നാക്കേ നീയൊന്നടങ്ങ്; ഇത് പാര്‍ലമെന്റാണ്!


മായ കടത്തനാട്‌

പക്ഷേ, അത്തരം പ്രയോഗങ്ങള്‍ക്ക് സഭയില്‍ പ്രസക്തിയില്ല എന്നാണ് വിലയിരുത്തല്‍. ഭരണപക്ഷമോ പ്രതിപക്ഷമോ കഥയറിയാതെ ആട്ടം കാണുന്നത് വിശദീകരിക്കുമ്പോള്‍ പ്രസ്തുത പ്രയോഗം ഉപയോഗിച്ചാല്‍ സംഗതി അണ്‍പാര്‍ലമെന്ററിയായി. 

ചിത്രീകരണം: ബാലു

പാര്‍ലമെന്റ് എന്ന സംവിധാനത്തോടൊപ്പം ചേര്‍ത്തുവായിക്കുന്ന പദമാണ് അണ്‍പാര്‍ലമെന്ററി എന്നത്. പാര്‍ലമെന്റിന് യോജിക്കാത്ത പദങ്ങളുടെ പട്ടിക ഓരോ വര്‍ഷവും അതത് പാര്‍ലമെന്റുകള്‍ ബുക്‌ലെറ്റുകളായി സഭാംഗങ്ങള്‍ക്ക് വിതരണം ചെയ്യാറുണ്ട്. എന്ത് സംസാരിക്കാം എന്നതിനേക്കാള്‍ എന്ത് സംസാരിക്കരുത് എന്ന നിര്‍ദ്ദേശമാണ് ഈ ബുക്‌ലെറ്റുകള്‍ നിര്‍ദേശം നല്‍കുന്നത്. നമ്മുടെ പ്രതിനിധികള്‍ അഭിപ്രായ യോജിപ്പ്-വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനായി തങ്ങളുടെ പദാവലിയിലെ ഏറ്റവും മൂര്‍ച്ചയേറിയ വാക്കുകള്‍ തന്നെയാണ് ആയുധമാക്കുക. വാക്‌പോരുകള്‍ മുറുകുമ്പോള്‍ ഭരണ-പ്രതിപക്ഷങ്ങള്‍ 'മികവുറ്റ' പ്രയോഗങ്ങള്‍ക്കായി ശബ്ദതാരാവലി അടപടലം പ്രയോഗിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ അണ്‍പാര്‍ലമെന്ററി ബുക്‌ലെറ്റുകളില്‍ വര്‍ഷാവര്‍ഷം പുതിയ പദങ്ങള്‍ കൂടി ഇടംപിടിക്കുന്നു. നിയമസഭ, രാജ്യസഭ, ലോകസഭ എന്നിവിടങ്ങളില്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുമ്പോള്‍ ജനാധിപത്യം എന്ന സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ എന്ത് പറയാം എന്നതിനേക്കാള്‍ ജാഗരൂകരാവേണ്ടത് എന്തുപറയാന്‍ പാടില്ല എന്നതിലാണ്. മണ്‍സൂണ്‍കാല സഭാചേരലിന് മുന്നോടിയായി പുറത്തിറക്കിയ ബുക്‌ലെറ്റിലെ അണ്‍പാര്‍ലമെന്ററി പദങ്ങള്‍ ഇവയൊക്കെയാണ്.

പിന്‍വാതില്‍- ഏറ്റവും കൂടുതല്‍ കേട്ടുപരിചയമുള്ള പദങ്ങളില്‍ ഒന്നാണ് പിന്‍വാതില്‍. ജനാധിപത്യത്തിലെ 'പിന്‍വാതില്‍' പക്ഷേ, അത്ര സുഖകരമായ ഒന്നല്ല. അതിനാല്‍ത്തന്നെ ദ്വയാര്‍ഥത്തോടുകൂടിയുള്ള 'പിന്‍വാതില്‍' സഭകളില്‍ അനുവദനീയമല്ല. 'ഭരണഘടനയെ നോക്കുകുത്തിയാക്കിക്കൊണ്ട് സര്‍ക്കാര്‍ പിന്‍വാതില്‍ നിയനമം നടപ്പാക്കുന്നു, പിന്‍വാതില്‍ തുറന്നുകൊടുക്കുന്നു, പിന്‍വാതില്‍ നയം തുടങ്ങിയ പ്രയോഗങ്ങള്‍ അണ്‍പാര്‍ലമെന്ററിയാണ്. സംഭവം നടന്നോ ഇല്ലയോ എന്നത് വേറെ കാര്യം!

പിന്നാക്കവിഭാഗക്കാര്‍- പിന്നാക്ക വിഭാഗത്തെക്കുറിച്ച് സഭയില്‍ ഗൗരവതരമായ ചര്‍ച്ചയാകാം. പക്ഷേ, ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ പിടിപ്പുകേടുകളെ അര്‍ഥമാക്കാന്‍ 'പിന്നാക്ക വിഭാഗക്കാര്‍' എന്ന പ്രയോഗം പാടില്ല. പിന്നാക്ക വിഭാഗക്കാര്‍ എന്ന് പട്ടികയില്‍ ഉള്‍പ്പെട്ട, സംരക്ഷണം ആവശ്യമുള്ള സമൂഹത്തെയോ ജനങ്ങളെയോ പരസ്യമായി ആക്ഷേപിച്ച് പറയാനും പാടില്ല.

തന്തയില്ലാത്തവര്‍- പല പ്രൊജക്ടുകള്‍ക്കും സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നിലെ പിതൃത്വം ഏറ്റെടുക്കല്‍ പലപ്പോഴും സഭയില്‍ തര്‍ക്കത്തിനിടയാക്കാറുണ്ട്. തന്തയില്ലായ്മത്തരം, തന്തയില്ലാത്തവര്‍ തുടങ്ങിയ പദങ്ങള്‍ നേരിട്ടോ വ്യംഗ്യാര്‍ഥത്തിലോ ഉപയോഗിക്കുന്നത് അണ്‍പാര്‍ലമെന്ററിയാണ്.

അടി കൊടുക്കുക- തെറ്റ് കാണുമ്പോള്‍ ശിക്ഷിക്കപ്പെടണം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിലും അസ്സല്‍ അടി കൊടുക്കണം എന്ന് പറയാനുള്ള അവകാശം ഇരുകൂട്ടര്‍ക്കുമില്ല.

വഞ്ചന, തട്ടിപ്പ്,ചതി, പാതകം, കൊടുംചതി, കബളിപ്പിക്കുക,നുണക്കൂമ്പാരം, വ്യാജം... തുടങ്ങിയ പദങ്ങള്‍ സഭയ്ക്കകത്തെത്തിയാല്‍ അണ്‍പാര്‍ലമെന്ററിയായി. 'വര്‍ക്കിങ് ക്ലാസിനോടുള്ള തികഞ്ഞ വഞ്ചനയാണ് (ഈ ഗവര്‍ണര്‍ അഭിസംബോധന തീര്‍ത്തും വ്യാജമാണ്, ഇത് നുണകളുടെ കെട്ട്. ഈ ഗവര്‍ണര്‍ വിലാസം വ്യാജമാണ്.) അസത്യം, ലജ്ജാകരം തുടങ്ങിയ പദങ്ങള്‍ ആവേശത്തില്‍ അനര്‍ഗനിര്‍ഗളമായി ഒഴുകുന്നത് സ്വാഭാവികമാണ്. പക്ഷേ, ജനാധിപത്യസംവിധാനത്തിന്റെ ഈറ്റില്ലമായി സഭകള്‍ നിലകൊള്ളുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത പുലര്‍ത്തേണ്ടത് വാക്കുകളുടെ തിരഞ്ഞെടുപ്പില്‍ കൂടിയാവുന്നു.

കഥയറിയാതെ ആട്ടം കാണുക- മലയാളത്തിലെ വളരെ മികച്ച പ്രയോഗമാണിത്. കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യവുമില്ല. പക്ഷേ, അത്തരം പ്രയോഗങ്ങള്‍ക്ക് സഭയില്‍ പ്രസക്തിയില്ല എന്നാണ് വിലയിരുത്തല്‍. ഭരണപക്ഷമോ പ്രതിപക്ഷമോ കഥയറിയാതെ ആട്ടം കാണുന്നത് വിശദീകരിക്കുമ്പോള്‍ പ്രസ്തുത പ്രയോഗം ഉപയോഗിച്ചാല്‍ സംഗതി അണ്‍പാര്‍ലമെന്ററിയായി.

നികൃഷ്ടജീവി, വൃത്തികെട്ടയാള്‍, പ്രകൃതിവിരുദ്ധന്‍- മനസ്സിന്റെയും ശരീരത്തിന്റെയും പ്രവൃത്തിയുടെയും വൃത്തിയും വൃത്തികേടുകളും ഒന്നൊന്നായി എടുത്തുനിരത്തേണ്ടത് സഭയില്‍ത്തന്നെയായിരിക്കാം. പക്ഷേ, വ്യക്ത്യധിക്ഷേപത്തിന് വലിയ വില നല്‍കേണ്ടിവരും. വൃത്തികെട്ടയാള്‍, നീചന്‍, നികൃഷ്ടന്‍, നികൃഷ്ടജീവി, പ്രകൃതിവിരുദ്ധന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഒരാള്‍ക്കുനേരെ വിരല്‍ചൂണ്ടുന്നുവെങ്കില്‍ അത് അണ്‍പാര്‍ലമെന്ററിയാണ്.

മര്‍ക്കടമുഷ്ടി, മുഠാളന്‍, കലഹി, മുരട്ടുവാദി, ശാഠ്യക്കാരന്‍ തുടങ്ങിയ മനുഷ്യവിശേഷണങ്ങളൊന്നും തന്നെ ആവശ്യമായോ അനാവശ്യമായോ പാര്‍ലമെന്റിനകത്തേക്ക് കയറാന്‍ പാടില്ല എന്നാണ് നിയമം. പരസ്പരം ബഹുമാനിക്കുക, വിനീതമായി സംസാരിക്കുക, പ്രശ്‌നങ്ങള്‍ പക്വതയോടെ അവതരിപ്പിക്കുക. ജനക്ഷേമം ഉറപ്പുവരുത്തുക. ഇതാണ് പാര്‍ലമെന്റിനകത്തുകയറിയാല്‍ ഓരോ ജനപ്രതിനിധിയും ലക്ഷ്യം വെക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ എതിരാളികളെ പുതിയ വിശേഷണങ്ങളോടെ അവതരിപ്പിക്കാനുള്ള ഭാഷായജ്ഞത്തിലാണ് നമ്മുടെ ജനസേവകര്‍.

ചാണകം, മലം, മൂത്രം, കാഷ്ഠം- ഈ വക പദങ്ങള്‍ക്ക് പകരം വെക്കാന്‍ മികച്ച പദങ്ങളില്ല എന്നത് യാഥാര്‍ഥ്യം തന്നെ. പാര്‍ലമെന്റിനകത്തേക്ക് ഈ വാക്കുകള്‍ വലിച്ചിഴയ്ക്കപ്പെടുന്നത് തീര്‍ച്ചയായും ഗൂഢോദ്ദേശ്യത്തോടെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുമുള്ളതാകയാലും സഭ്യത കാത്തുസൂക്ഷിക്കേണ്ടതിനാലും ചാണകവും മലവും മൂത്രവുമെല്ലാം വ്യംഗ്യാര്‍ഥത്തോടെ ഉപയോഗിക്കാന്‍ പാടില്ല.

ഭീരു, തട്ടിപ്പുകാരന്‍- ജനപ്രതിനിധിയാവുക എന്നാല്‍ ഭീരുത്വമില്ലാത്തയാളും വിശ്വാസ്യത തെളിയിച്ച ആളുമായിരിക്കണമല്ലോ. അപ്പോള്‍പിന്നെ എങ്ങനെയാണ് ഇപ്പറഞ്ഞ അഭിസംബോധനകള്‍ ബാധകമാവുക? തീര്‍ത്തും അണ്‍പാര്‍ലമെന്ററി തന്നെ! ആളുകളെ കബളിപ്പിച്ച് പണമുണ്ടാക്കുന്നവന്‍, സംഭവങ്ങള്‍ പെരുപ്പിച്ച് അവതരിപ്പിക്കുന്നവര്‍ തുടങ്ങിയ അര്‍ഥങ്ങള്‍ വരുന്ന പ്രാദേശികഭാഷാപദങ്ങളും പാര്‍ലമെന്റിനകത്ത് പാടില്ല.

അധഃപതിച്ച, ദുഷിച്ച, ചീഞ്ഞളിഞ്ഞ, ഭ്രഷ്ടമാക്കപ്പെട്ട, നേരല്ലാത്ത, മലീമസമായ, അഴിമതി പുരണ്ട, ദുരാചാരമായ തുടങ്ങിയ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ത്തന്നെ നെഗറ്റീവ് എനര്‍ജി വന്നടിയുന്നുണ്ട്. സഭയില്‍ പ്രശ്‌നങ്ങളവതരിപ്പിക്കുമ്പോള്‍ ഇപ്പറഞ്ഞ വാക്കുകള്‍ കടന്നുവന്നാല്‍ തീര്‍ച്ചയായും മുഷിപ്പുണ്ടാക്കും. ഇവ വിരല്‍ ചൂണ്ടുന്ന സന്ദര്‍ഭവും സാഹചര്യവും ഇല്ലാതാക്കാനാണല്ലോ 'തിരെഞ്ഞെടുത്ത' ആളുകളെ കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സംവിധാനം മലീമസമാക്കാതിരിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം മേല്‍പ്പറഞ്ഞവരില്‍ നിക്ഷിപ്തമാണ്.

അഴിമതി, ഒളിപ്പിക്കുക, മൂടിവെക്കുക- സഭ കൂടുന്നത് സുതാര്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ വിലയിരുത്താനും വികസനമുന്നേറ്റങ്ങള്‍ തീരുമാനിക്കാനുമൊക്കെയാണ്. Opposition party is oppose everything and propose nothing എന്ന നിലപാട് എടുത്താല്‍ എന്തുചെയ്യും? ഭരിക്കുന്നവരില്‍ ആരെങ്കിലും മേല്‍പ്പറഞ്ഞ കുത്സിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പ്രതിപക്ഷം എങ്ങനെയാണ് ഇത് ചൂണ്ടിക്കാട്ടുക? അഴിമതിയുടെ എല്ലാ ഭാഷാന്തരങ്ങളും സെന്‍സര്‍ഷിപ്പോടുകൂടി മാത്രമേ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പാടുള്ളൂ. അഴിമതി ചെയ്താല്‍ പിന്നെ അത് മൂടിവെക്കേണ്ടി വരില്ലേ?

കുറ്റവാളി, ക്രിമിനല്‍, ശിക്ഷാര്‍ഹനായ, അപരാധി, പാതകന്‍, ഘാതകന്‍- ഈ പറഞ്ഞവര്‍ക്കൊന്നും കയറിയിരിക്കാനുള്ള ഇടമല്ല പാര്‍ലമെന്റ്. നോട് ദ പോയന്റ്. എന്നുവെച്ച് ഇത്തരക്കാരെ പരാമര്‍ശിക്കാനേ പാടില്ല എന്നുവെച്ചാലെങ്ങെനെയാ? അത്തരത്തില്‍ ഏതെങ്കിലും പദവിശേഷണങ്ങളില്‍ വന്നുപെടാതിരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ പരമാവധി ശ്രദ്ധിക്കുകയേ തരമുള്ളൂ.

ശപിക്കുക, അധിക്ഷേപിക്കുക, ഗുണം പിടിക്കാത്ത, നശിച്ച... ശാപവചനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത് നാടാണ്. പക്ഷേ, സഭയിലെത്തിയാല്‍ നിലയും വിലയും മാനിച്ചേ പറ്റൂ. നമ്മുടെ പദസമ്പത്ത് എത്ര വിപുലമാണ്! പക്ഷേ, ഈ വിശേഷണങ്ങള്‍ അഭിസംബോധനയോടൊപ്പം ഒരു പഞ്ചിന് ചേര്‍ത്തുപോകുന്ന ഏര്‍പ്പാട് അണ്‍പാര്‍ലമെന്ററിയാണ്.

ഉണക്കമരം, ഉണക്കക്കൊള്ളി- പ്രകൃതിയിലെ വസ്തുക്കളും ജീവജാലങ്ങളും പലപ്പോഴും രൂപകങ്ങളായി ഉപയോഗിക്കപ്പെടുന്നത് സര്‍വസാധാരണമാണ്. പക്ഷേ, സഭ എന്നത് പക്വതയാര്‍ജിച്ചവരുടെ സമ്മേളനവേദിയാണ്. വിവരം മാത്രം പോരാ, വിവേകം കൂടിയുണ്ടെങ്കിലേ ഇവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ. ഉണക്കമരം എന്നെങ്ങാന്‍ ഏതെങ്കിലും വ്യക്തിയെയോ പദ്ധതിയെയോ വിശേഷിപ്പിച്ചാല്‍ കളി മാറും സാറേ...

നികൃഷ്ടജാതി, വെറുക്കപ്പെട്ടത്, വിലകെട്ട, അവജ്ഞാര്‍ഹമായ, അധമമായത്, ജുഗുപ്തസാവഹമായ- ഇങ്ങനെയൊക്കെ പറയാമോ? പാടില്ല. അധമമന്മാര്‍ക്ക് സഭയില്‍ സീറ്റില്ലല്ലോ. നമ്മള്‍ പറഞ്ഞയച്ച പ്രതിനിധികളാണ്. മിനിമം മനുഷ്യരുടെ സ്റ്റാന്‍ഡേര്‍ഡെങ്കിലും കാണിക്കണ്ടേ?

സ്വേച്ഛാധിപതി, ചക്രവര്‍ത്തി, സാമ്രാട്ട്, പ്രജാപീഡകന്‍- പ്രജാസേവകന്‍ എന്ന വാക്കിന് മാത്രമേ എന്‍ട്രിയുള്ളൂ, നോ ഡൗട്ട്. സ്വേച്ഛാധിപത്യവും രാജാധികാരവും തുടച്ചുനീക്കിയാണ് നമ്മള്‍ ജനാധിപത്യം കഷ്ടപ്പെട്ട് പച്ചപിടിപ്പിച്ചു കൊണ്ടുവരുന്നത്. അതിനിടയില്‍ ഭൂതകാല സ്മരണകളിലേക്ക്, ഒരു തരം പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡറിലേക്ക്, നമ്മുടെ പ്രതിനിധികള്‍ വീണുപോകാന്‍ പാടില്ല. ഭവിഷത്തുകള്‍ അനുഭവിക്കാന്‍ നമ്മള്‍ മാത്രമേ കാണൂ.

കുന്തം, കുടച്ചക്രം, ആസാമി, ചെറ്റത്തരം- എന്തു പറയാനാണ്! സാധാരണനിലയില്‍ സിനിമകളില്‍പ്പോലും ഇത്തരം വാക്കുകള്‍ ഉപയോഗിക്കേണ്ട സന്ദര്‍ഭം സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ മ്യൂട്ടടിക്കാറാണ് പതിവ്. അപ്പോള്‍പ്പിന്നെ നേരിയ ചലനം പോലും രേഖപ്പെടുത്തപ്പെടുന്ന സഭയില്‍ ഇങ്ങനെയൊക്കെ പറയാമോ?

തെറ്റായ സന്ദേശം, തെറ്റിദ്ധാരണ, അപഭാഷണം, അധിക്ഷേപം- കേട്ടമാത്രയില്‍ സഭ്യതയുള്ള വാക്കുകളൊക്കെത്തന്നെയാണ്. എന്തു ചെയ്യാനാണ്. സഭയിലിരിക്കാന്‍ വിധിയില്ലാതെ പോയി!

കപടം, കുടിലം, വക്രബുദ്ധി, സത്യരഹിതം, ആത്മാര്‍ഥതയില്ലാത്ത- സഹിക്കാന്‍ പാടില്ല സാറെ. അല്പം മാന്യതയൊക്കെയുള്ള വാക്കുകളായിരുന്നു. കറകളഞ്ഞ മനുഷ്യര്‍ ഇരിക്കുന്ന പവിത്രമായ ഇടമല്ലേ, കുടിലത പ്രവൃത്തിയിലെന്നല്ല, വാക്കുകളില്‍പ്പോലും കണ്ടുപോകരുത്.

അസ്ഥിരമായത്, ഒഴിഞ്ഞുമാറുന്നു, വിശ്വസിക്കാന്‍ കൊള്ളാത്ത- ശബ്ദതാരാവലി പുതിയതൊന്ന് പണിയേണ്ടി വരും. അല്ലാത്ത പക്ഷം രൂപത്തിലും ഭാവത്തിലും പ്രവൃത്തിയിലും ജനസേവനത്തിലും സ്ഥായിയായി നിലകൊള്ളുകയേ രക്ഷയുള്ളൂ. (നടക്കുന്ന കാര്യം വല്ലതും പറ സാറേ...)

നായ, പട്ടി, വിഷപ്പാമ്പ്, മൂര്‍ഖന്‍ - ജന്തുമൃഗാദികള്‍ക്കെല്ലാം അവരുടേതായ സ്റ്റാന്‍ന്റേഡുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ. കൊടിത്തൂവ, നായ്ക്കുരുണ തുടങ്ങിയ സസ്യങ്ങളുടെ കാര്യം എന്താണോ എന്തോ!

നാടകം, പ്രകടനം, നാടകീയത- സഭയിലല്ലേ ഇരിക്കുന്നത്? തട്ടില്‍ക്കയറിയതല്ലല്ലോ. നാടകീയമായ പ്രകടനങ്ങളൊന്നും വേണ്ട. അഥവാ പ്രകടിപ്പിച്ചാല്‍ത്തന്നെ ആരും അത് വിളിച്ചുപറയാന്‍ മെനക്കെടണ്ട. വാക്കാണ് പ്രശ്‌നം.

പച്ചപ്പരമാര്‍ഥി, മണ്ടന്‍, ഭോഷന്‍, വഞ്ചിതന്‍, വിഡ്ഢിത്തം- ഇതൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. സഭയില്‍ നടക്കേണ്ടത് നാടിന്റെ കാര്യമാണ്. മൈന്‍ഡ് ഇറ്റ്. അല്ലാ, വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇത്രായിരം വാക്കുകള്‍ തിരഞ്ഞുപിടിച്ച ഉപയോഗിക്കുന്നതിനുപിന്നിലെ ചേതോവികാരമെന്താണ്?

ശത്രു, ശത്രുത- തികച്ചും വ്യക്തിപരം. നോ കമന്റ്‌സ്.

കൃത്രിമമായ, പൊളിപറയുന്ന, വ്യാജനിര്‍മിതി, നീതീകരണമായ- ഒരു വാക്ക് മറ്റൊന്നിന്റെ പരിഷ്‌കരിച്ച രൂപമൊക്കെയാണ്; ഒറ്റ നോട്ടത്തില്‍ നോക്കുമ്പോള്‍. പറഞ്ഞിട്ടെന്തു കാര്യം! പാര്‍ലമെന്റില്‍ എന്‍ട്രിയില്ല. കൃത്രിമമായ എന്ന വാക്കിന് പകരം എത്ര പെട്ടെന്നാണ് വ്യാജനിര്‍മിതി എന്ന പര്യായം ഭാഷയ്ക്ക് ലഭിച്ചത്! കറകളഞ്ഞ മനുഷ്യരെ ധൈര്യമായി ഭരണമേല്‍പ്പിച്ച, പ്രതിപക്ഷമേല്‍പിച്ച സാധാരണക്കാരുടെ ഒരവസ്ഥ നോക്കണേ! ഭാഷാസമ്പത്ത് കൂടുന്നുവെന്നല്ലാതെ ഉപയോഗിക്കാന്‍ സ്ഥലമില്ല!

സത്യവിരോധം, കാപട്യം, അയഥാര്‍ഥത- ഭരണഘടന തൊട്ട് സത്യം ചെയ്ത് സ്ഥാനമേറ്റെടുത്തവരാണ്. ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താതെ ഉറങ്ങാന്‍പോലും പാടില്ലാത്തവരാണ്, ധാര്‍മികമായി. സത്യവിരോധമെന്നൊക്കെ കെട്ടിച്ചമയ്ക്കുന്നതായിരിക്കും. അങ്ങനെയുള്ള വാക്കുകളും വലിച്ച് സഭയുടെ പരിസരത്ത് കണ്ടുപോകരുത്.

കൂത്ത്, ഏകാഭിനയം, പരിഹാസക്കൂത്ത്, കോമാളിത്തം- എത്ര പരിപാവനമായ കലയാണ് കൂത്ത്! കോളാമ്പിയിലെ പായസം പോലെ വേണ്ടിടത്തും വേണ്ടാത്തിടത്തും ആ വാക്ക് തിരുകിക്കയറ്റി നശിപ്പിച്ചു. എവിടെയാണ് കൊണ്ടുപോയി അവതരിപ്പിച്ചതെന്ന് നോക്കിയേ? ഏകാഭിനയവും കോമാളിത്തവും വിളമ്പാനുള്ള വേദി ഇതാണോ? അഥവാ അങ്ങനെ ചെയ്താല്‍ വിളിച്ചുപറയാന്‍ പാടുണ്ടോ?

പൊതുജനങ്ങളില്‍ മനപ്പൂര്‍വം പരിഭ്രാന്തി പടര്‍ത്താനുള്ള പ്രവൃത്തി- അതാണല്ലോ ആകെപ്പാടെ നടക്കുന്നത്. പക്ഷേ, ഇതെങ്ങാനും പറഞ്ഞാലുണ്ടല്ലോ, ആഹാ..

ചതിയന്‍, കെണി, കൗശലനീക്കം, പ്രലോഭനം, സൂത്രത്തില്‍- കുറച്ചുകൂടി മാന്യമായിരിക്കണം, പ്ലീസ്. ഇത് സഭയാണ്.

വിചിത്രവിഡ്ഢി- പേര് തന്നെ അസ്സല് ട്രോളാണ്. ഇങ്ങനെയൊന്നും ആരെയും എവിടെയും പറയാന്‍ പാടില്ല. അക്ഷരാര്‍ഥത്തില്‍ അധിക്ഷേപം തന്നെയാണ്.

മൂഢന്‍, മടയന്‍, വൃഥാപ്രയത്‌നം- അതിപ്പോ സഭയ്ക്കകത്തുകയറിയിട്ട് പറയിപ്പിക്കുന്നതിലും നല്ലത്, അകത്തേക്ക് കയറ്റിവിടണോ വേണ്ടയോ എന്ന് നമ്മളങ്ങ് തീരുമാനിക്കുന്നതായിരുന്നു. വൃഥാ പ്രയത്‌നമായിപ്പോയി.

മണ്ണട്ട, ചെറുപുഴു- നായയും പട്ടിയും മൂര്‍ഖനും മാത്രമല്ല, മണ്ണട്ടയ്ക്കും ചെറുപുഴുവിനും വരെ അവരുടേതായ നിലയും വിലയുമുണ്ട്. സഭയില്‍ക്കയറി നിങ്ങളായിട്ട് അത് നശിപ്പിക്കരുത്.

അഴുക്കടിഞ്ഞ സംസാരം, ചെളിപുരണ്ട കൈകള്‍- മലീമസമായതിനെ തടഞ്ഞുനിര്‍ത്തുമെങ്കില്‍ അഴുക്കിനെയും ചെളിയെയും നിര്‍ബന്ധമായും തടയുന്നതിലും നല്ലത് ഇല്ലാതാക്കുന്നതാണ്.

കോപിയായ- കോപം ക്ഷിപ്രമായ അവസ്ഥ മാത്രമാണ്. സംയമനം പാലിക്കാന്‍ ആര്‍ക്കാണ് കഴിയുക? ജനപ്രതിനിധിയെന്നത് തന്നെ വളരെ സെന്‍സിറ്റീവായ കാര്യമാണ്. പക്ഷേ, അത് അഡ്രസ് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് എന്തധികാരമാണ് ഉള്ളത്?

മന്ദബുദ്ധി, അരക്കിറുക്ക്, വികലബുദ്ധി- ഇതൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമല്ലേ സാര്‍ അകത്തേക്ക് കടത്തിവിട്ടത്? പ്രശ്‌നം ഇനി ബൈ ദ പീപ്പിളിനാണോ?

വഴിവാണിഭം, ആക്രിവ്യാപാരം- സത്യം! എല്ലാമൊരു കച്ചവടമാണല്ലോ.

മറച്ചുവെക്കുക- മറച്ചുവെക്കാനേ പാടില്ല. എന്നുവെച്ച് അഴിച്ചുകാണിക്കാനും പാടില്ല.

ബാലിശമായ കലി, തെമ്മാടിത്തരം, പോക്കിരിത്തരം, തെമ്മാടി, ആത്മവഞ്ചന, കപടനാട്യക്കാരന്‍, മരത്തലയന്‍, അല്പന്‍, പൊട്ടന്‍, അയോഗ്യന്‍, അനര്‍ഹന്‍, അശക്തന്‍- ആത്യന്തികമായി നമ്മളെല്ലാം മനുഷ്യരല്ലേ സാര്‍. പറഞ്ഞുപോകുന്നതാണ്. എല്ലാ സമയവും ആത്മസംയമനം കൊണ്ടുനടക്കാന്‍ ആര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത്? എന്നിരുന്നാലും ഈ വാക്കുകളുടെ അടുത്തുകൂടിയെങ്ങാനും പോയാല്‍... തെമ്മാടിത്തത്തിനും ഒരു അതിരില്ലേ.

ദ്രോഹം, അന്യായം, ന്യായക്കേട്, അനീതി- ഈ പദങ്ങള്‍ സഭയില്‍ അന്യായമായും ന്യായമായും ഉപയോഗിക്കാന്‍ പാടുള്ളതല്ല.

വിരട്ടല്‍, ഭീഷണിപ്പെടുത്തല്‍- പാടില്ല. സിനിമയിലായാലും ജീവിതത്തിലായാലും. പിന്നെ സഭയിലെ കാര്യം എടുത്തുപറയണോ. മികച്ച തീരുമാനമാണ്.

വശം കെടുത്തുന്ന, കൊല്ലുന്ന, ഹിംസിക്കുന്ന- ഇത്തരം ഹിംസാത്മകമായ പദങ്ങളൊന്നും ഉച്ചരിക്കല്ലേ സാറെ.

മടിയനായ പൂവന്‍കോഴി, കോഴിവസന്ത പിടിച്ചതുപോലെ - കോഴി എന്ന വാക്കു തന്നെ പാവം ആ പക്ഷിയെ പിടിത്തംവിട്ട് പറന്നുപോയിട്ട് കാലങ്ങളായി. അതിനിടയില്‍ ജെന്‍ഡര്‍ കൂടി വന്നാലുള്ള കഥ പറയുകയും വേണ്ട. ഇതൊന്നും ശരിയല്ല സാറെ. കോഴിവസന്ത എന്ന രോഗത്തെക്കുറിച്ച് നിര്‍ബന്ധമായും ചര്‍ച്ച ചെയ്യാം പക്ഷേ, ഒന്നിനൊന്നോട് സാദൃശ്യം ചൊല്ലുന്ന ഉപമയുണ്ടല്ലോ, അത് വേണ്ട.

കള്ളം, കരുതിക്കൂട്ടിയുള്ള കള്ളം- ആദ്യം നിങ്ങള്‍ വെറുതെ പറയുന്ന കള്ളത്തെക്കുറിച്ച് പറയൂ. പിന്നെ നമുക്ക് കരുതിക്കൂട്ടിയുള്ള കള്ളത്തെക്കുറിച്ച് സംസാരിക്കാം.

കൊള്ള, കവര്‍ച്ച- പാടില്ല. വെര്‍ബലി ഒട്ടും പാടില്ല.

വികസനവിരോധി- ഒരു വാക്ക് പറഞ്ഞ് പറഞ്ഞ് എസ്റ്റാബ്ലിഷ് ചെയ്യുക എന്ന ഏര്‍പ്പാടുണ്ടല്ലോ. അതാണ് യഥാര്‍ഥത്തില്‍ ഈ പദത്തിന് സംഭവിച്ചത്. പറഞ്ഞ് പറഞ്ഞ് പദം തന്നെ വികസനവിരോധിയായിപ്പോയി. പര്യായം ഇല്ല തന്നെ!

ഭ്രാന്തചിത്തന്‍, പിച്ചുംപേയും, ബുദ്ധിശൂന്യമായ, ഉന്മത്തനായ, പേ ഇളകിയ, രോഷം കൊള്ളുന്ന- അങ്ങനെ പറ! വടികൊടുത്ത് അടി വാങ്ങുന്ന ഏര്‍പ്പാടില്‍ പെട്ടതാണ് ഈ വാക്കുകളത്രയും. വെറുതേ ആരു ഒന്നും പറയില്ലല്ലോ. പദങ്ങള്‍ക്ക് പിന്നിലെ പ്രകോപനം അന്വേഷണവിധേയമാക്കേണ്ടതാണ്. കൂടുതല്‍ പറഞ്ഞാല്‍ അണ്‍പാര്‍ലമെന്ററിയായിപ്പോകും.

മാഫിയ- അപാര പദമാണ്. ഇടത്തും വലത്തും ഇതില്ലാതെ മുന്നോട്ടുള്ള യാത്ര സാധ്യമേയല്ല. തിരഞ്ഞെടുപ്പ് മാഫിയ എന്നൊരു പദമുണ്ടോ സാര്‍?

ദുര്‍വ്യാഖ്യാനം ചെയ്യുക, തെറ്റായി വ്യാഖ്യാനിക്കുക- കറക്ട്!

ദുഷ്പ്രവൃത്തി, കൃത്യവിലോപം- ഇതിന്റെയൊക്കെ ഇംഗ്ലീഷ് പദങ്ങള്‍ ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സഭകളില്‍ അപാര്‍ലമെന്ററിയാണ്. വ്യക്തിത്വം എന്നത് വലിയൊരു സംഗതിയാണ് സാറെ. ദുഷ്പ്രവൃത്തിയായാലും കൃത്യവിലോപമായാലും രണ്ടും ഒരുപോലെ വ്യക്തിത്വത്തെ അളന്നുകളയും.

വഴി തെറ്റിക്കുക, അബദ്ധത്തില്‍ ചാടിക്കുക, അല്‍പബുദ്ധി, കിറുക്ക്- ഇതൊക്കെ ആരുടെ പ്രശ്‌നങ്ങളാണെന്ന് സത്യത്തില്‍ ജനം ഇനി ഇരുന്ന് ചിന്തിച്ചു തുടങ്ങും. വഴി തെറ്റാത്ത, അബദ്ധം പിണയാത്ത, നല്ല ബുദ്ധിയുള്ള, കിറുക്കന്മാരല്ലാത്തവരെയാണല്ലോ അങ്ങോട്ട് പടച്ചുവിട്ടിരിക്കുന്നത്. മിണ്ടാതിരുന്നാല്‍ അടുത്ത കൊല്ലവും സീറ്റുണ്ടാവും. അതോര്‍മ വേണം.

കുരു, കായ്, അണ്ടി, അടയ്ക്ക- കേട്ടല്ലോ, ജന്തുക്കളെയും സസ്യങ്ങളെയും മാത്രമല്ല, ഫലങ്ങളെയും തൊട്ടുകളിക്കരുത്. ങ്ഹാ!

മറവ്, മൂടിവെക്കുക, അതാര്യമായത്- ഒരിക്കല്‍ പറഞ്ഞതാണേ, വീണ്ടും പറയിക്കരുത്.

ചാടിക്കളിക്കട കുഞ്ചിരാമ- ഇപ്രകാരത്തില്‍ വരുന്ന ഒരു ചൊല്ലുകള്‍ക്കും സഭയില്‍ പ്രസക്തിയില്ല. അല്ലെങ്കിലും ഭാഷയെ പരിപോഷിക്കുകയല്ലല്ലോ സഭയുടെ പണി. ഫാക്ട് ഫാക്ടായി അങ്ങ് പറഞ്ഞാല്‍ മതി. തള്ളണോ കൊള്ളണോ എന്ന് ബാക്കിയുള്ളവര്‍ നോക്കിക്കോളും. ഉക്തികളൊന്നും വേണ്ട.

പീഡിപ്പിക്കുക, മര്യാദലംഘനം, മാനം കാക്കുക, മാനാഭിമാനം- എക്‌സാറ്റ്‌ലി!

ദുര്‍ബലപ്പെട്ട, മരവിച്ച, സ്തംഭനം- ഇതൊക്കെ സാമാന്യപദങ്ങളാണ് സാര്‍. പക്ഷേ, ഒരു പ്രതിനിധിയെ താറടിച്ചുകാണിക്കാന്‍ ഉപയോഗിച്ചാലേ അണ്‍പാര്‍ലമെന്ററിയാവുന്നുള്ളൂ.

മൂത്രം- തികച്ചും ജൈവികമായ പ്രോസസ് ആണ്. തടയാന്‍ പറ്റില്ല. ബട്ട് 'ധനികര്‍ പാവപ്പെട്ടവര്‍ക്കുമേല്‍ മൂത്രമൊഴിക്കാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്' എന്ന തരത്തില്‍ പ്രസംഗിച്ചാല്‍, ഭാവന വിളമ്പിയാല്‍ കടക്ക് പുറത്ത് എന്ന് സ്പീക്കര്‍ക്ക് പറയാല്ലോ.

തരളിതം, ലോലത്തരം- അത് പിന്നെ പറയേണ്ടല്ലോ. നമ്മള്‍ മാന്യര്‍ക്കു ചേര്‍ന്ന പദങ്ങളല്ല ഇതൊന്നുമെന്റെ ചക്കരപ്പെണ്ണേ...

രോമാവൃതമായ- രൂപത്തില്‍ അങ്ങനെയൊക്കെയായിരിക്കും പക്ഷേ, കണ്ടതെല്ലാം വിളിച്ചുപറയാന്‍ പാടില്ല. രോമത്തിന് സാധാരണയായി പറയുന്ന പ്രയോഗവും കടിച്ചിറക്കിക്കോണം.

അര്‍ഥശൂന്യമായത്, ചിത്തഭ്രമം, ചിത്തവിഭ്രാന്തി- കൂട്ടത്തില്‍പ്പെടുത്താവുന്ന എല്ലാ മാനസികരോഗ പദങ്ങള്‍ക്കും ഈ നിയമം ബാധകമാണേ.

നോണ്‍സെന്‍സ്, യൂസ്‌ലെസ്, ഷിറ്റ്, ബ്ലഡി...-തത്വത്തില്‍ ഇംഗ്ലീഷാണെങ്കിലും ഇവര്‍ക്കങ്ങനെയൊന്നുമില്ല. ഏത് ഭാഷയിലും കയറി വിലസും. ചെറുപ്പം മുതലേ കേട്ടുവളര്‍ന്നതിനാല്‍ ച്ചിരി പാടാണ് നാവില്‍നിന്നു പോയിക്കിട്ടാന്‍. പക്ഷേ, അക്ഷരശുദ്ധിയുടെ കാര്യത്തില്‍ സഭയെ തോല്‍പ്പിക്കാനാവില്ല മക്കളേ...get out of you all such bloody words!

പാവക്കൂത്ത്, പാവകളി, പാവ- പാവയുടെ മഹത്വം ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.

കോലാഹലമുണ്ടാക്കി തലയൂരുക, ബഹളം സൃഷ്ടിക്കുക- പാടില്ല, ഒരിക്കലും പാടില്ല.

വൈരാഗ്യം, പക, പ്രതികാരം, പകരം വീട്ടുക- തുടങ്ങി വീണ്ടും. ഇതല്ലേ മുമ്പും പറഞ്ഞത് അണ്‍പാര്‍ലമെന്ററിയാണെന്ന്!

ജീര്‍ണ്ണാവശിഷ്ടം, ഉച്ഛിഷ്ടം, കുപ്പ, കുപ്പത്തൊട്ടി, ചവറ്, പാഴ്‌വസ്തു- ഈ പദങ്ങളുമായി ബന്ധപ്പെടുത്താവുന്ന ഏതെങ്കിലും പ്രശ്‌നങ്ങളുള്ള ആരെയങ്കിലും നമ്മള്‍ തിരഞ്ഞെടുത്ത് അയച്ചിട്ടുണ്ടോ? അങ്ങനെ സംഭവിച്ചുപോയെങ്കില്‍ കുറ്റും നമ്മുടേതാണ്.

നിര്‍മര്യാദമായ, ധാര്‍ഷ്ട്യമുള്ള, അനാഗരികമായ, ദ്രവിച്ച, തുരുമ്പിച്ച, മലീമസമായ- എന്തുപറയാന്‍? ഒറ്റവാക്കില്‍ പറഞ്ഞാല്‍ സംസ്‌കാരശൂന്യരായ...

ചിരങ്ങ്, പൊറ്റ, വ്രണം- അപ്പോള്‍ ശരീരമല്ല പ്രശ്‌നം, മനസ്സാണ്. തൊലി എന്നത് ഉളുപ്പിന്റെ മാനദ്ണ്ഡമായികൂടി അര്‍ഥമാക്കാറുണ്ടല്ലോ. 'അതുകേട്ടപ്പോള്‍ എന്റെ തൊലിയടര്‍ന്നുപോയി' എന്നൊക്കെ പറയാറില്ലേ...തൊലിയും തൊലിപ്പുറത്തെ സകലതും വ്യംഗ്യാര്‍ഥമാകുന്നു സാറേ...

കരിങ്കാലി, അധമന്‍, നീചന്‍, ആഭാസന്‍, തെമ്മാടി, ഖലന്‍, നികൃഷ്ടന്‍, ശകുനി, ശിഖണ്ഡി- പാടില്ല. ഈ വക സംഗതികളൊന്നും അകത്ത് കടന്ന് അശുദ്ധമാക്കാന്‍ പാടില്ല.

പിടുങ്ങന്‍, തിരുകാണി, ലുബ്ധന്‍- എന്താക്കാനാണ്! ഈ വക പദങ്ങളൊക്കെ നിരോധിക്കപ്പെട്ടാല്‍ പകരം കണ്ടുപിടിക്കുകയല്ലാതെ രക്ഷയില്ല. ഐഡിയ! ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു അസൈന്‍മെന്റ് കൊടുത്താലോ, മികച്ച പാര്‍ലമെന്ററി പദങ്ങള്‍ക്കുള്ള നിഘണ്ടു തയ്യാറാക്കാന്‍.

അപകീര്‍ത്തി, നാണം കെട്ട, മാനക്കേട്, ലജ്ജ, കളങ്കം, അപമാനം- മോശമല്ലേ, ആരെങ്കിലും വാ തുറന്ന് പറയുന്നവയാണോ ഇതെല്ലാം? നാണക്കേട്. ലജ്ജാവഹം. മൊത്തത്തില്‍ പറഞ്ഞാല്‍ ഷെയിം എന്ന വാക്കിന്റെ എല്ലാ മലയാളപ്രയോഗങ്ങളും നിയമസഭാസാമാജികര്‍ക്ക് ഭീഷണിയാണ്.

മിണ്ടിപ്പോകരുത് അഥവാ ഷട്ട് അപ്- ന്യായീകരിക്കാന്‍ പറ്റില്ല. മിണ്ടിയേടത്തോളം കാര്യങ്ങള്‍ അവതാളത്തിലായിട്ടേയുള്ളൂ. എന്നിരുന്നാലും മിണ്ടിപ്പോകരുത് എന്ന് പറയാന്‍ ആര്‍ക്കും വോയ്‌സില്ല. അതല്ലേ സ്പീക്കര്‍ വളരെ മാന്യമായി, പക്വതയോടെ അങ്ങ് ഇരിക്കൂ, അദ്ദേഹം തുടരട്ടെ എന്നൊക്കെ പറയുന്നത്.

മനഃസാക്ഷിയില്ലാത്തവന്‍- മനസ്സാ വാചാ കര്‍മണാ ഈ വാക്ക് കേള്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടുക? തികച്ചും അണ്‍പാര്‍ലമെന്ററിയെന്നല്ല, സിനിമയിലും സാഹിത്യത്തിലും നിത്യവൃത്തിയിലും കൂടി നിരോധിച്ചുകളയണം.

അപരാധി, പാതകി, പാപി, അധര്‍മി- കഷ്ടം തോന്നുന്നു മുന്നോട്ടു നടക്കുംതോറും. ഇവിടെ സേഫല്ല സജിയേട്ടാ എന്നെങ്ങാനും തോന്നി ഒരു മന്ത്രിയെങ്ങാനും രാജിവെച്ചുപോയാല്‍ പിന്നെ നമ്മളെന്തിനു പറ്റും?

ഉറക്കം- ഉറക്കം തൂങ്ങിയായ മന്ത്രി എന്നെങ്ങാനും ലിറ്റററി പറഞ്ഞുപോയാല്‍ പ്രശ്‌നമാണ്. മന്ത്രി ഉറങ്ങുന്നതും ഉറങ്ങാതിരിക്കുന്നതും ഉറക്കം നടിക്കുന്നതും അദ്ദേഹത്തിന്റെ സൗകര്യമാണ്. അഥവാ കണ്ടുപോയാല്‍ കണ്ണടച്ചേക്കൂ.

ഒച്ച്, കീടം, പ്രാണി- ജീവജാലങ്ങളുടെ വില മനസ്സിലാക്കി വേണം എടുത്തിട്ട് അലക്കാന്‍ എന്ന് മനസ്സിലായ സ്ഥിതിയ്ക്ക് അടുത്ത മാറ്ററിലേക്ക് കടക്കാം.

നട്ടെല്ലില്ലാത്ത- നട്ടെല്ല് ഒരു കണക്കിന് വലിയ പ്രശ്‌നക്കാരന്‍ തന്നെയാണ്. നട്ടെല്ലുള്ള ആരെങ്കിലുമുണ്ടോ എന്നോ നട്ടെല്ലില്ലാത്ത ഭരണപക്ഷം എന്നോ പറയാന്‍ പാടില്ല. അതെന്താ എന്നുചോദിച്ചാല്‍ നട്ടെല്ലിന് ഒരു അന്തസ്സൊക്കെയില്ലേ എന്നു കരുതിയാല്‍ മതി.

നാറുന്ന, നാറിയ, ദുഷ്‌പേരുണ്ടാക്കുന്ന, ദുര്‍ഡഗന്ധം വമിക്കുന്ന, പേറുന്ന- കൂടുതല്‍ പറഞ്ഞാല്‍ നാറും

ജളന്‍, നിര്‍വികാരം, അവിവേകം, വിവേകശൂന്യന്‍- സ്റ്റുപിഡിന്റെ എല്ലാ മലയാളം വേര്‍ഷനും പാര്‍ലമെന്റിന് നിഷിദ്ധമാണ്. നിഷിദ്ധം എന്ന വാക്ക് നിഷിദ്ധമാണോ എന്ന് കൂടുതല്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

ഇരട്ടത്താപ്പ്, നയാപൈസ, കള്ളന്‍- ഒരു ത്രികോണത്തിലെ മൂന്നു കോണുകളെപ്പോലെ തോന്നുന്നുണ്ടെങ്കില്‍ സ്വാഭാവികം മാത്രം.

പമ്പരം തിരിക്കുക, മരവിപ്പിക്കുക- ഭരണം മരവിക്കാനും പാടില്ല സ്തംഭിപ്പിക്കാനും പാടില്ല. ജനങ്ങളെയിട്ട് പമ്പരം തിരിപ്പിക്കാമോ എന്നതല്ല വിഷയം, സഭയിലിരുന്ന് പമ്പരം തിരിക്കാന്‍ പാടില്ല.

രാജ്യദ്രോഹം, വിശ്വാസഘാതകന്‍, വിലകെട്ട വ്യക്തി, നെറികെട്ടവന്‍- സത്യമാണ്. ഇതൊന്നും അനുവദിച്ചുകൂടാ.

ട്വിറ്റ്- ട്വിറ്റര്‍ എന്ന വാക്കിന്റെ ഉറവിടമൊക്കെയാണ്. കനേഡിയന്‍ പാര്‍ലമെന്റിലാണ് നിയന്ത്രിക്കപ്പെട്ടിരിക്കുന്നത്. അവിടെയാണ് പോലും ട്വിറ്റ് ഭയങ്കരമാന മോശം പ്രവൃത്തിയായി ചിത്രീകരിക്കപ്പെടുന്നത്!

കുറ്റപ്പെടുത്തുക, താഴ്ത്തിപ്പറയുക- സാമാജികര്‍ക്ക് കുറ്റപ്പെടുത്താം, താഴ്ത്തിക്കെട്ടാം. വാക്കാല്‍ പാടില്ല. വാക്കല്ലാത്ത എന്തും നിങ്ങള്‍ക്കതിന് പ്രയോഗിക്കാം.

അവലക്ഷണമായ, വിരൂപമായ, ഭൂഷണമായി മോശമായ, മ്ലേച്ഛമായ- ഇതിലും ഭേദം മലയാളത്തിലെ മ്ലേച്ചപദങ്ങള്‍ മാത്രം എടുത്തിട്ടലക്കുന്നതാണ്.

കുടിലം, ഗൂഢം, നിന്ദ്യം, വ്യാജം- അപ്പോള്‍ ഈ പദങ്ങളൊക്കെ അറിവില്ലാതെ ഉപയോഗിച്ചു പോയതില്‍ കേസുണ്ടാവുമോ? അങ്ങേയറ്റം നിന്ദ്യവും ഗൂഢവുമായ ഏര്‍പ്പാടായിപ്പോയി.

അസത്യം, വ്യാജപ്രസ്താവം, ദുര്‍ബലമായ- കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലമായ വാക്കുകള്‍ ഇതൊക്കെയാണെന്നാണ് തോന്നുന്നത്.

മരപ്പട്ടി, കീരി, കഴുകന്‍, പൂച്ചക്കണ്ണ്- വന്യമൃഗ സംരക്ഷണം. റെഡ് ഡാറ്റാബുക്ക്, കേസ് വേറെയാണ് സാറേ... മൃഗങ്ങളുടെ അന്തസ്സും അഭിമാനവും കാത്തുരക്ഷിക്കേണ്ടതിന്റെ സാംഗത്യം ബോധ്യമായ സ്ഥിതിക്ക് അടുത്ത പദസമ്പത്തിലേക്ക് കടക്കാം.

തെറ്റ് സമ്മതിക്കാത്തയാള്‍, മാളത്തിലൊളിച്ച കീരി, വിഷപ്പാമ്പ്- തുടങ്ങി. വൈകാരികമാണ് ഇവരുടെയൊക്കെ മെയിന്‍.

അഹങ്കാരം, അരാജകവാദി, അപമാനം- 'അ' ത്രയം എന്ന് പേരിട്ടുവിളിക്കാവുന്ന സംഗതിയാണ്. പരിഷ്‌കരിച്ച പാര്‍ലമെന്റ് ബുക് ലെറ്റിലാണ് ഇനിപ്പറയുന്ന പദങ്ങള്‍ പാര്‍ലമെന്റിന് നിരക്കാത്ത പ്രയോഗങ്ങളും വാക്കുകളുമായി നിരത്തി അച്ചടിച്ചിരിക്കുന്നത്. പാര്‍ലമെന്റംഗങ്ങള്‍ അറിഞ്ഞിരിക്കേണ്ടവ എന്നൊരു പുസ്തകം ഇറക്കിയാല്‍ ഉടന്‍ പണം നേടാം.

ദുരുപയോഗം, ബധിര സര്‍ക്കാര്‍, ഒറ്റുകാരന്‍- ദുരുപയോഗത്തെ പിന്നെ എങ്ങനെയാണ് പറയുക. ബധിര സര്‍ക്കാറും ഒറ്റുകാരനും ആക്ഷേപമാണ്. അത് നമുക്ക് ലഘുവാക്കാം. പക്ഷേ പാവം ദുരുപയോഗം എന്തുപിഴച്ചു?

രക്തച്ചൊരിച്ചില്‍, രക്തരൂക്ഷിതം, രക്തദാഹി- ചോര എന്നു കേള്‍ക്കുമ്പോഴേ തലചുറ്റി വീഴുന്ന ടീംസും സഭയില്‍ ഉണ്ടാവാമല്ലോ. ഈ പദങ്ങള്‍ കേട്ടിട്ടെങ്ങാനും വാളെടുക്കാന്‍ ആര്‍ക്കാനും തോന്നിയാലോ? ആലങ്കാരികപദങ്ങളുടെ അകമ്പടിയില്ലാതെ മതി അവതരണങ്ങളൊക്കെ.

ബോബ്കട്ട്- രക്ഷയില്ല.

പാദസേവ- ഇതാണ് പറയുന്നത് ചെയ്യുന്നതെല്ലാം വിലിച്ചുപറയാനുള്ളതല്ലെന്ന്. ഒരു വശത്ത് ചെയ്യുന്നത് മറുവശം അറിയാന്‍ പാടില്ലെന്ന്.

കോവിഡ് വ്യാപി- ഉത്തരാധുനികതയില്‍ പദങ്ങള്‍ക്ക് പരിഷ്‌കരണം സംഭവിച്ചിട്ടില്ല എന്നുപറയരുത്. കനേഡിയന്‍ പ്രയോഗമാണ്. പകര്‍ച്ചവ്യാധി പോലെ ആരോപണങ്ങള്‍ പടര്‍ത്തി എന്നൊക്കെ വാക്കാല്‍ കത്തിക്കയറുമ്പോഴാണ് സൂക്ഷിക്കേണ്ടത്.

അടിമ - ഈ പദം ശബ്ദതാരവലിയില്‍ നിന്നുമങ്ങ് എടുത്തെറിഞ്ഞാലോ. അടിമയെന്നോ, അടിമപ്പണിയെന്നോ മേലില്‍ മിണ്ടിപ്പോകരുത്. പോസ്റ്റ് കൊളോണിയല്‍ കാലവും കടന്നാണ് നമ്മള്‍ പ്രയാണം തുടരുന്നത്.

മുതലക്കണ്ണീര്‍, കണ്ണില്‍ പൊടിയിടുക, കയ്യൂക്ക് രാഷ്ട്രീയം, ദല്ലാള്‍, വാചകക്കസര്‍ത്ത്- ഇതിലും ഭേദം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതായിരുന്നു. വാചകക്കസര്‍ത്ത് എന്ന് പറയരുതെന്നല്ലേയുള്ളൂ. സംഗതി പ്രാക്ടിക്കല്‍ ആക്കാല്ലോ. അതിനാണല്ലോ അങ്ങോട്ട് തിരഞ്ഞെടുത്തയച്ചത്.

കൊട്ടിഘോഷിക്കുക, ചാരവൃത്തി- പ്രസ്തുത പദങ്ങള്‍ക്ക് യെല്ലോ അലേര്‍ട് കൊടുക്കുന്നതല്ലേ നല്ലത്. കൂടിവരുമ്പോള്‍ ഓറഞ്ചാക്കാം. അടിസ്ഥാനമില്ലാതെ അധികരിച്ചാല്‍ റെഡ് അലേര്‍ട്ട് ആക്കിയാല്‍പ്പോരെ?

കഴുത, ഓന്തിന്റെ സ്വഭാവം- പിന്നേം വന്നു ജീവികള്‍. ക്രൂരതയുടെ പര്യായമായി കഴുകനെ ഉപയോഗിക്കുന്നതിനെതിരെ വേള്‍ഡ് വള്‍ച്ചര്‍ ലവേഴ്‌സ് ഫോറം കേസ് കൊടുത്തിരിക്കുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. നിസ്സഹായരായ ജീവിതകളുടെ പേര് രൂപകമായി ഉപയോഗിക്കുന്നത് അന്യായം തന്നെയാണ്. അതിപ്പോല്‍ കഴുതയായാലും ഓന്തായാലും പ്രശ്‌നം തന്നെയാണ്.

ഗുണ്ട, ഗുണ്ടായിസം- വീട്ടിനകത്തേക്ക് കയറ്റാന്‍ പാടില്ലാത്തതാണ് പിന്നെ പാര്‍ലമെന്റിനകത്തേക്ക് കയറ്റുന്നത്.

കരിഞ്ചന്ത, കരിദിനം- സഭയ്ക്ക് അകത്ത് ഇപ്പറഞ്ഞ പദങ്ങള്‍ ഉപയോഗത്തില്‍ വരുത്താതിരിക്കാനുള്ള സാധ്യതയെക്കുറിച്ച് അടിയന്തിരപ്രമേയം കൊണ്ടുവരുന്നതായിരിക്കും നല്ലത്. അച്ഛന്റെ തല എന്നു പറയുന്നതും പിതാവിന്റെ ശിരസ്സ് എന്ന് പറയുന്നതും ഒരു തലയെക്കുറിച്ചാണെങ്കിലും വാക്കിന്റെ രൂക്ഷതയും മാന്യതയും തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലോ.

ഖലിസ്ഥാനി, വിലപേശല്‍- നടക്കുന്ന കാര്യങ്ങളൊന്നും വിളിച്ചുപറയരുത് എന്നാണ് ഉദ്ദേശിച്ചത്.

നുണ, ലോലിപോപ്പ്- എന്തുപറയാനാണ്. കുട്ടികളുടെ നിലവാരം തകര്‍ക്കുന്ന പ്രകടനമായിപ്പോകും.

നാട്യക്കാരന്‍, ചരട് വലിക്കുന്നവന്‍, അവിവേകി, വിനാശകാരി- കഴിഞ്ഞ ദിവസം പ്രതിപക്ഷം വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ ബഹുമാന്യനായ ഒരു എം.എല്‍.എ ടി.പി രാമകൃഷ്ണനെ അമ്പത്തിയൊമ്പത് വെട്ട് വെട്ടിയപ്പോള്‍ എന്നു പറഞ്ഞതുകേട്ടിരുന്നോ ആരെങ്കിലും? ടി.പി ചന്ദ്രശേഖരനെയാണ് ഉദ്ദേശിച്ചത്. ഇതിപ്പോ വാര്‍ത്താസമ്മേളനത്തിലായത് നന്നായി സഭയിലായിരുന്നെങ്കില്‍ ഇദ്ദേഹം മേല്‍പ്പറഞ്ഞ വിശേഷങ്ങളില്‍ മിനിമം മൂന്നെണ്ണമെങ്കിലും ചാര്‍ത്തിക്കിട്ടാന്‍ യോഗ്യതയുള്ളയാളാണ്. നാക്കേ അടങ്ങ് നീ...

വിശ്വാസഹത്യ, ലൈംഗികാതിക്രമം- കൃത്യവും ശക്തവുമായ തെളിവുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കേണ്ട പദങ്ങളാണ്. സെന്‍സര്‍ ചെയ്തത് നന്നായി. നമ്മുടെ പ്രതിനിധികളൊന്നും ഇൗ രണ്ട് പദങ്ങളുടെയും അരികത്തുകൂടി പോയിട്ടുള്ളവരല്ലോ. വ്യക്തിത്യധിക്ഷേപത്തിനുമില്ലേ ഒരു പരിധിയൊക്കെ!

Content Highlights: unparliamentary words,

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented