-
വൈക്കം മുഹമ്മദ് ബഷീർ വളരെ ആകസ്മികമായി ലൊക്കേഷനിൽ കയറി വന്ന് യാതൊരു അപരിചിതത്വവും കാണിക്കാതെ പ്രകടിപ്പിച്ച സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജനാർദ്ദനൻ. സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധാന്തരങ്ങളേക്കാൾ 'നമ്മൾ വൈക്കത്തുകാർ' എന്ന ജേഷ്ഠ്യാനുജസ്നേഹമാണ് അദ്ദേഹം പകർന്നുതന്നിരുന്നത് എന്ന് ജനാർദ്ദനൻ ഓർക്കുന്നു.
1921 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു മലപ്പുറത്ത്. വളരെ ആകസ്മികമായി വെളളമുണ്ടും ഒരു ജുബ്ബയും ധരിച്ച വ്യക്തി ലൊക്കേഷനിലേക്ക് കയറിവന്നു. പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമായതിനാൽ ആളെ വളരെ പെട്ടെന്നു തന്നെ മനസ്സിലായി- വൈക്കം മുഹമ്മദ് ബഷീർ! യൂണിറ്റിലുള്ളവരെല്ലാം അത്ഭുതസ്തബ്ധരായി നിന്നു എന്നു തന്നെ പറയാം.
ലൊക്കേഷനിലെ പരിചയമുള്ള വ്യക്തികളുമായി അദ്ദേഹം സംസാരിച്ചിരിക്കുന്നതിനിടയിൽ പെട്ടെന്നു പറഞ്ഞു; ''ആ വൈക്കത്തുകാരന്മാർ രണ്ടുപേരും ഇങ്ങോട്ട് വാടാ...'' ഞാനും മമ്മൂട്ടിയും അടുത്തേക്ക് ചെന്നപ്പോൾ അദ്ദേഹം ഞങ്ങളുടെ രണ്ടുപേരുടെയും തോളത്തു കയ്യിട്ടുനിന്നു. എന്നിട്ടു പറഞ്ഞു: ''എടാ നമ്മളെല്ലാവരും വൈക്കത്തുകാരാണ്, നമ്മളെല്ലാവരും പ്രശസ്തരാവും.'' കൂടുതൽ സമയം അവിടെ ചെലവഴിക്കാതെ അദ്ദേഹം മടങ്ങി.
മണിപ്രവാളത്തിന്റെ യാതൊരു സ്പർശവുമില്ലാതെ (ഭാഷാസംസ്കൃതയോഗോ മണിപ്രവാള:) മലയാളം, മലയാളമായിട്ട് മലയാളിയെ മനസ്സിലാക്കിക്കൊടുത്ത ഒരേയൊരു സാഹിത്യകാരൻ ബഷീർ മാത്രമാണ്. അദ്ദേഹത്തിന്റെ നാട്ടുകാരാനാണ് ഞാൻ എന്നതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. അദ്ദേഹം അനുഗ്രഹിച്ചതുപോലെ മലയാളസിനിമയിൽ ജീവിതസ്പർശിയായ അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെച്ചിട്ടുള്ള മമ്മൂട്ടിയും കൂടെ ഞാനും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോയെടുത്തു. ആ ഫോട്ടോ ഞാനിപ്പോളും ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ചുവച്ചിരിക്കുന്നു. ഫോട്ടോയുടെ ഒരു കോപ്പി ഞാൻ മമ്മൂട്ടിയ്ക്കും കൊടുത്തു.
അദ്ദേഹം പറഞ്ഞതുപോലെ ഒരുപാട് വൈക്കത്തുകാർ പ്രശസ്തരാണ്. വൈക്കം ചന്ദ്രശേഖരൻ നായർ, വൈക്കം സുകുമാരൻ നായർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം അയ്യർ, വൈക്കം വാസുദേവൻ നായർ, സഖാവ് പി. കൃഷ്ണപിള്ള, എം.ജി.ആറിന്റെ ഭാര്യ വി.എൻ. ജാനകി... വേലുത്തമ്പി ദളവയുടെ വലങ്കൈയായിരുന്ന വൈക്കം പത്മനാഭപിള്ള അങ്ങനെ പ്രശസ്തരായ വൈക്കത്തുകാർ ധാരാളമുണ്ട്. അദ്ദേഹത്തിന്റെ ഇരുപത്തിയാറാം ചരമദിനത്തിൽ ഓർക്കുന്നു, സാദരം.
തയ്യാറാക്കിയത്: ഭാനുപ്രകാശ്
Content Highlights: Malayalam Actor Janardanan Remembers meeting with Vaikom Muhammed Basheer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..