; വൈകാതെത്തന്നെ ആ നഗരം കാണാന്‍ വരുന്നുണ്ടെന്നും അതു തങ്ങളുടെ ജീവിതാഭിലാഷമാണെന്നും പറയുന്ന ഒട്ടേറെ സുഹൃത്തുക്കളെ കാണാം. അപ്പോള്‍ സംശയിക്കും; ഇന്ത്യയിലെ മറ്റു നഗരങ്ങളിലില്ലാത്ത ഏതൊരു കാന്തമാണ് ഏവരെയും കൊല്‍ക്കത്തയിലേക്ക് ആകര്‍ഷിക്കുന്നത്? ചെറുപ്പത്തില്‍ വായിച്ച ബൃഹദ്നോവലുകളോ, കണ്ട സിനിമകളോ, ഇടതുപക്ഷ രാഷ്ട്രീയമോ: അതെന്തുമാവട്ടെ, ഒരിക്കല്‍പ്പോലും ഇവിടം സന്ദര്‍ശിക്കാത്ത മലയാളിക്കുപോലും കൊല്‍ക്കത്ത ഒരു വമ്പന്‍ ഗൃഹാതുരത്വമാണെന്നു തോന്നിയിട്ടുണ്ട്.
ഇറ്റാലോ കാല്‍വിനോയുടെ 'അദൃശ്യനഗരങ്ങള്‍' (The Invisible Cities) എന്ന നോവലില്‍ സഞ്ചാരിയായ മാര്‍ക്കോ പോളോ കുബ്ലെഖാന് വിശദീകരിച്ചുകൊടുക്കുന്ന പല നഗരങ്ങളും ആ സഞ്ചാരിയുടെ ഭാവനാസൃഷ്ടികളായിരുന്നു. ഓരോ നഗരത്തെയും അയാള്‍ തന്റെ ജന്മദേശമായ വെനീസിന്റെ അംശങ്ങളില്‍നിന്നു പുനഃസൃഷ്ടിച്ചു. അതുപോലെയാവാം ചിലപ്പോള്‍. മലയാളി സ്വന്തം ഭാവനയില്‍ തന്റേതായ ഒരു കൊല്‍ക്കത്ത നിര്‍മിക്കുന്നു. അയാള്‍ വായിച്ചറിഞ്ഞ, ചിത്രങ്ങളില്‍ക്കണ്ട ഒരു നഗരം. അതിനോടുള്ള അവരുടെ അനുരാഗം അവസാനിക്കുന്നതേയില്ല. പിന്നെയെപ്പോഴോ ഈ നഗരത്തില്‍ യക്ഷരെപ്പോലെ വന്നുനില്‍ക്കുമ്പോള്‍, എന്തൊരദ്ഭുതം! സ്വപ്നത്തില്‍ക്കണ്ട അതേ മങ്ങിയ തെരുവുകള്‍, മനുഷ്യര്‍. പാതകളില്‍ കുരവയിട്ടു സ്തംഭിച്ചുനില്‍ക്കുന്ന ഗതാഗതം.
-സ്വന്തം നാട്ടിലെ പഴയ വീട്ടില്‍ തിരിച്ചെത്തിയതു മാതിരി.
Content Highlights: Malayalam writer E SanthoshKumar Kolkata diary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..