എത്രയെത്ര കൃഷ്ണന്മാര്‍! കാലംതന്നെയാണ് കൃഷ്ണന്‍


കെ.എസ്. രാധാകൃഷ്ണന്‍

ത്യജിക്കുന്നതിനുവേണ്ടിമാത്രം നേടുമ്പോഴാണ് നേട്ടവും കോട്ടവും ഒരുവനെ ബാധിക്കാതിരിക്കുന്നത്. അപ്പോള്‍ മാത്രമാണ് ജീവിതത്തില്‍ എന്നപോലെ മരണത്തിലും നിര്‍മമനായിരിക്കാന്‍ കഴിയുന്നതും. അതിനുള്ള എക്കാലത്തെയും മികവുറ്റ ഉദാഹരണമാണ് ശ്രീകൃഷ്ണന്‍.

വര: മദനൻ

ഒരുപാട് മാനങ്ങളും മുഖങ്ങളുമുള്ള പ്രതിഭാസമാണ് ശ്രീകൃഷ്ണൻ. വെണ്ണയുണ്ണുന്ന ഉണ്ണിക്കണ്ണൻ, ഗോപികമാരുടെ ചേല മോഷ്ടിക്കുന്ന കുറുമ്പൻ കണ്ണൻ, കാമുകനായ കൃഷ്ണൻ, ദൂതിന് പോവുന്ന കൃഷ്ണൻ, സൂതനാവുന്ന കൃഷ്ണൻ, ഗാന്ധാരിയുടെ ശാപം കേട്ട് നിസ്സംഗനായി നിൽക്കുന്ന കൃഷ്ണൻ, ഒടുവിൽ തന്റെ കാലിന് അമ്പേറ്റ് കാലമായി മറയുന്ന കൃഷ്ണൻ... എത്രയെത്ര കൃഷ്ണന്മാർ! കാലംതന്നെയാണ് കൃഷ്ണൻ എന്ന മഹാഭാരതവചനം ഓർമിപ്പിക്കുന്ന മഹാഭാരതവിചാരങ്ങൾ വായിക്കാം.

ർക്കെതിരേയും കൃഷ്ണൻ മനസ്സിൽ പക സൂക്ഷിച്ചില്ല. ആരോടും ഒന്നിനെക്കുറിച്ചും പരാതി പറഞ്ഞില്ല; പരിഭവം ഭാവിച്ചില്ല. മനസ്സിൽ നിറഞ്ഞ നിത്യഹർഷത്തിന്റെ പ്രതിഫലനമായി ചുണ്ടിൽ എന്നും മായാത്ത ചിരിയുണ്ടായിരുന്നു. വാക്കുകളിൽ മിതത്വവും കർമത്തിൽ കണിശതയും പുലർത്തി. ജീവിതാനുഭവങ്ങളെ സമഭാവനയോടെ നേരിട്ടു. സ്വാർഥപ്രേരിതമായിരുന്നില്ല ആ ജീവിതം. അതുകൊണ്ട് ഒരു നിമിഷത്തിനപ്പുറം ആ മനസ്സിൽ വൈരം അവശേഷിച്ചില്ല. പരാർഥപ്രേരിതമായ ആ ജീവിതം എന്നും തിരസ്കൃതന്റെയും ബഹിഷ്കൃതന്റെയും ഒപ്പമായിരുന്നു. കുരുക്ഷേത്രയുദ്ധഭൂമിയിൽ തളർന്നുവീണ അർജുനനിൽ ആത്മവിശ്വാസം ഉദ്ദീപ്തമാക്കി അവനെ കർമോന്മുഖനാക്കിത്തീർക്കുന്ന ഗീതാകൃഷ്ണന്റെ വശ്യഗംഭീരമായ ഭാവപ്രകാശത്തിൽ വിസ്മയിച്ചുനിൽക്കുന്നവർ പലപ്പോഴും വിസ്മരിക്കുന്ന ഒട്ടും വർണപ്പൊലിമയില്ലാത്ത ജീവിതപശ്ചാത്തലവും കൃഷ്ണനുണ്ട്. അതുകൂടി അറിഞ്ഞാലേ കൃഷ്ണകഥ പൂർണമാകൂ.

ജനിച്ചുവീഴുന്നതിനുമുൻപേ തുടങ്ങുന്നു കൃഷ്ണന്റെ തിക്താനുഭവകഥ. ''ദേവകിയുടെ എട്ടാംപുത്രൻ സർവാധിപതിയായ കംസന്റെ കഥകഴിക്കും'' എന്ന അശരീരിമൂലം അമ്മയായ ദേവകി അനുഭവിച്ചുതീർത്ത തീരാവ്യഥയുടെ ബാക്കിപത്രമായിരുന്നു കൃഷ്ണന്റെ ജനനം. ജനനം കാരാഗൃഹത്തിൽ. ജനിച്ചയുടനേ തന്റെ മകനെ രക്ഷിക്കാനായി അവനെ മാറത്തണച്ചുപിടിച്ചുകൊണ്ടുള്ള അവന്റെ അച്ഛന്റെ ഓട്ടം. കാലിത്തൊഴുത്തിൽ കന്നുകാലിച്ചെക്കനായുള്ള ബാല്യജീവിതം. ഗോമൂത്രത്തിലും ചാണകത്തിലും ഇഴുകിനടന്നുതീർത്ത ബാല്യം. നിരന്തരമായ വധശ്രമത്തിനെതിരേയുള്ള വിസ്മയകരമായ ചെറുത്തുനിൽപ്പ്. ഓർക്കാൻവേണ്ടിപ്പോലും നല്ല അനുഭവങ്ങളില്ലാത്ത ബാല്യകൗമാരങ്ങളായിരുന്നു കൃഷ്ണന്റേത്. ഇവയെല്ലാം വിവരിച്ച് സഹതാപം നേടാൻ ഈ ആപദ്ബാന്ധവൻ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ വശ്യവിസ്മയമാർന്ന ആ ജീവിതത്തെ ആരാധിക്കുന്നവരും അങ്ങനെ ജീവിക്കാമെന്നും ആഗ്രഹിക്കാറില്ല. കാരണം, നെടുതപസ്സിന്റെ നിത്യസ്മാരകമാണ് ആ ജീവിതം; അതിനെ അനുകരിക്കാനാവില്ല.

പാഞ്ചാലീസ്വയംവരപ്പന്തലിൽ കാണികൾക്കിടയിലാണ് ബലരാമനും കൃഷ്ണനും മഹാഭാരതത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പാണ്ഡവർ അക്കാലത്ത് അജ്ഞാതവാസത്തിലായിരുന്നു. പാണ്ഡവരെ വകവരുത്താനായി കർണനും ശകുനിയും ദുശ്ശാസനനും ദുര്യോധനനും അടങ്ങുന്ന നാൽവർസംഘം ധൃതരാഷ്ട്രരുടെ മൗനസമ്മതത്തോടെ എന്തുംചെയ്യുന്ന കാലമായിരുന്നു അന്ന്. വിഷം കൊടുത്തു കൊല്ലാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ് അരക്കില്ലത്തിലിട്ട് ചുട്ടുകൊല്ലാൻ തീരുമാനിച്ചത്. പുരോചനൻ എന്ന നീചനായ കരാറുകാരന്റെ സഹായത്തോടെ കുന്തിയെയും മക്കളെയും അവർ അരക്കില്ലത്തിൽ എത്തിക്കുകയും ചെയ്തു. ആയുസ്സിന്റെ ബലംകൊണ്ടും വിദുരരുടെ സഹായംകൊണ്ടും അവർ രക്ഷപ്പെട്ടു. പറക്കമുറ്റാത്ത മക്കളെ രക്ഷിക്കാനായിട്ടായിരുന്നു കുന്തി മക്കളെ അജ്ഞാതവാസത്തിന് പ്രേരിപ്പിച്ചത്. പക്ഷേ, കുന്തിയും മക്കളും മരിച്ചുപോയി എന്നാണ് ധൃതരാഷ്ട്രരും നാൽവർസംഘവും കരുതിയിരുന്നത്. അനുജന്റെ ഭാര്യയുടെയും മക്കളുടെയും അകാലചരമത്തെ ഓർത്ത് അകമേ സന്തോഷിച്ചുകൊണ്ട് വാവിട്ടുകരയാനും ധൃതരാഷ്ട്രർ മടിച്ചില്ല.

ബ്രാഹ്മണവേഷത്തിലാണ് പാണ്ഡവർ സ്വയംവരപ്പന്തലിലെത്തിയത്. പാഞ്ചാലിയെ അർജുനനു നൽകണമെന്നായിരുന്നു ദ്രുപദന്റെ ആഗ്രഹം. ദ്രോണരോടുള്ള അടങ്ങാത്ത പകതീർക്കാൻ ദ്രുപദൻ കണ്ട മാർഗം അതായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു എടുത്താൽ പൊങ്ങാത്ത വില്ലു വെച്ചതും വില്ലു കുലയ്ക്കുന്നവന് പാഞ്ചാലിയെ നൽകുമെന്നു പറഞ്ഞതും. രാജാക്കന്മാർ ഒന്നൊന്നായി പരാജയപ്പെട്ടു പിന്മാറി. അപ്പോഴാണ് ബ്രാഹ്മണവേഷധാരിയായി എത്തിയ അർജുനൻ അനായാസം വില്ലു കുലച്ചതും പാഞ്ചാലിയെ നേടിയതും. ബ്രാഹ്മണന്റെ ഈ നേട്ടത്തിൽ ക്ഷത്രിയരാജാക്കന്മാർ അസൂയാലുക്കളും അസഹിഷ്ണുക്കളുമായി മാറി. അക്കൂട്ടത്തിൽ ദുര്യോധനകർണന്മാരും ഉണ്ടായിരുന്നു. യമൻ ദണ്ഡേന്തി നിൽക്കുന്നതുപോലെ, ഗർവിച്ചു യുദ്ധത്തിനു വന്ന രാജാക്കന്മാരെ, ഭീമൻ നേരിട്ടു. തന്നോടെതിർക്കാൻ അർജുനനല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് കർണൻ അപ്പോഴും വീമ്പുപറഞ്ഞു. പക്ഷേ, അർജുനന് ബ്രഹ്മാസ്ത്രമറിയാമെന്ന കാര്യം ഓർത്തപ്പോൾ കർണൻ തന്ത്രപൂർവം പിന്മാറി. കർണൻ എന്നും അങ്ങനെയായിരുന്നു. സ്വന്തം കഴിവുകൊണ്ട് തനിക്ക് എന്തുചെയ്യാൻ കഴിയുമെന്നല്ല പറഞ്ഞിരുന്നത്. അർജുനനുമായി താരതമ്യം ചെയ്തുകൊണ്ട് താൻ മിടുക്കാനാണെന്നു സ്ഥാപിക്കാനായിരുന്നു കർണന് എന്നും താത്‌പര്യം. അപകർഷബോധമുള്ളവരുടെ മനോവൈകല്യമാണത്.

കുന്തി എന്ന രാജകുമാരിയിൽ സൂര്യദേവനു ജനിച്ച അവിഹിതസന്തതിയാണ് കർണൻ. ജനിച്ചയുടനെ അമ്മയാൽ ഉപേക്ഷിക്കപ്പെട്ടു. അതുകൊണ്ട് സൂതപുത്രനായി വളരേണ്ടി വന്നു. അതിന്റെ അപമാനം കർണനെ വിട്ടൊഴിഞ്ഞില്ല. അംഗരാജാവായി അഭിഷിക്തനായിട്ടും സൂതപുത്രൻ എന്ന അപകർഷബോധം മാറിയില്ല. കുരുക്ഷേത്രയുദ്ധം ഒഴിവാക്കാനായി ദൂതനായിട്ടായിരുന്നു കർണനെ കൃഷ്ണൻ കണ്ടത്. അപ്പോഴും മനസ്സിൽ തേട്ടിവന്ന അപമാനശല്യത്തെ അനുസ്മരിക്കാതിരിക്കാൻ കർണനായില്ല. തന്റെ ആത്മാഭിമാനം സംരക്ഷിച്ച ദുര്യോധനന് താൻ തന്നെത്തന്നെ സമർപ്പിച്ചിരിക്കുന്നതിനാൽ തനിക്ക് രാജ്യം ലഭിച്ചാലും താൻ അത് ദുര്യോധനപാദത്തിൽ സമർപ്പിക്കുമെന്ന് കർണൻ പറഞ്ഞു. താൻ രാധേയനല്ല കൗന്തേയനാണെന്ന് തനിക്കറിയാം. യുദ്ധം തുടങ്ങാനിരിക്കേ താൻ പാണ്ഡവരോടു ചേർന്നാൽ അത് തന്റെ യശസ്സിനെ ബാധിക്കും. പടയിൽ പടവെട്ടി മരിച്ചാൽ മരണാനന്തരവും തന്റെ യശസ്സ് നിലനിൽക്കുമെന്നും കർണൻ എതിർവാദം ചെയ്തു. അപ്പോഴാണ് മരിച്ചതിനുശേഷം ലഭിക്കുന്ന കീർത്തി മൃതശരീരത്തിൽ പതിക്കുന്ന വാസനപ്പൂക്കൾ പോലെയാണെന്ന് കൃഷ്ണൻ കർണനെ ഓർമിപ്പിച്ചത്. സൂതപുത്രൻ എന്ന വിശേഷണം അപമാനമായി കർണൻ കരുതുമ്പോഴാണ് സൂതനായും ദൂതനായും പണിയെടുക്കാൻ കൃഷ്ണൻ മടിക്കാതിരുന്നതും.

ക്ഷാത്രധർമം ശപ്തമാണെന്ന് പാണ്ഡവർ മാത്രമല്ല, കൗരവസേനയെ നയിച്ച ഭീഷ്മരും ദ്രോണരും കൃപരുമെല്ലാം പറയുമായിരുന്നു. പക്ഷേ, അവരെല്ലാം യുദ്ധത്തെ ആഗ്രഹിക്കുകയും ഭയക്കുകയും ചെയ്തു. എന്നാൽ, യുദ്ധം ഒഴിവാക്കണമെന്ന് കുരുക്കൾ ആഗ്രഹിച്ചില്ല എന്നതും വാസ്തവം. യുദ്ധത്തെ ആഗ്രഹിക്കാതിരിക്കുകയും അത് ഒഴിവാക്കുന്നതിനുവേണ്ടി അവസാനംവരെ ശ്രമിക്കുകയും ചെയ്ത ഒരേയൊരാൾ കൃഷ്ണനാണ്. കാരണം, കൃഷ്ണൻ എന്നും സമാധാനം കാംക്ഷിച്ചു. സമാധാനത്തിൽ തോൽവിയില്ലെന്നും യുദ്ധത്തിൽ എല്ലാവരും തോൽക്കുമെന്നും യാദവരെ കൃഷ്ണൻ ഓർമിപ്പിക്കുന്ന ഒരുരംഗം മഹാഭാരതത്തിലുണ്ട്. സുഭദ്രാഹരണമാണ് സന്ദർഭം. ക്ഷത്രിയധർമപ്രകാരം ഹരണത്തിലൂടെ ഭാര്യയെ നേടാം. എന്നാൽ, ബലരാമനും യാദവരും അർജുനന്റെ ചെയ്തി പൊറുക്കാൻ തയ്യാറായില്ല. അവരെ സമാധാനിപ്പിച്ചുകൊണ്ടാണ് യുദ്ധം സർവനാശം വരുത്തുമെന്നും അതുകൊണ്ട് അത് ഒഴിവാക്കുന്നതാണ് ധർമമെന്നും കൃഷ്ണൻ പറഞ്ഞത്.

സർവനാശം വിതയ്ക്കാനുതകുന്ന കുരുക്ഷേത്രയുദ്ധം ഒഴിവാക്കാനാണ് കൃഷ്ണൻ ശ്രമിച്ചത്. അതിന്റെ ഭാഗമായിട്ടായിരുന്നു ദൂതനായി ധൃതരാഷ്ട്രസഭയിൽ കൃഷ്ണൻ എത്തിയത്. ദൂതനാകുന്നത് അഭിമാനാർഹമായ കാര്യമേയല്ല; അന്നും ഇന്നും. താൻ ദ്വാരകയിലുണ്ടായിരുന്നുവെങ്കിൽ ചൂത് തടയുമായിരുന്നു എന്ന് പാണ്ഡവരോടുതന്നെ കൃഷ്ണൻ പറയുന്നുണ്ട്. യുധിഷ്ഠിരൻ ചൂതിനൊരുങ്ങുമ്പോൾ കൃഷ്ണൻ ശാല്യന്റെ നഗരത്തിൽ അവനെതിരേ യുദ്ധംചെയ്യുകയായിരുന്നു. ചൂതു നടന്നു. പാണ്ഡവർ തോറ്റു. പെറ്റമ്മയെപ്പോലും പോറ്റുവാൻ കഴിയാത്ത ഗതികേടിലായി താനെന്ന് യുധിഷ്ഠിരൻ കൃഷ്ണനോട് കണ്ണീരോടെ പറയുന്നുമുണ്ട്. ചൂതിൽ പാഞ്ചാലി അധിക്ഷേപിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു. പ്രമാണിമാരെല്ലാം ദുര്യോധനന്റെ അനിഷ്ടം ഭയന്ന് തലകുനിച്ചിരുന്നപ്പോഴും ഒരു പാവം പെണ്ണിന്റെ മാനംകാക്കാനെത്തിയതും കൃഷ്ണൻ തന്നെയായിരുന്നു. ശ്രീകൃഷ്ണവിഗ്രഹത്തിന്റെ ഉജ്ജ്വലമായ ധാർമികഭാവം തെളിയുന്ന സന്ദർഭങ്ങളിലൊന്നാണിത്.

അന്ന് അഴിച്ചിട്ട തലമുടി പാഞ്ചാലി കെട്ടിവെച്ചിരുന്നില്ല. തന്നെ അപമാനിച്ച ദുശ്ശാസനന്റെ ചോരകൊണ്ടു മാത്രമേ താൻ ഇനി മുടി കെട്ടുകയുള്ളൂവെന്ന് പാഞ്ചാലി ശപഥം ചെയ്തിരുന്നു. ദൂതിനു പുറപ്പെടുമ്പോൾ അക്കാര്യം പാഞ്ചാലി സൂചിപ്പിക്കുകയും ചെയ്തു. എന്നിട്ടും സമാധാനംതന്നെ ഉത്തമമെന്നു കരുതിയാണ് കൃഷ്ണൻ ദൂതിനു പോയത്. മരണപാശത്തിൽനിന്നും ലോകത്തെ രക്ഷിക്കാൻ കഴിയുന്നതിനെക്കാൾ വലിയ ധർമം ഒരാൾക്കും അനുഷ്ഠിക്കാനില്ലെന്നും കൃഷ്ണൻ പറയുന്നുണ്ട്. യുദ്ധത്തിൽ ഇരുപക്ഷവും നശിക്കും. എല്ലാവരെയും കൊന്നിട്ട് ആർക്ക് ജയിക്കാൻ കഴിയും -കൃഷ്ണൻ ദുര്യോധനനോട് ന്യായവാദം ചെയ്തു. എന്നാൽ, ലോകം മുടിഞ്ഞാലും താൻ, കൃഷ്ണൻ പറയുന്നകാര്യങ്ങൾ അംഗീകരിക്കില്ല എന്നായിരുന്നു ദുര്യോധനന്റെ മറുപടി. പാണ്ഡവരുടെ ശക്തി കൃഷ്ണനാണെന്നും കൃഷ്ണനെ പിടിച്ചുകെട്ടി വധിച്ചാൽ യുദ്ധമില്ലാതെതന്നെ പാണ്ഡവരെ തോൽപ്പിക്കാൻ കഴിയുമെന്നും ദുര്യോധനൻ കരുതി. ഇത് മനസ്സിലാക്കിയിട്ടും കൃഷ്ണൻ ധൃതരാഷ്ട്രരെ കണ്ട് ശമനത്തിനായി ശ്രമിച്ചു. ''യുദ്ധത്തിൽ രണ്ടു പക്ഷവും നശിക്കും. നാശത്തിൽ ധർമമില്ല. അധർമം മഹാദുഃഖത്തെ വളർത്തും. അതുകൊണ്ട് ദുഃഖമകറ്റാനായി ഭവാൻ ശ്രമിക്കണം'' -കൃഷ്ണൻ ധൃതരാഷ്ട്രരോട് അപേക്ഷിച്ചു.

അതികാമിയായ ധൃതരാഷ്ട്രർ അകമേ യുദ്ധത്തെ കാംക്ഷിച്ചിരുന്നു. അതുകൊണ്ട് മകനെ നിലയ്ക്കുനിർത്തിയില്ല. ''അച്ഛൻ നൽകിയ രാജ്യം ഞാൻ നൽകില്ല. സൂചികുത്താനിടം പാണ്ഡവർക്ക് നൽകില്ല. നമ്മെ പോരിൽ ജയിക്കുക'' -ദുര്യോധനന്റെ ഈ അതിലോഭത്തിനു മുൻപിൽ കൃഷ്ണന്റെ ദൂത് പരാജയപ്പെട്ടു. ഈ അതിലോഭം അതിന്റെ സൂക്ഷ്മഭാവത്തിൽ ധൃതരാഷ്ട്രരിലുമുണ്ടായിരുന്നു. അതുകൊണ്ട് മകന്റെ തീരുമാനത്തിൽ ധൃതരാഷ്ട്രർ അകമേ സന്തോഷിച്ചു. ലോഭമാണ് പകയായി പരിണമിക്കുന്നത്. ധൃതരാഷ്ട്രർ മനസ്സിൽ സമാനതകളില്ലാത്ത പക സൂക്ഷിച്ചു. ഈ പകയാണ് ധൃതരാഷ്ട്രരുടെ ഉറക്കംകെടുത്തിയത്. ഈ പക മൂലമാണ് മക്കൾ പാണ്ഡവർക്കെതിരേ നടത്തിയ അതിക്രിയകളെ മുഴുവൻ ധൃതരാഷ്ട്രർ അകമേ സാധൂകരിച്ചത്. മകന്റെ അധർമത്തിലും അദ്ദേഹം അകമേ സന്തോഷിച്ചിരുന്നു. എന്നാൽ, കൃഷ്ണനെ പിടിച്ചുകെട്ടാൻ ദുര്യോധനൻ ആജ്ഞ നൽകിയപ്പോൾ ധൃതരാഷ്ട്രർ പകച്ചുപോയി.

ലോകത്തെ നാശത്തിൽനിന്നും രക്ഷിക്കുന്നതിനായി കൃഷ്ണൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ വിശ്വരൂപം കാട്ടി തന്റെ മക്കളിൽ മതിമയക്കമുണ്ടാക്കിയതും ധൃതരാഷ്ട്രർ അകക്കണ്ണാൽ കണ്ടു. യുദ്ധാനന്തരക്കാഴ്ച കണ്ട ഗാന്ധാരി കൃഷ്ണനെ ശപിച്ചു. എല്ലാ നാശത്തിനും കാരണക്കാരൻ കൃഷ്ണനാണെന്നായിരുന്നു ഗാന്ധാരിയുടെ വിശ്വാസം. അതുകൊണ്ട് ''നീയും നിന്റെ വംശവും നശിക്കു''മെന്ന് തന്റെ വ്രതനിഷ്ഠയെ മറുവിലയായി നൽകി ഗാന്ധാരി കൃഷ്ണനെ ശപിച്ചു. അപ്പോഴും കൃഷ്ണന്റെ ചുണ്ടിൽ ചിരി മങ്ങിയില്ല. ഭവതി പറഞ്ഞതുപോലെത്തന്നെ സംഭവിക്കും. എന്നാൽ, ഈ നാശത്തിന്റെ കാരണം ഭവതിയുടെ സ്വാർഥതയാണെന്നും കൃഷ്ണൻ ഗാന്ധാരിയെ ഓർമിപ്പിച്ചു. കുന്തി പ്രസവിച്ചു എന്നു കേട്ടപ്പോൾ തന്റെ മക്കൾക്ക് രാജ്യം നഷ്ടപ്പെടുമെന്നു കരുതിയാണ് മൂപ്പെത്താത്ത ഗർഭത്തെ ഗാന്ധാരി മുക്കി പ്രസവിച്ചത്. അങ്ങനെ രാജ്യലോഭത്തോടെ ഗാന്ധാരി മുക്കിപ്പെറ്റ മക്കളാണ് യുദ്ധഭൂമിയിൽ മുറിവേറ്റു മരിച്ചുകിടക്കുന്നത് എന്ന് ഓർമിപ്പിക്കാനും കൃഷ്ണൻ മറന്നില്ല. അവിടെ നിസ്സഹായയായിനിന്ന ഗാന്ധാരി ആരിലാണ് അനുതാപം ഉണർത്താത്തത്! അവരോട് അനുകമ്പയോടെ പെരുമാറണമെങ്കിലും സ്വയംകൃതാനർഥങ്ങളുടെ ഫലം അവനവൻതന്നെ അനുഭവിക്കേണ്ടിവരും എന്ന കാര്യവും മറക്കരുത്. കർമഫലാനുഭവത്തിൽനിന്നും ഒരാൾക്കും വിമുക്തിയില്ല; അതിൽ മറ്റൊരാൾക്ക് പങ്കാളിയാകാനുമാവില്ല.

ദുര്യോധനൻ കൃഷ്ണനെ ഒരിക്കലും ആശ്രയിച്ചിട്ടില്ല. മരണത്തോടു മല്ലിട്ട് യുദ്ധഭൂമിയിൽ കിടക്കുന്ന സന്ദർഭത്തിൽ കൃഷ്ണൻ ദുര്യോധനനെ കാണുന്നുണ്ട്. അപ്പോഴും ദുര്യോധനന് കൃഷ്ണനോടുള്ള വെറുപ്പും പുച്ഛവും മാഞ്ഞിരുന്നില്ല. ഭൂമിയിൽവെച്ച് ഏറ്റവും മാന്യനാണ് കൃഷ്ണൻ എന്നാണ് പിതാമഹനായ ഭീഷ്മർ വിശേഷിപ്പിച്ചത്. ധർമത്തിൽ ദൃഢത്വവും നിലയ്ക്കാത്ത പ്രശസ്തിയും ശക്തിയും യോഗവുംകൊണ്ട് അനുഗൃഹീതനാണ് കൃഷ്ണൻ. കൃഷ്ണൻ കാലം തന്നെയാണെന്നും പിതാമഹൻ വിശേഷിപ്പിക്കുന്നു. ജഗദ്സ്രഷ്ടാവും രക്ഷകനും ഭക്ഷകനുമാണ് കൃഷ്ണൻ എന്ന ഭീഷ്മവാക്യമാണ് ശ്രീകൃഷ്ണതത്ത്വം വെളിവാക്കുന്ന മനോഹരവാക്യം. എന്നാൽ, മരണത്തിലും മരിക്കാത്ത പകയായ ദുര്യോധനൻ 'കംസദാസന്റെ മകനേ' എന്നാണ് ആ സന്ദർഭത്തിലും കൃഷ്ണനെ വിശേഷിപ്പിച്ചത്. ദുര്യോധനന്റെ ഈ വിശേഷണം കൃഷ്ണന്റെ ജീവിതമഹത്ത്വത്തിലേക്കാണ് വെളിച്ചംവീശുന്നത് എന്ന് അഹങ്കാരിയായ ദുര്യോധനൻ ഓർത്തിരിക്കില്ല.

കംസന്റെ തടവറയിലായിരുന്നു കൃഷ്ണന്റെ ജനനം. മഥുരാപുരിയിലെ യാദവരാജാവായ ശൂരസേനന്റെ മകനാണ് വസുദേവർ. മറ്റൊരു യാദവരാജാവായ ഉഗ്രസേനന്റെ സഹോദരൻ ദേവകന്റെ പൗത്രി ദേവകി. ദേവകിയുടെ സഹോദരനാണ് കംസൻ. കംസന്റെ ഉത്സാഹത്തിലാണ് വിവാഹം നടന്നത്. വധൂവരന്മാർ സഞ്ചരിച്ച തേരോടിച്ചിരുന്നതും കംസൻതന്നെയായിരുന്നു. ഇതിനിടയിലാണ് ദേവകിയുടെ എട്ടാംപുത്രൻ കംസന്റെ അന്തകനായിത്തീരുമെന്ന അശരീരിയുണ്ടായത്. ഇതു കേട്ടു ഭയന്ന കംസൻ ദേവകിയെ കൊല്ലാനൊരുങ്ങി. വസുദേവർ കാലുപിടിച്ച് കരഞ്ഞുപറഞ്ഞപ്പോൾ, ദേവകി പ്രസവിക്കുന്ന എല്ലാ മക്കളെയും കംസനെ ഏൽപ്പിക്കണമെന്ന വ്യവസ്ഥയിൽ, കൊല്ലാതെ വിട്ടു. ഇതോടെ ഉഗ്രസേനനെ തടവിലാക്കി കംസൻ രാജ്യഭരണം പിടിച്ചെടുത്തു. വസുദേവരെയും ദേവകിയെയും കാരാഗൃഹത്തിലുമാക്കി. താൻ ഉഗ്രസേനന്റെ മകനല്ല എന്ന കാര്യവും കംസനറിയാമായിരുന്നു. ദ്രുമിളൻ എന്ന അസുരൻ ഉഗ്രസേനന്റെ വേഷത്തിൽ ഉഗ്രസേനപത്നിയെ പ്രാപിച്ച് ജനിപ്പിച്ച പുത്രനാണ് കംസൻ. ജാരസന്തതിയുടെ പകയും ചതിയും അപകർഷബോധവും കംസന്റെ കൂടെത്തന്നെ എന്നുമുണ്ടായിരുന്നു.

ദേവകി പ്രസവിക്കുന്ന മക്കളെ അമ്മാവനായ കംസൻ കൊന്നുകൊണ്ടിരുന്നു. കൃഷ്ണനെ ദേവകി ഗർഭംധരിച്ചപ്പോൾ വസുദേവരുടെ മറ്റൊരു ഭാര്യയായ രോഹിണിയും ഗർഭംധരിച്ചു. ദേവകി ആൺകുട്ടിയെയും രോഹിണി പെൺകുട്ടിയെയും പ്രസവിച്ചു. ആ കുട്ടികളെ പരസ്പരം മാറ്റുകയും ആൺകുട്ടിയെ അമ്പാടിയിൽ നന്ദഗോപർ-യശോദ ദമ്പതികളെ വളർത്താൻ ഏൽപ്പിക്കുകയും ചെയ്തു. കാര്യങ്ങളുടെ നിജസ്ഥിതി കംസന് അറിയാമായിരുന്നില്ല. പക്ഷേ, നാരദൻ എല്ലാ കാര്യങ്ങളും കംസന് വ്യക്തമാക്കിക്കൊടുത്തു. അങ്ങനെയാണ് തന്റെ അന്തകനായി ജനിച്ചവൻ അമ്പാടിയിൽ ഗോപകുമാരനായി വളരുന്ന കാര്യം കംസൻ അറിഞ്ഞത്. കംസൻ വെറുതേയിരുന്നില്ല. അമ്പാടിയിൽ കന്നുകാലിച്ചെറുക്കനായി വളരുന്ന കൃഷ്ണനെ കൊല്ലാനായി ശ്രമം. മുലപ്പാലിൽ വിഷം കലർത്തി കൊല്ലാനായി പൂതന, വണ്ടികേറ്റി കൊല്ലാനായി ശകടാസുരൻ, അരൂപിയായി മായാവിദ്യയിൽ കൊല്ലാനായി തൃണാവർത്തൻ, പൂതനയുടെ സഹോദരൻ ബകൻ സർപ്പരൂപത്തിലെത്തി കൊത്തിക്കൊല്ലാൻ ശ്രമിച്ചു. കഴുതയുടെ രൂപത്തിൽ ധേനുകൻ, കാളയുടെ രൂപത്തിൽ അരിഷ്ടൻ, കുതിരരൂപത്തിൽ കേശി- ഇവരെല്ലാം കൃഷ്ണനെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ, കൃഷ്ണൻ അവരെ?െയല്ലാം വകവരുത്തി പശുവിനെയും പശുപാലകരെയും ത?െന്നത്തന്നെയും രക്ഷിച്ചു.

കടലിൽ കഴിയേണ്ട കാളിയൻ കാളിന്ദിയിലെത്തി കുടിവെള്ളം വിഷലിപ്തമാക്കി. കണ്ണൻ കാളിയന്റെ ദർപ്പമകറ്റി. ഇന്ദ്രപൂജ ഗോവർധനപുരിയിലെ ഉത്സവമായിരുന്നു. കൃഷ്ണൻ അത് നിർത്തലാക്കി. ദേവരാജാവും പരമശക്തനുമായ ഇന്ദ്രൻ കോപിച്ചു. ഇന്ദ്രൻ പേമാരിയായി പെയ്തിറങ്ങി പശുക്കളെ ദ്രോഹിച്ചു. ഗോവർധനഗിരി കൈയാൽ പൊക്കി കുടയാക്കി കൃഷ്ണൻ പശുക്കളെ രക്ഷിച്ചു. ദേവന്മാർ ഇന്ദ്രനെ പൂജിക്കട്ടെ. പശുക്കളും പർവതങ്ങളുമാണ് ഇടയന്മാരുടെ ദൈവം. അവരുടെ അന്നവും ആശ്രയവുമാണത്. അതുകൊണ്ട് യാദവർ പശുക്കളെയും പർവതങ്ങളെയും പൂജിക്കട്ടെ. അതാണ് ഉചിതമെന്നും കൃഷ്ണൻ പറഞ്ഞു. ഇടയന്മാർ അത് സയുക്തികം എന്നുകണ്ട് കൃഷ്ണനെ അനുസരിച്ചു. അതുപോലെ കൃഷിക്കാർ കരിയെ പൂജിക്കണം. കാരണം, കൃഷിക്കാരന്റെ അന്നവും വിദ്യയുമാണത്. ഇന്ദ്രപൂജയ്ക്കുപകരം അവനവന്റെ അന്നവും വിദ്യയുമാണ് പൂജാർഹം എന്നു സ്ഥാപിച്ചതും കൃഷ്ണനാണ്. പശുക്കളെ പൂജാർഹരാക്കി അവരുടെ പരിപാലനം ഏറ്റെടുത്തുകൊണ്ട് കൃഷ്ണൻ അവരുടെ രക്ഷകനായ ഗോവിന്ദനായി മാറി. ഇതെല്ലാം കംസൻ അറിഞ്ഞുകൊണ്ടേയിരുന്നു. കൃഷ്ണനെ കൊല്ലാതെ തനിക്ക് ജീവിക്കാനാവില്ല എന്ന അറിവ് കംസനെ ഭയചകിതനാക്കി. എങ്ങനെയും തന്റെ അനന്തരവനെ കൊല്ലാൻ തീരുമാനിച്ചു. അതനുസരിച്ചാണ് പുതിയ അടവ് എന്ന നിലയിൽ മഥുരാപുരിയിലെ മഹോത്സവത്തിൽ പങ്കെടുക്കാനായി രാമകൃഷ്ണന്മാരെ കംസൻ സ്നേഹംഭാവിച്ചു ക്ഷണിച്ചുവരുത്തിയത്. ധനുർപൂജ എന്ന മഥുരാപുരിയിലെ മഹോത്സവം കേളികേട്ടതായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു മല്ലയുദ്ധം. തനിക്ക് അനഭിമതരായവരെ മല്ലയുദ്ധത്തിനു ക്ഷണിക്കുകയും യുദ്ധത്തിൽ അവരെ കൊല്ലുകയും ചെയ്യുക എന്നതായിരുന്നു കംസന്റെ രീതി. അതിനുവേണ്ടി കംസൻ സംരക്ഷിച്ചിരുന്ന അസുരമല്ലന്മാരാണ് ചാണൂരനും മുഷ്ടികനും തോലകനുമെല്ലാം. ഇവരെക്കൊണ്ട് രാമകൃഷ്ണന്മാരെ മല്ലയുദ്ധത്തിൽ കൊല്ലിക്കണം എന്നതായിരുന്നു കംസന്റെ ഉന്നം. അതിനുവേണ്ടിയായിരുന്നു അവരെ ധനുർപൂജയ്ക്ക് ക്ഷണിച്ചതും.

എന്നാൽ ചാണൂരൻ, മുഷ്ടികൻ, തോലകൻ എന്നിവരെയെല്ലാം രാമകൃഷ്ണന്മാർ വകവരുത്തി. ഒടുവിൽ കംസനെ കൊന്നു മഥുരാപുരിയെ വിമോചിപ്പിക്കുകയും ചെയ്തു. കംസനെ കൊന്നു രാജ്യത്തെ മോചിപ്പിച്ചെങ്കിലും കൃഷ്ണൻ രാജ്യഭാരം ഏറ്റെടുത്തില്ല. ഉഗ്രസേനനെ രാജാവായി വാഴിച്ചുകൊണ്ട് താൻ രാജ്യത്തെ കാംക്ഷിക്കുന്നില്ല എന്നും കംസൻ അധർമിയായതുകൊണ്ടാണ് അവനെ വധിച്ചതെന്നും കൃഷ്ണൻ പറഞ്ഞു. കംസവധത്തിൽ തനിക്ക് സ്വാർഥമില്ല. പരാർഥമായാണ് അതെല്ലാം ചെയ്തത്. രാജ്യം വെട്ടിപ്പിടിച്ച് തോന്നുംപടി ഭരിക്കാമെന്നു വിശ്വസിച്ചിരുന്ന ചക്രവർത്തിയായിരുന്നു ജരാസന്ധൻ. ജരാസന്ധനെ യുദ്ധത്തിൽ തോൽപ്പിക്കുക പ്രയാസവുമായിരുന്നു. നരബലി നടത്തി ശക്തി സംഭരിക്കുന്നവനായിരുന്നു ജരാസന്ധൻ. ജരാസന്ധവധത്തിനുശേഷം രാജ്യാധികാരം കൃഷ്ണൻ ഏറ്റെടുത്തില്ല. കരവീരപുരത്തെ രാജാവായ സൃഗാലനെ വധിച്ചെങ്കിലും സൃഗാലന്റെ മകനെത്തന്നെ രാജാവായി വാഴിച്ചു. മഥുരാപുരി വിട്ടുപോകുന്നതിനു മുൻപ് കൃഷ്ണൻ പറഞ്ഞു: ''ഒരു നിമിഷംപോലും എന്നിൽ വൈരം നിൽക്കില്ല, അധർമത്തിനെതിരേ ധർമത്താൽ പൊരുതുമ്പോൾ ക്രോധത്തിന് സ്ഥാനവുമില്ല. ക്ഷമയാണ് അത്യുത്തമം. എല്ലാവരും വൈരം വിടണം.''

നിരന്തരയുദ്ധത്തിൽ മാത്രം വിശ്വസിക്കുകയും സ്ഥിരമായ വൈരാഗ്യം സൂക്ഷിക്കുകയും ചെയ്തിരുന്ന ജരാസന്ധനെ ഒഴിവാക്കുന്നതിനുവേണ്ടിയാണ് മഥുരാപുരിയിൽനിന്നും യാദവരുമായി കൃഷ്ണൻ മാറിപ്പോയത്. കംസന്റെ രാജ്യഭാരം മഥുരാപുരിക്ക് ശത്രുക്കളെ ഉണ്ടാക്കിയിരുന്നു. കംസഭാര്യമാരായ അസ്ഥിയുടെയും പ്രതസ്ഥിയുടെയും അച്ഛനായിരുന്നു ജരാസന്ധൻ. തന്റെ മകളുടെ ഭർത്താവിനെ കൊന്നതോടെ ജരാസന്ധന്റെ ശത്രുതയും കൂടിവന്നു. നിരന്തരയുദ്ധം ജീവിതത്തെ നിഷേധിച്ചുകൊണ്ട് സർവനാശം വിതയ്ക്കും എന്ന് കണ്ടറിഞ്ഞതുകൊണ്ടാണ് പുതിയ സ്ഥലം കണ്ടെത്താൻ കൃഷ്ണൻ ശ്രമിച്ചത്. അങ്ങനെയാണ് രൈവതപർവതത്താഴ്വരയിലെ ദ്വാരാവതിയിലെത്തിയതും ദ്വാരകാപുരി സ്ഥാപിച്ചതും. പന്ത്രണ്ടുയോജന കടൽ നികത്തിയെടുത്ത് നിർമിച്ചതാണ് ദ്വാരകാപുരി. വിശ്വകർമാവാണ് ദ്വാരകാപുരി രൂപകല്പന ചെയ്തത്. ശംഖൻ എന്ന ദേവലോക വിത്തസൂക്ഷിപ്പുകാരന്റെ ഉപദേശത്തോടെ ദ്വാരകയിൽ ധനധാന്യസമൃദ്ധിയുണ്ടാക്കി. ആഹാരം, വസ്ത്രം, പാർപ്പിടം, വൈദ്യസഹായം, വിദ്യാഭ്യാസം എന്നിവ ദ്വാരകയിൽ എല്ലാവർക്കും ലഭിച്ചിരുന്നു. ദ്വാരകാപുരി ഭരിക്കാനും കൃഷ്ണൻ തയ്യാറായില്ല. മഥുരാപുരി കംസൻ ഭരിച്ചുകൊണ്ടിരുന്നപ്പോൾ ജലക്ഷാമമുണ്ടായിരുന്നു. എന്നാൽ, കംസവധത്തിനുശേഷം യമുനാനദിയെ കൈതിരിച്ചുവിട്ട് ജലസേചനസൗകര്യം ഉണ്ടാക്കിയിരുന്നു, എന്നിട്ടാണ് മഥുരാപുരി ഉപേക്ഷിച്ചതെന്നും ഓർക്കണം. ദ്വാരകാപുരിയുടെ രാജാവായി ഉഗ്രസേനൻ അഭിഷേകം ചെയ്യപ്പെട്ടു. കാശ്യനായിരുന്നു രാജഗുരു. സേനാനായകനായി അനാധൃഷ്ടിയും പ്രധാനമന്ത്രിയായി കദ്രുവും നിയമിക്കപ്പെട്ടു. പ്രായക്രമമനുസരിച്ച് പത്തുപേർ ഉപമന്ത്രിമാരായി. തേരാളിയായി ദാരുകനും യോധമുഖ്യനായി സാത്യകിയും നിയമിക്കപ്പെട്ടു. ഈ അധികാരശ്രേണിയിലെങ്ങും കൃഷ്ണനുണ്ടായിരുന്നില്ല.

ജനിക്കുന്നതിനു മുൻപേ കൊല്ലാൻ കാത്തുനിന്ന കംസനിൽനിന്നും രക്ഷപ്പെട്ടതിനുശേഷം നിരന്തരമായ വധശ്രമങ്ങൾക്കിടയിൽ ജീവൻ കൈയിൽപിടിച്ചുകൊണ്ടുള്ള ഓട്ടമായിരുന്നു കൃഷ്ണന്റെ ബാല്യകൗമാരജീവിതം. യൗവനാരംഭത്തിലും ഭീഷണി നിലനിന്നു. ജനിച്ചയുടൻ അച്ഛനെയും അമ്മയെയും പിരിയേണ്ടിവന്നു. കന്നുകാലികൾക്കിടയിൽ അവരിൽ ഒരാളായിട്ടായിരുന്നു ജീവിതം. ചാണകത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം ശ്വസിച്ചുകൊണ്ട് ഇടയക്കുടിലുകളിൽ ഗോപകുമാരനായി വളർന്നു. ഇടയബാലന്മാർക്ക് ലഭിച്ചിരുന്ന ജീവിതസൗകര്യങ്ങളിൽ കൂടുതലൊന്നും ഈ കന്നുകാലിച്ചെറുക്കനും ലഭിച്ചില്ല. പശുക്കൾക്കിടയിൽ പശുക്കളാൽ പരിരക്ഷിക്കപ്പെട്ടും പശുക്കളെ പരിപാലിച്ചും ഗോവിന്ദനും ഗോപാലനുമായി ആ ഗോകുലപാലൻ മാറി. അസുരജന്മങ്ങളുമായുള്ള നിരന്തര ഏറ്റുമുട്ടൽ; ഇതിനിടയിൽ ബാല്യത്തിൽ വിദ്യാഭ്യാസവും ലഭിച്ചില്ല. കംസവധത്തിനു ശേഷമാണ് കാശിയിൽ ജനിക്കുകയും അവന്തിയിൽ താമസിക്കുകയും ചെയ്തിരുന്ന സാന്ദീപനിയുടെ ശിഷ്യത്വം സ്വീകരിക്കുന്നത്. അറുപത്തിനാലു ദിവസം മാത്രം നീണ്ടുനിന്ന ആ ഗുരുകുലകാലത്തിന്റെ ഓർമയ്ക്കായി ഒരു ശിഷ്യനും ഒരു ഗുരുവിനും നൽകാൻ കഴിയാതിരുന്ന ഗുരുദക്ഷിണ നൽകുകയും ചെയ്തു. യമൻ കവർന്നെടുത്ത ഗുരുപുത്രനെ യമപുരിയിലെത്തി യമനുമായി യുദ്ധം ചെയ്ത് വീണ്ടടുത്തുകൊടുത്തു.

അഭികാമ്യം എന്നു കരുതാവുന്നതോ അഭിജാതം എന്നു വിശേഷിപ്പിക്കാവുന്നതോ ആയിരുന്നില്ല കൃഷ്ണന്റെ ജന്മവും ജീവിതവും. അതുകൊണ്ടുതന്നെ 'കംസദാസന്റെ മകനേ' എന്ന അധിക്ഷേപത്തിലും കൃഷ്ണൻ കോപാകുലനോ നിരാശനോ ആയില്ല. ആദ്യമായിട്ടല്ല കൃഷ്ണൻ അവഹേളിക്കപ്പെടുന്നത്. പിടിച്ചുപറിക്കൽ, മോഷണം, കൊലപാതകം, ആൾമാറാട്ടം, വ്യഭിചാരം ഉൾപ്പെടെ ശിശുപാലൻ ആരോപിച്ച ആരോപണങ്ങൾ എത്രയായിരുന്നു! നിന്ദാസ്തുതികളോട് സമഭാവന പുലർത്തുക എന്നതായിരുന്നു കൃഷ്ണരീതി. ലാഭനഷ്ടങ്ങളോടുള്ള സമീപനവും അതുതന്നെയായിരുന്നു. തനിക്കുവേണ്ടി ഒന്നും നേടിയില്ല. അതുകൊണ്ട് താൻ നിർമിച്ച ദ്വാരകാപുരി കടലെടുത്തുപോകുമ്പോഴും സ്വയംകൃതാനർഥംമൂലം യാദവവംശം തമ്മിലടിച്ചു മരിച്ചപ്പോഴും യാദവസ്ത്രീകളുടെ മാനംകാക്കാൻ കഴിയാതെ ഗാണ്ഡീവധാരിയായ അർജുനൻ പരാജയപ്പെട്ടപ്പോഴും തന്നെ അതിരറ്റു സ്നേഹിച്ചിരുന്ന ബലരാമൻ പിരിഞ്ഞുപോയപ്പോഴും ചിരി മായാത്ത മുഖവും കലങ്ങാത്ത മനസ്സുമായി കൃഷ്ണൻ അവയെ നേരിട്ടു. ഒടുവിൽ വേടന്റെ അമ്പേൽക്കുന്നതിനുവേണ്ടി കാത്തിരിക്കുമ്പോഴും കൃഷ്ണന്റെ മുഖത്ത് ശോകതാപങ്ങൾ ഉണ്ടായിരുന്നില്ല. ആത്മാവിൽ ആത്മാവിനെ ഉറപ്പിച്ച്, ഇന്ദ്രിയമനസ്സുകളെ അടക്കിയും വാക്കിനെ സംയമിപ്പിച്ചും കൃഷ്ണൻ യോഗംപൂണ്ടു കിടന്നു എന്നാണ് ഈ രംഗത്തെക്കുറിച്ച് വ്യാസൻ പറയുന്നത്. ഈ സന്ദർഭത്തിലാണ് കാലദൂതുമായി ജര എന്നു പേരായ വേടൻ എത്തിയത്. യോഗംപൂണ്ടു കിടന്ന കൃഷ്ണനെ ജര മാനായി തെറ്റിദ്ധരിച്ച് അമ്പെയ്തു. തന്റെ ഇരയെത്തേടി ഓടിയെത്തിയ ജര കൃഷ്ണനെ കണ്ട് ദുഃഖത്തോടെ വിലപിച്ചു. ''ഞാൻ തെറ്റു ചെയ്തു. ഞാൻ തെറ്റു ചെയ്തു'' എന്നു പറഞ്ഞുകൊണ്ട് ജര ദുഃഖത്തിലാണ്ടു. ''ദുഃഖിക്കേണ്ട, നീ തെറ്റു ചെയ്തില്ല.'' എന്നു പറഞ്ഞുകൊണ്ട് കൃഷ്ണൻ ജരയെ ആശ്വസിപ്പിച്ചു. ഗീതാകാരൻ ഉച്ചരിച്ച അവസാനവാക്കായിരുന്നു അത്. അതോടെ കാലമായി പ്രതിഭാസിച്ച കൃഷ്ണശരീരം കാലത്തോടു ചേർന്നു.

തന്നെ അമ്പെയ്തു കൊന്നവനെ ആശ്വസിപ്പിച്ചുകൊണ്ട് മരണത്തിലെത്താൻ കഴിയുമ്പോഴാണ് പരാർഥജീവികളിൽ കൃഷ്ണന് എതിരില്ല എന്നു തോന്നുന്നത്. അർഥം, അധികാരം, സമ്പത്ത്, പദവി, യശസ്സ്-തനിക്കുവേണ്ടി സ്ഥിരമായി വേണമെന്നു കരുതുകയും അവ നേടുന്നതിനും സൂക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് സ്വാർഥന്റെ ലക്ഷണം. പരാർഥനാവട്ടെ ഇവയെല്ലാം മറ്റുള്ളവർക്ക് നേടിക്കൊടുക്കുന്നതിനുവേണ്ടി സ്വകർമത്തെ സമർപ്പിക്കുന്നു. പരാർഥജീവികൾക്ക് എതിരില്ലാത്ത നിദർശനമായിട്ടാണ് വ്യാസൻ കൃഷ്ണനെ മഹാഭാരതത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ കർമങ്ങൾക്കും നടുക്ക് നിൽക്കുമ്പോഴും കർമവും ഫലവും സ്പർശിക്കാത്തവിധത്തിൽ കർമംചെയ്യാൻ കൃഷ്ണന് കഴിഞ്ഞതും അതുകൊണ്ടാണ്. ത്യജിക്കുന്നതിനുവേണ്ടിമാത്രം നേടുമ്പോഴാണ് നേട്ടവും കോട്ടവും ഒരുവനെ ബാധിക്കാതിരിക്കുന്നത്. അപ്പോൾ മാത്രമാണ് ജീവിതത്തിൽ എന്നപോലെ മരണത്തിലും നിർമമനായിരിക്കാൻ കഴിയുന്നതും. അതിനുള്ള എക്കാലത്തെയും മികവുറ്റ ഉദാഹരണമാണ് ശ്രീകൃഷ്ണൻ.

Content highlights: KS Radhakrishnan Article on Lord Krishna Mahabharathavicharangal Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented