കെ. ജയകുമാർ | ഫോട്ടോ: സാജൻ വി. നമ്പ്യാർ
'കോഴിക്കോട് കളക്ടറുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു 1987-ലെ നെഹ്രുട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ്. സ്റ്റേഡിയം മുതല്‍ ഉണ്ടാക്കിയെടുക്കേണ്ടിയിരുന്നു. വെറുമൊരു ഫുട്ബോള്‍ മത്സരം നടത്തുക മാത്രമല്ല, പരിമിത സൗകര്യങ്ങളാലുഴലുന്ന കോഴിക്കോട് നഗരത്തെ മാറ്റിപ്പണിയുക എന്നതുകൂടി കളക്ടറുടെ ലക്ഷ്യമായിരുന്നു. ആ കാലമാണ് ഇവിടെ ഓര്‍ക്കുന്നത്'. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ കെ. ജയകുമാര്‍ എഴുതുന്ന ആത്മകഥ 'സഞ്ചാരത്തിന്റെ സംഗീത'ത്തിന്റെ പതിനൊന്നാം അധ്യായം വായിക്കാം...
രണ്ടുവര്‍ഷവും അഞ്ചു മാസവുമാണ് കളക്ടറായി ഞാന്‍ കോഴിക്കോട്ട് കഴിഞ്ഞത്. മകന് രണ്ടാം ക്ലാസിലും മകള്‍ യു.കെ. ജി.യിലും പഠിത്തം ആരംഭിക്കുന്ന കുടുംബ ജീവിതത്തിന്റെ പ്രധാന ഘട്ടം. മക്കളെ കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ക്കണം എന്ന ഒരാശയം പരിഗണിക്കപ്പെട്ടെങ്കിലും ഒരു പ്രായോഗിക യുക്തിയാല്‍ അതുമായി മുന്നോട്ടുപോയില്ല. ഞാന്‍ ഭാര്യയോട് പറഞ്ഞു: ''കോഴിക്കോട് പോലെയൊരു ജില്ലയില്‍ എത്രകാലം കളക്ടറായിരിക്കുമെന്നു നിശ്ചയിക്കാന്‍ കഴിയില്ല. ചെറിയ പ്രശ്നംമതി മറ്റൊരു ജില്ലയിലേക്ക് 'തട്ടാന്‍.'
അവിടെ കേന്ദ്രീയവിദ്യാലയം ഉണ്ടാവണമെന്നില്ല.'' നാലുവര്‍ഷംകൊണ്ട് മൂന്ന് ജില്ലയും നാല് ജോലിയും പരിചയിച്ച അനുഭവത്തില്‍ ആ സാധ്യത തള്ളിക്കളയാവതല്ലെന്ന് സഹധര്മിണിക്കും തോന്നി. ഓരോ സ്ഥലംമാറ്റത്തിലും കൂടുതല്‍ കഷ്ടപ്പെടുക വീട്ടുകാരിയാണല്ലോ. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ ചെറുതായിരിക്കെ. അങ്ങനെ മക്കളെ സെയ്ന്റ് ജോസഫ്സ് സ്കൂളില്‍ ചേര്‍ത്തു. കളക്ടര്‍ ജീവിതം ആരംഭിച്ചപ്പോള്‍ വീട്ടില്‍ ഞാന്‍ ഒരു നയം വ്യക്തമാക്കി: ''സമയത്ത് വീട്ടില്‍ ഊണുകഴിക്കാന്‍ വരുമെന്നോ, സാധാരണ ആളുകള്‍ ഓഫീസില്‍ നിന്നു മടങ്ങുന്ന സമയത്ത് തിരികെ എത്തുമെന്നോ ഉള്ള ഒരു ഗാരന്റിയും ഞാന്‍ ഈ കാലയളവില്‍ തരുന്നില്ല. അതുകൊണ്ട് എന്നെ കാത്തിരുന്നു വിശക്കരുത്.'' എന്റെ ആ ജീവിതശൈലി കാരണം ആദ്യകാലത്ത് കുട്ടികളുടെ പഠിത്തത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാത്ത പിതാവെന്ന അപഖ്യാതി എന്റെമേല്‍ പതിഞ്ഞു കിടപ്പുണ്ട്. അത് തെറ്റായ ആരോപണമാണെന്ന മറുവാദം ഉന്നയിക്കാന്‍ ഞാന്‍ ആളല്ല.
സബ് കളക്ടര്‍ ജീവിതത്തിന്റെ തുടര്‍ച്ചയും വിപുലനവുമായിട്ടാണ് കളക്ടര്‍ ജീവിതം എനിക്ക് അനുഭവപ്പെട്ടത്. ജില്ലയുടെ ഭൂമിശാസ്ത്രം, രാഷ്ട്രീയം, ജനങ്ങള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, നഗരത്തിലെ സമവാക്യങ്ങള്‍, എല്ലാം എനിക്ക് സുപരിചിതം. പുതുതായി നിയമിക്കപ്പെടുന്ന ഒരു കളക്ടര്‍ക്ക് മൂന്നു മാസമെടുക്കും തന്റെ ജില്ലയെക്കുറിച്ചുള്ള ഒരു ത്രിമാനചിത്രം രൂപപ്പെടുത്താന്‍. ആ ഘട്ടം എനിക്ക് വേണ്ടിവന്നില്ല. ഞാന്‍ സബ് കളക്ടറായിരിക്കെ എ.ഡി.എം. ആയിരുന്ന പക്വമതിയായ നാരായണക്കുറുപ്പ് പിന്നീട് കളക്ടറായി. അദ്ദേഹം വിരമിച്ച ഒഴിവിലാണ് ഞാന്‍ സ്ഥാനമേറ്റത്. നേരത്തേ കോഴിക്കോട് തഹസില്‍ദാര്‍ ആയിരുന്ന പത്മനാഭക്കുറുപ്പു ഞാനെത്തുമ്പോള്‍ എ.ഡി.എമ്മായി. ഡെപ്യൂട്ടി കളക്ടര്‍മാര്‍, ബ്ലോക്ക് ഡെവലപ്മെന്റ്റ് ഓഫീസര്‍മാര്‍, മറ്റു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ പരിചിതരുടെ ഒരു വലിയ വ്യൂഹത്തിലേക്കാണു ഞാന്‍ കളക്ടറായെത്തുന്നത്.
സഹപ്രവര്‍ത്തകരുമായി പുലര്‍ത്തുന്ന വിശ്വാസവും സ്നേഹബന്ധവുമാണ് ഉദ്യോഗത്തിലെ വലിയ സമ്പത്ത്. ആ വിശ്വാസവും സ്നേഹബന്ധവും ഔദ്യോഗിക ശ്രേണികളെയും സ്ഥാനങ്ങളെയും വിരമിക്കലിനെയുമെല്ലാം അതിലംഘിച്ച് ജീവിതാവസാനംവരെ പ്രകാശിക്കുകയും ചെയ്യും. ഇത് അനുഭവസാക്ഷ്യം. ജീവിതസായാഹ്നത്തില്‍ ആ സുവര്‍ണ നിക്ഷേപത്തിന്റെ പലിശ കൃത്യമായി കിട്ടിക്കൊണ്ടിരിക്കുന്നവനാണ് ഞാന്‍.
കോഴിക്കോട് ദിനങ്ങളെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ കടല്‍ത്തിരകള്‍പോലെ മനസ്സിന്റെ മണല്പ്പരപ്പിലേക്ക് ഒന്നിനുപിറകെ ഒന്നായി ഓര്‍മകള്‍ ചുരുള്‍ നിവരുന്നു. ചെറുതും വലുതുമായ എത്രയെത്ര സംഭവങ്ങള്‍; പ്രശസ്തരും അപ്രശസ്തരുമായ എത്രയെത്ര വ്യക്തികള്‍, ഓര്‍മയില്‍ ബാക്കിയാവുന്ന എത്രയെത്ര നിറഭേദങ്ങള്‍! അവയില്‍നിന്ന് ഏതാനും ചിത്രങ്ങള്‍മാത്രം ഇവിടെ കോറിയിടട്ടെ.
1987-ലെ നെഹ്രുട്രോഫി അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരം കോഴിക്കോട്ടുവെച്ച് നടത്താമോ എന്ന് സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ്റ് ലക്ഷ്മണനും മറ്റു ഭാരവാഹികളും നേരിട്ടുവന്ന് എന്നോടന്വേഷിച്ചു. മുന്‍ മേയറായിരുന്ന സി.ജെ. റോബിനാണ് ഇവരെയും കൂട്ടി വന്നത്. ഞാനൊരു ഫുട്ബോള്‍ കളിക്കാരനല്ല. കളി കണ്ടിരുന്നാല്‍ മുഷിയില്ല എന്നല്ലാതെ ഒരവകാശവാദവും എനിക്കില്ല.
ഒരന്താരാഷ്ട്ര മത്സരത്തിന് ആതിഥ്യമരുളാന്‍ എന്തൊക്കെ വേണം? ലോകനിലവാരമുള്ള സ്റ്റേഡിയംവേണം, രാത്രി കളി നടത്താന്‍ സ്റ്റേഡിയത്തില്‍ ഫ്ളഡ്ലൈറ്റ് വേണം, കാണികള്‍ക്കിരിക്കാന്‍ ഗാലറി വേണം, വിദേശ ടീമുകള്‍ക്ക് താമസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വേണം, അങ്ങനെ പലതും വേണം. ഇവയൊന്നും അന്നത്തെ കോഴിക്കോട്ടില്ല. ആകെയുള്ളത് പന്തുകളിയോടുള്ള ഒടുങ്ങാത്ത ആവേശംമാത്രം. ''ഇതെല്ലാമുള്ള മറ്റേതെങ്കിലും നഗരം അന്വേഷിക്കൂ'' എന്ന സ്വാഭാവിക മറുപടി പറയാതിരുന്നത് ദൈവാനുഗ്രഹം. പകരം ഞാന്‍ ചോദിച്ചു: ''സമയം എത്രയുണ്ട് നമ്മുടെ കൈവശം?'' കഷ്ടിച്ച് ആറു മാസമുണ്ടായിരുന്നു എന്നാണോര്‍മ. ഞാന്‍ എണീറ്റ് ഹസ്തദാനത്തിനായി കൈനീട്ടി: ''അപ്പോള്‍ ഈ വരുന്ന നെഹ്രുട്രോഫി അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരം നമ്മള് കോഴിക്കോട്ടുവെച്ച് നടത്തുന്നു.'' ഏതോ പ്രചോദനത്താല്‍ നാടകീയമായി ഞാന്‍ അവരെ അറിയിച്ചു. തെല്ല് അവിശ്വാസത്തോടെയും എന്നാല്‍, ഒട്ടു പ്രതീക്ഷയോടെയും അവര്‍ പരസ്പരം നോക്കുന്നുണ്ടായിരുന്നു.
കോഴിക്കോടിന്റെ അന്നത്തെ അവസ്ഥയില്‍ അതൊരു സാഹസിക തീരുമാനമായിരുന്നു. ജനപ്രതിനിധികളെയും പൗരമുഖ്യരെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും അടിയന്തരമായി ക്ഷണിച്ചുവരുത്തി വിശദമായ ചര്‍ച്ച നടത്തി. ''അസാധ്യമായതു നമുക്ക് ചെയ്യാം.'' എന്ന് ഒരു നഗരം ഒരുമിച്ചു പറഞ്ഞു. സ്റ്റേഡിയം പണിയണം; സ്റ്റേഡിയത്തില്‍ പുല്ലുവെച്ചുപിടിപ്പിക്കണം. പഞ്ചനക്ഷത്ര നിലവാരമുള്ള ഹോട്ടലുകള്‍ വേണം. നഗരത്തില്‍ അന്ന് പഞ്ചനക്ഷത്രം പോയിട്ട് രണ്ടോ മൂന്നോ നക്ഷത്രമെങ്കിലുമുള്ള ഹോട്ടലുകള്തന്നെ വിരളം. അന്ന് കോഴിക്കോട് നഗരസഭ നിലവിലില്ല. സാങ്കേതികമായ എന്തോ കാരണത്താല്‍ തിരഞ്ഞെടുക്കപ്പെട്ട കോര്പ്പറേഷന് കൗണ്‍സിലും മേയറും ഇല്ല. ജില്ലാ കളക്ടര്‍ക്കാണ് പൂര്‍ണചുമതല. അത് ഒരു വലിയ അവസരമായി. സ്റ്റേഡിയം കോര്‍പ്പറേഷന്റെ വകയാണല്ലോ.
വിപുലമായ കമ്മിറ്റികള്‍ രൂപവത്കരിച്ചു. കമ്മിറ്റികള്‍ ആവേശപൂര്‍വമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. സ്റ്റേഡിയം രൂപകല്പന ചെയ്യാന്‍ പ്രശസ്ത ആര്‍ക്കിടെക്ട് എന്‍.എം. സലീമിനെ ഏല്‍പ്പിച്ചു. പണിയേറ്റെടുക്കാന്‍ കരാര്‍ ക്ഷണിച്ചു. സൗദിയില്‍നിന്ന് മടങ്ങിയെത്തിയ തൃശ്ശൂര്‍ക്കാരന്‍ യുവാവായ മുഹമ്മദ് സക്കീര്‍ നിശ്ചിത സമയത്തിനുള്ളില്‍ ഗാലറി പണിയുന്ന പ്രവൃത്തി കരാറെടുത്തു. ഈ കുറിപ്പെഴുതാന്‍ ആരംഭിക്കുമ്പോള്‍ പത്രത്തിന്റെ ചരമകോളത്തില്‍ സക്കീറിന്റെ മുഖം ഞാന്‍ കാണാനിടയാവുന്നു. ഉന്നതവിദ്യാഭ്യാസംകൊണ്ടും സാങ്കേതികപരിജ്ഞാനം കൊണ്ടും മാന്യമായപെരുമാറ്റംകൊണ്ടും വ്യത്യസ്തനായ ഒരു കോണ്‍ട്രാക്ടറായിരുന്നു സക്കീര്‍. ഈ ലക്കം വായിക്കാതെപോയ സക്കീറിന്റെ ഓര്‍മയ്ക്കുമുമ്പില്‍, 45 വര്‍ഷംമുമ്പുള്ള ആ ദിവസങ്ങളുടെ ധന്യതയില്‍ ഞാനൊന്നു നിശ്ശബ്ദനായി നിന്നുകൊള്ളട്ടെ.
ടൂര്ണമെന്റ്റ് നടത്തിപ്പുമായി നേരിട്ട് ബന്ധപ്പെട്ട അനേകം പ്രവര്‍ത്തനങ്ങളും സ്റ്റേഡിയം നിര്‍മാണവും ഫ്ളഡ്ലൈറ്റ് സ്ഥാപിക്കലുമെല്ലാം ഒരു ഭാഗത്തു നടക്കുമ്പോള്‍ കളക്ടര്‍ എന്ന നിലയിലും മേയര്‍ എന്ന നിലയിലും ഞാന്‍ വേറെ ചില പരിപാടികള്‍ ഏറ്റെടുത്തു. കളി കഴിഞ്ഞ് ആളും ആരവവും ഒഴിഞ്ഞാലും ഈ നഗരത്തിന് എന്ത് മിച്ചമുണ്ടാവും? സ്ഥായിയായ നേട്ടങ്ങള്‍ ഉണ്ടാവണ്ടേ? റോഡ് വികസനത്തില്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയും എന്ന് മനസ്സിലാക്കി. ഒച്ചിഴയുംപോലെ നീങ്ങിക്കൊണ്ടിരുന്ന സ്ഥലമെടുപ്പ് നടപടികളില്‍ കുടുങ്ങി നഗരനിരത്തുകള്‍ ശ്വാസം മുട്ടുകയായിരുന്നു. സമയക്ലിപ്തതയില്ലാതെ നടന്നുകൊണ്ടിരുന്ന വിവിധ റോഡുകളുടെ വികസനം, കോറണേഷന്‍ തിയേറ്ററിനുമുന്നിലെ റോഡ്, എല്‍.ഐ.സി. കെട്ടിടത്തിന്റെയും മാനാഞ്ചിറ മൈതാനത്തിനുമിടയ്ക്കുള്ള റോഡ് എന്നിവയുടെ വീതി കൂട്ടല്‍, അരയിടത്തുപാലംമുതല് ആരംഭിക്കുന്ന ബൈപ്പാസിന്റെ നിര്‍മാണം എന്നിങ്ങനെ നഗരത്തിനുള്ളിലും വെളിയിലുമായി മന്ദഗതിയില്‍ നടന്നുകൊണ്ടിരുന്ന റോഡുപണികള്‍ക്ക് നെഹ്രുട്രോഫിയുടെ പേരില്‍ സമയപരിധിയുണ്ടായി. പൊതുമരാമത്തും നാഷണല്‍ ഹൈവേയും ഈ യത്നത്തില്‍ പങ്കാളികളായി. സ്ഥലമെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ റവന്യൂ വകുപ്പും ജാഡ്യം വിട്ടെഴുന്നേറ്റു. ടൂര്‍ണമെന്റ് തുടങ്ങുംമുമ്പ് എല്ലാം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും ജനങ്ങളും ഒരേപോലെ ചിന്തിച്ചു. രാഷ്ട്രീയനേതൃത്വവും ഒപ്പം നിന്നു. ജില്ലയിലെ എം.എല്‍.എ.മാരും എം.പി.മാരുമെല്ലാം ഈ ആവേശത്തില്‍ പങ്കുകൊണ്ടു. ചില പ്രബലരുടെ മതിലും കടയുമൊക്കെ രായ്ക്കുരാമാനം പൊളിച്ചതും ഫോണ്‍ കിട്ടാത്ത ഒരു റെസ്റ്റ് ഹൗസില്‍ പോയി ഞാന്‍ രാത്രി കിടന്നതും ഓര്‍മയുണ്ട്. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്തിന്റെ അനുഗ്രഹം! പൊളിച്ചു തീരുന്നതുവരെയും ഒരു സമ്മര്‍ദവും എന്നെത്തേടി വന്നില്ല.
കോഴിക്കോട്ട് പറഞ്ഞു പതിഞ്ഞുപോയ ഒരു ചൊല്ലുണ്ട്: ''വാസ്കോഡ ഗാമ ഇപ്പോള്‍ കോഴിക്കോട്ട് വന്നാലും വഴി തെറ്റില്ല'' എന്ന്. ഈ മുരടിപ്പിന് ചെറിയ ശമനമുണ്ടാക്കാന്‍ മേയറുടെ അധികാരം ഉപകരിച്ചു. അന്ന് നഗരത്തിലെ തെരുവുവിളക്കുകളെല്ലാം ട്യൂബ്ലൈറ്റുകളായിരുന്നു. ഹാലൊജന്‍, എല്‍.ഇ.ഡി. ലൈറ്റുകളൊക്കെ പ്രചാരത്തില്‍ വരുന്നതിനുമുമ്പ്, സോഡിയം വേപ്പര്‍ ലാമ്പ് ആയിരുന്നു ഏറ്റവും ആധുനികമായ നഗരവിളക്ക്. ആദ്യമായി മാവൂര്‍റോഡില്‍ റോഡിന്റെ മധ്യത്തില്‍ സ്ഥാപിച്ച സോഡിയം വേപ്പര്‍ ലാമ്പുകള്‍ കാണാന്മാത്രം ആളുകള്‍ ദൂരെനിന്ന് വന്നു. മാനാഞ്ചിറ മൈതാനം ഇപ്പോഴത്തെപ്പോലെ ഒറ്റ ഉദ്യാനമല്ല അന്ന് (അത് പിന്നീട് അമിതാഭ് കാന്തിന്റെ കാലത്തെ പരിഷ്കാരമാണ്). മൈതാനത്തിനും ചിറയ്ക്കും ചുറ്റും കമനീയമായ വിളക്കുകളും ചെടിച്ചട്ടിയുമൊക്കെ സ്ഥാപിച്ചു. നഗരത്തിലെ റോഡുകളില്‍ കൃത്യമായ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഒലിവ് പച്ചയും ഇളംമഞ്ഞയും എന്ന നിറങ്ങളിലായിരിക്കണം കോര്പ്പറേഷന് ബോര്‍ഡുകള്‍ക്ക് എന്ന് വ്യവസ്ഥചെയ്യുകയും എങ്ങും പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇംഗ്ളീഷുകാരുടെ പേരുകള്‍ അപ്പോഴും പേറിയിരുന്ന റോഡുകള്‍ക്ക് പുതിയ പേരുകള്‍ നല്കി. അങ്ങനെയാണ് ഇന്ദിരാ ഗാന്ധി റോഡും പി.ടി. ഉഷ റോഡും കെ.പി. കേശവ മേനോന് റോഡും എല്ലാം നിലവില്‍വരുന്നത്.
നാലഞ്ചുമാസം നഗരത്തില്‍ ഉത്സവ പ്രതീതിയായിരുന്നു. മുറ്റത്തു പന്തല്‍കെട്ടി വിവാഹങ്ങള്‍ നടന്നിരുന്നല്ലോ പണ്ടൊക്കെ. വിവാഹത്തലേന്നുള്ള ഭവനം പോലെയായിരുന്നു നഗരം. പണികള്‍ നടക്കുന്നിടത്തെല്ലാം രാത്രിയും പകലും ആളുകള്‍ ഉത്സാഹത്തോടെയും കൗതുകത്തോടെയും പങ്കാളിത്ത ബോധത്തോടെയും കൂടിനിന്നു. എല്ലാ പ്രവൃത്തികളും യഥാസമയം തീരുമോ എന്ന ആശങ്ക പരസ്പരം പങ്കുെവച്ചു. രാത്രി വളരെ വൈകി സ്റ്റേഡിയം നിര്‍മാണം നടക്കുന്നിടത്തോ മറ്റേതെങ്കിലും സൈറ്റിലോ ചെല്ലുമ്പോള്‍ ആളുകള്‍ ചുറ്റുംകൂടി കാര്യങ്ങളൊക്കെ ചോദിക്കും. വിലപ്പെട്ട ഒരുപാടു വിവരങ്ങള്‍ ആ സംഭാഷണത്തിലൂടെ എനിക്കും കിട്ടിയിരുന്നു. പലപ്പോഴും അവരിലാരെങ്കിലും കളക്ടര്‍ക്ക് കട്ടന്‍ചായയുമായി വരും.
ഇതൊക്കെ ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായതും ചിലരെയെങ്കിലും ചൊടിപ്പിച്ച 'സ്പീഡിന്' തിക്തമായ അനന്തരഫലങ്ങള്‍ ഉണ്ടാകാതിരുന്നതും മുഖ്യമന്ത്രിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയാണ്. പ്രവൃത്തികള്‍ ഫുള്‍സ്പീഡില്‍ ആരംഭിക്കുന്നതിനു രണ്ടാഴ്ചമുമ്പ് ഞാന്‍ മുഖ്യമന്ത്രി കരുണാകരനെ കാണാന്‍ തിരുവനന്തപുരത്തെത്തി. മനസ്സിലുള്ള പരിപാടികളൊക്കെ അദ്ദേഹത്തോട് വിശദീകരിച്ചു.
.jpg?$p=055e3e3&&q=0.8)
നഗരവികസനത്തിന് ഇതൊരു നല്ല അവസരമാണെന്നും ആളുകളുടെ പൂര്‍ണ സഹകരണമുണ്ടെന്നും സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ ഫുട്ബോള്‍ ആരംഭിക്കുന്നതിനുമുമ്പ് എല്ലാം പൂര്‍ത്തിയാക്കാമെന്നും ഞാന്‍ ധരിപ്പിച്ചു. ''കോഴിക്കോടിന്റെ മുഖച്ഛായ മാറ്റാം സര്. പക്ഷേ, എന്നെക്കുറിച്ച് ഒരുപാട് പരാതികള്‍ സര്‍ക്കാരില്‍ വരും. സാറിന്റെ സംരക്ഷണമുണ്ടെങ്കില്‍ ഏല്ലാം നടക്കും.'' കളക്ടറുടെ ആത്മവിശ്വാസം ഒറ്റ നോട്ടത്തിലൊന്നു വിലയിരുത്തിയശേഷം അദ്ദേഹം പറഞ്ഞു: ''ഗോ എഹെഡ്.'' ആ പച്ചക്കൊടിയായിരുന്നു എന്റെ കവചം. എന്റെ പേരില്‍ പരാതികളും ആരോപണങ്ങളും തീര്‍ച്ചയായും ചെന്നിരിക്കും. അദ്ദേഹത്തിന്റെ വാക്ക് എന്നെ സംരക്ഷിതനാക്കി.
ഇതിനിടെ കലാപരമായ ഒരു കഥകൂടി പറയാം. അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം വര്ണപ്പകിട്ടുള്ളതാക്കണം എന്ന് തീരുമാനിക്കപ്പെട്ടു. അനേകം കലാരൂപങ്ങളുടെ പ്രദര്‍ശനവും മറ്റും ബന്ധപ്പെട്ട കമ്മിറ്റി ആസൂത്രണം ചെയ്യുകയാണ്. അപ്പോഴാണ് ഒരു സ്വാഗതഗാനം വേണം എന്ന ആവശ്യമുയരുന്നത്. എന്നോട് എഴുതാനൊക്കെ പലരും പറഞ്ഞെങ്കിലും ഒ.എന്‍.വി. സാറിനെക്കൊണ്ട് എഴുതിക്കാമെന്നു തീരുമാനിച്ചു. അനേകംപേര്‍ ചേര്‍ന്ന് ആലപിക്കേണ്ട ഗാനം ചിട്ടപ്പെടുത്താന്‍ പ്രശസ്ത സംഗീത സംവിധായകന് ജെറി അമല്‍ദേവിനെ ബന്ധപ്പെട്ടു. അദ്ദേഹം വന്നു; എന്നോടൊപ്പമായിരുന്നു താമസം. അദ്ദേഹം വന്നെങ്കിലും സ്വാഗത ഗാനം എഴുതിക്കിട്ടാന്‍ ഒരു നാലഞ്ചുദിവസം വൈകി. സംഗീത സംവിധായകന് ഒന്നും ചെയ്യാനില്ലാതിരിക്കുന്നതുകണ്ട് ഞാന്‍ പറഞ്ഞു: ''എപ്പോഴോ ഞാന്‍ കുറിച്ചിട്ട നാലു വരികളാണ്. ഒന്ന് നോക്കൂ.'' വായിച്ചു നോക്കിയിട്ട് അദ്ദേഹം പറഞ്ഞു: ''നല്ല വരികള്‍; ഞാനൊന്നു നോക്കട്ടെ.'' വൈകീട്ട് ഞാന്‍ ചെല്ലുമ്പോള്‍ ആ വരികള്‍ അദ്ദേഹം പഹാഡി രാഗത്തില്‍ ചിട്ടപ്പെടുത്തി കേള്‍പ്പിച്ചു. ആ നാലുവരികള്ക്കുണ്ടായ പരിണാമം അദ്ഭുതകരമായിരുന്നു. ബാക്കി വരികള്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിറ്റേന്ന് ഞാന്‍ പാട്ടിന്റെ പൂര്‍ണരൂപം എഴുതിയേല്പ്പിച്ചു.
.jpg?$p=ea79d92&&q=0.8)
ചില്ലിട്ട വാതിലില്‍ വന്നു നില്‍ക്കാമോ
മെല്ലെ തുറന്നു തരാമോ?
ഏകാന്ത സന്ധ്യകള്‍ ഒന്നിച്ചു പങ്കിടാന്‍
മൗനാനുവാദം തരാമോ?...'
''ഇതുപോലെ ഒരു എട്ടു പാട്ടുകള്‍ കൂടി എഴുതൂ. നമുക്ക് യേശുദാസിനെക്കൊണ്ട് പാടിച്ച് കാസറ്റിറക്കാം.'' പിന്നീടാണ് അദ്ദേഹം പാട്ടുകള്‍ യേശുദാസിനെ കേള്‍പ്പിക്കുന്നതും തരംഗിണി മ്യൂസിക് അത് 'ആര്‍ദ്രഗീതങ്ങള്‍' എന്ന പേരില്‍ പുറത്തിറക്കുന്നതും. നെഹ്രുകപ്പ് അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരത്തിന്റെ പ്രതീക്ഷിക്കാത്ത ഉപോത്പന്നം!
ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് നഗരത്തിന്റെ നവീകരണത്തിന് ഗുണം ചെയ്യുന്ന അവസരമാക്കാം എന്ന എന്റെ വിശ്വാസം ഉത്സാഹവും ഉത്സവവുമാക്കിയത് കോഴിക്കോടിന്റെ ഉദാരഹൃദയമാണ്. നന്മ കാണുന്ന ജനങ്ങളാണ്. അവരാണ് അതിന്റെ യഥാര്ഥശില്പികളും അവകാശികളും. നഗരത്തില്‍ ചെറിയൊരു കാലയളവിനുള്ളില്‍ വലിയമാറ്റങ്ങള്‍ യാഥാര്‍ഥ്യമായതിന്റെ രഹസ്യചേരുവകള്‍ പലതാണ്. ഇപ്പോഴും മറന്നിട്ടില്ലാത്ത, പല ശ്രേണികളിലുള്ള നൂറു കണക്കിന് ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്വാനമാണ്. കോഴിക്കോട് കോര്പ്പറേഷന് സ്റ്റാഫിന്റെ സമ്പൂര്‍ണ സഹകരണമാണ്. നഗരത്തിലെ പൗരപ്രമുഖര്‍ നല്കിയ സ്വാര്‍ഥവിചാരം തീണ്ടാത്ത സഹകരണമാണ്. പത്രമാധ്യമങ്ങളുടെ നിര്‍ലോഭമായ പ്രോത്സാഹനമാണ്. പോരായ്മകളും വീഴ്ചകളും ചൂണ്ടിക്കാട്ടാന്‍ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ മടിച്ചില്ല; തിരുത്താന്‍ ഞാനും.

കമ്മിറ്റികളില്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച അനേകം പ്രമുഖരുണ്ട്. സ്റ്റേഡിയം നിര്‍മാണക്കമ്മിറ്റിയുടെ ട്രഷറര്‍ ആയിരുന്ന പരേതനായ ഹസ്സന്‍കുട്ടി സാഹിബിനെ പ്രത്യേകമായി ഓര്‍ക്കുന്നു. വിവിധ രാഷ്ട്രീയനേതാക്കള്‍ കാര്യങ്ങള്‍ സുഗമമാക്കാന്‍ സഹകരിച്ചു. അനേകം കരാറുകാരുടെ ശുഷ്കാന്തിയുണ്ട്. അവരുടെ എണ്ണമറ്റ തൊഴിലാളികളുടെ രാപകലുള്ള അത്യധ്വാനമുണ്ട്. ഓര്‍മിക്കാനും നന്ദിപറയാനും അനേകം പേരുണ്ട്. പട്ടികനീളും എന്നതുകൊണ്ടുമാത്രമല്ല അതിനു മുതിരാത്തത്. പറയപ്പെടാത്ത നന്ദിയുടെ സുഗന്ധം മനസ്സില്‍ എപ്പോഴുമുണ്ടാകട്ടെ. ഇപ്പോള്‍ എല്ലാം അവിശ്വസനീയമായിത്തോന്നുന്നു. വ്യത്യാസങ്ങള്‍ പര്‍വതീകരിക്കപ്പെടുകയും വിഘടനത്തിന് അവ ഹേതുവാവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിന്റെ ഇരുളിടങ്ങളില് നില്ക്കുമ്പോള് കൂട്ടായ്മയുടെയും ഒരുമയുടെയും ഇന്നലെയുടെ ആ പ്രകാശദിനങ്ങള്‍ എന്തൊരു അമൂല്യ സമ്മാനമായിരുന്നു! ജനങ്ങളുടെ വിശ്വാസവും ആവേശവും പങ്കാളിത്തവുമുണ്ടെങ്കില് വികസനമെന്ന മെല്ലെ ചലിക്കുന്ന യന്ത്രം അതിവേഗം നീങ്ങുമെന്ന് അന്നെനിക്ക് ബോധ്യമായി. ആ ബോധ്യം എന്നെ മറ്റൊരാളാക്കി.
(തുടരും)
Content Highlights: K Jayakumar, Sancharathinte Sangeetham, Nehru cup football tournament, Calicut, Autobiography,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..