ലളിതാംബിക അന്തർജനം, മാധവിക്കുട്ടി
ലളിതാംബിക അന്തര്‍ജനത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് മാധവിക്കുട്ടി പറഞ്ഞ വാക്കുകള്‍ തനൂജ ഭട്ടതിരി രേഖപ്പെടുത്തുന്നു.
മാധവിക്കുട്ടിയുടെ നിരീക്ഷണങ്ങള്‍ വളരെ പ്രത്യേകതയുള്ളതായിരുന്നു, എന്നും!
അതിമനോഹരമായും കൃത്യമായുമാണ് മാധവിക്കുട്ടി ലളിതാംബിക അന്തര്‍ജനത്തെ മനസ്സിലാക്കിയിരുന്നത്. അന്തര്‍ജനം മരിച്ച സമയത്ത് ആത്മദര്‍ശനത്തോടെ ലളിതാംബിക അന്തര്‍ജനത്തെക്കുറിച്ച് അവര്‍ സംസാരിച്ചു.
ലളിതാംബിക അന്തര്‍ജനത്തോട് സംസാരിച്ചിരിക്കുന്നത് തന്നെ ഒരു റിലാക്‌സേഷനാണ് എന്നായിരുന്നു മാധവിക്കുട്ടി പറഞ്ഞത്..ലിവ് ആന്‍ഡ് ലെറ്റ് ലിവ് ആറ്റിറ്റിയൂഡ് ഉള്ള സ്ത്രീയാണ് ലളിതാംബിക അന്തര്‍ജനം. ഏതുതരക്കാരെയും ടോളറേറ്റ് ചെയ്യാനുള്ള സഹിഷ്ണുതയുണ്ടെന്നും മാധവിക്കുട്ടി അന്തര്‍ജനത്തെ വിലയിരുത്തുന്നു.
ജീവിതമുടനീളം തന്നെ വിമര്‍ശിക്കുന്നവരെയും, കൂടാതെ സമൂഹത്തില്‍ നിന്നും സമുദായത്തില്‍ നിന്നും മാറ്റി നില്‍ക്കപ്പെട്ടവരെയും ഒക്കെ ഒരേ മനസോടെ അന്തര്‍ജനം കണ്ടിരുന്നു എന്നത് അവരെ അറിയാവുന്ന ആര്‍ക്കും അറിയാം.
പല പുരുഷന്മാരാല്‍ ഉപയോഗിക്കപ്പെട്ട താത്രിക്കുട്ടിയെ അംഗീകരിക്കുന്ന 'പ്രതികാരദേവത' എന്ന കഥ എഴുതിയപ്പോള്‍ എന്നാല്‍ ഒരു താത്രീ ശ്ലോകം എഴുതി സന്ധ്യക്ക് ജപിക്കൂ എന്ന് പറഞ്ഞ പുരുഷന്മാരോട്' നിങ്ങള്‍ക്കല്ലേ താത്രിയെ പൂര്‍ണമായി അറിയൂ, പറയൂ...അവരുടെ കഥ... ഞാന്‍ എഴുതാം' എന്ന് അന്തര്‍ജനം മറുപടി പറയുകയുണ്ടായി.
മാധവിക്കുട്ടി അന്തര്‍ജനത്തെ ഇങ്ങനെയും അടയാളപ്പെടുത്തുന്നു: 'ലളിതാംബിക അന്തര്‍ജനം മറ്റുള്ളവരെ അംഗീകരിക്കും, പുതിയ ചലനങ്ങളെ എല്ലാം വെല്‍ക്കം ചെയ്യും, അതുവരെ അവര്‍ നിന്ന സ്ഥലത്തുനിന്ന് അവരെ ഉയര്‍ത്തി. ആ അര്‍ത്ഥത്തില്‍ അവര്‍ മോഡേണായിരുന്നു വളരെ മോഡേണ്‍ ആയ മനസ്സായിരുന്നു അവരുടേത്.'
മാധവിക്കുട്ടി അങ്ങനെ പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു സ്ത്രീയുടെ ചിത്രം രൂപപ്പെട്ടുവരുന്നുണ്ടെങ്കില്‍ കൃത്യമായും ലളിതാംബിക അന്തര്‍ജനത്തിന്റെ വ്യക്തിത്വത്തിന് ചേര്‍ന്നത് തന്നെയായിരുന്നു അത്.
'ഷി വാസ് എ പവര്‍ഫുള്‍ പേഴ്‌സണാലിറ്റി. ഷീ വാസ് ടവറിങ് എബോവ് എവരിബഡി ഇന്‍ ഹെര്‍ ഹൗസ്...എഴുത്തിലും അതുണ്ട്. ധിക്കാരമാണെന്നൊന്നും പറയാന്‍ പറ്റില്ല. സ്വയം മനസ്സിലായാല്‍ ഒരു ആത്മവിശ്വാസം കിട്ടില്ലേ, അതാണത്. വെറൈറ്റിയില്‍ ഒരു സന്തോഷം കാണുന്ന പ്രകൃതമാണ് അവര്‍ക്ക്. ഐ തിങ്ക് ഷീ ഈസ് എ ട്രൂ ഫെമിനിസ്റ്റ്. ആത്മാഭിമാനത്തിന്റെ തിളക്കമാണ് അവരുടെ കഥകളില്‍... അഗ്‌നിസാക്ഷിയെ ഉറൂബിന്റെ അമ്മിണിയുമായി താരതമ്യപ്പെടുത്തുവാനാണ് എനിക്കിഷ്ടം'- അങ്ങനെ മാധവിക്കുട്ടി പറയുമ്പോള്‍, സംശയിക്കേണ്ട, മാധവിക്കുട്ടി ലളിതാംബിക അന്തര്‍ജനത്തെ കൃത്യമായി മനസ്സിലാക്കിയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
ഇനി പറയുന്നത് ശ്രദ്ധിക്കുക.
'അവര്‍ അങ്ങനെയൊന്നും ചിരിക്കില്ല. ചിരിയില്‍ വളരെ പിശുക്കാണ്. ഒരു മണിക്കൂര്‍ സംസാരിച്ചാല്‍ ഒരുപക്ഷേ ഒന്ന് പുഞ്ചിരിച്ചെന്ന് വരും. ഒരു ചിരി തന്നാല്‍ അത് പൂര്‍ണ്ണ മനസ്സോടെ ഉള്ള ചിരിയാണ്. ഐ തിങ്ക് ഷീ ഹാഡ് എ വെരി ബ്യൂട്ടിഫുള്‍ സ്മൈല്‍. അതൊരു വലിയ അസെറ്റ് ആണ്. ജീവിതം മുഴുവന്‍ മാറ്റാന്‍ കഴിയും നമുക്കൊരു സ്‌മൈല്‍ ഉണ്ടെങ്കില്‍.
ധീരയായ സ്ത്രീയാണ് അന്തര്‍ജനം എന്ന് എനിക്ക് മനസ്സിലാകും. പരിഷ്‌കാരമുള്ള സ്ത്രീ! പലസ്ഥലങ്ങളിലൂടെ ജീവിച്ച് പെന്‍ഷന്‍പറ്റി എല്ലാം റിനൗണ്‍സ് ചെയ്ത് ഏകാന്തമായ ഒരിടത്ത് വിശ്രമജീവിതം നയിക്കുന്നതായി അവരുടെ കഥകളിലുണ്ട്. ഓരോ സ്ഥലത്തും ഓരോ മുഖം ഉണ്ടായിരിക്കും. ഒരു സ്ത്രീയുടെ പല മുഖങ്ങളും അന്തര്‍ജനത്തിന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ട്. ഓരോരോ സ്ഥലത്തും ഓരോ മുഖം. ഒരു സ്ത്രീക്ക് പതിനഞ്ചുമുഖം ഉണ്ടാവും. ഒരു സ്ത്രീക്ക് പല അവതാരങ്ങളും ഉണ്ടാകും സോ യു കാന്റ് ജഡ്ജ് എ പേഴ്‌സണ്‍ ബൈ ജഡ്ജിങ് എ ഹോള്‍ ലൈഫ്.
ഒരു ജീവിതത്തില്‍ ലക്ഷക്കണക്കിന് ജീവിതങ്ങളാണ്. അതാണ് അന്തര്‍ജനം പറയുന്നത് ടോട്ടല്‍ ജഡ്ജ്‌മെന്റ് വയ്യ എന്ന്!
അതുകൊണ്ടാണ് ഒരു ജീവിതത്തെയും ഒരു മനുഷ്യനെയും ലളിതാംബിക അന്തര്‍ജനം തള്ളിക്കളയാത്തത്. ആരിലുമുണ്ട് മറ്റൊരാള്‍ എന്നത് സദാ ഓര്‍ക്കുന്ന ആളായിരുന്നു അന്തര്‍ജനം.'
മാധവിക്കുട്ടിയുടെ വാക്കുകളെത്ര സത്യം!
'നമ്പൂതിരി സമുദായം പൊതുവെ പാട്രിയാര്‍ക്കല്‍ സൊസൈറ്റി ആണ്. ആ പാട്രിയര്‍ക്കല്‍ സൊസൈറ്റിയില്‍ ഒരു മേട്രിയാര്‍ക് ആയി ജീവിച്ചയാളാണ് ലളിതാംബിക അന്തര്‍ജനം. അവരുടെ വാക്കാണ് കുടുംബത്തില്‍ നിയമം. ഐ തിങ്ക് ഷീ വാസ് വെരി മോഡേണ്‍. ഭാഷയില്‍ നിന്നല്ല ചിന്തയില്‍ നിന്നാണ് അവര്‍ മോഡേണ്‍ ആയത്.' നൂറുശതമാനം ശരിവെക്കാവുന്ന വാക്കുകള്‍...ഏറ്റവും പുതിയ തലമുറയിലെ ആശയങ്ങള്‍ പോലും അംഗീകരിച്ചിരുന്ന ആള്‍. ശാസ്ത്രീയമായി എല്ലാം നോക്കിക്കണ്ടയാള്‍.
ജീവിതം മുഴുവന്‍ നിരീക്ഷിക്കുമ്പോള്‍ തീരെ ചെറിയ കുട്ടികളോടും, ഒരുപാട് പ്രായമായി മാറ്റം ആഗ്രഹിക്കാത്ത ജീവിതം നയിക്കുന്നവരോടും ഉള്ളതിനേക്കാള്‍ അന്തര്‍ജനം കൂട്ടുകൂടാനും ആശയവിനിമയം നടത്താനും ആഗ്രഹിച്ചത് ബുദ്ധികൊണ്ടും മനസ് കൊണ്ടും ശരീരം കൊണ്ടും ഊര്‍ജ്വസ്വലരായി നില്‍ക്കുന്നവരോടാണ്...
'ഇനി ഓണം വിശേഷാല്‍ പ്രതികളില്‍ ലളിതാംബിക അന്തര്‍ജനം എന്ന പേര് വെച്ച ആദ്യത്തെ കഥ ഉണ്ടാകില്ല. ആദ്യത്തെ ഇതള്‍ പോയി' ലളിതാംബിക അന്തര്‍ജനം മരിച്ചപ്പോള്‍ മാധവിക്കുട്ടി അവസാനമായി കുറിച്ചു.
Content Highlights: Madhavikutty, Lalithambika Antharjanam, Thanuja Bhattathiri, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..