കെ. ജയകുമാർ | ഫോട്ടോ: മാതൃഭൂമി
'ആരൊക്കെയോ ചേര്‍ന്നൊപ്പിച്ചതായിരുന്നു ആ തരം താഴ്ത്തല്‍. അതൊരു മുറിവായി നീറി നീറി മനസ്സില്‍ക്കിടന്നു. എന്നാല്‍, കാലം തിരിച്ചുതന്നത് കൂടുതല്‍ക്കൂടുതല്‍ അവസരങ്ങളായിരുന്നു. നിര്‍ദോഷവും നിഷ്‌കളങ്കവുമായ അന്നത്തെ ആ വാശിയെക്കുറിച്ച് ഇന്നോര്‍ക്കുമ്പോള്‍ എല്ലാം ഒരസംബന്ധനാടകത്തിലെ രംഗങ്ങള്‍പോലെ രസനീയം'. മറക്കാനാകാത്ത അനുഭവങ്ങളെ ഓര്‍ത്തെടുത്ത്
കെ. ജയകുമാര്‍. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന കെ. ജയകുമാറിന്റെ ആത്മകഥയായ 'സഞ്ചാരത്തിന്റെ സംഗീത'ത്തിന്റെ പതിനെട്ടാം അധ്യായത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ചെഴുതിയിരിക്കുന്നത്. കുറിപ്പ് വായിക്കാം...
വിചാരിച്ചിരുന്നത് സംഭവിച്ചു. ടൂറിസം-സാംസ്‌കാരിക-ഇന്‍ഫര്‍മേഷന്‍ വകുപ്പുകളുടെ ചുമതലയില്‍നിന്ന് എന്നെ കൃത്യമായി മാറ്റി. സെക്രട്ടറിയായിക്കഴിഞ്ഞ ഒരുദ്യോഗസ്ഥന് സാധാരണനിലയില്‍ വകുപ്പുകളുടെ ചുമതലയില്‍ മാറ്റമുണ്ടാവുകയേ പതിവുള്ളൂ. സെക്രട്ടേറിയറ്റിനു പുറത്തേക്കു പോകേണ്ടി വരാറില്ല. അല്ലെങ്കില്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനോ, പ്രധാനപ്പെട്ട ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറോ ആയിട്ടായിരിക്കും നിയമനം.
എന്നെ മാറ്റിയത് പൊതുവിദ്യാഭ്യാസ ഡയറക്ടറായിട്ടാണ്. അതൊരു ചെറുതോ അപ്രധാനമോ ആയ ജോലിയല്ല. കേരളത്തിലെ സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ അമരക്കാരനാവുക തീര്‍ച്ചയായും അഭിമാനകരം തന്നെ. പുതിയ പോസ്റ്റ് അല്ല എന്നെ വിഷമിപ്പിച്ചത്. സെക്രട്ടേറിയറ്റില്‍നിന്ന് പുറത്താക്കി എന്ന നിരാശ എന്നെ കരണ്ടുകൊണ്ടിരുന്നു. സ്വാധീനമുള്ള ചില ഉദ്യോഗസ്ഥര്‍ എന്റെ സ്ഥാനചലനവും 'നാടുകടത്തലും' ആഗ്രഹിക്കുകയും അതിനുവേണ്ടി കരുനീക്കം നടത്തുകയും ചെയ്തു എന്ന 'ആധികാരികമായ വിവരം' മനോവിഷമത്തെ പെരുപ്പിച്ചു.
ഭരണസിരാകേന്ദ്രത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിന്റെ വേദനയോടെയാണെങ്കിലും പുതിയ ജോലിയുമായി ഞാന്‍ വേഗം പൊരുത്തപ്പെട്ടു. കേരളാ എജ്യുക്കേഷന്‍ റൂള്‍സ് (K.E.R.) എന്ന വിശുദ്ധഗ്രന്ഥവുമായുള്ള പരിചയം ഈ ജോലിയില്‍ അനിവാര്യമാണെന്ന് ആദ്യമേ മനസ്സിലായി. അതൊരു പുരാതന നിയമാവലിയാണെന്നും ബോധ്യപ്പെട്ടു. സ്വകാര്യ സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളുകളാക്കി മാറ്റുകയും അവിടത്തെ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയും ചെയ്ത ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയുടെ ചരിത്രപ്രധാന തീരുമാനം അനിവാര്യമാക്കിയവയാണ് ഈ ചട്ടങ്ങള്‍. ഇവയുടെ ഭാവനരഹിതവും വികലവുമായ വ്യാഖ്യാനങ്ങളിലൂടെ വന്നുഭവിച്ചിട്ടുള്ള തെറ്റായ കീഴ് വഴക്കങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും കണക്കില്ല.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന്റെ അമ്പതുശതമാനത്തിലേറെ ഊര്‍ജം വ്യയം ചെയ്തിരുന്നത് ഈ കേസുകളുടെ നടത്തിപ്പിനായിരുന്നു. (ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുമെന്നാണെന്റെ വിശ്വാസം) ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് ഒരു സ്വതന്ത്രരാജ്യം തന്നെയാണ്. വിദ്യാഭ്യാസമേഖലയുടെ ഭരണപരവും അക്കാദമികവുമായ കാര്യങ്ങളില്‍ വലിയ സംഭാവന നടത്താന്‍ ആ സ്ഥാനത്തിരുന്നു സാധിക്കും. ജോലിയുടെ പ്രാധാന്യം എനിക്ക് ബോധ്യപ്പെട്ടു; ഞാനതിനോട് പൊരുത്തപ്പെടുക മാത്രമല്ല അത് ഇഷ്ടപ്പെടാനും തുടങ്ങി.
സംസ്ഥാനത്തു ഏറ്റവുംകൂടുതല്‍ സന്ദര്‍ശകര്‍ കാണാന്‍ വരുന്ന ഉദ്യോഗസ്ഥന്‍ ഡി.പി.ഐ. തന്നെയായിരിക്കണം. സന്ദര്‍ശകര്‍ കൂടുതലും സര്‍വീസിലുള്ളതോ പിരിഞ്ഞതോ ആയ അധ്യാപകരായിരിക്കും. അല്ലെങ്കില്‍ സ്‌കൂള്‍ മാനേജര്‍മാരായിരിക്കും. അഭിഭാഷകരുമുണ്ടാകും ഇടയ്ക്കിടെ. ഇതൊക്കെയാണെങ്കിലും 'മമതാബന്ധങ്ങളില്‍നിന്ന് മുക്തി നേടാത്ത എന്റെ മനസ്സ് കലാപം കൂട്ടിക്കൊണ്ടേയിരുന്നു. എന്നാലും സെക്രട്ടറിയായിരുന്ന തന്നെ തരംതാഴ്ത്തിക്കളഞ്ഞല്ലോ' എന്ന് അന്തഃകരണം (അഥവാ ഈഗോ) മന്ത്രിച്ചുകൊണ്ടേയിരുന്നു. അതെന്റെ അഹന്തയ്ക്കു ചെറുതല്ലാത്ത പ്രഹരം തന്നെ നല്‍കി. (ഒരുപക്ഷേ, അത് തന്നെയായിരിക്കണം എന്റെ സ്ഥാനമാറ്റത്തിനുവേണ്ടി പ്രയത്‌നിച്ചവര്‍ ആഗ്രഹിച്ചതും.)
Content Highlights: K. Jayakumar, Autobiography, Sancharathinte sangeetham, weekend
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..