കൽപറ്റ നാരായണൻ
കല്പറ്റ നാരായണന് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല' എന്ന പുസ്തകത്തിന്റെ പ്രകാശനം പി.എഫ് മാത്യൂസിന് നല്‍കിക്കൊണ്ട് സുഭാഷ് ചന്ദ്രന് നിര്‍വഹിച്ചു. വി.ആര് സുധീഷ് അധ്യക്ഷനായ ചടങ്ങില്‍ കവി ഒ.പി സുരേഷ് ആശംസകളര്‍പ്പിച്ചു. പ്രകാശനവേദിയില്‍ കല്പറ്റ നാരായണന് നടത്തിയ മറുപടി പ്രസംഗം.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു അനുശോചനയോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കും ഒരെഴുത്തുകാരന് എന്നതാണ് ഒരു പ്രകാശനച്ചടങ്ങിന്റെ സവിശേഷത. വാസ്തവത്തില്‍ ഡെത്ത് ഓഫ് ദി ഓതര്‍ എന്നുപറയുന്നത് ഈ അര്‍ഥത്തിലും ആകാം എന്നു ഞാന്‍ വിചാരിക്കുന്നു. ഞാന്‍ ഏതുദിക്കിലെത്തിയതും കൂടുതല്‍ പിഴയടച്ചുകൊണ്ടാണ് എന്നതാണ് സത്യം. സുഭാഷ് ചന്ദ്രന് ആദ്യചെറുകഥ എഴുതിയപ്പോള്‍ തന്നെ ഘടികാരങ്ങള്‍ നിലച്ചു. അതുപോലെ ഒരു അനുഭവമല്ല, മെല്ലെ മെല്ലെ, വളരെ സാവകാശത്തില്‍ കയറിവരാനേ എനിക്ക് വിധിയുണ്ടായിരുന്നുള്ളൂ. അതിന് ഒരു കാരണം പല പേരുകളില്‍ ഉള്ള ഒരാള്‍ ഒരു പേരിലും അറിയപ്പെടുകയില്ല എന്നതാണ്. നിരൂപണം മാത്രം എഴുതിയിരുന്നകാലത്ത്, അങ്ങനെയായിരുന്നു തുടക്കം, കവിതയെഴുതാന്‍ തുടങ്ങിയപ്പോള്‍ കവികളെല്ലാം നിരൂപകനാക്കി എന്നെ മാറ്റി. നിരൂപകരെല്ലാം നിരൂപകനല്ലാതായല്ലോ എന്ന് ആശ്വസിച്ചു. നിരൂപണഗ്രന്ഥത്തിലും നിരൂപണത്തെക്കുറിച്ചുള്ള ചരിത്രത്തിലും ഞാനില്ല. കവിതയുടെ ചരിത്രത്തിലും ഞാനില്ല. നോവലെഴുതി. മലയാളത്തിലെ ഏറ്റവും സാവകാശത്തില്‍ വായിക്കപ്പെടേണ്ട നോവല്‍ എന്നായിരുന്നു എന്റെ ആഗ്രഹം. ആ ആഗ്രഹം കൊണ്ടാകട്ടെ, വളരെ കാലമായിട്ടും വായിച്ചുതീര്‍ന്നില്ല എന്നുതോന്നുന്നു. അങ്ങനെ നോവലിന്റെ ചരിത്രമെഴുതുമ്പോഴും ഞാന്‍ നിശ്ചയമായിട്ടും ഇല്ല.
നേരത്തേ കവിതയുടെ ചരിത്രമെഴുതുമ്പോള്‍ ഞാന്‍ ഇല്ലാത്തതില്‍ ആശ്വസിക്കുന്നത് കെ. ജയശീലനും മേതില്‍ രാധാകൃഷ്ണനും ഒന്നും അതില്‍ ഇല്ലല്ലോ എന്നു വിചാരിച്ചിട്ടാണ്. നോവലെഴുതുന്ന ആളുകളില്‍ എന്റെ പേര് പരാമര്‍ശിക്കാത്തതില്‍ ഞാന്‍ ആശ്വസിക്കുന്നത് പരിണാമവും പ്രകൃതിനിയമവും ഒന്നും ഈ ചരിത്രങ്ങളില്‍ വരുന്നില്ലല്ലോ എന്നാലോചിച്ചിട്ടാണ്. നിരൂപകന് എന്ന നിലയില്‍ സ്വീകരിക്കപ്പെടാത്തതിലുള്ള സന്തോഷം മലയാളം കണ്ട ഏറ്റവും വലിയ നിരൂപകന് എം.പി ശങ്കുണ്ണിനായര് ഓര്മിക്കപ്പെടാറേയില്ല എന്നതുകൊണ്ടാണ്. ഇനി ചിലരൊക്കെ പ്രഭാഷകന്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ വലിയ സങ്കടവും തോന്നും. കാരണം പ്രഭാഷണം ഒരു നല്ല കലയേ അല്ല!

പ്രശസ്തനായ ഒരു കഥാകാരന് അതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: പ്രസംഗം കഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ ചോദിച്ചു, ഇന്നത്തെ പ്രസംഗം നന്നായോ?അയാള്‍ പറഞ്ഞു: ''നീ ഏതുപ്രസംഗമാണ് ഉദ്ദേശിക്കുന്നത്. ഞാന്‍ ചെയ്യണം എന്നുവിചാരിച്ച പ്രസംഗമാണോ, ചെയ്തപ്രസംഗമാണോ, ചെയ്തുകഴിഞ്ഞ അന്നേരം മുതല്‍ ഇങ്ങനെയല്ലാം പറയാമായിരുന്നു എന്ന് ക്ലേശിച്ചുകൊണ്ടിരിക്കുന്ന പ്രസംഗമാണോ? അതാണ് നല്ല പ്രസംഗം,അതിനി സാധ്യമല്ല.' എന്റെയൊരു സുഹൃത്ത് പറഞ്ഞു; മാഷിന്റെ കവിതയല്ല എനിക്കിഷ്ടം, കഥയല്ല ഇഷ്ടം, മറിച്ച് പ്രസംഗമാണ്. നിര്‍ഭാഗ്യവശാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യവശാല്‍ മരിച്ചു. ഞാന്‍ പ്രഭാഷകനാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ ഇല്ലാതായല്ലോ എന്നാണ് ഞാന്‍ ആശ്വസിച്ചത്. ഞാനിപ്പോള്‍ പറഞ്ഞതില്‍ ഒരു ക്രൂരതയുണ്ട്.
പിക്കാസോ ബാലനായിരിക്കുമ്പോള്‍,അന്നേ അദ്ദേഹം ചിത്രകാരനാണ്, അദ്ദേഹത്തിന്റെ അനിയത്തിക്ക് പനി വന്നു. അത് ന്യൂമോണിയ ആയി, മരിക്കാറായി. അപ്പോള്‍ പിക്കാസോ ദൈവത്തോട് പ്രാര്‍ഥിച്ചു എന്റെ അനിയത്തിയെ തിരിച്ചുകിട്ടുകയാണെങ്കില്‍ ഞാന്‍ ബ്രഷ് കൈകൊണ്ട് തൊടാതിരിക്കാം എന്ന്. അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ പറയുന്നത് ഭാഗ്യത്തിന് അനിയത്തി മരിച്ചു എന്നാണ്. ഇതാണ് ഒരു എഴുത്തുകാരന്റെ വലിയ ഏകാന്തത. അയാള്‍ സ്നേഹിക്കുന്നതിനെ അയാള്‍ക്ക് പൂര്‍ണമായും സ്നേഹിക്കാനാവുന്നില്ല. അയാളുടെ കുടുംബത്തില്‍ അയാള്‍ ഇരിക്കുമ്പോഴും അയാള്‍ കുടുംബത്തിലല്ല. അയാളെ ആരും വിശ്വാസത്തിലെടുക്കാത്തത് അയാള്‍ വിശ്വസിക്കപ്പെടാവുന്ന ഒരാളല്ല എന്നതിനാലാണ്. ഇങ്ങനെയെല്ലാം ഒരു കടുത്ത കറുപ്പുജീവിതത്തിന്റെ ഭാഗമായിട്ടുള്ള ഒരു എഴുത്തുകാരന്റെ ജീവിതം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്.
കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല എന്ന പുസ്തകം പ്രകാശനം ചെയ്ത സുഭാഷ് ചന്ദ്രന് ഒരു ദസ്തയേവ്സ്കിയന്‍ സ്പിരിറ്റ് ഉള്ള എഴുത്തുകാരനാണ്. പി.എഫ് മാത്യൂസാവട്ടെ ഒരു പക്ഷേ എന്നെപ്പോലെവളരെ ഇരുട്ടുകുടിച്ചു മാത്രം ഇരുളും മെല്ലെ വെളിച്ചമായിവരാം എന്നുപറഞ്ഞ കുമാരനാശാന് സാക്ഷാത്കരിച്ച ഒരു പില്ക്കാല വെളിച്ചം അനുഭവിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ്. വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയതുമുതല്‍ ഇതുവരെ എന്റെ സുഹൃത്തായ വി.ആര് സുധീഷ്, ഒരു എഴുത്തുകാരനാണ് താന്‍ എന്ന ഐഡന്റിറ്റി തോന്നാതിരുന്ന ഒരാള്‍. എക്കാലവും എഴുത്തുകാരനാണ് എന്ന ഐഡന്റിറ്റിയില്‍ കുളിച്ച് നിന്ന ഒരാളാണ് വി.ആര് സുധീഷ്. അദ്ദേഹത്തെ കാണുമ്പോഴാണ് ഞാന്‍ ഒരു എഴുത്തുകാരനായിരുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടാണ് ഞാന്‍ ഒരു എഴുത്തുകാരനായിരുന്നത്. അങ്ങനെ എഴുത്തുകാരന്റെ ഒരു അവസ്ഥ എനിക്ക് കൈവരുത്തിയ ഒരാളാണ് വി.ആര് സുധീഷ്. ഒ. പി സുരേഷാവട്ടെ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം തൊടുത്തുവിടുന്ന വിമര്‍ശനങ്ങളില്‍ ഒരു പ്രതിഷേധവും തോന്നാത്ത വിധത്തില്‍ ഇഴയടുപ്പമുള്ള സ്നേഹം ഞങ്ങള്‍ തമ്മിലുണ്ട്. ഷെല്വിക്കാലം മുതല്‍ സുഹൃത്തായ നൗഷാദ്. ഈ പുസ്തകത്തിന്റെ രൂപീകരണത്തില്‍ വലിയ പങ്ക് വഹിച്ച ചെറുകഥാകാരന്‍ കൂടിയായ സുരേഷ് പിന്നെ സദസ്സിലുള്ള എല്ലാവര്ക്കും നന്ദി. ഈ പരലോകജീവിതം മനോഹരം തന്നെ!
Content Highlights :Kalpeta Narayanan speech books release Karup Iruttalla Velup Velichavumall Mathrubhumi books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..