എം. മുകുന്ദൻ, രാജൻ കാക്കനാടൻ
ഞാന്‍ എംബസിയില്‍ ഇരുന്ന് ജോലി ചെയ്യുമ്പോഴാണ് കൊല്ലത്തുനിന്ന് ഒരു ഫോണ്‍ വന്നത്. രാജന്‍ കാക്കനാടന്‍ അന്തരിച്ചു. തീയതി 1991 ഓഗസ്റ്റ് 22. ഞങ്ങള്‍ സമപ്രായക്കാരും അടുത്ത ചങ്ങാതികളുമായിരുന്നു. സൗത്ത് എക്സ്റ്റന്‍ഷനില്‍ കുറച്ചുകാലം ഒന്നിച്ചുതാമസിച്ചിരുന്നു. ഒ.വി. വിജയന്‍ വിവാഹംചെയ്ത ശേഷം സഹധര്‍മിണിയുമായി കുറച്ചുകാലം താമസിച്ചത് സൗത്ത് എക്സ്റ്റന്‍ഷനിലായിരുന്നു. അക്കാലത്ത് വിജയന് പുഷ്‌കിന്‍ എന്നുപേരുള്ള ഒരു പൂച്ചയുണ്ടായിരുന്നു. പലപ്പോഴും ഞാന്‍ ഊരുചുറ്റാന്‍ പോയിരുന്നത് തലനിറയെ മൗലികമായ ആശയങ്ങളുള്ള രാജന്റെ കൂടെയായിരുന്നു. ഏതു വിഷയത്തിലും രാജന് മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. രാജന്റെ ഉള്ളിന്റെയുള്ളില്‍ ഒരു നക്‌സലൈറ്റ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും പരസ്പരം സാര്‍ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. മയ്യഴിയില്‍ എല്ലാവരും മാഷാണെങ്കില്‍ കൊല്ലത്ത് എല്ലാവരും സാറാണ്. ഭയങ്കര ഭക്ഷണപ്രിയനായ രാജന്‍ നാലാളുകളുടെ ചോറ് ഒറ്റയിരിപ്പില്‍ തിന്നുതീര്‍ക്കുമായിരുന്നു.
രാജന്‍ ലിവര്‍ സിറോസിസ് വന്നാണ് മരിച്ചത്.
''പുറത്ത് ഒരാള്‍ കാത്തുനില്‍ക്കുന്നു''
ഓഫീസിലെ റിസപ്ഷനിസ്റ്റ് പറഞ്ഞു. ഒന്നാം നിലയിലെ മുറിയിലിരുന്ന് ജോലിചെയ്യുന്ന ഞാന്‍ എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്കുനോക്കി. ഗേറ്റിനുപുറത്ത് രാജന്‍ മുകളിലേക്ക് നോക്കിനില്‍ക്കുന്നതു കണ്ടു. ഒന്നാംനിലയിലാണ് ഞാന്‍ ഇരിക്കുന്നതെന്ന് രാജന് അറിയാമായിരുന്നു. ഓഫീസ് സമയം തീരാറായതുകൊണ്ട് സ്റ്റാഫ് അംഗങ്ങള്‍ വീട്ടില്‍പ്പോകാന്‍ ഒരുങ്ങുന്നു. ഇന്ന് തീയതി 25. എല്ലാമാസവും 25-നായിരുന്നു എംബസിയില്‍ ഞങ്ങള്‍ക്ക് ശമ്പളംകിട്ടുക. അന്ന് എല്ലാവരും കീശനിറയെ പൈസയുമായിട്ടായിരിക്കും വീട്ടില്‍ പോകുക. രാജന് അതറിയാമായിരുന്നു.
''സാറിന് ശമ്പളം കിട്ടിയോ?''
''കിട്ടി''
''അതിങ്ങ് തരൂ.''
പതിവുപോലെ രാജന്‍ പറഞ്ഞു. ചിലപ്പോള്‍ 25-ന് രാജന്‍ എന്റെ ഓഫീസിനുമുമ്പില്‍ വന്നുനില്‍ക്കും. എന്റെ ശമ്പളംവാങ്ങി പോകും.
അന്നും ഞാന്‍ അത്യാവശ്യ ചെലവുകള്‍ക്കുള്ള പൈസ നീക്കിവെച്ച് ബാക്കി ശമ്പളം മുഴുവനും രാജന് കൊടുത്തു. ആവശ്യം വരുമ്പോള്‍ ഞാന്‍ രാജനോട് കാശ് ചോദിച്ചുവാങ്ങും. പലപ്പോഴും കിട്ടാറില്ല. അപ്പോള്‍ ഒരു ചായകുടിക്കാനുള്ള പൈസപോലും കൈയിലില്ലാതെ ഞാന്‍ ഉഴറിനടക്കും. അന്ന് ഞാന്‍ അവിവാഹിതനായിരുന്നു. മണ്ടനുമായിരുന്നു. കല്യാണം കഴിച്ച് രണ്ടുകുട്ടികളുടെ അച്ഛനായ ശേഷമായിരുന്നു പണത്തിന്റെ കാര്യത്തില്‍ എനിക്ക് വിവേകമുദിച്ചത്. ഒരിടത്തരം കുടുംബത്തിലായിരുന്നു എന്റെ ജനനം. ബുദ്ധിമുട്ടിയാണ് അച്ഛന്‍ ഏഴുമക്കളെ പോറ്റിവളര്‍ത്തിയത്. അതോര്‍ക്കുമ്പോള്‍ എനിക്ക് പണം അനാവശ്യമായി ചെലവഴിക്കാന്‍ തോന്നുകയില്ല. എങ്കിലും ഞാനൊരു പിശുക്കനുമല്ല.
''ആരും പണം കൈവശംവെക്കരുത്.'' -രാജന്‍ പറയും. ഉള്ളത് മറ്റുള്ളവര്‍ക്ക് വീതിച്ചുകൊടുക്കണം. പണം അങ്ങനെ കൈമാറിക്കൊണ്ടിരിക്കണം. രാജന്‍ അത് നടപ്പാക്കിയിരുന്നു. കൈയില്‍ ഒരിക്കലും ഒരുരൂപപോലും കാണില്ല. കീശയില്‍ ഒരു കാശില്ലാതെ ജീവിക്കാന്‍കഴിയുമെന്ന് തെളിയിച്ച അപൂര്‍വ മനുഷ്യനായിരുന്നു രാജന്‍ കാക്കനാടന്‍.
വൈകാതെ ഞാന്‍ ദാരിദ്ര്യത്തെ ഭയക്കാന്‍ തുടങ്ങിയ ഒരു കാലംവന്നു. ആത്മാവില്‍ ദാരിദ്ര്യവും വിശപ്പുമുള്ള ഒരാളായിരുന്നു ഞാന്‍. ശരീരംകൂടി ദരിദ്രമാകുകയും ശരീരത്തിനുകൂടി വിശക്കുകയും ചെയ്താല്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ഒരിക്കല്‍ എനിക്ക് കുറച്ചു പണം ആവശ്യമായിവന്നു. അതിന് എന്തുവഴിയെന്ന് ആലോചിച്ചു. അപ്പോഴേക്ക് ഞാന്‍ ഡല്‍ഹിയും ആവിലായിലെ സൂര്യോദയവും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. തൃശ്ശൂരിലെ കറന്റ് ബുക്‌സായിരുന്നു പ്രസാധകര്‍. അന്ന് വലിയ ഗ്ലാമറുള്ള പ്രസാധകരായിരുന്നു കറന്റ് ബുക്‌സ്. അതിന്റെ ഉടമസ്ഥനും ജോസഫ് മുണ്ടശ്ശേരിമാസ്റ്ററുടെ മകനുമായ തോമസ് സാറിന് ഒരു കത്തെഴുതി. ഞാന്‍ വിവാഹംചെയ്യാന്‍ പോകുകയാണെന്നും കുറച്ചുകാശ് അയച്ചുതന്നാല്‍ വലിയ ഉപകാരമായിരിക്കുമെന്നും എഴുതി. വൈകാതെ മറുപടി വന്നു. 'വേഗം കല്യാണംകഴിച്ച് ഭാര്യയോട് കുറെ മക്കളെ തരാന്‍പറയൂ' എന്നാണ് അതില്‍ എഴുതിയിരുന്നത്. കത്തിന്റെ അടിയില്‍ ഒരു ചെക്കുമുണ്ടായിരുന്നു. അഞ്ഞൂറുരൂപ. അക്കാലത്ത് സര്‍ക്കാര്‍ സ്ഥാപനത്തിലെ ഒരു ക്ലാര്‍ക്കിനു കിട്ടുന്ന മാസശമ്പളം ഏകദേശം അതായിരുന്നു. ആ ചെക്ക് കണ്ടപ്പോള്‍ എനിക്കുതോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, ആ അഞ്ഞൂറുരൂപയുടെ അടിയില്‍ അഞ്ഞൂറുരൂപയുടെ മറ്റൊരു ചെക്കുകൂടിയുണ്ടായിരുന്നു. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ മനസ്സാ തോമസ് സാറിനെ നമസ്‌കരിക്കുകയും ഇനിയെഴുതുന്ന എല്ലാ പുസ്തകങ്ങളും കറന്റ് ബുക്‌സിന് കൊടുക്കുമെന്ന് ശപഥംചെയ്യുകയും ചെയ്തു. രണ്ട് അഞ്ഞൂറിന്റെ ചെക്കുകള്‍. ആയിരം രൂപ. അത്രയൊന്നും പണം അന്നേരം എനിക്ക് ആവശ്യമില്ലായിരുന്നു. കഥ തീരുന്നില്ല. രണ്ടാമത്തെ ചെക്കിന്റെ അടിയില്‍ മറ്റൊരു ചെക്കുകൂടി. അതും അഞ്ഞൂറിന്റെ ചെക്കായിരുന്നു. ആകെ ആയിരത്തിയഞ്ഞൂറു രൂപ. രണ്ടെണ്ണം പോസ്റ്റ് ഡേറ്റഡ് ചെക്കുകളായിരുന്നു.
എഴുത്തുകാരന് ഇത്രയധികം പണംകിട്ടുമോ? എനിക്ക് അതൊരു പുതിയ അറിവായിരുന്നു.
മരിച്ചുകിടക്കുന്ന രാജന്റെ ഒരു ഫോട്ടോ ഒരു മാസികയില്‍ കണ്ടിരുന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തടിച്ചശരീരവും ബലിഷ്ഠമായ കഴുത്തുമുള്ള, വളരെ ആരോഗ്യവാനായ ഒരാളായിരുന്നു രാജന്‍. ഞാന്‍ ഫോട്ടോയില്‍ കണ്ടത് കുഴിഞ്ഞ കണ്ണുകളും ശോഷിച്ച കഴുത്തും ഒട്ടിയ കവിളുമുള്ള ഒരു രാജനെയായിരുന്നു.
''വാ സാറേ, നമുക്കൊന്ന് കേരളാ ക്ലബ്ബില്‍പ്പോയി വരാം.'' -രാജന്‍ പറഞ്ഞു. അന്ന് വെള്ളിയാഴ്ചയായിരുന്നില്ല. സാഹിതീസഖ്യമില്ല. പിന്നെ വെറുതേയെന്തിന് പോകുന്നു ?
''നാണപ്പന്‍ വൈകുന്നേരം ക്ലബ്ബില്‍ വരുന്നുണ്ട്.''
എം.പി. നാരായണപിള്ളയെ ഞാനിതിനു മുമ്പ് കണ്ടിട്ടുണ്ടെങ്കിലും അടുത്ത് പരിചയപ്പെട്ടിരുന്നില്ല.
പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെയാണ് രാജന്‍ ഡല്‍ഹിയില്‍ ജീവിച്ചത്. കുറച്ചുകാലം സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പണിചെയ്തിരുന്നു. സോവിയറ്റ് ലാന്‍ഡ് മാസികയുടെ സര്‍ക്കുലേഷന്‍ വിഭാഗത്തിലായിരുന്നു അത്. ബാരാഖംബാ റോഡിലായിരുന്നു സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. കൊണാട്ട് പ്ലേസിലെ ഒ.വി. വിജയന്റെ ഓഫീസിലേക്കോ കേരള ക്ലബ്ബിലേക്കോ പോകുന്ന വഴിയില്‍ ഞാന്‍ സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഒന്നുകയറും. അവിടെ സൗജന്യമായി ചുടുചായ കിട്ടും. അവിടെ മുഴുവനും മലയാളികളായിരുന്നു. സോവിയറ്റ് യൂണിയന്റെ എംബസിയില്‍ ജോലി വേണമെങ്കില്‍ കമ്യൂണിസ്റ്റുകാരുടെ മക്കളായാല്‍മതി. വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ലായിരുന്നു. അധികകാലം രാജന്‍ അവിടെ പണിയെടുത്തില്ല. ഒരുദിവസം അതുപേക്ഷിച്ച് പുറത്തുവന്നു. പണം കൈയില്‍ സൂക്ഷിക്കരുത് എന്നതുപോലെ ഒരേജോലിയില്‍ അധികകാലം തുടരരുതെന്നും രാജന്‍ വിശ്വസിച്ചിരുന്നു. രാജനെ സംബന്ധിച്ചിടത്തോളം ഒന്നും ശാശ്വതമല്ല.
നിശ്ചലം, നിര്‍ജീവമായി കിടക്കുന്ന രാജന്റെ ഫോട്ടോയില്‍ നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാനാ മാസിക കണ്ണുകള്‍ ചെന്നെത്താത്ത ഒരിടത്ത് മാറ്റിവെച്ചു.
''വാ സാറേ'' -രാജന്‍ പറഞ്ഞു. ''മമ്മുക്ക കൊടുത്തയച്ച ബീഫും ചപ്പാത്തിയും ഉണ്ട്.''
ഗ്രീന്‍ പാര്‍ക്കില്‍ മെസ് നടത്തുന്ന മമ്മുക്ക അവിവാഹിതരുടെ കാണാമറയത്തെ ദൈവമായിരുന്നു. മാസം ഇരുനൂറുരൂപ കൊടുത്താല്‍ രാത്രി തലചായ്ക്കാന്‍ ഒരു കയറ്റുകട്ടിലും കാലത്ത് പ്രാതലും രാത്രി ഊണും കിട്ടും. രാജന് മമ്മുക്കയുമായി അടുത്തബന്ധമുണ്ടായിരുന്നു. അതിനു കാരണം മമ്മുക്കയുടെ വരട്ടിയ ബീഫുതന്നെ.
രാജന്‍ നല്ലൊരു ചിത്രകാരനായിരുന്നു. ആദ്യമായി താന്ത്രിക് കല പെയിന്റിങ്ങില്‍ ആവിഷ്‌കരിച്ച ചിത്രകാരന്മാരിലൊരാള്‍. സയിദ് ഹൈദര്‍ രസയുടെയും കെ.വി. ഹരിദാസന്റെയും പേരുകളുടെ കൂടെവരേണ്ട ഒരു പേരാണ് രാജന്‍ കാക്കനാടന്റേത്. പക്ഷേ, ഒരു ചിത്രകാരനുണ്ടാവേണ്ട ധ്യാനസിദ്ധി രാജനുണ്ടായിരുന്നില്ല. രാജന്റെ ശ്രീചക്രം താന്ത്രിക് സങ്കല്പത്തിന്റെ നിഗൂഢസൗന്ദര്യം മുഴുവന്‍ ഏറ്റുവാങ്ങിയ ഒരു പെയിന്റിങ്ങായിരുന്നു. വി.കെ. മാധവന്‍കുട്ടിയാണ് അത് വാങ്ങിയത്. കേന്ദ്രമന്ത്രിമാരും ആഗോളപ്രസിദ്ധിയാര്‍ജിച്ച സംഗീതജ്ഞരും മറ്റും പതിവായിവരുന്ന മാധവന്‍കുട്ടിയുടെ വീട്ടിലെ സ്വീകരണമുറിയില്‍ ആ പെയിന്റിങ്ങുണ്ടായിരുന്നു.
രാജന്‍ മരിച്ചവിവരം അറിഞ്ഞപ്പോള്‍ നാട്ടില്‍ച്ചെന്ന് അവസാനമായി ആ പ്രിയസുഹൃത്തിനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അതിനെനിക്ക് കഴിയാതെപോയി.
പെയിന്റിങ്ങുകളും കഥയുടെ പ്ലോട്ടുകളും വിറ്റിട്ടാണ് രാജന്‍ ജീവിക്കാനുള്ള പണം സമ്പാദിച്ചത്. വെള്ളിയാഴ്ചകളില്‍, കേരള ക്ലബ്ബില്‍ സാഹിതീസഖ്യമുള്ള ദിവസങ്ങളില്‍, മുകളിലേക്കുള്ള കോണിപ്പടിയുടെ താഴെ വരാന്തയില്‍ രാജന്‍ വന്നുനില്‍ക്കുന്നുണ്ടാകും. ഗോള്‍ഡാക് ഖാനയില്‍ നിന്നും കരോള്‍ബാഗില്‍നിന്നുമെല്ലാം പയ്യന്മാര്‍ വരും. അവരില്‍ പലരും എഴുതാന്‍ താത്പര്യമുള്ളവരായിരുന്നു. രാജന്‍ അവരോട് ചോദിക്കും:
''കഥയുടെ പ്ലോട്ടുകളുണ്ട്. വേണോ ?''
പയ്യന്മാര്‍ മടിച്ചുനില്‍ക്കും.
''നല്ല പ്ലോട്ടുകളാണ്. വെറും ഇരുപത്തിയഞ്ചുരൂപ മാത്രം. ഒരെണ്ണം തരട്ടെ?''
Content Highlights: M.Mukundan, Rajan Kakkanadan, M.P Narayanapillai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..