കെ.കെ.എൻ. കുറുപ്പ്
കുട്ടമത്ത് കുന്നിയൂര്‍ നാരായണക്കുറുപ്പ്, തെക്കന്‍ കാനറ ജില്ലയിലെ തെക്കേ തൃക്കരിപ്പൂരില്‍ പട്ടേലരായിരുന്നു. അവിടെ മാടക്കാലില്‍ ഒരു കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ ഇടപെട്ട് ജന്മികുടുംബത്തിന്റെ താത്പര്യത്തെ ചെറുത്ത് യഥാര്‍ഥ കുടിയാനെ കുടിയിരുത്തി. അതായിരുന്നു തുടക്കം. കാര്‍ഷികപ്രശ്‌നങ്ങളില്‍ പ്രതികരിക്കാനും പാവങ്ങള്‍ക്കൊപ്പം നില്‍ക്കാനുമുള്ള പ്രേരണയുടെ ബലമായിരുന്നു അത്. അതില്‍നിന്ന് ആ പട്ടേലര്‍ വളര്‍ന്നു. കുട്ടമത്ത് കുന്നിയൂര്‍ നാരായണക്കുറുപ്പിനെ കേരളം പിന്നെ കെ.കെ.എന്‍. കുറുപ്പ് എന്നുവിളിച്ചു. വൈസ് ചാന്‍സലറായ ആദ്യത്തെ വില്ലേജ് ഓഫീസറായി.
സഞ്ചരിച്ച വഴികളിലെല്ലാം വേറിട്ടു നില്‍ക്കുന്ന അടയാളങ്ങള്‍ പതിപ്പിച്ച അദ്ദേഹം ശതാഭിഷിക്തനാവുകയാണ്. ജന്മദിനത്തില്‍ത്തന്നെ തൃക്കേട്ട നാളും ഒത്തുവന്നു. ശതാഭിഷേകത്തിന്റെ ആഘോഷങ്ങളൊന്നുമില്ലെങ്കിലും താണ്ടിയ വഴികളിലേക്ക് തിരിഞ്ഞുനോക്കാന്‍ അതൊരു പ്രേരണയാണെന്ന് കുറുപ്പ്.
വില്ലേജ് ഓഫീസില്‍നിന്ന് സര്‍വകലാശാലയിലേക്ക്
കല്ലാമല യു.പി. സ്‌കൂളിലെ അധ്യാപകനായാണ് കെ.കെ.എന്‍. കുറുപ്പ് ഔദ്യോഗികജീവിതം തുടങ്ങിയത്. ഈ സ്ഥിരംജോലി വിട്ടാണ് താരതമ്യേന ശമ്പളം കുറഞ്ഞ വില്ലേജ് ഓഫീസറുടെ ജോലി തിരഞ്ഞെടുത്തത്. കുട്ടമത്തെ വീട്ടുകാര്‍ക്ക് പാരമ്പര്യമായി കിട്ടിയിരുന്നതാണ് പട്ടേലര്‍ (ഗ്രാമാധികാരി) ജോലി. സംസ്ഥാന രൂപവത്കരണത്തിനുശേഷം പട്ടേലര്‍ എന്ന പേരിനുപകരം വില്ലേജ് ഓഫീസറായി.
കയ്യൂരിലും കൊടക്കാട്ടും കുറുപ്പ് വില്ലേജ് ഓഫീസറായി. ഈ ഗ്രാമങ്ങളാണ് തന്റെ യഥാര്‍ഥ സര്‍വകലാശാലയെന്നു പറയുന്നു കെ.കെ.എന്‍. കുറുപ്പ് എന്ന ചരിത്രകാരന്‍. അക്കാദമിക വ്യവഹാരങ്ങളില്‍നിന്ന് മാറി സാധാരണജനതയുടെ ജീവിതത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പ്രയാണത്തിന്റെ വിത്തിട്ടത് ഈ കാസര്‍കോടന്‍ ഗ്രാമങ്ങളാണ്.
''കാസര്‍കോട് താലൂക്കില്‍ ജോലിചെയ്തില്ലായിരുന്നുവെങ്കില്‍ ഞാനൊരു ചരിത്രകാരനാവുമായിരുന്നില്ല. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഐ.എ.എസുകാര്‍ സര്‍വകലാശാലകളില്‍ പഠിച്ച് ജനങ്ങള്‍ക്കിടയിലേക്ക് വരുമ്പോള്‍, ഞാന്‍ ജനങ്ങള്‍ക്കിടയില്‍ പഠിച്ച് ഐ.എ.എസുകാരെ ഉള്‍പ്പെടെ സൃഷ്ടിക്കുന്ന സര്‍വകലാശാലയുടെ തലപ്പത്തെത്തുകയായിരുന്നു.''
ചരിത്രത്തിലെ അടയാളപ്പെടുത്തലുകള്‍
ജോലി രാജിവെച്ച് പഠിക്കാനിറങ്ങിയ കുറുപ്പ് കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എ.ക്ക് ചേര്‍ന്നതാണ് ജീവിതത്തിലെ വഴിത്തിരിവായത്. ഡോ. എം.പി. ശ്രീകുമാരന്‍നായര്‍, ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. ടി.കെ. രവീന്ദ്രന്‍ തുടങ്ങിയ അധ്യാപകര്‍ കുറുപ്പിലെ ചരിത്രാന്വേഷിയെ തേച്ചുമിനുക്കിയെടുത്തു. 1972 ജനുവരിയില്‍ ചരിത്രവിഭാഗത്തില്‍ സര്‍വകലാശാലയില്‍ അധ്യാപകനായി.
ഒരു വിഷയത്തില്‍ കേന്ദ്രീകരിച്ചുള്ള യൂറോപ്യന്‍ രീതിയിലുള്ള ഗവേഷണ പദ്ധതികളില്‍നിന്ന് വേറിട്ടുനിന്നു, മലബാറിനെക്കുറിച്ചുള്ള കുറുപ്പിന്റെ ഗവേഷണം. ഉത്തരമലബാറിന്റെ സവിശേഷതകള്‍, നാടോടി വിജ്ഞാനീയം, കര്‍ഷകസമരങ്ങള്‍, മാപ്പിളമാരുടെ ജീവിതവും ചരിത്രവും തുടങ്ങി ചരിത്രത്തെ മണ്ണില്‍നിന്ന് വീണ്ടെടുക്കുകയായിരുന്നു കുറുപ്പ് ചെയ്തത്.
.jpg?$p=22d1829&&q=0.8)
''ഗോത്രകലകളെക്കുറിച്ച് ആദ്യമായൊരു പുസ്തകമുണ്ടായത് എന്റേതാണ്. ഗോത്രസമൂഹംപോലെത്തന്നെയായിരുന്നു മാപ്പിളമാരും. അവരുടെ കലയും ദേശീയതയ്ക്കായുള്ള പോരാട്ടവുമൊന്നും അടയാളപ്പെടുത്തിയിരുന്നില്ല. ചരിത്രത്തില്‍ അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു അവര്‍.
കുഞ്ഞാലിമരക്കാര്‍ പടവെട്ടിയതുകൊണ്ടാണ് തുഞ്ചത്തെഴുത്തച്ഛന് രാമായണം എഴുതാനായത്. അല്ലെങ്കില്‍ പോര്‍ച്ചുഗീസുകാര്‍ എഴുത്തച്ഛന്റെ തലവെട്ടി രാമായണം തീയിട്ടേനെ. ഗോവയില്‍ അവര്‍ ചെയ്തത് അതാണ്. എഴുത്തച്ഛന്റെ പ്രാധാന്യം മുഴുവന്‍ മാപ്പിളമാരുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. അതൊന്നും പറയാന്‍ ഒരു ചരിത്രകാരനും ധൈര്യമില്ല.''
വൈസ് ചാന്‍സലര്‍ പദവി
ഈ ധൈര്യം തന്നെയാണ് കര്‍ഷകസമരങ്ങളെയും ഗോത്രപാരമ്പര്യത്തെയുമെല്ലാം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിലേക്ക് കുറുപ്പിനെ നയിച്ചത്. അതുതന്നെയാണ് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ മികച്ചൊരു ഭരണാധികാരിയായി മാറാനും തന്നെ സഹായിച്ചതെന്ന് കുറുപ്പ് പറയുന്നു.
കാലണയില്ലാത്ത സര്‍വകലാശാലയിലാണ് താന്‍ വി.സി. ആയെത്തിയതെന്നും ചുമതല കഴിഞ്ഞിറങ്ങുമ്പോള്‍ 10 കോടി നീക്കിയിരിപ്പുണ്ടായിരുന്നുവെന്നും കുറുപ്പ്. സര്‍വകലാശാല കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയതും എന്‍ജിനിയറിങ് കോളേജ് തുടങ്ങിയതും ബി.എഡ്. കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ചതും കുറുപ്പിന്റെ കാലത്തുതന്നെ.
പിണങ്ങാനോ സ്‌നേഹിക്കാനോ ഞാനില്ലെന്നും കാര്യങ്ങള്‍ നേരെ ചൊവ്വേ നടന്നോ എന്നു മാത്രമാണ് താന്‍ നോക്കിയതെന്നും കാലിക്കറ്റിലെ കാലത്തെക്കുറിച്ച് കുറുപ്പ് ഓര്‍ക്കുന്നു. തന്നെ ഏതു സമയത്തും ആര്‍ക്കും കാണാമായിരുന്നു, ഒരൊപ്പിനുവേണ്ടി ആരും കാത്തുനില്‍ക്കരുതെന്ന് തനിക്ക് ശാഠ്യമുണ്ടായിരുന്നു.
സര്‍വകലാശാലയുടെ ചരിത്രത്തിലെത്തന്നെ മികച്ച കാലയളവാണതെന്ന് അദ്ദേഹം അഭിമാനത്തോടെ അടിവരയിടുന്നു. ശതാഭിഷേകനിറവില്‍ നില്‍ക്കുമ്പോള്‍ കേരളത്തിനുവേണ്ടി തന്നാലാവുന്നതെല്ലാം ചെയ്തുവെന്ന് അതേ അഭിമാനബോധത്തോടെ കെ.കെ.എന്‍. കുറുപ്പ് വിനയാന്വിതനാവുന്നു.
Content Highlights: K K N Kurup, Historian and writer, Former Vice Chancellor of University of calicut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..