മറ്റുള്ളവരെ പേടിച്ച് പ്രണയത്തെ അടക്കിവെക്കരുത്, എന്റെ ശവക്കുഴിയില്‍ പൂവിട്ടിട്ട് കാര്യമില്ല!


സുനീത ബാലകൃഷ്ണൻ

4 min read
Read later
Print
Share

മാധവിക്കുട്ടി

മാധവിക്കുട്ടിയുടെ പതിനാലാം ഓര്‍മദിനത്തില്‍ സുനീത് ബാലകൃഷ്ണന്‍ എഴുതുന്നു.

ന്നലെ തിരുവനന്തപുരം പാളയം പള്ളിയുടെ മുന്‍പില്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ട് കുറച്ചുനേരം നില്‍ക്കേണ്ടി വന്നപ്പോള്‍ മനസ്സില്‍ വന്നത് മാധവിക്കുട്ടിയായിരുന്നു. അവിടെയാണ് മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമലാസുരയ്യ അന്ത്യവിശ്രമം കൊള്ളുന്നത്. അന്ത്യവിശ്രമം എന്ന വാക്കിന്റെ ജഡഭാവം പെട്ടെന്ന് മനസ്സില്‍ ഒരു നീറ്റലുണ്ടാക്കി. എണ്‍പതുകളില്‍ തിരുവനന്തപുരത്തെ സാഹിത്യസാംസ്‌കാരിക വേദികളില്‍ പാറിനടന്ന അവരെ കണ്ടിരുന്നത് അങ്ങനെയല്ലല്ലോ. പ്രണയം തുടിക്കുന്ന തീഷ്ണമായ തിളങ്ങുന്ന വലിയ കണ്ണുകള്‍, അഴിച്ചിട്ട നീണ്ട, ചുരുണ്ട മുടി, അലസമായി ഉടുത്ത സാരി മിക്കവാറും തോള് മൂടിയിട്ടിരിക്കും. ഗൗരവത്തിനൊടുവില്‍ ചിരിക്കുമ്പോള്‍ അവിടെയൊരു നിലാവുദിച്ചതുപോലെ...

കൗമാരത്തിന്റെ വിവിധ കാലങ്ങളില്‍ നിന്നിരുന്ന ഞങ്ങള്‍ക്ക് കമലാദാസ് ഒരു വിഗ്രഹമായിരുന്നു...അല്ല, ഒരു വിളക്ക് തന്നെ.

അക്കാലത്ത് തിരുവനന്തപുരത്തെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരെയും കലാകാരന്മാരെയും കാണുവാന്‍ പ്രയാസമുണ്ടായിരുന്നില്ല. ഒ.എന്‍.വി ഞങ്ങളുടെ ഗവ. വിമെന്‍സ് കോളജില്‍ തന്നെ പഠിപ്പിക്കുകയാണ്. സുഗതകുമാരി ഞങ്ങളുടെ പ്രിന്‍സിപ്പലായ പ്രൊഫ. ഹൃദയകുമാരിയുടെ അനുജത്തിയാണ്. കോളേജ് ഗേറ്റിനോട് ചേര്‍ന്നുള്ള വഴിയിലൂടെ വിഷ്ണുനാരായണന്‍ നമ്പൂതിരി നടന്നുപോകുന്നത് എന്നും കാണും. നരേന്ദ്രപ്രസാദ് അടുത്തുള്ള യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിപ്പിക്കുന്നു.

ഏതായാലും മിക്ക വേദികളിലും ഇവരെല്ലാവരും കാണാം. കടമ്മനിട്ട, കാവാലം...അങ്ങനെ എത്രയെത്ര നിറഞ്ഞുകത്തുന്ന നിലവിളക്കുകള്‍. ഇവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ആകര്‍ഷണമായിരുന്നു കമലാദാസിനോട്. ...

The language I speak becomes mine.

I speak in three languages, write in two, dream in one.

You cannot believe, darling,
Can you, that I lived in such a house and
Was proud, and loved.... I who have lost
My way and beg now at strangers' doors to
Receive love, at least in small change? എന്നൊക്കെ എഴുതി ഞങ്ങളെ ഹിപ്നോട്ടൈസ് ചെയ്ത കവി ഒരുപാട് ദൂരെ കാണുന്ന ഒരു ദീപസ്തംഭമായിരുന്നു. ഞങ്ങളുടെ വഴികാട്ടി. ഒപ്പമുള്ളവരില്‍ നിന്നും വ്യത്യസ്ത എന്ന് വെറുതെ പറഞ്ഞാല്‍ പോരാ... ഇതൊക്കെ അവരും അവരുടെ എഴുത്തും പിന്നീട് തെളിയിച്ച സംഗതികളായിരുന്നല്ലോ.

'എന്റെ കഥ' ഓളമുണ്ടാക്കിയത് ഇതിനും ഒരു പതിറ്റാണ്ടു മുമ്പാണ്. അതിന്റെ ബഹളമൊക്കെ അടങ്ങിയ ശേഷമാണ് അവരുടെ ഇംഗ്ലീഷ് കവിയുടെ വരികള്‍ ഒരു തലമുറയുടെ അസ്ഥിക്ക് പിടിക്കുന്ന ലഹരിയാകുന്നത്. അവരുടെ ഇംഗ്ലീഷ് കവിതാസമാഹാരങ്ങള്‍ മൂന്നെണ്ണം അന്ന് ലഭ്യമായിരുന്നു എന്ന് തോന്നുന്നു. Summer in Calcutta, The Old Play House, Tonight this Savage Rite. ഇതൊന്നും അന്ന് അത്ര എളുപ്പം കയ്യില്‍ കിട്ടുമായിരുന്നില്ല. പുസ്തകങ്ങള്‍ കിട്ടുമ്പോള്‍ കവിതകള്‍ ഡയറിയില്‍ പകര്‍ത്തി സൂക്ഷിക്കും. 1982-ലെ കാര്യമാണ.്

ഞാന്‍ ഡിഗ്രി ഒന്നാം വര്‍ഷമാണ്. അക്കൊല്ലം കോളേജ് യൂണിയനില്‍ ഭാരവാഹികള്‍ ഒന്നിനൊന്നു മിടുക്കികളായ കൂട്ടുകാരികളാണ്. ജനറല്‍ സെക്രട്ടറിയായ അനുരാധ കടുത്ത സാഹിത്യകുതുകിയാണ്. അസ്സല്‍ എഴുത്ത്, പരന്ന വായന. എവിടെ പോയാലും കോളേജിന് അഭിമാനം ഉണ്ടാക്കുന്ന പെരുമാറ്റവും കഴിവുമുള്ള ആകര്‍ഷക വ്യക്തിത്വം...

ഞങ്ങള്‍ക്ക് ഒരു കവിതാസമിതിയുണ്ട്. പോയെട്രി ക്ലബ്ബെന്നും ചിലപ്പോള്‍ പറയും. മാധവിക്കുട്ടിയെ ക്ഷണിക്കാനാണ് പ്ലാന്‍. പക്ഷെ കട്ടഫാനായ ജനറല്‍ സെക്രട്ടറിക്ക് ഒരു മടി. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് മാധവിക്കുട്ടിയെ നേരിട്ടുപോയി ക്ഷണിച്ചതാണ്.'എന്റെ പട്ടിക്കുഞ്ഞു മരിച്ചു, വരാന്‍ പറ്റില്ല' എന്ന് തീര്‍ത്തു പറഞ്ഞ് വരാന്‍ കൂട്ടാക്കിയില്ല.

മാധവിക്കുട്ടി ഭയങ്കര സെന്‍സിറ്റിവാണെന്നറിയാം. ഇമ്പള്‍സിവും. ഇനി ചോദിക്കുന്നതെങ്ങനെ. മറ്റാരും വേണ്ട, പക്ഷേ കവിതയെന്നാല്‍ ഞങ്ങള്‍ക്ക് പര്യായം കമലാദാസ് തന്നെ.

കൂട്ടത്തിലൊരാള്‍ പറഞ്ഞു, ഒന്നുകൂടെ പോയി സംസാരിച്ചുനോക്കൂ.

അങ്ങനെ പിറ്റേന്ന് മാധവിക്കുട്ടിയെ കാണാന്‍ അവരുടെ വീട്ടില്‍ പോയി. അനുരാധ ഒറ്റയ്ക്കാണ് പോയത്. അന്ന് മാധവിക്കുട്ടി താമസിക്കുന്നത് കുറവങ്കോണത്തിനും കവടിയാറിനും ഇടയ്ക്കാണ്. സുഹൃത്ത് കയറിച്ചെന്നപ്പോള്‍ ഉച്ചനേരം. കവി ഒരു ചാരുകട്ടിലില്‍ കിടക്കുകയാണ്. മുണ്ടും മേല്‍മുണ്ടും വേഷം...തീക്ഷ്ണമായി ജ്വലിക്കുന്ന സൗന്ദര്യം.

അവള്‍ കാര്യം പറഞ്ഞു.

ആരാണ് ഈ പോയെട്രി ക്ലബ് ഉണ്ടാക്കിയത് എന്നായി കമല.
ലിറ്ററേച്ചര്‍ സ്റ്റുഡന്റ്‌സും കവിത ഇഷ്ടമുള്ളവരും ഒക്കെ കൂടെ ചേര്‍ന്ന്- അനുരാധ പറഞ്ഞു.
ഞാന്‍ എന്താ വേണ്ടേ എന്ന് കമല.
ഒന്ന് വരണം- അനുരാധ പറഞ്ഞു.

കമലയുടെ മകന്‍ മോനു അവിടെയുണ്ട്. അമ്മയ്ക്ക് വയ്യ എന്ന് മകന്‍ പറഞ്ഞു. ഞങ്ങള്‍ വന്ന് കൊണ്ടുപോയിക്കോളാം, ഒരു മണിക്കൂര്‍ കഴിഞ്ഞു
തിരിച്ചുകൊണ്ടാക്കാം. എന്ന് വിനയത്തോടെ അനുരാധ അറിയിച്ചു.
അപ്രതീക്ഷിതമായി പിന്നെ കേട്ട വാചകമാണ് അവള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നത്...
കമല ഇങ്ങനെ പറയുന്നു: I am looking at the most beautiful face in the world. How can I say no?
അവളുടെ മനസ്സ് നിറഞ്ഞു. ഒന്നും മിണ്ടാന്‍ വയ്യാത്ത അവസ്ഥ.
അവിടെയുള്ള കുട്ടികളൊക്കെ എന്റെ കവിത വായിക്കുമോ എന്ന് കമല.
ആരാണ് വായിക്കാത്തത് എന്നായി അനുരാധ.

എന്നിട്ടും കമലയ്ക്ക് ഒരു ചെറിയ സംശയം ബാക്കി. അത് അവര്‍ തുറന്നുചോദിച്ചു. അന്ന് കമലയുടെ ചില തുറന്നെഴുത്തുകളോട് താല്പര്യമില്ലാത്ത ആളുകളും തിരുവനന്തപുരത്തുണ്ട്...വേറെ ഒരു തലമുറയിലെ വായനക്കാര്‍. അതായിരുന്നിരിക്കാം മനസ്സില്‍.
ആര്‍ക്കാണ് ഇഷ്ടമില്ലാത്തെ? എന്താ അങ്ങനെ ചോദിക്കുന്നത് അനുരാധ ചോദിച്ചു.

ഇതിനു മറുപടിയായി പറഞ്ഞത് അവളുടെ കൂട്ടുകാരായ ഞങ്ങളും കൂടി നാല്‍പതുകൊല്ലത്തിനിപ്പുറവും നെഞ്ചോടുചേര്‍ക്കുന്ന വാക്കുകളാണ്. കമല പറഞ്ഞത് ഇങ്ങനെ:

''ഞാന്‍ എന്റെ മനസ്സ് പറയുന്നതാണ് എഴുതുന്നത്. അത് മാത്രമേ ഞാന്‍ എഴുതാറുള്ളൂ. അതെഴുതുമ്പോള്‍ ഞാനാണ് ആ രാജ്യത്തെ ചക്രവര്‍ത്തി. ആ കിരീടവും ചെങ്കോലും എന്റെയാണ്. പറയുമ്പോഴാണ്, എനിക്ക് മനസ്സിലാകുന്നത്, ആളുകള്‍ അതിലെന്തോ കുഴപ്പം കാണുന്നുണ്ട് എന്ന്. പക്ഷെ എനിക്കൊന്നും തോന്നില്ല. ഞാന്‍ എന്റെ മനസ്സ് പറയുന്നത് എഴുതുന്നു.

സ്‌നേഹം ന്നു പറഞ്ഞാല്‍ എനിക്ക് കാണിക്കാനുള്ള ഒന്നാണ്. എനിക്കിപ്പോ നിന്നെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കണം അതാ എനിക്ക് തോന്നുന്നത്. അത് ഞാന്‍ ചെയ്യും. അതാ ഞാന്‍ ഇപ്പൊ ചെയ്യുന്നത്. കാലില്‍ കെട്ടിട്ട് ഒരു കിളിയെ പറത്തിവിടാന്‍ പറ്റുമോ? അതിനു പറക്കാന്‍ പറ്റുമോ? ഇല്ല. അങ്ങനെ ആ കെട്ടില്ലാതെ നമ്മള്‍ മനസ്സിനെ പറത്തിവിടണം. ആ പ്രണയത്തെ പറത്തിവിടണം. അത് എവിടെയോ പോട്ടെ. ബാക്കി ഉള്ളവര്‍ എന്താ ചിന്തിക്ക്യാ എന്നൊക്കെ ആലോചിച്ചു അടങ്ങിയിട്ട്, അടക്കിവച്ചിട്ട് നടന്നാല്‍ നമ്മള്‍ മരിച്ചുപോകും. പിന്നെ എന്റെ ശവക്കുഴിയില്‍ പൂവിട്ടിട്ട് കാര്യമില്ല. പിന്നെ ആലോചിക്കാന്‍ നമ്മളില്ലല്ലോ.

ഒരൊറ്റ മതമേ ഉള്ളൂ. അത് സ്‌നേഹത്തിന്റെ പ്രണയത്തിന്റെ മതമാണ്. ഞാന്‍ ആലോചിക്കുകയാണ് ഞാന്‍ ഒരു പുതിയ മതം സ്ഥാപിച്ചാലോ എന്ന്. സ്‌നേഹത്തിന്റെ മതം.
I plan to found a new religion.

എനിക്ക് ചെറുപ്പക്കാരായ സുന്ദരിമാരോട് സംസാരിച്ചിരിക്കാന്‍ വല്യ ഇഷ്ടമാണ്. ഞാന്‍ വരും. എനിക്ക് സുന്ദരിമാരെ കാണണം, സംസാരിക്കണം.''

ശ്രീകോവിലിനകത്തു നിന്ന് വിഗ്രഹം ഇറങ്ങിവന്നു അനുഗ്രഹിച്ച പോലെ അനുരാധയ്ക്ക് കമല അന്നുകൊടുത്ത ഉമ്മ ഞങ്ങളുടെ ഒരു തലമുറ മുഴുവന്‍ ഇന്നും അനുഭവിക്കുന്നു.

അനുരാധയ്ക്ക് ഇന്ന് അറുപത് തികഞ്ഞു.

Content Highlights: Madhavikutty, Suneetha Balakrishnan, mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Jayamohan

8 min

'ഇന്നത്തെ നോവല്‍: ചെറുത്തുനില്‍പ്പിനായി നാമെഴുതുന്ന ഭാവനാത്മകമായ സ്വപ്നം': ജയമോഹന്‍

Sep 22, 2023


puthezhath raman menon

3 min

പുത്തേഴത്ത് രാമന്‍ മേനോനും മലയാളഭാഷയും ഭാവനയും

Sep 22, 2023


S. Sithara, Indu Menon, K.Rekha

10 min

'ഒരു ഭാര്യയെ തരൂ, കേരളത്തിലിരുന്നുകൊണ്ട് മാര്‍ക്കേസ് ആവുന്നത് കാണിച്ചുതരാം!'

Sep 19, 2023


Most Commented