പ്രതീകാത്മക ചിത്രം | Mathrubhumi archives
മലയാളം ശ്രേഷ്ഠപദവിയിലെത്തിയിട്ട് ഒമ്പതുവര്ഷമാവുകയാണ്. 2013 മേയ് 23ന് ഭാരതസര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് മലയാളഭാഷയ്ക്ക് ക്ലാസിക് പദവി ലഭിച്ചകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍നടപടികള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട്ഹര്ജിയിന്മേലുള്ള തീര്പ്പിനുവിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2016ല്‍ മദ്രാസ് ഹൈക്കോടതി റിട്ട്ഹര്‍ജി തള്ളി. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശയില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു നിരീക്ഷണം. തുടര്‍ന്ന് മൈസൂരുവിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് (സി.ഐ.ഐ.എല്‍.) തെലുങ്ക്, കന്നഡ, മലയാളം ഭാഷകള്‍ക്ക് ക്ലാസിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു. കേന്ദ്രസര്‍ക്കാരിനുവേണ്ടി സി.ഐ.ഐ.എല്‍. ആണ് ക്ലാസിക്കല്‍ സെന്ററുകളുടെ ഭരണവും നിയന്ത്രണവും നിര്‍വഹിക്കുന്നത്. ക്ലാസിക്കല്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളില്‍ നയപരമായി ഇടപെടാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അവകാശമില്ല. തമിഴ്നാട്ടില്‍ ഈ ശാസനയൊന്നും വിലപ്പോയിട്ടില്ല.
അതവിടെ നില്ക്കട്ടെ; മലയാളത്തിനനുവദിച്ച ശ്രേഷ്ഠഭാഷാ സെന്റര്‍ കേരളസര്‍ക്കാരിന്റെ താത്പര്യപ്രകാരം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. മലയാളം സര്‍വകലാശാലയ്ക്ക് ക്ലാസിക്കല്‍ സെന്ററിനായി കെട്ടിടവും സ്ഥലവും നല്കാന് പ്രയാസമായതിനാല്‍ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് നല്‍കുകയാണ് അവര്‍ ചെയ്തത്. വാടകക്കെട്ടിടത്തില്‍ തുടങ്ങിയ മലയാളം ക്ലാസിക്കല്‍ സെന്ററില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും അഞ്ച് റിസര്‍ച്ച് ഫെലോകളെയും കരാറടിസ്ഥാനത്തില്‍ സി.ഐ.ഐ.എല്‍. നിയമിച്ചു. കാലാവധി ഒരുവര്‍ഷം. കാലാവധി തീരുംമുമ്പേ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു. അതേത്തുടര്‍ന്ന് ക്ലാസിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനം തത്ത്വത്തില്‍ നിലച്ചു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സി.ഐ.ഐ.എല്‍. മുഖാന്തരമാണ് ക്ലാസിക്കല്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടനുവദിക്കുന്നത്. ഒരു സെന്ററിന് പ്രതിവര്‍ഷം അഞ്ചുകോടിരൂപവരെ പ്രവര്‍ത്തനമൂലധനം പ്രതീക്ഷിക്കാം. കന്നഡ, തെലുങ്ക്, തമിഴ് ക്ലാസിക്കല്‍ സെന്ററുകള്‍ക്ക് 2016 മുതല്‍ ഈ തുക ലഭിക്കുന്നുണ്ട്. മലയാളത്തിനുശേഷം ക്ലാസിക്കല്‍ പദവിയിലെത്തിയ ഒഡിയ ഭാഷയ്ക്കും സെന്റര്‍ കിട്ടിക്കഴിഞ്ഞു. മലയാളത്തിന്റെ കാര്യമാണ് കഷ്ടം. ഒഴിവുകളൊന്നും നികത്തിയിട്ടില്ല. തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ അവരുടെ ഭാഷയ്ക്കുവേണ്ടി സ്വീകരിച്ചിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളുടെ ഏഴയലത്തുപോലും മലയാളത്തിന് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് ലജ്ജാകരമാണ്.
മലയാളത്തിന്റെ ക്ലാസിക്പദവിതന്നെ വിവാദമാക്കിയവരാണ് നമ്മള്. അതിപ്പോഴും തുടരുന്നു. കേന്ദ്രവിദഗ്ധസമിതിയെ തെറ്റിദ്ധരിപ്പിച്ചാണ് പദവി കൈക്കലാക്കിയതെന്ന് തമിഴ്നാട്ടില്ച്ചെന്ന് പറഞ്ഞവരും മലയാളികളുടെ കൂട്ടത്തിലുണ്ട്. മലയാളം സര്‍വകലാശാലയുടെ ഇല്ലായ്മകള്ക്കുള്ളില്നിന്ന് പ്രവര്‍ത്തിക്കുന്ന മലയാളം ക്ലാസിക്കല്‍ സെന്റര്‍ ബാലാരിഷ്ടതകളില്‍പ്പെട്ട് ഉഴലുന്നു. കേരളസര്‍ക്കാര്‍ മനസ്സുവെച്ചെങ്കിലേ ക്ലാസിക്കല്‍ സെന്റര്‍ രക്ഷപ്പെടൂ. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മൂല്യവത്തായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി ശ്രേഷ്ഠഭാഷാപദവി നല്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നമുക്കായിട്ടില്ല. സ്വന്തമായ ആസ്ഥാനം ഏതുസംരംഭത്തിനും ആവശ്യമാണ്. സ്വന്തം സ്ഥലവും കെട്ടിടവും അനുബന്ധ അനുസാരികളും സംഘടിപ്പിച്ചു നല്‍കേണ്ടത് കേരളസര്‍ക്കാരാണ്. കരാറടിസ്ഥാനത്തിലുള്ള ഗവേഷണാഭാസങ്ങള്‍ അതോടെ ഒഴിവാകും. ഓഫീസ്, സെമിനാര്‍ ഹാളുകള്‍, ലൈബ്രറി കോംപ്ലക്സ്, ക്ലാസ്മുറികള് എന്നിവ സജ്ജീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരും ഉണര്‍ന്നുപ്രവര്‍ത്തിക്കുമെന്നാണ് തമിഴ്നാട്ടിലെ ക്ലാസിക്കല്‍ സെന്റര്‍ നല്കുന്ന പാഠം. എന്തുചെയ്താലും ഗുണംപിടിക്കാത്ത ഭാഷയാണ് മലയാളമെന്ന് എന്തിന് മറ്റുള്ളവരെക്കൊണ്ടുകൂടി പറയിക്കണം?
മലയാളം ശ്രേഷ്ഠഭാഷാ വിദഗ്ധസമിതി കണ്‍വീനറാണ് ലേഖകന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..