മാടമ്പ് കുഞ്ഞുകുട്ടൻ
ഭാരതീയ സംസ്കൃതിയുടെ ആഴങ്ങള്‍ കണ്ട കാപട്യമില്ലാത്ത പച്ചമനുഷ്യനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. മാടമ്പിന് സ്വന്തമായി ഒരു തട്ടകമുണ്ടായിരുന്നു. പറയേണ്ടത് പറയേണ്ടത്ര ആരോടും പറയും. വേദേതിഹാസങ്ങളുടെയും ഉപനിഷത്തുകളുടെയും ചുറ്റു പാടുകളിലാണ് അദ്ദേഹവും എഴുത്തും വളര്‍ന്നത്. അറിയുംതോറും വലിപ്പം തോന്നുന്ന വ്യക്തിത്വമായിരുന്നു മാടമ്പ്. സ്വാഭാവികമായ നര്‍മം കലര്‍ന്ന പ്രതികരണങ്ങളിലും എഴുത്തിലും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴം കാണനാവും.
ഭാരതീയ പൈതൃകത്തെ സ്വാംശീകരിച്ച് അതിനെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഗുണകരമായി പ്രയോഗിക്കാന്‍ മാടമ്പിന് സാധിച്ചു. മറ്റ് മനുഷ്യരെ തിരിച്ചറിയാനും അവര്‍ക്ക് ഹിതം ചെയ്യാനും നര്‍മത്തോടെ കാര്യങ്ങളെ വീക്ഷിക്കാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഉള്ളിലുള്ളയാളും എഴുത്തിലുള്ളയാളും തമ്മില്‍ വൃത്യാസമില്ലെന്നതും മാടമ്പിന്റെ സവിശേഷതയായിരുന്നു ആത്മാര്‍ത്ഥതകൊണ്ട് സാഹിത്യത്തില്‍ ഒരു പ്രത്യേക ലോകം അദ്ദേഹം തുറന്നു.
സാഹിത്യത്തിലും സിനിമയിലും ആനവൈദ്യത്തിലും വ്യക്തിമുദ്ര ചാര്‍ത്തിയ മറ്റൊരാളുണ്ടാകുമോ എന്ന് സംശയമാണ്. അഭിനേതാവായും അവതാരകനായും രാഷ്ട്രീയക്കാരനായും തിളങ്ങിയ മാടമ്പ് തൃശ്ശൂര്‍ കിരാലൂരിലെ മാടമ്പ് മനയിലായിരുന്നു താമസം. തൃശ്ശൂര്‍ ജില്ലയിലെ പെരുവനത്തെ ശങ്കരന് നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റേയും മകനായി 1941 ജൂണ്‍ 21-നാണ് ജനനം. മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരി എന്നാണ് യാഥാര്‍ഥ പേരെങ്കിലും മുത്തശി സ്‌നേഹത്തോടെ വിളിച്ചിരുന്ന കുഞ്ഞിക്കുട്ടന് എന്ന പേര് ഔദ്യാഗിക നാമമായി സ്വീകരിച്ചു. പാരമ്പര്യമായി കിട്ടിയ സംസ്‌കൃത പഠനത്തിന് ശേഷം പ്രാഥമിക സ്‌കൂള്‍ പഠനവും നടത്തി. 12-ാമത്തെ വയസ് മുതല്‍ നാല് വര്‍ഷം അമ്പലങ്ങളില്‍ ശാന്തിക്കാരനായി.
പത്ത് ആനകളുണ്ടായിരുന്ന തറവാട്ടിലാണ് പിറന്നതെങ്കിലും കാര്യമായ വിദ്യാഭ്യാസമില്ലാതിരുന്നതിനാല്‍ നല്ല ജോലി കിട്ടിയില്ല. ഒരു ജോലിയും മോശമല്ല എന്ന വാക്കിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് റേഡിയോ റിപ്പയറിങ്ങ് പഠിച്ച് കുറച്ചുകാലം അത് ഉപജിവനോപാധിയാക്കി. പിന്നീട് കുറച്ചുകാലം സ്‌പ്രേ പെയിന്റിങ്ങുകരാനായും പ്രവര്‍ത്തിച്ചു. കാര്യാമയ വരുമാനം കിട്ടാത്തതിനാല്‍ മറ്റൊരു ജോലി കണ്ടെത്തുന്നതിനായി സുഹത്തുക്കളുമായി ചേര്‍ന്ന് ടൈപ്പ് റൈറ്റിങ്ങ് സ്ഥാപനം തുടങ്ങി.അത് വിജയിച്ചപ്പോള്‍ ട്യൂട്ടോറിയല്‍ കോളേജും തുടങ്ങി. ട്യൂട്ടോറിയല്‍ കോളേജില്‍ അധ്യാപകനായിരുന്നു കുറേക്കാലം. കോളേജ് നല്ല നിലയിലായതോടെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കാ തുടങ്ങി. ഇതോടെയായിരുന്നു മാടമ്പിലെ സാഹിത്യകാരന്‍ ഉണര്‍ന്നത്. വാര്‍ഷികാഘോഷങ്ങളില്‍ അവതരിപ്പിക്കാനായി നാടകം എഴുതിയാണ് കുഞ്ഞിക്കുട്ടന്‍ സാഹിത്യത്തിലേക്ക് പ്രവേശിച്ചത്.
നാടകത്തില്‍ നിന്ന് നോവലിലേക്ക് ചേക്കേറിയത് 1970-ലാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില് ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയ അശ്വത്ഥാത്മാവാണ് ആദ്യ നോവല്‍. സംസ്‌കൃതാധ്യാപകനായി കൊടുങ്ങല്ലൂരില്‍ താമസിക്കവേയാണ് അശ്വത്ഥാത്മാവ് എഴുതിയത്. ഇതിന് വന്‍ സ്വീകാര്യത കിട്ടിയതോടെ രണ്ടാമത്തെ നോവലായ ഭ്രഷ്ട് 1973-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ പ്രസിദ്ധീകരിച്ചു. മാടമ്പിന്റെ 32-ാമത്തെ വയസില്‍ എഴുതിയ ഭ്രഷ്ട് എന്ന നോവല്‍ സ്വസമുദായത്തില്‍ നിന്ന് ഉള്‍പ്പടെ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. അശ്വത്ഥാത്മാവ് സിനിമയാക്കിയപ്പോള്‍ തിരക്കഥയെഴുതിയതും നായകനായതും മാടമ്പാണ്. അതിന് ശേഷം ഭ്രഷ്ട് നോവലും സിനിമയാെയങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മാഹാപ്രസ്ഥാനം, എന്തരോ മഹാനഭാവുലു, മരാരശ്രീ, അവിഘ്‌നമസ്തു, പോത്ത്, കോളനി, പുതിയ പഞ്ചതന്ത്രം, അഭിവദേയേ, സാധനാലഹരി, അമൃതപുത്ര, സാരമേയം തുടങ്ങിയ നോവലുകളുമെഴുതി.
അശ്വമേധത്തിന് ശേഷം നീണ്ട കാലം കഴിഞ്ഞാണ് ദേശാടനത്തിന് തിരക്കഥയെഴുതിയത്. ഈ തിരക്കഥ ഹിറ്റ് സിനിയ്ക്ക് ജന്മം നല്കി. അതിന് ശേഷം പൈതൃകം ഉള്‍പ്പടെ നിരവധി തിരക്കഥകളെഴുതി. 2000-ല്‍ കരുണം എന്ന തിരക്കഥ ദേശീയ പുരസ്‌കാരവും നേടി. അശ്വത്ഥാത്മാവ് സിനിമയിൽ നായകനായിരുന്ന മാടമ്പ് ദേശാടനം, പൈതൃകം ഉള്‍പ്പടെ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
പത്ത് ആനകളുണ്ടായിരുന്ന മനയില്‍ ജനിച്ചു വീണ കുഞ്ഞിക്കുട്ടന് ആനകളോടായുരുന്നു ഭ്രമം. അനപ്രേമിയായരുന്ന അനുജന്‍ ചിത്രഭാനുവില്‍ നിന്നാണ് ആനവൈദ്യവും മറ്റ് മുറകളും ആദ്യം പഠിച്ചത്. പിന്നീട് പൂമുള്ളി ആറാം തമ്പുരാനില്‍ നിന്ന് ആധികാരികമായി ആനവൈദ്യം പഠിച്ചു.
ഇടക്കാലത്ത് തൃശ്ശൂര് ആകാശവാണിയില്‍ താല്കാലിക റൈറ്ററായും ജോലി ചെയ്തിട്ടുണ്ട്. എഴുത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാത്ത മാടമ്പിന് 1982-ല്‍ കേരള സാഹിത്യ അക്കദമി പുരസ്‌കാരവും കിട്ടി. മഹാപ്രസ്ഥാനം എന്ന നോവലിനായിരുന്നു പുരസ്‌കാരം. 2014- ലെ സഞ്ജയന്‍ പുരസ്‌കാരവും മാടമ്പിനായിരുന്നു.
Content Highlights: novelist, scriptwriter Madambu Kunjukuttan life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..