വായിച്ചു തീരാത്ത ലെനിന്‍, കഴിക്കാതെ പോയ മുസ്ലിം സഹോദരനൊരുക്കിയ ഭക്ഷണം: ഭഗത് സിങ് ബാക്കിവെച്ചത്‌...


മായ കടത്തനാട്‌

ബേബെയെ ജയിലിനകത്തേക്ക് കയറ്റിവിട്ടില്ല. ബേബെ പലവുരു പറഞ്ഞുനോക്കി. ഭഗത് സിങ്ങിന് അവസാനമായി കഴിക്കാനുള്ള ആഹാരമാണ് തന്റെ കയ്യിലുള്ളതെന്ന് അയാള്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും ആരുമത് ചെവിക്കൊണ്ടില്ല, കേട്ടവര്‍ വിശ്വസിച്ചതുമില്ല.

ഭഗത് സിംഗ്

1931 മാര്‍ച്ച് 16. ലാഹോറിലെ ബംഗ്ലാവില്‍ ഉച്ചയ്ക്കുശേഷം പഞ്ചാബ് ഗവര്‍ണറായിരുന്ന ജെഫ്രി മോണ്ട്‌മൊറന്‍സിയുടെ നേതൃത്വത്തില്‍ ലാഹോറിലെ ബംഗ്ലാവില്‍ ഉന്നത തല ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചുചേര്‍ക്കപ്പെട്ടു. യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഒരു മാസം മുമ്പേറ്റ വെടിയുണ്ട നല്‍കിയ കൊടിയ വേദനയെ ഗവര്‍ണര്‍ കടിച്ചമര്‍ത്തുന്നുണ്ടായിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കവേ വിദ്യാര്‍ഥിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ഹരി കിഷന്‍ തല്‍വാര്‍ ആയിരുന്നു ഗവര്‍ണര്‍ക്ക് ആ വേദന എക്കാലത്തേക്കുമായി സമ്മാനിച്ചത്.

പഞ്ചാബ് ചീഫ് സെക്രട്ടറി ഡി.ജെ. ബോയ്ഡ്, ആഭ്യന്തര സെക്രട്ടറി സി.എം.ജി. ഓജില്‍വീ, പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചാറീസ് സ്റ്റെഡ്, ജയില്‍ ഐ.ജി. എഫ്എ ബാര്‍കെര്‍, ലാഹോര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എ.എ. ലെയ്ന്‍ റോബര്‍ട്‌സ്, സീനിയര്‍ പോലീസ് സൂപ്രണ്ട് ജി.ടി.എച്. ഹാമില്‍ടണ്‍ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തിരുന്നവരില്‍ പ്രമുഖര്‍. ഔപചാരികമായ സംഭാഷണങ്ങള്‍ക്കും പൊതുവെയുള്ള ക്രമസമാധാന വിലയിരുത്തലുകള്‍ക്കും ശേഷം യോഗം ധൃതികൂട്ടിയത് ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ വധശിക്ഷ നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കായിരുന്നു. മാര്‍ച്ച് ഇരുപത്തി നാലിനാണ് തൂക്കിലേറ്റേണ്ടത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ കണിശതയിലും കൃത്യതയിലും സംതൃപ്തി പൂണ്ട ഗവര്‍ണര്‍ സംസ്ഥാനത്തെ ക്രമസമാധാനവും വിലയിരുത്തി. രാവിലെയോടുകൂടി ക്രമസമാധാനം ഏതുവിധത്തിലേക്ക് നീങ്ങുമെന്നും എങ്ങനെ അടക്കിനിര്‍ത്തുമെന്നും അദ്ദേഹം തന്റെ അനുയായികളില്‍ നിന്നും വിശദമായിത്തന്നെ അന്വേഷിച്ചാരാഞ്ഞുകൊണ്ടേയിരുന്നു.

മരണവാറണ്ട് പുറപ്പെടുവിക്കാനുള്ള പ്രത്യേക ട്രിബ്യൂണലിന്റെ അധികാരം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ നേരത്തെ തന്നെ ലാഹോര്‍ ഹൈക്കോടതി ജസ്റ്റിസ് എം.വി. ഭീഡെ ഐ.സി.എസ്. തള്ളിയതോടെ വധശിക്ഷയില്‍ മാറ്റം വന്നേക്കുമെന്ന പ്രതീക്ഷയും അസ്തമിച്ചിരുന്നു.

തൂക്കിലേറ്റാനുള്ള സമയം പതിനൊന്നുമണിക്കൂര്‍ മുമ്പേയാക്കുന്നത് പെട്ടെന്നാണ്. മാര്‍ച്ച് 23-ന് വൈകുന്നേരം 7.30 ഓടെ തൂക്കിലേറ്റാന്‍ ദാരണയായി. ജയില്‍ സൂപ്രണ്ട് മേജര്‍ പിഡി ചൊപ്രയുടെ മുറിയില്‍ ഉദ്യോഗസ്ഥര്‍ ഇനി നടക്കാന്‍ പോകുന്ന സംഭവത്തെക്കുറിച്ച് ഉത്ക്കണ്ഠാഭരിതരായി പതുങ്ങിയ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി.

പ്രാണ്‍ നാഥ് മേത്ത എന്ന അഭിഭാഷകനായിരുന്നു ഭഗത് സിങ്ങിനുവേണ്ടി കോടതിയില്‍ വാദിച്ചിരുന്നത്. രാവിലെ പത്ത് മണിയ്ക്ക് അഭിഭാഷകന് തന്റെ കക്ഷിയെ അവസാനമായി കാണാനുള്ള അനുവാദം ലഭിച്ചു.

ഭഗത് സിങ്ങിന്റെ കൈപ്പടയില്‍ എഴുതിയ നാല് കെട്ട് പേപ്പറുകള്‍ അതിരഹസ്യമായി കൈപ്പറ്റിയതിനുശേഷമാണ് മേത്ത കൂടിക്കാഴ്ചയ്ക്ക് വിരാമമിട്ടത്. മേത്ത പോയിക്കഴിഞ്ഞ ഉടന്‍ തന്നെ സ്റ്റെഡ്, ബാര്‍ക്കര്‍, റോബര്‍ട്ട്‌സ്, ഹാര്‍ഡിംഗ്, ചോപ്ര എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഉദ്യോഗസ്ഥര്‍ ഭഗത് സിങ്ങിന്റെയടുക്കലെത്തി. ഭഗത് സിങ്ങിന് ഒരിക്കലും ആവശ്യമില്ലാത്ത ഒരു ഉപദേശം നല്‍കാന്‍ മാത്രമായിരുന്നു ആ സംഘം ഒരിക്കല്‍ കൂടി അദ്ദേഹത്തെ കാണാന്‍ വന്നത്. ബ്രിട്ടീഷ് സര്‍ക്കാറോട് മാപ്പപേക്ഷിച്ചുകൊണ്ട് സ്വന്തം ജീവന്‍ തിരികെ വാങ്ങാന്‍ അവര്‍ ഓരോരുത്തരും മാറിമാറി അദ്ദേഹത്തെ ഉപദേശിച്ചു. തികഞ്ഞ പുച്ഛത്തോടെ അവര്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ പരിഹാസത്തോടെ ഭഗത് സിങ് ആ ഉപദേശത്തെ തിരികെ അയച്ചു.

സീനിയര്‍ ജയില്‍ വാര്‍ഡനായിരുന്ന ഛത്തര്‍ സിങ് ആയിരുന്നു മണിക്കൂറുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ആയുസ്സിനെക്കുറിച്ച് ഭഗത് സിങ്ങിനെയും സുഖ്‌ദേവിനെയും രാജ്ഗുരുവിനെയും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്. അങ്ങേയറ്റം ദുഃഖിതനും അസ്വസ്ഥനുമായിരുന്ന ഛത്തര്‍ ഭഗത് സിങ്ങിനോട് ഈശ്വരനെ വിളിച്ച് പ്രാര്‍ഥിക്കാനാണ് പറഞ്ഞത്. അദ്ദേഹം നാമം ചൊല്ലിക്കൊണ്ടായിരുന്നു അത് പറഞ്ഞത്. ഏറ്റുചൊല്ലാന്‍ ഭഗത് സിങ്ങിനെ നോക്കിയപ്പോള്‍ റഷ്യന്‍ വിപ്ലവനേതാവ് വ്‌ലാഡിമര്‍ ഇലിച്ച് ലെനിന്റെ ജീവിതം വായിക്കുന്ന തിരക്കിലേര്‍പ്പെട്ട ഭഗത് സിങ്ങിനെയാണ് ഛത്തര്‍ കണ്ടത്. മുന്നില്‍ മണിക്കൂറുകളേയുള്ളൂ, ഒരു യുഗം മാറ്റിയെഴുതിയ മഹാനായ ലെനിനെക്കുറിച്ച് എഴുതിയിരിക്കുന്നത് മുഴുവന്‍ വായിച്ചു തീര്‍ക്കാനുള്ള വ്യഗ്രതയായിരുന്ന ഭഗത് സിങ്ങിന്റെ മുഖത്ത്. ദൈവത്തെക്കുറിച്ച് പറയാനോ കേള്‍ക്കാനോ നേരമില്ല!

സമയം ഏതാണ്ട് അടുത്തെന്ന തോന്നലുണ്ടായപ്പോള്‍ ഭഗത് സിങ് ജയിലിലെ തൂപ്പുകാരനായിരുന്ന ബേബെ എന്നയാളെ കാണണമെന്നാണ് ആവശ്യപ്പെട്ടത്. മുമ്പ് ബേബെയുടെ വീട്ടില്‍ നിന്നുണ്ടാക്കിയ ആഹാരം കഴിച്ചിട്ടാവണം തനിക്ക് തൂക്കിലേറേണ്ടത് എന്ന ആഗ്രഹം ഭഗത് സിങ് അയാളെ അറിയിച്ചു. ബേബെ മുസല്‍മാനാണ്. അറിവിലേക്ക് ലെനിന്‍ എന്ന വിപ്ലവവീര്യത്തിന്റെ ജീവിതവും അന്നമായി ബേബെയെന്ന മുസ്ലിം സഹോദരന്റെ ഭക്ഷണവും! ഏകത്വത്തിന്റെയും സാമൂഹ്യപരിഷ്‌കരണത്തിന്റെയും ബലിഷ്ടമായ കവാടങ്ങള്‍ തന്നെ വിശ്വസിക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും പകര്‍ന്നുകൊടുക്കുകയായിരുന്നു ഭഗത് സിങ്. ബേബെ നിറകണ്ണുകളോടെ ഭഗത് സിങ്ങിനു നേരെ കൈകൂപ്പിക്കൊണ്ട് തീര്‍ച്ചയായും ഭക്ഷണം കൊണ്ടുവരുമെന്ന ഉറപ്പുനല്‍കി. ജയിലിലെ തന്റെ പ്രവൃത്തി സമയം മുഴുവനാക്കാതെ അയാള്‍ വീട്ടിലേക്കോടി. ഭഗത് സിങ്ങിനായി ഏറ്റവും സ്വാദുള്ള ഭക്ഷണവുമായി തിരികെ വന്നു. പക്ഷേ ബേബെ പോകുമ്പോള്‍ ഉണ്ടായിരുന്ന അന്തരീക്ഷമല്ലായിരുന്നു തിരികെ വരുമ്പോള്‍ കണ്ടത്. കനത്ത സുരക്ഷാസന്നാഹത്താല്‍ ജയില്‍ വലയം ചെയ്യപ്പെട്ടിരുന്നു. ബേബെയെ ജയിലിനകത്തേക്ക് കയറ്റിവിട്ടില്ല. ബേബെ പലവുരു പറഞ്ഞുനോക്കി. ഭഗത് സിങ്ങിന് അവസാനമായി കഴിക്കാനുള്ള ആഹാരമാണ് തന്റെ കയ്യിലുള്ളതെന്ന് അയാള്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും ആരുമത് ചെവിക്കൊണ്ടില്ല, കേട്ടവര്‍ വിശ്വസിച്ചതുമില്ല. അകത്തുള്ളവര്‍ അസാമാന്യരായതിനാല്‍ അധികാരികള്‍ ഭയന്നതുമുഴുവന്‍ കലുഷിതമായ അവസ്ഥ സംജാതമാകുന്ന വരും നിമിഷങ്ങളെക്കുറിച്ചായിരുന്നു. അവര്‍ വിശ്രമമില്ലാതെ ഓടി നടന്നതുമുഴുവന്‍ പഞ്ചാബ് ഇളകി മറിയുന്ന നിമിഷത്തെ എങ്ങനെ നിയന്ത്രിക്കും എന്നതിനെക്കുറിച്ചുള്ള പദ്ധതികളുമായിട്ടായിരുന്നു.

ഉച്ച കഴിഞ്ഞു. ക്ലോക്കിലെ സൂചി പതുക്കെ സായാഹ്നത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ജയിലിന് പുറത്താണ് ഡ്യൂട്ടി. അഡീഷണല്‍ ലാഹോര്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായിരുന്ന ഷേക്ക് അബ്ദുള്‍ ഹമീദ്, സിറ്റി മജിസ്‌ട്രേറ്റ് സുദര്‍ശന്‍ സിങ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ.ആര്‍. മോറിസ് തുടങ്ങിയവരായിരുന്നു നൂറോളം സായുധരായ പോലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്.

യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗവര്‍ണറെ വെടിവെക്കാന്‍ ധൈര്യം കാണിച്ച പഞ്ചാബ് യുവത്വത്തെ സായുധസംഘം അക്ഷരാര്‍ഥത്തില്‍ ഭയന്നിരുന്നു. അവര്‍ തങ്ങളുടെ സുരക്ഷയെക്കരുതിയും ആശങ്കാകുലരായി. ഭഗത് സിംഗിനെതിരെയുള്ള കേസന്വേഷിച്ച് ജയിലില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഖാന്‍ ബഹാദൂര്‍ ഷേക്ക് അബ്ദുള്‍ അസീസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഭഗത് സിങ്ങിനെ അത്രമേല്‍ നെഞ്ചേറ്റിയവര്‍ ബഹാദൂറിനെ വെടിവെച്ച് കൊല്ലാനായിരുന്ന ശ്രമിച്ചത്. സാരമായ പരിക്കുകളോടെ അയാള്‍ രക്ഷപ്പെട്ടു.

സ്റ്റെഡ്, ബാര്‍കര്‍, റോബര്‍ട്‌സ്, ഹാര്‍ഡിന്‍ജ്, ചൊപ്ര, ഡെപ്യൂട്ടി ജയില്‍ സുപ്രണ്ടായിരുന്ന ഖാന്‍ സാഹിബ് മുഹമ്മദ് അക്ബര്‍ തുടങ്ങിയവര്‍ വധശിക്ഷ നടപ്പാക്കാന്‍ സന്നിഹിതരായിട്ടുണ്ടായിരുന്നു. ലാഹോറിലെ സഹാദ്രയില്‍ നിന്നുള്ള മാസിഹ് എന്നയാളായിരുന്നു ആരാച്ചാര്‍. ഭഗത് സിങ്ങിനെയും രാജ് ഗുരുവിനെയും സുഖ്‌ദേവിനെയും അവരവരുടെ സെല്ലുകളില്‍ നിന്നും കഴുമരത്തിലേക്കെത്തിച്ചപ്പോള്‍ മൂന്നുകണ്ഠങ്ങളില്‍നിന്നും ഒരുമിച്ചൊരാരവം പോലെ ഇന്‍ക്വിലാബ് സിന്ദാബാദ് മുഴങ്ങി. ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന പിണ്ടി ദാസ് സോധി താമസിച്ചിരുന്നത് ജയിലിന് തൊട്ടടുത്തായിരുന്നു. അദ്ദേഹത്തിന്റെ ചെവിയില്‍ വ്യക്തമായി കേട്ടു ഈ മുദ്രാവാക്യങ്ങള്‍. മൂന്നു വിപ്ലവവീര്യങ്ങള്‍ കഴുവിലേറ്റപ്പെടുകയായി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ഉച്ചത്തിലുള്ള ഇന്‍കിലാബ് സിന്ദാബാദിലൂടെയാണ്. കഴുമരം സ്ഥാപിച്ചിരിക്കുന്ന മുറിയില്‍ നിന്നും ഇന്‍ക്വിലാബ് ഒരിക്കലേ മുഴങ്ങിയുള്ളൂ എങ്കിലും ലാഹോര്‍ സെന്‍ട്രല്‍ ജയിലിലെ ഓരോ സെല്ലുകളും അതേറ്റുവിളിച്ചത് അനവധി തവണയായിരുന്നു. വിവിധ കേസുകളില്‍പ്പെട്ട് തടവിലാക്കപ്പെട്ടവര്‍ മാതൃരാജ്യത്തിനായി, ആ വിപ്ലവസൂര്യന്മാരുടെ ഊര്‍ജം തങ്ങളുടെ മുഷ്ടിയിലേറ്റുവാങ്ങി മുകളിലേക്കുയര്‍ത്തി തളരും വരെ ഇന്‍ക്വിലാബ് വിളിച്ചുകൊണ്ടേയിരുന്നു.

1909 ഐ.സി.എസ്. ബാച്ചിലെ ഡെപ്യൂട്ടി കമ്മീഷണര്‍ എ.എ. ലെയ്ന്‍ റോബര്‍ട്‌സ് വാചാലനായ ഒരു ഉദ്യോഗസ്ഥനായിരുന്നു. മൂന്നുപേരെയും കഴുമരത്തിലേക്കെത്തിച്ചപ്പോള്‍ അയാള്‍ ഭഗത് സിങ്ങിനോട് സംസാരിക്കാന്‍ തുടങ്ങി. ഇനിയൊരു നിമിഷം മുന്നോട്ട് അനുവദിക്കപ്പെടാത്തവരോട് അയാള്‍ നിയമലംഘനത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ ഭഗത് സിങ്നെഞ്ചുവിരിച്ചുകൊണ്ട് പറഞ്ഞത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാക്കള്‍ എങ്ങനെയാണ് ധീരമായി മരണത്തെ ചുംബിച്ചതെന്ന് ജനങ്ങള്‍ എക്കാലവും ഓര്‍ത്തിരിക്കും എന്നായിരുന്നു.

തൂക്കിലേറ്റുന്നതിനു മുമ്പായി കഴുത്തുവരെ മറയുന്ന, കറുത്ത തുണിയിട്ടുമൂടാന്‍ ആരാച്ചാര്‍ തുനിഞ്ഞെങ്കിലും ഭഗത് സിങ് അതെല്ലാം വാങ്ങി ജില്ലാ മജിസ്‌ട്രേറ്റിന്റെ മുഖത്തേക്കെറിയുകയാണ് ചെയ്തത്. ഭഗത് സിങ് രാജ്ഗുരുവിനെയും സുഖ്‌ദേവിനെയും അവസാനമായി ആലിംഗനം ചെയ്തു. ഉടന്‍ തന്നെ മൂന്നുപേരും തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചുപറഞ്ഞു: ''ബ്രിട്ടീഷ് സാമ്രാജ്യം തുലയട്ടെ!''

മാസിഹ് കഴുമരത്തിന്റെ ലിവര്‍ വലിച്ചു. ഭഗത് സിങ്ങിന്റേതായിരുന്നു ആദ്യ ഊഴം. പിന്നീട് രാജ്ഗുരു അവസാനം സുഖ്‌ദേവ്.

ലാഹോറിലെ കിങ് എഡ്വാര്‍ഡ്‌സ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ലഫ്. കേണല്‍ ജെജെ ഹാര്‍പര്‍ നെല്‍സണ്‍, സിവില്‍ സര്‍ജനായ ലഫ്. കേണല്‍ എന്‍ എസ് സോധി എന്നിവര്‍ കൃത്യം നടപ്പാക്കുമ്പോള്‍ ജയിലിലുണ്ടായിരുന്നെങ്കിലും സാക്ഷ്യം വഹിക്കാന്‍ തയ്യാറാവാതെ മാറിനിന്നു. തൂക്കിലേറ്റപ്പെട്ട സമയം കഴിഞ്ഞപ്പോള്‍ മൂന്നുപേരുടെയും മരണം ഉറപ്പാക്കിയത് എന്‍ എസ് സോധിയായിരുന്നു.

വന്‍ജനാവലിയായിരുന്നു ജയിലിനുപുറത്തുണ്ടായിരുന്നത്. രണ്ട് പോലീസ് വാനുകളും മൂന്നു ട്രക്കുകള്‍ നിറയെ പോലീസുകാരും സായുധരായി വാഹനത്തിനു മുകളില്‍ കയറി ജനത്തിനുനേരെ തോക്കുചൂണ്ടിയാണ് നിയന്ത്രിച്ചത്. രാത്രി പത്തുമണിയോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായിരുന്നു ഔദ്യോഗികമായ തീരുമാനം. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന സുദര്‍ശന്‍ സിങ്ങിനായിരുന്നു സംസ്‌കാരച്ചടങ്ങുകളുടെ ഉത്തരവാദിത്തം. ഒരു സിഖ് മത പുരോഹിതനെയും കസൂറില്‍ നിന്നുള്ള ജഗദീഷ് അചാരാജ് എന്ന സംന്യാസിയെയും സുദര്‍ശന്‍ ഏര്‍പ്പാടാക്കിയത് ഗന്ധാ സിങ്‌ വാലാ ഗ്രാമത്തില്‍ വെച്ച് മതപരമായ ചടങ്ങുകളോടെ സംസ്‌കാരങ്ങള്‍ നടത്താനായിരുന്നു. മൃതദേഹങ്ങള്‍ എരിഞ്ഞടങ്ങുമ്പോഴേക്കും ഫിറോസ്പൂര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ചിതകള്‍ക്കരികിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്‌ദേവിന്റെയും ഭൗതികശേഷിപ്പുകള്‍ ഏറ്റുവാങ്ങാനുള്ള നിയോഗം സത്‌ലജ് നദിയ്ക്കായിരുന്നു. വായിച്ചുമുഴുമിക്കാത്ത് ലെനിന്റെ ജീവിതവും കഴിക്കാനാഗ്രഹിച്ച മുസ്‌ലിം സഹോദരന്റെ ഭക്ഷണവും എണ്‍പത് വര്‍ഷക്കാലത്തിനിപ്പുറം ഇന്ത്യയെന്ന ഏകത്വമായി നില്‍ക്കുന്നതിന്റെ പേരായിരിക്കുന്നു ഭഗത് സിങ്‌.

കടപ്പാട്: ആര്‍.കെ കൗശിക് ഐ.എ.എസ്, പഞ്ചാബ്.

Content Highlights: last day of indian revolutionist bhagat singh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented