ഇ.കെ. നായനാർ, കെ. ജയകുമാർ | ഫോട്ടോ: മാതൃഭൂമി
'കോഴിക്കോടിനോട് വിടപറയുകയാണ്. അക്കാലത്തെ സംഭവങ്ങളും ഇടപഴകിയ വ്യക്തികളും ഓര്‍മയുടെ വിദൂരത്തില്‍ നില്‍ക്കുന്നു. ധന്യമായ ഒരു കാലം ആത്മാവില്‍ ശേഷിക്കുന്നു. അതിന്റെ സുഗന്ധം തെല്ലും മങ്ങിയിട്ടില്ല. ഇനി മങ്ങുകയുമില്ല'.....മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ കെ. ജയകുമാര്‍ എഴുതുന്ന ആത്മകഥ 'സഞ്ചാരത്തിന്റെ സംഗീത'ത്തിന്റെ പതിമൂന്നാം അധ്യായം വായിക്കാം...
കോഴിക്കോട് കളക്ടര്‍ജീവിതത്തെക്കുറിച്ചോര്‍മിക്കുമ്പോള്‍ മങ്ങലേല്‍ക്കാത്ത അനേകം മുഖങ്ങളും സംഭവങ്ങളും മനസ്സില്‍ തെളിഞ്ഞുവരുകയാണ്. പലതും പറയാനുണ്ട്; ചിലതൊക്കെ വിട്ടുപോകുമോ എന്ന ആശങ്കയുമുണ്ട്. പിന്നെ ഇത്രയും വര്‍ഷങ്ങളുടെ വിടവില്‍ അത്തരം പിഴവുകള്‍ സ്വാഭാവികമല്ലേ എന്ന മുന്‍കൂര്‍ജാമ്യത്തിന് വായനക്കാരോട് അപേക്ഷിക്കാമെന്നുമാത്രം.
1987 മാര്‍ച്ചായപ്പോള്‍ ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍വന്നു. പുതിയ സര്‍ക്കാര്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകള്‍ ത്വരപ്പെടുത്തി. 1988-ല്‍ തിരഞ്ഞെടുക്കപ്പെട്ട നഗരസഭ നിലവില്‍വന്നു. ആദ്യമായി ഒരു വനിതാ മേയര്‍ അധികാരമേറ്റു -ഹൈമവതി തായാട്ട്.
കോഴിക്കോട് നഗരസഭയ്ക്ക് അധികാരം കൈമാറിക്കൊണ്ട് ഞാന്‍ നടത്തിയ പ്രസംഗത്തിലെ പ്രധാന ആശയം ഇതായിരുന്നു: ''അമ്പത് ജനപ്രതിനിധികള്‍ ചര്‍ച്ചചെയ്‌തെടുക്കുന്ന തീരുമാനങ്ങള്‍ക്കും ഒരുദ്യോഗസ്ഥന്‍ ഒറ്റയ്ക്ക് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കും വലിയ അന്തരമുണ്ടാകും. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരുപാട് തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഓരോ തീരുമാനത്തിലും പൊതുജനതാത്പര്യം മാത്രമേ പരിഗണിച്ചിട്ടുള്ളൂ. മനുഷ്യസഹജമായ തെറ്റുകള്‍ എനിക്ക് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പുനല്‍കുക''.
മുന്‍ഗാമിയുടെ തീരുമാനങ്ങളെല്ലാം തലനാരിഴകീറി പരിശോധിച്ച് സര്‍വത്ര കുഴപ്പമായിരുന്നെന്നു സ്ഥാപിക്കാനുള്ള സാധാരണ പ്രലോഭനത്തിന് പുതിയ കൗണ്‍സില്‍ വഴങ്ങിയില്ല. എന്റെ തീരുമാനങ്ങളെ സംശയദൃഷ്ടിയോടെ നോക്കിയില്ല. അകാരണമായ വിമര്‍ശനമോ ആരോപണങ്ങളോ അവര്‍ ഉയര്‍ത്തിയില്ല. മേയര്‍ ഹൈമവതി തായാട്ടിന്റെ വ്യക്തിവൈശിഷ്ട്യവും അംഗങ്ങളുടെ മാന്യതയും ഇതിനു കാരണമായി.
മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭരണശൈലി വ്യത്യസ്തമായിരുന്നു. നിസ്സാരമെന്നുതോന്നുന്ന നടപടികളില്‍പ്പോലുമുണ്ടാവും വലിയൊരര്‍ഥം. അത്തരമൊരനുഭവം എനിക്കുമുണ്ടായി. പ്രശസ്ത കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ചികിത്സച്ചെലവിനായി ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഞാന്‍ അനുവദിച്ചു. കളക്ടര്‍ക്ക് അനുവദിച്ചിട്ടുള്ള പരിധിയെക്കാള്‍ കുറച്ചധികമായിരുന്നു അനുവദിച്ച തുക. അത്രയും തുക അനുവദിക്കാന്‍ മുഖ്യമന്ത്രിക്കേ അധികാരമുള്ളൂ. എന്റെ നടപടി സാധൂകരിക്കണമെന്ന് സാഹചര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് സര്‍ക്കാരിലേക്ക് കത്തെഴുതി.
.jpg?$p=dc27717&&q=0.8)
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അന്ന് റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നളിനി നെറ്റോ എന്നെ ഫോണില്‍ വിളിച്ചു: ''ജില്ലാ കളക്ടറുടെ നടപടി മുഖ്യമന്ത്രി സാധൂകരിച്ചില്ല. ആവശ്യം നിരാകരിച്ച് ഫയല്‍ ഇതാ മടങ്ങിവന്നിരിക്കുന്നു''. അതിനര്‍ഥം പരിധിക്കപ്പുറം നല്‍കിയ തുക എന്റെ കൈയില്‍നിന്ന് സര്‍ക്കാരിന് തിരികെപ്പിടിക്കാം. സാധാരണഗതിയില്‍ കളക്ടര്‍മാരുടെ ഇത്തരം നടപടികള്‍ അംഗീകരിക്കാതിരിക്കാറില്ല. ഈ തീരുമാനം എനിക്കിത്തിരി മനഃപ്രയാസമുളവാക്കി.
മൂന്നാഴ്ചകഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി കോഴിക്കോട്ടെത്തി. വൈകുന്നേരം അദ്ദേഹത്തെ എനിക്ക് ഒറ്റയ്ക്കുകിട്ടി, വെസ്റ്റ്ഹില്ലിലെ ഗസ്റ്റ് ഹൗസില്‍. ഞാന്‍ വിഷയം അവതരിപ്പിച്ചു: ''ഒരു വലിയ കലാകാരന് യഥാസമയം ചികിത്സയ്ക്ക് പണം അനുവദിച്ചതുവഴി സര്‍ക്കാരിന് സത്പ്പേരല്ലേ ഉണ്ടായത്. താമസിപ്പിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വിമര്‍ശനം എന്റെ നടപടിവഴി ഒഴിവായില്ലേ സാര്‍?'' ഇങ്ങനെയൊക്കെ ഞാന്‍ സ്വയം ന്യായീകരിച്ചു.
അപ്പോഴാണ് അദ്ദേഹത്തിന്റെ ശാന്തമായ മറുപടി: ''എടോ കളക്ടറെ തനിക്കറിയാമോ? മറ്റൊരു കളക്ടര്‍ വിദ്വാന്‍ ഒരാവശ്യവുമില്ലാത്ത കാര്യത്തിന് വലിയൊരു തുകയെടുത്തുകൊടുത്തിട്ട് സാധൂകരണത്തിന് നടക്കുകയാണവിടെ. ഇത് സാധൂകരിച്ചാല്‍ ഓനും കൊടുക്കണ്ടേ? അതാ തന്റെ കേസ് തള്ളിയത്.'' എന്തും ചെയ്തുകളയുന്ന ഒരുദ്യോഗസ്ഥന്റെ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ, എന്റെ പ്രവൃത്തി അതില്‍നിന്നൊക്കെ വ്യത്യസ്തമല്ലേ? ന്യായമല്ലേ? മുഖ്യമന്ത്രിയോട് ഇതില്‍ക്കൂടുതല്‍ എന്തു പറയാനാണ്? എന്റെ മുഖത്തെ നിരാശവായിച്ചിട്ട് സഹജമായ വലിയ ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞു: ''താന്‍ വിഷമിക്കെണ്ടടോ കളക്ടറേ. ഒന്നുകൂടെ എല്ലാം പറഞ്ഞ് എഴുതൂ; ഞാന്‍ അംഗീകരിക്കാം.'' വീണ്ടും എഴുതി; ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന്റെ സാധൂകരണം മുറപോലെ വരുകയുംചെയ്തു.
ആയിടയ്ക്ക് കുഞ്ഞീബി എന്ന ഒരു സ്ത്രീ കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ ആത്മഹത്യചെയ്തു. സെക്സ് വര്‍ക്കറായിരുന്നു. അതൊരു ആത്മഹത്യയല്ല, ലോക്കപ്പ് മര്‍ദനത്തിന്റെ ഫലമായിനടന്ന മരണമാണെന്ന ആരോപണമുയര്‍ന്നു. കുഞ്ഞീബിയുടെ സഹപ്രവര്‍ത്തകരും സ്‌നേഹിതകളും ആത്മഹത്യ എന്ന പോലീസ് ഭാഷ്യം വിശ്വസിച്ചില്ല. അങ്ങനെ സ്വയംഹത്യനടത്തുന്ന പ്രകൃതക്കാരിയല്ല കുഞ്ഞീബി എന്നായിരുന്നു അവരുടെ വാദം. പ്രശ്‌നം വളര്‍ന്നു. ഒടുവില്‍ സര്‍ക്കാര്‍ കളക്ടറെ അന്വേഷണത്തിനു നിയോഗിച്ചു.
നിശ്ചിതദിവസം തെളിവുനല്‍കാന്‍ സന്നദ്ധരായ നൂറോളം ലൈംഗികത്തൊഴിലാളികള്‍ എന്നെ കാണാനെത്തി. അന്ന് ലൈംഗികത്തൊഴിലിനോട് ഇന്നുള്ള സഹിഷ്ണുത ഇല്ലെന്നോര്‍ക്കണം. എന്നിട്ടും ജീവിതത്തിന്റെ പരാധീനതകളും അരക്ഷിതത്വങ്ങളും നിത്യഭീഷണികളും അവര്‍ എന്നോട് പങ്കുവെച്ചു. അരണ്ടവെളിച്ചംനിറഞ്ഞ ജീവിതങ്ങളുടെ സങ്കടങ്ങളും ഗതികേടുകളും മനസ്സിലാക്കാനുള്ള അപൂര്‍വാവസരം എനിക്കങ്ങനെ കൈവന്നു. 'അഗ്നിപുത്രി'യിലെ വയലാര്‍-ബാബുരാജ്-പി. സുശീല ഗാനത്തിലെ 'നിങ്ങളൊരിക്കല്‍ ചൂടിയെറിഞ്ഞൊരു നിശാഗന്ധിയാണ് ഞാന്‍' എന്ന വാങ്മയത്തില്‍ ഉരുകി ഉറയുന്ന വേദന എന്തെന്ന് അന്നെനിക്ക് അറിയാനായി.
കുഞ്ഞീബിയുടെ മരണകാരണത്തെക്കുറിച്ചുള്ള എന്റെ കണ്ടെത്തലുകള്‍ ചില വനിതാ പോലീസുകാര്‍ക്കെതിരായിരുന്നു. അറസ്റ്റുചെയ്ത യഥാര്‍ഥ സമയം പോലീസ് രേഖകളുമായി പൊരുത്തപ്പെട്ടില്ല. ഭക്ഷണപ്രിയയായിരുന്ന കുഞ്ഞീബിയെ തല്ലിച്ചതച്ചെന്നോ, ഉപദ്രവിച്ചു കൊന്നെന്നോ അനുമാനിക്കാന്‍ തെളിവൊന്നുമില്ല. കുഞ്ഞീബിയുടേത് ആത്മഹത്യചെയ്യുന്ന പ്രകൃതമല്ല എന്ന വാദത്തെ ഒരു പരിധിക്കപ്പുറം ആശ്രയിക്കാനാവില്ല.
എത്ര ജീവിതോത്സാഹമുള്ള വ്യക്തിയും ഒരു നിമിഷത്തിന്റെ ഉറഞ്ഞുകൂടിയ നിരാശയ്ക്കും ഇരുട്ടിനും കീഴടങ്ങി ആത്മഹത്യയുടെ മാര്‍ഗം സ്വീകരിക്കാം. ഒന്നോ രണ്ടോ ദിവസത്തെ ലോക്കപ്പ് ജീവിതം, നല്ല ആഹാരമില്ലായ്മ, ആത്മനിന്ദ, നിരാശ, വ്യര്‍ഥതാബോധം എന്നീ വികാരങ്ങള്‍ കൂടിക്കലര്‍ന്നാല്‍ അത് ആത്മഹത്യയുടെ വഴിയിലെത്തിക്കാം. പോലീസിന്റെ ജാഗ്രതയുണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു കുഞ്ഞീബിയുടെ ആത്മഹത്യ എന്ന എന്റെ നിഗമനം സര്‍ക്കാര്‍ അംഗീകരിക്കുകയും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാവുകയും ചെയ്തു.
മറ്റൊരു ആത്മഹത്യയുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ ഓര്‍മയുണ്ട്. മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ഥി ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചു. ആരുടെയൊക്കെയോ കാര്‍ക്കശ്യമാണ് ആത്മഹത്യക്കു പ്രേരകമായതെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരുസംഘം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നെ ഏതാണ്ട് ബന്ദിയാക്കി. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി നീതി ഉറപ്പാക്കാം എന്ന വാഗ്ദാനത്തിനപ്പുറം എനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ല. തീക്ഷ്ണമായ ആ സമരക്കാരുടെ വാചാലനായ നേതാവിനെ വളരെ വര്‍ഷങ്ങള്‍ക്കുശേഷം സെക്രട്ടേറിയറ്റില്‍ എന്നെ ഔപചാരികമായി സന്ദര്‍ശിക്കാന്‍വന്ന പുതിയ ബാച്ചിലെ ഐ.എ.എസ്. ബാച്ചുകാരില്‍ ഒരാളായി ഞാന്‍ കണ്ടു. അദ്ദേഹമാണ് ഇന്നത്തെ ആഭ്യന്തര സെക്രട്ടറി ഡോക്ടര്‍ വേണു (കാറപകടത്തില്‍നിന്ന് രക്ഷപ്പെട്ട് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന വേണുവും ഭാര്യ ശാരദയും കുഞ്ഞും എത്രയുംവേഗം സുഖംപ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു).
ഞാന്‍ ജില്ലയ്ക്കുള്ളില്‍ ധാരാളമായി സഞ്ചരിച്ചു. എല്ലാ വില്ലേജുകളിലും ഒന്നില്‍ക്കൂടുതല്‍ തവണ ചെന്നെത്തി. അന്ന് ദുര്‍ഗമമായിരുന്ന വേളം വില്ലേജില്‍ ചെല്ലുമ്പോള്‍ നാട്ടുകാര്‍ക്ക് അതൊരു വിസ്മയവും ആഹ്‌ളാദവുമായിരുന്നു. അക്കാലത്ത് മാസത്തിലൊരിക്കല്‍ ഏതെങ്കിലുമൊരു പഞ്ചായത്തില്‍ പൊതുജനസമ്പര്‍ക്ക പരിപാടി ഞാന്‍ നടത്തിയിരുന്നു. ധാരാളം ആളുകള്‍ പരാതികളുമായെത്തി. ചിലതിലൊക്കെ പരിഹാരമായി. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു വിശ്വാസമുണ്ടായി ആവലാതികള്‍ ക്ഷമയോടെ കേള്‍ക്കാന്‍ ഒരുദ്യോഗസ്ഥന്‍ തയ്യാറായാല്‍ത്തന്നെ പല പ്രശ്‌നങ്ങളും അതോടെ പരിഹൃതമാകും.
കളക്ടര്‍ സാധാരണക്കാരുടെ പരാതികളോട് കാണിക്കുന്ന ശ്രദ്ധ വലിയ സന്ദേശമാണ് നല്‍കുക. തിരുവമ്പാടിയില്‍നിന്നുവന്ന ആയിഷയുടെ ആവശ്യം സ്വന്തമായി കിണര്‍ വേണമെന്നാണ്. അവരുടെ ഭര്‍ത്താവ് ചേവായൂര്‍ കുഷ്ഠരോഗാശുപത്രിയില്‍ കഴിയുന്ന രോഗിയാണ്. ആയിഷയ്ക്ക് അസുഖമില്ല. എങ്കിലും 'കുഷ്ഠരോഗിയുടെ ഭാര്യ' പൊതുടാപ്പില്‍നിന്ന് വെള്ളമെടുക്കുന്നത് നാട്ടുകാരില്‍ ചിലര്‍ അംഗീകരിച്ചില്ല. ''കള്ളിയെപ്പോലെ പാതിരാത്രിവരെ കാത്തിരുന്നു വെള്ളമെടുത്തുവെച്ച് ഇങ്ങനെ നയിക്കാന്‍* കഴിയൂല്ല കളക്ടര്‍ സാറേ'' എന്ന വാക്കുകളിലെ നിസ്സഹായത എനിക്ക് തള്ളിക്കളയാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, കിണറു കുഴിച്ചുകൊടുക്കാന്‍ കളക്ടര്‍ക്ക് പണമെവിടെ? അപ്പോഴാണ് വരള്‍ച്ചദുരിതാശ്വാസത്തിനായി ചെലവിടാന്‍ കുറച്ചു ഫണ്ട് കിട്ടുന്നത്.
കുന്ദമംഗലം ബ്‌ളോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ദേവസ്യയെ വിളിച്ച് ഞാന്‍ ഈ ദൗത്യം ഏല്‍പ്പിച്ചു. പതിനായിരം രൂപയും അനുവദിച്ചു, ആയിഷയ്ക്ക് ഒരു കിണറു കുത്തിക്കൊടുക്കാന്‍. കൃത്യമായി നോക്കിയാല്‍ ആ തീരുമാനത്തില്‍ ചില പാളിച്ചകളുണ്ട്. ദേവസ്യ അത് ചൂണ്ടിക്കാട്ടുകയും ചെയ്തു. പൊതുകിണറുകള്‍ നന്നാക്കാനും മറ്റുമാണ് പണം ഉപയോഗിക്കേണ്ടത്. ഞാന്‍ ഏതായാലും ആയിഷയ്ക്ക് കിണറു കുഴിച്ചുകൊടുത്തു. വെള്ളം കിട്ടിയ ദിവസം അക്ഷരാര്‍ഥത്തില്‍ ആനന്ദബാഷ്പവുമായി അവര്‍ എന്നെ കാണാന്‍വന്നു. ഇതിനല്ലെങ്കില്‍ അധികാരം പിന്നെ എന്തിനാണ്? ഇടയ്‌ക്കൊക്കെ ആയിഷ ഇപ്പോഴും എന്നെ ഫോണില്‍ വിളിക്കും. അനുഗ്രഹവചസ്സുകള്‍ പറയും.
കോഴിക്കോട് നഗരത്തില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ സജീവമായി പങ്കെടുക്കാനും എഴുത്തുകാരുമായി ഗാഢസൗഹൃദം സ്ഥാപിക്കാനും എനിക്കൊരുപാട് അവസരങ്ങളുണ്ടായി. ഇടയ്ക്കിടെ ബേപ്പൂരില്‍പ്പോയി വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടിരുന്നു. അദ്ദേഹത്തിന് അക്കാലത്താണ് കേന്ദ്രസര്‍ക്കാര്‍ പദ്മശ്രീ കൊടുക്കാന്‍ തീരുമാനിക്കുന്നത്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് ആരായാനായി സര്‍ക്കാര്‍ എന്നെ ചുമതലപ്പെടുത്തി. ഞാന്‍ചെന്ന് കാര്യങ്ങള്‍ ബോധിപ്പിച്ചു. സൂഫിയായ സാഹിത്യകാരന്റെ നിസ്സംഗസുന്ദരമായ മറുപടി ഇതായിരുന്നു: ''താമ്രപത്രംപോലെ വല്ലതുമാണോ ഈ സാധനം? കൊണ്ടുതന്നാല്‍ വാങ്ങി അലമാരയില്‍ വച്ചേക്കാം. ഡല്‍ഹി യാത്രയൊന്നും പറ്റില്ല. തണുപ്പ് പറ്റില്ല. (അകത്തേക്കു നോക്കി) ഫാബീ, ഈ കളക്ടര്‍ താമ്രപത്രം പോലെ മറ്റെന്തോ കൊണ്ടുവരും കേട്ടോ അലമാരയില്‍ കൊണ്ടുവച്ചേക്കണം.'' അതാണ് അദ്ദേഹത്തതിന് പദ്മശ്രീയോടുള്ള ബന്ധം.
.jpg?$p=055e3e3&&q=0.8)
'എന്റതല്ലെന്റതല്ലീ കൊമ്പനാനകള്‍' എന്ന മനോഭാവത്തിന്റെ പ്രത്യക്ഷം! പിന്നീട് സുകുമാര്‍ അഴീക്കോട്, എന്‍.പി. മുഹമ്മദ് എന്നിവരുടെയൊക്കെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തുവെച്ച് പദ്മശ്രീ കൈമാറിയ സായാഹ്നവും ഓര്‍മയില്‍ ഒളിചിതറിനില്‍ക്കുന്നു. ടൗണ്‍ ഹാളില്‍ ഒരു പുസ്തകച്ചന്ത ഉദ്ഘാടനംചെയ്യാന്‍വന്ന ബഷീര്‍ എനിക്ക് വലിയ വിലയുള്ള ഒരു അറ്റ്ലസ് വാങ്ങി ഒപ്പിട്ടുതന്നത് ഓര്‍മയുണ്ട്. ''ബീവിയോടൊപ്പം ഇവിടെയെല്ലാം സഞ്ചരിച്ചുകൊള്ളണം' എന്ന കല്പനയോടെ ആ പുസ്തകം സമ്മാനിച്ചു. ഒരിക്കല്‍ ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ഡി.സി. കിഴക്കേമുറിയും ബഷീറും പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി കളക്ടറുടെ വസതിയില്‍ തികച്ചും യാദൃച്ഛികയായി വന്നുചേര്‍ന്നതും അന്നെന്റെ പിറന്നാളായിരുന്നു എന്നതും ഓര്‍മയിലുണ്ട്. ആ രംഗങ്ങളൊന്നും ഇനി ജീവിതത്തില്‍ ആവര്‍ത്തിക്കുകയില്ലല്ലോ എന്ന വിചാരം നൊമ്പരപ്പെടുത്തുന്നതോടൊപ്പം ഓര്‍മകളെ കൂടുതല്‍ കാന്തിമയമാക്കുകയും ചെയ്യുന്നു.
എം.ടി. എന്ന പ്രിയപ്പെട്ട എഴുത്തുകാരനെ അടുത്തറിയാനായതും ഈ കാലയളവിന്റെ കൈവല്യമാണ്. തിക്കോടിയനുമായി അനേകം പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍പോയത് മറന്നിട്ടില്ല. സഞ്ചരിക്കുന്ന ചരിത്രപുസ്തകമാണ് തിക്കോടിയന്‍. എന്‍.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂര്‍, വടകരനിന്ന് നഗരത്തില്‍ വന്നിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള, യു.എ. ഖാദര്‍ എന്നിങ്ങനെയുള്ള എഴുത്തുകാരുമായി പങ്കിട്ട വൈകുന്നേരങ്ങള്‍ മറക്കാവതല്ല. എന്റെ ആദ്യ കവിതാസമാഹാരമായ 'ഒറ്റപ്പെട്ടവന്റെ പാട്ട്' അളകാപുരി ഓഡിറ്റോറിയത്തില്‍വെച്ച് പ്രകാശിപ്പിച്ചപ്പോഴും നഗരത്തിലെ എഴുത്തുകാര്‍ പ്രോത്സാഹിപ്പിക്കാനായി സന്നിഹിതരായിരുന്നതും മറന്നിട്ടില്ല.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ പുതിയ മെഗാ ചിത്രത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ നിര്‍മാതാവ് പി.വി. ഗംഗാധരന്‍, ഗാനരചനയുടെ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. തിരക്കഥാരചയിതാവായ എം.ടി. വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ ഹരിഹരനും സമ്മതിച്ചു. അങ്ങനെയാണ് മലയാളത്തിലെ എക്കാലത്തെയും വിശിഷ്ടചലച്ചിത്രമായ 'ഒരു വടക്കന്‍ വീരഗാഥ'യുമായി ബന്ധപ്പെടാന്‍ എനിക്കവസരമുണ്ടായത്.
സംഗീതസംവിധായകന്‍ ബോംബെ രവി കോഴിക്കോട്ടെത്തി. എനിക്ക് നല്ല ജോലിത്തിരക്കുള്ള സമയമാണ്. എങ്കിലും ആ ചിത്രവുമായി സഹകരിക്കാനായത് ഭാഗ്യം. കോഴിക്കോട് വെച്ചുതന്നെ 'ചന്ദന ലേപ സുഗന്ധം' എന്ന പാട്ട് ഭാഗികമായെഴുതി. പൂര്‍ത്തിയായില്ല. റെക്കോഡിങ്ങിനു ചെന്നൈയിലേക്ക് ഞാനും പോയി. മൂന്നു പാട്ടുകള്‍ ഇനിയും എഴുതാനുണ്ട്. 'ചന്ദന ലേപ സുഗന്ധം' എന്ന ഗാനം എഴുതിത്തീര്‍ന്നപ്പോള്‍ വിചാരിച്ചതിലും വൈകി. 'കളരിവിളക്ക് തെളിഞ്ഞതാണോ' എന്ന പാട്ടുകൂടി എഴുതിത്തീര്‍ന്നപ്പോഴേക്കും എനിക്ക് കോഴിക്കോട്ടേക്ക് മടങ്ങേണ്ട സമയമായി. പിറ്റേന്ന് ഐ.ആര്‍.ഡി.പി. ഫെയര്‍ ഉദ്ഘാടനമാണ്. മന്ത്രി വരും. മാറിനില്‍ക്കാനാവില്ല. മറ്റൊരാളെ ഗാനരചന ഏല്‍പ്പിക്കുകയേ വഴിയുള്ളൂ. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ വിളിക്കാമെന്ന് ഞാന്‍ തന്നെയാണ് സൂചിപ്പിച്ചത്. അങ്ങനെയാണ് 'ഇന്ദുലേഖ കണ്‍തുറന്നൂ' എന്ന കൈതപ്രത്തിന്റെ പാട്ട് പിറക്കുന്നത്. കൈതപ്രം എന്ന ഗാനരചയിതാവിന്റെ ജൈത്രയാത്ര അവിടെ ആരംഭിക്കുകയായിരുന്നു.

1988-ന്റെ മധ്യത്തോടെ നാദാപുരത്തും വാണിമേലിലുമൊക്കെ രാഷ്ട്രീയസംഘട്ടനങ്ങളുണ്ടായി. നിരോധനാജ്ഞ പുറപ്പെടുവിക്കുകയും കരുതല്‍ അറസ്റ്റുകള്‍ നടത്തുകയുമൊക്കെ ചെയ്തു. നിഷ്പക്ഷമായ നിലപാടുകളെടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. വിരുദ്ധചേരികളിലുള്ളവര്‍ പരസ്പരം വെട്ടിക്കൊല്ലുന്ന സ്ഥിതിയുണ്ടായി. സ്ഥിതിഗതികള്‍ ശാന്തമാക്കാനും പരസ്പരവിശ്വാസം വീണ്ടെടുക്കാനുമായി വടകര റെസ്റ്റ് ഹൗസില്‍ എണ്ണമറ്റ സര്‍വകക്ഷിയോഗങ്ങളും വീടുവീടാന്തരമുള്ള സന്ദര്‍ശനങ്ങളും നടത്തി. മരണംനടന്ന വീടുകളിലെ നിലവിളികള്‍ ഇപ്പോഴും എന്റെ മനസ്സില്‍നിന്ന് ഒഴിഞ്ഞിട്ടില്ല.
കരയാനും സഹിക്കാനും വിധിക്കപ്പെടുന്ന അമ്മമാരുടെ മുഖങ്ങള്‍ക്കു മാറ്റമില്ല. വേദനയ്ക്ക് കക്ഷിഭേദമില്ല. മതജാതി ഭേദവുമില്ല. റവന്യൂ ടൂറിസം മന്ത്രി പി.എസ്. ശ്രീനിവാസന്‍ ആയിടെ ജില്ലയിലെത്തിയപ്പോള്‍ എന്നോട് പറഞ്ഞു: ''ഞാന്‍ നിങ്ങളെ ഇവിടെനിന്ന് പൊക്കും. ടൂറിസം ഡയറക്ടറായി നല്ലൊരാളെ വേണം.'' 'പൊക്കുക' എന്നദ്ദേഹം പറഞ്ഞത് സ്‌നേഹത്തോടെയാണ്. എനിക്ക് ജില്ലവിടാനുള്ള സമയമായി. എങ്കിലും നാദാപുരം ശാന്തമാകാതെ ജില്ല വിടരുതെന്ന് എനിക്ക് തോന്നി. ഞാന്‍ മന്ത്രിയോട് പറഞ്ഞു: ''ജില്ലയില്‍ ഞാനിപ്പോള്‍ രണ്ടരവര്‍ഷമായി. മാറേണ്ട സമയമായി. പക്ഷേ, സാര്‍ എനിക്ക് രണ്ടുമാസംകൂടി തരണം. നാദാപുരം ശാന്തമായിട്ട് ഞാന്‍ വിടാം. ഇപ്പോള്‍ ഇവിടെനിന്ന് പോയാല്‍ അതൊരു ഭാരമായി മനസ്സില്‍ക്കിടക്കും''. അദ്ദേഹത്തിന് എന്റെ വികാരം മനസ്സിലായി. ഡിസംബര്‍ വരെ ഞാന്‍ കോഴിക്കോട്ട് തുടര്‍ന്നു. നാദാപുരം പ്രദേശങ്ങള്‍ ശാന്തമായി. എല്ലാ രാഷ്ട്രീയനേതാക്കളും അതിനായി സഹകരിച്ചു. എ. കണാരന്‍, എന്‍. ചന്ദ്രശേഖരന്‍, കേളുവേട്ടന്‍, സുരേഷ് ബാബു, ഐ.വി. ശശാങ്കന്‍, എം. ദാസന്‍ എന്നിങ്ങനെ ഒട്ടേറെ രാഷ്ട്രീയനേതാക്കളെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. കേളുവേട്ടന്‍ എനിക്കൊരു ശക്തിസ്രോതസ്സ് തന്നെയായിരുന്നു എപ്പോഴും.
മാതൃഭൂമിയുടെ എം.ഡി.യും എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ എം.പി. വീരേന്ദ്രകുമാര്‍, കെ.ടി.സി. ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍, പ്രമുഖ വ്യാപാരിയായ പി.കെ. അഹമ്മദ്, ബീച്ച് ഹോട്ടല്‍ സിദ്ധാര്‍ഥന്‍, പി. സുന്ദര്‍ദാസ്, എന്‍.ബി. കൃഷ്ണക്കുറുപ്പ്, എന്‍.ഇ. ബാലകൃഷ്ണമാരാര്‍, മറ്റനേകം പ്രമുഖവ്യാപാരികള്‍ എന്നിവരെല്ലാം ജില്ലയുടെ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി കൂടെനിന്നു.
.jpg?$p=70fc63a&&q=0.8)
ശങ്കരന്‍വക്കീല്‍ എന്ന് എല്ലാവരും വിളിക്കുന്ന മുന്‍ മേയര്‍ അഡ്വ. ശങ്കരന്‍, മുതിര്‍ന്ന രാഷ്ട്രീയനേതാക്കളായ പി.പി. ഉമ്മര്‍കോയ, ബി.വി. അബ്ദുള്ളക്കോയ, എം.എല്‍.എ.മാരായിരുന്ന ചന്ദ്രശേഖരക്കുറുപ്പ്, എം. കുട്ട്യാലി, പദ്മനാഭന്‍ മാസ്റ്റര്‍ എന്നിവരെല്ലാം എപ്പോഴും പിന്തുണച്ചു. എ. സുജനപാല്‍, ചെലവൂര്‍ വേണു, അഡ്വ എം. രാജന്‍, നഗരത്തിലെ അനേകം പൗരമുഖ്യര്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറയിലുള്ളവരുടെ സ്‌നേഹം എനിക്കെന്നും കവചമായി (അനേകം പേരുകള്‍ വിട്ടുപോയിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്താതെ വയ്യ).
ഡിസംബറില്‍ കോഴിക്കോട് ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയ വലിയ യാത്രയയപ്പ് സമ്മേളനം നഗരത്തിലെ പൗരമുഖ്യരുടെ സാന്നിധ്യവും സ്‌നേഹവാക്കുകളുംകൊണ്ട് നിറംമങ്ങാത്ത ചിത്രമായി ഓര്‍മയില്‍ പതിഞ്ഞുകിടപ്പുണ്ട്. ഒരു ജില്ലയും അവിടത്തെ ജനങ്ങളും നല്‍കിയ നിരുപാധികമായ സ്‌നേഹവിശ്വാസങ്ങള്‍ എന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവനാക്കി. 'ഒരു വസന്തസ്മൃതിപോലെ ഈ നഗരം എന്നും എന്നിലുണ്ടാവും' എന്നായിരുന്നു എന്റെ വിയോഗവാക്യം. മൂന്നരപ്പതിറ്റാണ്ടിനുശേഷവും ആ വസന്തവര്‍ണങ്ങളും സുഗന്ധവും തെല്ലും മങ്ങിയിട്ടില്ല. ഇനി മങ്ങുകയുമില്ല.
*അധ്വാനിക്കാന്‍
തുടരും
Content Highlights: K. Jayakumar, E. K. Nayanar, Sancharathinte Sangeetham, Autobiography, Calicut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..