ഇ ഹരികുമാര്‍: അനേകം വായനാസാധ്യതകള്‍ കഥയില്‍ തുറന്നിട്ട എഴുത്തുകാരന്‍


ഡോ. മിനി പ്രസാദ്

ജീവിക്കാന്‍വേണ്ടി പടവെട്ടുന്ന മനുഷ്യനും അവനെ ചൂഷണം ചെയ്യുകയും കബളിപ്പിക്കയും ചെയ്യുന്ന സമൂഹവും എന്ന ദ്വന്ദ്വം ഹരികുമാറിന്റെ കഥകളുടെ അടിസ്ഥാനഭാവമാണ്.

ഫോട്ടോ : മാതൃഭൂമി

ലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ഇ. ഹരികുമാര്‍ വേര്‍പിരിഞ്ഞിട്ട് ഒരുവര്‍ഷം പിന്നിടുന്നു. തന്റെ രചനകളിലൂടെ വായനയുടെ വേറിട്ട സാധ്യതകളെ ഒളിച്ചുവെച്ച ആ എഴുത്തുകാരന്റെ കഥകളെപ്പറ്റി സൂക്ഷ്മവും വിപുലവുമായ ഒരു പഠനം.

ഹരികുമാറിന്റെ 'കൂറകള്‍' എന്ന കഥയില്‍ ഒരു വാചകമുണ്ട്. ഇത് നിലനില്പിന്റെ പ്രശ്‌നമാണ്, ജീവിക്കാന്‍ ഇടയായവരുടെ നിലനില്പിന്റെ പ്രശ്‌നം. 1966-ലാണ് കൂറകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. 1966-മുതല്‍ 1995- വരെ ഹരികുമാര്‍ എഴുതിയ കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത 28 കഥകളാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ളത്. ഇവയുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച മാനദണ്ഡം എന്തുതന്നെയായലും ഈ കഥകളുടെയെല്ലാം അന്തര്‍ധാരയായി ഈ സങ്കടമുണ്ട്. നിലനില്പ് നേരിടുന്ന സങ്കടം. ഇടത്തരക്കാരുടെ നിലനില്‍ക്കാനുള്ള ബുദ്ധിമുട്ടുകള്‍, പരക്കംപാച്ചിലുകള്‍, ത്യാഗ ങ്ങള്‍ അങ്ങനെ എന്തൊക്കെ. ഇതിനിടെ ലോകവും അതിന്റെ പൊതുനിയമങ്ങളും ചേര്‍ന്ന് നടത്തുന്ന കളികള്‍ക്കിടെ ഇവര്‍ കബളിപ്പിക്കപ്പെടുന്നത്. അവസാനം മടുത്തുപോകുന്ന മനസ്സിന് ഗ്രാമീണ വിശുദ്ധികളിലേക്കൊരു യാത്ര സാന്ത്വനമാകുന്നതും ഇങ്ങനെ ഒരുപാട് ഭാവങ്ങളാണ് ഹരികുമാറിന്റെ കഥാലോകത്തുള്ളത്.

ഭാവം എന്ന വാക്കിനെ ബോധപൂര്‍വം സ്വീകരിച്ചത് പ്രമേയം, വിഷയം എന്നതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇത് മനസ്സിന്റെ ലോലവും സൂക്ഷ്മവുമായ ഭാവങ്ങളുടെ അവതരണമാകുന്നതിനാലാണ്. ഒരൊറ്റ വായനയില്‍ ഈ കഥകള്‍ പൂര്‍ണമായി വഴങ്ങില്ല. അനേക വായനാസാദ്ധ്യതകള്‍ ഇവയില്‍ ഒളിഞ്ഞിരിക്കുന്നു. ഒരു രചനയും പ്രമേയതലത്തില്‍ പൂര്‍ണ്ണമല്ലാ എന്നും ഓരോ വാക്കും ഓരോ അര്‍ത്ഥവാഹകവുമാണെന്ന് പുതിയ നിരൂപണ പദ്ധതികള്‍ വെളി പ്പെടുത്തുന്നുമുണ്ട്. എഴുത്തുകാരന്‍ പറഞ്ഞുനിര്‍ത്തിയതിനപ്പുറമുള്ള ഒരു നിശ്ശബ്ദതയില്‍ നിന്നാണ് വായനതന്നെ ആരംഭിക്കേണ്ടത്. അത്തരം ഒരു വായനയുടെ സാഫല്യം ഈ കഥകള്‍ നല്‍കുന്നുണ്ട്.

ഹരികുമാറിന്റെ മിക്ക കഥകളുടെയും പശ്ചാത്തലം നഗരമാണ്. നഗരത്തിനും നാഗരികസമൂഹത്തിനും ഭാഷയും വ്യാകരണവും വൃത്യസ്തമാണ്. ഈ വ്യാകരണാനുസൃതം നീങ്ങാനാവാതെ പോകുന്ന ഇടത്തരക്കാരന്റെ സാമാന്യ ജീവിത ദുഃഖങ്ങളാണ് ഇവിടെ നാം പരിചയപ്പെടുന്നത്. ജീവിതച്ചിലവും പ്രാരാബ്ധങ്ങളും മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു കുടുംബത്തിന് മൂന്നാമത്തെ കുട്ടി സന്തോഷത്തിനും ആഹ്‌ളാദത്തിനുമപ്പുറം ഒരു ഭാരമാണ്. അതുകൊണ്ട് അതിനെ നശിപ്പിക്കാന്‍ തീരുമാനിക്കുന്നു. അനിവാര്യത പക്ഷെ കുറ്റബോധത്തെ ഇല്ലായ്മ ചെയ്യുന്നില്ല. ഈ വേദനയാണ് ''കൂറകളി'ല്‍ നാം അനുഭവിക്കുന്നത്. മാതൃമനസ്സിന്റെ വേദനയും കുറ്റബോധവുമാണിത്. കൂറയെ (പാറ്റയെ) കൊല്ലുന്നതിനോട് ബന്ധപ്പെടുത്തി അവതരിപ്പിക്കുമ്പോള്‍ ഇതിനൊരു അപൂര്‍വ്വചാരുത കൈവരുന്നു. ഉള്ളില്‍ വളരുന്ന ജീവന്റെ പുതുനാമ്പിനെ നശിപ്പിക്കലും കൂറകളെ കൊല്ലലും ഏകകാലത്തില്‍ സംഭവിക്കുന്നു. കിരു കിരാ ശബ്ദത്തോടെ കൂറകള്‍ സഞ്ചരിക്കുമ്പോഴുള്ള അസ്വസ്ഥത ഒന്നിലധികം തവണ പരാമര്‍ശിക്കപ്പെടുന്നുണ്ട്. തന്റെ ഉളളില്‍ വളരുന്ന ജീവനും അതു താങ്ങാനുള്ള അവകാശവും ഇഷ്ടവും അതിനോട് യാഥാര്‍ത്ഥ്യങ്ങളുടെ ഏറ്റുമുട്ടലും ചേര്‍ത്തുളവാക്കുന്ന അസ്വസ്ഥത മനം പുരട്ടലായി അനുഭവപ്പെടുന്നു. കഥയില്‍ അവളെ കടന്നുപോകുന്നൊരു ജാഥയുടെ പരാമര്‍ശമുണ്ട്. അതും സമരം തന്നെയാണ്. നിലനില്‍ക്കാനുള്ള സമരം.

ജീവിക്കാന്‍വേണ്ടി പടവെട്ടുന്ന മനുഷ്യനും അവനെ ചൂഷണം ചെയ്യുകയും കബളിപ്പിക്കയും ചെയ്യുന്ന സമൂഹവും എന്ന ദ്വന്ദ്വം ഹരികുമാറിന്റെ കഥകളുടെ അടിസ്ഥാനഭാവമാണ്. 'വിഷു' എന്ന കഥയില്‍ ഇത്തരമൊരു അനുഭവമുണ്ട്. വളരെ കഷ്ടപ്പെട്ട് പടക്കം വാങ്ങുമ്പോള്‍ അതൊന്നും പൊട്ടാതെ പോകുന്നത് ഒരു കൂട്ടിയുടെ ദുഃഖത്തിലുപരി ഒരു കുടുംബത്തിന്റെ മുഴുവന്‍ വേദനയായി മാറുന്നു. ദാരിദ്ര്യം, ദൈന്യം എന്നി രണ്ടു വാക്കുകളാല്‍ നിസ്സാരവല്‍ക്കരിക്കാവുന്ന ഒരു പ്രശ്‌നമേയല്ല ഇത്. കാരണം പടക്കക്കടയില്‍ പണക്കാരന്‍ ആദരവും പരിഗണനകളും ലഭിക്കുമ്പോള്‍ മറുഭാഗത്തിന് ലഭിക്കുന്നത് പുച്ഛവും നീരസം കലര്‍ന്ന വാക്കുകളുമാണ്. ഇതിന്റെയൊക്കെ ഫലമായി അയാള്‍ ഒറ്റപ്പെടുന്നു എന്ന ബോദ്ധ്യത്തില്‍ നമ്മെ എത്തിക്കുന്നു.

e harikumar
എം.ടി. വാസുദേവന്‍ നായര്‍ക്കും വൈശാഖനുമൊപ്പം

'ഒരു ദിവസത്തിന്റെ മരണ'ത്തില്‍ പുതിയ യന്ത്രം വരുന്നതോടെ തന്റെ ജോലി പോയേക്കുമോ എന്ന ഭയത്താല്‍ മേലധികാരിക്ക് വഴങ്ങിക്കൊടുക്കുന്ന സ്ത്രീയാണ് കഥാപാത്രം. ആ ജോലിയുടെ നിലനല്‍പ്പിനായി എന്തു ത്യാഗവും സഹിക്കാന്‍ അവള്‍ തയ്യാറാവുന്നു. സ്വന്തം അഭിമാനം വിറ്റുകിട്ടിയ പണംകൊണ്ടു വാങ്ങുന്ന ബനിയനുകളില്‍ ഒന്നിന്റെ കീറല്‍ ഒരു കബളിപ്പിക്കലാണ്.

സമൂഹത്തിനുള്ളത് പൊതുവായ ഒരു കാഴ്ചപ്പാടാണ്. അതു നിയമിക്കുന്ന, നിര്‍ണ്ണയിക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ എളുപ്പമാണ്. അതിനുകഴിയാതെ സ്വന്തം ഇച്ഛാനുസൃതം ജീവിക്കുന്ന ഒരാളാണ് ''പ്രാകൃതനായ ഒരു തോട്ടക്കാരന്‍'. അയാള്‍ക്ക് ഒരു കാട്ടുചെടിയായ അപ്പയും പൂച്ചെടി തന്നെയാണ്. പക്ഷെ ലോകം ചെടികളില്‍ നിന്ന് ആഗ്രഹിക്കുന്നത് സുഗന്ധവും സൗന്ദര്യവുമാണ്. അതൊരുക്കുന്നതില്‍ അയാള്‍ പരാജയപ്പെടുകയും ക്രുരമായ വിമര്‍ശനത്തിനിരയാവുകയും ചെയ്യുന്നു. ആന്തരികാനുഭവം ഈ കഥയില്‍ സാദ്ധ്യമാകുന്നുണ്ട്. ലോകത്തിനാവശ്യമായ തരത്തില്‍ വിഭവങ്ങളൊരുക്കാനാവാതെ ലോകദൃഷ്ടിയില്‍ പരാജിതനാകുന്ന ഒരു കലാകാരന്റെ സ്വകാര്യ ലോകവും സമൂഹവും തമ്മിലുള്ള സംഘര്‍ഷം ഇവിടെ ദര്‍ശിക്കാം. ആ കഥയിലെ പ്രാകൃതനായ തോട്ടക്കാരന്‍ തന്റെ അച്ഛനായിരുന്നുവെന്ന് ഹരികുമാര്‍ ഒരഭിമുഖ ത്തില്‍ വെളിപ്പെടുത്തുന്നുമുണ്ട്. ഇവ ചേര്‍ത്തുവെയ്ക്കുന്നതോടെ കഥയ്‌ക്കൊരു പുതുമാനവും ശക്തിയും കൈവരുന്നു.

ഇത്തരം സംഘര്‍ഷങ്ങളുടെയും തിരക്കിന്റെയും അവസ്ഥകളില്‍ നിന്ന് സാന്ത്വനങ്ങളിലേക്ക് ഒരു പോക്കാണ് 'ശ്രീപാര്‍വ്വതിയുടെ പാദം''. കുട്ടിക്കാലത്തെപ്പറ്റി ഗൃഹാതുരതയോടെ ഓര്‍ക്കുന്ന കാല്പനികഭാവത്തില്‍ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. അവളുടെ ആത്മാവിന്റെ വിളിയോ തീര്‍ത്ഥാടനമോആണിത്. അവള്‍ അശ്രദ്ധയാവുകയോ കൈയില്‍ നിന്ന് പാത്രങ്ങള്‍ വീണുടയുകയോ ചെയ്താല്‍ അവളുടെ ഭര്‍ത്താവ് തന്നെ പറയാറുണ്ട്, ''നിന്റെ തീര്‍ത്ഥാടനത്തിന് സമയമായിരിക്കുന്നു'' എന്ന്. കഴിഞ്ഞ പതിനഞ്ച് കൊല്ലമായി നഷ്ടപ്പെട്ടവ ഏതാനും ദിവസത്തേക്കെങ്കിലും തിരികെ കിട്ടണമെന്ന ആഗ്രഹത്തോടെയാണ് മാധവിയുടെ യാത്ര. റേഷന്‍ കടക്കാരന്റെ മുഖംപോലെ ഗൗരവമാര്‍ന്നതും കാര്യമാത്ര പ്രസക്തവുമായ നഗരത്തിലെ മഴയില്‍നിന്ന് നനഞ്ഞ മണ്ണിലേയ്ക്കും മാവുപൂത്ത വാസനയിലേയ്ക്കുമുള്ള മാറ്റം ഒരു കാല്‍പനിക വ്യഗ്രതയുടേതല്ല. തന്നെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചവരുടെ സ്മരണകളും സുഗന്ധങ്ങളും തേടിയുള്ള യാത്രയാണത്. മാധവി സ്വന്തം മുത്തശ്ശിയെ അനുസ്മരിക്കുന്നുണ്ട്. മരങ്ങള്‍ വെച്ചുപിടിപ്പിച്ചാല്‍ മതി വെട്ടരുത് എന്നും തന്നെ ദഹിപ്പിക്കാന്‍ മാവൊന്നും മുറിക്കേണ്ടയെന്നും മുത്തശ്ശി പറയുന്നുണ്ട്. ഈ മുത്തശ്ശിയോടൊപ്പമാണ് അവള്‍ പറമ്പിലെ ഓരോ ചെടിയും ഇലയും പരിചയപ്പെട്ടു തുടങ്ങുന്നത്.

ചുറ്റിലുമുള്ള ഒരാള്‍ക്കും ഈ ഭ്രാന്തുകള്‍ മനസ്സിലാവുന്നില്ല. അത് അവളുടെ കുറ്റമല്ല. എത്ര ചുരുക്കം വ്യക്തികള്‍ക്കേ ഇത്തരം വിനിമയങ്ങള്‍ സാദ്ധ്യമാകൂ. അവളുടെ ഇടയ്ക്കിടയ്ക്കുള്ള ഇത്തരം വരവുകള്‍ അവകാശം സ്ഥാപിക്കാനാണോ എന്ന സംശയമാണ് ശാരദയ്ക്ക്. മാധവിയുടെ മനസ്സില്‍ സ്‌നേഹം മാത്രമാണുള്ളതെന്ന് ശാരദയ്ക്ക് ഒരിക്കലും മനസ്സിലാവില്ല. ആ സ്വത്ത് തനിക്ക് രജിസ്റ്റര്‍ ചെയ്തു തന്നുകൂടേ എന്ന അവരുടെ ചോദ്യം ഭാവിയെ സംബന്ധിച്ച ഉല്‍ക്കണ്ഠകളുടേതാണ്. കൊടുക്കുന്നതില്‍ മാധവിയ്ക്ക് സന്തോഷമേയുള്ളൂ. പക്ഷെ, അതു കഴിഞ്ഞാല്‍ പിന്നെ ഒന്നും പഴയത് പോലെ ആവില്ല എന്നും ശാരദേച്ചിയുടെ സ്‌നേഹംപോലും തനിയ്ക്ക് നഷ്ടമാവുമോ എന്നുമുള്ള ഭയം. അവസാനം ശാരദേച്ചിയുടെ അഞ്ചു വയസ്സുകാരി സുപ്രിയയുടെ കുഞ്ഞിക്കാലുകളില്‍ അവള്‍ കണ്ടെത്തുന്ന ശ്രീപാര്‍വതിയുടെ പാദം, പ്രകൃതി ദര്‍ശനം അതിന്റെ സാകല്യാവസ്ഥയെ പ്രാപിക്കുന്നതിന്റേതാണ്. യഥാര്‍ത്ഥത്തില്‍ പ്രകൃതി ദര്‍ശനത്തിന് വരേണ്ട പരിണാമമാണിത്. തന്നില്‍ നിന്ന് വേറിട്ടൊരു സത്തയല്ല പ്രകൃതിയെന്ന തിരിച്ചറിവ് നല്‍കുന്ന പൂര്‍ണ്ണത.

Content highlights : malayalam writer e. harikumar's short stories study

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented