
ജോൺ പോൾ
എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന ജോണ്‍ പോളിനെക്കുറിച്ച് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി എഴുതുന്നു.
1980-കളുടെ ആദ്യപാതി. 'കൂടെവിടെ'യുടെ വിജയത്തോടെ ഗായത്രി എന്ന പരസ്യകലാ സ്ഥാപനം എറണാകുളത്ത് കച്ചേരിപ്പടിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ കാലം. എംജി റോഡിന്റെ ഇങ്ങേത്തലയ്ക്കലുള്ള ഈ മുക്കവലയില്‍ കലൂര്‍ ഡെന്നിസിന്റെ ചിത്രപൗര്‍ണ്ണമിയുടെ ഓഫീസ്. കിത്തോയുടെ ഡിസൈനിംഗ് ഓഫീസ്. ആര്‍ക്കും എപ്പോഴും ദാഹനീര് പകരാന്‍ തയ്യാറായി തണ്ണീര്‍ പന്തല്‍ പോലെ മദ്രാസ് കഫെ ബാര്‍. പിന്നെ ഞങ്ങളുടെ ഗായത്രിയെ ശിരസ്സില്‍
ചുമക്കുന്ന ലിബര്‍ട്ടി ഹോട്ടല്‍. ചരിത്ര പ്രസിദ്ധമായ, ഇന്ന് ചരിത്രത്തില്‍ മാത്രമുള്ള ലിബര്‍ട്ടി ഹോട്ടലിന് മുന്നില്‍ വച്ചാണ് ഞാന്‍ അങ്കിളിനെ ആദ്യമായി കാണുന്നത്. അത് ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു. ഇറക്കുമതി ചെയ്ത ചുവന്ന ഡാറ്റ്സണ്‍ കാറില്‍ ചാരി നിന്ന് കലൂരാനോടും കിത്തോയോടും കുശലം പറയുന്ന ഒട്ടും വണ്ണമില്ലാത്ത സുന്ദരനായ അങ്കിള്‍. ചാമരവും മര്‍മ്മരവും വിടപറയും മുന്പേയുമെല്ലാം ഹിറ്റ് അടിച്ച് നില്ക്കുന്ന കാലം. എറണാകുളത്തെ റോഡുകളില്‍ വിദേശവണ്ടികള് ഏറെയൊന്നും അന്ന് ഓടിത്തുടങ്ങിയിരുന്നില്ല. അന്ന് മനസ്സില്‍ കുറിച്ചിട്ട തീരുമാനമായിരുന്നു;
സിനിമയില്‍ ആരെങ്കിലുമാകണമെങ്കില് അത് അങ്കിളിനെപ്പോലെ ഒരു എഴുത്തുകാരനാവണം.
ഒരിക്കല്‍ അങ്കിളും സേതുമാധവന് സാറും കൂടെ 'ലോറന്‍സ് ഓഫ് അറേബ്യ'യുടെ സംവിധായകന് ഡേവിഡ് ലീനെ പരിചയപ്പെടാന്‍ പോയ കഥ അങ്കിള്‍ തന്നെ പറഞ്ഞുതന്നിട്ടുണ്ട്. 'പാസ്സേജ് ടു ഇന്ത്യ'യുടെ വര്‍ക്കുമായി സര് ഡേവിഡ് ലീന്‍ ബാഗ്ലൂരില്‍ താമസിക്കുന്ന കാലം. സ്വന്തം കോട്ടേജിനു മുന്നില്‍ വെയില് കൊണ്ട് സണ്‍ ബാത്തിലുള്ള ഡേവിഡ് ലീന്റെ മുന്നില്‍ ആരാധന മൂത്ത് ഇടിച്ചുകയറി ചെന്ന് പരിചയപ്പെട്ടു. അറുപതിലേറെ സിനിമകളുടെ സംവിധായകനാണ് സേതുമാധവന് സാറെന്നറിഞ്ഞ് ഡേവിഡ് ലീന്‍ ഞെട്ടിപ്പോയത്രേ. കാരണം 42 വര്‍ഷത്തെ സംവിധാന ജീവിതത്തിനിടയില്‍ അദ്ദേഹം ചെയ്തത്, അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞത് പതിനേഴ് സിനിമകള്‍ മാത്രമായിരുന്നു. 1991-ല്‍ 83-ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. ഭാഗ്യത്തിന് തിരക്കഥാകൃത്ത് കൂടിയായ ഡേവിഡ് ലീന്‍ അങ്കിള്‍ എത്ര പടങ്ങളെഴുതി എന്ന് ചോദിച്ചില്ല. അത് ചോദിക്കുകയും അങ്കിള്‍ ഉത്തരം പറയുകയും ചെയ്തിരുന്നെങ്കില്‍ ഡേവിഡ് ലീന്റെ ബോധം തന്നെ നഷ്ടപ്പെട്ടുപോകുമായിരുന്നു.
100-ലേറെ സിനിമകള്‍. 12 മാസം മാത്രമുള്ള ഒരു വര്‍ഷത്തില്‍ 14 സിനിമകളെഴുതിയ കാലവും അങ്കിളിനുണ്ട്. വൈവിദ്ധ്യമുള്ള വിഷയങ്ങള്‍, വ്യത്യസ്തരായ സംവിധായകര്‍...മലയാളത്തിലെ ഒരു തിരക്കഥാകൃത്തിനും കൈയ്യെത്തിപ്പിടിക്കാനാവാത്ത സര്‍വ്വകാല റെക്കാര്‍ഡാണിത്.
എന്നാല്‍ ഇവയൊന്നും വെറും സൂകരപ്രസവങ്ങളായിരുന്നില്ല. പാളങ്ങള്‍, ചാമരം, ഓര്‍മ്മയ്ക്കായി, സന്ധ്യമയങ്ങുംനേരം, മിന്നാമിനുങ്ങിന്റെനുറുങ്ങുവെട്ടം ചമയം, നീയെത്രധന്യ, യാത്ര, അങ്ങനെയങ്ങനെ പ്രണയ മീനുകളുടെ കടല്‍ വരെ! എന്തൊരെഴുത്തായിരുന്നു അങ്കിള്‍ എഴുതിയിട്ടത്. എഴുതിയതില്‍ പലതും മലയാള സിനിമയുടെ ദൃശ്യസൗന്ദര്യം പുനര്നിര്വ്വചിച്ചവ. വഴികാട്ടികളായി വിളക്കുകാലുകളായി അണയാത്ത നാളവും പേറി അവ ഓരോന്നും നമ്മുടെയെല്ലാം സഞ്ചാരപഥത്തില്‍ ഇന്നുമുണ്ട്.
അങ്കിളിലെ സംഘടനാപാടവം കണ്ട് ഞെട്ടി നിന്നിട്ടുള്ളത് മാക്ടാ രൂപീകരണകാലത്താണ്. അങ്കിളില്ലെങ്കില് ഇന്നത്തെ മാക്ടയില്ല. ഒരു പ്രശ്നത്തിന് മേല്‍ വികാരംകൊള്ളാനെല്ലാം എളുപ്പമാണ്. പക്ഷെ ആ വികാരത്തെ ഊതിപ്പടര്‍ത്തി ആ ഊര്‍ജ്ജമെടുത്ത് ഒരു സംഘടന രൂപീകരിക്കുക; അതത്ര എളുപ്പമുള്ള കാര്യമല്ല.
മദ്രാസ്സില്‍ ഒരു സഹസംവിധായകന്റെ അപകടമരണം. പതിവുപോലെ സിനിമാലോകം അതറിഞ്ഞുപോലുമില്ല. ആ അവഗണന ക്യാമറയ്ക്ക് പിന്നിലെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നവരെ വല്ലാതെ വേദനിപ്പിച്ചു. എല്ലാവരും ചേര്‍ന്ന് അവരവര്‍ക്ക് ആവുന്നതെല്ലാം സമാഹരിച്ച് ഒരു ചെറിയ തുക ആ കുടുംബത്തിന് നല്‍കിയെങ്കിലും ആ സംഭവം ടെക്നീഷ്യന്‍സ് സ്വയം സംഘടിക്കുക എന്ന ആവശ്യത്തിന്റെ ആദ്യ വിത്ത് പാകി.
1939 സെപ്റ്റംമ്പര്‍ 1ന് ജര്‍മ്മന്‍ സൈന്യം പോളണ്ടിലേയ്ക്ക് അതിക്രമിച്ചു കയറിയതുകൊണ്ടല്ല രണ്ടാം ലോകമഹായുദ്ധമുണ്ടായത്, അത് ഒരു നിമിത്തം മാത്രമായിരുന്നു, ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞതു മുതല്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉരുണ്ട് കൂടിയ അസ്വസ്ഥതയും പകയും വിദ്വേഷവും പൊട്ടിത്തെറിക്കാന്‍ അതൊരു നിമിത്തമായെന്നു മാത്രം...സ്വന്തം ആത്മകഥയില്‍ മാക്ടയുടെ രൂപീകരണത്തില്‍ താന്‍ ഒരു നിമിത്തം മാത്രമായിരുന്നെന്ന് കലൂര്‍ ഡെന്നീസ് പറയുന്നത് അതുകൊണ്ടാണ്. അത്രമാത്രം അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നു അന്നത്തെ ഫിലിം ഇന്റസ്ട്രി. പ്രത്യേകിച്ച് ടെക്നീഷ്യന്‍സിന്റെ കാര്യത്തില്‍. അതുപോട്ടെ മാക്ടയുടെ രൂപീകരണത്തിലേയ്ക്ക് തിരിച്ചുവരാം
കലൂര്‍ ഡെന്നിസും ഒരു യുവനടനും കഴിഞ്ഞ രണ്ട് സിനിമകളായി നടന്നുവന്ന വഴക്ക് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ല എഴുത്തുകാര്‍ക്ക് സംഘടനവേണമെന്ന ആവശ്യവും പറഞ്ഞ് കലൂരാന് ഡെന്നീസ് ജോസഫിനെയും ജോണ്‍ അങ്കിളിനേയും സ്വാമിയേയുമെല്ലാം വിളിച്ചു പറയുന്നു. ഈ വികാര വിക്ഷോഭങ്ങള്‍ക്കും സ്േഫാടനങ്ങള്ക്കും പിന്നീട് വേദിയായത് എറണാകുളം BTH ലെ 'സൈന്യം' സിനിമയുടെ എഴുത്തിനെടുത്തിട്ട ഞങ്ങളുടെ മുറിയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ ജോഷി സാര്‍ എത്തുന്നു, ജോണങ്കിള് എത്തുന്നു. അങ്കിളിന്റെ കൂടെയോ, അതോ തേടിയോ പ്രൊഡ്യൂസര്‍ ശിവന് കുന്നമ്പിള്ളി എത്തുന്നു. കലൂരാനും ഡെന്നിസ് ജോസഫും എത്തുന്നു. എഴുത്തുകാരുടെ സംഘടനയല്ലേ... സ്വാമി വിളിച്ചുപറഞ്ഞ് റാഫിയും മെക്കാര്‍ട്ടിനും എത്തുന്നു (ആരെയെങ്കിലും വിട്ടുപോയാല്‍ ക്ഷമിക്കുക).
എഴുത്തുകാരുടെ മാത്രം സംഘടന എന്ന കലൂരാന്റെ ആശയം ജോഷി സാര്‍ ആദ്യമേ വെട്ടി. എല്ലാ ടെക്നീഷ്യന്‍സും ചേര്‍ന്ന് ഒരു സംഘടന അതിനേ ശക്തി ഉണ്ടാകൂ എന്ന ആശയം സ്വീകരിക്കപ്പെട്ടു. സംഘടനാ രൂപീകരണവുമായി മുന്നോട്ടുപോകാന്‍ ആ മുറിയിലിരുന്ന് തീരുമാനിക്കുന്നു. ''വല്ല പ്രൊഡ്യൂസറും എടുത്തിട്ടിരിക്കുന്ന മുറിയിലിരുന്നല്ല സംഘടന ഉണ്ടാക്കേണ്ടത്. അതിന് മറ്റൊരു മുറിയെടുക്കണം, ഫണ്ട് വേണം.'' അങ്കിള്‍ പറഞ്ഞു. ജോഷി സാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് എടുത്തുതന്ന 5,000 രൂപയും ഇരുഡെന്നീസ്മാരും അങ്കിളും തന്ന 2500 രൂപയും ചേര്‍ത്ത് 7500 രൂപ! അതായിരുന്നു മാക്ടയുടെ ആദ്യത്തെ പ്രവര്‍ത്തന മൂലധനം.

ശിവന് കുന്നമ്പിള്ളി സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള അദ്ദേഹത്തിന്റെ ഓഫീസ്സിന്റെ ആദ്യത്തെ നില മാക്ടയ്ക്ക് വിട്ടുതന്നെങ്കിലും അതൊന്ന് തയ്യാറാകും വരെ BTH ലെ മറ്റൊരു മുറിയായിരുന്നു മാക്ടയുടെ ഓഫീസ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘടനാ രൂപീകരണത്തെക്കുറിച്ചറിഞ്ഞ് അന്നത്തെ യുവാക്കളായ പലരും BTH ല്‍ എത്തി. പക്ഷെ സാങ്കേതിക വിദഗ്ദ്ധരായ എല്ലാവരേയും സംഘടനയുടെ ആവശ്യം പറഞ്ഞ് അംഗങ്ങളാക്കുക വലിയൊരു യജ്ഞമായിരുന്നു. അതിനായി മദ്രാസ്സിലും കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രത്യേകം മീറ്റിങ്ങുകള്‍ നടത്തി. മാറ് മറയ്ക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത സ്ത്രീകളെ ആദ്യം കൈകാര്യം ചെയ്തത് സ്ത്രീകള്‍ തന്നെയായിരുന്നു എന്ന്് പറഞ്ഞതുപോലെ സിനിമയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ഒരു സംഘടന എന്ന ആശയം അത്ര എളുപ്പമൊന്നുമായിരുന്നില്ല അംഗീകരിക്കപ്പെടാന്‍.
പക്ഷെ ആ മാക്ട മലയാള സിനിമയെ നിയന്ത്രിക്കുന്ന ഒരു കാലമുണ്ടായി. അമ്മ ആദ്യ സ്റ്റേജ് ഷോ നടത്താന്‍ മാക്ടയോട് സഹായം അഭ്യര്‍ത്ഥിച്ച കാലം. അലവലാതിത്തരം പറഞ്ഞ അഭിനേതാവിനെക്കൊണ്ട് സമസ്താപരാധം പറയിച്ച കാലം. അതിനെല്ലാം അപ്പുറം മാക്ടയുടെ കുടക്കീഴില് വന്നിരിക്കാന്‍ സിനിമയിലെ എല്ലാ വിഭാഗങ്ങളും തയ്യാറായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മലയാള സിനിമയെ മുഴുവന്‍ ഒന്നിച്ചു നിര്‍ത്തി മാക്ട നടത്തിയ സംഗീത സംഗമം. കേരളം അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സ്റ്റേജ് പ്രോഗ്രാം. ഇതെല്ലാം അങ്കിളിന്റെ മാത്രം മിടുക്കല്ല, പക്ഷെ മിടുക്കരെ എല്ലാം ഒന്നിച്ചു കൂട്ടി അത്ര വലിയൊരു ഷോ വിജയിപ്പിച്ചെടുക്കുന്നതില്‍ അങ്കിളിന്റെ പങ്ക് നിസ്സാരമായിരുന്നില്ല.
മറ്റൊരു പ്രധാന നേട്ടം സിനിമയില്‍ നിന്ന് ആര്‍ട്ട് കൊമേഷ്യല്‍ അതിര്‍വരമ്പുകള്‍ ഒരു പരിധിവരെ മായ്ച്ചുകളയാന്‍ മാക്ടയ്ക്ക് കഴിഞ്ഞു എന്നതാണ്. അത് ജോഷിയെ കൊണ്ടുപോയി ജോര്‍ജ്ജ് സാറിനടുത്തിരുത്തുകയായിരുന്നോ അതോ കെ ജി ജോര്‍ജ്ജിനെ കൊണ്ടുപോയി ജോഷിക്കടുത്തിരുത്തുകയോ ആയിരുന്നില്ല. മാക്ട ഇരുവരേയും ചേര്‍ത്തിരുത്തി. എം ടി സാര്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്ന പരമവിശിഷ്ടാംഗത്വ വേദിയില്‍ ഉപഹാര സമര്‍പ്പണത്തിന് പൊന്നാട പുതപ്പിക്കാന്‍ നില്ക്കുന്ന അടൂര്‍ സാര്‍. ഇതൊന്നും മലയാള സിനിമ അതിന് മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല.
അനശ്ചിതത്വത്തില്‍ ഒരു കാര്യം അവസാനിപ്പിക്കുമ്പോള്‍ ഇനി എന്ത് എന്ന ചോദ്യം അങ്കിളിന്റെ കാര്യത്തില്‍ ഉണ്ടാവില്ല. പ്ലാന്‍ എ യും ബി യും സിയും ഉണ്ടാക്കിയായിരിക്കും അങ്കിള്‍ ഓരോ കാര്യവും ചെയ്തിരിക്കുക. ജീവിതത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും. എഴുത്തുകാരന്, സംഘാടകന്‍, അധ്യാപകന്, ടെലിവിഷന്‍, അവതാരകന്... ഏറെ വൈവിദ്ധ്യമുള്ള ഒരുപാട് ഇടങ്ങളില്‍ ഒരേസമയം വ്യാപരിക്കാന്‍ അങ്കിളിന് കഴിഞ്ഞു. സഫാരി ചാനലിലെ 'സ്മൃതി' എന്ന പ്രോഗ്രാം. സപ്പോര്ട്ടിങ്് വിഷ്വല്‍സ് ഒന്നുമില്ലാതെ ഒരാള്‍ ക്യാമറയുടെ മുന്നിലിരുന്ന് അരമണിക്കൂര്‍ സംസാരിക്കുക! വിഷ്വല്‍ മീഡിയ അറിയാവുന്നവര്‍ക്കറിയാം, ഒട്ടും എളുപ്പമുള്ള പണിയല്ല അത്. പക്ഷെ അങ്കിള്‍ അത് പുല്ലുപോലെ ചെയ്യുന്നു. ഇതൊന്നും പോരാഞ്ഞ് അഭിനയവും!
ഒരു ദിവസം അങ്കിളിന്റെ പേര് പത്രത്തില്‍ കണ്ടു. ജേസി സാറിന്റെ പേരിലുള്ള പുരസ്കാര ചടങ്ങിന്റെ വാര്‍ത്തയില്‍. എറണാകുളത്തൊന്നുമല്ല, എങ്ങോ ദൂരെ. വിളിച്ചപ്പോള്‍ അങ്കിള്‍ ദയാഭായിയുടെ ഫംഗ്ഷന് കഴിഞ്ഞ് മറ്റെങ്ങോനിന്ന് എത്തിയിട്ടേയുള്ളു. എന്റെ ആശ്ചര്യം മനസ്സിലാക്കി അങ്കിള്‍ പറഞ്ഞു: ''ഈ ആഴ്ച ഈ ശരീരവും കൊണ്ട് ഞാന്‍ സഞ്ചരിച്ചത് ആയിരത്തിലേറെ കിലോമീറ്ററാണ്.'' എനിക്ക് തിരിച്ചൊന്നും പറയാനില്ല...
അങ്കിളിന്റെ എഴുപതാം പിറന്നാളിന് ആശംസയറിയിക്കാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം നിസ്സാരമായി പറഞ്ഞു; ''നമ്മുടെ യാതൊരു നിയന്ത്രണത്തിലുമല്ലാത്ത കാര്യങ്ങള്‍.'' എത്ര കാലം കഴിഞ്ഞുവിളിച്ചാലും തൊട്ടുമുന്‍പ് സംസാരിച്ചതിന്റെ തുടര്‍ച്ച പോലെയാകും അങ്കിളിന്റെ ഓരോ സംഭാഷണവും. അതില്‍ സ്നേഹമുണ്ടാകും കരുതലുണ്ടാകും തീഷ്ണമായ ജീവിതത്തിന്റെ കനലില്‍ ചുട്ടെടുത്ത അനുഭവങ്ങള്‍, ഉപദേശങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാം കാണും... ഒന്നും അറിയാത്തതിനെക്കുറിച്ചും ഏറെ അറിയാവുന്നതിനെക്കുറിച്ചും ഒന്നും എഴുതാനാവില്ലെന്ന് പറയുന്നതുപോലെ ഏറെ അറിയാവുന്ന അങ്കിളിനെക്കുറിച്ച് എന്തെങ്കിലും എഴുതുക എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമല്ല. എന്റെ പേനത്തുമ്പിന് ആവാഹിച്ചിരുത്താന്‍ ആവുന്നതിലും വിപുലമാണ് അങ്കിളിന്റെ സഞ്ചാരപഥങ്ങള്‍. അതിനേക്കാള്‍ ആഴവും പരപ്പുമുള്ളതാണ് സിനിമയ്ക്ക് നല്കിയ സംഭാവനകള്‍... തിരി നൂറിട്ട് കൊളുത്തിയ എറണാകുളത്തപ്പന്റെ വലിയവിളക്ക് പോലെ മലയാളത്തിന്റെ ദൃശ്യ-സാംസ്കാരിക വേദികളിലാകെ ജോണ്‍പോള്‍ എന്ന പേര് എക്കാലവും തെളിഞ്ഞു നില്ക്കട്ടെ!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..