ലയണൽ മെസ്സി | Photo: AP
'അന്ത്യവിധിനാളില്‍ അന്നേവരെ ജീവിച്ചിരിക്കുന്ന പുരുഷന്മാരെല്ലാം ഫുട്‌ബോളിനെക്കുറിച്ച് പറയാനായി ഒത്തുചേരും. ഒരാള്‍ പറയും, 1979-ല്‍ ഞാന്‍ ആംസ്റ്റര്‍ഡാമില്‍ വിദ്യാര്‍ത്ഥിയായിരുന്നു. മറ്റൊരാള്‍ അറുപത്തിരണ്ടില്‍ സാവോപോളോയില്‍ വാസ്തുശില്പിയായി പണിയെടുത്തിട്ടുണ്ടാവും. 87-ല്‍ നാപ്പൊളിയില്‍ കൗമാരം ചെലവിട്ട വേറൊരാളുണ്ടാവും. അറുപത്തിയേഴില്‍ മോന്‍ഡെവിദെയിലേക്ക് കളി കാണാന്‍ പോയിട്ടുണ്ടെന്ന് എന്റെ അച്ഛന്‍ ഗര്‍വ്വ് കാട്ടും. 1950-ലെ മാരക്കാനയിലെ നിശബ്ദത താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് അതിനു പിന്നില്‍ നിന്നൊരാള്‍ പിറുപിറുക്കും. രാവേറും വരെ എല്ലാവരും അവരവരുടെ യുദ്ധക്കഥകള്‍ അഭിമാനത്തോടെ അവതരിപ്പിച്ചുകൊണ്ടിരിക്കും. ഏറ്റവുമൊടുവില്‍ പതുക്കെ എഴുന്നേറ്റ് ഞാന്‍ പറയും, നായും നരനുമായി അയാള്‍ കളിച്ചിരുന്ന കാലത്ത് ഞാന്‍ ബാഴ്‌സലോണയിലാണ് ജീവിച്ചതെന്ന്. അവിടെയപ്പോള്‍ കനത്ത നിശബ്ദത പെയ്യും. എല്ലാവരും തലതാഴ്ത്തി നില്‍ക്കുമ്പോള്‍ അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടുന്ന ദൈവം ഇപ്രാകാരം അരുളി ചെയ്യും, ഈ തടിയന് മാത്രം രക്ഷ, മറ്റുള്ളവര്‍ മഴയത്തു നില്‍ക്കട്ടെ'. -(ഹെര്‍നന്‍ കാസിയാരി, അര്‍ജന്റൈന്‍ സ്പാനിഷ് എഴുത്തുകാരന്‍,
രാജീവ് രാമചന്ദ്രന്‍ 'ചെളി പുരളാത്ത പന്ത്' എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നത്)
മെസ്സിയുടെ പാദങ്ങളുടെ ലാഘവവും കൃത്യതയും എന്റെ വിരലുകള്‍ക്ക് എപ്പോഴാണ് കിട്ടുക എന്നെഴുതിയിട്ടുണ്ട് കവി കല്പറ്റ നാരായണന്‍. എന്നെങ്കിലുമൊരിക്കല്‍ മെസ്സിയോട് സംസാരിക്കാനാവും എന്ന പ്രതീക്ഷയില്‍ സ്പാനിഷ് ഭാഷ പഠിച്ച ഒരു മലയാളി പെണ്‍കുട്ടിയുണ്ട്. പരാജയപ്പെട്ട മെസ്സിയെ കളിയാക്കുന്നവരോട്, മെസ്സി ഇന്ത്യക്കാരനല്ലേ എന്ന് രോഷത്തോടെ ചോദിച്ചു മറ്റൊരു മലയാളി പെണ്‍കുട്ടി. മെസ്സിയുടെ പരാജയങ്ങളില്‍ മരണവീടുപോലെയായിത്തീര്‍ന്ന തെരുവുകള്‍ ഒരുപക്ഷേ അര്‍ജന്റീനയെക്കാളേറെ കേരളത്തിലാവും. തങ്ങളോടുള്ള സ്നേഹത്തിന് ഇന്ത്യക്കും ബംഗ്ലദേശിനും പാകിസ്ഥാനും നന്ദി അറിയിക്കവേ കേരളത്തോടുള്ള നന്ദി പ്രത്യേകം എടുത്തു പറഞ്ഞു അര്‍ജന്റീന ദേശീയ ടീം. മാര്‍ക്കേസ് മലയാളിയാവുന്നതുപോലെ മെസ്സിയും മലയാളിയാണ്, ലോകത്തിലെ ഏറ്റവും പ്രതിഭാധനനായ മലയാളി ഫുട്ബോളര്‍.
മെസ്സി ആരാധകരുടെ റിപബ്ലിക്കില്‍ ഫുട്ബോള്‍ പ്രേമികള്‍ മാത്രമാവില്ല, ജീവിതത്തിലൊരിക്കല്‍ പോലും ഫുട്ബോള്‍ കാണാത്തവരും ചിലപ്പോള്‍ ഉണ്ടായേക്കും. വിഖ്യാത പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ആന്റോണിയോ ലോബോ ആന്റ്യൂണ്‍സ് ഒരിക്കല്‍ ഇങ്ങനെ എഴുതി: 'ജീവിതത്തില്‍ പ്രധാനപ്പെട്ട മൂന്നോ നാലോ കാര്യങ്ങളുണ്ട്. പുസ്തകങ്ങള്‍, സുഹൃത്തുക്കള്‍, സ്ത്രീകള്‍...പിന്നെ മെസ്സി.' മറ്റൊരു ഭൂഖണ്ഡത്തിലെ ഒരെഴുത്തുകാരന്റെ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിത്തീരാന്‍ മാത്രം അയാള്‍ സൃഷ്ടിച്ച മാജിക്കെന്ത് എന്നതു ഇനിയും ഫുട്ബോള്‍ ഗവേഷകര്‍ക്കിടയിലെ അവസാനിക്കാത്ത അന്വേഷണമായി തുടരുമായിരിക്കും. 'മെസ്സി എല്ലാവരെക്കാളും ഒരുപടി മുകളിലാണ്, അത് കാണാനാവാത്തത് അന്ധതയാണ്' എന്ന് പറഞ്ഞത് സ്പാനിഷ് ഇതിഹാസം ഷാവിയാണ്.
ബ്രീട്ടിഷുകാര്‍ കൊണ്ടുവന്ന 'യഥാര്‍ത്ഥ' ഫുട്ബോള്‍, കൂട്ടായ്മയുടെ കരുത്തിനെയും കളിയുടെ രീതിശാസ്ത്രത്തെയും ആശ്രയിച്ചപ്പോള്‍ അര്‍ജന്റീനയില്‍ വികസിച്ച ക്രിയോഷോ (Criollo) ശൈലിയുടെ അടിസ്ഥാനം കളിക്കാരുടെ വ്യക്തിഗത കൗശലവും ഗംബീത്തയുടെ ക്രിയാത്മകതയുമായിരുന്നു എന്ന് രാജീവ് രാമചന്ദ്രന്‍ 'ചെളി പുരളാത്ത പന്ത്' എന്ന പുസ്തകത്തിലെഴുതുന്നുണ്ട്. മറഡോണയെപ്പോലെയും മെസിയെപ്പോലെയുമുള്ള ഒറ്റയാള്‍ വിസ്മയങ്ങളായിരുന്നു എക്കാലവും അര്‍ജന്റീനയുടെ കരുത്ത്. അര്‍ജന്റീനയോടുള്ള മനുഷ്യരുടെ അടങ്ങാത്ത ആരാധനയിലും അത് പ്രതിഫലിച്ചിട്ടുണ്ട്. അര്‍ജന്റീനയെ ആരാധിച്ച മനുഷ്യര്‍ പലപ്പോഴും നക്ഷത്രസമാനമായി ജ്വലിച്ചുനില്‍ക്കുന്ന ആ താരങ്ങളെക്കൂടിയാണ് സ്‌നേഹിച്ചത്.1986 ലോകകപ്പോടെയാണ് ഇന്ത്യയില്‍ അര്‍ജന്റീനക്ക് വലിയ ആരാധകനിരയുണ്ടായത്. രാജീവ് രാമചന്ദ്രന്‍ സൂചിപ്പിക്കുന്ന മറ്റൊരു കൗതുകകരമായ കാര്യം എഴുപതുകളില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ചെ ഗുവേരയുടെ 'ബൊളീവിയന്‍ ഡയറി' മലയാളത്തില്‍ ജനപ്രിയമാകാനാരംഭിക്കുന്നതും ഇക്കാലത്താണ് എന്നതാണ്. ബംഗാളിലും കേരളത്തിലുമായിരുന്നു അര്‍ജന്റീനയ്ക്ക് ഏറ്റവുമധികം ആരാധകര്‍. സോഷ്യലിസവും ഫുട്‌ബോളും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകള്‍ മുന്‍പേ ലോകം ശ്രദ്ധിച്ചിട്ടുണ്ട്. അമേരിക്കയില്‍ എന്തുകൊണ്ട് സോഷ്യലിസമില്ല എന്ന ചോദ്യത്തിനുത്തരമായി അമേരിക്കയില്‍ ഫുട്‌ബോള്‍ ഇല്ല എന്നെഴുതുന്നുണ്ട് രാമചന്ദ്ര ഗുഹ. ചെ ഗുവേരയെ കയ്യില്‍ പച്ച കുത്തിയ, ഫിദല്‍ കാസ്ട്രോയെ നേരിട്ടുപോയി കണ്ടിട്ടുള്ള മറഡോണ വിപ്ലവം സ്വപ്നം കണ്ടിരുന്ന നമ്മുടെ പൂര്‍വികരുടെ പ്രത്യാശയാകുന്നതില്‍ അത്ഭുതമെന്താണുള്ളത്. അയാളില്‍ അക്കാല മലയാളി ഏണസ്റ്റോ ഗുവേര എന്ന വിപ്ലവനായകനെത്തന്നെയാവും കണ്ടിട്ടുണ്ടാവുക. ചെ ഗുവേര ഗ്രൗണ്ടിലൂടെ ഓടിക്കളിക്കുന്നതും ലോകകപ്പടിക്കുന്നതും കണ്ട ഒരു മലയാളി തലമുറ അര്‍ജന്റീന ആരാധകരാവുന്നതില്‍ അത്ഭുതപ്പെടാനെന്താണ്!
.jpg?$p=ec7da32&&q=0.8)
1986-നു ശേഷം പക്ഷേ അവരുടെ പ്രിയപ്പെട്ട ടീം കപ്പുയര്‍ത്തിയില്ല. തൊട്ടരികിലെത്തിയിട്ടും ഭാഗ്യദോഷം വേട്ടയാടിയ ആരാധകരെന്ന് സ്വയം സമാധാനിച്ച് ലോകത്തിന്റെ ഏതൊക്കെയോ കോണിലിരുന്ന് മനുഷ്യര്‍ ഒരുമിച്ച് കരഞ്ഞു. ടി.വി നാട്ടില്‍ സജീവമാകുന്ന കാലത്ത് ഹൃദയത്തിന്റെ അടിയടരുകളിലേക്ക് ചേര്‍ക്കപ്പെട്ട തങ്ങളുടെ ടീം കളര്‍ ടിവിയില്‍ കപ്പ് നേടുന്നത് കണ്ടിട്ടില്ലാത്തവര്‍ എന്ന് അവര്‍ പരിഹസിക്കപ്പെട്ടു. ലോകത്തെവിടെയായിരുന്നാലും അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക വഴി 'നിങ്ങളെന്റെ സഖാവാകുന്നു' എന്ന ചെ ഗുവേരയുടെ പ്രഖ്യാപനം പോലെ, അറിയപ്പെടാത്ത മനുഷ്യരുമായി അതെനിക്ക് സാഹോദര്യം തന്നു എന്ന് പാബ്ലോ നെരൂദ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചെഴുതിയതുപോലെ, അറിയുന്നതും അറിയാത്തതുമായ അനേകകോടി മനുഷ്യര്‍ പിന്നീടുള്ള അര്‍ജന്റീനയുടെ പരാജയങ്ങളില്‍ ഒരുമിച്ച് കരഞ്ഞു. പെനാല്‍റ്റിയിലേക്ക് കളി മാറിയപ്പോള്‍ ഭാഗ്യദോഷത്തെ ഭയന്ന് കരഞ്ഞുകൊണ്ട് എണീറ്റുപോയ അച്ഛനെയും അമ്മയെയും പറ്റി എന്റെ ആത്മസുഹൃത്ത് എന്നോട് പറഞ്ഞു. എനിക്ക് മനസ്സിലാക്കാനാവും, മുന്‍പെത്രയോ വട്ടം കരഞ്ഞിട്ടുണ്ടാവും ആ അമ്മയും അച്ഛനും. ആ കരച്ചിലടക്കാന്‍, ആനന്ദത്തിന്റെ പ്രകാശഗോപുരങ്ങളിലേക്ക് തങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ഒരു ദൈവം അവതരിക്കുമെന്ന് ഓരോ സങ്കടങ്ങള്‍ക്കൊടുവിലും കേവലയുക്തിവാദികളല്ലാത്ത എത്രയോ മനുഷ്യര്‍ ആഗ്രഹിച്ചിരിക്കണം.
'വീണപ്പോള്‍ താങ്ങിയ അപരിചിതന്‍ എന്നിലുള്ള സംശയം തീര്‍ത്തു തന്നില്ലേ' എന്ന് കല്പറ്റ നാരായണന്‍ ഒരു കവിതയിലെഴുതുന്നുണ്ട്. വീഴുമ്പോള്‍ താങ്ങുന്ന മനുഷ്യര്‍ നമുക്ക് മിശിഹയാവുക സ്വാഭാവികമാണ്. മറഡോണ കപ്പടിക്കുന്നതുകണ്ടവര്‍ക്കും അവരുടെ അടുത്ത തലമുറ ആരാധകര്‍ക്കും അവരെ താങ്ങാന്‍ വന്ന മിശിഹ തന്നെയായിരുന്നു മെസി. അയാളുടെ കളി ആസ്വദിച്ചുകണ്ടിട്ടുള്ളവര്‍ക്കാവട്ടെ അത്രത്തോളം ഈ ജീവിതത്തെ ധന്യമാക്കിയ മറ്റെന്തെങ്കിലും ഉണ്ടാവുമോ എന്ന് സംശയമാണ്. ഹെര്‍നന്‍ കാസിയാരിയുടെ കഥയിലേതുപോലെ അയാള്‍ ബാഴ്സയില്‍ കളിക്കുന്നതു കണ്ടവരോളം ഭാഗ്യം ചെയ്ത ഒരു തലമുറയുണ്ടാവില്ല. 'ദസ്തയേവ്സ്‌കിയെ വായിക്കാനായി, മെസ്സി കളിക്കുന്നതു കാണാനും... മനോഹരമായ മറ്റൊന്നും ഇനി ജീവിതത്തില്‍ സംഭവിക്കാനില്ല' എന്ന് മുന്‍പാരോ എഴുതിയത് ഇപ്പോഴോര്‍ക്കുന്നു.
ലോകത്തിലെ ഏറ്റവും സ്‌കില്‍ഫുള്‍ ഫുട്ബോളര്‍ ആയിരിക്കെത്തന്നെ, കളിക്കളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അസാമാന്യചാരുത ഉണ്ടായിരിക്കെത്തന്നെ, മനോഹരമായ ടീം ഗെയിമാണ് ഫുട്ബോള്‍ എന്ന് കൂടി തെളിയിച്ചു ബാഴ്സക്കു വേണ്ടി കളിച്ച ഓരോ കളിയിലും അയാള്‍. സാഹോദര്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും മൂല്യം വായിച്ചും കേട്ടും മാത്രമല്ല അയാളുടെ കളികണ്ടു കൂടിയാണ് ഞാന്‍ സ്വാംശീകരിച്ചത്. മനുഷ്യര്‍ക്ക് അസാധ്യമായത് പലപ്പോഴും അയാള്‍ അനായാസമായി കളിക്കളത്തില്‍ സൃഷ്ടിക്കുന്നത് ഞങ്ങളുടെ തലമുറ കണ്ടു. രാജ്യത്തിന് വേണ്ടി ബൂട്ടുകെട്ടുമ്പോള്‍ സഹകളിക്കാരുടെ പിന്തുണയില്ലാത്തതുകൊണ്ടു മാത്രം അയാള്‍ നിസ്സഹായനായിപ്പോകുന്നതു കണ്ട് നിരാശരായി, ഞങ്ങള്‍ മെസ്സി ആരാധകര്‍. മറഡോണ കപ്പടിക്കുന്നതുകണ്ട് അര്‍ജന്റീനയെ നെഞ്ചേറ്റിയവര്‍ക്ക് മെസ്സി തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് അവതരിച്ച ദൈവമായി. എന്നെപ്പോലുള്ള മെസ്സി ആരാധകരാവട്ടെ, അയാള്‍ക്ക് വേണ്ടി ഒരു മനോഹരമായ ടീം ഒരുനാള്‍ അര്‍ജന്റീനയില്‍ ഉയര്‍ന്നുവരുമെന്നും അവര്‍ ലോകകപ്പുയര്‍ത്തി ഞങ്ങളെ ആനന്ദത്താല്‍ കരയിക്കുമെന്നും സ്വപ്നം കണ്ടു. സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പലപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ വിജയിക്കുന്നതു നമുക്ക് നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടി വരും, എങ്കിലും സ്വപ്നം വിജയിക്കുന്നതുവരെ നമ്മള്‍ അവയുമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കും.
മറഡോണയുടെ പ്രേതം കയറിയ മെസ്സിയെയാണ് ഈ ലോകപ്പില്‍ കണ്ടത് എന്നാരോ എഴുതിക്കണ്ടു; മറഡോണയുടെ ഭൂതായ്മ.. 'സ്പെക്ടേഴ്സ് ഓഫ് മാര്‍ക്സ്' എന്ന ദെറിദയുടെ പുസ്തകനാമം ഓര്‍ത്തുകൊണ്ട് 'സ്പെക്ടെഴ്സ് ഓഫ് മറഡോണ', ഞാന്‍ അതിനെ പരിഭാഷപ്പെടുത്തുന്നു. കളിക്കളത്തിലോ പുറത്തോ അയാള്‍ ഒരിക്കലും മറഡോണയായിരുന്നില്ല. ഒരു കലാപകാരിയുടെ മനോഭാവത്തോടെയാണ് മറഡോണ എപ്പോഴും കളിച്ചിരുന്നത്. കൈകൊണ്ടടിച്ച ഗോളിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടപ്പോഴും അയാള്‍ കുലുങ്ങിയില്ല. കളിയുടെ നീതി എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയനീതിയാണ് അയാളെ അവിടെയും നയിച്ചത്. ഇംഗ്ലീഷ് ഫുട്ബോള്‍ ടീമിനെയല്ല, തങ്ങളുടെ പട്ടാളക്കാരെ കൊലപ്പെടുത്തിയ ഇംഗ്ലണ്ട് എന്ന രാഷ്ട്രത്തെയാണ് പരാജയപ്പെടുത്തിയത് എന്ന അഭിമാനബോധമാണ് അയാളില്‍ തെളിഞ്ഞത്. ഹിംസാത്മകമായ ഒരുതരം പൗരുഷത്തോടെയാണ് അയാള്‍ കളിക്കളത്തില്‍ നിറഞ്ഞുനിന്നത്. മെസിയാവട്ടെ ആണത്തത്തിന്റെ ആഘോഷങ്ങളേതുമില്ലാതെ ആരാധകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറി. മെസ്സിയുടെ ഓരോ കാല്‍വയ്പിലും ഒരു തൂവല്‍സ്പര്‍ശമുണ്ടെന്നെഴുതുന്നുണ്ട് രാജീവ് രാമചന്ദ്രന്‍; ആ പതിഞ്ഞ താളമാണ് അയാളെ മൈതാനത്തിന്റെ കളിക്കാരനാക്കുന്നതെന്നും. മെസ്സിയെ നേരിടുന്നവര്‍, അത് ലോകത്തിലെ ഒന്നാംനിര ഡിഫന്റര്‍മാരാണെങ്കിലും, പന്തും അയാളും തമ്മിലുള്ള പാരസ്പര്യത്തെ തകര്‍ക്കാന്‍ ബുദ്ധിമുട്ടുന്നത് നാം എത്രയോ തവണ കണ്ടിട്ടുണ്ട്. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലോരാളായ റിയോ ഫെര്‍ഡിനന്റ് സൂചിപ്പിക്കുന്നതു പോലെ, കളിക്കാരുടെ കൈകള്‍ക്കിടയിലൂടെ വരെ അയാള്‍ പന്തുമായി കടന്നുപോകും. എംബാപ്പെയെപ്പോലെ അസാമാന്യവേഗതയല്ല മെസ്സിയുടെ സവിശേഷത. റിയോ പറയുന്നതു പോലെ, അയാളുടെ നീക്കങ്ങളുടെ വേഗത വായിച്ചറിയാന്‍ ഒരു പ്രതിരോധക്കാരനും കഴിയില്ല എന്നതാണ്. പന്ത് അയാളെ ഒരു മടിയുമില്ലാതെ അനുസരിക്കുന്നതുപോലെ തോന്നും, ചിലവേള അയാളുടെ കളി കാണുമ്പോള്‍.
തൂവല്‍സ്പര്‍ശം പോലെ സൗമ്യമായിരുന്നു ആ ജീവിതവും. ആരാധകരെ വിസ്മയിപ്പിച്ചതുപോലെ കരയിക്കുകയും ചെയ്തു അയാള്‍. ബാഴ്സയുമായുള്ള ബന്ധം അവസാനിച്ചിരിക്കുന്നുവെന്ന് പങ്കാളി ആന്റൊണല്ലയെ അറിയിച്ച ശേഷം ഞങ്ങള്‍ ഏറെനേരം കെട്ടിപ്പിടിച്ചു കരഞ്ഞു, എന്ന് അയാള്‍ പറഞ്ഞതുകേട്ട് ഞാനും കരഞ്ഞിട്ടുണ്ട്. ഫുട്ബോള്‍ ആണത്തത്തിന്റെ മാത്രം കളിയല്ലെന്ന് ഇത്രത്തോളം മറ്റൊരാളില്‍ നിന്നും ലോകം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. 'ആണ്‍കുട്ടിയെപ്പോലെയാവടാ' എന്ന് പരിഹസിക്കപ്പെട്ടവരുടെ റിപബ്ലിക്കിന് അയാളെപ്പോലൊരു മിശിഹയെ ഇനി കിട്ടാനുമില്ല. അക്രമോത്സുകമായ പ്രദര്‍ശനങ്ങളേതുമില്ലാതെ, അനുകരിക്കാനാവാത്ത ഒരുതരം സ്വച്ഛതയോടെ അയാള്‍ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടിരുന്നു. അയാള്‍ക്ക് വേണ്ടി വാദിക്കാനും കരയാനും കയ്യടിക്കാനും ഓരോ കാലത്തും പുതിയ കുട്ടികളുണ്ടായി; നൂറ്റാണ്ടുകളോളം ഇനിയും അത് തുടര്‍ന്നുകൊണ്ടിരിക്കും.
ആ സൗമ്യത അയാളില്‍ നിന്ന് അഴിഞ്ഞുവീഴുന്നതും ഈ ലോകകപ്പില്‍ ചിലപ്പോഴൊക്കെ നമ്മള്‍ കണ്ടു. തന്റെ ആരാധകര്‍ തെരുവുകളില്‍ അനുഭവിച്ച പരിഹാസങ്ങള്‍ക്ക് അയാള്‍ വീറോടെ മറുപടി പറയുന്നത് കണ്ട് ഞങ്ങള്‍ കൂടുതല്‍ ആവേശത്തോടെ കയ്യടിച്ചു. സത്യം പറയട്ടെ, കളി ജയിച്ച ശേഷം ലൂയി വാന്‍ഗാലിനടുത്തേക്ക് പോയ മെസ്സിയെ കണ്ട് ഞാന്‍ ആഹ്ലാദിച്ചു, ബ്രീട്ടീഷ് രാജ്ഞിക്ക് കൈകൊടുക്കാന്‍ വിസമ്മതിച്ച മറഡോണയെക്കുറിച്ച് വായിച്ച് ആഹ്ലാദിച്ചത്ര...
2017-ല്‍ മദ്രാസ് സര്‍വകലാശാലയുടെ എം.ഫില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ എം.ഫില്‍ തിസീസിന്റെ സിനോപ്സിസ് എഴുതാന്‍ ഒരു ചോദ്യമുണ്ടായിരുന്നു. കേരളത്തിലെ ഫുട്ബോള്‍ ഫാന്‍ഷിപ്പിനെ മുന്‍നിര്‍ത്തിയുള്ള എന്റെ സിനോപ്സിസ് വായിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ ഒരാള്‍ എന്നോട് ചോദിച്ചു: 'ലിറ്ററേച്ചര്‍ ആന്റ് ഫുട്ബോള്‍, വൈ സോ?'. 'ഞങ്ങള്‍ മലയാളികള്‍ ഫുട്ബോളിനെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നു. രാജ്യം, മതം, വംശം, സംസ്‌കാരം, ഉള്‍പ്പെടെ മനുഷ്യരെ വിഭജിക്കുന്ന എല്ലാത്തിനെയും അതിലംഘിക്കുന്ന ഒന്നാണ് ഞങ്ങളുടെ ഫുട്ബോള്‍ പ്രേമം.' എന്ന് സംശയമൊന്നും കൂടാതെ പറഞ്ഞു ഞാന്‍. എന്നിട്ട് ഞാന്‍ തുടര്‍ന്നു. 'ഒരു മലയാളി എന്ന നിലയില്‍ എന്നെ ഫുട്ബോളുമായി കണക്ട് ചെയ്യുന്ന മറ്റൊന്നു കൂടിയുണ്ട്, അത് മെസ്സിയാണ്.' അത് പറഞ്ഞപ്പോള്‍ മറ്റൊരു വിദ്വാന്റെ വക എന്നോട് ഇങ്ങനെയൊരു ചോദ്യം. 'ഹൗ, നിങ്ങളുടെ നാട്ടില്‍ അയാളെ പറ്റി വല്ല നോവലുമുണ്ടായിട്ടുണ്ടോ.'
'ഇല്ല സര്‍, അയാളെ പറ്റി നോവലെഴുതാന്‍ മനുഷ്യരെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല, അയാള്‍ തന്നെ ഒരു നോവലാണ്!'
ഭാഗ്യം കൊണ്ടോ എന്തോ അന്നെനിക്ക് അഡ്മിഷന്‍ കിട്ടിയില്ല.
അയാളെക്കുറിച്ച് കാര്യമായ അന്വേഷണങ്ങള്‍ക്ക് മുതിരാതിരിക്കുന്നതാണ് നല്ലത് എന്ന് പിന്നീടെനിക്ക് തോന്നി. കളി കാണാം, ആസ്വദിക്കാം അത്രമാത്രം. പെപ് ഗ്വാര്‍ഡിയോള എഴുതുന്നതു പോലെ, 'Don't write about him, don't try to describe him. Just watch him'.
Content Highlights: lionel messi, argentina, football, fifa world cup, rajeev ramachandran book, cheli puralatha panthu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..