കെ. ജയകുമാർ, ബാത്ത് സർവകലാശാല | ഫോട്ടോ: മാതൃഭൂമി
'ഔദ്യോഗിക ജീവിതത്തിന് തത്കാലം അവധികൊടുത്ത് ഒരു പഠിതാവായി ഇംഗ്ലണ്ടില്‍ എത്തുകയാണ്. മറ്റൊരു ദേശം, മറ്റൊരു ജീവിതം, അപരിചിതമായ ചുറ്റുപാടുകള്‍. എന്നാല്‍, അവിടെയും ചില തുരുത്തുകളുണ്ടായിരുന്നു -മനുഷ്യരായും വാക്കുകളായും...' മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ കെ. ജയകുമാര്‍ എഴുതുന്ന ആത്മകഥ 'സഞ്ചാരത്തിന്റെ സംഗീത'ത്തിന്റെ പതിനഞ്ചാം അധ്യായം വായിക്കാം...
ടൂറിസം മേഖലയിലെ മൂന്നുവര്‍ഷത്തിനടുത്ത പ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍നിന്ന് 'ടൂറിസം എന്ത്? എന്തിന്?' എന്ന ഒരു പുസ്തകം ഞാന്‍ അതിനിടെ എഴുതിത്തീര്‍ത്തിരുന്നു. ടൂറിസത്തെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപുസ്തകം അതാണെന്ന് കരുതാനാണ് എനിക്കിഷ്ടം (മറിച്ചൊരു തെളിവ് വരുന്നതുവരെ). ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കുമുമ്പ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍വെച്ച് പുസ്തകം പ്രകാശിപ്പിക്കപ്പെട്ടു. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായിരുന്നു ആ സദസ്സ്. പുസ്തകപ്രകാശനമായിരുന്നു മുഖ്യപരിപാടിയെങ്കിലും യാത്രയയപ്പും വകുപ്പ് ഡയറക്ടര്‍ എന്നനിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനവുംകൂടിയായി ആ യോഗം.
ഇംഗ്ലണ്ടില്‍ ബാത്ത് സര്‍വകലാശാലയിലാണ് എനിക്ക് അഡ്മിഷന്‍ കിട്ടിയത്. മധ്യകാല ഇംഗ്ലീഷ് പഠിക്കുമ്പോള്‍ ജഫ്‌റി ചോസറുടെ കാന്റ്‌റര്‍ബറി റ്റെയില്‍സില്‍ 'വൈഫ് ഓഫ് ബാത്ത്' എന്ന കഥാപാത്രത്തെ സാഹിത്യവിദ്യാര്‍ഥികള്‍ പരിചയപ്പെടും. അഞ്ചോളം വിവാഹംകഴിച്ച വൈഫ് ഓഫ് ബാത്ത് കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ്. അങ്ങനെയാണ് ഈ സ്ഥലനാമം ആദ്യം കേള്‍ക്കുന്നത്. റോമന്‍ സ്നാനഗൃഹങ്ങള്‍ക്കു പ്രസിദ്ധമായ ഈ നഗരം പൗരാണികത അന്യൂനമായി സംരക്ഷിക്കപ്പെടുന്നതിനുള്ള ലോകോത്തരമാതൃകയാണ്.
മക്കള്‍ അഞ്ചിലും മൂന്നിലും പഠിക്കുകയാണ്. അവര്‍ക്ക് ഇംഗ്ലണ്ടില്‍ പഠിക്കാന്‍ ഒരവസരം കിട്ടുന്നത് നല്ലതാണ്. എന്നാല്‍, വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാതെ ഭാര്യയെയും മക്കളെയുംകൊണ്ട് വിദേശനഗരത്തില്‍ എത്തിപ്പെട്ടാലും ശരിയാവുകയില്ല. പിന്നെ അത്രമാത്രം ധാരാളിത്തത്തിനുള്ള സാമ്പത്തികസ്ഥിതിയും ഭദ്രമല്ല.
കുടുംബത്തിന്റെ വിമാനടിക്കറ്റ്, അവിടെ വീടെടുക്കുമ്പോഴുള്ള ചെലവ്, ഇംഗ്ലണ്ടിലേക്കു പോകുംമുമ്പ് തയ്യാറെടുപ്പിനുവേണ്ടി ഇവിടെ ചെലവിടേണ്ട പണം -ഇങ്ങനെ കണക്കുകൂട്ടിയാല്‍ തുകയങ്ങു വളരും. എന്തായാലും ഞാന്‍ ആദ്യം ഒറ്റയ്ക്ക് പോകാമെന്നും രണ്ടോ മൂന്നോ മാസം ഹോസ്റ്റലില്‍ താമസിക്കാമെന്നും അതിനിടെ നമുക്കിണങ്ങുന്ന വീടും കുട്ടികളുടെ സ്‌കൂള്‍ അഡ്മിഷനും ശരിയാക്കാമെന്നും തീരുമാനിക്കപ്പെട്ടു. പോകുംമുമ്പ് ഗാനഗന്ധര്‍വന്‍ യേശുദാസ് എനിക്ക് തരംഗിണിയില്‍വെച്ച് ചെറുതല്ല എന്നാല്‍, അത്ര വലുതുമല്ലാത്ത ഒരു തുക പ്രതിഫലമായിത്തന്നു.
'ആര്‍ദ്രഗീതങ്ങള്‍' എന്ന ലളിതഗാനങ്ങള്‍ക്ക് അതിനുമുമ്പ് ഞാന്‍ പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ല. എന്റെ വിദേശവാസത്തെക്കുറിച്ച് അറിയാനിടയായപ്പോള്‍ തരംഗിണി നല്‍കിയ സാമ്പത്തികസഹായം ഏറെ സന്ദര്‍ഭോചിതമായി. അതിനും മൂന്നുവര്‍ഷംമുമ്പ് ആ ഗാനങ്ങളെഴുതുമ്പോള്‍ ഇങ്ങനെയൊരു സാമ്പത്തികമൂല്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നതേയില്ല.
.jpg?$p=a80322e&&q=0.8)
ആകെ 430 ബ്രിട്ടീഷ് പൗണ്ടാണ് പ്രതിമാസ സ്‌കോളര്‍ഷിപ്പ്. പിന്നെ ആദ്യം വട്ടച്ചെലവിന് എന്തോ കൂടുതല്‍ തുകയും തരും. പക്ഷേ, കുടുംബമായി അവിടെ ജീവിക്കാനൊന്നും സ്‌കോളര്‍ഷിപ്പ് തുക തികയുകയില്ല. അങ്ങനെ ഞാന്‍ ഒറ്റയ്ക്ക് 1991 സെപ്റ്റംബര്‍ മാസത്തില്‍ ബാത്ത് സര്‍വകലാശാലയില്‍ ചേര്‍ന്നു. ഹോസ്റ്റലില്‍ താമസവുമാക്കി. ഇപ്പോള്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ ധാരാളമായി വിദേശസര്‍വകലാശാലകള്‍ തേടിപ്പോവുന്ന കാലമാണല്ലോ.
എന്റെ വിദേശസര്‍വകലാശാലാ അനുഭവത്തിന് ഇപ്പോള്‍ മൂന്നു പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ചില നിരീക്ഷണങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടാവാം. തീര്‍ച്ചയായും അക്കാദമിക അന്തരീക്ഷം നമ്മുടെ കാമ്പസുകളില്‍നിന്ന് തികച്ചും വ്യത്യസ്തം. രണ്ടുമൂന്നു കാര്യങ്ങളിലാണ് ആ വ്യത്യാസം. ക്ലാസ്മുറിയിലെ സ്വാതന്ത്ര്യവും ആശയവിനിമയത്തിനനുകൂലമായ അന്തരീക്ഷവും. ലോകത്തുനടക്കുന്ന ഏറ്റവും പുതിയ സാങ്കേതിക-ബൗദ്ധിക-രാഷ്ട്രീയ കാര്യങ്ങളുമായി ഏതോതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന ബോധം.
മറ്റെന്തെല്ലാം 'തമാശകള്‍' ഉണ്ടെങ്കിലും അക്കാദമിക് നിലവാരത്തിലുള്ള വിട്ടുവീഴ്ചയില്ലായ്മ. ഇച്ഛാശക്തിയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ അവിടത്തെ വിദ്യാഭ്യാസം ഒരു വിദ്യാര്‍ഥിയുടെ പുഷ്പിക്കലിന് ഹേതുവാകുന്നു. ആ അര്‍ഥത്തില്‍ നമ്മുടെ യുവത വിദേശസര്‍വകലാശാലകള്‍ തിരയുന്നതില്‍ കുറ്റംപറയാനില്ല. എന്നാല്‍, എല്ലാ വിദേശസര്‍വകലാശാലകളും ഒരേ നിലവാരം പുലര്‍ത്തുന്നവയല്ല.
പണമുണ്ടാക്കാന്‍വേണ്ടി മാത്രമുള്ള സെല്‍ഫ് ഫൈനാന്‍സിങ് സര്‍വകലാശാലകള്‍ ഇപ്പോള്‍ ഒട്ടേറെയാണ്. ഒന്നാംനിരയിലുള്ള സര്‍വകലാശാലകളില്‍ പ്രവേശനംകിട്ടാന്‍ എളുപ്പമല്ല; പ്രവേശനം കിട്ടാന്‍ എളുപ്പമായ സര്‍വകലാശാലകളുടെ നിലവാരവും അക്കാദമിക് സമൂഹത്തിലെ അംഗീകാരവും സന്ദേഹങ്ങള്‍ക്ക് അതീതമല്ല. പണച്ചെലവിനുമാത്രം ഒരു കുറവുമുണ്ടാവുകയില്ല. മിന്നുന്നതെല്ലാം പൊന്നല്ല; വിദേശസര്‍വകലാശാലകളെല്ലാം ഓക്‌സ്ഫഡോ കേംബ്രിജോ ഹാര്‍വാഡോ അല്ല.
ഞാന്‍ പഠിക്കാന്‍ ചേര്‍ന്നത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സാമ്പത്തികവികസനത്തിലുള്ള ബിരുദാനന്തര കോഴ്‌സിനായിരുന്നു. ഒമ്പതുമാസംകൊണ്ട് പൂര്‍ത്തീകരിച്ചാല്‍ ഡിപ്ലോമ, മൂന്നുമാസം പ്രബന്ധരചനകൂടി നടത്തിയാല്‍ ഡിഗ്രി. അന്ന് പാശ്ചാത്യലോകത്ത് താച്ചര്‍-റീഗന്‍ ബ്രാന്‍ഡ് വലതുപക്ഷ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങള്‍ക്കു മേല്‍ക്കോയ്മ കൈവന്നകാലം. ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് ഔപചാരികമായി ഉദാരവത്കരണത്തെയും സ്വകാര്യവത്കരണത്തെയും അംഗീകരിച്ച വര്‍ഷമായിരുന്നു അത് (കോവിഡനന്തര ലോകത്തിലെ പലരാജ്യങ്ങളും ഉദാരവത്കരണത്തിന്റെ മറുപുറം തിരയുകയാണിപ്പോള്‍).
ഞാന്‍ ചേര്‍ന്ന കോഴ്‌സിന്റെയും അപ്രഖ്യാപിതലക്ഷ്യം ഉദാരവത്കൃതമായ സാമ്പത്തികശാസ്ത്രത്തിന്റെ വിശ്വാസികളും പ്രയോക്താക്കളുമായി കുറെപ്പേരെ മാറ്റിയെടുക്കുക എന്നതുതന്നെയായിരുന്നു എന്ന് പിന്‍ബുദ്ധിയില്‍ മനസ്സിലാകുന്നു. എങ്കിലും ആ കോഴ്‌സ് എനിക്ക് പലവിധത്തിലും ഗുണംചെയ്തു എന്ന് സമ്മതിക്കണം.
പ്രധാനമായും ആ കാലയളവ് പുതിയൊരു ലോകവീക്ഷണം പകര്‍ന്നുതന്നു. നമ്മുടെ നാട്ടില്‍ നടക്കുന്ന ഭരണനിര്‍വഹണപ്രക്രിയയെ സമാനരാജ്യങ്ങളുമായി താരതമ്യംചെയ്ത് വിമര്‍ശനാത്മകമായി കാണാന്‍ ആ പഠനകാലം പ്രേരിപ്പിച്ചു. മറ്റൊന്ന് ഭരണപരിചയം നല്‍കിയ അനുഭവപാഠങ്ങളുടെ മൂല്യം എത്ര വലുതാണെന്ന് എനിക്ക് ബോധ്യമായതാണ്. വികസനപ്രക്രിയയിലെ അനുഭവവും പരിചയവും ക്ലാസ്മുറിയിലെ ചര്‍ച്ചകളില്‍ എനിക്കൊരു പുതിയ പ്രസക്തി നേടിത്തന്നു. എനിക്ക് പുതിയ ദിശാബോധവും നവോന്മേഷവും പകരാന്‍ ആ പന്ത്രണ്ടുമാസങ്ങള്‍ അവസരമൊരുക്കി.
ജപ്പാന്‍, മലേഷ്യ, എത്യോപ്യ, ഗാംബിയ, ചൈന, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പത്തോളം 'വിദേശികളും' പന്ത്രണ്ട് സ്വദേശികളായ ഇംഗ്‌ളീഷുകാരുമായിരുന്നു ക്ലാസില്‍. ഇന്ത്യയില്‍നിന്ന് എന്നെക്കൂടാതെ രണ്ടുപേര്‍കൂടിയുണ്ടായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ ഞാനൊരു വീട് കണ്ടെത്തി. ബ്രിസ്റ്റലിനും ബാത്തിനും ഇടയ്ക്കുള്ള കെയ്ന്‍ഷം എന്ന ചെറുപട്ടണത്തില്‍ ഒരു വീടിന്റെ മുകളിലത്തെനിലയില്‍ രണ്ടുമുറികളുള്ള ഒരു പാര്‍പ്പിടം. ചെറുപട്ടണമായതുകൊണ്ട് വാടക ആദായകരം. സ്‌കൂള്‍ അടുത്തുണ്ട്. അഡ്മിഷനും തരപ്പെടുത്തി. നാല്‍പ്പത്തിയഞ്ച് മിനിറ്റോളം സഞ്ചരിച്ച് ബസില്‍ എന്നും യൂണിവേഴ്‌സിറ്റിയില്‍ പോയിവരണം.
നവംബര്‍ മാസത്തിലെ കൊടുംശൈത്യത്തില്‍ ഭാര്യയും മക്കളുമെത്തി. പുതിയ കൊച്ചുവീട്ടില്‍ ഞങ്ങള്‍ താമസമാക്കി. മോര്‍ഗന്‍ എന്നാണ് വീട്ടുടമസ്ഥന്റെ പേര് (മുരുകന്‍ എന്ന് ഞങ്ങള്‍ അതിനെ മലയാളീകരിച്ചു). ജെന്നിയാണ് ഭാര്യ. മൂന്നു മക്കളുണ്ടവര്‍ക്ക്. ഔപചാരികമായി മാത്രം എന്നാല്‍, മാന്യതയും മര്യാദയും പുലര്‍ത്തി ഞങ്ങള്‍ ഇടപഴകി. നമ്മുടെ പാചകരീതിയിലെ ചില അപകടങ്ങള്‍ നേരിട്ടറിയാനിടയായി, താമസം തുടങ്ങിയപ്പോള്‍. കടുകുവറുക്കുമ്പോഴുള്ള പുക അടുക്കളയില്‍ ഘടിപ്പിച്ചിട്ടുള്ള (ഞങ്ങള്‍ക്ക് അജ്ഞാതമായ) ഫയര്‍ അലാമിന് കാരണമായതായിരുന്നു ആദ്യനാളുകളിലെ ഒരോര്‍മ. ഭാഗ്യത്തിന് ഫയര്‍ എന്‍ജിന്‍ വരുന്നതിനുമുമ്പ് എങ്ങനെയോ അലാം നിലച്ചു.
ഭാര്യയും മക്കളും എത്തിക്കഴിഞ്ഞതോടെ ജീവിതത്തിന് ഒതുക്കവും ചിട്ടയുമെല്ലാം വന്നു. കുട്ടികളുടെ സ്‌കൂളിലെ ആഘോഷങ്ങളിലും പട്ടണത്തിലെ ക്രിസ്മസ് ആഘോഷങ്ങളിലുമെല്ലാം ഞങ്ങള്‍ പങ്കെടുക്കുമായിരുന്നു. വംശീയവിവേചനമോ മറ്റേതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകളോ ഒരിക്കലും ഞങ്ങള്‍ക്ക് അനുഭവപ്പെട്ടില്ല. അവിടത്തെ സാധാരണ മനുഷ്യര്‍ എപ്പോഴും അനുഭാവത്തോടെയും മര്യാദയോടെയും മാത്രം പെരുമാറി. എങ്കിലും എല്ലാ ആഘോഷങ്ങള്‍ക്കിടയിലും ഒരപൂര്‍ണത ഞാന്‍ എന്നും സ്വകാര്യമായി അനുഭവിച്ചു.
ഒരു വിദേശനഗരത്തില്‍ മറ്റൊരാളെയും പരിചയമില്ലാതെ ജീവിക്കേണ്ടിവരുമ്പോഴാണ് സ്വന്തം നാട്ടില്‍ ജീവിക്കുന്നതിന്റെ സുഖവും സൗഭാഗ്യവും എത്ര വലുതാണെന്ന് തിരിച്ചറിയുന്നത്. ഇവിടെയാണെങ്കില്‍ പുറത്തിറങ്ങിയാല്‍ പരിചയമുള്ള ആരെയെങ്കിലും വഴിയില്‍ കണ്ടുമുട്ടാതിരിക്കുകയില്ല. ആരെങ്കിലും വീട്ടില്‍ വിരുന്നുവരാതിരിക്കുകയില്ല. ആരൊക്കെയോ ചുറ്റുമുണ്ടെന്ന ഉപബോധമനസ്സിലെ ധൈര്യമാണ് സ്വന്തം നാട്ടിലെ ജീവിതത്തിന്റെ വലിയ അനുഗ്രഹം.
വിദേശനഗരങ്ങളില്‍ ഭൗതികസൗകര്യങ്ങളെല്ലാം ഇവിടത്തെക്കാള്‍ മെച്ചമായിരിക്കാം. കാര്യക്ഷമത കേമമായിരിക്കാം. സുരക്ഷിതത്വം മികച്ചതായിരിക്കാം. പക്ഷേ, നമ്മള്‍ അവിടെ കിളിര്‍ത്ത സസ്യമല്ല (ഹ്രസ്വസന്ദര്‍ശനങ്ങളില്‍ ഇത് തോന്നുകയില്ല; മടക്കടിക്കറ്റുണ്ടല്ലോ! സ്ഥിരമായി അവിടെ ജീവിക്കാന്‍ തുടങ്ങുന്നവര്‍ക്ക് അനുഭവം വ്യത്യസ്തമായിരിക്കാം).
ആകെയുണ്ടായിരുന്ന ആശ്വാസം എന്റെ ബാച്ചില്‍പ്പെട്ട ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന വി. രാജഗോപാലനും കുടുംബവും ഇതേ കാലയളവില്‍ ലണ്ടനിലുണ്ടായിരുന്നതാണ്. നൂറ്റിയറുപതു കിലോമീറ്ററിന്റെ അകലമുണ്ടെങ്കിലും അവിടെപ്പോയി ഒരു വാരാന്ത്യം ചെലവിടുമ്പോള്‍ പലപ്പോഴും വീട്ടിലെത്തിയ തോന്നലുണ്ടാവും.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഗവേഷണവിദ്യാര്‍ഥിയായി ചേര്‍ന്നതാണ് രാജഗോപാലന്‍. ഞാന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി മടങ്ങിയതിനുശേഷവും ഒന്നരവര്‍ഷംകൂടി അവിടെ തങ്ങി രാജഗോപാലന്‍ പിഎച്ച്.ഡി. പൂര്‍ത്തിയാക്കി. തിരികെവന്ന് അദ്ദേഹം വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായി. പിന്നെ ലേബര്‍ വകുപ്പ് സെക്രട്ടറിയായിരിക്കെ 2000 മാര്‍ച്ച് 12-ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഓഫീസില്‍വെച്ച് നാല്പത്തിയെട്ടാം വയസ്സില്‍ പൊലിഞ്ഞുപോയി. ഐ.എ.എസ്. പരിശീലനത്തിന് തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ ഒന്നിച്ചു യാത്രപുറപ്പെട്ടവരായിരുന്നു ഞങ്ങള്‍.
പരിശീലനകാലത്ത് ഗ്രാമസന്ദര്‍ശനത്തിനും ഭാരതദര്‍ശനത്തിനുമൊക്കെ ഞങ്ങള്‍ ഒന്നിച്ച് എവിടെയെല്ലാം യാത്രചെയ്തു! ലണ്ടനിലെ തണുത്ത സന്ധ്യകളില്‍ കേരളത്തിന്റെ ഭരണപരവും വികസനപരവുമായ ആശയങ്ങളെക്കുറിച്ച് എത്ര ചൂടുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തിയിരുന്നു. മുന്നിലെ വഴിക്ക് എട്ടുവര്‍ഷത്തിന്റെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ എന്ന് അപ്പോള്‍ ആരറിഞ്ഞു! ('നാമിങ്ങറിയുവതല്പം' എന്ന ആശാന്റെ വരികളാണ് ഓര്‍മവരിക).
എന്റെ ഇംഗ്ലണ്ട് ജീവിതവുമായി രാജഗോപാല്‍സ്മൃതികള്‍ അഭേദ്യമായി കൂടിക്കലര്‍ന്നിരിക്കുന്നു. എന്റെ കുടുംബം മേയില്‍ നാട്ടിലേക്ക് മടങ്ങി. കുട്ടികള്‍ക്ക് ഇവിടത്തെ സ്‌കൂളില്‍ അഡ്മിഷന്‍ തിരികെക്കിട്ടണമെങ്കില്‍ അക്കാദമിക് വര്‍ഷം തുടങ്ങുമ്പോഴേ എത്തണമായിരുന്നു. വീണ്ടും ഞാന്‍ ഹോസ്റ്റലിലേക്ക് മടങ്ങി.

ഒറ്റയ്ക്കുകഴിഞ്ഞിരുന്ന ആ കാലയളവില്‍, പാചകകലയില്‍ നിരക്ഷരനായ എനിക്ക് നല്ല ഭക്ഷണം കിട്ടിയിരുന്നത് വല്ലപ്പോഴും ലണ്ടനില്‍ രാജഗോപാലിന്റെ വീട്ടില്‍ച്ചെല്ലുമ്പോഴായിരുന്നു. ഒരിക്കല്‍ അവരുടെ വീട്ടില്‍ ഉറങ്ങിയ ഞാന്‍ പാതിരാത്രിയില്‍ ഭാര്യയുടെ നാട്ടില്‍നിന്നുള്ള ഫോണെടുക്കാനായി ചാടിയെണീറ്റതും തലചുറ്റിവീണ് നെറ്റിപൊട്ടിയതും ആശുപത്രിയിലായതും അവര്‍ക്കുണ്ടായ അങ്കലാപ്പും ബുദ്ധിമുട്ടും എല്ലാം വ്യക്തമായി ഓര്‍ക്കുന്നു.
പ്രവാസകാലംകൊണ്ടുണ്ടായ സ്ഥായിയായ ഫലം, ഇംഗ്ലണ്ടില്‍നിന്ന് കിട്ടിയ ഡിഗ്രിയെക്കാള്‍ അവിടെവച്ചു പൂര്‍ത്തിയാക്കിയ ടാഗോറിന്റെ 'ഗീതാഞ്ജലി' പരിഭാഷയാണ്. നൂറ്റിമൂന്നു കവനങ്ങളുള്ള ആ കൊച്ചുകൃതി തര്‍ജമചെയ്യാന്‍ ഒരു വര്‍ഷമോ എന്ന് വായനക്കാര്‍ ആലോചിച്ചേക്കാം. ഇംഗ്ലണ്ടുയാത്രയ്ക്ക് മുമ്പുതന്നെ ഞാന്‍ ആ പരിഭാഷ പൂര്‍ത്തിയാക്കി അയ്യപ്പപ്പണിക്കര്‍സാറിനെ കാണിച്ചിരുന്നു. അത് വായിച്ചുനോക്കിയ സാര്‍ സഹജമായ നര്‍മത്തോടെ പറഞ്ഞു: ''നന്നായിട്ടുണ്ട്. പക്ഷേ, ഒരു മുപ്പതുവര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ വളരെ നന്നാകുമായിരുന്നു''. എന്നിട്ടൊരു വിടര്‍ന്ന പുഞ്ചിരിയോടെ എന്റെ പരിഭാഷ മടക്കിത്തന്നു.
പരിഭാഷയുടെ ഭാഷ അതികാല്പനികമായിപ്പോയി എന്നാണ് പണിക്കര്‍സാര്‍ പറഞ്ഞതിനര്‍ഥം. ഇന്നത്തെ വായനക്കാര്‍ക്കുവേണ്ടിയാണല്ലോ പുതിയൊരു പരിഭാഷ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ വിമര്‍ശനം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഒരു പരിഭാഷകന്‍ എന്നനിലയ്ക്ക് ഞാന്‍ പരിശ്രമിച്ചു. ഏതായാലും ഇംഗ്ലണ്ടിലെ വിദ്യാര്‍ഥിജീവിതത്തിനിടയില്‍ ഒരു ദിവസം ഒരു ഗീതാഞ്ജലി കവിത എന്നനിലയ്ക്ക് അത്യന്തം ജാഗ്രതയോടെ പരിഭാഷ പൂര്‍ത്തിയാക്കി (മടങ്ങിവന്ന് കൈയെഴുത്തുപ്രതി അയ്യപ്പപ്പണിക്കര്‍ സാറിനെ ഏല്‍പ്പിച്ച് ഒരു വിദ്യാര്‍ഥിയെപ്പോലെ പരീക്ഷാഫലത്തിനായി ഞാന്‍ കാത്തിരുന്നു. അദ്ദേഹത്തിന് എന്റെ രണ്ടാം ഉദ്യമം ഇഷ്ടമായി. ആവശ്യപ്പെടാതെതന്നെ ഒരവതാരികകൊണ്ട് ഗീതാഞ്ജലി പരിഭാഷയെ ആ ഗുരുനാഥന്‍ അനുഗ്രഹിക്കുകയും ചെയ്തു).
കുടുംബത്തെ മടക്കിയയച്ച് ഞാന്‍ ഒറ്റയ്ക്ക് താമസിക്കുന്ന ആ കാലയളവില്‍ എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, എന്‍.ആര്‍.എസ്. ബാബു എന്നിവരെല്ലാം അടങ്ങുന്ന ഒരുസംഘം എഴുത്തുകാര്‍ അമേരിക്കയില്‍പ്പോകുന്ന വിവരമറിഞ്ഞു. മടക്കയാത്രയില്‍ കുറച്ചുദിവസം ലണ്ടനില്‍ ഇറങ്ങരുതോ എന്ന് ഞാന്‍ എം.ടി.ക്ക് ഒരു കത്തെഴുതി. ആകാം എന്ന് മറുപടിയും വന്നു.
വലിയ പണച്ചെലവില്ലാതെ മൂന്നുദിവസം ലണ്ടനില്‍ താമസമൊരുക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ വൈ.എം.സി.എ.യില്‍ എം.ടി.ക്കും എനിക്കും മുറിയൊക്കെ റിസര്‍വ് ചെയ്തു. വിമാനത്താവളത്തിലെത്തിയ എന്നെ ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഡോ. ഓമനാ ഗംഗാധരന്‍ എന്ന എഴുത്തുകാരിവന്ന് പരിചയപ്പെട്ടു. എം.ടി. മറ്റെങ്ങും താമസിക്കാന്‍ പോകേണ്ട; തന്റെ വീട്ടില്‍ താമസിക്കാം. കൂട്ടിക്കൊണ്ടുപോകാനാണ് അവര്‍ വിമാനത്താവളത്തില്‍ വന്നിരിക്കുന്നത്. അത് ഞാനും എം.ടി.യുമായുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധം. ഈ നിര്‍ദേശത്തോട് പ്രതികരിക്കാന്‍ എനിക്കവകാശമില്ല. അദ്ദേഹത്തോട് നേരിട്ട് ചോദിക്കൂ. അതായിരുന്നു എന്റെ നയതന്ത്രസമീപനം.
ഏതായാലും ഓമനാ ഗംഗാധരന്‍ വിജയിച്ചു, റിസര്‍വുചെയ്ത മുറി ക്യാന്‍സല്‍ ചെയ്തു. ഞാനും എം.ടി.യും അവരുടെ വീട്ടില്‍ മൂന്നുദിവസം താമസിച്ചു. അപ്പോഴായിരുന്നു എം.ടി.യുടെ അറുപതാം ജന്മദിനം. ഷേക്‌സ്പിയര്‍ സ്മാരകത്തില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

വിഷ്ണു നാരായണന്‍ നമ്പൂതിരി ഫോട്ടോ: മാതൃഭൂമി ആര്‍ക്കേവ്‌സ്
രാവിലെതന്നെ ഓമനാ ഗംഗാധരന്‍ കാറുമായി തയ്യാര്‍. അടുത്തുള്ള മുരുകന്‍ക്ഷേത്രത്തില്‍ തൊഴുതു. പിന്നെ രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ഞങ്ങള്‍ വിശ്വകവിയുടെ സ്മാരകഭൂമിയിലെത്തി. ബാഴ്‌സലോണ ഒളിമ്പിക്‌സ് റിപ്പോര്‍ട്ടുചെയ്യാന്‍ പോകുന്ന വഴിയില്‍ ലണ്ടനിലെത്തിയ മാതൃഭൂമി ലേഖകന്‍ വി. രാജഗോപാലും ആ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം കൂടി. 'ഷേക്‌സ്പിയര്‍ക്ക് ഈ രാജ്യം കൊടുക്കുന്ന ആദരം കണ്ടില്ലേ. നമ്മുടെ ഭാഷാപിതാവിനുവേണ്ടി നമ്മള്‍ എന്തുചെയ്യുന്നു?' എന്ന മലയാളത്തിന്റെ വലിയ എഴുത്തുകാരന്റെ ആത്മവിചാരത്തില്‍ ഇന്നത്തെ തുഞ്ചന്‍ ട്രസ്റ്റിന്റെ ബീജമുണ്ടായിരുന്നു. അത്തരമൊരു യാത്രയ്ക്ക് നിമിത്തമാകാന്‍ കഴിഞ്ഞത് നിയോഗം; പുണ്യം.
തുടരും
Content Highlights: K. Jayakumar, Oxford university, Cambridge and Bath university, Sancharathinte Sangeetham
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..