'ഫെസ്റ്റിവല്‍ ഭംഗിയായി നടക്കണമെങ്കില്‍ കോഴിക്കോട്ട് നടത്താം'; ആദ്യ ചലച്ചിത്രോത്സവത്തിന്റെ പിറവി


കെ. ജയകുമാര്‍''ഫെസ്റ്റിവല്‍ ഭംഗിയായി നടക്കണമെങ്കില്‍ കോഴിക്കോട്ട് നടത്താം. അവിടെയാണെങ്കില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.'' പഴയ കളക്ടറെ കോഴിക്കോട്ടുകാര്‍ കൈവിടുകയില്ലെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ 1996-ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആദ്യത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചുകൊണ്ട് ചരിത്രം തീര്‍ത്തു'.

കെ. ജയകുമാർ | ഫോട്ടോ: മാതൃഭൂമി

'ഇംഗ്ലണ്ടിലെ പഠനത്തിനുശേഷം തിരിച്ചെത്തിയത് തിരുവനന്തപുരത്തേക്കായിരുന്നു. കാത്തിരുന്നത് പല വകുപ്പുകളുടെ സെക്രട്ടറിസ്ഥാനം. ജോലിഭാരം കൂടുതലായിരുന്നെങ്കിലും പല മേഖലകളിലെ പ്രവര്‍ത്തനം കൂടുതല്‍ അനുഭവങ്ങള്‍ നല്‍കി. കോഴിക്കോട്ട് നടത്തിയ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും ഡല്‍ഹിയില്‍ നടത്തിയ രാജാ രവിവര്‍മയുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും അതില്‍ പ്രധാനമാണ്'. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ കെ. ജയകുമാര്‍ എഴുതുന്ന ആത്മകഥ 'സഞ്ചാരത്തിന്റെ സംഗീത'ത്തിന്റെ പതിനാറാം അധ്യായം വായിക്കാം...

ഇംഗ്ലണ്ടിലെ ഒരു വര്‍ഷത്തെ വിദ്യാര്‍ഥിജീവിതം എനിക്കും ആറുമാസത്തെ വിദേശവാസം എന്റെ കുടുംബത്തിനും പലതരത്തില്‍ പ്രയോജനപ്പെട്ടു. അവിടത്തെ സ്‌കൂള്‍ അന്തരീക്ഷം മക്കള്‍ക്ക് വേറിട്ട അനുഭവമായി. മകന്‍ ആനന്ദ് സ്‌കൂളിലെ ഭക്ഷണം തീരെ ഇഷ്ടപ്പെടാതെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കൊണ്ടുപോകുമായിരുന്നു. മകള്‍ അശ്വതിക്കാകട്ടെ ഇംഗ്ലീഷ് ഭക്ഷണം വളരെ പ്രിയംകരമായിരുന്നു. ക്ലാസിലെ അനൗപചാരിക അന്തരീക്ഷം കുട്ടികളുടെ നൈസര്‍ഗികമായ വളര്‍ച്ച സാധ്യമാക്കി. അധ്യാപികയെ ഭയക്കുക എന്ന ശീലം തീരെയുമില്ല. എന്നാല്‍, അനൗപചാരികമെന്നു തോന്നുന്ന ക്ലാസ്മുറിയിലെ അര്‍ഥവത്തായ ഇടപെടലുകളിലൂടെ വിദ്യാര്‍ഥികള്‍ സ്വായത്തമാക്കേണ്ട നല്ലശീലങ്ങളും മര്യാദകളും അവര്‍ക്കു സ്വന്തമാവുകയും ചെയ്യും.

സാഹചര്യങ്ങള്‍ എങ്ങനെ നമ്മുടെ പെരുമാറ്റത്തെ ബാധിക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ തെളിവ് നാട്ടില്‍ മടങ്ങിയെത്തിയ ഉടനെ എനിക്കു കിട്ടി. മക്കള്‍ രണ്ടുപേരെയും തിരുവനന്തപുരത്തെ സ്‌കൂളിലേക്ക് ഞാന്‍ ഡ്രൈവ് ചെയ്തുകൊണ്ടുപോവുകയായിരുന്നു. കാഡ്ബറി ചോക്ക്ലേറ്റിന്റെ ഒരു ബാര്‍ കാറിലിരുന്ന് മകന്‍ പൊളിച്ചു കഴിക്കാന്‍ തുടങ്ങി. അതിന്റെ കവര്‍ നാട്ടുനടപ്പനുസരിച്ച് റോഡിലേക്ക് എറിയുകയും ചെയ്തു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ''ഇംഗ്ലണ്ടില്‍വെച്ച് ഇതുപോലെ മിഠായി കഴിച്ചാല്‍ വേസ്റ്റ് ബിന്‍ കാണുന്നതുവരെ നീ കവര്‍ പോക്കറ്റില്‍ സൂക്ഷിക്കുമായിരുന്നല്ലോ. പിന്നെ ഇപ്പോള്‍ റോഡിലേക്ക് വേസ്റ്റ് വലിച്ചെറിഞ്ഞതോ...?'' മകന്റെ സ്വാഭാവികമായ മറുപടി ഇതായിരുന്നു: ''അച്ഛാ ഇംഗ്ലണ്ടിലെ റോഡില്‍ ചപ്പുചവര്‍ ഒന്നും ഇടാന്‍ നമുക്ക് തോന്നുകയില്ല. അതാണോ ഈ റോഡിന്റെ സ്ഥിതി? എവിടെനോക്കിയാലും ചവറല്ലേ?'' പതിനൊന്നു വയസ്സുകാരന്റെ നിഷ്‌കളങ്കമായ ആ നിരീക്ഷണത്തില്‍ വലിയൊരു തത്ത്വം അന്തര്‍ലീനമാണെന്നുതോന്നി. ശുചിത്വം ശുചിത്വത്തെ ആകര്‍ഷിക്കും. മാലിന്യം മാലിന്യത്തെയും (പുറത്തെ മാലിന്യത്തിനും അകത്തെ മാലിന്യത്തിനും ഇണങ്ങും ഈ തത്ത്വം)!

ഇംഗ്ലീഷുകാര്‍ തമ്മില്‍ കാണുമ്പോള്‍ എപ്പോഴും കാലാവസ്ഥയെക്കുറിച്ചു സംസാരിക്കുന്നതെന്തുകൊണ്ടെന്ന് കേരളത്തില്‍ ജീവിച്ചുശീലിച്ച ഞങ്ങള്‍ക്ക് മനസ്സിലായത് ഈ കാലയളവിലായിരുന്നു. ഇംഗ്ലീഷ് നോവലുകളിലെ പ്രണയസമാഗമങ്ങള്‍ 'Bright and Sunny' ദിനങ്ങളില്‍ നടക്കുന്നതായി സങ്കല്പിച്ചിരിക്കുന്നതിന്റെ യുക്തിയും ബോധ്യമായി. ശൈത്യകാലത്ത് അനേകം ദിവസങ്ങള്‍ സൂര്യനെക്കാണാതെ കടന്നുപോകും. ചിലപ്പോള്‍ രാവിലെ വെളിച്ചം കാണും; ഉച്ചയാകുമ്പോഴേക്ക് മൂടിക്കെട്ടി ഇരുട്ടാകും. 'If winter comes/can spring be far behind?' എന്ന ഷെല്ലിയുടെ ആ പ്രസിദ്ധമായ പ്രത്യാശയുടെ ആഴം അറിയാന്‍ ഇംഗ്ലീഷ് ശൈത്യത്തിന്റെ ക്രൂരത അനുഭവിക്കണം. നമ്മുടെ നാട്ടിലെ വൃശ്ചികക്കുളിരുപോലെയല്ല ആ കാളിമയും മൂകതയും.

വിദ്യാര്‍ഥിജീവിതവും പ്രവാസവും മതിയാക്കി ഞാന്‍ 1992 സെപ്റ്റംബര്‍ മാസത്തില്‍ മടങ്ങിയെത്തി. 'ടൂറിസം വഴി ഒരു രാജ്യത്തിന് ലഭിക്കുന്ന വിദേശനാണ്യത്തിന്റെ നീക്കിയിരിപ്പ് എങ്ങനെ വര്‍ധിപ്പിക്കാം' എന്ന വിഷയത്തില്‍ ഒരു പ്രബന്ധവും എഴുതിത്തീര്‍ത്ത് ഒരു പുതിയ ബിരുദാനന്തര ബിരുദവുംകൂടി കരസ്ഥമാക്കിയായിരുന്നു മടക്കം. ഇംഗ്ലണ്ടിലേക്കു പോകുന്നതിനു തൊട്ടുമുമ്പ് ഒരു വൈദ്യപരിശോധന നടത്തിയതില്‍ മരുന്ന് ആവശ്യമില്ലാത്ത പ്രമേഹം സ്ഥിരീകരിച്ചിരുന്നു. ഭക്ഷണത്തില്‍ അന്നുമുതല്‍ ചെറിയ നിയന്ത്രണങ്ങളൊക്കെ വരുത്തി. ഏതായാലും മേയില്‍ കുടുംബം നാട്ടിലേക്കു മടങ്ങിയതോടെ ഹോസ്റ്റലില്‍ താമസമാക്കിയ ഞാന്‍ ഭക്ഷണം പരമാവധിയങ്ങു കുറച്ചു. അത് നല്ലതാണല്ലോ എന്നും ആശ്വസിച്ചു.

കെ. കരുണാകരന്‍ | ഫോട്ടോ: മാതൃഭൂമി

ഹോസ്റ്റലില്‍ ജീവിക്കുമ്പോള്‍ അവശ്യം അറിയേണ്ട പാചകവിധികള്‍ എനിക്കപ്രാപ്യം. ചായയും ബിസ്‌കറ്റുമായി (ഒരു വി.കെ. കൃഷ്ണമേനോന്‍ സ്‌റ്റൈലില്‍) മൂന്നുമാസം ജീവിച്ച് നല്ല സ്മാര്‍ട്ട് ആയെന്ന വിചാരത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ എന്നെക്കണ്ട് ഭാര്യക്ക് അന്ധാളിപ്പും സങ്കടവും അടക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു സഹപ്രവര്‍ത്തകന്‍ ചോദിച്ചു: ''സുഖമില്ലായിരുന്നു അല്ലേ?'' അമ്മയ്ക്ക് എന്നെ കണ്ടിട്ട് ആദ്യം മനസ്സിലായില്ല. കോലം അത്ര ദയനീയമായിരുന്നെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. മരുന്നില്ലാത്ത മഹാരോഗബാധിതനായാണ് ഞാന്‍ മടങ്ങിവന്നിരിക്കുന്നതെന്നും ചിലര്‍ സംസാരിക്കാതിരുന്നില്ല. ഏതായാലും രണ്ടുമൂന്നു മാസത്തിനുള്ളില്‍ ഭാര്യയുടെ പരിചരണത്തിലും വീട്ടിലെ ആഹാരത്തിലും ഞാന്‍ ഏറക്കുറെ പൂര്‍വരൂപത്തിലായി (ഇപ്പോഴും മിതാഹാരം കഴിച്ചും മിക്കവാറും ദിവസങ്ങളില്‍ മുക്കാല്‍ മണിക്കൂര്‍ നടന്നും മരുന്നൊന്നും കഴിക്കാതെ പ്രമേഹവുമായി സന്ധിചെയ്ത് ജീവിക്കുകയാണ് ഞാന്‍).

തിരികെ ജോലിക്ക് റിപ്പോര്‍ട്ടുചെയ്തു. കരുണാകരനാണ് അന്ന് മുഖ്യമന്ത്രി. ടൂറിസം വകുപ്പ് അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. ആദ്യം എന്നെ ടൂറിസം വകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറിയാക്കി. അദ്ദേഹത്തിന്റെതന്നെ വകുപ്പാണ് പബ്ലിക് റിലേഷന്‍സ്. കുറച്ചുകഴിഞ്ഞപ്പോള്‍ ആ വകുപ്പിന്റെയും ചുമതല എനിക്കുനല്‍കി. ടി.എം. ജേക്കബ്ബാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി. അദ്ദേഹം എന്നെ സംസ്‌കാരികവകുപ്പിന്റെയും സ്പെഷ്യല്‍ സെക്രട്ടറിയാക്കി. ജില്ലയില്‍നിന്ന് തിരുവനന്തപുരത്തുവരുമ്പോള്‍ ഒരുദ്യോഗസ്ഥന്‍ അനുഭവിക്കുന്ന വേവലാതികളെക്കുറിച്ച് നേരത്തേ എഴുതിയിരുന്നു. അതിനെക്കാള്‍ ഇത്തിരിക്കൂടുതലാണ് വകുപ്പധ്യക്ഷന്റെ തലത്തില്‍നിന്ന് സെക്രട്ടേറിയറ്റില്‍ മന്ത്രിമാര്‍ക്കും മന്ത്രിസഭയ്ക്കും കീഴില്‍ ജോലിചെയ്യാന്‍ തുടങ്ങുമ്പോള്‍ അനുഭവിക്കുന്ന സഭാകമ്പം.

ഓരോ വകുപ്പും സ്വയം വരച്ചിട്ട അതിരുകള്‍, പെരുപ്പിക്കുന്ന പ്രശ്‌നങ്ങള്‍, ആത്യന്തികമായ സാധ്യതകള്‍, മന്ത്രിക്ക് നമ്മളിലുള്ള വിശ്വാസം എന്നീ ഘടകങ്ങള്‍ വ്യക്തമാവുന്നതോടെ ആദ്യകാല സഭാകമ്പം പഴംകഥയാകും. ടൂറിസം വകുപ്പധ്യക്ഷനായിരുന്ന പരിചയം ആ വകുപ്പിന്റെ കാര്യത്തില്‍ എനിക്ക് കുറച്ചു മേല്‍ക്കോയ്മതന്നു എന്ന് സമ്മതിക്കണം. സാംസ്‌കാരികവകുപ്പും എന്റെ അഭിരുചിക്കിണങ്ങുന്നതായിരുന്നു. എന്റെ രണ്ടു മന്ത്രിമാര്‍, മുഖ്യമന്ത്രി കരുണാകരനും സാംസ്‌കാരികവകുപ്പ് മന്ത്രി ടി.എം. ജേക്കബ്ബും എന്നെ വിശ്വസിച്ചുവെന്നു മാത്രമല്ല, എനിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കി. പുതിയ ആശയങ്ങള്‍ അവര്‍ സ്വീകരിച്ചു. ഈ രണ്ടു വകുപ്പുകളുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബാബു പോള്‍ സാറും ഇതേ സ്വാതന്ത്ര്യം എനിക്ക് കല്പിച്ചുതന്നു. ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ കാര്യത്തില്‍ ഞാന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് ഫയലുകള്‍ സമര്‍പ്പിച്ചു. ആറേഴുമാസം കഴിഞ്ഞപ്പോള്‍ സ്‌പെഷ്യല്‍ എന്ന വിശേഷണം അഴിച്ചുവെച്ച് ഞാന്‍ പൂര്‍ണസെക്രട്ടറിയായി.

അന്ന് മുഖ്യമന്ത്രി കൈവശംവെച്ചിരുന്ന കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കാര്യങ്ങളുടെ ഉത്തരവാദിത്വവും സെക്രട്ടറി എന്നനിലയില്‍ എനിക്കായിരുന്നു. മനസ്സിനിണങ്ങുന്ന കാര്യങ്ങളായിരുന്നു ഔദ്യോഗികമായി ഞാനന്നു ചെയ്തിരുന്നതെല്ലാം. സര്‍വീസില്‍ അതൊരു അപൂര്‍വഭാഗ്യമാണെന്ന് പറയാതെവയ്യ. മറ്റൊന്നുകൂടി സംഭവിച്ചു. സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡയറക്ടര്‍മാരെ നിയമിക്കാന്‍ കാലതാമസമുണ്ടാകുമ്പോഴൊക്കെ സാംസ്‌കാരികമന്ത്രി എന്നെ അവിടെ നിയമിക്കും. പല സമയങ്ങളിലായി ഞാന്‍ എന്‍സൈക്ലോപീഡിയ പബ്ളിക്കേഷന്‍സിന്റെയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഡയക്ടറായി അധികചുമതല വഹിച്ചിട്ടുണ്ട്.

ജോലിഭാരം കൂടുന്നുണ്ടായിരുന്നെങ്കിലും വിശ്വാസപൂര്‍വം മന്ത്രി ഏല്‍പ്പിക്കുന്ന ഈ അധികജോലികള്‍ ഞാന്‍ ഒരിക്കലും പറ്റില്ലെന്ന് പറഞ്ഞില്ല. അവിടെ നടക്കുന്ന കാര്യങ്ങളൊക്കെ പഠിക്കാന്‍ ഈ അധികചുമതലകള്‍ അവസരംനല്‍കി. ചിലപ്പോള്‍ അവരുടെ ദീര്‍ഘകാല പ്രശ്‌നങ്ങളില്‍ ചിലതിലൊക്കെ വകുപ്പ് സെക്രട്ടറി എന്നനിലയില്‍ പരിഹരിക്കാനും സാധിച്ചിരുന്നു. എന്റെ അനുഭവമേഖല വിസ്തൃതമാവുകയായിരുന്നു. വ്യത്യസ്തമായ അനുഭവങ്ങള്‍ ആത്മവിശ്വാസം വളര്‍ത്താതിരിക്കുകയില്ലല്ലോ.

പ്രശസ്തനടന്‍ സുകുമാരനായിരുന്നു ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. അന്നത്തെ മാനേജിങ് ഡയറക്ടറുമായുള്ള ബന്ധത്തില്‍ കാറ്റും കോളും നിറഞ്ഞ സന്ദര്‍ഭത്തില്‍ സുകുമാരന്‍ മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടേറിയറ്റില്‍ എന്റെ മുറിയില്‍വന്നു. അവിടത്തെ അവസ്ഥയെക്കുറിച്ച് ഒരു കുറിപ്പെഴുതി ഞാന്‍ മുഖ്യമന്ത്രിക്ക് നേരത്തേതന്നെ അയച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ചെയര്‍മാന്‍ കൈവശംകരുതിയിട്ടുണ്ട്. എല്ലാം ശ്രദ്ധിച്ചുകേട്ടശേഷം മുഖ്യമന്ത്രി എന്നെക്കാണാന്‍ സുകുമാരനോട് പറഞ്ഞു. തിരികെ അദ്ദേഹം എന്റെ മുറിയിലെത്തിയപ്പോള്‍തന്നെ മുഖ്യമന്ത്രിയുടെ ഓര്‍ഡറുമായി ഫയല്‍വന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ തത്കാലം മാനേജിങ് ഡയറക്ടറുടെ പൂര്‍ണചുമതല എനിക്ക് നല്‍കിക്കൊണ്ടുള്ള ഓര്‍ഡറായിരുന്നു. ഞാനത് സുകുമാരനെ കാണിച്ചു. അദ്ദേഹത്തെ അത് അദ്ഭുതപ്പെടുത്തിയെന്നുതോന്നി. 'നിങ്ങള്‍ക്ക് ഞാന്‍ നല്ലൊരു മാനേജിങ് ഡയറക്ടറെ തരാം' എന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഏതുകാര്യത്തിലും നാടകീയത നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സഹജമായൊരു വൈഭവമുണ്ടായിരുന്നു.

ആ ചുമതല ഏതാണ്ട് രണ്ടുവര്‍ഷം വഹിക്കാനായത് ഒരു നിയോഗമായിരുന്നു. മാനേജിങ് ഡയറക്ടറായി എന്നെ പ്രതീക്ഷിച്ചില്ലെങ്കിലും, ആ ക്രമീകരണം അംഗീകരിക്കാന്‍ സുകുമാരന് ബുദ്ധിമുട്ടുണ്ടായില്ല. ആ കാലയളവിലും അതിനുശേഷവും ഞങ്ങള്‍ തമ്മില്‍ വളരെനല്ല ബന്ധം പുലര്‍ന്നു. അന്നത്തെ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് പ്രഗല്ഭരുടെ അപൂര്‍വസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. കെ.ജി. ജോര്‍ജ്, എം.ജി. സോമന്‍, കെ.പി. ഉമ്മര്‍, പി.വി. ഗംഗാധരന്‍, രാജീവ്‌നാഥ്, സൂര്യ കൃഷ്ണമൂര്‍ത്തി, എന്നിവരെ വ്യക്തമായി ഓര്‍ക്കുന്നു. കൂടാതെ ഫിലിം ഓഫീസര്‍മാരായി കെ.ആര്‍. മോഹനന്‍, ലെനിന്‍ രാജേന്ദ്രന്‍, വി.ആര്‍. ഗോപിനാഥ് എന്നീ പ്രഗല്ഭ സംവിധായകരുമുണ്ട്. പുതിയ തിയേറ്ററുകളൊക്കെ ആരംഭിച്ചെങ്കിലും സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമായിരുന്നില്ല. ഒരു ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഞാന്‍ അവതരിപ്പിച്ച ഒരാശയം അല്പം സന്ദേഹത്തോടെ, ഏറെ ചര്‍ച്ചകള്‍ക്കുശേഷം ബോര്‍ഡ് അംഗീകരിച്ചു.

'നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ നമ്മുടെ ആത്യന്തികലക്ഷ്യം.' ഞാന്‍ പറഞ്ഞു: ''നമുക്കൊരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാം.'' 'ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന നമ്മള്‍ ഇതിനൊക്കെ ഇറങ്ങിത്തിരിച്ചാല്‍ എങ്ങനെയാണ്?' എന്ന ചോദ്യം സ്വാഭാവികമായിരുന്നു. ''ഫെസ്റ്റിവലിനുള്ള സിനിമകള്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടില്ല. നാഷണല്‍ ഫിലിം ആര്‍ക്കൈവ്സിന്റെ ഡയറക്ടര്‍ പി.കെ. നായര്‍ അതിനു നമ്മളെ സഹായിക്കും. പിന്നെ പണം. സര്‍ക്കാരിനോട് ചോദിക്കണ്ട. നമുക്ക് സ്പോണ്‍സര്‍ഷിപ്പ് വഴി പണമുണ്ടാക്കാം.'' ബോര്‍ഡംഗങ്ങള്‍ക്ക് പൂര്‍ണബോധ്യമായില്ല. ഞാന്‍ പറഞ്ഞു: ''ഫെസ്റ്റിവല്‍ ഭംഗിയായി നടക്കണമെങ്കില്‍ കോഴിക്കോട്ട് നടത്താം. അവിടെയാണെങ്കില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.'' പഴയ കളക്ടറെ കോഴിക്കോട്ടുകാര്‍ കൈവിടുകയില്ലെന്ന് എനിക്കറിയാമായിരുന്നു. പി.വി. ഗംഗാധരന്‍ ആ ആശയത്തെ പിന്താങ്ങി. അങ്ങനെ 1996-ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആദ്യത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചുകൊണ്ട് ചരിത്രം തീര്‍ത്തു.

അടൂര്‍ ഗോപാലകൃഷ്ണന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനംചെയ്തു. സമാപനച്ചടങ്ങില്‍ ശബാനാ ആസ്മി മുഖ്യാതിഥിയായി. അഞ്ചു തിയേറ്ററുകളിലായി നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഞങ്ങള്‍ക്ക് സാമ്പത്തികബാധ്യതയൊന്നും ഉണ്ടായില്ല. കോഴിക്കോടിന്റെ ഉദാരത വീണ്ടും എനിക്ക് ബോധ്യമായി. ഫെസ്റ്റിവല്‍ ഒരു വലിയ വിജയമായിരുന്നു. അതാണ് പില്‍ക്കാലത്ത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയായി (IFFK) രൂപാന്തരം പ്രാപിച്ചത്. പിന്നീടാണ്, 1998-ല്‍ ഫിലിം അക്കാദമി സ്ഥാപിതമാവുന്നതും ഫെസ്റ്റിവലിന്റെ ചുമതല അക്കാദമിയെ ഏല്‍പ്പിക്കുന്നതും. ഓരോ നിയോഗം വന്നുഭവിക്കുമ്പോഴും അത് എന്തിനാണെന്ന് ആദ്യം നമ്മളറിയുന്നില്ല. ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നില്ല എന്നു വിചാരിക്കാനായാല്‍ ജീവിതത്തിനു മുഷിപ്പുണ്ടാവുകയില്ല. സസ്‌പെന്‍സ് നിലനിര്‍ത്താനാവുകയും ചെയ്യും.

കോഴിക്കോട്ട് നടന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ്.

സാംസ്‌കാരികവകുപ്പിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചകാലം എനിക്ക് നല്‍കിയത് വളരെ വിലപ്പെട്ട അനുഭവങ്ങളായിരുന്നു. 1993-ല്‍ ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍വെച്ച് ആദ്യമായി രാജാ രവിവര്‍മയുടെ ചിത്രങ്ങളുടെ ഒരു സുപ്രധാന പ്രദര്‍ശനം നടത്തണമെന്ന് കേന്ദ്ര സാംസ്‌കാരികവകുപ്പ് തീരുമാനിക്കുന്നു. പക്ഷേ, നാഷണല്‍ മ്യൂസിയത്തിന്റെ പക്കല്‍ പ്രദര്‍ശനത്തിനുവേണ്ട രവിവര്‍മച്ചിത്രങ്ങളില്ല. അവയുടെ പ്രധാനശേഖരം നമ്മുടെ ശ്രീചിത്രാ ആര്‍ട്ട് ഗാലറിയാണ്. വിശ്രുതചിത്രകാരനായ മലയാളിയായ എ. രാമചന്ദ്രനും ആര്‍ട്ട് കണ്‍സര്‍വേറ്ററായ രൂപിക ചൗളയുമായിരുന്നു കേന്ദ്രം നിയോഗിച്ച ക്യൂറേറ്റര്‍മാര്‍. അവര്‍ ഇവിടെ വരുന്നു, ആവശ്യമുള്ള ചിത്രങ്ങള്‍ ഏതൊക്കെയെന്നു തീരുമാനിക്കുന്നു, നമ്മളുമായി ചര്‍ച്ചചെയ്യുന്നു, എക്സിബിഷന്റെ തീയതി നിശ്ചയിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കത്തുകള്‍ മുറപോലെ വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ഇത്ര അമൂല്യമായ പെയിന്റിങ്ങുകള്‍ വിട്ടുകൊടുക്കുന്നതിനോട് പലരും യോജിച്ചില്ല.

ലോകത്തെ മ്യൂസിയങ്ങള്‍ തമ്മില്‍ ഇത്തരത്തിലുള്ള കൊടുക്കല്‍വാങ്ങലുകള്‍ അപൂര്‍വമല്ല എന്നൊക്കെ ഞാന്‍ മനസ്സിലാക്കി. ആദ്യമായി രാജാ രവിവര്‍മയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ഡല്‍ഹി നാഷണല്‍ മ്യൂസിയത്തില്‍വെച്ച് നടക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് എനിക്ക് ബോധ്യമായി. ചെലവൊക്കെ കേന്ദ്രസര്‍ക്കാര്‍ വഹിച്ചുകൊള്ളും. സാംസ്‌കാരികവകുപ്പ് മന്ത്രിക്കു വലിയ തടസ്സമില്ല. പക്ഷേ, മുഖ്യമന്ത്രികൂടി അറിയണ്ടേ ഇത്ര പ്രധാനവിഷയം? അതിനിടെ ചില പ്രശസ്തചിത്രകാരന്മാരും ആദരണീയരായ സാംസ്‌കാരികപ്രവര്‍ത്തകരും രംഗത്തിറങ്ങിക്കഴിഞ്ഞു. 'ഇതൊരു തട്ടിപ്പാണ്. കൊണ്ടുപോകുന്നതായിരിക്കില്ല തിരികെവരുന്ന ചിത്രങ്ങള്‍; അവയുടെ കോപ്പിയായിരിക്കും. അന്താരാഷ്ട്ര ഉപജാപത്തിന്റെ ഭാഗമാണ് ഈ പ്രദര്‍ശനം' എന്നിത്യാദി സ്ഥിരം സന്ദേഹങ്ങള്‍ അന്തരീക്ഷത്തില്‍ ഉല്‍ക്കവിതറി.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് | ഫോട്ടോ: പ്രമോദ് കുമാര്‍ പി.

തീരുമാനമെടുക്കേണ്ട സമയമായി. അവസാനം സാംസ്‌കാരികവകുപ്പ് മന്ത്രിയും ഞാനും മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. പരാതികളുടെ പേപ്പറുകള്‍ അദ്ദേഹത്തിന്റെ മേശപ്പുറത്തും ഞങ്ങള്‍ കണ്ടു. ഒടുവില്‍ വലിയൊരു തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യണം എന്ന നിബന്ധനയോടെ പ്രദര്‍ശനത്തതിനുവേണ്ടി ഇരുപതോളം രവിവര്‍മച്ചിത്രങ്ങള്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും ചെയ്ത് നിശ്ചിതകാലയളവിലേക്ക് നാഷണല്‍ മ്യൂസിയത്തിന് കടമായിക്കൊടുക്കാന്‍ തീരുമാനിക്കപ്പെട്ടു. അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ മലയാളികള്‍ക്ക് അഭിമാനമായ രാജാ രവിവര്‍മ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി കരുണാകരനും ടി.എം. ജേക്കബ്ബും (ഈ ഞാനും) പങ്കെടുത്തു. ഒരന്താരാഷ്ട്ര സംഭവമായി ആ പ്രദര്‍ശനം മാറി. ഇന്ന് ലോക കലാലോകത്ത് രവിവര്‍മയ്ക്കുണ്ടായ പുനരുജ്ജീവനത്തിന് ഹേതുവായത് ആ പ്രദര്‍ശനംതന്നെയായിരുന്നു. ഡല്‍ഹിയില്‍ കൊണ്ടുപോയ ചിത്രങ്ങള്‍ ഇപ്പോഴും ശ്രീചിത്ര ആര്‍ട്ട് ഗാലറിയില്‍ സുരക്ഷിതമായിരിക്കുന്നു.

സര്‍ക്കാരിന്റെ കൈവശമുള്ള ഏതൊരു ടൂറിസംസ്ഥലവും ഹെറിറ്റേജ് കെട്ടിടവും പഴയ കഥകളിലെ സുന്ദരിയായ രാജകുമാരിയെപ്പോലെയാണ്. ഒരുപാട് രാജാക്കന്മാര്‍ക്ക് അവളുടെ കരംഗ്രഹിക്കാന്‍ മോഹമുണ്ടാകും. അത്തരത്തിലൊരു സുന്ദരിയായ രാജകുമാരിയാണ് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ്. കരുത്തരായ ചില കാമമോഹിതര്‍ അവളെ കാംക്ഷിച്ചുവന്നു, ആ കാലയളവില്‍...

തുടരും

Content Highlights: K. Jayakumar, First Film Festival of Kerala, Kozhikode, Sancharathinte Sangeetham, Autobiography

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented