ആദിവാസി ഊരുകളില്‍ അക്ഷരക്കനല്‍; വായന അതിജീവനത്തിന്റെ അടയാളങ്ങളാകുമ്പോള്‍


വിഷ്ണു ജെ.ജെ നായര്‍

കണ്ടുപഴകിയ രീതികളില്‍ നിന്നും വ്യത്യസ്തമായി കഥകള്‍, നാടന്‍പ്പാട്ട്, നാടന്‍ കലകള്‍, പാവകളി, ചിത്രരചന, കളികള്‍, നാടകം തുടങ്ങിയവ മാധ്യമമാക്കിയാണ് കുട്ടികളുമായി കനല്‍ പ്രവര്‍ത്തകര്‍ സംവദിക്കുന്നത്.

കനൽ വായനാവേളയിൽ നിന്ന്‌

വായനവാരം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സമുചിതമായി ആചരിക്കുമ്പോള്‍ ഇക്കാര്യത്തിലും നമ്മള്‍ സൗകര്യപൂര്‍വം മറന്നുപോകുന്ന ഒരു സമൂഹമാണ് ആദിവാസി- ദളിത് വിഭാഗങ്ങള്‍. അറിവിന്റെ നവീനമായ ജാലകങ്ങള്‍ ഓരോന്നായി അനുദിനം തുറക്കപ്പെടുന്ന ആധുനിക സമൂഹത്തിനൊപ്പം ഓടിയെത്താന്‍ കഴിവില്ലാത്ത അവര്‍ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാനുള്ള ശബ്ദമോ അധികൃതരുടെയോ മുഖ്യധാരാ സമൂഹത്തിന്റെയോ കണ്ണില്‍പ്പെടാനുള്ള വലിപ്പമോ ഇല്ലാത്തവരാണ്.

എന്നാല്‍ വിവര സാങ്കേതികവിദ്യയുടെ പുത്തന്‍ സങ്കേതങ്ങളെന്നല്ല, പരമ്പരാഗത വൈജ്ഞാനിക മാര്‍ഗങ്ങള്‍പോലും പ്രാപ്യമല്ലാത്ത ആദിവാസി ഊരുകളിലേക്ക് അറിവിന്റെ ചെറുതല്ലാത്ത പ്രകാശവുമായി കടന്നുചെല്ലുകയാണ് കനല്‍ എന്ന ചെറുപ്പക്കാരുടെ കൂട്ടായ്മ. നിയമാനുസൃത വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ആദിവാസി കുട്ടികളെ അറിവിന്റെയും അക്ഷരത്തിന്റെയും അതുവഴി വായനയുടെയും ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താനുള്ള 'വായനായിടം' എന്ന പദ്ധതിയാണ് കനല്‍ നടപ്പിലാക്കി വരുന്നത്.

ഈ വായനവാരത്തിനോടനുബന്ധിച്ച് കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലയിലെ ഇടിഞ്ഞാര്‍ എന്ന സ്ഥലത്തും കനല്‍ ഒരു വായനയിടത്തിന് തുടക്കമിട്ടു. അവരുടെ ഏഴാമത് വായനയിടമാണിത്. ആവര്‍ത്തിച്ചുള്ള കൗമാര ആത്മഹത്യകളിലൂടെ കഴിഞ്ഞ കുറെ കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സ്ഥലമാണ് ഇടിഞ്ഞാര്‍. ഇവിടത്തെ കുട്ടികളുടെ മാനസികാരോഗ്യവും ജീവിതനൈപുണ്യവും വളര്‍ത്തുന്നതിനായാണ് കനല്‍ ഇടിഞ്ഞാര്‍ സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളുമായി ചേര്‍ന്ന് വായനയിടം ആരംഭിക്കുന്നത്. തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റും പട്ടിക വര്‍ഗ്ഗ വികസനവകുപ്പും സംയുക്തമായി നടത്തിയ 'കളിയരങ്ങ്' എന്ന ക്യാമ്പിലും കനല്‍ ഭാഗമായിരുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടികള്‍ക്കും ഇന്നലെ തുടക്കംകുറിച്ചു. ലൈംഗീക അതിക്രമങ്ങളില്‍ നിന്നും സ്വയംരക്ഷ നേടാനുള്ള പരിശീലനം, സൈബര്‍ ലോകത്തെ ചതികുഴികളെക്കുറിച്ച് അവബോധം നല്‍കുന്ന ചക്രവ്യൂഹം എന്ന സേഫ് ഓണ്‍ലൈന്‍ പരിശീലനം, ജീവിത നൈപുണി പരിശീലനം, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള പരിശീലനങ്ങള്‍, നാടകം, നാടന്‍പാട്ട് പരിശീലനം, കരകൗശല വസ്തുക്കള്‍ നിര്‍മിക്കാനുള്ള പരിശീലനം എന്നിവയൊക്കെ ഈ പരിശീലനപരിപാടികളുടെ ഭാഗമാണ്.

കനലിന്റെ അമരക്കാരന്‍ ആന്‍സന്റെ മനസ്സില്‍ ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഉദിച്ച ഒരാശയമായിരുന്നു കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ നടത്തുന്ന വായനയിടങ്ങള്‍. അവിടെ കുട്ടികള്‍ വായനക്കൊപ്പം അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും അതിനു പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യും. അതിനായി അവരെ സഹായിക്കാന്‍ സന്നദ്ധരായ കുറച്ചു മുതിര്‍ന്നവരും ഉണ്ടാകും. സാധാരണ വായനശാലകളുടെ നിയമങ്ങളും നിര്‍ബന്ധിത അച്ചടക്കങ്ങളും ഒന്നും ഇത്തരം വായനയിടങ്ങള്‍ക്കു ബാധകമല്ല. അവിടെ എല്ലാം കുട്ടികള്‍ തന്നെയായിരിക്കും നിയന്ത്രിക്കുക. വായനയിടം പ്രവര്‍ത്തിക്കേണ്ട ഇടം കുട്ടികള്‍ തന്നെ കണ്ടെത്തും. തുടങ്ങുന്നതിനായുള്ള പുസ്തകങ്ങള്‍ കനല്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി കൊടുക്കും.

പുസ്തകവായനയോടൊപ്പം നിരന്തരം കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ബോധവത്കരണങ്ങളും കനല്‍ നടത്താറുണ്ട്. കണ്ടുപഴകിയ രീതികളില്‍ നിന്നും വ്യത്യസ്തമായി കഥകള്‍, നാടന്‍പ്പാട്ട്, നാടന്‍ കലകള്‍, പാവകളി, ചിത്രരചന, കളികള്‍, നാടകം തുടങ്ങിയവ മാധ്യമമാക്കിയാണ് കുട്ടികളുമായി കനല്‍ പ്രവര്‍ത്തകര്‍ സംവദിക്കുന്നത്. അതിനാല്‍ത്തന്നെ കുഞ്ഞുമനസിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും അതിലൂടെ പൂര്‍ണ്ണ വിജയം ലക്ഷ്യം സാധ്യമാക്കാനും ഇവര്‍ക്കാകുന്നു. കനലിന്റെ പ്രവര്‍ത്തനവഴികളും പ്രവര്‍ത്തേനാേദ്ദ്യശ്യങ്ങളും തികച്ചും വ്യത്യസ്തവും കൈയടി അര്‍ഹിക്കുന്നതുമാണ്.

സര്‍ക്കാരിന്റെയോ മറ്റ് അനുബന്ധ സ്ഥാപനങ്ങളുടേയോ കൃത്യമായ ജാഗ്രതയും ശ്രദ്ധയും ലഭിക്കാതെ പോകുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാണ് കനലിന്റെ വായനയിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ കനല്‍ ആറ് വായനയിടങ്ങള്‍ കേരളത്തിലും കര്‍ണാടകയിലുമായി ആരംഭിച്ചു.

2017-ലാണ് കനല്‍ ആദ്യത്തെ വായനയിടം കൊട്ടാരക്കരക്കടുത്തുള്ള ഒരു ഉള്‍നാടന്‍ഗ്രാമത്തില്‍ ആരംഭിക്കുന്നത്. ശൈശവവിവാഹം വ്യാപകമായി നിലനില്‍ക്കുന്ന ഒരിടമായിരുന്നു അത്. ഒരുപക്ഷെ തെക്കന്‍ കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്ന പ്രദേശങ്ങള്‍ ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. എന്നാല്‍ അത്തരം പ്രദേശങ്ങള്‍ ഉണ്ടെന്നുതന്നെ കനല്‍ അധികൃതര്‍ ഉറപ്പിച്ചുപറയുന്നു. ഇത്തരത്തില്‍ പൊതുസമൂഹം കാണാതെപോകുന്ന ചില പ്രശ്നങ്ങള്‍ ഉള്ള പ്രദേശങ്ങളെയാണ് കനല്‍ വായനയിടങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നത്. അതുതന്നെയാണ് വായനയിടങ്ങളുടെ പ്രസക്തിയും. പുസ്തകങ്ങള്‍ ഇവിടെ ഇവര്‍ക്ക് ഒരു ആയുധമാണ്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ നക്കുപതി, ജെല്ലിപ്പാറ, ദൈവകുണ്ഡ്, തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, കര്‍ണാടകയിലെ മൈസൂരിനടുത്തുള്ള ഹാലഗയനഹുണ്ടി തുടങ്ങിയ ഇടങ്ങളിലാണ് കനല്‍ മറ്റുവായനയിടങ്ങള്‍ തുടങ്ങിയത്.

ആദിവാസി- ദളിത് ഊരുകളിലെ ജനങ്ങളുടെ സാമൂഹിക വളര്‍ച്ചയും കുട്ടികളുടെ മാനസിക ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടാണ് 2016-ല്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ആന്‍സന്റെ നേതൃത്വത്തില്‍ കനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മണ്ണിന്റെ മക്കളുടെ അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഒരു കൈത്താങ് എന്നതിനൊപ്പം, ഇവിടത്തെ കുട്ടികളെ വിദ്യാഭ്യാസത്തിന്റെ ലോകത്തയ്ക്ക് നയിച്ചുകൊണ്ട് അവരിലൂടെ ഒരു സമൂഹത്തെ കരകയറ്റുവാനുള്ള പ്രവര്‍ത്തനങ്ങളാണ് കനലിന്റേത്.

Content Highlights: Kanal, Adivasi- Dalit upliftment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented