ജയ്സൂര്യദാസ്, മാധവിക്കുട്ടി
'സ്‌നേഹിക്കാന്‍ മാത്രമേ അമ്മയ്ക്കറിയുമായിരുന്നുള്ളൂ, ആവോളം സ്‌നേഹിച്ചു'- മാധവിക്കുട്ടിയുടെ മകന്‍ ജയ്സൂര്യ.
മാധവിക്കുട്ടിയുടെ പതിനാലാം ഓര്‍മദിനത്തില്‍ മകന്‍ ജയ്സൂര്യദാസ് സംസാരിക്കുന്നു.
അമ്മയുടെ പതിനാലാം ഓര്‍മദിനമാണ്. ഓര്‍മയില്‍ അമ്മ എല്ലായ്‌പ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഞാനും ചിന്നനും മോനുവും മൂന്നിടങ്ങളിലാണ് താമസിക്കുന്നത്. ഇന്ന് രാവിലെത്തന്നെ ഞങ്ങള്‍ പരസ്പരം സംസാരിച്ചു. അമ്മയുടെ ഓര്‍മദിനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ചെയ്തുവരുന്നതുപോലെ അമ്മയ്‌ക്കേറ്റവും ഇഷ്ടപ്പെട്ടവരായ അനാഥരായ (ഒരിക്കലും അങ്ങനെ പറയാന്‍ അമ്മ അനുവദിച്ചിരുന്നില്ല) കുട്ടികള്‍ക്ക് ഭക്ഷണവും മധുരവും നല്‍കി. പൂനെയിലെ അനാഥാലയത്തില്‍ അമ്മയ്ക്കുവേണ്ടി അവര്‍ പ്രാര്‍ഥന ചൊല്ലി. വേര്‍പാട് എല്ലാവരുടെ ജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്. അത് നമുക്ക് തടയാന്‍ പറ്റില്ല. അമ്മ പ്രത്യക്ഷത്തില്‍ ഇപ്പോള്‍ കൂടെയില്ല എന്നു മാത്രമേ വിശ്വസിക്കാന്‍ തരമുള്ളൂ. അമ്മ ഞങ്ങള്‍ മക്കളിലൂടെയും പേരക്കുട്ടികളിലൂടെയും അതിസുന്ദരമായി ജീവിക്കുന്നുണ്ട്. രാവിലെ മുതല്‍ ഒരുപാട് ആളുകള്‍ വിളിക്കുന്നുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ കമലാദാസിനെക്കുറിച്ചും ആമിയോപ്പുവിനെക്കുറിച്ചും മാധവിക്കുട്ടിയെക്കുറിച്ചും പറയാനുണ്ടായിരുന്നു. അതെല്ലാം കേട്ടു. അവരെയൊക്കെ കേള്‍ക്കുക എന്നത് അമ്മയോടും കൂടിയുള്ള ഉത്തരവാദിത്തമാണ്. അമ്മയെ കണ്ടറിഞ്ഞ, വായിച്ചറിഞ്ഞ എല്ലാവര്‍ക്കും അമ്മയെ മിസ് ചെയ്യുന്നുണ്ട് എന്നറിയുമ്പോള്‍ അമ്മ എത്ര ഭാഗ്യവതിയാണെന്ന് ഓര്‍ക്കുകയാണ്.
അവസാനകാലത്തെ രണ്ടു വര്‍ഷം അമ്മ എന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. അമ്മയുടെ അതുവരെയുള്ള സ്വഭാവത്തില്‍നിന്നു മാറി വേറൊരു ഭാവം ഞങ്ങള്‍ കണ്ടു. അമ്മ കൂടുതല്‍ ഫ്രണ്ട്‌ലിയായി മാറി. കുട്ടികളുടെ കൂടെ കുറേ സമയം ചെലവഴിക്കാന്‍ അമ്മയ്ക്കു പറ്റി. അമ്മയുടെ തമാശകളും കഥകളും ആളുകളെ ഫൂളാക്കുന്ന വിദ്യകളുമെല്ലാം പേരക്കുട്ടികളോട് പറഞ്ഞ് അമ്മ പൊട്ടിച്ചിരിക്കുമായിരുന്നു.
സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും നല്ലൊരു കാലം ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടാണ് അച്ഛനും അമ്മയും വിടപറഞ്ഞത്. അച്ഛന്‍ അമ്മയെ എക്കാലവും പ്രോത്സാഹിപ്പിച്ചു. അമ്മ അച്ഛനില്‍നിന്നു കിട്ടിയ ഊര്‍ജം കൊണ്ടെഴുതി. അമ്മ എല്ലാറ്റിലും സന്തോഷം കണ്ടെത്തി. നല്ല കഥകളെഴുതി. അച്ഛനും അമ്മയും കൂടെയില്ലാത്ത ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയതുപോലെ പലപ്പോഴും ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. മോനുവും ചിന്നനും ഞാനും ഒന്നിച്ചുകൂടുമ്പോഴെല്ലാം അമ്മയുടെ വിക്രസ്സുകഥകള്‍ പറഞ്ഞ് ചിരിക്കാറുണ്ട്. ഒരേ കഥ പല സന്ദര്‍ഭങ്ങളില്‍, പല കഥാപാത്രങ്ങളായി, പല ഭാഷകളില്‍ പറയാന്‍ അമ്മയ്ക്ക് സാമര്‍ഥ്യമുണ്ടായിരുന്നു.
കുട്ടിക്കാലത്ത് ഞങ്ങള്‍ക്ക് പറഞ്ഞുതരുന്ന എല്ലാ കഥകളിലെയും അടിസ്ഥാന പ്രമേയം ഒന്നായിരിക്കും. പക്ഷേ, അതിനെ വിപുലീകരിച്ച്, ആംഗിളുകള്‍ മാറ്റി അമ്മ പുതിയതാക്കിയെടുക്കുമായിരുന്നു. എന്നും വൈകുന്നേരം അച്ഛന്‍ വന്നാല്‍ ആദ്യം ചോദിക്കുന്നത് ഇന്നത്തെ കഥ എന്തായിരുന്നുവെന്നാണ്. അതൊരു ത്രില്ലറായിരുന്നു എന്നുപറഞ്ഞ് അമ്മ വിശദീകരിക്കാനിരിക്കും. പക്ഷേ, അമ്മയുടെ വിശദീകരണത്തില്‍ അത് പുതിയ കഥയായി മാറിക്കഴിഞ്ഞിരിക്കും. വളരെ ചെറിയ സംഗതികള്‍ക്കുപോലും അമ്മയുടെ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ പറ്റിയിരുന്നില്ല. അത്ഭുതകരമായ ഭാവനയുണ്ടായിരുന്നു. കഥ കേള്‍ക്കുന്ന പ്രായത്തില്‍ ആവോളം അത് കേള്‍ക്കാനും ആസ്വദിക്കാനും ഇളയമകനായ എനിക്ക് മൂത്തവരേക്കാള്‍ ഭാഗ്യമുണ്ടായി.
അമ്മ ഈ പ്രപഞ്ചത്തില്‍ത്തന്നെ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ്. അക്ഷരങ്ങളുടെ കനം കൊണ്ട് അമ്മയിരിക്കുന്ന തുലാസ് എക്കാലവും താഴ്ന്നുതന്നെയിരിക്കും. മലയാളസാഹിത്യവും ജനങ്ങളും അമ്മയെ തങ്ങളുടെ മനസ്സിലാണ് കുടിയിരിത്തിയിരിക്കുന്നത്. തിരുവനന്തപുരം പാളയം പള്ളിയിലേക്കുള്ള അമ്മയുടെ വിശ്രമയാത്രയില്‍ വെയിലും മഴയും വകവെക്കാതെ അനുഗമിച്ച പതിനായിരക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലാണ് അമ്മ പ്രതിഷ്ഠിക്കപ്പെട്ടത്. മക്കളായ ഞങ്ങള്‍ക്ക് ആ കാഴ്ച തന്ന വികാരം വിവരണാതീതമാണ്. ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്ന സന്ദേശമാണ് ആ ജനങ്ങള്‍ തന്നത്. സ്‌നേഹിക്കാന്‍ മാത്രമേ അമ്മയ്ക്കറിയുമായിരുന്നുള്ളൂ. അമ്മ എല്ലാവരേയും ആവോളം സ്‌നേഹിച്ചു. ആ സ്‌നേഹത്തിന്റെ പേരില്‍ ഈ ഓര്‍മദിനത്തില്‍ എല്ലാവരോടും നന്ദി പറയുന്നു.
Content Highlights: Madhavikutty, Kamaladas, Kamalasurayya, Mathrubhumi, Jaisurya Das
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..