അക്ഷരപ്പെയ്ത്തുകളുടെ മലയാളം


ജി.വേണുഗോപാല്‍

മലയാള ഭാഷയെ വ്യാകരണം പഠിപ്പിച്ച എ.ആര്‍. തമ്പുരാന്‍ പാണിനീയത്തിലൂടെ ഭാഷോല്‍പ്പത്തിയുടെ കൈവഴികളിലേക്കിറക്കി പുതിയ തോടുകള്‍ വെട്ടി. ആ തോട്ടിലൂടെ പ്രവഹിച്ച പുത്തന്‍ ഒഴുക്ക് ഭാഷാഭൂഷണവും വൃത്തമഞ്ജരിയുമായി. ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറിയ ദ്വിതീയാക്ഷര പ്രാസവാദത്തിന്റെ ഖണ്ഡനവും ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത് പൊന്‍പേനയും തമ്പുരാനെ മലയാളത്തിന് പ്രിയപ്പെട്ടതാക്കി.

-

മദഗ്‌നിപുത്രനായ പരശുരാമന്‍ പെറ്റമ്മയെ കൊന്ന പാപം തീര്‍ക്കാന്‍ മഴുവെറിഞ്ഞപ്പോഴാണ് ഭാര്‍ഗ്ഗവക്ഷേത്രമായ കേരളം ഉണ്ടായതെന്ന് ഐതിഹ്യം. വടക്ക് ഗോകര്‍ണ്ണം മുതല്‍ തെക്ക് കന്യാകുമാരി വരെ തൂശനിലവെച്ചതുപോലെ നിരന്നുകിടക്കുന്ന കേരളത്തില്‍ ഭാഷയുടെ തുടക്കമായി ആദ്യം മണിപ്രവാളമുണ്ടായി. ചെന്തമിഴും കൊടുംതമിഴും മലനാട്ടുതമിഴും കടന്നാണ് മണിപ്രവാളത്തിന്റെ പ്രവാഹം ഉണര്‍ന്നത്. സംസ്‌കൃതത്തിന്റെയും ആദി ദ്രാവിഡത്തിന്റെയും കലര്‍പ്പില്‍നിന്ന് മലയാളം വിടര്‍ന്ന് സുഗന്ധം പരത്തി.

നിരണം കവികളെന്ന് പുകള്‍പ്പെറ്റ കണ്ണശ്ശന്‍മാര്‍ പാട്ടുപ്രസ്ഥാനത്തെ ആശ്ലേഷിച്ചു. ദ്രമിഡസംഘാതാക്ഷരനിബന്ധം യതുക മോന വൃത്തവിശേഷ യുക്തം പാട്ടെന്ന് ലീലാതിലകം. രാമപ്പണിക്കരും മാധവപ്പണിക്കരും ശങ്കരപ്പണിക്കരും കണ്ണശ്ശരാമായണവും കണ്ണശ്ശഭാരതവും തീര്‍ത്തുതന്നു. പിന്നാലെ മഞ്ജരി വൃത്തത്തില്‍ പച്ചമലയാളത്തില്‍ ചെറുശ്ശേരി കൃഷ്ണഗാഥ ചമച്ചു. ഇവിടെയും ഐതിഹ്യത്തിന്റെ പുരാവൃത്തം. ചൂതുകളിയില്‍ തോല്‍ക്കാന്‍പോയ രാജാവിനെ ജയിപ്പിക്കാന്‍ രാജ്ഞികണ്ട മാര്‍ഗ്ഗം കുഞ്ഞിനെ താരാട്ടു പാടുകയായിരുന്നു. ആളെയുന്താന്‍ പറഞ്ഞ തന്ത്രം രാജാവിന് രസിച്ചപ്പോള്‍ അതേവൃത്തത്തില്‍ കൃഷ്ണഗാഥ പിറന്നു. മഞ്ജരി വൃത്തത്തിന്റെ മഞ്ജിമ ചെറുശ്ശേരിക്ക് പുരാതന കവിത്രയത്തിലെ ആദ്യസ്ഥാനം നല്‍കി.

നിളാതീരത്തെ ഗ്രാമങ്ങളില്‍ എഴുത്തച്ഛന്റെ യോഗവൈഖരി ഉയരുന്നതാണ് പിന്നെ കണ്ടത്. പണം എനിക്ക് തൃണമാണ് എന്ന് പറഞ്ഞവരുടെ മുഖത്തുനോക്കി 'കുന്നുകള്‍ പോലെ ധനമുണ്ടാകിലും, ഇന്ദ്രനുസമനായ് വാണീടുകിലും ഒന്നുരിയാടുവതിന്നിട കിട്ടാ,വന്നാല്‍ യമഭടര്‍' എന്ന് ശീലുകള്‍ ഒഴുകി. വാക്കുകള്‍ അറം പറ്റാതിരിക്കാന്‍ പൈങ്കിളിയെക്കൊണ്ട് പാടിയ രീതി പ്രസ്ഥാനമായി. അധ്യാത്മ രാമായണവും മഹാഭാരതവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒഴുകിയെത്തി. എഴുത്തച്ഛന്‍ മലയാള ഭാഷക്ക് പിതാവായി.

കുടില്‍തൊട്ട് കൊട്ടാരംവരെ എഴുത്തച്ഛന്റെ ഭാഷ പെയ്തിറങ്ങി. പര്‍വ്വതങ്ങളില്‍ നിന്നൊഴുകിയ ഇതിഹാസത്തിന്റെ ഗംഗ ഇടിമുഴക്കങ്ങളായി. കാണ്ഡങ്ങളില്‍നിന്നും പര്‍വ്വങ്ങളില്‍നിന്നും വിരിഞ്ഞ ഭക്തി തോണിക്കടവുകളിലും നാട്ടുവഴികളിലും അമ്പലമുറ്റങ്ങളിലും തലയാട്ടി നിന്നു. 'സാനന്ദരൂപം, സകലപ്രബോധം, ആനന്ദഗാനാമൃത പാരിജാതം. മനുഷ്യ പദ്‌മേഷു രവി സ്വരൂപം, പ്രണാമി തുഞ്ചത്തെഴു മാര്യപാദം' എന്ന് മലയാളി എഴുത്തച്ഛനെ വണങ്ങി.

കിള്ളിക്കുറിശ്ശിമംഗലത്തു നിന്ന് മറ്റൊരു മലയാളം ലക്കിടികടവ് ഇറങ്ങിവന്നു. ആശാനക്ഷരമൊന്ന് പിഴച്ചാല്‍ അമ്പത്തൊന്നുപിഴയ്ക്കും ശിക്ഷ്യനെന്ന് കലക്കത്തെ ഊക്കന്‍ ആവര്‍ത്തിച്ചു ചൊല്ലി. മലയാള ഭാഷയുടെ ശക്തിയെ നെറികേടിന്റെ തട്ടപ്പുറത്ത് വീശുന്ന ചാട്ടവാറാക്കി അടിച്ചു, വളച്ചു, ഒടിച്ചു, തുള്ളിച്ചു. ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍, വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ എന്ന് പാടിപ്പുകഴ്ത്തി. പറയനും ഓട്ടനും ശീതങ്കനുമായി ഭാഷ തുള്ളി. ഗരുഡഗര്‍വ്വഭംഗവും കല്യാണസൗഗന്ധികവും സാധാരണക്കാരന്റെ കിളിപ്പാട്ടായി. ഭാഷയെ ചിലങ്ക കെട്ടിച്ച കുഞ്ചന്‍ 'കളരിക്കാരന് ചോടുപിഴച്ചാല്‍ കാണികളൊക്കെപ്പൊഴുതില്‍ ചാടും'എന്ന് ചൂണ്ടിക്കാട്ടി. ആക്ഷേപഹാസ്യം അതിന്റെ കുറിക്കുകൊണ്ടു.ആശാനക്ഷരം ഒന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ശിഷ്യനെന്ന് മലയാളി ആവര്‍ത്തിച്ചു.

വേദാന്തത്തിന്റെ ഹരിചന്ദനം ചാര്‍ത്തി പൂന്താനത്തിന്റെ ജ്ഞാനപ്പാനയും എത്തി. ജ്ഞാനമാകുന്ന പാന കീര്‍ത്തനസാഹിത്യത്തിന്റെ കീര്‍ത്തിപതാകയായി. രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ എന്ന് ജീവിതത്തിന്റെ ക്ഷണികതയെ പൂന്താനം തുറന്നുകാട്ടി. പൂന്താനത്തിന്റെ പച്ച മലയാളത്തെ നിന്ദിച്ച സാക്ഷാല്‍ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി വാതത്തിന്റെ വ്യാധിയെ തീര്‍ക്കാന്‍ നാരായണീയം ചമച്ചു. ഉണ്ണിക്കണ്ണന്‍ ചിരിതൂകി വന്നു.
ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായ് എന്ന് ചൊല്ലിയ വള്ളുവനാട്ടിലെ ദരിദ്ര ഇല്ലത്തുനിന്നെത്തിയ ഭക്തകവിയുടെ മുന്നില്‍ മേല്‍പ്പത്തിന്റെ അഹങ്കാരം തലകുനിച്ചുനിന്നു.കേളിയേറിന മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിക്കാണ് പ്രാധാന്യമെന്ന് മലയാളി അറിഞ്ഞു.

ഇരിങ്ങാലക്കുട അകത്തൂട്ട്‌വാര്യത്തെ പുരത്തറയില്‍നിന്ന് മലയാളത്തിന്റെ ശാകുന്തളമായി നളചരിതം പിറന്നു. പകലത്തെ ചതുരംഗത്തിന് ബദലായി മാത്രം രാത്രി നിലകൊണ്ട കഥകളിയെ ഉണ്ണായിവാര്യര്‍ തന്റേടമുള്ള കലാപ്രസ്ഥാനമാക്കി. നക്ഷത്രശോഭയോടെ നൈഷധ ചരിതം നിറഞ്ഞപ്പോള്‍ നളനും ദമയന്തിയും നമുക്ക് അയല്‍ക്കാരായി. അവരുടെ പ്രണയം നമുക്ക് സ്വന്തം വികാരമായി.
ആട്ടക്കഥകളിലൂടെ പ്രശസ്തനായ കോട്ടയത്ത് തമ്പുരാന്‍ പച്ച, കത്തി, കരി, താടി, മിനുക്ക്, പഴുക്ക വേഷങ്ങള്‍ക്ക് പുത്തന്‍മാനം നല്‍കി. രാമമംഗലം ക്ഷേത്രത്തിലെ ഊട്ടുപുരയില്‍നിന്ന് സ്വാതി തിരുനാളിന്റെ കൊട്ടാരം വരെ വളര്‍ന്ന ഷട്കാലഗോവിന്ദമാരാര്‍ ആറ് കാലങ്ങള്‍ക്കപ്പുറത്തേക്ക് സംഗീതത്തെ വളര്‍ത്താമെന്ന് കാട്ടിത്തന്നു. രാഗവിസ്മയം കണ്ട ത്യാഗരാജന്‍ എന്തരോ മഹാനുഭാവലോ എന്ന് അറിയാതെ പാടിപ്പോയി.

നിലച്ചുപോയ ശബ്ദത്തെ വീണ്ടെടുത്ത് ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിന് പാത്രിഭൂതനായ ചെമ്പൈ വൈദ്യനാഥഭാഗവതരും കേശവീയ മഹാകാവ്യം എഴുതിയ കേശവപിള്ളയും ഭാഷയുടെ വളര്‍ച്ചയ്ക്ക് പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി. സംഗീതത്തിന്റെ വിസ്മയമായിരുന്നു ചെമ്പൈയെങ്കില്‍ ഭാഷയുടെ കാരണവരായിരുന്നു കേശവപിള്ള. ഭാഷയുടെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ പുതിയ വാക്കുകളുടെ വെളിച്ചം പാല്‍നിലാവുപോലെ ഒഴുകിപ്പരന്നു.

താളം വിളഞ്ഞ മലയെന്ന് പുകള്‍പ്പെറ്റ തിരുവില്വാമലയില്‍ നിന്ന് സാക്ഷാല്‍ വെങ്കിടേശ്വരന്‍ എന്ന വെങ്കിച്ചന്‍സ്വാമി കഴുത്തില്‍ തൂക്കിആട്ടിയിരുന്ന മദ്ദളത്തെ അരയിലേക്കാക്കി കൊണ്ടുവന്ന് മദ്ദളവാദനത്തില്‍ പുതിയ പരിഷ്‌കാരം നടത്തി.കലയും സംസ്‌ക്കാരവും ഭാഷയിലേക്ക് ഒഴുകിയെത്തി.
തൃശ്ശൂര്‍ പൂരത്തിന്റെ മഠത്തില്‍ വരവിന് നടത്തിയ ഈ പരിഷ്‌കാരം പിന്നീട് അന്നമനട ത്രയം ഏറ്റെടുത്ത് വളര്‍ത്തി. തിമിലയിടച്ചിലില്‍ പിന്നോട്ടുനിന്ന മദ്ദളവാദനം ഇതോടെ തിമിലക്കൊപ്പമെത്തി. പഞ്ചവാദ്യം അതിരുകള്‍ ഭേദിച്ച് പുതിയ മാനങ്ങള്‍ തേടി.

മേളം കൊട്ടിത്തുറന്ന പെരുവനം നടവഴിയില്‍ സാക്ഷാല്‍ പല്ലാവൂര്‍ 96 അക്ഷരക്കാലത്തിന്റെ പഞ്ചാരി വിരിയിച്ചു. ചെണ്ടയുടെ വലന്തലയില്‍ വീണ കോലിന്റെ താളക്രമമനുസരിച്ച് മേളഗോപുരങ്ങള്‍ ഉയര്‍ന്നു. ഗജവീരന്‍മാര്‍ അണിനിരന്ന ശീവേലിനടപ്പുരകളില്‍ താളം ചെമ്പയും ചെമ്പടയും ത്രിപുടയും പഞ്ചാരിയും അടന്തയും മുറിയടന്തയുമായി. പിറന്നുവീഴുന്ന തലമുറകളെ ഓമനതിങ്കള്‍ പാടി ഉറക്കിയ ഇരയിമ്മന്റെ താരാട്ടുപാട്ട് കേട്ട് വളര്‍ന്ന സാക്ഷാല്‍ സ്വാതി തിരുനാള്‍ സംഗീതത്തിന്റെ ആന്തോളനത്തില്‍ ഹരഹരപ്രിയ രാഗവും ഹംസധ്വനിയും മായാമാളവഗൗളയും പാടി.

മലയാള ഭാഷയെ വ്യാകരണം പഠിപ്പിച്ച എ.ആര്‍. തമ്പുരാന്‍ പാണിനീയത്തിലൂടെ ഭാഷോല്‍പ്പത്തിയുടെ കൈവഴികളിലേക്കിറക്കി പുതിയ തോടുകള്‍ വെട്ടി. ആ തോട്ടിലൂടെ പ്രവഹിച്ച പുത്തന്‍ ഒഴുക്ക് ഭാഷാഭൂഷണവും വൃത്തമഞ്ജരിയുമായി. ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറിയ ദ്വിതീയാക്ഷര പ്രാസവാദത്തിന്റെ ഖണ്ഡനവും ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത് പൊന്‍പേനയും തമ്പുരാനെ മലയാളത്തിന് പ്രിയപ്പെട്ടതാക്കി.

വ്യാസഭാരതം കമ്പോട് കമ്പ് മലയാളത്തിലേക്ക് പരിവര്‍ത്തിപ്പിച്ച ദ്രുതകവനത്തിന്റെ കവി എന്ന് വിശേഷിപ്പിക്കപ്പെട്ട കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രണ്ട് ഭാഷകളുടെ സാഗരമാണ് ഒരേ സമയം നീന്തിക്കടന്നത്. മൂന്നു വര്‍ഷംകൊണ്ട് വ്യാസന്‍ തീര്‍ത്ത ഭാരതത്തെയാണ് രണ്ടരവര്‍ഷംകൊണ്ട് തമ്പുരാന്‍ മലയാളത്തിലേക്ക് അര്‍ത്ഥചോര്‍ച്ച ഉണ്ടാകാതെ മാറ്റിയെഴുതിയത്.

ചിത്രമെഴുത്തിന്റെ തമ്പുരാന്‍ സാക്ഷാല്‍ രവിവര്‍മ്മ ഹംസദമയന്തി ചിത്രണത്തിലൂടെ വരയുടെ ഭാഷയ്ക്ക് പുത്തന്‍ അഴക് നല്‍കി. നിറങ്ങളുടെ സങ്കലനം പുതിയ ശൈലിതന്നെ തീര്‍ത്തു. പൗരസ്ത്യ സംഗീതത്തിന് പാശ്ചാത്യവാദ്യമായ വയലിന്‍ കൂടുതല്‍ ചാരുത പകരുമെന്ന് വടിവേലു നട്ടുവന്‍ കാട്ടിത്തന്നു. പുഴയും തീരങ്ങളും കണ്ട് ഭാഷ നടന്നുനീങ്ങി.

സംസ്‌കൃത നാടകാഭിനയമായ കൂത്തും കൂടിയാട്ടവും ദേശത്തിന്റെ അതിര്‍ത്തി വരമ്പുകടന്ന് മലയാളത്തിലേക്ക് ഒഴുകി. അഭിനയ പ്രതിഭകളായ മാണിമാധവചാക്യാരും അമ്മന്നൂര്‍ മാധവചാക്യാരും കൂടിയാട്ട പാരമ്പര്യത്തെ വിശ്വചക്രവാളത്തോളം വളര്‍ത്തി. കൂത്തമ്പലത്തിന്റെ നാലതിരുകളില്‍നിന്ന് കൂത്തും കൂടിയാട്ടവും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നു. കൂടിയാട്ടത്തിന്റെ ഭാഷ സാധാരണക്കാരനും മനസ്സിലായിത്തുടങ്ങി.

നതോന്നത വൃത്തത്തിന്റെ താളത്തില്‍ രാമപുരത്ത് വാര്യര്‍ വഞ്ചിപ്പാട്ടിന്റെ ഈണം വിരിയിച്ചു.ഗണം ദ്വക്ഷരം എട്ടെണ്ണം ഒന്നാം പാദത്തില്‍.... നതോന്നത പാടിത്തെളിഞ്ഞു. ആറന്മുള പാര്‍ത്ഥസാരഥിയുടെ നടയിലും പുന്നമടയുടെ ഓളപ്പരപ്പിലും വഞ്ചിപ്പാട്ട് നിറഞ്ഞു. വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ കെട്ടിയിറക്കിയ ചുണ്ടനും ചുരുളനും വെപ്പും ഓടിയും മലയാളത്തിന്റെ താളത്തില്‍ തുഴയെറിഞ്ഞു. ചൊല്‍ക്കാഴ്ചയായി വഞ്ചിപ്പാട്ട് നിറഞ്ഞു. വെറും മാലകെട്ടുകാരനായിരുന്ന വാര്യര്‍ കാവ്യത്തിലെ പൂമാലകെട്ടി കൈരളിക്ക് സമര്‍പ്പിച്ചു. വിഷയം കുചേല സത്ഗതിയും.

മേഘസന്ദേശത്തിന്റെ ചുവടുപിടിച്ചുണ്ടായ സന്ദേശകാവ്യങ്ങളില്‍ മയൂരസന്ദേശം വേറിട്ടുനിന്നു. ദ്വിതീയാക്ഷരപ്രാസവാദത്തിനുവേണ്ടി വാദിച്ച കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ഇതിന്റെ സ്രഷ്ടാവായി. ഇതിനുപിന്നില്‍ ഒരു വീട്ടുതടങ്കലിന്റെയും പുറത്താക്കലിന്റെയും പിന്നാമ്പുറങ്ങള്‍ ഉണ്ടെങ്കിലും ആവിശ്ചിന്താഭരനവനരിപ്പാട്ടു വാണ കാലം മലയാളത്തിന് ഗുണമുണ്ടായി. പാളയില്‍ കോലം വരച്ച് ആടിയ പടയണിയുടെ പാട്ടുകള്‍ കടമ്മനിട്ടക്കാവ് കയറിവന്ന് ഭാഷയെ പുല്‍കി. മലയാളം പനിനീരുപോലെ തെളിഞ്ഞു.

കൊട്ടാരക്കരതമ്പുരാനും മാനവേദനും കൃഷ്ണനാട്ടത്തിലൂടെയും രാമനാട്ടത്തിലൂടെയും ഭാഷയെ വളര്‍ത്തി. ഇതിനുപിന്നില്‍ ഒരു സൗന്ദര്യപ്പിണക്കത്തിന്റെ കഥയുണ്ടെങ്കിലും കാര്യം കൈരളിക്ക് സൗന്ദര്യമായി. ഇതിനെ പിന്‍തുടര്‍ന്നെത്തിയ കഥകളി കാണാന്‍ പല കടലും കടന്ന് പശ്ചിമഘട്ടവും താണ്ടി പലസംസ്‌കാരങ്ങള്‍ ഒഴുകി വന്നു. താളത്തില്‍ വാരണാസിയും വേഷത്തില്‍ കുടമാളൂരും പകര്‍ന്നാടി.

ചെമ്പ, ചെമ്പട, ത്രിപുട,അടന്ത, മുറിയടന്ത , പഞ്ചാരിതാളങ്ങള്‍ നിരന്നപ്പോള്‍ പച്ച, കത്തി, കരി, താടി, മിനുക്ക്, പഴുക്ക വേഷങ്ങള്‍ ആടി. നൃത്തവും നൃത്യവും നാട്യവും അരങ്ങ് വാണപ്പോള്‍ ആഹാര്യം, ആംഗികം സ്വാത്വികംചതുര്‍വിധ അഭിനയങ്ങളില്‍ വാചികം മാത്രം മാറിനിന്നു. കുടമാളൂര്‍ സൈരന്ധ്രിയും മാങ്കുളം ബൃഹന്ദളയുമായി .വാരണാസിയുടെ ചെണ്ട കാലം വിരിയിച്ചു.

കൊടുങ്ങല്ലൂര്‍ കളരിയുടെ പാരമ്പര്യം ഉള്‍ക്കൊണ്ട വെണ്‍മണി പ്രസ്ഥാനത്തില്‍ നിന്ന് പൂരപ്രബന്ധം പിറന്നു. ഏത് വേദിയിലും മലയാള ഭാഷയെ കയറ്റി നിര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. മലയാളം പുളിയിലക്കര കസസവുടുത്തു സുന്ദരിയായി നേരിയ നിലാവായി പതഞ്ഞൊഴുകി. വടക്കുന്നാഥന്റെ നോട്ടവട്ടത്തിനുള്ളില്‍ സഹ്യന്റെ മക്കള്‍ അണിനിരന്നു.

പൂരങ്ങളുടെ സൗന്ദര്യമായി നിന്ന ഗജവീരന്റെ മുകളില്‍ നിറഞ്ഞ ആലവട്ടവും വെഞ്ചാമരവും ചെണ്ടമേളത്തിന്റെ താളത്തില്‍ തെന്നലായി ഒഴുകി. ചെവിയാട്ടി നിന്ന കരിവീരന്മാര്‍ വെഞ്ചാമരത്തിന്റെ കുളിര്‍ക്കാറ്റില്‍ ആലസ്യമാണ്ടുനിന്നു. ഒരു നവോഢയെപോലെ. പഞ്ചവര്‍ണ്ണ പൊടികള്‍ക്കൊണ്ട് അഷ്ടനാഗക്കളങ്ങളുടെ സൗന്ദര്യംതീര്‍ത്ത പുള്ളുവക്കളങ്ങള്‍ കന്യകാനാഗങ്ങള്‍ തുള്ളിയുറഞ്ഞ് മായിച്ചു. ഭരണിക്കെട്ട്, ചിത്രകൂടം, ഇരട്ടകടുംതുടി, അഷ്ടനാഗബന്ധനം, പവിത്രക്കെട്ട്, തെച്ചിപ്പൂക്കെട്ട് തുടങ്ങി ഇരുപത്തിയെട്ടോളം നാഗക്കളങ്ങള്‍ വര്‍ണ്ണങ്ങളായി. പുള്ളുവ വീണമീട്ടി പുള്ളുവത്തികള്‍ നാവേറുപാടി ദോഷം ആട്ടിയകറ്റി.

കണ്ണൂരിന്റെയും കാസര്‍ക്കോടിന്റെയും മണ്‍കുന്നുകളില്‍ നിന്ന്‌ നാട്ടുവഴികളിലൂടെ തുടുത്ത കണ്ണുകളുമായി തെയ്യങ്ങളിറങ്ങിവന്നു. പറശ്ശിനിക്കടവിലൂടെ മടപ്പുര മുത്തപ്പന്റെ മണ്ണിലൂടെ അവ സഞ്ചരിച്ചു. ദൈവം തെയ്യമായി. തിറയും കാവിലെ പാട്ടും വായ്ത്താരിയായി നിറഞ്ഞു. കൊടുങ്ങല്ലൂര്‍ കുരുംബക്കാവിലുള്‍പ്പെടെ തുള്ളിയുറഞ്ഞ കോമരങ്ങളില്‍ നിന്ന് ഭരണിപ്പാട്ടുകള്‍ നാട്ടുവഴക്കത്തിന്റെ ശീലുകളായി ഒഴുകി. കാടേറി നാവേറു പാടിയ ദ്രാവിഡകുലങ്ങള്‍ പൈതൃകത്തിന്റെ ഭാഷ ചൊല്ലിയാടി.
പഞ്ഞകര്‍ക്കിടകത്തിന് വിടചൊല്ലി ചിങ്ങപ്പുലരി കുളിച്ച് കുറിതൊട്ടുവന്ന് ചന്ദനത്തിന്റെ ചെപ്പ് തുറന്നുവെച്ചപ്പോള്‍ നാടാകെ പൂവിളി ഉയര്‍ന്നു.

നാടിന്റെ ഭാഷ പൂവായി, പൂവിളിയായി. തെച്ചിയും തുമ്പയും അരളിയും കുടമുല്ലയും മന്ദാരവും നിറഞ്ഞ തൊടികളില്‍ കുട്ടികള്‍ പൈങ്കിളികളായി പറന്നുനടന്നു. വീട്ടുമുറ്റത്തെ പഞ്ചാരമണലില്‍ കണക്കിന്റെ സൗന്ദര്യം തീര്‍ത്ത് പുലരിപ്പൂക്കളങ്ങള്‍ ഒരുങ്ങി. അത്തം പത്തിന് പൊന്നോണം എന്ന് വായ്ത്താരി നിറഞ്ഞു. വടക്കേ മലബാറില്‍ നിന്നെത്തിയ തിടമ്പുനൃത്തവും പല നിറങ്ങളില്‍ നിറഞ്ഞ പൂത്താലങ്ങളും ഭാഷയില്‍ പുതിയ വാക്കുകളെ തീര്‍ത്തു.ഓണം മലയാളത്തിനു മാത്രം സ്വന്തമായി.

ചാത്തന്‍സേവകൊണ്ട് പുകള്‍പെറ്റ സാക്ഷാല്‍ കാട്ടുമാടം മനയും സൂര്യന്റെ അനുഗ്രഹത്താല്‍ സൂര്യന്‍ ഗണപതിഹോമത്തിന് നേരിട്ടെത്തി തിരിതെളിയിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സൂര്യകാലടിമനയും കഥയുടെ പെരുംപത്തായങ്ങളായി. മാനസികരോഗ ചികിത്സ നടത്താനാണ് പരശുരാമന്‍ കാട്ടുമാടംകുടുംബത്തെ നിയോഗിച്ചതെങ്കിലും മന കീര്‍ത്തിനേടിയത് മന്ത്രവാദത്തിന്റെ പേരിലാണ്.

തപസ്സുചെയ്ത് പ്രത്യക്ഷപ്പെട്ട സൂര്യഭഗവാന്‍ എന്ത് വരം വേണമെന്ന് ചോദിച്ചപ്പോള്‍ അങ്ങയുടെ പേര് തങ്ങളുടെ പേരിന് ആദ്യം ചേര്‍ക്കാന്‍ കനിവുണ്ടാകണമെന്ന് മാത്രം ചോദിച്ച സൂര്യകാലടിയിലെ വലിയ മനസ്സുള്ളവര്‍ സല്‍മന്ത്രവാദത്തിലൂടെയാണ് കഥകളായത്.

മാമാങ്കം നടന്ന ഭാരതപ്പുഴയുടെ തീരത്തുനിന്ന് പാടിയ ചാവേറുകള്‍ സാക്ഷാല്‍ തിരുമാന്ധാംകുന്ന് ഭഗവതിക്കു മുന്‍പില്‍ രക്തം കൊണ്ട് ചരിത്രം വരച്ചു. നിലപാടുതറകളില്‍ എഴുന്നള്ളിനിന്ന സാമൂതിരിയോട് അവര്‍ ചാവേറിന്റെ ഭാഷചൊല്ലി പൊരുതിവീണു. കളരിപ്പയറ്റ് നിറഞ്ഞ കളരികളില്‍ ഓതിരവും കടകവും പൂഴിക്കടകനും അടവുകളുമായി നിറഞ്ഞു. മാറ്റച്ചുരികയും കുറുവടിയും അവസാന ആയുധങ്ങളായി.

ഇടതൊഴിഞ്ഞ്, വലതൊഴിഞ്ഞ് വായ്ത്താരികള്‍ പറന്നു. ആയോധന കലയുടെ ഈടുവെപ്പുകളായ വടക്കന്‍പാട്ടുകള്‍ ചന്തുവിന്റെയും ഉണ്ണിയാര്‍ച്ചയുടെയും ആരോമല്‍ചേകവരുടെയും കഥകള്‍ പാടി നടന്നു. പാണനാരുടെ നാവേറുപാട്ടില്‍ വടക്കന്‍പാട്ടിലെ ചന്തു ചതിയനായി. അങ്കത്തളര്‍ച്ച മാറ്റാന്‍ വിശ്രമിച്ച ആരോമലിന്റെ നെഞ്ചിലേക്ക് കുത്തുവിളക്ക് കയറ്റിയ ചതിയന്‍. പൊയ്ത്തിന്റെ സത്യം മറന്നവന്‍.

നാടുവാഴികള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കം തീര്‍ക്കാന്‍ അങ്കത്തട്ടില്‍ പൊയ്ത്തു കുറിച്ചത് ചേകവന്‍മാര്‍. അങ്കപ്പണത്തിന്റെ തോതനുസരിച്ച് പേരുകേട്ട ചേകവന്‍മാര്‍ പൊരുതി കാര്യങ്ങള്‍ തീര്‍പ്പാക്കി. ചേകവപ്പോരിന്റെ കഥ പാണനാര്‍പാട്ടില്‍ മാലയായി. മലയാളത്തിന്റെ കഴുത്തില്‍ നിറഞ്ഞു.

കമ്പരാമായണം ഇതിവൃത്തമായ തോല്‍പ്പാവക്കൂത്ത് മലബാറിന്റെ മണ്ണില്‍നിന്ന് മലയാളക്കരയാകെ പകര്‍ന്നിറങ്ങി. നിഴലിന്റെ ചിത്രങ്ങള്‍ ആളുകളുമായി സംവദിച്ചു.

തനതുഭാഷയുടെ ചൊല്‍ക്കാഴ്ചയായി കാക്കരശ്ശി തെക്കുനിന്ന് വടക്കോട്ടും സഞ്ചരിച്ചു. ഐതിഹ്യപെരുമയില്‍ ശിവന്‍ കാക്കാലനും പാര്‍വ്വതി കാക്കാലത്തിയുമായി. കഥ കേള്‍ക്കാന്‍ തമ്പുരാനും നാട്ടുകൂട്ടങ്ങളും ഒഴുകിയെത്തി. ഭാഷ നിലാവ്‌പോലെ പരന്നൊഴുകി. മലയാള പാഠശാലകളില്‍ നാട്ടുമണമുള്ള വാക്കുകള്‍ നിറഞ്ഞു. കലാമണ്ഡലത്തില്‍ നിന്ന് കഥകളിയും കിള്ളിക്കുറിശ്ശിമംഗലത്ത് നിന്ന് തുള്ളലും ഇറങ്ങിവന്നതുപോലെ വടക്കന്‍ മലബാറിന്റെ തെയ്യക്കോലങ്ങള്‍ കുന്നുകളിറങ്ങിവന്നു. പുരാവൃത്ത പാരമ്പര്യത്തില്‍ കതിവനൂര്‍വീരനും ചെമ്പരത്തിപ്പെണ്ണും തെയ്യങ്ങളായി നിറഞ്ഞു. തീച്ചാമുണ്ഡിയായി നിറഞ്ഞാടിയ മലയാളം കളിയാട്ട കാവുകളില്‍ തോറ്റമായി. തോറ്റം നാട്ടുവഴക്കമായി വാമൊഴിയിലൂടെ പടര്‍ന്നു. ശാന്തമായും രൗദ്രമായും അത് കാഴ്ചക്കാരിലേക്ക് ഇറങ്ങി.

അനുഷ്ഠാന കലയായ കുത്തിയോട്ടം കുരുതിയെ ഓര്‍മ്മിപ്പിച്ച് താളമിട്ടു. തന്നന്ന താനന്ന തന്നാന എന്ന് ആദിതാളം ഉയര്‍ന്നു.താളത്തിനനുസരിച്ച് ചുവടുകള്‍ വെച്ച് നീങ്ങിയ കലാകാരന്മാര്‍ ഭാഷയെ നെഞ്ചിലേറ്റി. ആശാന്‍മാര്‍ പാടിത്തിമിര്‍ത്തു. ഭാഷ താളമായി, രാഗമായി, നൃത്തമായി, ചുവടുകളായി. കുത്തിയോട്ടത്തിന് പിന്നാലെ പഴയകാല ബുദ്ധമതത്തെ അനുസ്മരിപ്പിച്ച് കെട്ടുകാഴ്ചകളും നിരന്നു. ബ്രാഹ്മണ ഇല്ലങ്ങളുടെ അകത്തളങ്ങളില്‍ മാത്രം കേട്ടിരുന്ന വേദാലാപനം നാലുകെട്ട് വിട്ട് പുറത്തേക്ക് ഒഴുകിയെത്തി. അഗ്‌നിമീളേ പുരോഹിതം എന്ന് ഋഗ്വേദമന്ത്രം ഉയര്‍ന്നു.

വേദഭൂമിയായ പാഞ്ഞാളില്‍ അതിരാത്രവും സോമയാഗവും നടന്നു. പാഞ്ഞാളിലെ മണ്ണില്‍നിന്ന് വേദമന്ത്രങ്ങള്‍ ഉയര്‍ന്നുപൊങ്ങി. കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തിന്റെ വലിയ നടപ്പുരയില്‍ നടക്കുന്ന വേദപരീക്ഷകളില്‍ വാരമിരിക്കാനും കടന്നിരിക്കാനും ഭാഷ അനിവാര്യമായി. കോഴിക്കോട് തളിക്ഷേത്രത്തില്‍ രേവതിപട്ടത്താനവും നടന്നു. വേദപരീക്ഷകളില്‍ തമിഴ് ബ്രാഹ്മണനായ ഉദ്ദണ്ഡശാസ്ത്രികളുടെ കഥയും തെളിഞ്ഞു. ഉദ്ദണ്ഡനെ നേരിട്ട കാക്കശ്ശേരി ഭട്ടതിരി ഐതിഹ്യമാലയില്‍ ചരിത്രമായി.

അരണികടഞ്ഞ് അഗ്‌നിയെ ജ്വലിപ്പിച്ച സോമയാഗത്തിന് എത്തിച്ച സോമലത യാഗചരിത്രത്തെക്കുറിച്ച് വാചാലമായി. സോമലതയ്ക്ക് ഔഷധഗുണങ്ങളും ഏറെ. യാഗഭൂമിയില്‍ വേദമന്ത്രങ്ങള്‍ യജ്ഞശാലയെ വലം വച്ചു.സോമയാജിപ്പാടും അക്കിത്തിരി പ്പാടും യാഗയജമാനന്‍മാരായി. സോമയാഗത്തില്‍ നിന്ന് സൗമ്യം ശേഷിച്ചു.

രായിരനല്ലൂര്‍മല കയറിയ നാറാണത്ത് ഭ്രാന്തന്‍ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റി രസിച്ചു. ആര്‍ക്ക് ഭ്രാന്ത് എന്ന ചോദ്യം ബാക്കിയായി. പറയിപ്പെണ്ണിനോട് മക്കളെ ഉപേക്ഷിക്കാന്‍ കല്‍പ്പിച്ച ബ്രാഹ്മണന്റെ വാക്കുകള്‍ വരരുചിപ്പഴമയായി. ചിറ്റൂരമ്പലത്തിന്റെ താഴികക്കുടം ഉറപ്പിച്ച പെരുന്തച്ചന്‍ വരരുചിപ്പഴമക്ക് മുതല്‍ക്കൂട്ടായി. അഗ്‌നിഹോത്രി മുതല്‍ വായില്ലാകുന്നിലപ്പന്‍ വരെ പഴമയില്‍ നിറഞ്ഞു. ഇതില്‍ കാരയ്ക്കല്‍ അമ്മ ഏക പെണ്‍തരിയായി. കാട്ടിലെ മുളന്തണ്ടില്‍ നിന്ന് വിരിഞ്ഞ ഈണം പോലും ഭാഷയായി.

തേക്കുപാട്ടിന്റെ ഈണവും കര്‍ഷകന്റെ ഞാറ്റുപാട്ടും പൊന്നിന്‍ കതിര്‍ക്കുലയുടെ തലയാട്ടലും ഭാഷയെ വിരിയിച്ചു.താഴെവീണ പൂവിനെ കണ്ട് വേദനിച്ച ആശാന്‍ ശ്രീഭൂവിലസ്ഥിര എന്ന് പാടി. മാംസ നിബദ്ധമല്ല രാഗമെന്ന് ലീല പറഞ്ഞുവെച്ചു. ആശയവിനിമയത്തിന് ഭാഷ അപൂര്‍ണ്ണമാണെന്ന് പറഞ്ഞ ആശാന്‍ നളിനിയും കരുണയും പ്രരോദനവും ചിന്താവിഷ്ടയായസീതയും എഴുതിത്തന്നു. ആശാന്‍ ആശയഗംഭീരനായി. പകരം വെക്കാനില്ലാത്ത കവിയായി.

കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്ന് പാടിയ വള്ളത്തോള്‍ ദേശഭക്തിയുടെ വലിയ പ്രചാരകനായി. കവിതയോടൊപ്പം കവി ദേശാന്തരങ്ങള്‍ കടന്നപ്പോള്‍ കഥകളിക്ക് ചെറുതുരുത്തിയില്‍ കലാമണ്ഡലം എന്നപേരില്‍ കളരിയുണ്ടായി. ഇവിടെ നിന്ന് കഥകളി വേഷങ്ങള്‍ നിളയുടെ തീരത്തേക്കിറങ്ങി പ്രയാണം തുടങ്ങി. ലോകത്ത് കഥകളി പഠനത്തിന് മേല്‍വിലാസം ഉണ്ടായി. മുദ്രകളില്‍ നിറഞ്ഞ മോഹിനിയാട്ടം കലര്‍പ്പില്ലാതെ കണ്‍തുറന്നു. ചിത്രയോഗം എന്ന മഹാകാവ്യം വള്ളത്തോള്‍ ഭാഷയ്ക്ക് സമ്മാനിച്ചു.

പാരം കരിമ്പ് പനസം മുളകേലമിഞ്ചി,കേരം കവുങ്ങ് തളിര്‍ വെറ്റിലയേത്തവാഴ... മലയാളത്തിന്റെ കാര്‍ഷിക സമ്പന്നതയെ ഉമാകേരളത്തില്‍ കുറിച്ചിട്ട ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പ്രാസവാദത്തെ ശക്തമാക്കി. മലയാളഭാഷയുടെ ചരിത്രവും പരിണാമവും ഭാഷാസ്‌നേഹികള്‍ക്ക് നല്‍കി. തേനും വയമ്പും പോലെ ഭാഷ വായനക്കാരന്റെ നാവിലേക്ക് ഇറങ്ങിവന്നു. പിംഗളയും പ്രേമസംഗീതവും ഒഴുകി.

കലകളും സംസ്‌കാരവും വളര്‍ന്ന നദീതീരങ്ങളില്‍ നന്ദുണിയും പുള്ളുവ വീണയും കൈമണികളും കൊട്ടിത്തുറന്നു. ഭാഷ പൂര്‍ണ്ണതയിലേക്ക് വളര്‍ന്നു. കാവ്യങ്ങളുടെ അലങ്കാരങ്ങളുമായി ഈറന്‍കുളിച്ചെത്തിയ ഭാഷ കൈരളിക്കു മുമ്പില്‍ നൃത്തമാടി.
എത്രയോ കവികളും കഥാകാരന്മാരുമാണ് ഈ ഭാഷയെ വളര്‍ത്തിയത്. നാട്ടുവഴികളിലേക്ക്, പുഴകളിലേക്ക് അധ്വാനിക്കുന്ന തൊഴിലാളികളിലേക്ക് ഭാഷ പടര്‍ന്നൊഴുകി. മലയാളം കണ്ണെഴുതി നൂപുരംചാര്‍ത്തി അണിഞ്ഞൊരുങ്ങി നിന്നു. നാണത്തിന്റെ കസവുചേല പുതച്ചുകൊണ്ട്.

കോവിലകത്തെ കന്യക പൊന്നിന്‍തളികയെടുക്കുന്നതുപോലെ പഞ്ഞകര്‍ക്കിടകത്തിന്റെ കറുത്ത തിരശ്ശീല നീക്കി ചിങ്ങപ്പുലരി കുളിച്ച് പുതുവസ്ത്രം ധരിച്ചെത്തി.

മണ്ണാകെ പൂത്താലംതീര്‍ത്ത ചിങ്ങമാസത്തിന്റെ സൗന്ദര്യത്തില്‍ തെച്ചിയും മന്ദാരവും കുമ്പിളുകള്‍ നീട്ടിത്തന്നു. മലയാളത്തിന്റെ മുറ്റത്ത് മാവേലിക്ക് ഇരിപ്പിടങ്ങളൊരുക്കി. ആവണി ദിനങ്ങളുടെ നേര്‍ക്കാഴ്ചകളൊരുങ്ങി. വിവിധ വര്‍ണ്ണങ്ങളില്‍ നിറഞ്ഞ പൂക്കളങ്ങള്‍ക്കു ചുറ്റും വരവര്‍ണ്ണിനികളായ മലയാള മങ്കമാര്‍ ഈണമിട്ട് പാടി. പൂവേ പൊലി പൂവേ പൊലി പൂവേ.എല്ലാ തുമ്പിക്കും നാണമുണ്ട്; ഞങ്ങടെ തുമ്പിക്ക് നാണമില്ല.

തിരുവോണനാളില്‍ ഉച്ചക്ക് മുന്നില്‍ നിരന്ന തൂശനിലയില്‍ നറുതുമ്പതോറ്റോടു മന്നത്തോടൊപ്പം പരിപ്പ,് നെയ,് പായസം, പര്‍പ്പിടകം, പഴം, കണ്ണിമാങ്ങക്കറി നിരന്നു. കാളന്‍, ഓലന്‍, അവിയല്‍, സാമ്പാര്‍. സ്വര്‍ണ്ണത്താലി ചാര്‍ത്തി മേടമാസത്തെ പുല്‍കിയെത്തിയ വിഷു രാപകലുകളുടെ ദൈര്‍ഘ്യത്തെ ഒരുദിവസത്തേക്കെങ്കിലും തുല്യമാക്കി. കണിക്കൊന്നയുടെ സൗന്ദര്യം നുകര്‍ന്ന് കണിവെള്ളരിക്ക കണികണ്ട് വിഷുപ്പക്ഷികളുടെ പാട്ടുകേട്ട് മലയാളി വിഷുവത്തിലമര്‍ന്നു.

പാതിരാപ്പൂചൂടലിനും തുടിച്ചുകുളിക്കുമൊപ്പം ധനുമാസത്തിലെ ആതിര കടന്നുവന്നു. ഐതിഹ്യങ്ങളുടെ പെരുംകലവറ തുറന്ന് ആചാരങ്ങള്‍ നാട്ടുവഴികളിലേക്കിറങ്ങി. ഊഞ്ഞാലാടിയ അംഗനമാര്‍ തിരുവാതിരപ്പാട്ടിന്റെ താളത്തിലൂടെ ഭാഷയെ വളര്‍ത്തി.
വീര വിരാട കുമാര വിഭോ..... കുമ്മി നിറഞ്ഞു. ഏശലും കുറത്തിയും മംഗളവും ചിട്ടയായി. ശ്രീപരമേശ്വരനും പാര്‍വ്വതിയും ഐതിഹ്യമായി.

സഹ്യന്റെ മടിത്തട്ടില്‍ പൂത്ത ചെടികളില്‍ ആയുസ്സിന്റെ മരുന്നുകള്‍ തിരഞ്ഞ് പോയവര്‍ ആയുസ്സിന്റെ വേദവുമായി തിരിച്ചിറങ്ങി. ആയുര്‍വേദം മലയാളത്തിന്റെ തനത് ചികിത്സാരീതിയായി. അഷ്ടാംഗഹൃദയം ദൈവത്തിന്റെ പുസ്തകമായി. മണ്ണില്‍ ചവിട്ടി നടന്ന മഹാഭിഷഗ്വരന്മാര്‍ ദൈവങ്ങളായി. കടലുകടന്ന് മലയാളത്തിന്റെ ചികിത്സാരീതി മറുനാടുകളിലും എത്തി.

ഉത്സവങ്ങളിലും കലയിലും അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും എന്തിന് നേരമ്പോക്കുകളില്‍ പോലും മലയാളം ഉണര്‍ന്നു, ഉയര്‍ന്നു. കാലങ്ങള്‍ കൈമണികൊട്ടി കടന്നെത്തിയ ഭാഷയെ മലയാളി നമസ്‌ക്കരിച്ചു. സാഷ്ടാംഗ പ്രണാമം നടത്തി.

ഭാഷയില്‍ പിന്നീടും എത്രയോ ഇടിമുഴക്കങ്ങളുണ്ടായി. എത്രയോ മഹാന്‍മാരാണ് എഴുതിയും പാടിയും വരച്ചും ഈ ഭാഷയുടെ പതാകവാഹകരായത്. തേനുലാവിനഭാഷ ക്ലാസിക്കായി. തലശ്ശേരി ഇല്ലികുന്നിലെ ബംഗ്ലാവിലിരുന്ന് നക്ഷത്രങ്ങളുടെ ഭാഷപോലും മനസ്സിലാക്കുന്ന ജര്‍മ്മന്‍കാരന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളത്തിന് സ്വന്തമായി അര്‍ത്ഥകോശമുണ്ടാക്കി.

മലയാള ഭാഷയിലെ സംശയനിവാരണത്തില്‍ സാക്ഷാല്‍ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള ശബ്ദതാരാവലി ചമച്ചു.ആനപ്പുറം ഏറിവരുന്ന ഗാംഭീര്യത്തോടെ അണിനിരന്ന ഭാഷയിലെ തലപ്പൊക്കമുള്ളവര്‍ ചാരുകേരളഭാഷയെ ആശയപ്രപഞ്ചംകൊണ്ട് നൃത്തമാടിച്ചു. ഇതിന്റെ ചുവടുപിടിച്ച് ഒഴുകിയെത്തിയവര്‍ നിരവധി.

വെളിച്ചം ദുഃഖമാണ് എന്ന് പ്രഖ്യാപിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പിറന്നു. എന്റയല്ലെന്റെയല്ലീ കൊമ്പനാനകള്‍, എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ എന്ന് ഇതിഹാസകാരനായ അക്കിത്തം പാടി. മനുഷ്യ മഹത്വത്തില്‍ വിശ്വസിച്ച ഇടശ്ശേരി വേദനകള്‍ കുഴിവെട്ടിമൂടാനും ശക്തിയിലേക്ക് കുതികൊള്ളുവാനും പഠിപ്പിച്ചു. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍തന്‍ പിന്‍മുറക്കാര്‍ എന്ന് ചങ്ങമ്പുഴ ആഹ്വാനം ചെയ്തു. പാടുന്നപിശാചും സ്പന്ദിക്കുന്ന അസ്ഥിമാടവും പിറന്നു.

രാത്രിമഴയ്ക്ക് കാവലാളായി സുഗതകുമാരി പിറന്നപ്പോള്‍ കടമ്മനിട്ടക്കാവില്‍നിന്ന് വന്ന കടമ്മനിട്ട രാമകൃഷ്ണന്‍ മലഞ്ചൂരല്‍ മലയില്‍ നിന്ന് കുറത്തിയെ ഇറക്കിക്കൊണ്ടുവന്ന് നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് പാടിച്ചു. താളംവിളഞ്ഞ മലയായ തിരുവില്വാമലയില്‍ വി.കെ.എന്‍. വാക്കുകളെയും വിളയിച്ചു.കോവിലന്റെ തോറ്റങ്ങള്‍ ഭാഷപ്പെരുമയില്‍ ഊറ്റം കൊണ്ടു.
കൂടനല്ലൂരിന്റെ സ്വന്തം കഥാകാരന്‍ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ രണ്ടാമന്റെ ഊഴത്തെക്കുറിച്ച് പറഞ്ഞു. അസുരവിത്തും ഇരുട്ടിന്റെ ആത്മാവും തേടി സഹൃദയര്‍ അലഞ്ഞു. മലയാള മണ്ണിന്റെ മണം രണ്ടിടങ്ങഴിയിലും ചെമ്മീനിലും നിറച്ച തകഴി തോട്ടിയുടെ മകനെക്കൂടി കാട്ടിത്തന്നു.

പുലര്‍ക്കാല നിളപ്പോലെ ഒഴുകിയെത്തിയ മലയാളം ബേപ്പൂര്‍ സൂല്‍ത്താനിലൂടെ പാത്തുമ്മയുടെ ആടും ബാല്യകാലസഖിയുമായി. കണ്ണീരും കിനാവും ഇടകലര്‍ത്തി ഭാഷയെ ഇടിമിന്നലാക്കി വെള്ളത്തുരുത്തി താഴത്ത് രാമന്‍ ഭട്ടതിരിപ്പാട് അക്ഷരങ്ങളെ കോറിയിട്ടപ്പോള്‍ പുന്നയൂര്‍ കുളത്ത് നാലപ്പാടന്റെ മുറ്റത്ത് ഭാഷ സാഷ്ടാംഗപ്രണാമം നടത്തി. ഇവിടെ നാലപ്പാടനില്‍ ആല്‍മരമായും, മാതൃത്വത്തിന്റെ കവയിത്രി ബാലാമണിയമ്മയില്‍ കൃഷ്ണതുളസിയായും പടര്‍ന്ന മലയാളം സ്വന്തം ആമി മാധവിക്കുട്ടിയില്‍ നീര്‍മാതളമായി പൂത്തു.

കണ്ണുനീര്‍ത്തുള്ളിയിലൂടെ വി.സി.യും മണിമുഴക്കത്തിലൂടെ ഇടപ്പള്ളിയും കാച്ചിക്കുറുക്കിയ എഴുത്തുകളിലൂടെ വൈലോപ്പിള്ളിയും കടന്നുവന്നപ്പോള്‍ ഓടക്കുഴല്‍ അവാര്‍ഡ് ജി. ശങ്കരക്കുറുപ്പ് മലയാളിക്ക് സമ്മാനിച്ചു.നാഴൂരിപാലുകൊണ്ട് നാടാകെ കല്ല്യാണം നടത്തി പി. ഭാസ്‌ക്കരനും പര്‍വ്വത നിരയുടെ പനനീരായി പെരിയാറിനേയും ഭാഷയേയും ഒഴുക്കി വയലാറും ഇനിയും മരിക്കാത്ത ഭൂമിക്ക് ആത്മശാന്തി നേര്‍ന്ന് ഒ.എന്‍.വി.യും മലയാളത്തിന് മണിനൂപുരം ചാര്‍ത്തി. മലയാളം മനോഹരിയായി.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത പെരുമയുമായി മലയാളത്തിന്റെ മഹാപ്രവാഹം, മഹാപ്രയാണം. കുന്ദലതയും ഇന്ദുലേഖയും മാര്‍ത്താണ്ഡവര്‍മ്മയും ധര്‍മ്മരാജയുമൊക്കെ ഇളക്കിമറിച്ച മലയാളത്തില്‍ ലങ്കാലക്ഷ്മിയും കാഞ്ചനസീതയും പിറന്നു. പഴമയില്‍ ശ്രീനാരായണനും ശങ്കരനും ചട്ടമ്പിസ്വാമികളും ആധ്യാത്മിക വാദികളായി ഇരുന്നുകൊണ്ടുതന്നെ മലയാളത്തിന് സംഭാവന നല്‍കി.

ആത്മോപദേശശതകവും ഉപനിഷത്ത് വ്യാഖ്യാനങ്ങളും കേരളോത്പത്തിയും പിറന്നു.ഇന്നലെകളെ ഓര്‍ക്കാം. ഇന്നിനെ പുല്‍കാം. നാളയെ നമസ്‌ക്കരിക്കാം.ഈ ഭാഷയെ ഉറവവറ്റാതെ സംരക്ഷിക്കാം.ഇനിയും മലയാളം കുതിക്കട്ടെ. വളരട്ടെ. ലോകം മലയാളത്തിന് മുന്നില്‍ നമിക്കട്ടെ. മലയാളി മലയാളം വീണ്ടെടുക്കട്ടെ.

Content Highlightg: Malayalam language and literature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented