മഹാകവി പട്ടം, ആസ്ഥാനകവി പദവി, പട്ടും വളയും; യഥാര്‍ഥത്തില്‍ ഏതാണ് കുമാരനാശാന് സമ്മാനിച്ചത്?


വി.സി ശ്രീജന്‍സ്വര്‍ണ്ണവളയിലെ മെഡലില്‍ ആശാന്റെ പേര് എഴുതിയപ്പോള്‍ 'മഹാരാജരാജശ്രീ''യ്ക്കും 'അവര്‍ഗള്‍'ക്കും ഇടയില്‍ ഒരു  'ഈഴവ' കയറിക്കൂടിയിരിക്കുന്നു.  ഇത്, അന്നത്തെ നിലയ്ക്കായാല്‍ പോലും അസാധാരണമാണ്.

കുമാരനാശാൻ

*കുമാരനാശാന് പട്ടും വളയും സമ്മാനിച്ചുവെങ്കിലും കൂടെ മഹാകവിപ്പട്ടവും ഉള്‍പ്പെട്ടിരുന്നു എന്ന് ഇംഗ്ലിഷ് പത്രറിപ്പോര്‍ട്ടുകളിലോ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് രേഖകളിലോ പറയുന്നില്ല. *വള്ളത്തോള്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ പട്ടും വളയും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. * ആശാന്‍ മഹാകവിയാണെന്നും അദ്ദേഹത്തെ ആദരിക്കേണ്ടതാണെന്നും മലയാളകവിത വായിക്കാന്‍ ഇടയില്ലാത്ത ബ്രിട്ടീഷുകാര്‍ അറിഞ്ഞതെങ്ങനെ?* മലയാളത്തിലെ സാര്‍വ്വജനിക സാഹിത്യകുശലത എന്നു പറയാതെ, വല്ല സാഹിത്യകുശലതയും ഉണ്ടെന്നാകില്‍ അതൊരു സമുദായത്തിന്റെ കുശലതാപരിധിയില്‍ ഒതുങ്ങുമെന്നു വരുത്തിയിരിക്കുന്നു- കുമാരനാശാന് വെയ്ല്‍സ് രാജകുമാരന്‍ സമ്മാനിച്ചു എന്നു പറയപ്പെടുന്ന പദവികളെക്കുറിച്ചും പട്ടും വളയെക്കുറിച്ചും മുതിര്‍ന്ന നിരൂപകന്‍ വി.സി. ശ്രീജന്‍ എഴുതുന്നു.

കുമാരനാശാന് കേരളത്തിലെ മഹാകവി എന്ന സ്ഥാനം നല്കിയത് തന്റെ വായനക്കാരായിരുന്നു, അതില്‍ സംശയമില്ല. വായനക്കാരുടെ അംഗീകാരത്തോടൊപ്പം, അല്ലെങ്കില്‍ അതിനും അല്പം മുമ്പെ, മറ്റൊരു അധികാരിയില്‍നിന്ന് കേരളത്തിലെ മഹാകവി എന്ന അതേ പദവി ആശാനു കിട്ടിയതായി അറിയുന്നു. എന്നാല്‍ ഇതു തെളിയിക്കുന്ന രേഖകള്‍ എവിടെയെന്ന് അറിയില്ല. കൊല്ലവര്‍ഷം 1097-ല്‍ വെയില്‍സിലെ രാജകുമാരന്‍ അദ്ദേഹത്തിനു മദിരാശിയില്‍വെച്ച് ഒരു കേരളീയ മഹാകവി എന്ന നിലയില്‍ പട്ടും വളയും സമ്മാനിച്ചു എന്ന് ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ 1957-ല്‍ തന്റെ കേരള സാഹിത്യചരിത്രത്തില്‍ എഴുതിയിട്ടുണ്ട്. ആശാന്റെ സമ്പൂര്‍ണ്ണകൃതികള്‍ ഭാഗം ഒന്നില്‍ ചേര്‍ത്ത ലഘുജീവചരിത്രക്കുറിപ്പിലും ഇക്കാര്യം പറയുന്നു. ആശാന്‍ സ്മാരകത്തിന്റെ വെബ്‌സൈറ്റിലെ കാലാനുക്രമണിയില്‍ 1922 Received from the Prince of Wales the title of Mahakavi എന്നു കാണാം. കായിക്കര ആശാന്‍ സ്മാരകത്തിലെ കല്പലകയില്‍ 'മഹാകവി പദവി 1922/മദിരാശി സര്‍വ്വകലാശാല/Poet Laureate 1922/University of Madras/പട്ടും വളയും 1922/വെയില്‍സ് രാജകുമാരനില്‍നിന്ന്/Bangle and Shawl/from the Prince of Wales' എന്ന് എഴുതിയിരിക്കുന്നു.

Poet Laureate-ന്റെ മലയാളമാണ് 'മഹാകവി' എന്ന വിധത്തിലാണ് എഴുതിയതെങ്കിലും അതു ശരിയല്ല. Poet Laureate 'ആസ്ഥാനകവി'യാണ്, 'മഹാകവിയല്ല.' 1922 ജനുവരി 13-ന് മദ്രാസ് സര്‍വ്വകലാശാലയുടെ സെനറ്റ് ഹാളില്‍വെച്ച് വെയില്‍സ് രാജകുമാരന് നല്കിയ സ്വീകരണച്ചടങ്ങില്‍ കുമാരനാശാന് പട്ടും വളയും സമ്മാനിച്ചുവെങ്കിലും കൂടെ മഹാകവിപ്പട്ടവും ഉള്‍പ്പെട്ടിരുന്നു എന്ന് ഇംഗ്ലിഷ് പത്രറിപ്പോര്‍ട്ടുകളിലോ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് രേഖകളിലോ പറയുന്നില്ല. ഒരിക്കല്‍ കളവുപോയ വളയുടെ തിരിച്ചുകിട്ടിയ സ്വര്‍ണ്ണം കൊണ്ട് പുതുക്കിപ്പണിഞ്ഞ മാതൃക ബാങ്ക് ലോക്കറിലും മുക്കില്‍ ഉണ്ടാക്കിയ അതിന്റെ മറ്റൊരു മാതൃകയും പട്ടും മ്യൂസിയത്തിലും സൂക്ഷിച്ചിരിക്കുന്നു.

ഈ മോഷണത്തിന്റെയും സ്വര്‍ണ്ണം തിരിച്ചുകിട്ടിയതിന്റെയും വിശദവിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീ ജോര്‍ജ്ജ് ജോസഫ് തന്റെ ചാനലില്‍ കൊടുത്തിരുന്നു. അതിന്റെ എപ്പിസോഡ് നമ്പര്‍ ഞാന്‍ മറന്നു. പട്ടു പുതച്ച് വളയും അണിഞ്ഞ് കസേലയില്‍ ഇരിക്കുന്ന ആശാന്റെ ഫോട്ടോ വായനക്കാര്‍ കണ്ടിരിക്കും. ഇതേ പട്ടു പുതച്ച് ചമ്രം പടിഞ്ഞിരിക്കുന്ന ആശാന്റെ മറ്റൊരു ഫോട്ടോ വിശാലകേരളം 1930 വാര്‍ഷികപ്പതിപ്പില്‍ കാണാം (ഷിജു അലക്‌സ് ഗ്രന്ഥപ്പുര). പട്ടിന്റെയും വളയുടെയും കൂടെ കേരളീയമഹാകവി എന്നോ കേരളത്തിലെ ആസ്ഥാന കവി (Poet Laureate) എന്നോ രേഖപ്പെടുത്തിയ സാക്ഷ്യപത്രംകൂടി ആശാന് കിട്ടുകയുണ്ടായോ എന്ന് അറിയില്ല.

മദ്രാസ് സര്‍വ്വകലാശാല ഒരു മെറിറ്റ് സര്‍ടിഫിക്കറ്റിനായി ആശാന്റെ പേര് ശുപാര്‍ശ ചെയ്യുകയും വെയില്‍സ് രാജകുമാരന്‍ അത് ആശാനു സമ്മാനിക്കുകയും ചെയ്തപ്പോള്‍ അവസാനം താന്‍ അര്‍ഹിക്കുന്ന അംഗീകാരം തനിക്കു കിട്ടിയതായി ആശാനു തോന്നിയെന്ന് ആശാന്റെ മകന്‍ കെ. പ്രഭാകരന്‍ എഴുതുന്നു (243). പട്ടും വളയും കിട്ടിയ കാര്യം പ്രഭാകരന്‍ ഈ ലേഖനത്തില്‍ പറഞ്ഞിട്ടില്ല. ആസ്ഥാനകവിപ്പട്ടത്തെപ്പറ്റിയും പറയുന്നില്ല. പകരം മദ്രാസ് സര്‍വ്വകലാശാലയുടെ സര്‍ടിഫിക്കറ്റ് ഓഫ് മെറിറ്റിനെപ്പറ്റി പറയുന്നു. ഇനി പട്ടിന്റെയും വളയുടെയും കൂടെ സര്‍ടിഫിക്കറ്റും ആശാന്‍ സ്വീകരിച്ചുവോ എന്നു നിശ്ചയമില്ല.

വെയില്‍സ് രാജകുമാരന്‍ ആശാനു സമ്മാനിച്ച സ്വര്‍ണ്ണവളയുടെ ചരിത്രം കേട്ടപ്പോള്‍ കുമാരനാശാന്റെ മഹത്വം ബ്രിട്ടീഷുകാര്‍ എങ്ങനെ മനസ്സിലാക്കി എന്ന ചോദ്യമാണ് എന്റെ മനസ്സില്‍ ഉയര്‍ന്നത്. ആശാന്‍ മഹാകവിയാണെന്നും അദ്ദേഹത്തെ ആദരിക്കേണ്ടതാണെന്നും മലയാളകവിത വായിക്കാന്‍ ഇടയില്ലാത്ത ബ്രിട്ടീഷുകാര്‍ അറിഞ്ഞതെങ്ങനെ? മലയാളകവികളുടെ താരതമ്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് എന്തു കാര്യം? അങ്ങനെ പോയി എന്റെ സംശയങ്ങള്‍. ആശാന്റെ മഹത്വം എങ്ങനെയോ മനസ്സിലാക്കിയ ബ്രിട്ടീഷ് അധികാരികള്‍ സെനറ്റ് ഹാളിലെ യോഗത്തിലേക്ക് ആശാനെ മാത്രം ക്ഷണിച്ചുവരുത്തി 'കേരളത്തിലെ മഹാകവി' എന്ന നിലയില്‍ പട്ടും വളയും സമ്മാനിച്ചതാകാം എന്നു ഞാന്‍ വിചാരിച്ചു. ബ്രിട്ടീഷുകാര്‍ കല്പിച്ചതനുസരിച്ച് നാട്ടുകാരായ ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ച് നാമനിര്‍ദ്ദേശം ചെയ്തതാകാം.

എന്നാല്‍, ആശാനു മാത്രമല്ല, മലബാറിലെ വള്ളത്തോള്‍ നാരായണമേനോനും ഇതേ ബഹുമതി കൊടുക്കാന്‍ അധികാരികള്‍ തീരുമാനിച്ചിരുന്നു. ടി.കെ. മാധവന്റെ ദേശാഭിമാനി പത്രം (കൊ. വ. 1097 ധനു 10, പൊ. വ 1921 ഡിസം 24) ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്തതായി സി. ഒ. കേശവന്റെ ആശാന്‍ ജീവചരിത്രത്തില്‍ കാണുന്നു: ''വെയില്‍സ് രാജകുമാരന്‍ തിരുമനസ്സുകൊണ്ട് മദ്രാസ് സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ സര്‍വകലാശാലയില്‍വെച്ച് മലയാളഭാഷാപണ്ഡിതന്മാരില്‍ രണ്ടു പേരെ അവരുടെ സാഹിത്യവിദഗ്ദ്ധതയ്ക്കു വേണ്ടി ബഹുമതിചിഹ്നം കൊടുത്തു ബഹുമാനിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. ഒരു കാശ്മീര്‍ സാല്‍വയും ഒരു സ്വര്‍ണത്തിലുള്ള കീര്‍ത്തിമുദ്രയും തിരുമേനി ഈ രണ്ടു പേര്‍ക്കും തൃക്കൈകൊണ്ടു സമ്മാനിക്കും. മുദ്രയ്ക്കും സാല്‍വയ്ക്കും കൂടി 400ക വിലയുണ്ടായിരിക്കും (സ്വര്‍ണം 8 ഗ്രാമിന് അന്ന് ഏകദേശം 19 രൂപയായിരുന്നു വില). തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന രണ്ടു ഭാഷാപണ്ഡിതന്മാരില്‍ ഒന്നാമന്‍ ശ്രീമാന്‍ കുമാരനാശാന്‍ അവര്‍കളും രണ്ടാമന്‍ ശ്രീമാന്‍ വള്ളത്തോള്‍ നാരായണ മേനോന്‍ അവര്‍കളുമാണ്. ഷഷ്ടിപൂര്‍ത്തി സംബന്ധിച്ച് കവിതിലകന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ആശാന്‍ അവര്‍കളെ വിസ്മരിച്ച കൊച്ചി വലിയ തമ്പുരാന്‍ തിരുമേനിക്ക്, വെയില്‍സ് രാജകുമാരന്‍ തിരുമേനിയുടെ ഈ അഭിനന്ദനം അത്ഭുതജനകമായി തോന്നും. ഗുണത്തെ അഭിനന്ദിക്കുന്നതില്‍ വെള്ളക്കാരും നാട്ടുകാരും തമ്മിലുള്ള വ്യത്യാസം ഇങ്ങനെയാണ്. ''പൂവേ, സൗരഭമുള്ളനാള്‍ ഭുവന മാന്യം നീ''(വനമാല) എന്നു പാടിയ ശ്രീമാന്‍ കുമാരനാശാന്‍ അവര്‍കളും വള്ളത്തോള്‍ അവര്‍കളും സര്‍വോല്‍ക്കര്‍ഷേണ വര്‍ത്തിക്കട്ടെ (4378).''

ഇവിടെ, 'കവിതിലകന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ആശാന്‍ അവര്‍കളെ വിസ്മരിച്ച' എന്ന് എഴുതിയത്, ആ സമയത്ത് കൊച്ചി രാജാവ് വള്ളത്തോളിന്നു കവിതിലകപ്പട്ടം കൊടുത്തു, ആശാനു കൊടുത്തില്ല എന്നതിനാലാണ്. കൊച്ചി രാജാവില്‍നിന്ന് കവിതിലകപ്പട്ടവും പിന്നീട് തൃശ്ശൂര്‍ സന്ദര്‍ശിക്കാനെത്തിയ തിരുവിതാംകൂര്‍ രാജാവില്‍നിന്ന് വീരശൃംഖലയും ഏറ്റുവാങ്ങിയ വള്ളത്തോള്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ പട്ടും വളയും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. വള്ളത്തോളിന്റെ ജീവചരിത്രത്തില്‍ വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ എഴുതുന്നു: ''1922 ജനവരിയില്‍ വെയില്‍സ് രാജകുമാരന്റെ ഭാരതസന്ദര്‍ശനം പ്രമാണിച്ച് പ്രമുഖ ഭാഷാപണ്ഡിതന്മാര്‍ക്കു ബഹുമതിമുദ്രകള്‍ സമ്മാനിക്കുവാന്‍ അന്നത്തെ ഭരണാധികാരികള്‍ തീരുമാനിച്ചിരുന്നു. കേരളത്തില്‍നിന്നു ആ ബഹുമതിക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ കുമാരനാശാനും വള്ളത്തോളുമായിരുന്നു. അന്നത്തെ പരിതഃസ്ഥിതിയില്‍, ഗവണ്മെന്റില്‍നിന്നു അങ്ങിനെയുള്ള സംഭാവനകള്‍ സ്വീകരിക്കുന്നത് അഭിമാനഭംഗമായിട്ടാണ് വള്ളത്തോളിന്നു തോന്നിയത്. അതുകൊണ്ടദ്ദേഹം അതു സ്വീകരിച്ചതുമില്ല (2712).' തന്റെ കവിതകള്‍ വായിച്ചറിയാന്‍ കഴിയാത്ത ആളുകളുടെ ആദരം സ്വീകരിക്കുന്നതിലും താന്‍ വിമുഖനായിരുന്നു (272). താന്‍ പട്ടും വളയും വാങ്ങി എന്നു പറഞ്ഞ് പുച്ഛിക്കാറുള്ള ഒരു നിരൂപകനെപ്പറ്റി വള്ളത്തോള്‍ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു: ''ഞാന്‍ സാഹിത്യസാമ്രാജ്യത്തിന്റെ പട്ടും വളയും വാങ്ങി എന്നു പറഞ്ഞ് പുച്ഛിക്കാറുണ്ട്. ആ നിരൂപകമാന്യന്‍ ആശാനെ സ്തുതിക്കാറുണ്ട്. പട്ടും വളയും വാങ്ങിയത് മഹാകവി ആശാനാണ്. ആ സ്തുതിയിലുള്ള ആത്മാര്‍ത്ഥത പ്രകടമാക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല''(223). എന്നാല്‍ സ്വാതന്ത്ര്യാനന്തരം മദ്രാസ് സര്‍ക്കാര്‍ മലയാളത്തിലെ ആസ്ഥാനകവിയായി വള്ളത്തോളിനെ നിയമിക്കുകയും 1953-വരെ അദ്ദേഹം ആ പദവിയില്‍ തുടരുകയും ചെയ്തു.

വള്ളത്തോളിന്റെ കവിതകള്‍ ഇംഗ്ലീഷിലേക്കു തര്‍ജമ ചെയ്തിരുന്നില്ലെങ്കിലും ഇങ്ങനെ ഒരു കവി ദൂരെ മലബാറില്‍ ജീവിച്ചിരിക്കുന്നു എന്ന് ഐറിഷ് വിമോചനസമരത്തിന്റെ പക്ഷത്തായിരുന്ന പ്രശസ്തകവി വില്യം ബട്ലര്‍ യേറ്റ്‌സ് മനസ്സിലാക്കിയിരുന്നു. ഇംഗ്ലണ്ടില്‍ യേറ്റ്‌സിനെപ്പറ്റി എച്ച്. ജെ. സി. ഗ്രിയേര്‍സന്റെ കീഴില്‍ ഗവേഷണം ചെയ്യുകയായിരുന്ന വി. കെ. നാരായണ മേനോന് യേറ്റ്‌സുമായി നല്ല ബന്ധമായിരുന്നു. യേറ്റ്‌സിനെപ്പറ്റി ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. യേറ്റ്‌സിനോട് വള്ളത്തോളിനെപ്പറ്റി പറഞ്ഞത് നാരായണമേനോന്‍ ആകാം. സ്വന്തം നാട്ടിലെ ദേശീയസമരങ്ങളെ പിന്തുണയ്ക്കുന്നതിനാല്‍ യേറ്റ്‌സിന് വള്ളത്തോളിനോട് അനുഭാവം തോന്നിയിരിക്കാം. നാരായണമേനോന് ഇംഗ്ലിഷ് കവിതയില്‍ മാത്രമല്ല, തദ്ദേശകവിതയിലും നല്ല അറിവുണ്ടായിരുന്നു എന്ന് യേറ്റ്‌സ് പറഞ്ഞിട്ടുണ്ട്. ബ്രോഡ്‌സൈഡ്‌സ് (1937) എന്നു പേരായ ഒരു ഗാനസമാഹാരത്തിന് യേറ്റ്‌സും ഡോറഥി വെലസ്ലിയും ചെര്‍ന്ന് എഴുതിയ മുഖവുരയില്‍ ഇങ്ങനെ പറയുന്നു:
The art of the concert platform is a parvenu, it is upon trial, it should be convicted, and the majority of men are upon our side. There is an old poet in Malabar whose most famous poem laments his deafness; he sings, as we understand singing, to a whole people. Tagore sings to men he keeps near him for the purpose'; then come the minstrels, and then to these other minstrels. The broadcasts sent out from Delhi, in the vernacular tongues of India, are almost altogether sung or spoken poetry, and everywhere throughout the East, competent authority assures us, the harlots sing as we would have them sing (പേജ് നമ്പര്‍ ഇല്ല).
ഇവിടെ,'മലബാറില്‍ വൃദ്ധനായ ഒരു കവിയുണ്ട്' എന്നു യേറ്റ്‌സും ഡോറഥി വെലസ്ലിയും എഴുതുന്നത് വള്ളത്തോളിനെപ്പറ്റിയാണ്. ലോകത്തിലെ ഭൂരിപക്ഷം ഗായകരും തങ്ങളുടെ കൂടെയാണ് എന്നു പ്രഖ്യാപിക്കുകയാണ് യേറ്റ്‌സ്.

രാജകുമാരന്റെ മദ്രാസിലെ പരിപാടികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 20 പേരടങ്ങുന്ന ഒരു സംഘത്തെയാണ് പട്ടും വളയും വാങ്ങാനായി യോഗത്തിലേക്കു ക്ഷണിച്ചിരുന്നത്. ഈ വിശിഷ്ടവ്യക്തികളെ അംഗീകരിക്കാന്‍ കാരണം അവര്‍ ഹിന്ദു വിജ്ഞാനത്തിന്റെയും ഇസ്ലാം വിജ്ഞാനത്തിന്റെയും വന്ദ്യവയോധികരായ പ്രതിനിധികള്‍ ആയിരുന്നതാണ്. ആശാന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ സാഹിത്യനൈപുണ്യത്തിന്റെ പേരിലാണ് സമ്മാനം കൊടുക്കുന്നത് എന്ന് മെഡലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അത് മഹാകവിപ്പട്ടമോ ആസ്ഥാനകവിപ്പട്ടമോ ആയിരുന്നില്ല.

അതിനടുത്ത ദിനങ്ങളിലെ പത്രവാര്‍ത്തകളിലും സര്‍ക്കാര്‍ രേഖകളിലും പുസ്തകങ്ങളിലും രാജകുമാരന്റെ സന്ദര്‍ശനത്തിന്റെ കുറേ വിവരങ്ങളും ഫോട്ടോകളും കൊടുത്തിട്ടുണ്ട്. ആസ്സാമില്‍ നായാട്ടിനു പോയ രാജകുമാരന്‍ താന്‍ വെടിവെച്ചിട്ട കാണ്ടാമൃഗത്തിന്റെ അടുത്ത് തോക്കുമായി നില്ക്കുന്ന ഫോട്ടോയും കൂട്ടത്തില്‍ കാണാം. ഇന്ത്യയിലെ അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കു രാജകുമാരന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല. പ്രോവിന്‍ഷല്‍ ഗവര്‍ണര്‍മാരുടെ ഉപദേശം സ്വീകരിക്കാതെ സ്വന്തം ഇഷ്ടത്തിന് വൈസ്രോയി റെഡിങ് പ്രഭു (Lord Reading - Reading സ്ഥലപ്പേരാണ്, ഉച്ചാരണം 'റെഡിങ്') ഏര്‍പ്പാടാക്കിയതായിരുന്നു രാജകുമാരന്റെ സന്ദര്‍ശനം.

ആളുകളെ നോക്കി ചിരിച്ചും കൈകൊടുത്തും ഉല്ലാസമായി വരുന്ന പയ്യന്‍ രാജകുമാരനെ ട്രെയിനില്‍ കയറ്റി ഇന്ത്യ മുഴുവന്‍ ചുറ്റിയടിപ്പിക്കുന്നത് പാഴ്‌ചെലവാണെന്ന് യൂറോപ്യന്‍ പത്രലേഖകര്‍ വിമര്‍ശിച്ചു. 'ഡഫറിന്‍' എന്ന കപ്പലില്‍ റങ്കൂണില്‍നിന്നു പുറപ്പെട്ട വെയില്‍സ് രാജകുമാരന്‍ ജനുവരി 13-നു രാവിലെ 8.30-നു മദ്രാസില്‍ എത്തി. മദ്രാസ് തുറമുഖത്തില്‍ രാജകുമാരനെ സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ രാജാവായ ''ഹിസ് ഹൈനസ് ശ്രീ പത്മനാഭദാസ വഞ്ചിപാല സര്‍ രാമവര്‍മ്മ കുലശേഖര കിരീടപതി മന്നേ സുല്‍ത്താന്‍ മഹാരാജരാജ രാമരാജാബഹദൂര്‍ ഷംഷേര്‍ ജങ്, ജി. സി. എസ്. ഐ, ജി. സി. ഐ. ഇ''(ഉത്രം തിരുനാള്‍)യും കൊച്ചി രാജാവ് ''ഹിസ് ഹൈനസ് ദ മഹാരാജ സര്‍ രാമവര്‍മ്മ ജി. സി. ഐ. ഇ''യും മറ്റു വിദേശിസ്വദേശിപ്രമുഖരോടൊപ്പം ഹാജരായിരുന്നു. സര്‍, മന്നേ സുല്‍ത്താന്‍, രാജാ ബഹദൂര്‍, ഷംഷേര്‍ ജങ്, ശംസ്-ഉല്‍-ഉലമ, ഖാന്‍ ബഹദൂര്‍, ജി. സി. എസ്. ഐ, ജി. സി. ഐ. ഇ എന്നിവ ബഹുമതികളാണ്. ബഹുമതികളില്‍ മിക്കവയും ബ്രിട്ടീഷുകാര്‍ കൊടുത്തവയാണ്. 'കിരീടപതി മന്നേ സുല്‍ത്താന്‍ മഹാരാജരാജ രാമരാജാബഹദൂര്‍ ഷംഷേര്‍ ജങ്'' എന്ന ബിരുദം 1790 ഒക്ടോബര്‍ 10-ന് ദില്ലി സമ്രാട്ടിന്റെ പ്രതിനിധിയെന്ന നിലയില്‍ നൈസാം തിരുവിതാംകൂര്‍ രാജാവിനു നല്കിയതാണ് (പരമേശ്വരന്‍ പിള്ള 17)..

സാമൂതിരി ആതിഥേയസംഘത്തില്‍ ഇല്ലായിരുന്നു. ടിപ്പുവിന്റെ വിജയത്തോടെ രാജ്യാധികാരം നഷ്ടപ്പെട്ട സാമൂതിരിക്ക് കൊച്ചിക്കും തിരുവിതാംകൂറിനുമുള്ള രാജപദവി ഉണ്ടായിരുന്നില്ല. കോഴിക്കോട്ടെ സാമൂതിരി കോളേജിനെ 'സാമൂതിരിയുടെ എസ്റ്റേറ്റ് നടത്തിവരുന്ന രണ്ടാം ഗ്രേഡ് കോളേജ്' എന്നേ ബ്രിട്ടീഷ് പുസ്തകങ്ങളില്‍ വിശേഷിപ്പിക്കുന്നുള്ളൂ. 1921-ലെ മലബാര്‍ കലാപത്തിനു ശേഷം കഷ്ടത്തിലായവരെ സഹായിച്ചതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ സാമൂതിരിക്ക് 'മഹാരാജാ' എന്ന നാമമാത്ര ബിരുദം നല്കി. രാജാവില്ലെങ്കിലും കോഴിക്കോട് സാമൂതിരി കോളേജിലെ വിദ്യാര്‍ത്ഥികള്‍ സ്വീകരണത്തിനായി മദ്രാസില്‍ ചെന്നു. വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്ത ഒരു ആള്‍ക്കൂട്ടത്തെയാണ് രാജകുമാരനെ സ്വീകരിക്കാന്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പാടാക്കിയത് എന്നും മദ്രാസിലെയും പരിസരത്തെയും കോളേജുകളില്‍നിന്ന് സ്വീകരണത്തില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത് അതാതു കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരായിരുന്നു എന്നും ഹിന്ദു പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

വെയില്‍സ് രാജകുമാരന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ആ ദിവസം മദ്രാസില്‍ ജനങ്ങള്‍ പൂര്‍ണഹര്‍ത്താല്‍ ആചരിക്കുകയായിരുന്നു. പലേടത്തും ലഹളയും അക്രമവും പൊട്ടിപ്പുറപ്പെട്ടു. എല്‍ഫിന്‍സ്റ്റന്‍ സിനിമ ആള്‍ക്കൂട്ടം അടിച്ചുപൊളിച്ചു. കെട്ടിടത്തിന്റെ തേക്കുകൊണ്ട് ഉണ്ടാക്കിയ വലിയ വാതില്‍ ഒഴികെ മറ്റെല്ലാം തകര്‍ത്തു. ട്രിപ്ലിക്കേനില്‍ ലിക്കര്‍ കടകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. എസ്പ്ലനേഡില്‍ സ്വീകരണത്തിന്റെ ഭാഗമായി കെട്ടിയ കമാനങ്ങളും കൊടിതോരണങ്ങളും വലിച്ചു താഴെയിട്ട് കത്തിച്ചു. ബ്രാഹ്‌മണഹിന്ദുക്കളും മുസ്ലിംകളും രാജകുമാരന്റെ സന്ദര്‍ശനത്തിന് എതിരായിരുന്നു എന്നാല്‍ ആദിദ്രാവിഡര്‍ അടക്കമുള്ള അവര്‍ണജാതിക്കാര്‍ സന്ദര്‍ശനത്തെ അനുകൂലിച്ചു. തെരുവുപയ്യന്മാര്‍ രാജാവിന്റെ കക്ഷിയെ കല്ലെറിയുകയും കൂവുകയും ചെയ്തു. പച്ചയ്യപ്പാസ് കോളേജില്‍ രാജകുമാരനെ സ്വീകരിക്കാന്‍ ഒരുക്കി നിര്‍ത്തിയിരുന്ന ആദി-ദ്രാവിഡസ്‌കൌട്ടുകളും വളണ്ടിയര്‍മാരും എതിരാളികളും തമ്മില്‍ ഏറ്റുമുട്ടി, അടിപിടിയും കല്ലേറും ഉണ്ടായി. പ്രസിദ്ധനായ അബ്രാഹ്‌മണ നേതാവും മദ്രാസ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സര്‍ പി. ത്യാഗരായ ചെട്ടിയെ ആളുകള്‍ ആക്രമിച്ചതിനാല്‍ അദ്ദേഹത്തിന് ഗവണ്മെന്റ് ഹൗസില്‍ എത്താനായില്ല. രാജകുമാരന്റെ പള്ളിവാഹനം മൗണ്ട് റോഡിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ബ്രിട്ടീഷ് അനുകൂലികള്‍ രാജകുമാരന് ചിയേഴ്‌സ് കൊടുക്കുകയും മറുവശത്ത് പൊതുജനങ്ങള്‍ കൂടി നിന്ന് 'മഹാത്മാഗാന്ധി കീ ജയ്' എന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്തു. മൗണ്ട് റോഡിലെ വെലിങ്ടന്‍ ടാക്കീസിലേക്കു ജനക്കൂട്ടം തള്ളിക്കയറി അക്രമം അഴിച്ചു വിട്ടു. ആ ബഹളത്തില്‍ ആരോ ഒരാള്‍ റിവോള്‍വര്‍ കൊണ്ട് വെടിവെക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ആരാണ് മരിച്ചത്, ആരാണ് വെടിവെച്ചത് എന്നു വ്യക്തമല്ല.

11.30-ന് സെനറ്റ് ഹാളിലായിരുന്നു സ്വീകരണം. ഹാളില്‍ അഫിലിയേറ്റഡ് കോളേജുകളില്‍നിന്നുള്ള 400-ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഫെലോകള്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ചാന്‍സലര്‍, വൈസ്-ചാന്‍സലര്‍ വേറെ കുറച്ചു പേര്‍ എന്നിവര്‍ വേദിയില്‍ ഇരുന്നു. രാജകുമാരന്‍ എത്തിയപ്പോള്‍ ചാന്‍സലറും വൈസ്-ചാന്‍സലറും രാജകുമാരനെ സ്വാഗതം ചെയ്ത് ആനയിച്ച് വേദിക്കു നടുവിലെ സ്വര്‍ണ്ണനിറമുള്ള കസേലയില്‍ ഇരുത്തി. പട്ടും വളയും സ്വീകരിക്കാന്‍ പോകുന്ന മൗലവിമാരും പണ്ഡിറ്റുകളും എത്തി. മദ്രാസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. ശ്രീനിവാസ അയ്യങ്കാര്‍ രാജകുമാരനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. അതു കഴിഞ്ഞ് രാജകുമാരന്റെ മറുപടിയായി. പ്രസംഗത്തിന്റെ അവസാനം, തനിക്ക് ഇനി അതിപ്രധാനമായ ഒരു കാര്യം ചെയ്യാനുണ്ട് എന്നും പറഞ്ഞ് വേദിക്ക് അരികെ ഒരു കൂട്ടമായി നിര്‍ത്തിയിരുന്ന ഹിന്ദുക്കളും മുസ്ലിംകളുമായ 20 പണ്ഡിതര്‍ക്ക് പട്ടും വളയും വിതരണം ചെയ്തു. ഇംഗ്ലീഷ് റിപ്പോര്‍ട്ടുകളിലും പുസ്തകങ്ങളിലും ഇവയ്ക്കു Khillet ('ഗില്‍റ്റ്'' തന്നെ khillet) and bangle എന്നും shawl and medal എന്നും പറയുന്നു. എടുത്തു പറഞ്ഞിട്ടില്ലെങ്കിലും വള സ്വര്‍ണവളയാണെന്ന് അന്നത്തെ വായനക്കാര്‍ക്ക് മനസ്സിലാകുമായിരുന്നു. ഓരോരുത്തരുടെയും കൈ പിടിച്ചുകുലുക്കിയും അഭിനന്ദനസൂചകമായ ഒന്നു രണ്ടു വാക്കുകള്‍ പറഞ്ഞും രാജകുമാരന്‍ ആ വന്ദ്യവയോധികരെ സന്തോഷിപ്പിച്ചു. പണ്ഡിതരെ വേദിയിലേക്ക് കയറ്റിയില്ല എന്നു തോന്നുന്നു. കൂട്ടമായി അവരെ വേദിക്ക് അരികില്‍ എത്തിച്ചു എന്നാണ് റിപ്പോര്‍ട്ടുകളില്‍.

ഇന്ത്യയിലെ മുഗള്‍ ചക്രവര്‍ത്തിമാര്‍ പ്രമുഖ പണ്ഡിതര്‍ക്ക് മതം നോക്കാതെ പട്ടും വളയും സമ്മാനിക്കുമായിരുന്നു. ആ പഴയ പാരമ്പര്യം അനുസരിച്ചാണ് 20 പണ്ഡിതരെ സെനറ്റ് ഹാളില്‍ ആദരിച്ചത് എന്നു ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. മുഗള്‍ ചക്രവര്‍ത്തിമാര്‍ മാത്രമല്ല, അവര്‍ക്കു മുമ്പെ ഹിന്ദുരാജാക്കന്മാരും വിശിഷ്ടവ്യക്തികള്‍ക്ക് പട്ടും വളയും സമ്മാനിക്കുമായിരുന്നു. മദ്രാസ് സെനറ്റ് ഹാളില്‍ ആദരിക്കപ്പെട്ടവരില്‍ ഹിന്ദുക്കളും മുസ്ലിംകളും ഉണ്ടായിരുന്നു. ഈ ഇരുപതു പരമ്പരാഗത പണ്ഡിതരില്‍ ഒരാള്‍ കുമാരനാശാന്‍ ആയിരുന്നു. ഇംഗ്ലീഷ് പത്രറിപ്പോര്‍ട്ടുകളില്‍ കുമാരനാശാന്റെ പേര് കാണുന്നില്ല. ആശാന് മഹാകവി അല്ലെങ്കില്‍ ആസ്ഥാനകവി എന്ന സ്ഥാനം കൊടുത്തതായും പറയുന്നില്ല. പക്ഷെ, മൂന്നു മുസ്ലിം പണ്ഡിതരുടെയും ഒരു സംസ്‌കൃതപണ്ഡിതന്റെയും പേരുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1922 ജനുവരി 17-ന്റെ ഹിന്ദു പത്രത്തില്‍ ഇങ്ങനെ വായിക്കാം:

രാജകുമാരനും പണ്ഡിതരും: ഒരു ലേഖകന്‍ എഴുതുന്നു: വെയില്‍സ് രാജകുമാരനില്‍നിന്ന് പൊന്നാടകളും മെഡലുകളും സ്വീകരിച്ചവരുടെ കൂട്ടത്തില്‍ മൂന്നു മുസ്ലിം മാന്യന്മാര്‍ ഉണ്ടായിരുന്നു, ഷംസുൽ ഉലമ മൗലാന ഷാത്തിര്‍, മൗലവി താജമുല്‍ ഹുസൈന്‍ ഖാന്‍ ബഹദൂര്‍, പിന്നെ മൗലവി ഗനി ഉബൈദുള്ള സാഹിബ്. മെഡല്‍ സ്വീകരിച്ചവരില്‍ രണ്ടു പേര്‍ക്ക്, മൗലാന ഷാത്തിറിനും എസ്. കുപ്പുസ്വാമി ശാസ്ത്രിക്കും രാജകുമാരനെ ആദരിച്ചുകൊണ്ട് യഥാക്രമം പേര്‍ഷ്യനിലും സംസ്‌കൃതത്തിലും അവര്‍ എഴുതിയ കവിതകള്‍ അവിടെവെച്ചു ചൊല്ലാന്‍ അനുവാദം ലഭിച്ചു.
കവി ആയിരുന്നിട്ടും രാജകുമാരനെ ആദരിച്ചുകൊണ്ട് കവിത ചൊല്ലാന്‍ ആശാനു അനുവാദം കിട്ടിയില്ലെന്നോ ആശാന്‍ അതിനു തുനിഞ്ഞില്ലെന്നോ മനസ്സിലാക്കാം. പ്രസിദ്ധ സംസ്‌കൃത പണ്ഡിതനായിരുന്നു പ്രൊഫ. എസ്. കുപ്പുസ്വാമി ശാസ്ത്രി, പിന്നീട് അന്നംഭട്ടന്റെ തര്‍ക്കസംഗ്രഹം, എ പ്രൈമര്‍ ഓഫ് ഇന്‍ഡ്യന്‍ ലോജിക് എന്ന പേരില്‍ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്ത പണ്ഡിതന്‍.

അന്നത്തെ ചടങ്ങിനെപ്പറ്റി ആശാന്‍ സ്വന്തം ഡയറിയില്‍ എഴുതിയതിന്റെ ഒരു ഭാഗം കേശവന്റെ പുസ്തകത്തില്‍ ഇങ്ങനെ കാണുന്നു:
''സെനറ്റു ഹൗസില്‍ കൃത്യം 12 മണിക്കു ഞാന്‍ ഹാജരായി. 12.30-നു രാജകുമാരന്റെ ആഗമനത്തോടുകൂടി കാര്യപരിപാടികള്‍ ആരംഭിച്ചു. ആദ്യമായി വൈസ് ചാന്‍സലര്‍ അവര്‍കള്‍ തിരുമനസ്സിലേക്കു ഒരു മംഗളപത്രം വായിച്ചു കേള്‍പ്പിക്കുകയുണ്ടായി. തിരുമനസ്സുകൊണ്ട് അതിനു സമുചിതമായ മറുപടി പറഞ്ഞ ശേഷം സമ്മാനദാനം നിര്‍വ്വഹിക്കുകയുണ്ടായി. Kelatis എന്ന വീരശൃംഖല(Bangles)യും ഒരു സ്വര്‍ണ മുടുവം, ഒരു ട്രേയില്‍ രണ്ടു പട്ട് സാല്‍വകളും ഇവയായിരുന്നു സമ്മാനവസ്തുക്കള്‍ (438).''

ഇവിടെ 'Kelatis' എന്ന വീരശൃംഖല (Bangles)യും ഒരു സ്വര്‍ണ മുടുവം'' എന്നെഴുതിയത് വ്യക്തമല്ല. കേശവന്‍ എഴുതിയ പുസ്തകത്തിന്റെ ആദ്യപതിപ്പു ഞാന്‍ കണ്ടിട്ടില്ല. കണ്ടത് 2021-ലെ കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പതിപ്പാണ്. ആശാന്റെ കയ്യെഴുത്തു വായിച്ചതില്‍ കേശവനു പറ്റിയ പിശകാണോ, അതോ കേശവന്‍ ശരിയായി എഴുതിയത് പതിപ്പു പുതുക്കിയപ്പോള്‍ ഇന്‍സ്റ്റിട്യൂട്ടിനു തെറ്റിയതോ എന്നു പറയാനാവില്ല. Kelatis എന്നു എഴുതിയത് നേരത്തെ പറഞ്ഞ Khillet ആകാനാണ് സാധ്യത. പക്ഷെ, അത് വീരശൃംഖലയല്ല, സാല്‍വയാണ്. Bangles ആണ് വീരശൃംഖല. വളയോട് പിടിപ്പിച്ച നിലയില്‍ ഒരു മെഡല്‍ കാണാം. ആദ്യത്തെ വള കളവു പോയതിനു ശേഷം അതേ മാതൃകയില്‍ ഉണ്ടാക്കിയ വളയാണ് ഇന്നത്തേത്. ആശാന്‍, 'മെഡല്‍' എന്നെഴുതിയത് 'മുടുവം' എന്ന് കേശവനോ പുതിയ പതിപ്പ് അച്ചടിച്ചവരോ തെറ്റിച്ചുവോ എന്നും നിശ്ചയമില്ല. മെഡലിന്റെ മലയാളം 'മുടുവം' എന്നാകാനും മതി. ഏതായാലും ആശാന്‍ സ്വീകരിച്ച സമ്മാനവസ്തുക്കളില്‍ പട്ടും വളയും അല്ലാതെ മഹാകവിപ്പട്ടത്തിന്റെ സാക്ഷ്യപത്രമോ വേറെ സര്‍ടിഫിക്കറ്റ് ഓഫ് മെറിറ്റോ ഉള്‍പ്പെടുന്നതായി കേശവന്‍ ഉദ്ധരിച്ച ഡയറിഭാഗത്തില്‍ പറയുന്നില്ല. തനിക്കൊപ്പം സമ്മാനിതരായ ഇരുപതോളം പണ്ഡിതരെപ്പറ്റി ആശാന്‍ ഒന്നും എഴുതുന്നില്ല. സെനറ്റ് ഹാള്‍ യോഗം കഴിഞ്ഞ് മദ്രാസിലെ ഏതാനും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമേ ആശാന്‍ കേരളത്തിലേക്കു മടങ്ങിയുള്ളൂ എന്ന് കേശവന്‍ എഴുതുന്നു.

'മ.രാ.രാ.ശ്രീ കുമാരനാശാന്‍ ഈഴവ അവര്‍ഗള്‍'
സ്വര്‍ണ്ണവളയില്‍ ഒരു മെഡല്‍ കൊളുത്തിയിട്ടുണ്ട്. അതിന്റെ ഒരു വശത്ത്, Presented by His Royal Highness the Prince of Wales, Senate House, Madras എന്നും മറുവശത്ത് M R Ry Kumaran Asan Ezhava AVL for Literary Eminence in Malayalam on the 13 Jan 1922 എന്നും എഴുതിയിരിക്കുന്നു. 'Maha raja raja sry' എന്നതിന്റെ ('മ.രാ.രാ.ശ്രീ' എന്നു മലയാളം; ശ്രീ കൂടാതെ മ.രാ.രാ. എന്നും എഴുതാറുണ്ട് ) ചുരുക്കമാണ് M. R. Ry. 'അവര്‍കള്‍' തമിഴ് മട്ടില്‍ Avargal ആവുന്നു. അതിന്റെ ചുരുക്കമാണ് AVL. സ്വര്‍ണ്ണവളയിലെ മെഡലില്‍ ആശാന്റെ പേര് എഴുതിയപ്പോള്‍ 'മഹാരാജരാജശ്രീ''യ്ക്കും 'അവര്‍ഗള്‍'ക്കും ഇടയില്‍ ഒരു 'ഈഴവ' കയറിക്കൂടിയിരിക്കുന്നു.
ഇത്, അന്നത്തെ നിലയ്ക്കായാല്‍ പോലും അസാധാരണമാണ്. അക്കാലത്തെ ബ്രിട്ടീഷ് രേഖകളില്‍ ആളുകടെ പേരുകള്‍ 'മരാരാശ്രീ കുഞ്ഞിരാമമേനോന്‍ അവര്‍ഗള്‍' എന്ന രീതിയിലാണ് എഴുതിയിരുന്നത്. സ്വയം ജാതിപ്പേര് കൂട്ടി പേരെഴുതാത്ത ആളുകളാവുമ്പോള്‍ M R Ry Kollatt Raghavan, AVL എന്നും M R Ry Henry Thomas AVL എന്നും എഴുതും. മൂര്‍ക്കോത്തു കുമാരനാണെങ്കില്‍ M R Ry Moorkkoth Kumaran AVL എന്നിങ്ങനെ. സ്വന്തം പേരിനു ശേഷം ജാതിപ്പേര് ഉപയോഗിക്കാത്ത ആളായിരുന്നു കുമാരനാശാന്‍. ഒരു ഗ്രന്ഥകാരന്റെ പേര്, അയാള്‍ തന്റെ പുസ്തകങ്ങളില്‍ എങ്ങനെയാണോ എഴുതിയത്, അതേ വിധത്തില്‍ വേണം എഴുതാന്‍. സാഹിത്യനിരൂപകന്‍ മാരാരുടെ പേര്, 'കുട്ടിക്കൃഷ്ണ മാരാര്' എന്നല്ല, മാരാര് തന്റെ പുസ്തകങ്ങളില്‍ എഴുതിയതു പോലെ 'കുട്ടികൃഷ്ണ മാരാര്' എന്നാണ് നമ്മള്‍ എഴുതുക. ആശാന്റെ പേരും ആശാന്‍ സ്വന്തം പേര് എഴുതിയതു പോലെ വേണമായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ ഇല്ലാത്ത ഈഴവ, മെഡലില്‍ കൂട്ടിച്ചേര്‍ത്തത് ശരിയായില്ല. മെഡലിലെ 'ഈഴവ' എന്ന വാല്‍, കവിയുടെ literary eminence, ezhava literary eminence ആണെന്നു സൂചിപ്പിക്കുന്നു. മലയാളത്തിലെ സാര്‍വ്വജനികസാഹിത്യകുശലത എന്നു പറയാതെ, വല്ല സാഹിത്യകുശലതയും ഉണ്ടെന്നാകില്‍ അതൊരു സമുദായത്തിന്റെ കുശലതാപരിധിയില്‍ ഒതുങ്ങുമെന്നു വരുത്തിയിരിക്കുന്നു. ചിലപ്പോള്‍, പൊതുവായ മരാരാശ്രീയെ ഈഴവമരാരാശ്രീയാക്കിയതാകാം. ഫലത്തില്‍ മെഡലിലെ ലിഖിതം ആ മെഡലിനെത്തന്നെ റദ്ദാക്കിക്കളഞ്ഞു.

ഒറിജിനല്‍ ഡയറി കണ്ടാലേ ഈ വിഷയത്തില്‍ പ്രസക്തമായ വേറെ വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്നു പറയാനാവൂ. അതിനായി, മുട്ടനാടിന്റെ പിന്നാലെ നടന്ന കുറുക്കനെപ്പോലെ ഞാന്‍ ഡയറിസൂക്ഷിപ്പുകാരുടെ പിറകെ കൂടിയിട്ട് കാലം കുറച്ചായി.

സൂചിപ്പിച്ച കൃതികള്‍:

The History of the Indian Tour of H. R. H. the Prince of Wales, 1921-22 by
L. F. Rushbrook Williams, Director, Central Bureau of Education, Government of India, Calcutta: Govt of India, 1922, page 112
'Hartal at Madras', The Bombay Chronicle, Saturday January 14, 1922.
Report of the Administration of the Madras Presidency for the year1922-23.
Madras: Printed by the Superintendent, Government Press, 1924.
Programmes, Speeches, Addresses, Reports, References in the Press relating to His Royal Highness the Prince of Wales' Tour in India 1921-1922. Compiled in the Foreign and Political Department of the Government of India by O'Mealey, Superintendent, Government Printing, India, 1923.
Prabhakaran, K. 2016(1973). ''Kumaranasan and the Language Barrier.''
M. Govindan, Ed. Poetry and Renaissance. Chennai: Blaze Media: 243-245.
Yeats, William Butler and Dorothy Wellesley. Eds. 1937. Broadsides: A
Collection of New Irish and English Songs. Dublin: The Cuala Press.
കേശവന്‍, സി. ഒ. കുമാരനാശാന്‍. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിട്യൂട്ട്, 2021.
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും. കോഴിക്കോട്: മാതൃഭൂമി, 1986.
ദാമോദരന്‍, എന്‍. കെ. എഡി. 1973. ''ലഘുജീവചരിത്രം.'' ആശാന്റെ
സമ്പൂര്‍ണ്ണകൃതികള്‍ ഭാഗം 1 കോട്ടയം: സാപ്രസസം: vii- ix.
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍. 1957.കേരളസാഹിത്യചരിത്രം വാല്യം 5 പു 916
തിരുവനന്തപുരം: തിരുവിതാംകൂര്‍ സര്‍വ്വകലാശാലാ പ്രസിദ്ധീകരണവകുപ്പ്.
നായര്‍, വി. ഉണ്ണിക്കൃഷ്ണന്‍. 1982. വള്ളത്തോള്‍. കോഴിക്കോട്: മാതൃഭൂമി.
പരമേശ്വരന്‍ പിള്ള, വി. ആര്‍(1115 മേടം). 'ധര്‍മ്മരാജാ.' ഭാഷാപോഷിണി
ചിത്രമാസിക. കോട്ടയം: മനോരമ.

Content Highlights: Kumaranasan, V.C Sreejan, Bangle and Shawl, Poet Laureate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented