പതിനാലുകാരിയായ വിധവയില്‍ നിന്നും കമലാദേവി ചതോപാധ്യായയിലേക്കുള്ള പ്രയാണം!


മായ കടത്തനാട്‌

കമലാദേവി ചതോപാധ്യായ

ന്ത്യന്‍ കൈത്തറി, കരകൗശല മേഖലകളിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നാടകവേദികളിലും സിനിമയിലും സംസ്‌കാരത്തിലും നിറഞ്ഞുനിന്ന പേരാണ് കമലാദേവി ചതോപാധ്യായ. ഇന്ത്യന്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖ, സ്വാതന്ത്ര്യസമരസേനാനി, സിനിമാപ്രവര്‍ത്തക തുടങ്ങി അനവധി വിശേഷണങ്ങള്‍ കമലാദേവി ചതോപാധ്യായയ്ക്കുണ്ട്.

1903 എപ്രില്‍ മൂന്നിന് കര്‍ണാടകയിലെ മംഗളുരുവിലെ യാഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തിലാണ് കമലാദേവി ജനിച്ചത്. പിതാവ് അനന്തയ്യ ധാരേശ്വര്‍ അന്നത്തെ ജില്ലാ കളക്ടറായിരുന്നു. അമ്മ ഗിരിജാഭായ് അതിസമ്പന്നമായ ജമീന്ദാര്‍ കുടുബത്തിലെ അംഗവും. അനന്തയ്യയുടെയും ഗിരിജാഭായിയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവളായിരുന്നു കമലാദേവി. ഗിരിജാദേവിയ്ക്ക് എല്ലാ വിഷയത്തിലും നല്ല അവഗാഹമുണ്ടായിരുന്നു. അന്നത്തെ സാമൂഹിക ചുറ്റുപാട് ധനികരായ പെണ്‍കുട്ടികള്‍ക്കുപോലും സ്‌കൂള്‍ വിദ്യാഭ്യാസം വിലക്കിയിരുന്നതിനാല്‍ അധ്യാപകര്‍ വീട്ടില്‍ വന്നാണ് വലിയ വീട്ടിലെ കുട്ടികളെ പഠിപ്പിച്ചിരുന്നത്. അനന്തയ്യയുടെ അമ്മയാവട്ടെ പുരാണേതിഹാസങ്ങളില്‍ നല്ല അവഗാഹമുള്ളവരായിരുന്നു. കമലാദേവിയെ സംബന്ധിച്ചിടത്തോളം ബൗദ്ധികമായും സാമൂഹികമായും ഉയര്‍ന്നുവന്ന എല്ലാ സംശയങ്ങള്‍ക്കും വീടിനകത്തു തന്നെ പരിഹാരവും ഉത്തരവും വന്നുകൊണ്ടേയിരിക്കുമായിരുന്നു. കമലാദേവി എന്ന വ്യക്തിത്വം രൂപപ്പെടുന്നത് അവരുടെ വീടിനകത്തുനിന്നുതന്നെയായിരുന്നു.സഹോദരങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നയായിരുന്നു കമലാദേവി. അസാമാന്യമായ ധൈര്യവും ബുദ്ധിശക്തിയും അവര്‍ കാണിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയില്‍ പ്രവര്‍ത്തിക്കുന്ന കാലമായതിനാല്‍ കമലാദേവിയുടെ വീട് പലപ്പോഴും സ്വാതന്ത്ര്യസമരനായകരുടെ താവളങ്ങളായിരുന്നു. മഹാദേവ ഗോവിന്ദ റാനഡെ, ഗോപാലകൃഷ്ണ ഗോഖലെ, രമാഭായ് റാനഡെ, ആനി ബസന്റെ് തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളെല്ലാം കമലാദേവിയ്ക്ക് വളരെ ചെറുപ്പം മുതലേ സുപരിചിതരാണ്. വലിയ ആളുകള്‍ നടത്തുന്ന ചര്‍ച്ചകളിലും ആലോചനകളിലും കമലാദേവി മൗനമായി പങ്കുചേര്‍ന്നു. സ്വദേശി പ്രസ്ഥാനത്തിലേക്ക് അവര്‍ ആകൃഷ്ടയായി. ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെ ഉപയോഗവും വിപണനവുംമേളയും, കൈത്തറി ഉത്പന്നങ്ങളുടെ പ്രചരണം, സഹകരണപ്രസ്ഥാനങ്ങളിലൂടെയുള്ള സ്ത്രീശാക്തീകരണം തുടങ്ങിയ ചിന്തകളിലേക്ക് കമലാദേവി തിരിഞ്ഞു. അതിനായി അഹോരാത്രം പ്രവര്‍ത്തിച്ച് ഫലം നേടുന്നതിലും കമലാദേവി കാലക്രമേണ വിജയിക്കുകയും ചെയ്തു. മദ്രാസ് നിയമസഭയിലേക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തക്ക പാകത്തിലേക്ക് കമലാദേവി വളര്‍ന്നതും അവര്‍ക്ക് ലഭിച്ച വളക്കൂറുള്ള ബൗദ്ധികതയുടെയും രാഷ്ട്രീയതയുടെയും ചുറ്റുപാട് തന്നെയായിരുന്നു.
മുത്തശ്ശിയുടെ പുരാണാഖ്യാനങ്ങള്‍ കേട്ടുവളര്‍ന്ന കമലാദേവി കേരളത്തിലെ പുരാണ സംസ്‌കൃതനാടകാവിഷ്‌കാരമായ കൂടിയാട്ടത്തിലും മികവ് തെളിയിച്ചു. കിള്ളിക്കുറിശ്ശി മംഗലത്തെ മണി മാധവ ചാക്യാരുടെ ശിക്ഷണത്തിലായിരുന്നു കമലാദേവിയുടെ കൂടിയാട്ടം പഠനം. സര്‍വകലാവല്ലഭ എന്ന വിശേഷണം സംശയമന്യേ കമലാദേവിയ്ക്ക് നല്‍കപ്പെട്ടു.

സമ്പന്നതയുടെയും സംസ്‌കാരത്തിന്റെയും അതിവിശാലതയില്‍ വളര്‍ന്നുവരുമ്പോഴാണ് അപ്രതീക്ഷിതമായി കമലാദേവിയുടെ ചേച്ചി സുഗുണ ചെറുപ്രായത്തില്‍ മരിക്കുന്നത്. കമലാദേവിയുടെ പിതാവ് അവരുടെ ഏഴാമത്തെ വയസ്സില്‍ മരിക്കുമ്പോള്‍ സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ തനിക്ക് സ്ത്രീധനമായി കിട്ടിയ സ്വത്തുക്കള്‍ കൊണ്ട് ശേഷിച്ച മക്കളും താനും ജീവിക്കുമെന്ന ഗിരിജാഭായിയുടെ ഉറച്ച തീരുമാനം കമലാദേവിയുടെ ഭാവി ജീവിതത്തെയാണ് കൂടുതല്‍ തെളിച്ചമുള്ളതാക്കിയത്. അമ്മ അനുഭവിച്ച സംഘര്‍ഷാവസ്ഥയും സ്വത്തവകാശത്തിലെ അനീതികളും കമലയെ അന്നേ ചൊടിപ്പിച്ചു. അനീതികള്‍ക്കെതിരെ ഉറക്കെ പ്രതികരിക്കാന്‍ കമല പഠിച്ചു. അതേ സമയം തന്ന സമ്പന്നയായ അമ്മ പുലര്‍ത്തിവരുന്ന സ്വേച്ഛാധിപത്യത്തോടും കമല കലഹിച്ചു. തന്റെ വീട്ടിലെ ജോലിക്കാരോടും അവരുടെ കുട്ടികളോടും കമല വകഭേദങ്ങളില്ലാതെ പെരുമാറി. അമ്മ കലഹിച്ച വ്യവസ്ഥകളോടും അമ്മയുടെ വ്യവസ്ഥകളോടും മകള്‍ ഒരേ സമയം കലഹിച്ചു.

1917-ല്‍ പതിനാലാം വയസ്സില്‍ കമലാദേവിയെ സമുദായ ആചാരപ്രകാരം കൃഷ്ണറാവു എന്നയാള്‍ വിവാഹം കഴിച്ചുവെങ്കിലും രണ്ട് വര്‍ഷത്തിനകം അയാള്‍ മരണപ്പെട്ടു. ആദ്യത്തെ വിവാഹത്തെക്കുറിച്ചോ ഭര്‍ത്താവുമൊന്നിച്ചുള്ള രണ്ടുവര്‍ഷത്തെക്കുറിച്ചോ പിന്നീട് പറയാനോ പങ്കുവെക്കാനോ കമലാദേവി ഇഷ്ടപ്പെട്ടില്ല. വിധവയായ സ്ഥിതിക്ക് വീടിനകത്ത് ഒതുങ്ങിക്കൂടണം എന്ന നിബന്ധനയെ പൊളിച്ചെറിഞ്ഞുകൊണ്ട് മംഗളുരുവില്‍ നിന്നും നേരെ ചെന്നൈയിലേക്ക് കമലാദേവി വണ്ടി കയറി. മദ്രാസ് ക്വീന്‍സ് മേരി കോളേജ് ആയിരുന്ന ലക്ഷ്യം. വിദ്യാഭ്യാസത്തിലൂടെ മാത്രമേ തനിക്ക് പ്രകാശവും പ്രതീക്ഷയും ലഭിക്കുകയുള്ളൂ എന്നവര്‍ മനസ്സിലാക്കി. ക്വീന്‍സ് മേരി കോളേജില്‍ വെച്ചാണ് സരോജിനി നായിഡുവിന്റെ സഹോദരിയായ സുഹാസിനി ചതോപാധ്യായയുമായി കമല വളരെ നല്ല അടുപ്പമുണ്ടാക്കുന്നത്. സുഹാസിനി അധികം വൈകാതെ തന്നെ തന്റെ ഉത്രമിത്രത്തെ സഹോദരന് പരിചയപ്പെടുത്തി. ഹരിന്‍ അഥവാ ഹരീന്ദ്രനാഥ് ചതോപാധ്യായ എന്ന പേര് ഇന്ത്യന്‍ സാഹിത്യ-സാംസ്‌കാരിക മേഖലയില്‍ നിലംതൊടാതെ പറന്നുനടക്കുന്ന കാലം. കവി, നാടകകൃത്ത്, സംവിധായകന്‍, തുടങ്ങി ഹരിന്‍ എത്തിപ്പിടിക്കാത്ത കലയില്ല എന്നുതന്നെ പറയാം. കമലയുടെ പരിചയം പതുക്കെ പ്രണയമായി മാറി. മികച്ച വിദ്യാഭ്യാസം നേടിയിട്ടും, മികവുറ്റ പാഠ്യേതരപ്രവൃത്തികള്‍ കാഴ്ചവെച്ചിട്ടും കമല സമൂഹത്തിനുമുന്നില്‍ ലേബല്‍ ചെയ്യപ്പെട്ടത് വിധവ എന്ന പേരില്‍ത്തന്നെയായിരുന്നു. പുറംലോകം കാണാന്‍ അനുമതിയില്ലാത്ത വിധവയായ കമല ഉന്നത വിദ്യാഭ്യാസം നേടിയതുതന്നെ യാഥാസ്ഥിതിക സമൂഹത്തിനുമുന്നില്‍ തെറ്റാണ്. അപ്പോള്‍ ഇനിയൊരു വിവാഹം കൂടി താന്‍ കഴിക്കാന്‍ ഉദ്ദേശിക്കുന്നു എന്നു പറഞ്ഞാലുള്ള അവസ്ഥ ഓര്‍ക്കുക പോലും വേണ്ട. ഹരീന്ദ്രനാഥ് തനിക്ക് കമലയോടുള്ള ഇഷ്ടം അവരുടെ വീട്ടുകാരെ അറിയിച്ചപ്പോള്‍ കുടുംബവും ബ്രാഹ്‌മണ സമൂഹവും ഒന്നാകെ ആ ബന്ധത്തെ നഖശിഖാന്തം എതിര്‍ത്തു. എതിര്‍പ്പ് മുന്‍കൂട്ടി കണ്ടതുകൊണ്ടാവണം എന്തുതന്നെ സംഭവിച്ചാലും വിവാഹിതരായിക്കൊണ്ടുതന്നെ തങ്ങള്‍ ഒന്നിച്ചു ജീവിക്കും എന്ന തീരുമാനം കമലയും ഹരിനും ഒന്നിച്ചെടുത്തത്. അത് അവര്‍ യാഥാര്‍ഥ്യമാക്കി. കമലയുടെ കലാഭിരുചിയെ ഹരിന്‍ പ്രോത്സാഹിപ്പിച്ചു. രണ്ടുപേരും കണ്ട ഒരേ സ്വപ്‌നത്തിനായി ഒന്നിച്ചുള്ള യാത്രയില്‍ ഒരു മകന്‍ കൂടി പിറന്നു- രാംകൃഷ്ണന്‍ ചതോപാധ്യായ.

നാടകമായിരുന്നു ഹരിന്റെയും കമലയുടെ സ്വപ്നം. പുരോഗമനാശയങ്ങള്‍, സ്വാതന്ത്ര്യസമരസന്ദേശങ്ങള്‍, വിപ്ലവാവേശങ്ങള്‍, സാമൂഹികപരിഷ്‌കരണങ്ങള്‍...എല്ലാം കലയിലൂടെ, നാടകത്തിലൂടെ സമൂഹത്തിലേക്ക്, സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു പിന്നെ അവര്‍ ഒന്നിച്ച് നടത്തിയത്.
സിനിമ എന്ന അത്ഭുതം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ അലയടികള്‍ ഇന്ത്യയിലും കണ്ടുതുടങ്ങിയ കാലം കൂടിയായിരുന്നു അത്. അഭ്രപാളി എന്നൊന്നും വിശേഷിപ്പിക്കാന്‍ തക്ക തരത്തില്‍ ഇന്ത്യന്‍ സിനിമ വളരാത്ത കാലം. നാടകത്തിന്റെ അടുത്ത ചുവട് എന്ന രീതിയില്‍ ഹരിന്‍ പതുക്കെ കമലയെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തി. അഭിനയം സ്ത്രീകള്‍ക്ക് നിഷിദ്ദമായിരുന്ന കാലത്താണ് കമലാദേവി സിനിമയില്‍ മുഖം കാണിക്കുന്നത്. ഉന്നതകുലജാതരായ സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ കുറ്റം. പരീക്ഷണാര്‍ഥം കമലാദേവി ആദ്യത്തെ രണ്ട് നിശബ്ദ സിനിമകളില്‍ അഭിനയിച്ചു. കന്നട സിനിമയിലെ ആദ്യത്തെ സിനിമയായ മൃച്ഛകടികമായിരുന്നു അതില്‍ ഒന്ന്. ആദ്യത്തെ കടമ്പ കടന്നുകിട്ടുകയേ വേണ്ടിയിരുന്നുള്ളൂ, കമലാദേവി അനായാസം കന്നട സിനിമയുടെ ഭാഗമായിത്തീര്‍ന്നു. ഹരിന്‍ തന്ന എല്ലാവിധ പിന്തുണയോടുകൂടിയും സ്വപ്രയത്‌നത്താലും കമലാദേവി വളര്‍ന്നു. പ്രതിഭകളുടെ ജീവിതത്തിലെ ദൗര്‍ഭാഗ്യം എന്നതുപോലെ ഹരിനും കമലയും പതുക്കെ മാനസികമായി അകന്നുതുടങ്ങി. രണ്ടുപേരും ആ അകല്‍ച്ച പരസ്പരം മനസ്സിലാക്കുകയും ചെയ്തു. വേര്‍പിരിഞ്ഞു താമസിക്കുക എന്നതിനേക്കാള്‍ ആദ്യം ചെയ്യേണ്ടത് നിയമപരമായി വേര്‍പിരിയുക എന്നതാണെന്ന് വിദ്യാസമ്പന്നരായ ആ പ്രതിഭകള്‍ക്ക് അറിയാമായിരുന്നു. പാരമ്പര്യത്തിനും കീഴ് വഴക്കങ്ങള്‍ക്കും മറ്റൊരു പ്രഹരം കൂടി ഏല്‍പിച്ചുകൊണ്ട് കമലാദേവി നിയമപരമായ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. നിയമപരമായി അവര്‍ വിവാഹമോചിതരായി.

ഹരിന്‍ വിവാഹം കഴിച്ച സമയത്ത് കമലയെയും കൂട്ടി ലണ്ടനിലേക്ക് കുറച്ചുകാലത്തേക്ക് താമസം മാറ്റിയിരുന്നു. ആ കാലത്ത് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമല സോഷ്യോളജിയില്‍ ഡിപ്ലോമ നേടി. തുടര്‍പഠനങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് മഹാത്മാഗാന്ധിയുടെ നിസ്സകരണപ്രസ്ഥാനത്തെക്കുറിച്ച് കമല കേള്‍ക്കാനിടയാവുന്നത്. ലണ്ടനിലെ പഠിത്തം മതിയാക്കി നേരെ സേവാദളില്‍ ചേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദിമരൂപം എന്നുവിളിക്കാവുന്ന സേവാദളില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് കമല ഉറച്ചുവിശ്വസിച്ചു. സാമൂഹികപരിഷ്‌കരണവും ഉന്നതിയുമാണ് ദളിന്റെ മുഖ്യ അജണ്ട. കമലയുടെ സത്വരമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് സംതൃപ്തരായ സേവാദള്‍ നേതാക്കള്‍ ദളിന്റെ വനിതാ വിഭാഗം പൂര്‍ണമായും കമലയെ ഏല്‍പിച്ചു. ഇന്ത്യയിലെമ്പോടുമുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും സേവാദളുമായി ബന്ധിപ്പിക്കാനും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ അവരെ ഏകോപിപ്പിക്കാനും കമല അഹോരാത്രം പരിശ്രമിച്ചു. സേവാദളുമായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഐറിഷ്- ഇന്ത്യന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന മാര്‍ഗരറ്റ് എലിസബത്ത് കസിന്‍സിനെ കണ്ടുമുട്ടുന്നത്. അവരാണ് കമലയെ ഓള്‍ ഇന്ത്യ വിമിന്‍സ് കോണ്‍ഫറന്‍സ് (AIWC) എന്ന സംഘടനയിലേക്ക് ക്ഷണിക്കുന്നത്. മാര്‍ഗരറ്റിന്റെ പിന്തുണയിലാണ് മദ്രാസ് ലെജിസ്ലേറ്റീല് തിരഞ്ഞെടുപ്പിലേക്ക് കമല മത്സരിക്കാന്‍ സന്നദ്ധയാവുന്നത്. വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ടുള്ള ഊര്‍ജിതമായ പ്രചരണം അവര്‍ കാഴ്ചവെച്ചെങ്കിലും 55 വോട്ടിന് പരാജയപ്പെട്ടു.

AIWC -ല്‍ പ്രവര്‍ത്തിച്ചതാണ് കമലയുടെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല്. സ്ഥാപക സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തു. AIWC ഒരു ദേശീയ പ്രസ്ഥാനമായ ഉയരുകയായിരുന്നു. രാജ്യത്തെ എല്ലാവിധ പ്രശ്‌നങ്ങളിലും AIWC ഇടപെട്ടു, ശബ്ദമുയര്‍ത്തി. സ്ത്രീകള്‍ക്കായി സ്ത്രീകള്‍ സംഘടിപ്പിച്ച ഏറ്റവും വലിയ പ്രസ്ഥാനമായി ആയിരക്കണക്കിന് അംഗങ്ങളുള്ള വലിയ പ്രസ്ഥാനമായി AIWC മാറി. സ്ത്രീകള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അനവധി പരിഷ്‌കരണങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, സത്വരവിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ എന്നിവ ഇന്ത്യയില്‍ നടപടിയായി. ഡല്‍ഹിയിലെ ലേഡി ഇര്‍വിങ് കോളേജ് ഫോര്‍ ഹോം സയന്‍സ് എന്ന സ്ഥാപനം AIWC-യുടെ മികച്ച പ്രവര്‍ത്തനഫലമായി ഉയര്‍ന്നുവന്നതാണ്.

മഹാത്മാഗാന്ധി എന്ന വലിയ സ്വാധീനത്തില്‍ ആകൃഷ്ടയായിട്ടാണ് കമല തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നത്. 1930-ല്‍ ഉപ്പ് സത്യാഗ്രഹം ഗാന്ധിജി പ്രഖ്യാപിച്ചപ്പോള്‍ നേതൃനിരയിലുള്ള ഏഴംഗസംഘത്തില്‍ ഒരാളായി വളര്‍ന്നു കമലാദേവി. ബോംബെയിലെ കടപ്പുറത്ത് ഉപ്പ് കുറുക്കി. കമലയെക്കൂടാതെ അവന്തികാഭായ് ഗോഖലെ ആയിരുന്നു സംഘത്തിലെ മറ്റൊരു സ്ത്രീസാന്നിധ്യം. താന്‍ കുറുക്കിയ ഉപ്പുമായി കമല നേരെ പോയത് ബോംബെ ഹൈക്കോടതി മജിസ്‌ട്രേറ്റിന് മുന്നിലേക്കാണ്. സ്വാതന്ത്ര്യത്തിന്റെ ഉപ്പ് വാങ്ങിക്കാന്‍ ധൈര്യമുണ്ടോ എന്ന് അവര്‍ മജിസ്‌ട്രേറ്റിനോട് ചോദിച്ചു. ആ ചോദ്യത്തോടെ കമലാദേവി ചതോപാധ്യായ എന്ന പേര് മാധ്യമങ്ങള്‍ ആഘോഷിച്ചു.

നാല്‍പതുകളില്‍ ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ കമലാദേവി ഇംഗ്ലണ്ടിലായിരുന്നു. അവര്‍ പെട്ടെന്ന് ചെയ്തത് തനിക്കു പറ്റാവുന്നത്രയും രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് യുദ്ധാനന്തരം ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് പിന്തുണ അഭ്യര്‍ഥിക്കുക എന്നതായിരുന്നു.
സ്വാതന്ത്ര്യാനന്തരവും കമലാദേവിയ്ക്ക് വിശ്രമമുണ്ടായിരുന്നില്ല. വിഭജനമായിരുന്നു പ്രധാന കാരണം. അഭയാര്‍ഥികള്‍ എക്കാലവും കമലയുടെ വേദനയായി മാറി. ഇന്ത്യന്‍ കോ-ഓപറേറ്റീവ് യൂണിയന്‍ എന്ന പേരില്‍ പുനരധിവാസ സംവിധാനം ഉണ്ടാക്കുക എന്നതായിരുന്നു കമലയുടെ ടാസ്‌ക്. ആളുകള്‍ അഭയം നേടിയ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങളില്‍ കമല കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പദ്ധതിയവതരിപ്പിച്ചു. ജവാഹര്‍ ലാല്‍ നെഹ്രു കമലയെ പിന്തുണച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. രാജ്യത്തോട് ഒരു സഹായവും കമല ആവശ്യപ്പെടാതിരുന്നിട്ടുകൂടി നെഹ്രു മുന്‍കയ്യെടുത്ത് കമലയുടെ ഉദ്യമങ്ങളില്‍ സഹായങ്ങള്‍ നല്‍കിയത് അദ്ദേഹം എത്ര കണ്ട് കമലയെ ആദരിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ഫരീദാബാദ് പട്ടണമാണ് ആദ്യം കമലയുടെ സങ്കല്പത്തില്‍ യാഥാര്‍ഥ്യമായത്. അമ്പതിനായിരം അഭയാര്‍ഥികള്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്ത് അഭയം തേടി. ഫരീദാബാദില്‍ അഹോരാത്രം കമല ഓടിനടന്നു. വാസയോഗ്യമായ കെട്ടിടങ്ങള്‍ പണിയാന്‍, അനുവദിക്കപ്പെട്ട ഇടങ്ങളില്‍ തൊഴില്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍, കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാന്‍, സ്ത്രീകള്‍ക്ക് ഉതകുന്ന ജോലികള്‍ നല്‍കിക്കൊണ്ട് സ്വയം പര്യാപ്തമാക്കാന്‍...ഫരീദാബാദ് പുതിയ പട്ടണമായി ഉയര്‍ന്നപ്പോള്‍ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ വരെ കമലയുടെ നേതൃത്വത്തില്‍ ഒരുങ്ങി.

എല്ലാത്തരത്തിലും തകര്‍ക്കപ്പെട്ട ഒരു ജനതയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരകൗശലവസ്തുക്കളുടെ നിര്‍മാണവും വില്‍പനയും ലക്ഷ്യമിട്ടുകൊണ്ടുള്ള പരിശീലനങ്ങള്‍ കമല ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇന്ത്യന്‍ ഹാന്റിക്രാഫ്റ്റ്- കൈത്തറി വിപണികളുടെ പുനരുദ്ധാരണം നടന്നത് അക്ഷരാര്‍ഥത്തില്‍ കമലാദേവിയുടെ കാര്‍മികത്വത്തിലാണ്. ആധുനിക ഇന്ത്യയുടെ മുഖപ്രസാദമായി മാറിയ കോട്ടേജ് ഇന്റസ്ട്രിയും കൈത്തറിയും കടപ്പെട്ടിരിക്കുന്നത് കമലയോടാണ്.

അന്‍പതുകളുടെ അവസാനത്തോടെയാണ് കൈത്തറി മേഖലയിലെ യന്ത്രവത്ക്കരണത്തെക്കുറിച്ച് കമലാദേവി ചിന്തിക്കുന്നത്. യൂറോപ്പില്‍ ഫാക്ടറികള്‍ വന്‍തോതില്‍ സ്ഥാപിതമാവുകയും ഉയര്‍ന്ന ഉദ്പാദനരക്ഷമത അടയാളപ്പെടുത്തുകയും ചെയ്തതോടെ കമല ഊര്‍ജസ്വലയായി. നെഹ്രുവിന്റെ കാഴ്ചപ്പാടിലെ ആധുനിക ഇന്ത്യയിലേക്കുള്ള യാത്ര കൂടിയായിരുന്നു അത്. നിരവധി ക്രാഫ്റ്റ് മ്യൂസിയങ്ങളും നിര്‍മാണ ശാലകളും ഉയര്‍ന്നു. ഏറ്റവും മികച്ച കരകൗശലകലാകാരന് ദേശീയ പുരസ്‌കാരം നല്‍കണമെന്ന് കമലയാണ് ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഓള്‍ ഇന്ത്യ ഹാന്റിക്രാഫ്റ്റ് ബോര്‍ഡ് സ്ഥാപിതമായത് കമലയുടെ പ്രയത്‌നത്താലാണ്. ബോര്‍ഡിന്റെ ആദ്യത്തെ അധ്യക്ഷയുമായി അവര്‍.

തന്റെ രാഷ്ട്രത്തെയെന്നപോലെത്തന്ന കലയെയും ആവോളം സ്‌നേഹിച്ചിരുന്നു കമലാദേവി. നാടകങ്ങള്‍, സിനിമകള്‍, പാട്ടുകള്‍ എന്നിവയ്ക്കപ്പുറം ബംഗ്‌ളരുവില്‍ നാട്യഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കഥക് ആന്‍ഡ് കോറിയോഗ്രാഫി എന്ന സ്ഥാപനത്തിന് അവര്‍ തുടക്കമിട്ടു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, സംഗീത നാടക അക്കാദമി, തുടങ്ങിയ സ്ഥാപനങ്ങള്‍ കമലയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു. ഒരു ജീവിതകാലമത്രയും തന്റെ ദേശത്തിനും ദേശീയകലകള്‍ക്കുമായി നീക്കിവെച്ച കമലാദേവി ചതോപാധ്യായയുടെ മഹദ് സംഭാവനകള്‍ മാനിച്ചുകൊണ്ട് രാഷ്ട്രം അവരെ 1955-ല്‍ പത്മഭൂഷണും 1987-ല്‍ പത്മവിഭൂഷണും നല്‍കി ആദരിച്ചു. യുനെസ്‌കോ പുരസ്‌കാരം നല്‍കി. മാഗ്‌സസെ അവാര്‍ഡും സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ശാന്തിനികേതന്റെ ഏറ്റവും വലിയ പുരസ്‌കാരമായ ദേശികോത്തമ പുരസ്‌കാരവും കമലാദേവിയെ തേടിയെത്തി. 1988 ഒക്ടോബര്‍ ഇരുപത്തിയെട്ടിന് തന്റെ എണ്‍പത്തിയഞ്ചാമത്തെ വയസ്സില്‍ കര്‍മമണ്ഡലം വെടിഞ്ഞ് മടങ്ങുമ്പോളാരിക്കണം ആ കാലുകള്‍ വിശ്രമമറിഞ്ഞത്.

Content Highlights: Kamaladevi Chattopadhyay, Indian Independence, Social Reformation, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented