നടൻ ശ്രീനിവാസൻ, കെ.ജയകുമാർ | ഫോട്ടോ: മാതൃഭൂമി
വിദ്യാഭ്യാസവകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേറ്റ് പുതിയമന്ദിരത്തിലേക്ക് മാറി. അക്കാലത്തെ ഏറ്റവുംപ്രധാനപ്പെട്ട പദ്ധതിയായിരുന്നു ഡി.പി.ഇ.പി.; ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതും. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന കെ.ജയകുമാറിന്റെ ആത്മകഥയായ 'സഞ്ചാരത്തിന്റെ സംഗീത'ത്തിന്റെ പത്തൊമ്പതാം അധ്യായം വായിക്കാം....
1996 മേയ് മാസത്തോടെ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറായി ഞാന്‍ കൃത്യം പന്ത്രണ്ടുമാസം പൂര്‍ത്തിയാക്കിയിരുന്നു. ഭരണമാറ്റത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥതലത്തിലെ മാറ്റങ്ങളുടെ വേലിയേറ്റത്തില്‍ ഞാന്‍ വിദ്യാഭ്യാസസെക്രട്ടറിയായി; ലിഡാ ജേക്കബ് വിദ്യാഭ്യാസ ഡയറക്ടറായി.
വിദ്യാഭ്യാസമന്ത്രിയായ പി.ജെ. ജോസഫ് സാര്‍ ഒരു ഗായകന്‍കൂടിയായതുകൊണ്ടാവണം, എനിക്കെപ്പോഴും സവിശേഷമായ സ്‌നേഹവും വിശ്വാസവും നല്‍കി. ഡി.പി.ഐ.യായി നിയമിതയായ ലിഡാ ജേക്കബ് എനിക്ക് ആലപ്പുഴക്കാലംമുതല്‍ക്കേ സുപരിചിത. അങ്ങനെ എല്ലാംകൊണ്ടും അനുകൂലമായ അന്തരീക്ഷത്തില്‍ സ്‌കൂള്‍വിദ്യാഭ്യാസവകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ ഏറ്റവുംവലിയ കൈമുതല്‍ വിദ്യാഭ്യാസഡയറക്ടറായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുതന്നെയായിരുന്നു. ആ അനുഭവസമ്പത്ത് നേടുന്നതിന് എന്നെ സഹായിച്ച ഡി.പി.ഐ. ഓഫീസിലെ ഒട്ടേറെ സഹപ്രവര്‍ത്തകരുണ്ട്. അക്കൂട്ടത്തില്‍ ഗോപാലന്‍ എന്ന അഡീഷണല്‍ ഡയറക്ടറാണ് കെ.ഇ.ആര്‍. എന്ന 'കരിമല' കയറാന്‍ എന്നെ സഹായിച്ച ഗുരുസ്വാമി. വിദ്യാഭ്യാസവകുപ്പിനെക്കുറിച്ച് ഇത്ര ഗാഢമായ അറിവും അനുഭവജ്ഞാനവും സമര്‍പ്പണബോധവുമുള്ള വ്യക്തികളെ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്കും പൊതുസമൂഹത്തിനും പലപ്പോഴും കഴിയാറില്ല.
പുതിയസര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ത്തന്നെ ഒരു വകുപ്പിന്റെ സെക്രട്ടറിയാകാന്‍ കഴിയുക നല്ലകാര്യമാണ്. സാമാന്യം നീണ്ട അഞ്ചുവര്‍ഷത്തെ യാത്രയാരംഭിക്കാമെന്ന വിശ്വാസം. പരിഷ്‌കാരങ്ങളും മാറ്റങ്ങളും നടപ്പാക്കുന്നതിനും വകുപ്പിന് പുതിയൊരു ഉണര്‍വും ലക്ഷ്യബോധവും കൊടുക്കുന്നതിനുമുള്ള അവസരം. മന്ത്രിയും സെക്രട്ടറിയുമായുള്ള ബന്ധം നല്ലതാണെങ്കില്‍ നമ്മുടെ കര്‍മശേഷി തഴയ്ക്കും. മന്ത്രിയുമായും വകുപ്പുമേധാവിയുമായും മറ്റുദ്യോഗസ്ഥരുമായും നല്ലബന്ധം പുലര്‍ത്താനായാല്‍ യാത്ര സുഗമവും ക്രിയാത്മകവുമാവും.

തലപ്പത്തിരുന്ന് എപ്പോഴും കുറ്റം കണ്ടുപിടിക്കാനല്ല, പുതിയ ആശയങ്ങളാല്‍ പ്രചോദിതരായി നമുക്ക് ഈ വകുപ്പിനെ നന്നാക്കാം എന്ന വിചാരവും വിശ്വാസവും പങ്കിടാനാണ് സെക്രട്ടറി ശ്രമിക്കേണ്ടതെന്ന് എനിക്ക് പൂര്‍ണബോധ്യംവന്ന കാലയളവായിരുന്നു അത്. തിരിഞ്ഞുനോക്കുമ്പോള്‍ ആ നാളുകളുടെ ഓര്‍മപോലും സംതൃപ്തി പകരുന്നു. ഒപ്പംപ്രവര്‍ത്തിച്ച അനേകംപേരുടെ മുഖങ്ങളുടെ മൊണ്ടാഷ് മനസ്സില്‍ തെളിഞ്ഞ് മായുന്നു.
ജീവിതത്തെക്കുറിച്ച് എത്ര കൃതജ്ഞതയോടെ വിചാരിക്കുമ്പോഴും ചിലപ്പോള്‍ ഒരുപരിതാപം മണ്ണിലെ മഴനനവുപോലെ നമ്മള്‍ അനുഭവിക്കും. എത്ര കമനീയമാണോ ഓര്‍മകള്‍, അത്രയും തീക്ഷ്ണമായിരിക്കും പരിതാപം.
ജീവിതത്തില്‍ ഒന്നും ആവര്‍ത്തിക്കുന്നില്ലെന്ന അറിവാണ് ആ പരിതാപത്തിന്റെ പൊരുള്‍. അനുഭവങ്ങള്‍ ഓര്‍മകളാവുന്നു; പുതിയ അനുഭവങ്ങള്‍ ഭവിക്കുന്നു. ഓര്‍മകളില്‍ അഭിരമിച്ച് ആ നഷ്ടഭംഗികളുടെ അയഥാര്‍ഥ യാഥാര്‍ഥ്യം (virtual reality) അനുഭവിക്കാമെന്നുമാത്രം. പഴയ ആല്‍ബം നോക്കുന്ന സുഖം! ആ ദിവസങ്ങള്‍ ഇനി ഒരിക്കല്‍ക്കൂടി നമുക്ക് സ്വന്തമാവുകയില്ലല്ലോ എന്ന വാസ്തവം ഉള്‍ക്കൊള്ളുമ്പോള്‍ ജീവിക്കുന്ന ഓരോ നിമിഷത്തിന്റെയും അനന്യമൂല്യം നാമറിയും.
Content Highlights: DPEP, KITE, Victers, K. Jayakumar, Autobiography, Sancharathinte sangeetham, weekend
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..