'ശേഷക്രിയ'യും 'മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങളും' എം. സുകുമാരന് മാത്രം സാധ്യമാവുന്നത്


By അനില്‍ വള്ളത്തോള്‍

2 min read
Read later
Print
Share

എഴുത്തുകാരന്‍ എം. സുകുമാരന്റെ അഞ്ചാം ചരമവാര്‍ഷികം.

എം. സുകുമാരൻ

മലയാളസാഹിത്യം ഇനിയും നടന്നുപതിയാത്ത വഴികളിലേക്ക് വായനക്കാരെയും കൂട്ടി നടക്കാനിറിങ്ങിയ കഥാകൃത്താണ് എം. സുകുമാരന്‍. അദ്ദേഹത്തിന്റെ തെളിഞ്ഞ ചിരിയില്‍ കേരള സംസ്‌കാരവും രാഷ്ട്രീയവും സാമൂഹ്യബന്ധങ്ങളും ബന്ധനങ്ങളും തെളിഞ്ഞുതന്നെ നിന്നിരുന്നു. കഥാകൃത്ത് അന്തരിച്ചിട്ട് അഞ്ച് വര്‍ഷം തികയുന്നു. ആരായിരുന്നു എം. സുകുമാരന്‍ എന്ന് ഡോ. അനില്‍ വള്ളത്തോള്‍ അനുസ്മരിക്കുന്നു.

മലയാളസാഹിത്യത്തില്‍ പലതുകൊണ്ടും വേറിട്ടുനില്‍ക്കുന്ന കഥാകൃത്തുക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തു നിലകൊള്ളുന്ന പേരാണ് എം. സുകുമാരന്റേത്. അദ്ദേഹം എന്നും പറഞ്ഞുകൊണ്ടിരുന്നത് സാധാരണക്കാരന്റെ ജീവിതത്തെക്കുറിച്ചായിരുന്നു. അവന്റെ വേദനകളെ വിപ്‌ളവാത്മകമായ മനസ്സോടെ നിരീക്ഷിച്ച ഒരു കഥാകൃത്താണ് എം. സുകുമാരന്‍. പ്രശസ്തനായ കഥാകൃത്ത് മണ്‍മറഞ്ഞിട്ട് അഞ്ചു വര്‍ഷമായി. 2018 മാര്‍ച്ച് പതിനാറിനായിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അദ്ദേഹം കഥാവശേഷനായിട്ടും അദ്ദേഹത്തിന്റെ കഥകളിലേതുപോലെയുള്ള ഒരു വിപ്‌ളവാത്മകമായ ചലനം പിന്നീട് ഉണ്ടായിട്ടില്ല എന്നു വേണം പറയാന്‍.

എന്തായിരുന്നു എം. സുകുമാരന്റെ വ്യതിരിക്തത? മലയാളത്തില്‍ രാഷ്ട്രീയകഥ അതിന്റെ ശരിയായ അര്‍ഥത്തില്‍ ആദ്യമായി അവതരിപ്പിച്ചത് എം. സുകുമാരനാണ്. 'ശേഷക്രിയ'യും 'മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങളും' എല്ലാം അതിന് ഉദാഹരണങ്ങളാണ്. മനുഷ്യന്‍ എന്ന യാഥാര്‍ഥ്യത്തെ വിസ്മരിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തനവും രാഷ്ട്രീയമല്ല എന്നുറച്ചു വിശ്വസിച്ച ആളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തെ പരിപൂര്‍ണമായും പിന്തുടരുവാന്‍ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചതുമില്ല. പീഡിതരായ ആളുകളുടെ മോചനം എന്നായിരിക്കും, എങ്ങനെയായിരിക്കും സാധ്യമാവുക എന്നദ്ദേഹം നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു.

പക്ഷേ സുകുമാരന്റെ കഥകളെ വേണ്ടവിധത്തില്‍ പഠനവിധേയമാക്കിയിട്ടുണ്ടോ എന്ന കാര്യം ഇനിയും സംശയകരമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥകളുടെ പ്രബോധനാത്മകതയെയും അദ്ദേഹത്തിന്റെ അധ്യാപനത്വരയെയും മറ്റും ഇടതുപക്ഷയുക്തികളെക്കൊണ്ട് അളക്കുകയും വിമര്‍ശവിധേയമാക്കുകയും ചെയ്യുകയാണ് പലപ്പോഴും ചെയ്തുപോന്നിരുന്നത്. എന്നാല്‍ എം. സുകുമാരന്‍ എന്ന കഥാകൃത്തിനെക്കുറിച്ചു പഠിക്കണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ആദ്യകാല കഥകള്‍ തൊട്ടേ പഠിക്കേണ്ടതുണ്ട്. ഏകാകികളും പരിത്യക്തരും ആയവരുടെ മനസ്സിനെ വ്യവച്ഛേദിച്ചുകാണിക്കുവാന്‍ സുകുമാരന്‍ ആദ്യകാല കഥകള്‍ തൊട്ടേ പരിശ്രമിച്ചിട്ടുണ്ട്. വിശപ്പിന്റ രാഷ്ട്രീയവും വാര്‍ധക്യത്തിന്റെ നിസ്സഹായതയും അധികാരത്തിന്റെ ക്രൂരമായ പ്രയോഗവുമൊക്കെ അനുഭവിക്കുന്ന കഥാപാത്രങ്ങളെ സുകുമാരന്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. നിസ്സഹായമായ സ്ത്രീ മനസ്സുകളെ കാണിച്ചു തന്ന് സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് പണ്ടേ തന്നെ വ്യക്തമാക്കിത്തന്ന ഒരു കഥാകൃത്താണ് എം. സുകുമാരന്‍. അദ്ദേഹത്തിന്റെ ആദ്യകാലകഥകളെയൊന്നും, പ്രത്യേകിച്ച് 'മനക്കണക്ക്' പോലെയുള്ള കഥകളെയൊന്നും ആ നിലയ്ക്ക് പലരും പഠിച്ചിട്ടില്ല.

രാഷ്ട്രീയമായ അന്യാപദേശ കഥകള്‍ എഴുതിയ എഴുത്തുകാരനെന്ന മട്ടില്‍ മാത്രം ഉപരിപ്ലവമായി നിരീക്ഷിക്കുന്ന ഒരു പതിവും സുകുമാരകഥാലോകത്തെക്കുറിച്ച് വിശകലനം ചെയ്യുന്നവര്‍ കാണിച്ചു പോന്നിട്ടുണ്ട്. സുകുമാരന്റെ ചരമദിനം ആചരിക്കുന്ന ഈ വേളയിലെങ്കിലും നമ്മള്‍അദ്ദേഹം രചിച്ചിട്ടുള്ള കഥകളെയും നോവലുകളെയും മറ്റ് തരത്തിലുള്ള രചനകളെയുമൊക്കെ ലാവണ്യത്തിന്റെ പ്രയോഗം എപ്രകാരമാണ് സമഞ്ജസമായി കൂട്ടിയിണക്കുക എന്ന് അന്വേഷിക്കുന്ന ഒരു വിശകലനാത്മകയുക്തി കൊണ്ട് പരിശോധിക്കാവുന്നതാണ്. സുകുമാരന്റെ കഥകളെ നൂതനമായ ഒരു സൗന്ദര്യാത്മക പരിപ്രേക്ഷ്യത്തില്‍ വച്ചുകൊണ്ട് അപഗ്രഥിച്ചു കഴിഞ്ഞാല്‍ ഇനിയും അദ്ദേഹത്തിന്റെ കഥകളുടെ ഉള്ളിണക്കത്തെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പുറത്തുവരും.

സാമൂഹികമായ അന്യവല്‍ക്കരണത്തെക്കുറിച്ചും രാഷ്ട്രീയമായ ബോധ്യത്തെക്കുറിച്ചും ഒക്കെയുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ കഥകള്‍ അവതരിപ്പിക്കുന്നുണ്ട്. ആ നിലയ്ക്കുള്ള പഠനങ്ങളിലേക്ക് പുതിയ ഗവേഷകരും പുതിയ വായനക്കാരും കടന്നുവരട്ടെ. 'ശേഷക്രിയ'യും 'പിതൃതര്‍പ്പണ'വും 'ജനിതക'വും അതുപോലെയുള്ള അദ്ദേഹത്തിന്റെ മറ്റുപല കൃതികളും ഈ ആധുനികോത്തര കാലഘട്ടത്തില്‍ പുതിയ വായനകള്‍ തേടുന്നുണ്ട്.

Content Highlights: m sukumaran fifth death anniversary anil vallathol pays homage, mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


Sara thomas

5 min

ഹരിശ്രീ പഠിപ്പിച്ച് തമിഴത്തിക്കുട്ടിയെ സിനിമവരെയെത്തിച്ചു; സാറാതോമസും വത്സലാറാണിയും, ഒരപൂര്‍വസൗഹൃദം!

Apr 1, 2023

Most Commented