ലളിതാംബിക അന്തർജനം
അഗ്നിസാക്ഷി എന്ന ഒറ്റ നോവല്‍കൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ ചിരസ്മരണീയയായ എഴുത്തുകാരിയാണ് ലളിതാംബിക അന്തര്‍ജനം. ജീവിതത്തിന്റെ സായാഹ്നത്തില്‍ അവര്‍ മലയാള സാഹിത്യത്തിനു സമര്‍പ്പിച്ച അനര്ഘനിധിയായിരുന്നു ഈ കൃതി. മലയാള കഥയുടെയും നോവലിന്റെയും നവോത്ഥാനത്തില്‍ മുഖ്യപങ്കുവഹിച്ച ഇവരുടെ കൃതികള്‍ സ്ത്രീപക്ഷ രചനകളുടെ കൊടിയടയാളങ്ങള്കൂടിയാണ്. നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന പല അനാചാരങ്ങളെയും ഇവര്‍ തുറന്നെതിര്‍ത്തു. മഹാത്മജി, ശ്രീനാരായണഗുരു എന്നിവരെ നേരില്‍ കാണാന്‍ ഇവര്‍ക്ക് ഭാഗ്യമുണ്ടായി.
ഒരു ജന്മത്തില് പലജീവിതം കഴിച്ചുകൂട്ടേണ്ടിവന്ന തേതിക്കുട്ടിയുടെ ദുരിതപൂര്‍ണമായ ജീവിതകഥയായിരുന്നു അഗ്നിസാക്ഷി. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ ''അഗ്നിസാക്ഷി'' എന്ന ഒറ്റ നോവല്‍ കൊണ്ട് മലയാള സാഹിത്യ മനസ്സില്‍ ചിരഃപ്രതിഷ്ഠ നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച ഈ നോവലിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ ലഭിച്ചു.
മലയാളത്തില്‍ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുത് തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തര്‍ജനം. കൊട്ടാരക്കര താലൂക്കില്‍ കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെ പുത്രിയായി 1909 മാര്‍ച്ച് 30 ജനിച്ചു. പിതാവ് പ്രജാസഭാ മെമ്പറും പണ്ഡിതനും സമുദായ പരിഷ്കര്‍ത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനം. കേരള നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരന്‍പോറ്റി ഉള്‍പ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളില്‍ ഒരാളായിരുന്ന എന്‍. മോഹനന് ഇവരുടെ രണ്ടാമത്തെ പുത്രനാണ് .
ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളില്‍ നിന്ന് നേരിട്ട് ഉയര്‍ന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകള്‍ മുഴുവനും. നാലുകെട്ടുകള്‍ക്കുള്ളില്‍ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീര്‍പ്പിട്ടു കണ്ണുനീര്‍വാര്‍ത്തു കഴിഞ്ഞ ആത്തോല് സമൂഹത്തിന്റെ ദുരന്ത കഥകള്‍ക്ക് നാവും നാമവും കൊടുക്കാന്‍ അന്തര്‍ജനത്തിന്റെ എഴുത്തിനു കഴിഞ്ഞു. കവിതയിലുള്ള അവരുടെ ജന്മസിദ്ധമായ കഴിവ് കഥകളിലും കാണാന്‍ കഴിയും.
1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് ലളിതാംബിക രംഗപ്രവേശം ചെയ്തത്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.1965ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് ഇവരാണ്.
കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാര്‍ പുരസ്കാരവും ലഭിച്ചു. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. 1987 ഫെബ്രുവരി 6 ന് അന്തരിച്ചു.
മൂടുപടത്തില്‍ (1946), കണ്ണീരിന്റെ പുഞ്ചിരി (1955), കാലത്തിന്റെ ഏടുകള്‍ (1949) തുടങ്ങിയ ചെറുകഥകളും അഗ്നിസാക്ഷി (1977), മനുഷ്യനും മനുഷ്യരും (1979) എന്നീ നോവലുകളും ആത്മകഥക്ക് ഒരാമുഖം എന്ന പേരില്‍ ആത്മകഥയും രചിച്ചു.
Content Highlights: Lalithambika Antharjanam Death Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..