-
ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന ലെനിന്റെ 150ാം ജന്മവാര്‍ഷിക ദിനമാണ് ഏപ്രില്‍ 22 ന്. സോവിയറ്റ് യൂണിയന്റെ ആദ്യത്തെ ഭരണാധികാരിയും ബോള്‍ഷെവിക് നേതാവും , കമ്മ്യൂണിസ്റ്റ് വിപ്‌ളവ സമരനായകനുമായിരുന്നു ലെനിന്‍. മാര്‍ക്‌സും എംഗല്‍സും മുന്നോട്ടുവച്ച വിപ്ലവസിദ്ധാന്തത്തെ പുതിയ കാലഘട്ടത്തിലേക്ക് വികസിപ്പിക്കുന്നതിന് സൈദ്ധാന്തികമായ സംഭാവന നല്‍കി എന്നതാണ് ലെനിന്റെ സംഭാവനയായി വിലയിരുത്തപ്പെടുന്നത്.
വ്‌ലാദിമിര്‍ ഇല്ലിച്ച് ഉല്യാനോവ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. സൈബീരിയയിലെ നദിയായ 'ലെന'യെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം സ്വയം സ്വീകരിച്ച തൂലികാനാമമായ 'ലെനിന്‍' പിന്നീട് ജനമനസ്സുകളില്‍ ഉറക്കുകയായിരുന്നു. 1917 -ല്‍ ബോള്‍ഷെവിക്ക് വിപ്ലവത്തിലൂടെ മാര്‍ക്‌സിന്റേയും ഏംഗല്‍സിന്റെയും കമ്യൂണിസ്റ്റ് ചിന്താധാരകള്‍ ലെനിന്‍ നടപ്പിലാക്കി. നൂറ്റാണ്ടുകള്‍ നീണ്ട സാര്‍ ചക്രവര്‍ത്തി ഭരണം അവസാനിപ്പിച്ച് സോവിയറ്റ് യൂണിയന്‍ എന്ന രാഷ്ട്രം സ്ഥാപിച്ചു.
1870 ഏപ്രില്‍ 22 ന് വോള്‍ഗാ നദിക്കരയിലെ സിംബിസിര്‍ക്ക് എന്ന പട്ടണത്തിലായിരുന്നു ലെനിന്റെ ജനനം.
കസാന്‍ സര്‍വ്വകലാശാലയിലെ കലാലയ ജീവിതത്തിനിടെ, മൂത്ത സഹോദരനും, അന്നത്തെ വിപ്ലവ പ്രസ്ഥാനങ്ങളില്‍ ഒന്നിന്റെ സഹയാത്രികനുമായിരുന്ന സാഷ വധിക്കപ്പെട്ടതാണ് ലെനിനെയും വിപ്ലവകാരിയാക്കിമാറ്റിയത്. മുഴുവന്‍ സമയ പ്രവര്‍ത്തകനായിമാറിയ ലെനിനെ പിന്നീട് അന്നത്തെ ഭരണകൂടം സൈബീരിയന്‍ മരുഭൂമിയിലേക്ക് നാടുകടത്തി. തിരിച്ച് റഷ്യയിലെത്തിയ ലെനിന്‍, ജൂള്‍സ് മാര്‍ട്ടോഫ്, നതാഷ്ദ ക്രൂപ്സ്‌കായ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിക്ക് രൂപം നല്‍കി. 1898 ജൂലൈയില്‍ അദ്ദേഹം തന്റെ സഖാവായിരുന്ന നതാഷ്ദ ക്രുപ്സ്‌കായയെ ജീവിതസഖിയാക്കി.
ഒടുവില്‍ 1917 -ല്‍ ഒക്ടോബര്‍ വിപ്ലവം എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട രക്തരൂഷിതമായ പോരാട്ടം നടന്നു. മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന പോരാട്ടത്തില്‍ ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക്കുകള്‍ ജയിക്കുന്നു. പിന്നീട് ബോള്‍ഷെവിക്ക് പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുന്നുണ്ട്. നിക്കോളാസ് സാറിനെയും കുടുംബത്തെയും വധിച്ച് ബോള്‍ഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തു. സ്വകാര്യ സ്വത്തവകാശം റദ്ദാക്കി, കൃഷിഭൂമി കര്‍ഷകര്‍ക്ക് വിട്ടു കൊടുത്തു. ഫാക്ടറികളില്‍ തൊഴിലാളികള്‍ക്കു നിയന്ത്രണം നല്‍കി. പുതിയ പാര്‍ട്ടികള്‍ നിരോധിച്ചു, പുതിയ ഒരു നിയമ വ്യവസ്ഥ കെട്ടിപ്പടുത്തി.
819ല്‍ ലെനിന്‍ പീപ്പിള്‍സ് കമ്മിസാര്‍സ് ബൈ ദ റഷ്യന്‍ സോവിയറ്റ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1919 മാര്‍ച്ചില്‍ ലെനിനും മറ്റു ബോള്‍ഷെവിക് നേതാക്കളും ലോകത്തിലെ മറ്റു പല വിപ്‌ളവകാരികളെയും കണ്ടു. അവരുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ രൂപീകരിച്ചു. ഇതിനിടയില്‍ ലെനിന്‍ ആക്രമിക്കപ്പെട്ടു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ലെനിനെ നിരന്തരം വേട്ടയാടി. പിന്നീട് തുടര്‍ച്ചയായി പക്ഷാഘാതങ്ങളുണ്ടായി. ഇതിനിടെ സ്റ്റാലിന്‍ പാര്‍ട്ടിയിലെ അധികാര കേന്ദ്രമായി മാറിയിരുന്നു. രോഗകിടക്കയില്‍ കിടന്നുകൊണ്ട് അദ്ദേഹം പാര്‍ട്ടി നേതാക്കള്‍ക്ക് നിരന്തരം കത്തുകളെഴുതി. എന്നാല്‍ മൂന്നാമതും പക്ഷാഘാതമുണ്ടായതോടെ സംസാരശേഷി നഷ്ടമായ ലെനിന്‍ 1924 ജനുവരി 21ന് അന്തരിച്ചു. തന്റെ 54ാമത് വയസ്സിലാണ് ലെനിന്‍ മരിക്കുന്നത്. ലെനിന്‍ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ റഷ്യയുടെയും യൂറോപ്പിന്റെയും ലോകത്തിന്റെയും ചരിത്രം കൂടുതല്‍ പുരോഗമനപരമാകുമായിരുന്നെന്ന് ഫിദല്‍ കാസ്‌ട്രോ പിന്നീട് എഴുതുകയുണ്ടായി.
Content Highlights: Lenin 150th birth anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..