ദൃശ്യകാവ്യത്തിലെ ലാവണ്യബിംബം


വി. കലാധരൻ

മുഖജാഭിനയം ഏതൊരു നടനും ജന്മനാ ലഭിക്കേണ്ടത്. ആംഗികം കളരിയിലെ അത്യധ്വാനത്തിന്റെ സദ്ഫലവും. രണ്ടും സമാസമം ചേർന്നതിന്റെ അദ്ഭുതസാക്ഷാത്കാരമാണ് കലാമണ്ഡലം ഗോപി. മെയ് 23ന് ഗോപിയാശാന്റെ എൺപത്തിനാലാം ജന്മദിനമാണ്

കലാമണ്ഡലം ഗോപി. ഫോട്ടോ: എം.വി.സിനോജ്

മൂന്നരപ്പതിറ്റാണ്ടിനപ്പുറം കാലടിക്കടുത്ത് തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നടന്ന ഒരുത്സവക്കളിയുടെ ഓർമയിൽനിന്ന് ഇന്നും ഞാൻ മുക്തനല്ല. കലാമണ്ഡലത്തിന്റെ താരനിബിഡമായ കഥകളിസംഘം സന്ധ്യമയക്കത്തിനുമുമ്പ്‌ അണിയറയിലെത്തി. പുറപ്പാട് കഴിഞ്ഞ് സമ്പൂർണ ദുര്യോധനവധം. കഥ തുടങ്ങിയപ്പോൾ താരങ്ങൾ പലരും രംഗത്തില്ല. രംഗങ്ങൾ പലത് പിന്നിട്ടിട്ടും പാടാൻ ഉണ്ണിക്കൃഷ്ണക്കുറുപ്പോ കൊട്ടാൻ കൃഷ്ണൻകുട്ടിപ്പൊതുവാളോ അരങ്ങിലെത്തിയില്ല. സംഘാടകരും പ്രേക്ഷകരും ഒരുപോലെ ക്ഷുഭിതർ. കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമനാണ് വേഷം. ആളെത്തിയിട്ടില്ല. അതുകൂടി നോക്കിയിട്ടാവാം ബാക്കി എന്ന നിഗമനത്തിലെത്തി കോപാകുലരായ കാണികൾ. വെളുപ്പിന് നാലുമണിയോടെ ഗോപി കാറിൽ വന്നിറങ്ങി. ചുട്ടിയും മുഖത്തെഴുത്തും മാറ്റിയിട്ടില്ല. അണിയറയിലെത്തി മുഖത്തെഴുത്തിലും ചുട്ടിയിലും ആവശ്യംവേണ്ട അലങ്കാരങ്ങൾ ചേർത്തശേഷം ഉടുത്തുകെട്ടി. മറ്റൊരുക്കങ്ങൾ അതിവേഗം. രൗദ്രഭീമൻ രംഗത്തെത്തിയപ്പോൾ കുറുപ്പും പൊതുവാളുമടക്കം പ്രമാണിമാരെല്ലാം ജാഗരൂകരായി. ആകാംക്ഷാഭരിതരായ കാണികൾ, താഴ്‌ത്തിയ തിരശ്ശീലയ്ക്കുപിന്നിൽ, രൗദ്രരസത്തിന്റെ പാരമ്യതയിൽനിന്ന് ജ്വലിക്കുന്ന തങ്ങളുടെ ആരാധനാമൂർത്തിയെ കണ്ടു. കുരുക്ഷേത്രമാകെ അവലോകനംചെയ്ത് എന്റെ ആജന്മശത്രു എവിടെയെന്ന് ആ കൈയും മെയ്യും മുഖവും ഒത്തുചേർന്ന് അക്ഷമയോടെ ചോദിച്ചപ്പോൾ സദസ്സിൽ ഹർഷാരവം. ദുശ്ശാസനനുമായുള്ള ഘോരസംഗരത്തിനിടയിൽ ‘തകൃത’ ഏറ്റിച്ചുരുക്കിയപ്പോൾ മൂന്നു ചെണ്ടയും മൂന്നു മദ്ദളവും ഗോപിയുടെ പ്രവൃത്തിയെ സമുജ്ജ്വലമാക്കി. രൗദ്രഭീമൻ നരസിംഹമൂർത്തിയായി മാറിയപ്പോൾ ആംഗിക-സാത്വികങ്ങൾ ഉച്ചസ്ഥായിയിലെത്തി. കൃഷ്ണൻ പ്രത്യക്ഷപ്പെട്ടപ്പോൾ രൗദ്രഭീമന്റെ കദനംനിറഞ്ഞ ചിരി. ആ തൃപ്പാദം ചേർത്തുപിടിച്ച് നിർവൃതി. മെലിഞ്ഞ മെയ്യിന്റെ രോമാഞ്ചം കൊള്ളൽ. പശ്ചാത്തലത്തിൽ നിമന്ത്രണംപോലെ മേളം. കളി അവസാനിച്ചപ്പോൾ സംഘാടകർ സംപ്രീതരായി. പുലരി പ്രസാദനിർഭരം. കഥകളിസംഘത്തിന് നടത്തിപ്പുകാരുടെ വക സത്‌കാരവും പുറമേ പ്രാതലും.

ഹരിതപ്രഭ

കഥകളിയുടെ, വിശിഷ്യാ, കല്ലുവഴിച്ചിട്ടയുടെ സാരസർവസ്വമായ കോട്ടയം കഥകളിൽ കല്യാണസൗഗന്ധികം മാത്രമായിരുന്നു അക്കാലം കൂടുതൽ കളിച്ചിരുന്നത്. അതിലെ ഭീമസേനനായപ്പോൾ ഗോപി കളിഭ്രാന്തർക്ക് തീർത്തും വിഭിന്നമായൊരനുഭവം. ‘പാഞ്ചാലരാജതനയേ’ എന്ന പതിഞ്ഞ പദത്തിൽ, അതിലെ സവിശേഷമായ ഇരട്ടിയിൽ, ശൃംഗാരരസത്തിന്റെ മിതവും സൂക്ഷ്മവുമായ വിന്യാസം. വനയാത്രയിലും ഹനുമാനുമായുള്ള ആദ്യമുഖാമുഖത്തിലും വീരരസത്തിന്റെ അന്യൂനവിലാസം. ആഞ്ജനേയന്റെ ജലധിയെ ലംഘിച്ച വിഗ്രഹംകണ്ട് വൈവശ്യം. ഗദ നഷ്ടപ്പെട്ടതിൽ ജാള്യം. തിരികെ കിട്ടിയപ്പോൾ ഉത്സാഹം. ഗോപിയുടെ രൂപപ്പൊലിമയിൽ, സ്തോഭപ്പകർച്ചകളിൽ, ഉപാംഗശോഭയിൽ, ഹസ്തമുദ്രാവിന്യാസങ്ങളുടെ ഘനകാന്തിയിൽ, മുങ്ങാവതോ മുങ്ങിയവരാണ് ദേശവിദേശങ്ങളിലെ മികച്ച കഥകളിപ്രണയികൾ.

കഥാപാത്രഭാവത്തിന്റെ നാനാർഥങ്ങൾ ഏറ്റവുമധികം ഫലിക്കുക ‘പച്ച’ വേഷങ്ങളിലാണ്. സുഭദ്രാഹരണത്തിൽ ഗോപിയുടെ അർജുനൻ, വലന്തലമേളത്തിന്റെ അകമ്പടിയിൽ, വിവാഹരംഗവും തുടർന്നുള്ള ‘കഞ്ജദളലോചനേ’ എന്ന പദവും ആവിഷ്കരിക്കുന്നത് കണ്ടിട്ടുള്ളവർക്കറിയാം ഇപ്പറഞ്ഞതിന്റെ പരമാർഥം.

മുഖജാഭിനയം ഏതൊരു നടനും ജന്മനാ ലഭിക്കേണ്ടത്. ആംഗികം കളരിയിലെ അത്യധ്വാനത്തിന്റെ സദ്ഫലവും. സങ്കോചം തെല്ലുമില്ലാതെ രണ്ടും സമാസമം ചേർന്നതിന്റെ അദ്ഭുതസാക്ഷാത്കാരമാണ് ഗോപി. ഇവ ഒരുപോലെ കൊണ്ടുനടക്കാൻ വിധിക്കപ്പെട്ടതിന്റെ പറഞ്ഞറിയിക്കാനാവാത്ത സംഘർഷമായിരുന്നു ഏതാണ്ട് അരനൂറ്റാണ്ടോളം ഈ നാട്യകലാഗന്ധർവൻ അനുഭവിച്ചുതീർത്തത്. അരങ്ങിലും ജീവിതത്തിലും. ചൊല്ലിയാട്ടപ്രധാനമായ കഥകളായാലും വികാരവിസ്ഫോടനത്തിന് ഇടം കൂടുതലുള്ള കഥകളായാലും സംഗീതവും മേളവും തന്റെ രംഗവൃത്തിയെ കൃത്യമായും സമഗ്രമായും അനുധാവനം ചെയ്യണമെന്നുള്ള നിഷ്‌കർഷയാണ് ജീവിതസായാഹ്നത്തിൽ അദ്ദേഹം നിർദാക്ഷിണ്യം നടപ്പാക്കിയത്. കഥകളിക്കാഴ്ചകളിലേക്ക്‌ വൈകിവന്നവർ ഗോപിക്ക്‌ ചാർത്തിക്കൊടുക്കുന്ന മറ്റുമഹിമകളെല്ലാം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ കാലങ്ങളായുള്ള സ്ഥിരനിക്ഷേപം.

രൂപഭദ്രത

മധ്യകേരളത്തിലും മലബാറിലും നിലനിന്ന പ്രാദേശികശൈലികളിൽനിന്ന് വാറ്റിയെടുത്ത കല്ലുവഴിച്ചിട്ട പ്രാഥമികമായും നൃത്തമാണ്. നൃത്യ-നാട്യങ്ങൾ അതിനനുപേക്ഷണീയമായ ആടയാഭരണങ്ങളും. തനിക്കേറ്റവും പ്രിയങ്കരനായ നർത്തകനെന്ന് ഗോപിയെ പ്രകീർത്തിച്ച പ്രശസ്ത ഒഡിസ്സി നർത്തകി സോണാൽ മാൻസിങ്‌ അവരറിയാതെ കല്ലുവഴിച്ചിട്ടയുടെ തായ്‌വേരിലാണ് തൊട്ടത്. നാടകത്തിന്റെ ലക്ഷണം വല്ലാതെയുള്ള നളചരിതത്തിന് കഴിയുന്നത്ര ചൊല്ലിയാട്ടച്ഛായ കൊടുക്കാൻ ഗോപിക്ക്‌ സാധിച്ചു. അതിലുപരി കാഴ്ചയുടെ വ്യാകരണത്തിന് വെല്ലുവിളിയാകുന്ന അതിലെ കാവ്യകല്പനകളെ തന്റെ ആംഗികാഭിനയ പ്രഭാവത്താൽ ഗോപി കമനീയമാക്കി. ‘ദയിതേ’ എന്ന പദത്തിന്റെ അനുപല്ലവിയുടെ തുടക്കത്തിൽ ഒരുമാത്ര ചലനമുക്തമായിനിന്ന് കഥകളി ഒരു ചിത്രവർണാങ്കിത ശില്പം കൂടിയാണെന്ന് സദസ്യരെ അറിയിച്ചു. ഉണ്ണായിയുടെ ‘ഭംഗിതരംഗിതമംഗമിദം’ എന്നതിന് അദ്ദേഹം നിർമിച്ചെടുക്കുന്ന ദൃശ്യഭാഷ്യം അനന്യമെന്ന് ആസ്വാദകർ. പാഠനിരപേക്ഷമായ ആട്ടങ്ങളിൽ വലിയ ‘കാല’ലീലകൾ ഗോപിയിലൂടെ കളിപ്രേമികൾ അനുഭവിക്കുന്നു.

മുദ്രാഭാഷയെ സാധാരണ സംഭാഷണത്തിന്റെ നിമ്‌നോന്നതങ്ങളിലേക്ക്‌ അദ്ദേഹം നയിക്കുന്നു. അർധവിരാമങ്ങളൊരുക്കുന്നു. നളന്റെ വേർപാടു പോലെ, വികാരനിർഭരമായ രംഗങ്ങളിൽ, മേളത്തിന്റെ, പ്രത്യേകിച്ച് ചെണ്ടയുടെ, ശക്തമായ പിന്തുണയിൽ, മുറുകിയ കാലത്തിന്റെ ഭാവവിനിമയശേഷി ഗോപി സദസ്സിനെ ബോധ്യപ്പെടുത്തുന്നു. ദൃശ്യതയ്ക്കനുരൂപമായ ശ്ലോകങ്ങളും കല്പനകളും മാത്രമേ മനോധർമങ്ങൾക്കായി ഗോപി ഉപയോഗിക്കാറുള്ളൂ. നടമാറ്റിയുള്ള പാദചലനങ്ങളും മടമ്പടിച്ച് പിന്നാക്കം മാറലും സന്ദർഭം നിർബന്ധിച്ചാൽ മാത്രം. ആത്മഗതമായോ നായികയോടോ മറ്റു സഹകഥാപാത്രങ്ങളോടോ ഉള്ള പ്രതികരണമായോ അദ്ദേഹത്തിൽനിന്ന് വരുന്ന ആട്ടങ്ങളെ ഭാവസംവർധകമാക്കുന്നത് മേളംതന്നെ. മേളക്കാരിൽ കലാമണ്ഡലം ഉണ്ണിക്കൃഷ്ണനാണ് ഗോപിയുടെ കർമപ്രപഞ്ചം അത്യന്തം ശോഭനീയമാക്കി മാറ്റുന്നത്.

വാസനയും ഭാവനയും വേണ്ടുവോളമുള്ളതിനാൽ കളരിയുടെ തനിപ്പകർപ്പല്ല ഗോപിയുടെ രംഗാവിഷ്കാരങ്ങളൊന്നും. എങ്കിൽപ്പോലും കളരിയോട് അങ്ങേയറ്റം വിശ്വസ്തത പുലർത്തുന്ന അദ്ദേഹത്തിന്റെ വേഷമേതെന്ന് ചോദിച്ചാൽ ബകവധത്തിൽ ഭീമൻ എന്ന് മറുപടി. വ്യാസനോടുള്ള ‘താപസകലാതിലക’, ലളിതയോടുള്ള ‘ബാലേ വരിക’ എന്നീ പദങ്ങളുടെ അവതരണത്തിൽ ചൊല്ലിയാട്ടചാരുത ഗോപിയെ കവിഞ്ഞുനിൽക്കും. ജനപ്രിയകഥകളിൽനിന്ന് വിരുദ്ധമായി പാത്രവികാരങ്ങളെ അഴിഞ്ഞാടാൻ വിടാത്ത കോട്ടയം കഥകളിൽ കിർമീരവധത്തിൽ ധർമപുത്രരും കാലകേയവധത്തിൽ അർജുനനും ഗോപി കൈയാളുമ്പോൾ സങ്കേതനിഷ്ഠയും തന്മയീഭാവവും സമതുലിതാവസ്ഥ കൈവരിക്കുന്നു. ഉത്തരാസ്വയംവരത്തിൽ ഗോപിയുടെ ബൃഹന്നളയും ദക്ഷയാഗം ഉത്തരഭാഗത്തിലെ ദക്ഷനും ഇതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്ന നായകവേഷങ്ങൾ.

ആചാര്യപദം

കഥകളിയുടെ മാത്രമല്ല മറ്റുപാരമ്പര്യകലകളുടെയും ചരിത്രം ആവർത്തിക്കുന്നൊരു സത്യമുണ്ട്. അരങ്ങിൽ പ്രശോഭിച്ചവർ കളരിയിൽ മങ്ങുന്നു. മറിച്ചും. എന്നാൽ, ഗോപിയോ? താൻ ഗുരുനാഥന്മാരിൽനിന്ന് മിനക്കെട്ട് നേടിയതൊക്കെ ശിഷ്യർക്ക് തീവ്രത തെല്ലും കുറയാതെ പകർന്നുനൽകിയിട്ടുണ്ട്. പ്രാപ്തിക്കനുസരിച്ച് അവരതൊക്കെ സ്വീകരിച്ചിട്ടുമുണ്ട്. വിദ്യാർഥിക്കൾക്കഭിമുഖമായിനിന്ന് ചൊല്ലിയാടിയും അവരത് ആവർത്തിക്കുമ്പോൾ തിരുത്തിയും തുടർന്ന് അവരിലൊരാളായി മുൻപിൽനിന്ന് പ്രവർത്തിച്ചും മുന്നേറുന്നതാണ് ഗോപിയുടെ കളരി.

വളരെ വർഷങ്ങൾക്കുമുമ്പ് ദക്ഷിണേന്ത്യൻ കലകളെക്കുറിച്ച് ബി.ബി.സി. സുദീർഘമായൊരു ഡോക്യുമെന്ററി ചിത്രമെടുത്തിരുന്നു. അതിന്റെ ഷൂട്ടിങ് സമയത്ത് കലാമർമജ്ഞനും ശില്പശാസ്ത്രകാരനുമായിരുന്ന ഡി. അപ്പുക്കുട്ടൻ നായരാണ് കഥകളിയെപ്പറ്റി സംസാരിച്ചത്. അദ്ദേഹത്തിന്റെ ആദ്യവാചകം: ‘‘കഥകളി ഒരു ദൃശ്യകാവ്യമാണ്.’’ എന്നായിരുന്നു. അങ്ങനെയെങ്കിൽ അതിലെ ലാവണ്യബിംബമാണ് കലാമണ്ഡലം ഗോപി എന്നുപറയാൻ നമുക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

(എഴുത്തുകാരനും കലാനിരൂപകനുമായ ലേഖകൻ കേരള കലാമണ്ഡലം ഡെപ്യൂട്ടി രജിസ്‌ട്രാറായിരുന്നു)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Congress

1 min

'പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയുംവരെ പ്രതിഷേധം'; വമ്പന്‍ പ്രകടനവുമായി കോണ്‍ഗ്രസ്

Jun 25, 2022

Most Commented