-
തുള്ളല്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ കുഞ്ചന്‍ നമ്പ്യാരുടെ സ്മരണാര്‍ഥം മെയ് 5 നാം കുഞ്ചന്‍ ദിനമായി ആചരിക്കുകയാണ്. നര്‍മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ മലയാളഭാഷാ കവിയായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്കുന്ന രേഖകളൊന്നും ലഭ്യമല്ല.
നമ്പ്യാരെ കുറിച്ചുള്ള ലഭ്യമായ അറിവു വെച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. പിന്നീട് ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് ജീവിച്ചത്. ഇക്കാലത്താണ് തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു. തുള്ളല്‍ എന്ന കലാരൂപത്തിന്റെ പിറവിക്കു പിന്നിലും പ്രശസ്തമായ ഒരു കഥയുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്തിന് മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ ഒരിക്കല്‍ ഉറങ്ങിപ്പോയി. ഇതിനിടെ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ നമ്പ്യാരെ കലശലായി പരിഹസിച്ചു ശകാരിച്ചു. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളല്‍.
ഈ കഥ എത്രമാത്രം ആധികാരികമാണെന്ന് പറയാന്‍ കഴിയില്ല. തുള്ളലിനെ ഒന്നാംകിട കലാരൂപമായി വികസിപ്പിച്ചെടുക്കാനും അംഗീകാരം നേടിയെടുക്കാനും നമ്പ്യാര്‍ക്ക് കഴിഞ്ഞു. തുള്ളലുകളുടെ ഭാഷയായി നമ്പ്യാര്‍ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാര്‍. വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ നൃത്തം ചെയ്യുകയായിരുന്നെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
ഓട്ടന്‍, ശീതങ്കന്‍, പറയന് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകള്‍ നമ്പ്യാര്‍ എഴുതിയതായി പറയപ്പെടുന്നു. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികള്‍ പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റേതായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് നാല്പത് തുള്ളലുകളാണ്. കുഞ്ചന്‍ നമ്പ്യാര്‍ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയില്‍ കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നിര്‍മിച്ചിട്ടുണ്ട്.
Content Highlights: Kunjan Nambiar memorial day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..