എഴുതിയതിന്റെ 10 ശതമാനംപോലും മലയാളത്തില്‍ വരാഞ്ഞിട്ടും ഏറ്റവും മികച്ച കുറച്ചെഴുത്തുകാരിൽ ഒരാൾ!


കല്‍പ്പറ്റ നാരായണന്‍ കൃതികളുടെ ബലം കൊണ്ട് മാത്രം മലയാളി വായനക്കാരെ നിശ്ശബ്ദനാക്കിയ എഴുത്തുകാരനാണ് ജയമോഹന്‍. ഉപേക്ഷിക്കാനോ അവഗണിക്കാനോ പഴുതുകള്‍ തിരയുന്ന ദോഷൈകദൃക്കാണ് കേരളത്തിലെ വായനക്കാരന്‍.

ജയമോഹൻ/ ഫോട്ടോ: മധുരാജ്‌

യമോഹന്റെ നിരവധിയാത്രകളില്‍ ചിലതില്‍ ഞാന്‍ കൂടെ കൂടിയിട്ടുണ്ട്. ചെറുകഥയിലേക്കോ നോവലിലേക്കോ പുറപ്പെടുമ്പോലെയാണ് ജയമോഹന്‍ യാത്രയ്ക്കും പുറപ്പെടുന്നത്. യാത്രക്കിടയില്‍ സംഭവിക്കാനിരിക്കുന്ന അവിചാരിതമായ അനുഭവങ്ങളിലുള്ള പ്രതീക്ഷകളാണിവിടേയും പ്രേരണ. നൈസ്സര്‍ഗ്ഗികമായ യാത്രകള്‍ എന്നവയെ പൊതുവായി പറയാം. പോയ സ്ഥലങ്ങളിലേക്കാവാം. പക്ഷെ, അതുവരെ പോവാത്ത വഴികളിലൂടെ. വഴി എന്ന മഹാആശയത്തെ (the way) കൂടുതല്‍ കൂടുതല്‍ അറിയുകയാണയാള്‍ എന്ന് തോന്നി. കേരളത്തിലെ പ്രശസ്തനായ ഒരു പ്രഭാഷകന്‍ പ്രഭാഷണം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ദുഃഖത്തോടെ എന്നോടു പറഞ്ഞത് മടക്കയാത്രകൾ ഇല്ലായിരുന്നുവെങ്കില്‍ ജീവിതം എത്ര സുന്ദരമാവുമായിരുന്നു എന്നാണ്. ഉപയോഗം കഴിഞ്ഞതിനു ശേഷമുള്ള യാത്രകളെയാണയാള്‍ പേടിച്ചത്. യാത്രയുടെ ജഡത്തെ.

ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ ജയമോഹനില്‍നിന്ന് മടക്കയാത്രകള്‍ എടുക്കപ്പെട്ടു. ഓരോ നിമിഷവും പുതിയ ഒരിടത്തേക്കുള്ള വഴിയിലായി അയാള്‍. അങ്ങനെ സുഗമമാക്കപ്പെട്ട ഒരാളുടെ യാത്രയുടെ ഫലങ്ങള്‍ ജയമോഹന്റെ ഓരോ രചനയില്‍നിന്നും നമ്മളനുഭവിക്കുന്നു. യാത്രയില്‍ ജയമോഹനുള്ള താല്‍പ്പര്യത്തിന്റെ പൊരുള്‍ ജീവിതമുള്‍പ്പെടെ ജീവിതത്തിലെ എല്ലാറ്റിന്റേയും ഉചിതമായ രൂപകം യാത്രയാണ് എന്നതാവാം.

ഒരിക്കലൊരു യാത്രയില്‍ പാതിവഴിയില്‍ എന്റെ യാത്രോത്സാഹം തീര്‍ന്നു. മകന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ മുതല്‍ ഞാനൊന്നും കാണാതെയും കേള്‍ക്കാതെയുമായി. നര്‍മ്മോദാരമായ ഒരു സാന്നിദ്ധ്യമായിരുന്നു അതുവരെയെങ്കില്‍ അപ്പോള്‍ മുതല്‍ ഞാന്‍ നനഞ്ഞ് ഭാരിച്ച ഒരു ഭാണ്ഡമായി മാറി. എന്റെ യാത്ര മടക്കയാത്രയായി മാറിക്കഴിഞ്ഞിരുന്നു. അവരുടേത് എങ്ങോട്ടും നീളാവുന്ന വഴി, എന്റേത് എന്നിലേക്ക് ചുരുങ്ങുന്ന വഴി. അവരുടേത് അനിശ്ചിത സുന്ദരമായ യാത്ര, എന്റേത് സുനിശ്ചിത നിശ്ചലമായ യാത്ര.

ജയമോഹന്‍ എന്നെ ഓര്‍മ്മിപ്പിച്ചു, വീട്ടിലെത്തിയിട്ട് വീട്ടിലെത്തിയാല്‍ മതി, അതുവരെ നിഷ്ഫലമായ ഈ അസ്വസ്ഥത ചുമക്കുന്നതെന്തിന്? ജയമോഹന്‍ യാത്രയുടെ അവസാനനിമിഷം വരെ യാത്ര ചെയ്തു. അതുവരെ വരാത്ത വഴിയിലൂടെയാണ് എപ്പോഴും. വീട്ടിലേക്കു തിരിയുമ്പോള്‍ പോലും ജയമോഹന്‍. അവസാന ലാപ്പിലും ഒരു ക്ഷീണക്കൂടുതലുമില്ല. അങ്ങനെ എത്രയെത്ര യാത്രകള്‍. വിദേശങ്ങളില്‍, ഭാരതത്തില്‍, മഹാഭാരതത്തില്‍, നോവലില്‍, കഥകളില്‍, പഠനങ്ങളില്‍, പ്രസംഗങ്ങളില്‍... നടക്കുന്തോറും നിവരുന്ന പാതയും നീട്ടുന്തോറും നീളുന്ന കൈകളുമാണ് ജയമോഹനന്റേത്. അവിചാരിതമായ ഇടങ്ങളില്‍ അത് നിരന്തരം എത്തി. ഗൃഹസ്ഥന്റെ എഴുത്തായിരുന്നില്ല അത്. ഗൃഹം വിട്ടിറങ്ങിയ എഴുത്ത്. അതിന് രാത്രിയാവേണ്ടിയിരുന്നില്ല, തന്റെ യശോദര ഉറങ്ങേണ്ടതുണ്ടായിരുന്നില്ല, പാതിരക്കുണര്‍ന്ന് അവള്‍ മുറ്റം വരെ ഇറങ്ങിനിന്ന് യാത്രയാക്കി. കൊട്ടാരച്ചുമതലകള്‍ തനിച്ച് വഹിച്ചു. തന്നില്‍ സംഭവിക്കുന്ന എന്‍ലൈറ്റന്‍മെന്റുകളുടെ വിവരണങ്ങളേക്കുറിച്ച് യഥാകാലം കേട്ടാല്‍ മതി.

കാമുകി ഭാര്യയാകുമ്പോള്‍ പ്രണയം മങ്ങുന്നത് കണ്ടിട്ടുണ്ട്, അരുള്‍മൊഴിയില്‍ അത് ഇരട്ടിച്ചതേയുള്ളൂ. ജയമോഹൻ എഴുതിയത് വായിച്ച് പ്രണയിച്ചൊരുവള്‍ക്ക്, അതയാള്‍ കൂടുതല്‍ ഭംഗിയായി തുടരുമ്പോള്‍ പ്രണയിക്കാതിരിക്കാന്‍ അവസരം കിട്ടാത്തതാവാം. ശ്രമിക്കുന്നുണ്ടാവണം, പറ്റണ്ടേ?

തൊള്ളായിരത്തി എണ്‍പത്തിഒന്നിലാണ് ജയമോഹന്‍ ഇന്ന് റോഡായി മാറിയ തോട്ടിലൂടെ മുട്ടിന് വെള്ളത്തില്‍ എന്റെ ജീവിതത്തിലേക്ക് വരുന്നത്. ദൂരെനിന്ന് വിശേഷപ്പെട്ട ആരെങ്കിലും കാണാന്‍ വരുമ്പോഴാണല്ലോ ഒരാള്‍ പ്രധാനപ്പെട്ട വ്യക്തിയായി മാറുന്നത്. ദൂരത്തൂന്നാരും വരികയില്ല നമ്മെക്കാണാന്‍ എന്ന് നളസഹോദരനായ പുഷ്‌ക്കരന്‍ ഉണ്ണായിവാരിയുടെ നളചരിതത്തില്‍ വ്യസനത്തോടെ പരിഭവിക്കുന്നുണ്ട്. ഒരു സംഭവത്തില്‍ ഒരു കഥ, ഒരു ദൃശ്യത്തില്‍ ഒരു ബിംബം, ഒരു വസ്തുവില്‍ ഒരു പ്രതീകം കാണാന്‍ ശേഷിയുള്ള ക്രാന്തദര്‍ശി, ഞാന്‍ ഏതിനം ചെടി എന്ന് അറിയാന്‍ തക്കവിധത്തില്‍ ഇന്നത്തെ എന്റെ ഒരിലയും പ്രത്യക്ഷപ്പെട്ടിട്ടില്ലാതിരുന്ന എന്നെ, ഒറ്റ ലേഖനത്തിന്റെ ബലത്തില്‍ കാണാന്‍ വന്നതായിരുന്നു.

ഒരു വൈകുന്നേരവും ആ രാത്രിയും മുഴുക്കെ ഞങ്ങള്‍ സംസാരിച്ചു. എല്ലാറ്റിനും മീതെ എഴുത്തുകാരന്‍ ആയ ആത്മവിശ്വാസമുള്ള ഒരാള്‍, എല്ലാറ്റിനും താഴെ എഴുത്തുകാരനുമായ ഒരു പാവത്തെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. എന്നിലെ ബധിരന്‍ കേട്ടുതുടങ്ങി, എന്നിലെ അന്ധന്‍ കണ്ടു തുടങ്ങി, എന്നിലെ ജഡത്തിനു ജീവന്‍വെച്ചു. എന്നെ ജ്ഞാനസ്‌നാനം ചെയ്യിക്കാന്‍ അതിദൂരെനിന്നു വന്ന ദൈവദൂതനായിരുന്നു ജയമോഹന്‍. പിറ്റേന്ന് കടയില്‍ പച്ചക്കറിയും മീനും വാങ്ങാന്‍ പോയത് മറ്റെന്തിനെല്ലാമോകൂടി നിയുക്തനായ ഒരാളായിരുന്നു. എത്ര ദൂരെ നിന്നാണ് ജയമോഹന്‍ എന്നെക്കാണുവാന്‍ വന്നത്?

ഒറ്റരാവാല്‍ പൂമരങ്ങളായി വിത്തുകളൊക്കെയും എന്ന് മലയാളത്തിലൊരു കവി എഴുതിയിട്ടുണ്ട്. ആ ഋതുവെ ജയമോഹനനില്‍ ഞാന്‍ പല കുറി കണ്ടു. ശൂന്യതയില്‍നിന്നു വീണ ഒരു വിത്ത് നൊടിനേരം കൊണ്ടു മുളയ്ക്കുന്നു, ചെടിയാവുന്നു, ചെടി വൃക്ഷമാവുന്നു, ശാഖകള്‍ പടര്‍ന്ന് പടര്‍ന്ന് അത് ഒരു കാടാവുന്നു. എന്തിനെന്ന് വ്യക്തമല്ലാത്ത ഒന്ന് പരിണമിച്ച് എന്തെല്ലാമോ ആയിത്തീരുന്നതിന്റെ മാദ്ധ്യമമായി മാറുന്നതിന്റെ സുഖമാവാം ജയമോഹനനെ സദാ ഊര്‍ജ്ജസ്വലനാക്കുന്നു.

ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഊര്‍ജ്ജം തന്നെ തുടരാനുള്ള ഇന്ധനമായി സ്വയം മാറിക്കൊണ്ടിരിക്കുന്നു. അത് തനിക്കും തന്റെ വായനക്കാര്‍ക്കും ആയിത്തീരലിന്റെ (becoming) സുഖം നല്‍കുന്നു. ഇന്നലെ വരെ അല്ലായിരുന്നത്, ഈ വരി വരെ അല്ലാതിരുന്നത് ആയിത്തീരുന്നതിലെ വിസ്മയമാണ് തന്നേത്തന്നെയും പ്രചോദിപ്പിക്കുന്നത്. ഉറവിടമല്ല, ഉറവിടങ്ങളാണ് ജയമോഹന്‍. മഴക്കാലത്തെ ഹൊഗനക്കലില്‍ നിറയെ ഉറവിടങ്ങളാണ്. താന്‍ പോലും കണ്ടു കഴിഞ്ഞിട്ടില്ലാത്ത, കുഴിച്ചെടുത്ത് തീര്‍ന്നിട്ടില്ലാത്ത ഒരു ഖനി.

കൃതികളുടെ ബലം കൊണ്ട് മാത്രം മലയാളി വായനക്കാരെ നിശ്ശബ്ദനാക്കിയ എഴുത്തുകാരനാണ് ജയമോഹന്‍. ഉപേക്ഷിക്കാനോ അവഗണിക്കാനോ പഴുതുകള്‍ തിരയുന്ന ദോഷൈകദൃക്കാണ് കേരളത്തിലെ വായനക്കാരന്‍. ദയവിനെ ചവിട്ടിത്താഴ്ത്താനുള്ള പടിയാക്കി മാറ്റിയ ഒരു വാമനന്റെ പിന്മുറക്കാരന്‍. ഒരു ദയവും തനിക്ക് വേണ്ട, ഓരോ തവണയും ജയമോഹന്‍ അയാളെ ജയിച്ചു. ജയമോഹന്‍ ആകെ എഴുതിയതിന്റെ പത്തു ശതമാനം പോലും മലയാളത്തില്‍ വന്നിട്ടില്ല. എന്നിട്ടും ജയമോഹന്‍ ഞങ്ങളുടെ ഏറ്റവും കുറച്ച് മികച്ച എഴുത്തുകാരില്‍ ഒരാള്‍. സോ കാള്‍ഡ് ഇടതുപക്ഷക്കാരനല്ല, ബൊഹീമിയനല്ല, പോസിറ്റീവ് തിങ്കറല്ല, ആരുടേയും ശുപാര്‍ശയില്ല. മലയാളത്തില്‍ പ്രശസ്തനാകണമെങ്കില്‍ ആകേണ്ടതിലൊന്നിലും താല്‍പ്പര്യമെടുത്തിട്ടില്ല. ഒഴിമുറിയുടെ പ്രശസ്തി പോലും ഉപയോഗിച്ചില്ല. നെടുമ്പാതയോരം, അറം. ആനഡോക്ടര്‍, നൂറ് സിംഹാസനങ്ങള്‍, ഉറവിടങ്ങള്‍, ഇപ്പോള്‍ മായപ്പൊന്ന് ഒക്കെ ജയമോഹന് വേണ്ട ഇടമുണ്ടാക്കി. വിസ്തൃതമായ ഇടം.

ജയമോഹന്‍ ഇടതുപക്ഷത്തല്ല എന്ന വിമര്‍ശനത്തെ, ഗാന്ധിയോ അംബേദ്ക്കറോ ഇടതുപക്ഷത്തല്ലല്ലോ സ്റ്റാലിന്‍ ഇടതുപക്ഷവുമാണല്ലോ എന്ന ചിരിയോടെ നേരിട്ടു. ആനഡോക്ടര്‍ പരിസ്ഥിതിബോധത്തേയും നൂറു സിംഹാസനങ്ങള്‍ ദളിത് പ്രശ്‌നത്തേയും മലയാളികള്‍ മുമ്പൊരിക്കലും ആവിഷ്‌കരിക്കാത്ത തീവ്രയോടേയും സത്യസന്ധതയോടെയും ആവിഷ്‌കരിച്ച് എതിരാളികള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതാക്കി. കമ്മ്യൂണിസ്റ്റാവുക കേരളത്തിലല്ല എവിടേയും സ്വതന്ത്രചിന്തയുടെ അടിയറവെക്കലാണ്. മാര്‍ക്‌സിനേയോ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരേയോ യഥോചിതം ഉദ്ധരിക്കുന്നതില്‍ അവരുടെ ചിന്താപ്രവര്‍ത്തനം ഒതുങ്ങി. തങ്ങള്‍ ചിന്തിക്കുന്നുണ്ടെന്ന് അവര്‍ സങ്കല്‍പ്പിച്ചു. മാര്‍ക്‌സിസ്റ്റുകള്‍ എവിടേയും ഒരാളായതിനാല്‍ മലയാളികളില്‍ ഗോവിന്ദനേയോ സി.ജെ തോമസിനേയോ പി.കെ ബാലകൃഷ്ണനേയോ മാത്രം ഗൗനിച്ചു. കേരളത്തില്‍ വരുമ്പോള്‍ ശുദ്ധവായു ശ്വസിക്കാന്‍ തൃശൂരിറങ്ങി ആറ്റൂരിന്റെ വീട്ടില്‍ ചെന്നു.

ജയമോഹന് വ്യത്യാസങ്ങളെ അറിയാം. 'മായപ്പൊന്നില്‍' പറയുമ്പോലെ മല്ലികപ്പൂവിനും ചെമ്പകപ്പൂവിനും തമ്മിലുള്ള വ്യത്യാസമല്ല മല്ലികപ്പൂവിനും മറ്റൊരു മല്ലികപ്പൂവിനും തമ്മിലുള്ള വ്യത്യാസം. കലയിലെ വൈദഗ്ദ്യം സുഷ്മമായ വ്യത്യാസങ്ങള്‍ അറിയാനുള്ളത്. ജയമോഹന്റെ രചനകളിലുള്ള, ഡീറ്റെയിലിങ്ങിലുള്ള, അതിസൂക്ഷ്മത അദ്ദേഹത്തിന്റെ അവിശ്വസനീയമായ ഓര്‍മ്മശക്തിയുടേയും കടന്നുവന്ന വഴികളിലെ കാഴ്ച്ചകളിലെല്ലാമുളള കൗതുകത്തേയും എന്തും പതിയുന്ന ആ ഉര്‍വ്വരമായ (fertile) മനഃപ്രതലത്തേയുമാണ് കാട്ടുന്നത്. അതില്‍ വീണതൊക്കെ മുളച്ചു, പടര്‍ന്നു പന്തലിച്ചു.

വളവ് തിരിഞ്ഞുവന്ന അശ്വാരൂഢനായ ഭടനെക്കണ്ട് മനുഷ്യനെന്തൊരന്തസ്സാണ് എന്ന് ടോള്‍സ്റ്റോയിയുടെ ഒരു കഥാപാത്രം അത്ഭുതപ്പടുന്നുണ്ട്. ഒരെഴുത്തു കാരനെ നോക്കി മനുഷ്യനെന്തൊരു വിസ്മയമാണ് എന്ന് തോന്നണം. ജയമോഹനെ വായിക്കുമ്പോഴെല്ലാം ഞാനീ മര്‍ത്ത്യവിജയത്തെ നമസ്‌കരിക്കുന്നു.

ജയമോഹന്‍ എഴുതിയ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: kalpeta narayanan writes about veteran writer jayamohan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented