കെ. ജയകുമാർ | ഫോട്ടോ: മാതൃഭൂമി
'ഉദാരതയുടെ കോഴിക്കോട്ടുനിന്ന് ബ്യൂറോക്രസിയുടെ നഗരമായ തിരുവനന്തപുരത്തേക്ക്. ഓരോ നഗരത്തിനും അതിന്റേതായ സവിശേഷതകളുണ്ട് എന്ന് മനസ്സിലാവുകയായിരുന്നു. വിനോദസഞ്ചാര വകുപ്പിലെ ഡയറക്ടറായുള്ള ജീവിതത്തില്‍ ആ മേഖലയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍...' മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ കെ. ജയകുമാര്‍ എഴുതുന്ന ആത്മകഥ 'സഞ്ചാരത്തിന്റെ സംഗീത'ത്തിന്റെ പതിനാലാം അധ്യായം വായിക്കാം...
തിരുവനന്തപുരത്ത് ജോലിചെയ്യാന്‍ തുടങ്ങുമ്പോഴേ, ഒരുദ്യോഗസ്ഥന്‍ അടിയും തടയും പഠിക്കുന്നുള്ളൂ. കോഴിക്കോടിന്റെ ഉദാരത ഇവിടെ പ്രതീക്ഷിച്ചുകൂടാ. തിരുവനന്തപുരത്തിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല, അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന ഇടമെന്നനിലയില്‍ ഉദ്യോഗസ്ഥരുടെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. സ്‌നേഹധാരാളിത്തത്തില്‍നിന്ന് ബ്യൂറോക്രസിയുടെ സ്വന്തം തട്ടകത്തിലെത്തിയ എനിക്ക് ചെറുതല്ലാത്ത നിരാശയും ഗൃഹാതുരതയും വിട്ടുമാറാന്‍ കുറച്ചുദിവസങ്ങളെടുത്തു. പിന്നെ മാറ്റങ്ങളാണല്ലോ മാറാത്ത സത്യം എന്ന അറിവിനോട് ക്രമേണ പൊരുത്തപ്പെട്ടു.
ജില്ലയില്‍ കളക്ടറുടെ സമയത്തിനാണല്ലോ പ്രാധാന്യം. ഇവിടെ ഏറ്റവും പ്രാധാന്യം കുറഞ്ഞത് നമ്മുടെ സമയത്തിനാണ്. ദിവസവും മീറ്റിങ്ങുകളാണ്; മന്ത്രിയുടെ, ചീഫ് സെക്രട്ടറിയുടെ, വകുപ്പ് സെക്രട്ടറിയുടെ, പ്ലാനിങ് ബോര്‍ഡിന്റെ എന്നിങ്ങനെ നീളും. പിന്നെ ചിലപ്പോള്‍ നിയമസഭാ സമിതിയുടെ തെളിവെടുപ്പ്. നമുക്ക് നിയന്ത്രണമില്ലാത്ത അനേകം ചര്‍ച്ചകളില്‍ പങ്കെടുക്കാനാണ് ഏറെ സമയം വേണ്ടത്. ഇതിനിടയില്‍ ഡല്‍ഹിയില്‍ കോണ്‍ഫറന്‍സുകള്‍ക്കു പോകണം. തലസ്ഥാനത്തെ ഔദ്യോഗിക ജീവിതവ്യാകരണവുമായി ഞാന്‍ ഏതാനും ആഴ്ചകള്‍കൊണ്ട് പൂര്‍ണമായും പൊരുത്തപ്പെട്ടു.
'വടക്കന്‍ വീരഗാഥ'യിലെ ഗാനങ്ങളുടെ പ്രസിദ്ധിയുടെ പരിവേഷം മാഞ്ഞിരുന്നില്ല. പുതിയ പടങ്ങള്‍ വന്നുകൊണ്ടിരുന്നു. തിരുവനന്തപുരത്താണ് കംമ്പോസിങ് എങ്കില്‍ ഒപ്പിക്കാം എന്നല്ലാതെ മദ്രാസിലൊന്നും പോവുക എളുപ്പമായിരുന്നില്ല. 'എന്റെ കാണാക്കുയില്‍', 'കുഞ്ഞാറ്റക്കിളികള്‍', 'കിഴക്കുണരും പക്ഷി' എന്നൊക്കെയുള്ള സിനിമകളിലെ ഗാനങ്ങള്‍ ആ കാലയളവില്‍ എഴുതിയവയാണ്.
ചെന്നൈയില്‍ കമ്പോസിങ്ങിനും റെക്കോഡിങ്ങിനും ചെല്ലാമെന്നു സമ്മതിച്ചു കഴിയുമ്പോഴായിരിക്കും ഒഴിവാക്കാന്‍വയ്യാത്ത ഒരു ഔദ്യോഗിക പരിപാടി. അങ്ങനെ കുറെയേറെ പടങ്ങള്‍ എനിക്കൊഴിവാക്കേണ്ടിവന്നിട്ടുണ്ട്. ഇത്രയൊക്കെ ശ്രദ്ധയുണ്ടായിരുന്നെങ്കിലും ചില മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ എന്റെ പാട്ടെഴുത്തുപരിപാടി വളരെ 'ചീപ്പ്' ആണെന്ന് അഭിപ്രായപ്പെടാതിരുന്നില്ല. ഞാന്‍ ഏതെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സ്ഥിരമായി പരിഹസിച്ചിരുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുണ്ടായിരുന്നു. 'ജയകുമാര്‍ ആ കോടമ്പാക്കത്തെവിടെയോ അലയുകയായിരിക്കും പാട്ടെഴുതാനുണ്ടോ പാട്ടെഴുതാനുണ്ടോ എന്ന് ചോദിച്ചുകൊണ്ട്.' 'കോടമ്പാക്കം എനിക്ക് തീര്‍ഥാടനകേന്ദ്രമാണ് സാര്‍; എന്റെ അച്ഛന്‍ പത്തുമുപ്പതു വര്‍ഷം കഷ്ടപ്പെട്ട് കോടമ്പാക്കത്തുനിന്നുണ്ടാക്കിയ വരുമാനംകൊണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്' എന്ന് മറ്റൊരവസരത്തില്‍ പരോക്ഷമായി മറുപടിപറയാനും എനിക്ക് സാധിച്ചു.
തിരുവനന്തപുരത്തു താമസമാക്കിയപ്പോള്‍മുതല്‍ മറ്റൊന്നുകൂടി ഞാന്‍ മനസ്സിലാക്കി. ഇവിടം സ്വദേശമാണെങ്കില്‍ പഴയ സ്‌നേഹിതരും ബന്ധുക്കളുമൊക്കെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നമ്മളോട് നീരസത്തിലാകും. അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ നമുക്കൊരിക്കലും സാധിക്കുകയില്ല. ചിലര്‍ നീരസം പുറമേ കാണിക്കും; മറ്റുചിലര്‍ ഒളിപ്പിക്കും. എനിക്കാണെങ്കില്‍ ഇതൊന്നും മനസ്സിലാക്കാനുള്ള സമയമോ സാവകാശമോ ഇല്ലതാനും. പിന്നെ ജീവിതം തന്നെ ഒരു സര്‍ക്കസ് അഭ്യാസമാണെന്ന് ഞാന്‍ ക്രമേണ തിരിച്ചറിയുകയായിരുന്നു. അതിനുവേണ്ട മെയ്വഴക്കം താനേ ഉണ്ടായിവരുമെന്നും ഞാന്‍ മനസ്സിലാക്കി.
ഇതൊക്കെയാണ് ജീവിതയാഥാര്‍ഥ്യങ്ങളെങ്കിലും തിരുവനന്തപുരം തരുന്നത് അനുഭവങ്ങളുടെയും അവസരങ്ങളുടെയും വലിയ സാധ്യതകളാണ്. 1989 ജനുവരിയില്‍ ടൂറിസം ഡയറക്ടറായി ഞാന്‍ സ്ഥാനമേറ്റു. ടി. ബാലകൃഷ്ണനായിരുന്നു എന്റെ മുന്‍ഗാമി. വാസ്തവത്തില്‍ കേരളത്തില്‍ ടൂറിസം മേഖലയുടെ നവീകരണത്തിന് അടിത്തറപാകിയത് ടി. ബാലകൃഷ്ണനായിരുന്നു.
.jpg?$p=8a6554b&&q=0.8)
സ്വകാര്യമേഖലയുടെ പങ്കാളിത്തം ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് കൃത്യമായി മനസ്സിലാക്കിയ ഉദ്യോഗസ്ഥനായിരുന്നു ബാലകൃഷ്ണന്‍. കേന്ദ്രത്തിലെ അന്നത്തെ ടൂറിസം സെക്രട്ടറിയായിരുന്ന പ്രഗല്ഭനായ എസ്.കെ. മിശ്രയുടെ സ്‌നേഹവിശ്വാസങ്ങള്‍ ആര്‍ജിക്കുകവഴി കേരളത്തിലെ ടൂറിസം വികസനപദ്ധതികള്‍ക്കായി ധാരാളം കേന്ദ്രഫണ്ട് ആദ്യമായി ലഭ്യമാക്കാന്‍ സാധിച്ചത് ആ കാലയളവിലാണ്. വേളി ടൂറിസ്റ്റു വില്ലേജ് ആരംഭിക്കുന്നതും ആദ്യമായി വരിഷ്ഠശില്പി കാനായി കുഞ്ഞിരാമനെ അവിടെ ശില്പങ്ങള്‍ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തുന്നതും ടി. ബാലകൃഷ്ണന്റെ ഉത്സാഹത്തിലാണ്. 'ആരാം' എന്നപേരില്‍ വഴിയോര വിശ്രമകേന്ദ്രങ്ങളും (ഇപ്പോള്‍ അവയുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്), കാപ്പാട്, വര്‍ക്കല എന്നീ ബീച്ച് റിസോര്‍ട്ടുകളും യാത്രിനിവാസുകളുമൊക്കെ പണികഴിപ്പിക്കാന്‍ കഴിഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ പണംകൊണ്ടാണ്.
ടൂറിസം വകുപ്പിന്റെ ഡയറക്ടറായി ചുമതലയേറ്റ ഞാന്‍ എന്റെ മുന്‍ഗാമി തുടങ്ങിവെച്ച കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ശ്രദ്ധിച്ചു. കുറെ കാര്യങ്ങളൊക്കെ വകുപ്പില്‍ നടക്കുന്നുണ്ട്. എങ്കിലും ചില കണ്ണികള്‍ ഇണക്കിച്ചേര്‍ക്കണമെന്ന് കുറച്ചുദിവസങ്ങള്‍കൊണ്ട് എനിക്ക് ബോധ്യപ്പെട്ടു. ആദ്യംതന്നെ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വളരെ വലുതാണെന്ന് ഞാന്‍ സ്വയം വിശ്വസിച്ചു. കേരളം എത്ര മനോഹരമെങ്കിലും സഞ്ചാരികള്‍ പുറപ്പെടുന്ന രാജ്യങ്ങളില്‍ നമ്മളെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. വകുപ്പിന് ചില ലക്ഷ്യങ്ങളും സമയക്രമവും വേണം എന്നെനിക്കുതോന്നി. അന്ന് ഇന്ത്യയിലെ പ്രധാന ടൂറിസം സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. രാജസ്ഥാനും ഉത്തര്‍പ്രദേശും ജമ്മുകശ്മീരും ഗോവയുമാണ് നേതാക്കള്‍. കേരളത്തിന്റെ സ്ഥാനം പിന്‍ബെഞ്ചിലാണ്, ഡല്‍ഹി മീറ്റിങ്ങുകളിലൊക്കെ.
എന്നാല്‍, മഞ്ഞും മണല്‍പ്പരപ്പും ഒഴികെ മറ്റെല്ലാ പ്രകൃതിവൈവിധ്യവുമുള്ള കേരളത്തെ പുറംലോകത്തിനു പരിചയപ്പെടുത്തണമെങ്കില്‍ നമ്മള്‍തന്നെ മുന്നിട്ടിറങ്ങണം. അങ്ങനെയാണ് കേരളത്തെ സഞ്ചാരികളുടെ സ്വപ്നഭൂമിയായി അവതരിപ്പിക്കണമെന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അധികം പണമൊന്നുമില്ല പ്രചാരണത്തിന്. എങ്കിലും മുദ്ര എന്ന പരസ്യക്കമ്പനിയുമായി കരാര്‍ ഉറപ്പിച്ചു. കേരളത്തിന്റെ സ്വപ്നസന്നിഭമായ ദൃശ്യവശ്യത വെളിപ്പെടുത്തുന്ന പരസ്യങ്ങള്‍ രൂപകല്പന ചെയ്യാന്‍ തുടങ്ങി. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലെ അവരുടെ ഓഫീസില്‍ ഞാന്‍ എത്രയോ മണിക്കൂറുകളാണ് ചെലവിട്ടത്.
പരസ്യങ്ങളില്‍ വെറുതേ കേരളം എന്നുപറഞ്ഞാല്‍ പോരാ ഒരു ഉപശീര്‍ഷകംകൂടി വേണം എന്ന് തോന്നിയിരുന്നു. കുറിക്കുകൊള്ളുന്ന ഒരു വിശേഷണം പരസ്യത്തിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തും. കേരളത്തെ വിശേഷിപ്പിക്കാന്‍ അവരുടെ കോപ്പി റൈറ്ററും ഞങ്ങളുംകൂടി പലതും എഴുതിനോക്കി. ചിലതൊക്കെ 'പൈങ്കിളി'യായിപ്പോയി, ചിലതൊക്കെ നിരര്‍ഥവിശേഷണങ്ങളോ അതിശയോക്തികളോ ആയി. മറ്റുചിലതിന് അര്‍ഥം കൊള്ളാം പക്ഷേ, ശ്രവണസുഖം പോരാ. നീണ്ട അന്വേഷണത്തിനൊടുവില്‍ ഒരു ദിവസം ഞങ്ങള്‍ 'God's Country' എന്നപേരില്‍ എത്തിച്ചേര്‍ന്നു. കൊള്ളാം; എങ്കിലും എന്തോ ഒരു കുറവ്. ഒരു 'Own' കൂടി തിരുകി. (അതാണ് എന്റെ സംഭാവന) അപ്പോള്‍ ഒരു പുതിയ അഴക് സന്നിവേശിച്ചപോലെതോന്നി. 'God's Own Country'. അതുമായി ഞാന്‍ ടൂറിസം മന്ത്രി പി.എസ്. ശ്രീനിവാസനെ കണ്ടു. ഈ പരസ്യവഴിയുടെയും നാമവിശേഷണത്തിന്റെയും മഹത്ത്വമൊക്കെ വിശദീകരിച്ചു: ''ഈ പരസ്യങ്ങള്‍വഴി രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടുലക്ഷം വിദേശടൂറിസ്റ്റുകള്‍ കേരളത്തില്‍ എത്തിച്ചേരും സര്‍.'' എന്റെ ആത്മവിശ്വാസവും ആവേശവും അദ്ദേഹത്തിന് ബോധിച്ചു. മുന്നോട്ടുപോകാന്‍ എനിക്ക് സ്വാതന്ത്ര്യം തന്നു. ആ മുദ്രാവചനം ഇന്ന് പരസ്യകലയെക്കുറിച്ചുള്ള പാഠപുസ്തകങ്ങളില്‍ ഇടംനേടിക്കഴിഞ്ഞു. കേരളത്തിന്റെ അന്തസ്സത്തയോട് അത്ര ഇണക്കമുള്ള ഒന്നായിമാറി ആ വിശേഷണം. ഇംഗ്‌ളീഷ് മാസികകളിലും ദേശീയപത്രങ്ങളിലും കേരളം ആദ്യമായി പരസ്യംനല്‍കി.
ടെന്‍ഡര്‍ വിളിച്ച് ഏറ്റവുംകുറഞ്ഞ നിരക്കില്‍ അച്ചടിക്കുന്ന പരസ്യപ്രസിദ്ധീകരണങ്ങളല്ല, അന്താരാഷ്ട്ര നിലവാരത്തില്‍ മത്സരിക്കാന്‍ കഴിയുന്ന നല്ല ചെലവുവരുന്ന പോസ്റ്ററുകളും സചിത്ര വിവരണങ്ങളും കേരള ടൂറിസം വകുപ്പ് പ്രസിദ്ധീകരിച്ചു. ഇതിനൊക്കെ ഓഡിറ്റ് ഒബ്ജഷന്‍ വരുമെന്ന് ഓഫീസില്‍ എന്നെ ഗുണദോഷിച്ച പണ്ഡിതമുഖ്യന്മാരുണ്ടായിരുന്നു. ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും പാരീസിലെയും ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കിട്ടുന്ന നിമിഷം ചവറ്റുകൊട്ടയില്‍ എടുത്തിടുന്ന പ്രസിദ്ധീകരണങ്ങളേ കേരളം ടൂറിസം അച്ചടിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് അവരുടെ നിര്‍ബന്ധം! ഓണാഘോഷത്തില്‍ യേശുദാസിന്റെ ഗാനമേളയ്ക്ക് ടെന്‍ഡര്‍ വിളിക്കണമെന്ന് ഫയലില്‍ എഴുതിയവരുമുണ്ട് അക്കൂട്ടത്തില്‍!
.jpg?$p=bec7056&&q=0.8)
ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിക്കണമെന്നല്ല; ലക്ഷ്യം നേടുന്നതിന് തടസ്സംനില്‍ക്കുന്ന ചട്ടങ്ങളും ഉത്തരവുകളും നിയമപ്രകാരം മറികടക്കാന്‍ കഴിയണം. സര്‍ക്കാര്‍ ഉത്തരവുകളുടെ ആഖ്യയും ആഖ്യാതവും കണ്ടുപിടിച്ച് തടസ്സം എഴുതുന്നതിനുവേണ്ടിമാത്രം ശമ്പളം പറ്റുന്നവരുടെ വംശം ഇപ്പോഴുമുണ്ട്. കാര്യങ്ങള്‍ നടത്തലല്ല തലനാരിഴകീറലാണ് തങ്ങളുടെ ജോലി എന്ന് ധരിച്ചുപോയവര്‍! ഏതായാലും മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും പിന്‍ബലമുണ്ടെങ്കില്‍, ഡയറക്ടറുടെ ഉദ്ദേശ്യശുദ്ധി അവര്‍ക്കു ബോധ്യമുണ്ടെങ്കില്‍, അപകടത്തില്‍ ചാടാതെ കാര്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. അത്തരമൊരു പ്രവര്‍ത്തനശൈലി ഞാന്‍ ഇക്കാലത്ത് സ്വായത്തമാക്കി. അന്നത്തെ മന്ത്രിയും വകുപ്പ് സെക്രട്ടറിയായിരുന്ന പാലാട്ടു മോഹന്‍ദാസും പിന്നീടുവന്ന സി. രാമചന്ദ്രനും ഇക്കാര്യത്തില്‍ എനിക്ക് നല്‍കിയ മാര്‍ഗദര്‍ശനം വിലമതിക്കാന്‍ കഴിയാത്തതാണ്.
ആ കാലയളവില്‍ ചെയ്ത പ്രവൃത്തികളുടെ പട്ടിക നിരത്തുന്നില്ല. വിദേശങ്ങളില്‍ കേരളം ശ്രദ്ധിക്കപ്പെടാനുള്ള പരിപാടികള്‍ പലതും നടത്തി. വിദേശ എഴുത്തുകാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ധാരാളമായി ആതിഥ്യമേകി. അവര്‍ കേരളത്തെക്കുറിച്ച് പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ വര്‍ണിച്ചെഴുതി. പ്രചാരണം പുരോഗമിക്കുമ്പോള്‍ പലരും ചോദിച്ചു: 'ഇതൊക്കെക്കണ്ട് ആളുകള്‍ ഇങ്ങുപോന്നാല്‍ ഇവിടെ വല്ല സൗകര്യവുമുണ്ടോ?' വേണ്ടത്ര ഹോട്ടലുകളോ ടൂര്‍ ഓപ്പറേറ്റര്‍മാരോ അന്നില്ല.
.jpg?$p=b4643a5&&q=0.8)
കെ.ടി.ഡി.സി. മാത്രം പോരാ; സ്വകാര്യസ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. കാസിനോ ഗ്രൂപ്പിന്റെ ജോസ് ഡൊമിനിക്കും ഗ്രേറ്റ് ഇന്ത്യ ടൂര്‍ കമ്പനിസ്ഥാപിച്ചുകൊണ്ട് ഇ.എം. നജീബും അന്നത്തെ ഓളക്കുതിപ്പില്‍ സധൈര്യം ഇറങ്ങിപ്പുറപ്പെട്ടവരാണ്. കൂടാതെ അനേകം സംരംഭകര്‍ മുന്നോട്ടുവന്നു. അവരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ചില ആനുകൂല്യങ്ങളൊക്കെ പ്രഖ്യാപിച്ചു. അകാലത്തില്‍ നിര്‍ഭാഗ്യസാഹചര്യത്തില്‍ മരിച്ചുപോയ ബാബു വര്‍ഗീസ് എന്ന ഭാവനാശാലിയായ ഒരു യുവാവുണ്ടായിരുന്നു. കെട്ടുവള്ളങ്ങളും മരക്കൊമ്പത്തുള്ള കോട്ടേജുകളുമെല്ലാം ബാബു വര്‍ഗീസിന്റെ ഭാവനയിലാണ് ആദ്യം വിരിഞ്ഞത്. പല ആശയങ്ങളും പിന്നെ പലരും ഏറ്റെടുത്തു വിജയിപ്പിച്ചു (ഇന്നിപ്പോള്‍ വേമ്പനാട് കായലില്‍ പുരവഞ്ചികള്‍ സ്ഥലത്തിനുവേണ്ടി മത്സരിക്കുകയാണ്). ഏതായാലും ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ അത്യാവശ്യംവേണ്ട സജ്ജീകരണങ്ങളൊക്കെ ഉണ്ടായി.
രണ്ടുവര്‍ഷത്തിനുള്ളില്‍ ഇരുനൂറോളം സഞ്ചാരികളുമായി ലണ്ടനില്‍നിന്ന് ഇന്‍സ്പിറേഷന്‍സ് ഈസ്റ്റ് എന്ന ടൂര്‍ കമ്പനിയുടെ ചാര്‍ട്ടര്‍ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി. ആദ്യമായി ഇവിടെയെത്തിയ ചാര്‍ട്ടര്‍ വിമാനമായിരുന്നു അത്, ഞങ്ങളുടെ സ്വപ്നമുഹൂര്‍ത്തം! വൈകുന്നേരം ഫ്ളൈറ്റ് ലാന്‍ഡ് ചെയ്യുമ്പോള്‍ സ്വീകരിക്കാനൊക്കെ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു.
ഉച്ചതിരിഞ്ഞ് ഞാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ വീട്ടില്‍നിന്ന് ഒരു ഫോണ്‍. അച്ഛന് സുഖമില്ല. ഉടനെ ആശുപത്രിയിലാക്കണം. ഞാന്‍ വീട്ടിലേക്കു പുറപ്പെട്ടു. അങ്ങനെയാണ് ചില നിയമങ്ങള്‍, നിയോഗങ്ങള്‍! എല്ലാം കൃത്യമായി നടക്കുമ്പോള്‍ ഒരു ഇടര്‍ച്ചയുണ്ടാകും. അതൊരു ചെറിയ ടെസ്റ്റ് പേപ്പറായി കാണാന്‍ കഴിഞ്ഞാല്‍ ജീവിതം കുറെക്കൂടി അര്‍ഥപൂര്‍ണമാകും. ഞാന്‍ ചെന്നില്ലെങ്കിലും ആദ്യത്തെ ചാര്‍ട്ടര്‍ വിമാനത്തിലെ യാത്രികരെ കേരള ടൂറിസം യഥോചിതം സ്വീകരിച്ചു. അച്ഛനെ ആശുപത്രിയിലാക്കിയശേഷം ഞാന്‍ രാത്രി കോവളത്തെത്തി നല്ലൊരു സുഹൃത്തായി മാറിക്കഴിഞ്ഞിരുന്ന ആ ടൂര്‍ ഓപ്പറേറ്ററെ കണ്ടു. ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ പലവട്ടം കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു ആദ്യ ചാര്‍ട്ടര്‍ വിമാനം വന്നെത്തിയത്. ആ സന്ദര്‍ഭത്തില്‍ അവിടെ സന്നിഹിതനാകാന്‍ തടസ്സം നേരിട്ടെങ്കില്‍ 'എല്ലാം നിന്റെ ഇച്ഛപോലെയങ്ങ് നടക്കുമെന്ന് അഹങ്കരിക്കേണ്ട' എന്ന് ജീവിതം പറയുകയാണെന്ന് എനിക്കുതോന്നി.
കേരള ടൂറിസത്തിന്റെ വ്യത്യസ്തമായ പ്രവര്‍ത്തനം ഡല്‍ഹിയില്‍ ശ്രദ്ധിക്കപ്പെടാതിരുന്നില്ല. പിന്‍ബെഞ്ചില്‍നിന്ന് പതുക്കെ മുന്‍നിരയിലായി കേരളത്തിന്റെ സ്ഥാനം. ബി.കെ. ഗോസ്വാമി എന്ന കേന്ദ്ര ടൂറിസം സെക്രട്ടറിക്ക് എന്നോട് സവിശേഷമായ സ്‌നേഹമായിരുന്നു. ഫെബ്രുവരിയില്‍ അദ്ദേഹം ഫോണില്‍ വിളിക്കും: 'ചില സ്‌കീമുകളില്‍ ബാക്കി പണമുണ്ട്. നല്ല പ്രോജക്ടുമായി വരൂ. കേരളത്തിന് പണം തരാം.' ഞാന്‍ ഡല്‍ഹി കേരള ഹൗസില്‍ താമസിച്ച് അവിടത്തെ ടൈപ്പ് റൈറ്ററില്‍ പ്രോജക്ടുകള്‍ എഴുതിക്കൊടുത്ത് ധാരാളം പണം കേരളത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക യാത്രാസംഘത്തില്‍ ഗോസ്വാമിസാര്‍ എത്രയോതവണ എന്നെ അംഗമാക്കിയിരിക്കുന്നു. ഒരുപാട് വിദേശരാജ്യങ്ങളില്‍ ഞാന്‍ സഞ്ചരിച്ചത് അങ്ങനെയാണ് (കേരള സര്‍ക്കാരിന് വലിയ ചെലവില്ലാതെ).
ഇപ്പോള്‍ പ്രസിദ്ധ സ്ഥാപനമായിമാറിയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ് (കെ.ഐ.ടി.ടി.എസ്.) അക്കാലത്താണ് സ്ഥാപിച്ചത്. പരിശീലനം നേടിയ ചെറുപ്പക്കാരെ വളരുന്ന ടൂറിസം വ്യവസായത്തിനുവേണ്ടി സൃഷ്ടിക്കുക എന്ന ദൗത്യം സ്തുത്യര്‍ഹമായി ആ സ്ഥാപനം നിറവേറ്റിക്കൊണ്ടിരിക്കുന്നു. അവിടത്തെ പൂര്‍വവിദ്യാര്‍ഥികളെ ചിലപ്പോഴൊക്കെ വിദേശത്ത് ഹോട്ടലുകളില്‍ കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത അഭിമാനംതോന്നും. പെട്ടെന്ന് തിരുവനന്തപുരം റെസിഡന്‍സി കെട്ടിടത്തില്‍ അത് തുടങ്ങാനും ഒരു കാരണമുണ്ട്. ഒരു വലിയ ഹോട്ടല്‍ ശൃംഖലയുടെ ചെയര്‍മാന്‍ ആ കെട്ടിടംകണ്ട് അതില്‍ വ്യാമുഗ്ധനായിപ്പോയി. ഹെറിറ്റേജ് ഹോട്ടല്‍ ആരംഭിക്കാന്‍ അയാള്‍ക്ക് റെസിഡന്‍സി കെട്ടിടം കിട്ടിയേ തീരൂ. അത് കൊണ്ടേ പോകൂ എന്ന മട്ടായി. അപ്പോഴാണ് കെ.ഐ.ടി.ടി.എസ്. പെട്ടന്നുതന്നെ അവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
.jpg?$p=8384990&&q=0.8)
കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിച്ചാല്‍ മാത്രം പോരാ; അവര്‍ക്കിവിടെവന്നാല്‍ കേരളത്തെക്കുറിച്ച് അനുഭവസമ്പത്തു കിട്ടണ്ടേ? അതിനായി ചില പുതിയ ആഘോഷങ്ങള്‍ ഞങ്ങള്‍ രൂപകല്പനചെയ്തു. ആദ്യം സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനംചെയ്ത 'തമസോ മാ ജ്യോതിര്‍ഗമയ' എന്ന പരമ്പരാഗത ദൃശ്യകലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ അതിമനോഹരമായ പരിപാടി കേരള ടൂറിസം ഉപയോഗപ്പെടുത്തി. അനേകം കലാകാരന്മാര്‍ക്ക് അവസരം, കേരളത്തിന്റെ കലാസമ്പന്നത മറ്റുള്ളവരെ കാണിക്കാന്‍ ഒരവസരം.
ഒരിക്കല്‍ ആ പരിപാടി ഡല്‍ഹിയിലെ അശോക് ഹോട്ടലിലെ പുല്‍ത്തകിടിയില്‍ നടക്കവേ ശോഭ സരബ് ജീത് സിങ് എന്ന കലാനിരൂപക ധാര്‍മികരോഷത്തോടെ ഞങ്ങളോടൊക്കെ കയര്‍ത്തത് ഓര്‍മയുണ്ട്. മദ്യവും മറ്റും വില്‍ക്കുന്ന ഹോട്ടലിന്റെ പരിസരത്ത് തെയ്യം അരങ്ങേറാന്‍ പാടുണ്ടോ? നിങ്ങള്‍ ആ ആചാരകലയെ അപമാനിക്കുകയല്ലേ എന്നിങ്ങനെയുള്ള വാദങ്ങള്‍കൊണ്ട് അവര്‍ ഞങ്ങളെ ഒന്ന് തളര്‍ത്തി. അവര്‍ പറഞ്ഞതില്‍ കഴമ്പില്ലാതെയുമില്ല (പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ സാംസ്‌കാരിക വകുപ്പില്‍ ജോലിചെയ്യുമ്പോഴാണ് ഇത്തരം ഡല്‍ഹി-പ്രതികരണങ്ങള്‍ എങ്ങനെ നേരിടാമെന്ന വിദ്യ ഞാന്‍ പഠിക്കുന്നത്!).
ടൂറിസം വളര്‍ത്താന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ ഈ വൈരുധ്യം എപ്പോഴും നേരിടേണ്ടിവരും. വിദേശിക്കുവേണ്ടി ഇരുപതു മിനിറ്റു കഥകളി കാണിക്കുന്നത് ഒരു യഥാര്‍ഥ കഥകളി ആസ്വാദകന് അരോചകമായിത്തോന്നുകതന്നെ ചെയ്യും. പ്രയോജനക്ഷമതയും പ്രയോഗശുദ്ധിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു മധ്യവഴി കണ്ടെത്തണം. കഥകളി എങ്ങനെയിരിക്കും എന്നറിയാന്‍ ശ്രമിക്കുന്ന വിദേശിയുടെമുമ്പാകെ നാലുദിവസത്തെ നളചരിതം അവതരിപ്പിച്ചേ അടങ്ങൂ എന്ന് ശഠിക്കേണ്ടതുണ്ടോ?
നൂറ് ആനകളെ അണിനിരത്തുന്ന ഗജമേള തൃശ്ശൂരിലും പ്രത്യേകമായി ഒരുക്കിയ വള്ളംകളി ആലപ്പുഴയിലും സജ്ജീകരിക്കുകയും അത് സഞ്ചാരികള്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. അതോടൊപ്പമായിരുന്നു ആദ്യമായി നിശാഗന്ധി നൃത്തോത്സവം ആരംഭിച്ചത്. മികച്ച നര്‍ത്തകികളെ കിട്ടുന്നതിന് സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു അന്നത്തെ ഏക ആശ്രയം. സന്തോഷപൂര്‍വം അദ്ദേഹം ആ സഹായം ചെയ്തുതന്നു.
ഗജമേളയും പ്രത്യേക വള്ളംകളിയുമൊക്കെ എപ്പോഴോ, എന്തുകാരണത്താലോ നിന്നുപോയി (അവ തുടരണമായിരുന്നുവെന്ന് എനിക്കെപ്പോഴും തോന്നും. ആരംഭിക്കാനും, വളര്‍ത്താനും പ്രയാസം. നിര്‍ത്തലാക്കാന്‍ എളുപ്പം). നിശാഗന്ധി നൃത്തോത്സവം ഇപ്പോഴും ഭംഗിയായി നടക്കുന്നു. രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് ഇംഗ്ലണ്ടില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പില്‍ ബാത്ത് സര്‍വകലാശാലയില്‍ ഒരു വര്‍ഷത്തെ ബിരുദാനന്തര കോഴ്സിന് പോകേണ്ടിവന്നു. ടൂറിസവുമായുള്ള ബാന്ധവത്തിന് ഒരിടവേള മാത്രമായിരുന്നോ ആ വിദേശപഠനകാലം?
തുടരും
Content Highlights: K. Jayakumar, God's own country, Kerala Tourism, Sancharathinte Sangeetham, Autobiography
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..