കെ.പി ഉമ്മര്‍ ഒരു വികാരജീവി തന്നെയായിരുന്നില്ലേ....


രശ്മി രഘുനാഥ്

''എനിക്ക് അടുത്ത് പരിചയമുണ്ടായിരുന്നു. കഥയുടെ ആദ്യ ഭാഗത്തെ ഉമ്മുക്കയും പത്രപ്രവര്‍ത്തകനുമൊക്കെ സാക്ഷാല്‍ എന്റെ ജീവിതത്തിലെ അനുഭവമാണ്.. .'' അതായത് കഥാകൃത്ത് മെനഞ്ഞെടുത്ത സാങ്കല്‍പ്പിക സന്ദര്‍ഭങ്ങളോ കഥാപാത്രങ്ങളോ അല്ലേത്ര കഥയുടെ ആദ്യഭാഗത്ത്.

ചിത്രീകരണം- കെ ഷെരീഫ്‌

''ഹലോ, ഞാന്‍ കെ.പി. ഉമ്മര്‍.''
''ആര്?'' ''സിനിമയില് ജോലിചെയ്യുന്ന കെ.പി. ഉമ്മര്‍.''
ഞാന് ചിരിച്ചു: ''എടാ, കാദറേ, നീ ഈ ജോലിത്തിരക്കിനിടയില് മിമിക്രി കളിച്ച് ശല്യപ്പെടുത്തല്ലേ. വൈകീട്ട് കാണാം.'' ഫോണ് കട്ട്‌ചെയ്ത് ജോലിയിലേക്ക് തിരിഞ്ഞതും വീണ്ടും ബെല്ലടിച്ചു......

''ഹലോ, താലോലം ചില്‍ഡ്രന്‍സ് മാഗസിന്റെ ഓഫീസ് തന്നെയല്ലേ?'' ദേ, വീണ്ടും കെ.പി. ഉമ്മര്‍. ഞാന്‍ കെ.പി. ഉമ്മറിന്റെ സിനിമയിലെ ഡയലോഗുകള്‍ ഓര്‍ത്തു: ''ശോഭേ ഞാനൊരു വികാരജീവിയാണ്...'' അങ്ങേത്തലക്കല്‍ കെ.പി. ഉമ്മര്‍ പറയുന്നു: ''നിങ്ങള് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാന്‍ കെ.പി. ഉമ്മര്‍തന്നെയാണ്. ഹോട്ടൽ മഹാറാണിയിലുണ്ട്.'' തരിച്ചുനില്‍ക്കേ ഞാന്‍ ആലോചിച്ചു. ജീവിതത്തില്‍ ഒരിക്കല്‍പോലും പരിചയപ്പെട്ടിട്ടില്ലാത്ത കെ.പി. ഉമ്മര്‍ എന്നെ വിളിക്കുകയോ? ഉമ്മുക്ക പറഞ്ഞു: ''നിങ്ങളുടെ മാസികയില്‍ വരുന്ന ഒരു കാര്‍ട്ടൂണ്‍ പംക്തിയില്ലേ, പങ്ക്രുവും ചങ്ക്രുവും, എനിക്കത് വലിയ ഇഷ്ടമാണ്. ഇടയ്ക്ക് അമേരിക്കയില്‍ പോകേണ്ടിവന്നു. രണ്ട് ലക്കം മിസ്സായി. അതൊന്ന് സംഘടിപ്പിച്ചുതരാമോ? ഞാന് ആളെ അയയ്ക്കാം.'' അദ്ഭുതത്താല്‍ ഞാന്‍ പരിഭ്രാന്തനായി. അതിന് കുറേ ആരാധകരുണ്ടെങ്കിലും കെ.പി. ഉമ്മറിനെപ്പോലൊരാള് അതിന്റെ സ്ഥിരം വായനക്കാരനാവുക? ഞാന്‍ സ്വപ്നംകാണുകയാണോ? ഞാന്‍ പറഞ്ഞു: ''ഉമ്മുക്കാ, കഴിഞ്ഞ രണ്ട് ലക്കവുമായി ഞാന് അങ്ങോട്ട് വരാം, ഇപ്പോള്‍തന്നെ.'' എനിക്ക് സന്തോഷവും അമ്പരപ്പും കാരണം തൊണ്ടയിടറി.

-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 ഫെബ്രുവരി ലക്കത്തല്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ 'കെ.പി ഉമ്മര്‍' എന്ന കഥയില്‍ നിന്ന്.

കഥ വായിച്ചപ്പോള്‍ സാക്ഷാല്‍ ഉമ്മുക്കയെന്ന കെ.പി ഉമ്മറേയും അദ്ദേഹത്തിന്റെ വായനാലോകവും എന്തെന്ന് അല്‍പമെങ്കിലും അടുത്തറിഞ്ഞ ആളെന്ന നിലയ്ക്ക് കഥാകൃത്തിനെ തേടിപ്പിടിച്ച് വിളിക്കണമെന്ന് തോന്നി.

''സത്യത്തില്‍ താങ്കള്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുണ്ടോ.''? എന്റെ ചോദ്യം ബഹ്രൈനില്‍ താല്‍കാലിക സന്ദര്‍ശനത്തിന് പോയ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനോടാണ്. കഥാകൃത്ത് പറഞ്ഞു.''എനിക്ക് അടുത്ത് പരിചയമുണ്ടായിരുന്നു. കഥയുടെ ആദ്യ ഭാഗത്തെ ഉമ്മുക്കയും പത്രപ്രവര്‍ത്തകനുമൊക്കെ സാക്ഷാല്‍ എന്റെ ജീവിതത്തിലെ അനുഭവമാണ്.. .'' അതായത് കഥാകൃത്ത് മെനഞ്ഞെടുത്ത സാങ്കല്‍പ്പിക സന്ദര്‍ഭങ്ങളോ കഥാപാത്രങ്ങളോ അല്ലേത്ര കഥയുടെ ആദ്യഭാഗത്ത്. സാക്ഷാല്‍ കെ.പി ഉമ്മറും ചില്‍ഡ്രന്‍സ് മാഗസിന്റെ ഓഫീസ് മുറിയും സ്വന്തം ജീവിതത്തില്‍ നിന്ന് കടമെടുത്തതെന്ന് സാരം.

Shihabuddin Poythumkadavu
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

അദ്ദേഹം ജീവിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു കഥ അച്ചടിച്ച് വന്നിരിന്നതെങ്കില്‍ എന്താകുമായിരുന്നു കഥ . 'കെ.പി ഉമ്മര്‍' വായിച്ച് ഏതാണ് ഈ കഥാകൃത്ത് എന്ന് അന്വേഷിച്ച് ഉറപ്പായും സാക്ഷാല്‍ കെ.പി ഉമ്മര്‍ എത്തിയിരിക്കും. അത് സിനിമയിലെ കഥാപാത്രങ്ങളെ പോലെ ഇടിച്ച് താഴെയിടാനല്ല. തന്നെ കഥാപാത്രമാക്കിയ കഥാകൃത്തിന്റെ സാങ്കല്‍പിക ലോകത്തെ എല്ലാ വികാരജീവിയെന്ന നിലിയിലും അഭിനന്ദിക്കാന്‍. മനസിലെ സന്തോഷം ഒട്ടും മറച്ചുവെയ്ക്കാത ആ നീല കോട്ടുകാരന്‍ കെ.പി ഉമ്മര്‍ ഉറക്കെയുറക്കെ ചിരിച്ച് കൊണ്ട് അഭിനന്ദിച്ച് കൊണ്ടോയിരിക്കും. ഒരുപേക്ഷ ചൈന്നെയില്‍ ആഴ്ചപ്പതിപ്പ് എത്തി അധികം മണിക്കൂര്‍ കഴിയും മുന്‍പ് അന്വേഷണം എത്തുമായിരുന്നെന്ന് ഉറപ്പ്. സ്വന്തം വീട്ടില്‍ വരുന്ന ആഴ്ചപ്പതിപ്പിലേ അദ്ദേഹം താന്‍ കഥാപാത്രമായ മാതൃഭൂമിയിലെ 'കെ.പിഉമ്മര്‍'വായിക്കാന്‍ തരമുള്ളൂ. വീട്ടില്‍ കിട്ടാവുന്ന എല്ലാ പ്രസിദ്ധീകരണവും വരുത്തിയിരുന്നു. കിട്ടാത്തവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കടയില്‍ നിന്ന് വാങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്.

ആ മഹാനടന്റെ പുസ്തകവായന വളരെ അടുത്ത് നിന്ന് കാണാന്‍ മാത്രമല്ല പലപ്പോഴും പുസ്തകം എത്തിച്ചുകൊടുക്കാനും ഞാനൊരു കണ്ണിയായത് സ്‌കൂള്‍ പഠനകാലത്താണ്. കെ.എസ്.ഇ.ബിയില്‍ എന്‍ജിനീയറും കലാകാരനുമായ അച്ഛന്‍, 'കാട്ടുപോത്ത്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച കാലത്താണ് അദ്ദേഹം കുടുംബ സുഹൃത്തായത്. അന്ന് മദ്രാസില്‍ ഇത്രയൊന്നും മലയാള പുസ്തകങ്ങള്‍ വാങ്ങാന്‍ കിട്ടാത്ത കാലം. ആവശ്യമായ പുസ്തകങ്ങളുടെ ഒരു പട്ടിക എന്റെ മേല്‍വിലാസത്തിലേക്ക് അദ്ദേഹം അയച്ച് തരും. അത് കൃത്യമായി റെയില്‍വേ സ്റ്റേഷന് മുന്‍വശത്തുള്ള ബുക്ക് സ്റ്റാളില്‍ എത്തിച്ചാല്‍ മതി. അവര്‍ വി.പി.പി ആയി പുസ്തകം അയച്ച് കൊടുക്കും. പലപ്പോഴും 600-700 രൂപയുടെ പുസ്തകങ്ങളുണ്ടാകും. പുതിയതായി ഇറങ്ങിയ കഥകളും യാത്രാവിവരണങ്ങളും അടങ്ങുന്ന മലയാള സാഹിത്യ മേഖലയിലെ ഒട്ടുമിക്ക പുസ്തങ്ങളും ആ പട്ടികയില്‍ കൃത്യമായി ഉണ്ടായിരുന്നു.

രണ്ടാഴ്ച കൂടുമ്പോള്‍ അദ്ദേഹത്തിന്റെ കത്തുകള്‍ മദ്രാസിലെ മഹാലിംഗപുരത്തെ മേല്‍വിലാസത്തില്‍ നിന്ന് കോട്ടയം കഞ്ഞിക്കുഴിയിലെ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സ് മേല്‍വിലാസത്തില്‍ തേടിയെത്തുമായിരുന്നു. സ്‌നേഹാന്വേഷണത്തില്‍ അച്ഛനും അമ്മയും ചേച്ചിയും അനിയനുമൊക്കെയുണ്ട്. നന്നായി പഠിക്കണം. വായിക്കണം എന്ന് തുടര്‍ച്ചയായ ഓര്‍മ്മപ്പെടുത്തലുണ്ട്. ആ മേല്‍വിലാസത്തില്‍ വന്ന നൂറ്കണക്കിന് കത്തുകള്‍ എല്ലാം ഭദ്രമായി എത്രയോ കാലം സൂക്ഷിച്ചു. പിന്നീട് എപ്പോഴോ എല്ലാം ഒന്നിച്ച് നഷ്ടമായി. എങ്കിലും ആ ഓര്‍മ്മകള്‍ വളരെ സുന്ദരമാണ്. ഇത്ര സുന്ദരമായി മനുഷ്യരെ മനസിലാക്കുന്ന വ്യക്തികള്‍ കുറയും. ജീവിതം ലാളിത്യത്തിന്റേതാണെന്ന് വിശ്വസിച്ച, വിശ്വസിപ്പിച്ചയാള്‍. തിരുനക്കര അമ്പലത്തില്‍ വെച്ച് നടന്ന ചേച്ചിയുടെ വിവാഹത്തിനും എന്റെ സുഹൃത്ത് ലെനുവിന്റെ പപ്പയുടെ അടുത്ത സുഹൃത്തായ അദ്ദേഹം ലെനുവിന്റെ ചേച്ചിയുടെ വിവാഹത്തിലും ഉടനീളം പങ്കെടുത്ത ഓര്‍മയും മായില്ല. കോട്ടയത്തെത്തിയാല്‍ വീട്ടില്‍ വരുന്ന പതിവും തെറ്റിക്കില്ല. പുട്ടും ഇടയിപ്പവും താറാവ് മുട്ടൈഫ്രയും സ്‌പെഷ്യലായി വേണമെന്ന് വിളിച്ച് പറഞ്ഞിരിക്കും.

അദ്ദേഹത്തിന്റെ ജീവിതം വീക്കിപ്പീഡിയ ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്:
കോഴിക്കോട് തെക്കേപ്പുറത്ത് 1929 ഒക്ടോബര്‍ 11-ന് കെ.പി. ഉമ്മര്‍ ജനിച്ചു. കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളിലുടെ നടനായി . 1965-ല്‍ എം.ടിയുടെ മുറപ്പെണ്ണിലൂടെ ചലച്ചിത്രത്തിലേയ്ക്ക്. 1965 മുതല്‍ 1995 വരെ മലയാളസിനിമയില്‍ സജീവമായിരുന്നു. നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതല്‍ ചിത്രങ്ങളിലും. ഭാര്യമാര്‍ സൂക്ഷിക്കുക, മരം, തെറ്റ്, കണ്ണൂര്‍ ഡീലക്‌സ്, സി.ഐ.ഡി നസീര്‍, അര്‍ഹത, ആലിബാബയും 41 കള്ളന്‍മാരും, ഓര്‍ക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിവയിലെ അഭിനയം ശ്രദ്ധേയമാണ്. അവസാന കാലത്ത് ടി.വിയില്‍ പേയിംഗ് ഗസ്റ്റ് എന്ന സീരിയലിലും അദ്ദേഹം ഒരു കൈ നോക്കി. 72-ാം വയസ്സില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ 29-ന് ചെന്നൈയില്‍ അന്ത്യം. വിവരണം ഈ വിധം അവസാനിക്കുന്നു.