ഏതു ദുരന്തവും ഒരു സാധ്യതകൂടിയാണ്


ഷൗക്കത്ത്

ഇനി ഒരിക്കലും ശരിയാവില്ലെന്നു കരുതിയ എത്രയോ പ്രശ്‌നങ്ങളില്‍നിന്ന് എങ്ങനെയൊക്കെയോ നാം കരകയറിയിട്ടുണ്ട്. എല്ലാ വഴികളും അസ്തമിച്ചെന്നുകരുതി തകര്‍ന്നിരുന്നപ്പോള്‍ ആരൊക്കെയോ നമ്മോട് ചേര്‍ന്നുനിന്ന് ഉദയമായിട്ടുണ്ട്. ഇതും അതുപോലെ കടന്നുപോകും.

-

ഴിഞ്ഞ കുറെ ദിവസങ്ങളായി രാത്രി ഏറെ വൈകിയാണ് ഉറക്കം. പത്തുമണി കഴിഞ്ഞാല്‍ കുറെ ഫോണ്‍കോളുകള്‍ വരും. കഴിഞ്ഞമാസംവരെ അതിസന്തോഷത്തോടെ സ്‌നേഹം പറയാനും അറിവും അലിവുമൊക്കെ ചര്‍ച്ചചെയ്യാനും വിളിച്ചിരുന്നവര്‍. അന്ന് അവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത്. വ്യത്യസ്ത വിഷയങ്ങളായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളായിരുന്നു. വ്യത്യസ്ത സാഹിത്യങ്ങളും യുക്തികളുമായിരുന്നു.

ശരിതെറ്റുകളുടെ കണക്കെടുപ്പുകള്‍ നടത്തി, ധര്‍മാധര്‍മങ്ങള്‍ അവതരിപ്പിച്ച് ഞങ്ങള്‍ സ്‌നേഹത്തോടെ സംവദിക്കുമായിരുന്നു. തീവ്രവാദം, ദേശസ്‌നേഹം, പൗരത്വബില്‍ തുടങ്ങിയുള്ള സമകാലിക വിഷയങ്ങളില്‍ തികച്ചും എതിരഭിപ്രായമുള്ളവരായിരുന്നു ഞങ്ങള്‍. ചര്‍ച്ച മൂര്‍ച്ഛിച്ച് സ്‌നേഹം മുറിഞ്ഞുപോകാതിരിക്കാന്‍ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ശ്രദ്ധിക്കുമായിരുന്നു. സത്യസന്ധവും സജീവവുമായ വര്‍ത്തമാനങ്ങള്‍. എന്തു തുറന്നുപറഞ്ഞാലും സൗഹൃദത്തിന് ഒരു പോറലുമേല്‍ക്കില്ലെന്ന വിശ്വാസമുള്ള കൂട്ടുകാര്‍.

എന്നാല്‍, കഴിഞ്ഞ കുറച്ചുദിവസമായി എല്ലാവരുടെയും വര്‍ത്തമാനത്തിന് ഒരൊറ്റ ധ്വനി. ഒരൊറ്റ രാഷ്ട്രീയം. വാദങ്ങളില്ല. തര്‍ക്കങ്ങളില്ല. ജയിക്കേണ്ടതില്ല. തോല്‍പ്പിക്കേണ്ടതുമില്ല. ഏതോ ഒരു ഒരുമയിലേക്ക് അറിയാതെ കണ്ണിചേര്‍ക്കപ്പെട്ടതുപോലെ. ജീവിതത്തെയും ജീവിതകാഴ്ചപ്പാടുകളെയും മാത്രം ശ്രദ്ധിക്കുകയും അതിനായി എന്തിനും തയ്യാറാവുകയും ചെയ്ത് ജീവിച്ചിരുന്നവര്‍ ഇപ്പോള്‍ സംസാരിക്കുന്നത്, ശ്രദ്ധിക്കുന്നത് ജീവനെക്കുറിച്ചുമാത്രം. അതെ, ജീവനെക്കുറിച്ച്...

ജീവിതത്തിന് 'ജീവന്‍' അത്രമാത്രം അത്യാവശ്യമാണെന്ന അറിവില്‍നിന്ന് ഉണര്‍ന്നുവരുന്ന ഒരു ഒരുമ. ശാന്തത. വിനയം. തോല്‍വിപോലെ അനുഭവപ്പെടുന്ന മഹാവിജയം. അതിസൂക്ഷ്മമായ ഒരു വൈറസ് നമ്മെയെടുത്ത് അമ്മാനമാടുമ്പോള്‍, ജീവന്റെ വില നാം അറിയുകയാണ്. അറിഞ്ഞുതുടങ്ങുകയാണ്.

പണ്ട് ഒരു വൃദ്ധനായ ഫക്കീറിന്റെ അടുത്തുചെന്ന് ഞാന്‍ ചോദിച്ചു: എന്താണ് ഞാന്‍ ചെയ്യേണ്ടത്?

അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: ''ജനിച്ചുവീണ അന്നുമുതല്‍ ഇന്നുവരെ ഉണര്‍വിലും സ്വപ്നത്തിലും ഒരിക്കലും ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ലാത്ത ഒന്ന്. അതിനെ സ്‌നേഹത്തോടെയും ആദരവോടെയും ശ്രദ്ധിക്കുക. എന്തുചെയ്യുമ്പോഴും അതിനൊപ്പം ഇരിക്കുക. എന്റെ പ്രാണനാണെന്ന് പലതിനോടും ചേര്‍ത്ത് നീ പറയാറുണ്ടല്ലോ? എന്നിട്ടെന്തേ ഇതുവരെ അതിനെ സ്‌നേഹിക്കുന്നില്ല. കാണുന്നില്ല. അനുഭവിക്കുന്നില്ല. അത് കാണലും അനുഭവിക്കലും അതിനെ സ്‌നേഹിക്കലും തന്നെയാണ് വഴി.

അദ്ദേഹം പിന്നെ ഒന്നും പറഞ്ഞില്ല. ഹാര്‍മോണിയം നന്നാക്കലായിരുന്നു അദ്ദേഹത്തിന്റെ പണി. തെരുവോരത്തുള്ള ഒരു പെട്ടിക്കടയോട് ചേര്‍ത്തുകെട്ടിയ ചെറിയൊരു ഓലക്കുടിലിലായിരുന്നു വാസം. എന്റെ കണ്ണിലേക്ക് ഒന്നുകൂടി സൂക്ഷിച്ചുനോക്കി അദ്ദേഹം മന്ദഹസിച്ചു. പിന്നെ താന്‍ നന്നാക്കിക്കൊണ്ടിരുന്ന ഹാര്‍മോണിയം വായിക്കാന്‍ തുടങ്ങി. ആ നാദത്തില്‍ ലയിച്ച് കണ്ണടഞ്ഞ് ഞാനിരുന്നു. എന്റെ ശ്രദ്ധ അറിയാതെ പ്രാണനിലുടക്കി, പ്രാണനാഥ എന്നൊരു വിളി മൗനമായുയര്‍ന്നു.

ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഇനി ഒരിക്കലും ശരിയാവില്ലെന്നു കരുതിയ എത്രയോ പ്രശ്‌നങ്ങളില്‍നിന്ന് എങ്ങനെയൊക്കെയോ നാം കരകയറിയിട്ടുണ്ട്. എല്ലാ വഴികളും അസ്തമിച്ചെന്നുകരുതി തകര്‍ന്നിരുന്നപ്പോള്‍ ആരൊക്കെയോ നമ്മോട് ചേര്‍ന്നുനിന്ന് ഉദയമായിട്ടുണ്ട്. ഇതും അതുപോലെ കടന്നുപോകും. വ്യക്തിജീവിതമായാലും കുടുംബജീവിതമായാലും സമൂഹജീവിതമായാലും കടുത്ത പ്രതിസന്ധികളിലൂടെ തന്നെയാണ് മുന്നോട്ടുവന്നിട്ടുള്ളത്. അത് ഇനിയും മുന്നോട്ടൊഴുകുകതന്നെ ചെയ്യും.

പ്രതീക്ഷ കൈവിടാതിരിക്കണം. ചിന്തിച്ചുചിന്തിച്ച് തളരുകയല്ല, മറിച്ച് ഉണരുകയാണ് വേണ്ടത്. ഒരുകൂട്ടം മനുഷ്യര്‍ നമുക്കായി ചുറ്റും പ്രയത്‌നിക്കുന്നുണ്ട്. മനസ്സുകൊണ്ട് അവരോടൊപ്പം ചേര്‍ന്നുനില്‍ക്കണം. നാം അതിജീവിക്കുകതന്നെ ചെയ്യും. ഇപ്പോള്‍ നാം അനുഭവിക്കുന്ന ഈ കാത്തിരിപ്പുണ്ടല്ലോ! അതുതന്നെയല്ലേ നാം ഇത്രനാളും ജീവിച്ചത്? ഇപ്പോള്‍ നാം കൂട്ടിലടയ്ക്കപ്പെട്ട കിളികളാണെന്ന് പറയുന്നു. മുമ്പോ? നാം സ്വതന്ത്രരായിരുന്നോ? ആയിരുന്നെങ്കില്‍ എന്തേ നാം അതൃപ്തിയിലും നീരസത്തിലും വഴക്കിലും സംഘര്‍ഷത്തിലും വിഭാഗീയതയിലും അമര്‍ഷത്തിലും വീര്‍പ്പുമുട്ടിയത്? അതില്‍ എവിടെയായിരുന്നു സ്വാതന്ത്ര്യം? നമ്മുടെ മുഖങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും സൗമ്യതയെക്കാള്‍ തടവിലടയ്ക്കപ്പെട്ട കുറ്റവാളിയുടെ കരുവാളിച്ച നിഴല്‍പ്പാടുകളായിരുന്നല്ലോ കണ്ടതത്രയും.

കുറച്ചുസമയത്തേക്ക് ഞാന്‍ എന്നെയും എന്റെ വര്‍ഗത്തെയും ഉപേക്ഷിച്ച് പ്രകൃതിയുടെ മറുപക്ഷത്തേക്ക് ഒന്ന് എത്തിനോക്കി. മതങ്ങളായ മതങ്ങളും ചിന്തകളായ ചിന്തകളുമെല്ലാം മനുഷ്യന്‍ എന്ന ജീവിയെ ചുറ്റിപ്പറ്റി കറങ്ങുകയാണല്ലോ. പ്രപഞ്ചം തന്നെ പടച്ചതമ്പുരാന്‍ സൃഷ്ടിച്ചത് നമുക്കുവേണ്ടിയാണെന്ന ധാര്‍ഷ്ട്യത്തിലാണല്ലോ നാം. ശാസ്ത്രവാദിയായാലും മതവാദിയായാലും മറ്റേതുവാദിയായാലും വര്‍ത്തമാനത്തില്‍ പ്രപഞ്ചപക്ഷമൊക്കെ വരുമെങ്കിലും ചെയ്തിയില്‍ അത് വരികയേയില്ലല്ലോ. വന്നിട്ടേയില്ലല്ലോ. എന്തിന്, തൊട്ടയല്‍പക്കത്തുള്ള മനുഷ്യര്‍പോലും നമുക്ക് അന്യഗ്രഹജീവികളാണല്ലോ.

അതെ. നാം വിഷമിക്കുമ്പോഴും പ്രകൃതി സന്തോഷത്തിലും സമാധാനത്തിലുമാണ്. പറയാതെവയ്യ. അന്തരീക്ഷത്തിന്റെ ശ്വാസംമുട്ടലിന് അല്പം ആശ്വാസമുണ്ട്. നദികളും കടലും അല്പം തെളിയുന്നുണ്ട്. തെരുവുകളില്‍ ദുര്‍ഗന്ധം കുറയുന്നുണ്ട്. മരങ്ങളും മൃഗങ്ങളും പക്ഷികളും കുറച്ചുകൂടി നിര്‍ഭയരാണ്. ഭൂമിക്ക് ഉത്തരവാദിത്വത്തിന്റെ ഭാരം ഇത്തിരി കുറഞ്ഞതുപോലെയുണ്ട്. നാം മനുഷ്യന്‍ എന്ന ജീവി പ്രതിസന്ധിയിലാകുമ്പോള്‍ മറ്റു ജീവിവര്‍ഗങ്ങള്‍ മൊത്തം ആശ്വാസത്തിലാവുകയും മറ്റേത് ജീവിയും പ്രതിസന്ധിയിലായാല്‍ നമ്മുടെ നിലനില്‍പ്പ് അവതാളത്തിലാവുകയും ചെയ്യുന്നെങ്കില്‍ നാം എത്ര അധാര്‍മികതയിലാണ് ജീവിച്ചത്? ജീവിക്കുന്നത്? ആലോചിക്കേണ്ടതല്ലേ?

വ്യക്തിപരമായി ഈ പ്രതിസന്ധിയെ ഒരു സാധ്യതയായി കാണുന്നവനാണ് ഞാന്‍. വേണമെങ്കില്‍ ഈ സാധ്യത നമുക്ക് ഉപയോഗിക്കാം. മറ്റുള്ളവരെ ചൂഷണം ചെയ്തും അവഗണിച്ചും വെട്ടിപ്പിടിച്ചതെല്ലാം നമ്മെനോക്കി മന്ദഹസിച്ചുനില്‍ക്കുമ്പോള്‍ നമുക്ക് സ്വയം ചോദിക്കാം: ഇനിയും ഇതേ വഴിയില്‍ത്തന്നെ പോകണോ? ഒന്നുകൂടി ശ്രദ്ധാലുവാകേണ്ടതില്ലേ? രണ്ടുനേരം കഞ്ഞികുടിച്ചും ചുറ്റുമുള്ളവരോട് സ്‌നേഹം പറഞ്ഞും ലളിതമായി ജീവിച്ചാലും ജീവിതമാകില്ലേ? വെട്ടിപ്പിടിക്കുന്നിടത്താണോ ജീവിതം അതോ പരസ്പരം പങ്കുവെക്കുന്നിടത്താണോ? മനുഷ്യനെ മാത്രം കാണാതെ മറ്റു ജീവജാലങ്ങളെയും പരിഗണിക്കുന്നിടത്തല്ലേ ധന്യത? ഇത്രയും നാള്‍ ഉത്തരങ്ങള്‍ പറഞ്ഞുപറഞ്ഞ് നാം നമ്മെ പറ്റിക്കുകയായിരുന്നല്ലോ! ഇനി കുറച്ചു ചോദ്യങ്ങളാവാം. അവരവരിലേക്ക് വിരല്‍ചൂണ്ടുന്ന ചോദ്യങ്ങള്‍.

പ്രഭാതത്തിന്റെ പ്രശാന്തിയും മധ്യാഹ്നത്തിന്റെ തീക്ഷ്ണതയും ഹൃദയത്തിലേറ്റിയതുകൊണ്ടുതന്നെയല്ലേ സായാഹ്നം നോവൂറും മാധുര്യത്താല്‍ ധ്യാനാത്മകമായത്? ഒന്നിനെ തള്ളിമാറ്റി സ്വീകരിക്കുന്നതെന്തും അപൂര്‍ണതയനുഭവിപ്പിക്കും. എല്ലാറ്റിനെയും വാരിപ്പുണര്‍ന്നുള്ള യാത്രയും അങ്ങനെതന്നെ. എന്നാല്‍, കടന്നുപോകുന്ന വഴിത്താരകളെ അവഗണിക്കാതെയും എങ്കിലോ എവിടെയും തങ്ങിനില്‍ക്കാതെയും തുടരുന്ന യാത്രകള്‍ സായന്തനത്തിന്റെ ധ്യാനാത്മകതയെ അനുഭവിപ്പിക്കതിരിക്കില്ല. അറിയേണ്ടതുണ്ട്. തൊട്ടുതലോടേണ്ടതുണ്ട്. ചെയ്യേണ്ടത് ചെയ്യേണ്ടതുണ്ട്. കണ്ണ് തുറന്നുതന്നെയിരിക്കണം. കാത് വട്ടംപിടിക്കണം. ഹൃദയം അടഞ്ഞുപോകരുത്. നനവ് വറ്റരുത്. ബുദ്ധി തെളിഞ്ഞിരിക്കണം. അതെ, അവിടെ പിന്നെ തമസ്സിന് പ്രവേശിക്കാന്‍ പഴുതില്ല. വെളിച്ചത്തിന് കണ്ണഞ്ചിക്കാനുമാവില്ല. കരുണയൂറുന്ന ആ യാത്രയിലാണ്, യാത്രതന്നെയാണ് ലക്ഷ്യമെന്ന് ആരും അനുഭവിച്ചിട്ടുള്ളത്.

ചിന്ത സമഗ്രമാകുന്നതും വാക്ക് സൗമ്യമാകുന്നതും നോക്ക് കരുണയാകുന്നതും സ്പര്‍ശം മൃദുലമാകുന്നതും നീ അന്യമല്ലാതാകുന്നതും ഞാന്‍ സ്‌നേഹവും സ്വാതന്ത്ര്യവുമാകുന്നതും നോവുകളെല്ലാം ജീവിതമാകുന്നതും അവിടെ നാം അറിഞ്ഞനുഭവിക്കും. പരാതിപരിഭവങ്ങളുടെ മേച്ചില്‍പ്പുറങ്ങളില്‍നിന്നും നാം തിരിഞ്ഞുനടക്കും. നീണ്ടുനിവര്‍ന്ന പ്രശാന്തിയോടെ നടക്കേണ്ടതുണ്ടെന്നും അകം മന്ത്രിക്കും. നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന്. ജനനത്തോടൊപ്പം യാത്ര. നാം ഒരു സാധാരണ മനുഷ്യനാകും. അതിശയോക്തിനിറഞ്ഞ ജീവിതസങ്കല്പങ്ങളില്‍നിന്നും മുക്തിലഭിക്കുന്നതിനെക്കാള്‍ വലിയ മോക്ഷമില്ലെന്ന് അവിടെ നാം അനുഭവിക്കും. അതെ, കൊറോണക്കാലം എന്നോട് സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്... ജീവനെപ്പറ്റി... ജീവിതത്തെപ്പറ്റി...

ഏതു ദുരന്തവും ഒരു സാധ്യതകൂടിയാണ്. നമ്മിലേക്കുതന്നെ ചൂണ്ടപ്പെടുന്ന വിരലുകളുടെ പിറകെപ്പോയി ചില ചോദ്യങ്ങള്‍ക്കുത്തരം കാണാന്‍കൂടിയുള്ള സാധ്യത. ഒന്നുകൂടി നാം ശ്രദ്ധാലുവാകേണ്ടതില്ലേ? വെട്ടിപ്പിടിക്കുന്നിടത്താണോ ജീവിതം അതോ പരസ്പരം പങ്കിടുന്നിടത്തോ?ചോദ്യങ്ങളേറെയുണ്ട്.

Content Highlights: life in the time of corona malayalam article by Shoukath

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented