ബാലാമണിയമ്മ, മാധവിക്കുട്ടി
മലയാളസാഹിത്യത്തിന്റെ മാതൃസ്‌നേഹമായ ബാലാമണിയമ്മയുടെ നൂറ്റിപ്പന്ത്രണ്ടാം ജന്മദിനമാണ് ഇന്ന്. ബാലാമണിയമ്മയെക്കുറിച്ച് കല്പറ്റ നാരായണന്‍ എഴുതിയ ലേഖനം വായിക്കാം.
അത്രമേല്‍ അദൃശ്യയായതിനാലാണ് സ്ത്രീ ഇത്രമേല്‍ ദൃശ്യയാവാന്‍ വെമ്പുന്നത്. ഭയമാണ് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ്, പട്ടുവസ്ത്രങ്ങള്‍ ധരിച്ച്, വളകളിട്ട്, പാദസരങ്ങളണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി വന്നുനില്ക്കുന്നത്. ഉണ്മയിലുള്ള അവിശ്വാസമാണ് ഈ തള്ളിക്കയറുന്ന പ്രത്യക്ഷഭംഗി. നിങ്ങള്‍ കേള്‍ക്കാറില്ലേ, വീട്ടുപടിക്കല്‍ നിന്ന് പിരിവുകാരോ കച്ചവടക്കാരോ 'ആരുമില്ലേ' എന്നു വിളിച്ച് നോക്കുമ്പോള്‍ അകത്തുനിന്നും സ്ത്രീകള്‍ 'ഇല്ല' എന്ന് ഉറപ്പിച്ചുപറയുന്നത്. പകുതിയിലധികം സ്ത്രീകളുള്ള ഒരു നാട്ടിലിരുന്ന് 'മാതൃഭൂമി-എ നേഷന്‍ വിത്തൗട്ട് വുമന്‍' എന്ന പേരില്‍ മനീഷ്ഝാ സിനിമയെടുത്തിട്ടുണ്ട്. അലംകൃതങ്ങളായ സ്ത്രീശരീരങ്ങള്‍ ഇവിടെ പുരുഷനുണ്ട് എന്നല്ലാതെ ഇവിടെ സ്ത്രീയുണ്ട് എന്നല്ലല്ലോ വിളിച്ചുപറയുന്നത്. ജോയ്സ് കരോള്‍ ഓട്സിനോട് സ്ത്രീയായതുകൊണ്ടുള്ള മെച്ചങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പുരുഷവിമര്‍ശകരുടെ മുന്‍ഗണനാ പട്ടികയില്‍ ആദ്യസ്ഥാനങ്ങള്‍ സ്ത്രീക്കുള്ളതല്ലാത്തതിനാല്‍ അനുഭവപ്പെടുന്ന ഭാരക്കുറവിനെക്കുറിച്ചാണ് പറയുന്നത്. മുന്‍ഗണനാപ്പട്ടികകള്‍ പരിശോധിച്ചാല്‍ 'സ്ത്രീയില്ലാത്ത മാതൃഭൂമി' എന്ന പ്രയോഗത്തിന്റെ ചമല്‍ക്കാരം മനസ്സിലാവും. മറിയ റുക്കെയ്സര്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി സ്ത്രീയെ കാണാഞ്ഞതാണ് പുരുഷന്‍ ചെയ്ത മഹാപാപം എന്ന് സൂചിപ്പിക്കുന്നുണ്ട്, 'ഈഡിപ്പസ് റെക്സ്' എന്ന കവിതയില്‍. അന്ധനായി തെരുവിലലയുമ്പോള്‍ ഈഡിപ്പസ് രാജാവ് സ്പിങ്ക്സിന്റെ മുന്നിലെത്തിപ്പെടുന്നു. താനന്ന് നല്കിയത് ശരിയായ ഉത്തരമായിരുന്നില്ലേ, പിന്നെ എന്തുകൊണ്ട് തനിക്കീ ദുര്‍ഗതി വന്നു എന്നു ചോദിക്കുന്നു രാജാവ്. അല്ല; തെറ്റായ ഉത്തരമായിരുന്നു അങ്ങ് നല്കിയതെന്ന് സ്പിങ്ക്സ് മറുപടി പറയുന്നു. രാവിലെ നാല് കാലിലും ഉച്ചയ്ക്ക് രണ്ടു കാലിലും വൈകുന്നേരം മൂന്നു കാലിലും സഞ്ചരിക്കുന്നത് മനുഷ്യന്‍ (Man) ആണെന്നാണ് താങ്കള്‍ പറഞ്ഞത്. ലോകത്തിലെ പാതിയിലേറെ വരുന്ന സ്ത്രീയെ താങ്കള്‍ കണ്ടില്ല. പാതിലോകം രാജാവ് കണ്ടില്ല. 'മേന്‍' എന്നു പറഞ്ഞാല്‍ സ്ത്രീകൂടി അതിലുള്‍പ്പെടുകയില്ലേ; അതിലെന്തായിരുന്നു ഇത്ര തെറ്റ് എന്നായി രാജാവ്. ഇത്രയനുഭവിച്ചിട്ടും ഇതാണ് താങ്കളുടെ മനോഭാവം, അവഗണിക്കപ്പെട്ട സ്ത്രീയുടെ ശാപവും അതിന്റെ ഫലവുമാണ് അങ്ങനുഭവിക്കുന്നത്; സ്പിങ്ക്സ് രാജാവിനോട് പറഞ്ഞു. രാജ്യം പൂര്‍ണനാശത്തിലേക്ക് നീങ്ങുന്നത് വരെ, സ്വന്തം അമ്മയെയാണ് ഇണയായി അനുഭവിച്ചുകൊണ്ടിരുന്നത് എന്ന് അയാളറിഞ്ഞിരുന്നില്ല. സ്ത്രീയുടെ ഉണ്മ, ശരീരത്തിന്റെ മാത്രം ഉണ്മയായിരുന്നു ആ രാജാവിന്റെ കണ്ണില്‍. (ആ കണ്ണായിരുന്നില്ല രാജാവ് കുത്തിപ്പൊട്ടിച്ചത് പോലും). ലിംഗത്തിന്റെ കുറവുള്ള പുരുഷനായി സ്ത്രീയെക്കണ്ട ഫ്രോയിഡും ഈഡിപ്പസ് തന്നെയായിരുന്നു. എല്ലാ പുരുഷന്മാരും ഈഡിപ്പസിന്റെ പാപഭാരം വഹിക്കുന്നു എന്നദ്ദേഹം പറഞ്ഞത് ഉദ്ദേശിച്ചതിലേറെ നേരായിരുന്നു. കേരളീയരും അത്തരമൊരു ശാപഫലം അനുഭവിക്കുന്നു എന്ന് ബാലാമണിയമ്മയുടെ 'മഴുവിന്റെ കഥ.' ഓരോ മലയാളിപ്പുരുഷനിലും പരശുരാമന്‍ വസിക്കുന്നു എന്ന്. കൂടുതല്‍ കുടിലബുദ്ധിയായ ഒരീഡിപ്പസ്സാണ് പരശുരാമന്‍ എന്നും.
അദൃശ്യയായി, മൂകയായി, ഇല്ലാത്തത് പോലെ ജീവിച്ചുപോന്നവളായിരുന്നു ജമദഗ്നി മഹര്‍ഷിയുടെ പ്രിയപത്നി. കുലീനയായ ഏത് സ്ത്രീയേയും പോലെ. ഒരിക്കല്‍ ''മധുമാസത്തില്‍ കുയില്‍ കൂകുന്ന കാന്താരത്തില്‍/മലര്‍ പൂത്തെഴുമാറ്റുവക്കത്ത് നിന്നെന്നമ്മ/കുളിര്‍ക്കെ നോക്കിക്കണ്ടാള്‍ പ്രേമലോലരായ്/നീന്തിക്കുളിക്കും ഗന്ധര്‍വര്‍ തന്‍ ജീവിതോത്സവത്തിനെ.'' ഉള്ളിലെ സ്ത്രീ കെട്ടുപൊട്ടിക്കാനൊന്ന് കുതറിയോ? ''നെടുവീര്‍പ്പിട്ടാളെന്നും കൈവരാത്തവയ്ക്കായി/പ്പിടയും കരളുമായ് പിന്നെയാശ്രമം പുക്കാള്‍.'' കോള്‍മയിരണിഞ്ഞ ആ ശരീരത്തില്‍ നിന്നും കവിള്‍ത്തിളക്കത്തില്‍ നിന്നും ക്രാന്തദര്‍ശിയായ ജമദഗ്നി മഹര്‍ഷി അവള്‍ ചെയ്ത തെറ്റ് കണ്ടെത്തുന്നു. ''മനസ്സാല്‍ ചെയ്യപ്പെട്ട പാപമേ ഗുരുതരം'' എന്ന് വെന്തുകൊണ്ട് കുലത്തിന്റെ വിശുദ്ധിക്കായി ഈ പാപിയെ കൊല്ലുകെന്നാ മഹര്‍ഷി മക്കളോട് കല്പിക്കുന്നു. അവരില്‍ പരശുരാമന്‍ മാത്രം അതിന് സന്നദ്ധനാവുന്നു. ''മൂര്‍ത്തമാം വിനയം പോലിരുന്നോരുടല്‍'' മഴുവാല്‍ അറ്റുവീഴുന്നു. പ്രീതനായ പിതാവ് ആവശ്യമുള്ള വരം ചോദിച്ചപ്പോള്‍ ഒരിക്കല്‍ക്കൂടി മാതൃഹത്യ ചെയ്യുകയാണ് പരശുരാമന്‍. ''മുന്‍മട്ടില്‍, പവിത്രയായ് പാപിനിയായിട്ടല്ലെന്നമ്മ, സന്മതേ ഭവല്‍ സ്മൃതിയില്‍ജ്ജീവിക്കാവൂ.'' അതൃപ്തയായി, കൈവരാത്തവയ്ക്കായി എന്നും പിടയുന്നവളായി, തന്റെ സത്യമായി ഭര്‍ത്താവിന്റെ സ്മരണയില്‍ കഴിയാനുള്ള സ്വാതന്ത്ര്യവും അവള്‍ക്ക് നിഷേധിക്കുന്നു. മൂര്‍ത്തമാം വിനയം പോലിരുന്നോരുടല്‍ ആയി അവള്‍ മരണശേഷവും അയാളുടെ സ്മൃതിയില്‍ തുടരുന്നു. അയാളുടെ കാന്തത്തിലൊരപരാധബോധമാകാന്‍ പോലും തനിക്ക് സാധിച്ചില്ല. യഥാര്‍ഥത്തിലുള്ള തന്നെ മരണം പോലും അനാവരണം ചെയ്തില്ല. തന്നെക്കൊന്നതിന്റെ വടുപോലും തന്നില്‍ ശേഷിച്ചില്ല. ഭര്‍തൃമനസ്സില്‍ അവള്‍ കുലീനയായി തുടര്‍ന്നും വര്‍ത്തിച്ചു. തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് വളര്‍ന്ന ആ മാതൃഹന്താവ് ഒടുവില്‍ പാപബോധം കുമിഞ്ഞുകൂടി തനിക്ക് തരണം ചെയ്യാനാവാത്തത്രയായപ്പോള്‍, അമ്മയെ അറുത്തിട്ട പരശു വലിച്ചെറിയുന്നു. അത് ചെന്ന് വീണേടത്തോളം വളര്‍ന്ന ഭൂപ്രദേശമാണിത്. ''ആ മഴുവിന്‍ മുനയാല്‍ക്കരള്‍തോറും മുദ്രിതരായവരാണ് നാം'' എന്ന് ബാലാമണിയമ്മ പറയുന്നു. മുറിവേറ്റവര്‍ എന്നല്ല, മുദ്രിതരായവര്‍ എന്ന്. കേവലമായൊരൈതിഹ്യമല്ല പരശുരാമകഥ, ഓരോരുത്തരിലും വടുവായിത്തുടരുന്നൊരു സത്യമാണത്. മലയാളിയുടെ തന്മ. സമൂഹം സ്ത്രീയെ എങ്ങനെ നിത്യവും തടയുന്നു, ഇല്ലാതാക്കുന്നു, അതിലെ ഹിംസയുടെ അനാദ്യന്തമായ കഥ. ചിരഞ്ജീവിയാണ് പരശുരാമന്‍ എന്ന സങ്കല്പത്തിന്റെ പൊരുള്‍ പരതുകയായിരുന്നു സ്വന്തം സ്ത്രീസ്വത്വമുപയോഗിച്ച് ബാലാമണിയമ്മ. അച്ഛാ നെറികെട്ടവനേ ഞാന്‍ നിന്നിലൂടെ എന്ന് നാം തുടരുന്ന ജീവിതത്തിന്റെ പൊരുള്‍. ചരിത്രം സ്ഥൂലമായ വസ്തുതകളുടെ വിവരണം; അതിലെവിടെ പരശുരാമന്‍? മിത്തോളജി ഭാവനയോടെ വായിച്ചാല്‍ അതിലതാ നമ്മളിലൊക്കെ കൈകാലുകളുള്ള പരശുരാമന്‍. നമ്മള്‍, കരള്‍തോറും മുദ്രിതരായ, പരശുരാമന്മാര്‍.
മാധവിക്കുട്ടിയുടെ ഏത് കഥയോളവും കമലാദാസിന്റെ ഏത് കവിതയോളവും തീവ്രവും അവയെക്കാള്‍ അകക്കടുപ്പം കൂടുതലുമുള്ളതാണ്, പ്രത്യക്ഷത്തില്‍ പരമശാന്തയായി, ''മൂര്‍ത്തമാം വിനയം പോലിരുന്നോരുടല്‍'' ആയി മലയാള മനസ്സില്‍ ഒളിച്ചുവസിച്ച ബാലാമണിയമ്മയുടെ ഇക്കാവ്യം. മൂര്‍ത്തമായ വിനയമായിരുന്നവള്‍ എന്നല്ല അത് പോലിരുന്നവള്‍ എന്നാണ് ബാലാമണിയമ്മ ജമദഗ്നീപത്നിയെ സൂക്ഷ്മമായി ആവിഷ്‌കരിച്ചത്. ''എന്നും കൈവരാത്തവയ്ക്കായി പിടഞ്ഞവള്‍'' എന്നും. മാധവിക്കുട്ടിയുടെ പ്രശസ്ത കഥകളായ 'കോലാട്', 'നെയ്പായസം', 'മീനാക്ഷിയേടത്തി' എന്നീ കഥകളേക്കാള്‍ കുറവല്ല ബാലാമണിയമ്മയുടെ 'വേലക്കാരി' ഉണ്ടാക്കുന്ന അസ്വസ്ഥത. 'കുരങ്ങനെ പെറ്റ മാന്‍പേടയുടെ പരിഭ്രമം അമ്മയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്' എന്ന മാധവിക്കുട്ടിയുടെ വാക്യത്തെ പല അര്‍ഥത്തില്‍ ഞാന്‍ കേട്ടിട്ടുണ്ട്. പരിണാമശൃംഖലയില്‍ മാനിനും ശേഷമാണല്ലോ കുരങ്ങ്, കൂടുതല്‍ സങ്കീര്‍ണതയും കെല്പും കുരങ്ങനാണല്ലോ. ആ വാക്യത്തില്‍ ആത്മനിന്ദയോ അഭിമാനമോ എന്ന രസവും ഞാന്‍ രസിച്ചിട്ടുണ്ട്. സ്ഥായിയായ അദൃശ്യതയോട് സദാ പോരാടി, ദൃശ്യയാവാന്‍ സര്‍വാഭരണങ്ങളണിഞ്ഞ്, പട്ടുവസ്ത്രങ്ങള്‍ ധരിച്ച്, വളകളണിഞ്ഞും മനസ്സില്‍ ചോരപ്പാടുകള്‍ വീഴ്ത്തുന്നത്ര തീവ്രമായ കാവ്യബിംബങ്ങളുള്ള രചനകളെഴുതി, അലോസരപ്പെടുത്തുന്ന ജന്മങ്ങള്‍ താന്‍ ജീവിച്ചിരുന്നതായി ആത്മകഥകളെഴുതി, യാഥാസ്ഥിതിക മനസ്സിനെ ബേജാറാക്കുന്ന തീരുമാനങ്ങളെടുത്ത്, അരക്ഷിതയാവാന്‍ എന്നും ധീരതകാട്ടിയ കമലയെ പെറ്റത് 'മഴുവിന്റെ കഥ'യും ''വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ, ഞാനൊട്ടുവാനില്‍പ്പറന്നു നടക്കട്ടെ'' എന്ന വാക്യം ആന്തരിക ചൈതന്യമായ നിരവധി കവിതകളുമെഴുതിയ ബാലാമണിയമ്മ തന്നെയെന്നും അവരുടെ കണ്ണിലൊരു പരിഭ്രമവും സൃഷ്ടിക്കാന്‍ കമലയ്ക്കായിട്ടുണ്ടാവില്ലെന്നും ഞാന്‍ കരുതുന്നു. ''എന്നും കൈവരാത്തവയ്ക്കായി പിടയും കരള്‍'' എന്നവര്‍ സംക്ഷേപിച്ച സ്ത്രീസ്വത്വം കമലയിലൂടെ സ്വാഭാവികമായി തുടരുകയായിരുന്നു. കമല മാരകമായി ജീവിച്ചു എന്ന് തറപ്പിച്ചു പറയാനാവാത്തതുപോലെ ബാലാമണിയമ്മ നിശ്ശബ്ദയായി ജീവിച്ചു എന്നും പറയാനാവില്ല. ''മൂര്‍ത്തമാം വിനയംപോലിരുന്നോരുടലിലെ'' ആ 'പോലെ' കാണാന്‍ നിങ്ങള്‍ക്ക് കണ്ണുണ്ടെങ്കില്‍. അതുപോലുള്ള അനവധി സൂക്ഷ്മതകളും.
പക്ഷേ, ബാലാമണിയമ്മയുടെ കാവ്യങ്ങള്‍ പരശുരാമന്‍ നിശ്ശബ്ദമാക്കി, കുലീനമാക്കി എന്ന് കാണാതിരുന്നുകൂട.''നീ തപ്പുകൊട്ടിയൊപ്പം നടക്കുകിടിവെട്ടെ'' എന്ന് പറഞ്ഞ കവിയെയവര്‍ ലഘുവാക്കി, മൃദുവാക്കി.ആശാനും വൈലോപ്പിള്ളിക്കും ഇടശ്ശേരിക്കും അക്കിത്തത്തിന്നും ഒപ്പം പരിഗണനയര്‍ഹിക്കുന്നുണ്ട് ബാലാമണിയമ്മ. പക്ഷേ, ജമദഗ്നി മഹര്‍ഷിയില്‍നിന്ന് പരശുരാമന്‍ നേടിയ ആ വരത്തിന്റെ പ്രഭാവത്താലാവാം മാതൃത്വത്തിന്റെ അകളങ്കപുഷ്പങ്ങള്‍ മാത്രം വിരിയിച്ച മുള്ളില്ലാത്ത ഒരു പനിനീര്‍ച്ചെടിയാക്കി അവരെ മലയാളി ലളിതമാക്കി, ലഘുവും. കാവ്യചര്‍ച്ചകളില്‍ ബാലാമണിയമ്മ അദൃശ്യയായി. ആരോ കൈചൂണ്ടിയേടത്തേക്ക് ഒരുമിച്ചുനീങ്ങി തോണിമുക്കുന്ന പ്രവണതയുള്ള മലയാളി 'വിശ്വദര്‍ശന'ങ്ങളേക്കാള്‍ സങ്കീര്‍ണമായ, ദാര്‍ശനികമായ, അപൂര്‍വമായ 'മഴുവിന്റെ കഥയും' 'വിഭീഷണനും' 'വിശ്വാമിത്രനു'മൊന്നും കണ്ടതേയില്ല. ബാലാമണിയമ്മ പക്ഷേ, ഈ 'ദരിദ്രകേരളത്തെ' സുവ്യക്തമായി കണ്ടിരുന്നു.
''നീലവാനിനു കീഴെ പച്ചനാക്കില വെച്ചപോലെ''യുള്ള ഈ നാടിന്റെ ബാഹ്യമോടി മാത്രമല്ല തീരാത്തൃഷ്ണയും. വിളമ്പുന്നവരെയും കാത്ത് ഇലയിട്ടിരിക്കുകയല്ലേ, ജീവിതത്തിന്റെ സമസ്തമേഖലകളിലും എന്നെന്നും നാം. എന്റെ പ്രിയപ്പെട്ട പുസ്തകമായി 'ബാലാമണിയമ്മയുടെ കവിതകള്‍' എടുത്തുകാട്ടുമ്പോള്‍ മുന്തിയതാണെന്റെ രുചി എന്ന് അഹങ്കരിക്കുക മാത്രമല്ല, മലയാളികള്‍ക്കെല്ലാം വേണ്ടി ഒരു പ്രായശ്ചിത്തം ചെയ്യുകയുമാണ് ഞാന്‍. ''തൊട്ടിലാട്ടും ജനനിയെപ്പെട്ടെന്ന് തട്ടിനീക്കി രണ്ടോമനക്കയ്യുകള്‍'' എന്ന വരി മറ്റര്‍ഥങ്ങളിലും വാസ്തവമാകണ്ടെ? ഉറവിടം മാറിമാറി വളരുന്ന ഒരൂര്‍ജ്ജ്വസ്വലതയല്ലേ കവിത? '
Content Highlights :Kalpeta Narayanan Writes About Poet Balamaniyamma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..