വി.സി ശ്രീജൻ, എം.കൃഷ്ണൻ നായർ
പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പ്രശസ്തിയും പ്രചാരവും സ്വാധീനവുമായിരുന്നു പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ക്കും തന്റെ പംക്തിയായ 'സാഹിത്യവാരഫല'ത്തിനും. ജ്യോത്സ്യന്മാരെ ഓര്‍മിപ്പിക്കുന്ന വാരഫലം എന്ന പേര് തുടക്കത്തില്‍ ചില വായനക്കാരില്‍ അപ്രീതിയുണ്ടാക്കിയിരുന്നു. ജ്യോത്സ്യന്റെ വാരഫലം വരാനിരിക്കുന്ന ആഴ്ചയില്‍ പ്രതീക്ഷിക്കുന്ന സംഭവങ്ങളാണെങ്കില്‍ കൃഷ്ണന്‍ നായരുടെ വാരഫലത്തില്‍ കഴിഞ്ഞുപോയ ആഴ്ചയിലെ സംഭവങ്ങളായിരുന്നു. രണ്ടിനും വാരഫലം എന്നു പേരു യോജിക്കും. അതിവേഗം വായനക്കാരും എഴുത്തുകാരും അല്പം വിലക്ഷണമായ ആ പേരുമായി പൊരുത്തപ്പെട്ടു. മലയാളത്തിലെ എഴുത്തുകാരെ സംബന്ധിച്ച അഭിപ്രായങ്ങളും വിദേശസാഹിത്യങ്ങളെ പരിചയപ്പെടുത്തുന്ന കുറിപ്പുകളും പൊതുവായ ജീവിതനിരീക്ഷണങ്ങളുമാണ് വാരഫലത്തില്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍, ഇവയെക്കാള്‍ വായനക്കാരെ ചേര്‍ത്തുനിര്‍ത്തിയത് കൃഷ്ണന്‍ നായരുടെ എഴുത്തിലെ ആത്മാര്‍ഥതയായിരുന്നു. മലയാളത്തിലെ എഴുത്തുകാരെ നിശിതമായി വിമര്‍ശിക്കുമ്പോഴും അതിനു പിറകില്‍ പകയോ വിദ്വേഷമോ ഉള്ളതായി വായനക്കാര്‍ക്ക് തോന്നിയില്ല.
കൃഷ്ണന്‍ നായര്‍ക്ക് കാല്പനികതയോടായിരുന്നു അടുപ്പം. മികച്ച കൃതികള്‍ എന്നു ചൂണ്ടിക്കാട്ടിയ പുസ്തകങ്ങള്‍ മിക്കവയും കാല്പനികം എന്ന വിഭാഗത്തില്‍ പെടും. ചങ്ങമ്പുഴക്കവിതകളുടെ ആരാധകനായിരുന്നു കൃഷ്ണന്‍ നായര്‍. ചങ്ങമ്പുഴക്കവിതയെ ചൂണ്ടി, ആഴമില്ല, ലല്ലലലം എന്നും മറ്റും കുറ്റം പറയാം. എന്നാല്‍ പത്തൊമ്പതോ ഇരുപതോ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ സംഗീതസാന്ദ്രമായ ഈ വാക്കുകളെല്ലാം എടുത്തുകൊണ്ടുവരുന്നത് എങ്ങനെയാണ്, എവിടെനിന്നാണ് എന്ന് നിരൂപകനെപ്പോലെ വായനക്കാരും ആശ്ചര്യപ്പെടും.
സാഹിത്യരചനകളുടെ ദോഷങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാം, എന്നാല്‍ അവയുടെ ഗുണങ്ങള്‍ കണ്ടുപിടിക്കാന്‍ വലിയ പ്രയാസമാണെന്ന് മുമ്പ് വടക്കുംകൂര്‍ രാജ രാജവര്‍മ്മ എഴുതിയിട്ടുണ്ട്. എഴുത്തുകാരെ കുറ്റം പറയുന്ന വിമര്‍ശകര്‍ മറന്നുപോകുന്ന കാര്യമാണിത്. ആ എഴുത്തുകാരന്‍ പോരാ, ഈ എഴുത്തുകാരി മോശം എന്നിങ്ങനെ കുറ്റപ്പെടുത്തിയാല്‍ അതുകൊണ്ട് അവരുടെ അടുത്ത എഴുത്തുകള്‍ നന്നാകുമോ? ഒരിക്കലുമില്ല. ഓരോ എഴുത്തുകാരും അവരവര്‍ക്ക് ഉള്ള കഴിവുവെച്ച് തങ്ങള്‍ക്കാകാവുന്നത്രയും മികച്ച കൃതികള്‍ എഴുതുന്നു. കരുതിക്കൂട്ടി മോശമാക്കി ആരും എഴുതുന്നില്ല. ഒരാള്‍ മോശമായി ഒരു കൃതി എഴുതിയാല്‍ അത് തന്നോടു പ്രവര്‍ത്തിച്ച അധര്‍മമായി നിരൂപകന്‍ കാണണണമെന്ന് കുട്ടികൃഷ്ണ മാരാര് പറഞ്ഞു. കൃഷ്ണന്‍ നായരുടെ നിലപാടും ഏകദേശം ഇതുതന്നെ ആയിരുന്നു. രണ്ടും അല്പം കടന്നകൈ ആയെന്നേ പറയേണ്ടൂ. പുസ്തകം മോശമാണെങ്കില്‍, അത് മോശമാണ് എന്നു പറയാതെ മിണ്ടാതിരിക്കുന്നതാണ് നല്ലത്.
എഴുത്തുകാരനെപ്പറ്റി വിമര്‍ശകന്‍ കുറ്റം പറയുന്നതു കേള്‍ക്കാനാണ് ആളുകള്‍ക്ക് അധികം താത്പര്യം. നല്ലതു പറയുന്നതു കേള്‍ക്കാന്‍, ആരെക്കുറിച്ചു നല്ലതു പറയുന്നുവോ അയാള്‍ക്കേ താത്പര്യം കാണൂ. കൃഷ്ണന്‍ നായര്‍ എഴുത്തുകാരെ കുറ്റം പറയുമ്പോഴും വായനക്കാര്‍ക്ക് ഇതേ താത്പര്യം ഉണ്ടായിരുന്നിരിക്കണം. ഉമാകേരളം കാവ്യം ഞാന്‍ മുഴുവനായും വായിച്ചിട്ടില്ല. എന്നിട്ടും ആര്‍. നാരായണപ്പണിക്കര്‍ തന്റെ സാഹിത്യചരിത്രത്തില്‍ അതിലെ പദ്യങ്ങളെ ചിത്രവധം ചെയ്യുന്നതു വായിച്ചു കോരിത്തരിച്ചിട്ടുണ്ട്. ഇതാണ് മനുഷ്യസ്വഭാവം.
കൃഷ്ണന്‍ നായര്‍ എഴുത്തുകാരെ വിമര്‍ശിക്കുന്നതു കേള്‍ക്കാന്‍ നല്ല രസമാണ്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ നിര്‍ഗുണനായ ഒരു കഥാകൃത്തിനെ വാഴ്ത്തിയെന്നിരിക്കും. കാണുമ്പോള്‍ അലോസരം തോന്നാമെങ്കിലും വലിയ കുറ്റം അതില്‍ പറയാനില്ല. തനിക്കു മുമ്പാകെയെത്തുന്ന എല്ലാ പുസ്തകങ്ങള്‍ക്കും അഭിനന്ദനരൂപത്തില്‍ അവതാരികകള്‍ എഴുതുമായിരുന്നു പോലും കേരളവര്‍മ്മ കോയിത്തമ്പുരാന്‍. അതുകൊണ്ട് മലയാളത്തിന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. നില്ക്കുന്ന സ്ഥാനം കുറച്ചൊന്നു മാറ്റി മറ്റൊരു സ്ഥാനത്തു നിന്നു നോക്കിയാല്‍ ഏതു രചനയിലും പുതുതായി എന്തെങ്കിലും കാണാന്‍ കഴിയും. അതു കണ്ടെത്തുന്നതിലാണ് അവതാരികക്കാരന്റെ മിടുക്ക്. പുസ്തകത്തിന്റെ വിഷയം എന്തായാലും അതിനെ മുന്‍നിര്‍ത്തി സ്വകീയവും മൗലികവുമായ ഏതെങ്കിലും സംഗതി മുന്നോട്ടു വെക്കാന്‍ നിരൂപകനു കഴിഞ്ഞാല്‍ വലിയ കാര്യമായി. പോള്‍ ഡി മാന്‍ എഴുതിയ ബുക് റിവ്യൂകള്‍ക്ക് ഈ പ്രത്യേകത ഉണ്ടായിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
മലയാളസാഹിത്യം വിദേശസാഹിത്യങ്ങളോളം വരില്ല എന്ന നിലപാടായിരുന്നു കൃഷ്ണന്‍ നായരുടേത്. ഇതു തന്നെയായിരുന്നു എന്റേയും തോന്നല്‍. നിലവിലെ വിദേശ സാഹിത്യകൃതികള്‍ എല്ലാം വായിച്ചതുകൊണ്ടോ, മലയാളത്തിലെ എല്ലാ കൃതികളെയും അതിശയിക്കുന്ന പുസ്തകങ്ങള്‍ എഴുതാന്‍ എനിക്കു കഴിയുമെന്നതുകൊണ്ടോ അല്ല ഇങ്ങനെയൊരു അഭിപ്രായത്തില്‍ ഞാന്‍ എത്തിയത്. കൃഷ്ണന്‍ നായര്‍ക്കാകട്ടെ വിപുലമായ വിദേശ സാഹിത്യപരിചയം ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന അഭിപ്രായമായിരുന്നു അത്. എഴുത്തുകാരെ വല്ലാതെ വിഷമിപ്പിച്ച അഭിപ്രായപ്രകടനമായിരുന്നു കൃഷ്ണന്‍ നായരുടേത്. എന്തു ചെയ്യാം, വാസ്തവമെന്നു തനിക്കു തോന്നിയ അഭിപ്രായം മറച്ചുവെക്കാന്‍ കഴിഞ്ഞില്ല. അത്യുത്സാഹത്താല്‍ ആരാധകര്‍ ചില മലയാളസാഹിത്യകാരന്മാരെ വിശ്വസാഹിത്യകാരന്‍, വിശ്വകവി എന്നൊക്കെ വിളിക്കുന്നതില്‍ കാര്യമില്ല. മലയാളത്തിലെ സാഹിത്യകാരന്‍ വിശ്വസാഹിത്യകാരന്‍ ആണെങ്കില്‍ അക്കാര്യം നമ്മള്‍ വിളിച്ചു പറഞ്ഞതു കൊണ്ടായില്ല.
ബഷീറിനെപ്പറ്റി പറയുന്നു. പാരായണയോഗ്യമായ നോവല്‍ കണ്ടാല്‍ അതിന് നോബല്‍ സമ്മാനം കൊടുക്കേണ്ടതാണെന്ന് ചിലര്‍ അഭിപ്രായപ്പെടും. ബഷീറിന്റെ 'പാത്തുമ്മയുടെ ആട്' വായിക്കാന്‍ കൊള്ളാവുന്ന നോവലാണ്. അതിനെക്കുറിച്ച് ഒരു കഥയെഴുത്തുകാരി അടുത്തകാലത്ത് അതിശയോക്തി കലര്‍ത്തിപ്പറഞ്ഞ അഭിപ്രായം ഏതോ വാരികയിലോ പത്രത്തിലോ ഞാന്‍ കണ്ടു. അതു വായിച്ചു എനിക്കു തൊലി പൊള്ളിപ്പോയി. കാലം കഴിയുന്തോറും ഈ പ്രാകൃതത്വം കൂടിക്കൂടി വരുന്നതേയുള്ളു.
ഉണ്ണായി വാരിയരുടെ നളചരിതം ഷെയ്ക്‌സ്പിയരുടെ ഒഥെല്ലോ നാടകത്തെക്കാള്‍ മികച്ച കൃതിയാണെന്ന അഭിപ്രായം കൃഷ്ണന്‍ നായര്‍ തള്ളിക്കളഞ്ഞു. കെ. അയ്യപ്പപ്പണിക്കരായിരുന്നു ഈ അഭിപ്രായം മുന്നോട്ടുവെച്ചത് എന്നാണോര്‍മ്മ. ഒഥെല്ലോവിലെ സൂക്ഷ്മമായ വികാരനിരീക്ഷണങ്ങളോ അഗാധമായ ഭാവനിര്‍മ്മിതികളോ നളചരിതത്തില്‍ കാണുന്നില്ല എന്നായിരുന്നു കൃഷ്ണന്‍ നായരുടെ നിഗമനം. എഴുതിയ കാലം വെച്ചു നോക്കിയാല്‍ ഒഥല്ലോ ആണ് ആദ്യം എഴുതിയത്, നളചരിതം പിന്നീടും. എന്തുകൊണ്ട് നളചരിതവും ഒഥെല്ലോയും എന്നു ചിന്തിച്ചാല്‍, ഒഥെല്ലോയിലെ സമഗ്ര സംശയത്തിന്റെ സ്ഥാനത്ത്, അതിനെക്കാള്‍ ചെറുതായ ഒരു കുഞ്ഞുസംശയം നളചരിതത്തിലെ ദമയന്തിയുടെ രണ്ടാം സ്വയംവരരംഗത്തില്‍ നളനില്‍ രൂപംകൊള്ളുന്നു എന്നു പറയാം. ഒഥെല്ലോയില്‍ ഇല്ലാത്ത പല ഉപദര്‍ശനങ്ങളും നളചരിതത്തില്‍ ഉണ്ട്. എന്നാല്‍ അവയെല്ലാം മഹാഭാരതത്തില്‍ ആദ്യമേ ഉള്ളവയാണ്.
തനിക്കു കിട്ടിയ ചെറിയ മൂലകഥയില്‍ ഷെയ്ക്‌സ്പിയര്‍ കൂട്ടിച്ചേര്‍ത്തതുപോലെ, പുതുതായി അധികം മനുഷ്യജീവിതാംശങ്ങള്‍ ഒന്നും, ഉണ്ണായി വാരിയര്‍ മഹാഭാരതകഥയോട് ചേര്‍ത്തിട്ടില്ല. ഇതുകൊണ്ട് നളചരിതം അപ്രധാനമെന്നു വരുന്നില്ല. ഒഥെല്ലോ കഥയില്‍നിന്നു വിഭിന്നമായ മറ്റൊരു തലത്തിലാണ് നളചരിതത്തിലെ മാനവപാഠം പ്രവര്‍ത്തിക്കുന്നത്. രണ്ടും തമ്മില്‍ താരതമ്യമില്ല എന്നു പറയുന്നതാവും ശരി. ഷെയ്ക്‌സ്പിയര്‍ ഒഥെല്ലോ എന്ന പേര് എവിടെനിന്ന് എടുത്തു, വന്നു എന്നതിനെപ്പറ്റി പല പ്രബന്ധങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ ഒഥെല്ലോവിന്റെ കഥ ആദ്യമായി കേട്ട ദിവസം തൊട്ട് എനിക്കു തോന്നിയത്, അത് അബ്ദുള്ള എന്ന പേരിന്റെ രൂപാന്തരം ആയിരിക്കും എന്നാണ്. ടര്‍ക്കിഷ് മൂര്‍--മുസ്ലിം--ആണല്ലോ നായകന്‍.
സവിസ്തരമായ വിദേശ സാഹിത്യപരിചയത്താല്‍ മലയാളകൃതികളിലെ ഇന്‍ടര്‍ടെക്‌സ്ച്വാലിറ്റികള്‍, എന്നു വെച്ചാല്‍ മോഷണങ്ങള്‍, കാണാന്‍ കൃഷ്ണന്‍ നായര്‍ക്കു കഴിഞ്ഞു. പക്ഷേ, കണ്ട വസ്തുതകള്‍ മറച്ചുവെച്ചില്ല. കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കേണ്ട എന്നുവെച്ചാകാം പലപ്പോഴും സൂചനകളിലൂടെയാണ് കൃഷ്ണന്‍ നായര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. തമ്മില്‍ കാണാതെ ചുമരിനിപ്പുറവും അപ്പുറവും നിന്നു സംസാരിക്കുന്ന സ്ത്രീപുരുഷന്മാരുടെ കഥ (ഇറ്റാല്യന്‍ )പറഞ്ഞിട്ട് ഇതുപോലെ ഒരു കഥ മലയാളത്തില്‍ ഉണ്ടെന്ന് കൃഷ്ണന്‍ നായര്‍ എഴുതുന്നു. മറ്റൊരിക്കല്‍, താങ്കളുടെ കഥ ഇന്ന പേരുള്ള റഷ്യന്‍ കഥയുടെ മോഷണമാണെന്ന് താന്‍ എഴുതട്ടോ എന്ന് അദ്ദേഹം ഉറൂബിനോടു ചോദിക്കുന്നു, ഉറൂബ് ഒരു പച്ചച്ചിരി ചിരിക്കുന്നു.
താന്‍ ചങ്ങമ്പുഴയുടെ ആരാധകന്‍ ആണെങ്കിലും ചങ്ങമ്പുഴയുടെ പല കവിതകളും പാശ്ചാത്യകവിതകളുടെ അനുകരണങ്ങള്‍ ആണെന്ന് സമ്മതിക്കാന്‍ കൃഷ്ണന്‍ നായര്‍ക്കു മടിയില്ല. മോഷണം വേറെ, എഴുത്തിലെ മികവു വേറെ. അന്യകഥകള്‍ കടമെടുത്ത് എഴുതിയാലും എഴുതിയത് മികച്ച രചനയാവാം. എന്നാല്‍ മോഷണം എന്നു പറഞ്ഞാല്‍ കൃതി ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞു എന്ന ഭാവത്തിലാണ് ആരാധകരുടെ പ്രതികരണം.
എന്നാല്‍, സാഹിത്യമോഷണത്തെപ്പറ്റി കൃഷ്ണന്‍ നായര്‍ പറയുന്നതെല്ലാം അംഗീകരിക്കണമെന്നില്ല. കുമാരനാശാന്റെ നളിനി ടാഗോറിന്റെ കബി കാഹ്നി എന്ന കവിതയുടെ അനുകരണമാണെന്ന് ജി. ശങ്കരക്കുറുപ്പ് തന്നോട് പറഞ്ഞതായി അദ്ദേഹം എഴുതുന്നു. തനിക്ക് 15 വയസ്സു മാത്രം ഉള്ളപ്പോള്‍ ബാലനായ ടാഗോര്‍ എഴുതിയ നീണ്ട കവിതയാണ് കബി കാഹ്നി. ടാഗോറിന്റെ ആദ്യാകലകവനമായ ഈ കൃതി ബാല്യകാലകവിതകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കവിതയുടെ യന്ത്രവിവര്‍ത്തനം ടാഗോറിന്റെ സമ്പൂര്‍ണകവിതകളുടെ കൂട്ടത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലയും വാലുമില്ലാത്ത ഈ വിവര്‍ത്തനം വായിച്ചാല്‍ ഒന്നും മനസ്സിലാവില്ല. അതില്‍ നളിനി എന്ന വാക്ക് അവിടവിടെ കാണാം. ഒരു കവിയുടെ കഥയാണത്. സന്യാസിയുടെ സൂചനയൊന്നും അതില്‍ ഇല്ല. ബംഗാളി അറിയുന്ന ആരെങ്കിലും കവിത മൂലഭാഷയില്‍ വായിച്ചു തീരുമാനമുണ്ടാക്കിയാല്‍ നന്നായി. പതിനഞ്ചുകാരനായ കുട്ടിക്കവിയുടെ കവിത ആശാന്‍ മോഷ്ടിച്ചു എന്നുപറയുന്നത് കുറേ കടന്നുപോയി. ജി. പറഞ്ഞത് റിപ്പോര്‍ട്ടു ചെയ്തു എന്നതല്ലാതെ ഈ ആരോപണത്തില്‍ കൃഷ്ണന്‍ നായര്‍ക്കു പങ്കൊന്നും ഇല്ലെങ്കിലും.
എ.ആര്‍. രാജരാജവര്‍മ്മ, സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള, കുട്ടികൃഷ്ണമാരാര്‍ തുടങ്ങിയ നിരൂപകര്‍ തങ്ങളുടേതായ മണ്ഡലങ്ങളില്‍ ആദരണീയമായി ചിലതെല്ലാം ചെയ്തിട്ടുണ്ട് എന്നല്ലാതെ അവ അത്ര കേമമൊന്നുമല്ല എന്ന് എന്ന് കൃഷ്ണന്‍ നായര്‍ വിചാരിച്ചു. എം.പി. പോളിനെപ്പറ്റി വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല. നല്ല പ്രഭാഷകന്‍. മാന്യന്‍. ശുദ്ധാത്മാവ്. പക്ഷേ വിമര്‍ശകനോ നിരൂപകനോ ആയിരുന്നില്ല, എന്നായിരുന്നു പോളിനെപ്പറ്റി കൃഷ്ണന്‍ നായരുടെ നിരീക്ഷണം. കുട്ടികൃഷ്ണമാരാരെക്കുറിച്ച് ഇങ്ങനെ എഴുതി; നിരൂപകന്‍ എം. ആര്‍. നായരുടെ ഏഴയലത്തുപോലും വരില്ല കുട്ടിക്കൃഷ്ണമാരാര്‍. അദ്ദേഹത്തിന് (മാരാര്‍ക്കു) സഹൃദയത്വവുമില്ല. അതിന്റെ കണികയുണ്ടായിരുന്നെങ്കില്‍ നാലപ്പാടനെ ജീനിയസ്സായ ചങ്ങമ്പുഴയുടെ മുകളില്‍ പ്രതിഷ്ഠിക്കുമായിരുന്നോ? ടോള്‍സ്റ്റോയിയുടെ മുകളില്‍ പ്രതിഷ്ഠിക്കുമായിരുന്നോ? ടോള്‍സ്റ്റോയിയുടെ War and Peace എന്ന കലാശില്പം മോശമാണെന്നു പറയുമോ? കുമാരനാശാന്റെ ലീലാകാവ്യത്തിലെ നായിക ഭര്‍ത്താവിനെ കഴുത്തു ഞെക്കിക്കൊന്നു എന്നു എഴുതുമോ? കുഞ്ചന്‍ നമ്പ്യാര്‍ കവിയല്ലെന്നു പറയുമോ? കുട്ടികൃഷ്ണമാരാര്‍ മല്ലിനാഥന്റെ വ്യാഖ്യാനങ്ങള്‍ മലയാളലിപിയിലാക്കിയ ആളെന്നതില്‍ക്കവിഞ്ഞ് ആരുമല്ല. സംസ്‌കൃതത്തിലും പരിനിഷ്ഠിതമായ അറിവ് അദ്ദേഹത്തിനില്ലായിരുന്നു.
ഖസാക്കിന്റെ ഇതിഹാസം ഭാവഗീതം പോലെ സുന്ദരമാണ് എന്നുപറഞ്ഞ കൃഷ്ണന്‍ നായര്‍ക്ക് ടി. പത്മനാഭനെപ്പറ്റി അഭിപ്രായം മറ്റൊന്നായിരുന്നു. ആസ്വാദനത്തിന്റെ ഈ വൈകല്യവും മാനസിക ചക്രവാളത്തിന്റെ ഹ്രാസവും തോമസ് മാത്യുവിന്റെ നിരൂപണങ്ങളുടെ സവിശേഷതകള്‍ തന്നെ. അദ്ദേഹം ടി. പത്മനാഭന്റെ കഥകളെക്കുറിച്ച് ഗ്രന്ഥമെഴുതി: പത്മനാഭന് അതിനുള്ള യോഗ്യതയുണ്ടോ? 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന സെന്റിമെന്റല്‍ കഥയും 'മഖന്‍ സിങ്ങിന്റെ മരണം' എന്ന ഭേദപ്പെട്ട കഥയുമല്ലാതെ പദ്മനാഭന്റെ സംഭാവനയായി എന്തുണ്ട്? അദ്ദേഹത്തിന്റെ എല്ലാ രചനകളും 'മീഡിയോക്കര്‍' എന്ന വിഭാഗത്തില്‍ പെടുന്നു.
മലയാളനിരൂപണത്തിലെ കുലപതികള്‍ ഒന്നും മികച്ചവരല്ല എന്നു വിശ്വസിച്ച കൃഷ്ണന്‍ നായര്‍ തനിക്ക് ആദരണീയനായ മോറിസ് ബ്ലാന്‍ഷോ എന്ന ഒരു ഫ്രഞ്ച് നിരൂപകനെപ്പറ്റി പറയുന്നു: 'Maurice Blanchot എന്ന നിരൂപകന്റെ നിരൂപണ ഗ്രന്ഥങ്ങള്‍ ഞാന്‍ ഏറെ വായിച്ചിട്ടുണ്ട്. ഓരോന്നും നിസ്തുലം, അന്യാദൃശം എന്നേ പറഞ്ഞുകൂടൂ. ഇവരെപ്പോലെ എഴുതുന്നവര്‍ ആരുണ്ട് കേരളത്തില്‍?' ഇതെഴുതിയതുമുതല്‍ ഞാന്‍ ആലോചിക്കുകയായിരുന്നു ബ്ലാന്‍ഷോവിന്റെ കൃതികള്‍ ഇഷ്ടപ്പെടാന്‍ കൃഷ്ണന്‍ നായര്‍ക്ക് എങ്ങനെ കഴിഞ്ഞു എന്ന്. പിറകെ വന്ന ഘടനാവാദികളെയും അപനിര്‍മാതാക്കളെയും സ്വാധീനിച്ച ബ്ലാന്‍ഷോ പിന്‍ഗാമികളെപ്പോലെ ദുര്‍ഗ്രഹമായി എഴുതിയ ആളാണ്. ബ്ലാന്‍ഷോ കൃതികള്‍ ഒരു പേജിനപ്പുറം വായിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല, അത്ര ദുര്‍ഗ്രഹമാണ്. കൃഷ്ണന്‍ നായര്‍ എങ്ങനെ അസംഖ്യം ബ്ലാന്‍ഷോ കൃതികള്‍ വായിച്ചുമനസ്സിലാക്കി എന്നു അതിശയം തോന്നുന്നു. അതുപോലെ ദുര്‍ഗ്രഹമായി എഴുതാന്‍ കേരളത്തില്‍ ആര്‍ക്കും കഴിയും. അവ അന്യാദൃശവും നിസ്തുലവും ആയിരിക്കും പക്ഷേ സുന്ദരമാവില്ല.

Content Highlights: M.Krishnan Nair, V.C Sreejan, Sahithyavaraphalam, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..