കൂടിച്ചേരലായിരുന്നു, 'കൂട്ടായ്മ' ആയിരുന്നില്ല ഗാന്ധിയന്‍ യോഗങ്ങള്‍


കല്പറ്റ നാരായണന്‍

ഫോട്ടോ: മധുരാജ്‌

വാക്കുകള്‍ ചിലപ്പോള്‍ വാരിക്കുഴികളാവാം, പ്രവൃത്തികൊണ്ടും കാലത്തിന്റെ മനോമാറ്റങ്ങള്‍കൊണ്ടും എതിരര്‍ഥങ്ങള്‍ ഉത്പാദിപ്പിച്ചേക്കാം. അതുപോലുള്ള മൂന്ന് വാക്കുകളാണ് കൂട്ടായ്മ, മതില്‍, ചങ്ങല എന്നിവ. ഉദ്ദേശിച്ച അര്‍ഥം തന്നെയാണോ ഇക്കാലം അവയില്‍നിന്ന് പ്രസരിപ്പിക്കുന്നത് എന്നന്വേഷിക്കുന്നു, വാക്കുകളുടെ സൂക്ഷ്മമര്‍മമറിഞ്ഞ എഴുത്തുകാരന്‍..

കൂട്ടായ്മ എന്ന പദം ആദ്യമായി കേട്ടപ്പോള്‍മുതല്‍ ഒരസ്വസ്ഥത എന്നെ വിടാതെ പിന്തുടരുന്നു. പദാന്ത്യ പ്രത്യയത്തിലെ നിഷേധാത്മകസ്വഭാവമാവാം അതിനുകാരണം. പോരായ്മ, വയ്യായ്മ, വല്ലായ്മ, ശരിയല്ലായ്മ, തികയായ്മ എന്നീ പദങ്ങളുടെ അവസാനത്തെ അയ്മയുടെ സാന്നിധ്യമാവാം ഈ അസ്വസ്ഥതയ്ക്ക് കാരണം. കൂട്ടായ്മ എന്ന പദത്തിനുള്ളില്‍നിന്ന് കൂട്ടുകയില്ല എന്നാരോ പറയുമ്പോലെ. കൂട്ടായ്മ എന്ന് വിളിക്കപ്പെടുന്ന മീറ്റിങ്ങുകളെ നിരീക്ഷിച്ചപ്പോള്‍ യാദൃച്ഛികമല്ല, ഈ പ്രയോഗം എന്നും ബോധ്യമായി. എല്ലാ കൂട്ടായ്മയ്ക്കും അകത്തുള്ളവരും പുറത്തുള്ളവരുമുണ്ട്. പാര്‍ട്ടി മീറ്റിങ്ങുകള്‍ പാര്‍ട്ടി ഇതരരെ ഉള്‍ക്കൊള്ളുന്നില്ല. സമുദായക്കൂട്ടായ്മകള്‍ ഇതരസമുദായങ്ങളെ കൂട്ടുകയില്ല. സാഹിത്യക്കൂട്ടായ്മകള്‍ ഇതരരെ പരിഗണിക്കുന്നില്ല. ഓരോ കൂട്ടായ്മയിലും ഇതരരുപയോഗിക്കാത്ത പെരുമാറ്റരൂപങ്ങളും പദങ്ങളും ശൈലികളും കാഴ്ചപ്പാടും ഉണ്ടാവും. ഉള്‍ക്കൊള്ളുന്നവരെക്കാള്‍ ഉള്‍ക്കൊള്ളാത്തവരോടുള്ള അസഹിഷ്ണുതയാണതിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്. പുറത്തു നിര്‍ത്തപ്പെട്ടവരുടെ അനുഭവമുണ്ട് കൂട്ടായ്മയില്‍. എതിരാളികളോടുള്ള വിദ്വേഷമോ അകല്‍ച്ചയോ ആണ് അവയുടെ ഊര്‍ജം. അഹിന്ദുകള്‍ക്ക് പ്രവേശനമില്ല എന്നെഴുതിവെച്ചില്ലെങ്കിലും ആചാരംകൊണ്ടും അനുഷ്ഠാനംകൊണ്ടും ഭാഷകൊണ്ടും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ പോലെയാണ് എല്ലാ കൂട്ടായ്മകളും. കൂട്ടായ്മകള്‍ നമ്മുടേതല്ല, ഞങ്ങളുടേതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന (All inclusive) ഒരു സമ്മേളനത്തിന് കൂട്ടായ്മ എന്ന പേര് ചേരില്ല. ഒരു ഗാന്ധിയന്‍ മീറ്റിങ്ങിന് കൂട്ടായ്മ എന്ന പേര് പറ്റില്ല. മതേതര കൂട്ടായ്മ ആവാം, സര്‍വമത സമ്മേളനമേ പറ്റൂ. പാര്‍ട്ടിമീറ്റിങ്ങുകളൊക്കെ കൂട്ടായ്മകളാണ്. സാമുദായികയോഗങ്ങളൊക്കെ കൂട്ടായ്മകളാണ്. അതില്‍ പങ്കെടുക്കുന്നവരുടെ ഐക്യവും അത് മാറ്റിനിര്‍ത്തുന്നവരുമായുള്ള അനൈക്യവും ആണ് കൂട്ടായ്മയെ നിര്‍ണയിക്കുന്നത്. അപരത്വം സൃഷ്ടിക്കുന്ന, സൂക്ഷിക്കുന്ന എല്ലാ യോഗങ്ങള്‍ക്കും കൂട്ടായ്മ എന്ന പേര് നന്നായിണങ്ങും. അപരവിദ്വേഷമാണോ താരതമ്യേന പുതിയ ഈ പദം കോയിന്‍ ചെയ്തത്?

സമാനമായ ഒരസ്വസ്ഥത മതില്‍, ചങ്ങല എന്നീ സംജ്ഞകളും ഉണ്ടാക്കുന്നുണ്ട്. മതിലോ ചങ്ങലയോ പ്രത്യക്ഷപ്പെട്ട സാഹചര്യത്തോടോ ആഹ്വാനം ചെയ്തവരോടോ എനിക്കൊരു വിരോധവുമില്ല. സന്ദര്‍ഭമോ സംഘാടകരോ ഉദ്ദേശിച്ച ധര്‍മം നിര്‍വഹിക്കാന്‍ ഈ പ്രതീകങ്ങള്‍ ഉതകിയോ എന്നതുമല്ല, പ്രതികൂലധര്‍മം നിര്‍വഹിക്കയും ചെയ്തില്ലേ അവ എന്നും ഉചിതമായ സമരായുധങ്ങളായിരുന്നോ അവ എന്നുമാണെന്റെ സന്ദേഹം. ഇതരര്‍ കടന്നുകയറാതിരിക്കാനാണ് പഴയ രാജാക്കന്മാരും കേരളത്തിലെ പുതിയ ഗൃഹസ്ഥരും സ്ഥാപനങ്ങളും മതിലുകള്‍ പണിഞ്ഞത്, പണിയുന്നത്. മതിലുകളില്ലാത്ത ജയിലുകളോ ചിത്തരോഗാശുപത്രികളോ സങ്കല്പിക്കാനാവില്ല. അകത്തുള്ളവര്‍ പുറത്തുപോവാതിരിക്കാനും പുറത്തുള്ളവര്‍ അകത്തു കയറാതിരിക്കാനും മതിലുകള്‍ ഉതകും. നേരാണ്, അകത്തുള്ളവരുടെ സുരക്ഷിതത്വത്തിനെ കാക്കുന്നുണ്ടത്. പക്ഷേ, അകത്തുള്ളവരുടെ സ്വാതന്ത്ര്യത്തെ അത് തടയുന്നുമുണ്ട്. പുറത്തുള്ളവരെ അന്യരായി, ശത്രുക്കളായി പ്രഖ്യാപിക്കുന്നുമുണ്ട്. മതില്‍ ഒരു വേര്‍തിരിവാണ്. പുറത്തുനിന്നുള്ള അക്രമസാധ്യതയാണ് അതിനെ പ്രസക്തമാക്കുന്നത്. അന്യര്‍ പ്രവേശിക്കരുത്, പട്ടി കടിക്കും സൂക്ഷിക്കുക എന്നൊക്കെ എഴുതാതെ എഴുതിയതാണ് ഒരു മതില്‍. ഇന്ത്യ ഒരു വലിയ കാരാഗൃഹമാണ് എന്ന് ഗാന്ധിജി എഴുതിയതില്‍നിന്ന് പ്രചോദനം കൊണ്ടെഴുതപ്പെട്ട ബഷീറിന്റെ മതിലുകള്‍ ഇന്ത്യയെങ്ങും ദൃശ്യവും അദൃശ്യവുമായ മതിലുകളാണ് എന്ന് പറയുന്നുണ്ട്. മതില്‍ ഒരു സമരരൂപമാവുമ്പോള്‍ അതിന്റെ കാക്കല്‍ശക്തി മാത്രമാണ് പ്രതിനിധാനം ചെയ്യപ്പെടുന്നത്. സമൂഹത്തിലെ അദൃശ്യമായ മതിലുകളെ തച്ചുടച്ച നവോത്ഥാനത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ അതൊട്ടും യോഗ്യവുമല്ല. ബന്ധനത്തില്‍നിന്ന് മുക്തനായ ഒരു പ്രൊമിത്യൂസ് ആണ് പാശ്ചാത്യ നവോത്ഥാനത്തെ നയിച്ചതെന്നുകൂടി ഓര്‍ക്കുക.

ചങ്ങലയെ പ്രതീകമായി സ്വീകരിക്കാന്‍ കാരണവും ഭാഗികമായ കാഴ്ചപ്പാടാണ്. 'ഒരു ചങ്ങലയിലെ കണ്ണികള്‍പോലെ ഞങ്ങളൈക്യപ്പെടുന്നു' എന്നാണ് ചങ്ങലയിലൂടെ സമരക്കാര്‍ പറയുന്നത്. ഒരിടത്തും ചങ്ങല മുറിയാതിരിക്കാന്‍ അത് നിഷ്‌കര്‍ഷ പുലര്‍ത്തുന്നുമുണ്ട്. ഒരര്‍ഥത്തില്‍ ലിറ്റററിസമാണ് അതില്‍ പ്രതിഫലിക്കുന്നത്. ഒറ്റ ഉദ്ദേശ്യത്തിന്റെ ഉപായമായിക്കൂടാ (a means to and end) ഒരു സമരപ്രതികം. ചങ്ങലക്കണ്ണികളുടെ ഐക്യത്തിന്റെ പ്രതീകത്തെക്കാള്‍ ബന്ധനത്തിന്റെ പ്രതീകമാണ്. ചങ്ങല പൊട്ടിച്ചോടിയ ആനയും (സഹ്യന്റെ മകന്‍) വേലായുധനും (ഇരുട്ടിന്റെ ആത്മാവ്) മരത്തില്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട ആദിവാസിയുടെ പ്രേതവും ചങ്ങല പൊട്ടിച്ചെറിയാന്‍ ആഹ്വാനം ചെയ്യുന്ന വിപ്ലവകാരികളും സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍ നഷ്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രം എന്ന് പറഞ്ഞ മാര്‍ക്‌സും ചങ്ങലയെ കണ്ടത് ബന്ധനത്തിന്റെ പ്രതിരൂപമായാണ്. എന്നെ ചങ്ങലയിലിടൂ എന്ന് ബന്ധനത്തിനപേക്ഷിച്ചവസാനിക്കുന്ന വേലായുധന്‍ സുരക്ഷിതത്വത്തെ എല്ലാറ്റിന്റെയും മീതെയായിക്കാണുന്ന പുതിയ കാലത്തിന്റെ ചങ്ങലയോടുള്ള പ്രതിബദ്ധതയെ നിരാശയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നു. ഈ രണ്ടു സമരചിഹ്നങ്ങളുടെയും മുഖ്യമായ സവിശേഷത അവയുടെ അഭേദ്യതയാണ്. അനുനയത്തെക്കാള്‍ അപേക്ഷയെക്കാള്‍ ശക്തി (power) ആണ് അത് പ്രകടിപ്പിക്കുന്നത്. 'എക്‌സ്‌ക്ലുസീവ്നസാ'ണ് കൂട്ടായ്മ എന്ന പ്രയോഗത്തിന്റെയും മതില്‍, ചങ്ങല എന്നീ സമരായുധങ്ങളുടെയും ബലഹീനത.

ഗാന്ധി മാര്‍ക്‌സിസത്തോട് വിയോജിച്ചത് പാവപ്പെട്ടവരോടുള്ള, ചൂഷിതരോടുള്ള അവഗണിതരോടുള്ള വിട്ടുവിഴ്ചയില്ലാത്ത അതിന്റെ നിലപാടിനോടല്ല. അതിന്റെ വര്‍ഗശത്രു സങ്കല്പത്തിനോടാണ്. ഗാന്ധിജിക്ക് ശത്രുവില്ല, എതിരാളിയോട് മതിപ്പുമുണ്ട്, അപേക്ഷയുടെ, അനുനയത്തിന്റെ, കീഴടങ്ങലിന്റെ ഭാഷയാണ് പഥ്യം. ഹിംസയല്ല, അഹിംസ. മര്‍ദനമല്ല, സഹനം. ഗാന്ധിജി കോയിന്‍ ചെയ്ത സമരായുധങ്ങള്‍ക്ക് പദങ്ങളായാലും സമരരൂപങ്ങളായാലും ഇന്‍ക്ലൂവ്നസ് പ്രധാനമാണ്. 'അണ്‍ടു ദി ലാസ്റ്റ്' ഗാന്ധിയില്‍ സര്‍വോദയമായി. ആരുമില്ല പുറത്ത്. അപരനേയില്ല ഗാന്ധിയന്‍ ലോകത്തില്‍. നിസ്സഹകരണപ്രസ്ഥാനമായിരുന്നില്ല ഗാന്ധിജിയുടേത്, സഹനസമര പ്രസ്ഥാനമായിരുന്നു. സത്യാഗ്രഹംപോലൊരു സമരരൂപത്തില്‍ ആര്‍ക്കാണെതിര്‍പ്പുണ്ടാവുക? എല്ലാവരെയും ഉള്‍ക്കൊള്ളാനായി 'ദൈവമാണ് സത്യം' എന്നത് മാറ്റി 'സത്യമാണ് ദൈവം' എന്നു പറഞ്ഞു ഗാന്ധി. കൂടിച്ചേരലായിരുന്നു (get together) കൂട്ടായ്മ ആയിരുന്നില്ല ഗാന്ധിയന്‍ യോഗങ്ങള്‍.

ചര്‍ക്കയും അരിവാളും ചുറ്റികയുമൊക്കെ 'ഉള്‍ക്കൊള്ളുന്ന' (inclusive) പ്രതീകങ്ങള്‍ ആയിരുന്നു. നെയ്ത്തു തൊഴിലാളികളുടെ തള്ളവിരലുകള്‍ (thumbs) പുഴകളില്‍ ഒഴുകിനടന്ന, കൈത്തൊഴില്‍ ശിക്ഷിക്കപ്പെട്ട കാലത്തിന്റെ ആവശ്യമായിരുന്നു ചര്‍ക്ക. അരിവാളും ചുറ്റികയുമൊക്കെ, പുറത്തുള്ളവരല്ല ഈ സമരജീവിതത്തെ നയിക്കുന്നത് അടിത്തട്ടിലെ അധ്വാനിക്കുന്നവരാണ് എന്ന പ്രഖ്യാപനവും. ഈ പാരമ്പര്യമാണ് ചങ്ങലയും മതിലുമെല്ലാം തള്ളിപ്പറയുന്നത്. ദര്‍ശനങ്ങളില്‍ വിള്ളല്‍ വീഴുകയാണോ അതോ ദര്‍ശനങ്ങളിലെത്തന്നെ ആന്തരികവൈരുധ്യം വെളിയില്‍ വരുകയാണോ? 'നമ്മളോട് മെരുങ്ങാത്ത നമ്മളല്ലാത്ത കൂട്ടരും

ഇതിലൊന്നിലുമില്ലാത്ത നമ്മളല്ലാത്ത കൂട്ടരും;

മനുഷ്യരല്ല, മൃഗവും മരം കൂടിയുമല്ലിനി' എന്ന് പറഞ്ഞുകൊണ്ടിരിക്കയല്ലേ ഓരോ പക്ഷവും.

Content Highlights: kalpetta narayanan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented