ലൂയിസ് സെപ്പൂള്‍വെദ- പഠിച്ച മാര്‍ക്‌സിസ്റ്റ് പാഠങ്ങളുടെ പരിമിതിയെക്കുറിച്ചറിഞ്ഞ ഒരെതിര്‍ദിശക്കാരന്‍


ജയകൃഷ്ണന്‍

'ഹെര്‍മന്‍ മെല്‍വില്ലിന്റെ 'മൊബിഡിക്ക്' പോലെയോ ഹെമിങ് വേയുടെ 'കിഴവനും കടലും' പോലെയോ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷമാണ് 'പ്രണയകഥകള്‍ വായിച്ച കിഴവന്‍' എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, മെല്‍വിലും ഹെമിങ് വേയും പ്രകൃതിയെ കീഴടക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെ ചിത്രീകരിക്കുമ്പോള്‍ സെപ്പൂള്‍വെദ നോക്കുന്നത് നേരെ എതിര്‍ദിശയിലേക്കാണ്'.

ലൂയിസ് സെപ്പൂൾവെദയും 'ദ ഓൾഡ്മാൻ ഹു റീഡ് ലവ് സ്‌റ്റോറീസ്' എന്ന പുസ്തകവും

പ്രകൃതിയെപ്പറ്റിയും പ്രണയത്തെപ്പറ്റിയും മനുഷ്യനെപ്പറ്റിയുമുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ലൂയിസ് സെപ്പൂള്‍വെദയുടെ മഹത്തായ രചനയെപ്പറ്റി മാതൃഭൂമി ദിനപത്രത്തിലെ 'വാക്കോള'ത്തില്‍ ജയകൃഷ്ണന്‍ എഴുതിയ ലേഖനം വായിക്കാം...

ചിലിയിലെ ഏകാധിപതിയായിരുന്ന ഔഗുസ്തോ പിനോച്ചെയുടെ ഭരണത്തിനെതിരേ സായുധവിപ്ലവം നടത്തിയ ആളായിരുന്നു ലൂയിസ് സെപ്പൂള്‍വെദ (Luis Sepulveda). നെരൂദയെ വിഷം കുത്തിവെച്ചുകൊന്ന ഏകാധിപത്യം, സെപ്പൂള്‍വെദയെ പിടികൂടി ഇരുപത്തിയെട്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. അദ്ദേഹം തടവില്‍നിന്ന് രക്ഷപ്പെട്ടു; ഒന്നല്ല, രണ്ടുതവണ. ചിലിയില്‍നിന്ന് പുറത്തുകടന്ന അദ്ദേഹം യുനെസ്‌കോയുമായി ചേര്‍ന്ന് പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.

ആമസോണ്‍ വനങ്ങളിലെ ഷുവാര്‍ വര്‍ഗക്കാരുമായുള്ള സഹവാസത്തില്‍നിന്ന്, താന്‍ പഠിച്ച മാര്‍ക്‌സിസ്റ്റ് പാഠങ്ങള്‍ പ്രകൃതിയുമായി ഇണങ്ങിക്കഴിയുന്നവരുടെ അതിജീവനത്തിന് മതിയാവുകയില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടര്‍ന്ന് കുട്ടികള്‍ക്കുവേണ്ടി അനേകം കഥകള്‍ അദ്ദേഹം രചിച്ചു. ലോകംമുഴുവന്‍ പടര്‍ന്ന മഹാരോഗം 2020 ഏപ്രില്‍ 16-ന് സെപ്പൂള്‍വെദയെ കൊണ്ടുപോയി. പക്ഷേ, അതിനിടയില്‍ ഈ നൂറ്റാണ്ടിന്റെ പുസ്തകമെന്നു വിശേഷിപ്പിക്കാവുന്ന ഒന്ന് അദ്ദേഹം എഴുതിക്കഴിഞ്ഞിരുന്നു; അതാണ് 'പ്രണയകഥകള്‍ വായിച്ച കിഴവന്‍' (The Oldman Who Read Love Stories) എന്ന നോവല്‍.

എക്വഡോറിന്റെ വടക്കുഭാഗത്തുള്ള സാന്‍ ലൂയിസ് ഗ്രാമത്തിലായിരുന്നു അന്തോണിയോ ഹോസെ ബൊളിവാറും ഭാര്യയായ ദൊളോറെസ് എന്‍കാര്‍ണസ്യോണും കഴിഞ്ഞിരുന്നത്. പ്രത്യേക സാഹചര്യത്തില്‍ അവര്‍ ആമസോണിന്റെ പോഷകനദിയായ നന്‍ഗരിത്സയുടെ തീരത്തുള്ള എല്‍ ഇദിലിയോ ഗ്രാമത്തിലെത്തി.

രണ്ടാമത്തെ വര്‍ഷം മലമ്പനി പിടിപെട്ട് അന്തോണിയോയുടെ ഭാര്യ മരിച്ചു. അതോടെ ജീവിതം വെറുത്ത അയാള്‍ കുടിയേറ്റക്കാരില്‍നിന്നകന്ന്, തന്നെ സഹായിച്ച ഷുവാര്‍ വര്‍ഗക്കാരുടെ കൂടെ താമസംതുടങ്ങുന്നു. അവരില്‍നിന്ന് പ്രകൃതിയോടിണങ്ങിക്കഴിയുന്നതിന്റെ ആനന്ദം അയാള്‍ മനസ്സിലാക്കി. പക്ഷേ, അവിടെനിന്ന് പിന്നീട് അയാള്‍ക്ക് പോകേണ്ടിവന്നു.

ലൂയിസ് സെപ്പൂള്‍വെദ രചിച്ച 'ദ ഓള്‍ഡ്മാന്‍ ഹു റീഡ് ലവ് സ്‌റ്റോറീസ് എന്ന പുസ്തകം

സ്വര്‍ണം തേടിവന്ന കുറെ അമേരിക്കക്കാര്‍ ഒരിക്കല്‍ അയാളുടെ സുഹൃത്തായ ഒരു ഷുവാറിനെ വെടിവെച്ചു. അതിനു പകരംവീട്ടണം. വെടിവെച്ചവന്റെ തല ഒരു കുറ്റിയില്‍ തൂക്കിയിടണം. അല്ലാത്തപക്ഷം വെടിയേറ്റ ഷുവാര്‍ വര്‍ഗക്കാരന്റെ ആത്മാവ് 'ഒരു കുരുടന്‍ തത്തയായി മാറും.' അന്തോണിയോയെത്തന്നെ അവര്‍ പകരംവീട്ടാന്‍ പറഞ്ഞയച്ചു. പക്ഷേ, നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലേണ്ടതിനുപകരം അമേരിക്കക്കാരന്റെ തോക്ക് പിടിച്ചെടുത്ത്, അതുകൊണ്ട് അന്തോണിയോ അയാളെ തീര്‍ക്കുകയാണുണ്ടായത്. അങ്ങനെ പ്രതികാരത്തിന് ഫലമില്ലാതായി. ഷുവാര്‍ വര്‍ഗക്കാരന്റെ ആത്മാവ് കുരുടന്‍തത്തയായി. സങ്കടത്തോടെയാണെങ്കിലും അന്തോണിയോയെ പറഞ്ഞയക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.

അന്തോണിയോ വീണ്ടും എല്‍ ഇദിലിയോയില്‍ താമസംതുടങ്ങി. പക്ഷേ, പുതിയ കുടിയേറ്റക്കാരില്‍ നിന്നകന്ന് ഒറ്റപ്പെട്ട ഒരിടത്താണ് അയാള്‍ കുടിലുണ്ടാക്കിയത്. വാര്‍ധക്യത്തിലെത്തിയപ്പോള്‍ തനിക്ക് വായിക്കാന്‍ കഴിയുമെന്ന മഹത്തായ കണ്ടുപിടിത്തം അയാള്‍ നടത്തി. അന്തോണിയോ പുസ്തകങ്ങള്‍ തേടിപ്പോയി. പ്രണയകഥകളായിരുന്നു അയാള്‍ക്കിഷ്ടം.

ഗ്രാമത്തിലുള്ളവരെ ഓരോന്നായി കൊന്നൊടുക്കിയ ഒരു പെണ്‍ ഓസെലോത്തെയെ (Ocelote-പുലിയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു മൃഗം) തേടി ഏകാധിപതിയും പമ്പരവിഡ്ഢിയുമായ മേയറുടെകൂടെ അയാള്‍ക്കും ഒരുദിനം പോകേണ്ടിവന്നു. മേയറും മറ്റുള്ളവരും പിന്‍വാങ്ങി. അന്തോണിയോ ഒറ്റയ്ക്ക് ഓസെലോത്തെയെ പിന്തുടര്‍ന്നു. തന്നെ അവള്‍ കൂട്ടിക്കൊണ്ടുപോകുന്നത് വേട്ടക്കാരന്റെ വെടിയേറ്റ് പ്രാണവേദനയനുഭവിക്കുന്ന തന്റെ ഇണയ്ക്ക് ദയാവധം നല്‍കാനാണെന്ന് അയാള്‍ മനസ്സിലാക്കി.

അയാള്‍ അവനെ കൊല്ലുന്നു. തുടര്‍ന്ന് അവളെയും. താന്‍ വായിച്ചിട്ടുള്ള എല്ലാ കഥകളിലെക്കാളും മഹത്തായ ആ പ്രണയം അവസാനിപ്പിച്ചപ്പോള്‍ അയാള്‍ തോക്ക് നദിയിലേക്ക് വലിച്ചെറിഞ്ഞു. അയാള്‍ മടങ്ങുകയാണ്. അയാള്‍ക്ക് മേയര്‍ വാഗ്ദാനംചെയ്ത പ്രതിഫലമോ ഗ്രാമത്തെ നരഭോജിപ്പുലിയില്‍നിന്ന് മോചിപ്പിച്ചവന്റെ വീരപരിവേഷമോ വേണ്ട, തന്റെ കുടിലിന്റെ സ്വച്ഛതയും അവിടെ തന്നെ കാത്തിരിക്കുന്ന പ്രണയകഥകളും മാത്രംമതി.

ഹെര്‍മന്‍ മെല്‍വില്ലിന്റെ 'മൊബിഡിക്ക്' പോലെയോ ഹെമിങ് വേയുടെ 'കിഴവനും കടലും' പോലെയോ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷമാണ് 'പ്രണയകഥകള്‍ വായിച്ച കിഴവന്‍' എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, മെല്‍വിലും ഹെമിങ് വേയും പ്രകൃതിയെ കീഴടക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെ ചിത്രീകരിക്കുമ്പോള്‍ സെപ്പൂള്‍വെദ നോക്കുന്നത് നേരെ എതിര്‍ദിശയിലേക്കാണ്.

പരിസ്ഥിതിപ്രവര്‍ത്തകന്‍ ചിക്കോ മെന്‍ഡെസ് | Photo: Twitter / @martinellosilv

കിഴവന്‍ സാന്തിയാഗോ കൂറ്റന്‍മീനിനെ പിടിച്ചുകൊണ്ടുവരുന്നത് മീന്‍പിടിത്തക്കാരനെന്ന നിലയില്‍ അയാളനുഭവിക്കേണ്ടിവന്ന നാണക്കേട് തീര്‍ക്കാന്‍കൂടിയാണെങ്കില്‍ ഓസെലോത്തെയെ കൊന്നപ്പോള്‍ നാണക്കേടുകൊണ്ട് കരയുകയാണ് അന്തോണിയോ ഹോസെ ബൊളിവര്‍ ചെയ്യുന്നത്. പ്രകൃതിയെ കീഴടക്കുമ്പോഴുണ്ടാകുന്ന കുറ്റബോധം നിറഞ്ഞ നാണക്കേട്.

'പ്രണയകഥകള്‍ വായിച്ച കിഴവന്‍' പ്രകൃതിയെപ്പറ്റിയും മനുഷ്യനെപ്പറ്റിയുമുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ മാത്രമല്ല നമ്മുടെ മനസ്സില്‍ നിറയ്ക്കുക. ചിലിയന്‍ കവിയായ പാബ്ലോ ഡി രോഖായുടെ (Pablo de Rokha) കവിതയിലെ, ലോകത്തിന്റെ ജീര്‍ണിച്ച മേല്‍ക്കൂരയുടെ പഴുതുകളിലൂടെ ഊര്‍ന്നിറങ്ങുന്ന, പിയാനോ സംഗീതംകലര്‍ന്ന മഴയെപ്പറ്റി നമ്മള്‍ ഓര്‍ത്തുകൊണ്ടേയിരിക്കും. ആമസോണ്‍ കാടുകള്‍ സംരക്ഷിക്കാന്‍വേണ്ടി ജീവന്‍ നല്‍കേണ്ടിവന്ന പരിസ്ഥിതിപ്രവര്‍ത്തകന്‍ ചിക്കോ മെന്‍ഡെസിന് (Chico Mendes) സമര്‍പ്പിക്കപ്പെട്ട, ഈ നോവല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹത്തായ പുസ്തകങ്ങളിലൊന്നാകുന്നതും അതുകൊണ്ടുതന്നെ.

Content Highlights: Luis Sepulveda, Chilean writer, Oldman who read Love Stories

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented