ആ 'വില്ലുവണ്ടി' ഇനിയും ഉരുളേണ്ടതുണ്ട്. കേരളത്തിന്റെ ആത്മാവിലൂടെ, ഒരുപാടൊരുപാട് കാലം


സ്മിത പ്രകാശ്

സഞ്ചാരസ്വാതന്ത്ര്യത്തിന്റെ വില്ലുവണ്ടിയോടിച്ചും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിച്ചും അടിമത്തത്തിന്റെ കല്ലുമാലകള്‍ വലിച്ചെറിയാന്‍ പ്രേരിപ്പിച്ചും അദ്ദേഹം ഒടുങ്ങാത്ത യുദ്ധഭേരികള്‍ മുഴക്കിക്കൊണ്ടിരുന്നു.

-

സാമൂഹിക പരിഷ്‌കരണത്തിന്റെ ആ പുലരിസൂര്യന്‍ തന്ന വെളിച്ചം നൂറ്റാണ്ടുകളുടെ അന്ധകാരത്തെ മായ്ച്ചുകളഞ്ഞു. ഇന്ന് ഈ അയ്യങ്കാളിജയന്തി ദിനത്തില്‍ ആ ജീവിതം പകര്‍ന്നുതന്ന ആര്‍ജവം എത്രയെന്നോര്‍ക്കുകയാണ്. ഒപ്പം ആ പരിഷ്‌കരണത്തിന്റെ വേരുകള്‍ പതിയെപ്പതിയെ അഴുകിത്തുടങ്ങിയിട്ടില്ലേ എന്ന ചിന്തകൂടി മനസ്സിനെ മഥിക്കുന്നുണ്ട്

വോത്ഥാനം പറഞ്ഞും കേട്ടും പഴകിയ, പുതുമ നഷ്ടമായ വാക്കാണെങ്കിലും ചില ജീവിതങ്ങളെപ്പറ്റി പറയുമ്പോള്‍ നമ്മളറിയാതെത്തന്നെ ആവേശത്തിന്റെ തിരക്കൈയിലുയര്‍ന്നുപൊങ്ങും! 1863 ഓഗസ്റ്റ് 28-ന് തിരുവനന്തപുരത്തിന് അല്പം തെക്ക് വെങ്ങാന്നൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ അയ്യന്‍-മാല ദമ്പതിമാരുടെ മകനായി ജനിച്ച അയ്യങ്കാളിയുടെ ജീവിതം അങ്ങനെയൊരാവേശം നമുക്ക് തരുന്നുണ്ട്. കുട്ടിക്കാലംമുതല്‍ കണ്ടുപരിചയിച്ച ജാതീയമായ വിവേചനങ്ങള്‍ ആ മഹാമനുഷ്യന്റെ ചിന്താധാരകളെ ഉഴുതുമറിച്ചിരിക്കണം. സമത്വത്തെക്കുറിച്ച് സ്വപ്നം കാണാന്‍ അദ്ദേഹമെങ്ങനെയാവും ശീലിച്ചത്? തിരുവിതാംകൂറിന്റെയെന്നല്ല, കേരളത്തിന്റെതന്നെ അന്നത്തെ അവസ്ഥ നോക്കിയാല്‍ പുലയവിഭാഗത്തെ പൊതുവില്‍ അടിമകളായി കണക്കാക്കിയിരുന്നു. ജാതീയതയുടെ കൊട്ടിയടയ്ക്കപ്പെട്ട ഭൂതത്താന്‍കോട്ടയ്ക്കുള്ളില്‍ ഒരു ജനവിഭാഗം മൃഗതുല്യരായി മണ്ണിലും വിയര്‍പ്പിലും ഇരുട്ടിലും ജനിച്ചുമരിച്ചുകൊണ്ടേയിരുന്നു. പ്രതികരിക്കുക എന്നൊരു പോംവഴിയുണ്ടെന്നുപോലുമറിയാതെ. അങ്ങനെയിരിക്കേയാണ് അയ്യങ്കാളി എന്ന മനുഷ്യന്‍ നിരന്തരസമരങ്ങളിലൂടെ നാവില്ലാതിരുന്നൊരു ജനതയെ നികൃഷ്ടമരണങ്ങളില്‍നിന്ന് മോചിപ്പിച്ചുകൊണ്ടാണ് മഹാത്മാ അയ്യങ്കാളിയാവുന്നത്.

സഞ്ചാരസ്വാതന്ത്ര്യത്തിന്റെ വില്ലുവണ്ടിയോടിച്ചും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിച്ചും അടിമത്തത്തിന്റെ കല്ലുമാലകള്‍ വലിച്ചെറിയാന്‍ പ്രേരിപ്പിച്ചും അദ്ദേഹം ഒടുങ്ങാത്ത യുദ്ധഭേരികള്‍ മുഴക്കിക്കൊണ്ടിരുന്നു. 1907-ല്‍ സാധുജനപരിപാലന സംഘത്തിന് രൂപംകൊടുത്തുകൊണ്ട് സാമൂഹികമായി പിന്നാക്കംനിന്ന സര്‍വജനങ്ങളെയും അഭിസംബോധനചെയ്തു. അതുകൊണ്ടൊക്കെത്തന്നെയാവാം ഗാന്ധിജി അദ്ദേഹത്തെ 'പുലയരാജ' എന്ന് വിശേഷിപ്പിച്ചതും. സാമൂഹിക പരിഷ്‌കരണത്തിന്റെ ആ പുലരിസൂര്യന്‍ തന്ന വെളിച്ചം നൂറ്റാണ്ടുകളുടെ അന്ധകാരത്തെ മായ്ച്ചുകളഞ്ഞു. ഇന്ന് ഈ അയ്യങ്കാളിജയന്തി ദിനത്തില്‍ ആ ജീവിതം പകര്‍ന്നുതന്ന ആര്‍ജവം എത്രയെന്നോര്‍ക്കുകയാണ്. ഒപ്പം ആ പരിഷ്‌കരണത്തിന്റെ വേരുകള്‍ പതിയെപ്പതിയെ അഴുകിത്തുടങ്ങിയിട്ടില്ലേ എന്ന ചിന്തകൂടി മനസ്സിനെ മഥിക്കുന്നുണ്ട്.

പുതിയ ഉച്ചനീചത്വ മനോഭാവങ്ങള്‍

'നിങ്ങളെന്താണ് ഫെയ്സ്ബുക്കിലെപ്പോഴും ദളിത്പക്ഷ-സ്ത്രീപക്ഷ പ്രശ്‌നങ്ങള്‍മാത്രമെഴുതുന്നത്? ഇതൊക്കെ വല്യ പ്രശ്‌നങ്ങളാണോ? ഈ ലോകത്ത് വേറെന്തൊക്കെയുണ്ട് എഴുതാന്‍?'

കുറച്ചുനാള്‍മുമ്പ് ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയിലാണ് ഈ ചോദ്യം നേരിടേണ്ടിവന്നത്. ഇത്ര നിഷ്‌കളങ്കരായ മനുഷ്യരൊക്കെ ഇപ്പോഴുമുണ്ടോ എന്നാണാദ്യം മനസ്സില്‍ തോന്നിയത്. പിന്നെ അദ്ഭുതവും ഞെട്ടലും സങ്കടവും എല്ലാംകൂടി ഒരു സമ്മിശ്രവികാരം. അതൊരു വെളിപാടായിരുന്നു.

ഒന്നാമത്തെ കാര്യം, അത്തരം പ്രശ്‌നങ്ങള്‍മാത്രമല്ല എഴുതിയിരുന്നത് എന്നുള്ളതാണ്. രണ്ടാമത്തേത് ഇതൊന്നും ഒരു പ്രശ്‌നമല്ലേ എന്നുള്ളതും! രണ്ടായാലും എഴുത്തുകള്‍ അവരെ ചൊടിപ്പിച്ചിരുന്നു എന്നുള്ളത് ഒരു തിരിച്ചറിവായി!

സമൂഹത്തില്‍ അന്തര്‍ലീനമായ അജ്ഞതയുടെ നിഷ്‌കളങ്കമായ ഒരു ബഹിര്‍സ്ഫുരണംമാത്രമായിരുന്നില്ല ആ ചോദ്യം. മറിച്ച്, വളരെ ചിട്ടയോടുകൂടി കാലങ്ങള്‍കൊണ്ട് പൊതുബോധത്തില്‍ വളര്‍ത്തിയെടുത്ത ഒരു പുതിയതരം ഉച്ചനീചത്വത്തിന്റെ സ്വയം വെളിവാകലായിരുന്നു.

അനുകൂലമായ സാമൂഹികാവസ്ഥകളില്‍, സന്ദര്‍ഭങ്ങളില്‍ അറിയാതെ സ്വയം വെളിവായിപ്പോകുന്നതുമാവാം.

അധഃകൃതര്‍, കറുത്തവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍... നോക്കൂ,

വാക്കുകളെല്ലാം നമുക്കെത്രത്തോളം സമാനസ്വഭാവികളാവുന്നു; ഒരേ പ്രശ്‌നത്തിലേക്കുള്ള ചൂണ്ടുപലകകളാവുന്നു! ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളിലേക്ക് നോക്കിയാല്‍, ഇവയെല്ലാം സമൂഹത്തെ തട്ടുതട്ടായി വിഭജിച്ച കൂറ്റന്‍ മതില്‍ക്കെട്ടുകളാണ്. ഒരിക്കലും ഭേദിച്ചുകൂടാത്തവ. ജാതീയമായ അപനിര്‍മിതിയുടെ രാഷ്ട്രീയം.

അങ്ങനെയുള്ള സങ്കുചിതരാഷ്ട്രീയചിന്തകള്‍ പണിതുയര്‍ത്തിയ ഇരുമ്പുകോട്ടകളെ ഉടച്ചുകളയാന്‍ വേഷവിധാനംകൊണ്ടും നിഷേധിക്കപ്പെട്ട ഇടങ്ങളിലേക്കുള്ള കടന്നുകയറ്റംകൊണ്ടും സ്വജീവിതത്താല്‍ ഒരു ജനതയുടെ മനോമണ്ഡലത്തിലേക്ക് 'അവകാശം' എന്ന പദംകൂടി കൂട്ടിച്ചേര്‍ത്ത മഹാത്മാ അയ്യങ്കാളിയുടെ ജയന്തിദിനത്തില്‍ കലര്‍പ്പില്ലാത്ത ഒരാത്മാവലോകനത്തിന് എത്രത്തോളം സാധ്യതയുണ്ട്?

ഒളിപ്പിച്ചുവെച്ച വിവേചന ചിന്തകള്‍

എല്ലാതരത്തിലുമുള്ള സ്വാതന്ത്ര്യം സര്‍വജനങ്ങള്‍ക്കും ഭരണഘടന ഉറപ്പുതന്നു. എന്നിട്ടോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടുദശകങ്ങള്‍ കഴിഞ്ഞപ്പോഴും സമൂഹത്തില്‍ ഗാഢമായി അലിഞ്ഞുചേര്‍ന്ന ജാതിവിവേചനങ്ങളില്‍ത്തന്നെ നാം കൂപ്പുകുത്തിക്കിടക്കുന്നു. ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ത്തന്നെ ദുരഭിമാനക്കൊലകള്‍ കേരളം കണ്ടു. ഭ്രാന്താലയമെന്ന് പേരുള്ളതുകൊണ്ട് പിന്നെ എന്തുഭ്രാന്തുമാകാമെന്നുള്ളതുപോലെ! ആദ്യമൊക്കെ ഞെട്ടലായിരുന്നു. പിന്നീടൊരു മരവിപ്പുമാത്രം. കാലങ്ങളായി ഉത്തരേന്ത്യയിലുംമറ്റും നടന്നുകൊണ്ടിരിക്കുന്ന കാടത്തം സാമൂഹികപരിഷ്‌കരണത്തിന്റെ ഈറ്റില്ലമെന്നുപറയാവുന്ന കേരളത്തില്‍ നാം തീ?രേ പ്രതീക്ഷിച്ചില്ല. ഭരണഘടനയെ ബോധ്യപ്പെടുത്താന്‍വേണ്ടിമാത്രം സമത്വം ശീലിച്ച ജനതയ്ക്ക് എത്രകാലം മസ്തിഷത്തിലെ കാടന്‍ചിന്തകളെ ഒളിപ്പിച്ചുവെക്കാനാകും?

അതുതന്നെയായിരിക്കാം ഇന്ന് നാംകാണുന്ന പ്രത്യേകതരം ജാതിഭ്രഷ്ടിന്റെ മൂലകാരണവും. ഉച്ചാടനംചെയ്തതൊഴിച്ച ഭൂതകാലം ഈ വര്‍ത്തമാനത്തിലും വേരാഴ്ത്തിനില്‍ക്കുന്നുണ്ട്. ഇരുട്ട് പടിവാതിലില്‍ത്തന്നെ. അദൃശ്യനായ ശത്രുവിനെ നേരിടുന്നപോലെ ദുഷ്‌കരമായ മറ്റൊന്നില്ല. വാളെടുത്ത് വായുവില്‍ ആഞ്ഞുവീശുന്നവനെ ലോകം ഭ്രാന്തനെന്ന് വിളിക്കും. എന്നിട്ട് ആ രണത്തില്‍ അവനൊറ്റയ്ക്ക് പൊരുതി മരണപ്പെടും. ഇതിനാണ് കൂടുതല്‍ സാധ്യത!

തീണ്ടാപ്പാടുകള്‍ ഇന്നും

കാരണം, നവകേരളത്തിന്റെ പൊതുബോധത്തില്‍ ഇന്നും ദളിത് ചിന്തകള്‍ക്ക് തീണ്ടാപ്പാടകലങ്ങളുണ്ട്. കണക്കുകൂട്ടി നിശ്ചയിച്ച ദൂരങ്ങള്‍. കാണാനാവാത്ത, കേള്‍ക്കാനാവാത്ത ദൂരങ്ങള്‍. പുതിയ കാലവും പഴയകാലവും തമ്മിലുള്ള വിവേചനത്തിലെ വ്യത്യാസവും അതുതന്നെയാണ്. പലരും പുറത്തുപറയില്ല; പറഞ്ഞാലാരും വിശ്വസിക്കുകയുമില്ല. ഇതാണ് നവയുഗസമസ്യ. വിവേചനമുണ്ടെന്ന് പറയുന്നതുതന്നെ പലപ്പോഴും ഒരശ്ലീലമാകുന്നു. ഇക്കാലത്ത് വിവേചനം അതിസൂക്ഷ്മമായതലത്തില്‍ വേരോടുന്ന ഒരു മൈക്രോബിയല്‍ ജൈവപ്രപഞ്ചംപോലെയാണ്. ഇത്തരത്തില്‍ ദുര്‍ഗ്രഹമായി തുടരുന്ന നവയുഗ വിവേചനത്തെ നമ്മളെങ്ങനെയാണ് നേരിടാന്‍ പോകുന്നത്.

ഒരു പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കലല്ലേ ആദ്യപടി. എന്നിട്ടല്ലേ പരിഹാരം. ഇത്തരം ദളിത് സമസ്യകളെ നിര്‍ദാക്ഷിണ്യം തള്ളിക്കളയുന്നതുവഴി പരിഹാരത്തിലേക്കുള്ള വഴികളൊന്നാകെ അടച്ചുകളയുകയാണ് പതിവ്. ഇതില്‍നിന്ന് മറ്റൊന്നുകൂടി മനസ്സിലാക്കാം. ദളിത് പ്രശ്‌നങ്ങള്‍ക്കും ദളിത്വിരുദ്ധ പ്രശ്‌നങ്ങള്‍ക്കും ഒരേയൊരു ഒറ്റമൂലിയാണുള്ളത്. അത് അയ്യങ്കാളി അന്നേ വിഭാവനംചെയ്ത വിദ്യാഭ്യാസംതന്നെയാണ്. വിദ്യാഭ്യാസമെന്നാല്‍ പ്രമാണപത്രങ്ങളും യോഗ്യതാപത്രങ്ങളുമല്ല. മറിച്ച്, ശുദ്ധമായ ജ്ഞാനം. അതാണ് വേണ്ടത്. പൊതുബോധത്തെ പുനര്‍നിര്‍മിക്കാന്‍ മറ്റെന്തിനാണിനി സാധിക്കുക. തിരുവിതാംകൂറിന്റെ വരണ്ട ചെമ്മണ്ണിളക്കിക്കുതിച്ച ആ 'വില്ലുവണ്ടി' ഇനിയും ഉരുളേണ്ടതുണ്ട്. കേരളത്തിന്റെ ആത്മാവിലൂടെ, ഒരുപാടൊരുപാട് കാലം.

(എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കമ്യൂണിക്കേഷന്‍, നാവിഗേഷന്‍, സര്‍വൈലന്‍സ് വിഭാഗം മാനേജരാണ് ലേഖിക)

Content Highlights: Mahatma Ayyankali Birth anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented