ഗുരുവായൂര്‍ നടയിലെ കഥകളി പുനര്‍ജന്മമായിരുന്നു, ഇക്കുറി പിറന്നാൾ ദിനത്തിൽ പക്ഷേ, ഒരു ദുഃഖം ബാക്കി


വി.മുരളി

കരുണാമയനായ ഗുരുവായൂരപ്പന്‍ എന്തിനിങ്ങനെ പരീക്ഷിക്കുന്നു എന്ന് പരിഭവം തോന്നിയ കാലവും ആശാന്‍ ഓര്‍ക്കുന്നു

കലാമണ്ഡലം ഗോപി. ഫോട്ടോ: വി.പി.ഉല്ലാസ്

ലാകേരളത്തിന്റെ ഗോപിയായ കഥകളിയിലെ ഹരിതനായകന് 84-ം പിറന്നാളാണ് ഞായറാഴ്ച-ഇടവത്തിലെ അത്തം.

ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ദര്‍ശിച്ച കഥകളിയുടെ നിറവസന്തമായ ഗുരു കലാമണ്ഡലം ഗോപി ആശാന്‍ ശതാഭിഷേക ആഘോഷം ഇത്തവണ കുടുംബത്തില്‍ മാത്രമായി ഒതുക്കുകയാണ്.കോവിഡ് മഹാമാരി കാലത്ത് വീട്ടില്‍ നിന്ന് പുറത്ത് പോകാറില്ല.അരങ്ങിലെത്തിയിട്ടും വര്‍ഷം ഒന്നായി.ഗുരനാഥന്മാരായ കലാമണ്ഡലം രാമന്‍കുട്ടി നായരുടെയും,പത്‌നാഭന്‍ നായരുടെയും മികച്ച ശിക്ഷണത്തിലൂടെ കഥകളി ലോകം കീഴടക്കിയ ഗോപിയുടെ മുണ്ടൂരിലെ ഗുരുകൃപയില്‍ ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളും മാത്രമായി ഒത്തുചേരുന്ന പിറന്നാളാഘോഷം.

ഈശ്വരാനുഗ്രഹവും,ഗുരുത്വവുമാണ് വിജയത്തിനു പിന്നിലെന്ന് ഉറച്ച് വിശ്വസിക്കുന്ന ഗോപി ആശാന് കലാലോകത്ത് തനിക്ക് ലഭിച്ച അംഗീകാരത്തെ കുറിച്ച് പറയാനുളളത് എല്ലാം ഗുരുവായൂരപ്പന്റെ കൃപാമൃതം. ഗുരുക്കന്മാരുടെ അനുഗ്രഹവും. പിറന്നാള്‍ ദിവസം ഇഷ്ടദേവനായ ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ കഴിയാത്തതിലാണ് ആശാന്റെ വിഷമം.

കലാമണ്ഡലത്തിലെ പഠന ശേഷമാണ് ഗുരുവായൂരപ്പ ഭക്തനായി ആശാന്‍ മാറുന്നത്. ഒഴിവ് കിട്ടിയാല്‍ ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തും. ഒരു എളിയ കലാകാരനായി അറിയപ്പെടാന്‍ ഇടയാക്കിയത് ഗുരുവായൂരപ്പന്റെയും, ഗുരുനാഥന്മാരുടെയും അനുഗ്രഹം മാത്രമാണ്. ഗുരുവായൂരപ്പന്‍ കൈയിലാണെന്ന് എപ്പോഴും ജ്യോത്സ്യന്മാര്‍ പറയാറുണ്ട്. ആപത്തുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടു പോന്നത് അതിനാലാണ്.

ഇനിയൊരിക്കലും കഥകളിയ്ക്ക് വേഷം കെട്ടാനാവില്ലെന്ന അവസ്ഥയെ അതിജീവിച്ചത് ഗുരുവായൂരപ്പന്റെ അനുഗ്രഹത്താലാണ്. നടക്കാന്‍ വടിയുടെ സഹായം വരെ അസുഖത്താല്‍ ഒരിക്കല്‍ ആവശ്യമായി വന്നു. ജീവിതത്തിന്റെ കറുത്ത മുഖം ഭീകരനായി മുന്നില്‍ വന്നു . കരുണാമയനായ ഗുരുവായൂരപ്പന്‍ എന്തിനിങ്ങനെ പരീക്ഷിക്കുന്നു എന്ന് പരിഭവം തോന്നിയ കാലവും ആശാന്‍ ഓര്‍ക്കുന്നു. ഗുരുവായൂരില്‍ കഥകളി ആരാധകരായ ഉറ്റ മിത്രങ്ങള്‍ അനവധിയുണ്ട്. അവരാണ് സുഖക്കേട് മാറി വേഷം കെട്ടുന്നത് ആദ്യം ഗുരുവായൂരിലാവണമെന്ന് ശഠിച്ചത്. അതും വേഷത്തോടെ ഭഗവാന്റെ മുന്നില്‍ തുലാഭാരം കഴിച്ചിട്ട് വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഗുരുവായൂര്‍ അമ്പല നടയില്‍ കഥകളിയില്‍ അത് എന്റെ പുനര്‍ജന്മമായിരുന്നു.

കിര്‍മ്മീര വധത്തിലെ ധര്‍മ്മപുത്രരുടെ വേഷം.കളിക്കു മുന്നെ വേഷത്തോടെ ഗുരുവായൂരപ്പനെ തൊഴുതു തുലാഭാരം നടത്തി.കഥകളി കമ്പക്കാരുടെ കണ്ഠങ്ങളില്‍ നിന്ന് ഗുരുവായൂരപ്പാ വിളിയും. തന്റെ കണ്ണുകള്‍ നനച്ചു.ഈ നിസ്സാരനു വേണ്ടി ഇത്രപേരുടെ ഉളളുരുകിയ പ്രാര്‍ത്ഥനകളോ എന്റെ ഗുരുവായൂരപ്പാ......... കിര്‍മ്മീര വധത്തിലെ ധര്‍മ്മപുത്രരരെ ഭംഗിയായി അവതരിപ്പിച്ചു. ചിട്ടപ്രധാനമായ വേഷമാണ്. ഭാവാഭിനയ പ്രധാനവും. നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ആട്ടം. ശാരീരിക സഹനശക്തിയുടെ യോഗ്യത നിർണയ പരീക്ഷയായിട്ടാണ് അന്ന് അതിനെ കണ്ടത്. കലാ ജീവിതത്തില്‍ രണ്ടാം ജന്മം നല്‍കിയ ഭഗവാന്റെ തൃപ്പാദങ്ങളില്‍ മനസ്സാല്‍ നമസ്‌കരിച്ചു.

നൂറിലധികം വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. പാകിസ്താനിലും ബംഗ്ലാദേശിലും ഒഴികെ മിക്ക രാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടെയെല്ലാം പോകുമ്പോഴും ഗുരുവായൂരപ്പന്റെ കളഭം കൈയിലുണ്ടാവും.

അറുപതും എഴുപതും പിറന്നാള്‍ ആഘോഷിച്ചത് ഗുരുവായൂരിലാണ്. അറുപതാം പിറന്നാളിന്റെ കഥകളിയ്ക്ക് ശ്രീകൃഷ്ണ വേഷമായിരുന്നു.ആരാധകര്‍ ഉപഹാരമായി നല്‍കിയ കൃഷ്ണമുടി അണിഞ്ഞ് അന്ന് ശ്രീകൃഷ്ണ വേഷം കെട്ടി.

ഗുരുവായൂരില്‍ നടന്ന സപ്തതി ആഘോഷത്തിനും ആരാധകര്‍ അഭിനയ തിലകം എന്ന് ആലേഖനം ചെയ്ത സുവര്‍ണ്ണഫലകവും, വലിയ കളിവിളക്കും ഉപഹാരമായി നല്‍കി.80-ം പിറന്നാള്‍ ആഘോഷം തൃശ്ശൂരിലായിരുന്നു. അന്നും സുവര്‍ണ്ണഹാരം അണിയിച്ച് ആസ്വാദകരായ സുഹൃത്തുക്കള്‍ ആദരിച്ചു.

കോവിഡ് അടച്ചുപൂട്ടല്‍ കാലത്ത് കവിതയിലൂടെ ജീവിതം പുതുക്കുകയാണ് കഥകളിയിലെ സൂപ്പര്‍ സ്റ്റാര്‍.ബാല്യത്തില്‍ നഷ്ടപ്പെട്ട അമ്മയെയും ,കോവിഡും ഇന്ധനവില വര്‍ദ്ധനയും, അവസാനമായി എല്‍.ഡി.എഫിന്റെ രണ്ടാമൂഴത്തെ കുറിച്ചുളള വിജയ വൈഭവം എന്ന കവിതയും എഴുതി.

കാവ്യ പൈതൃകത്തിന്റെ മൂല്യ പ്രസരണമേറ്റായിരുന്നു കലാമണ്ഡലത്തിലെ പഠനക്കാലം.കലാമണ്ഡലത്തില്‍ ദിവസവും സന്ദര്‍ശനത്തിനെത്തുന്ന മഹാകവി വളളത്തോളിന് തിരിച്ച് വീട്ടിലെയ്ക്ക് കൈപിടിച്ച് നടക്കാന്‍ കൂട്ടുക അന്ന് വിദ്യാര്‍ഥിയായ ഗോപിയെയായിരുന്നു. കളരിയില്‍ ഒഴിവു വേളകളില്‍ മഹാകവിയുടെ മനോധര്‍മ്മ ശ്ലോകങ്ങള്‍ പതിവായിരുന്നു. ഇത് എഴുതി എടുത്താണ് ഗോപിയുടെ കവിതയിലെ തുടക്കം. സ്വന്തമായി കാപാലികവധം എന്ന പേരില്‍ ആട്ടക്കഥയും അരങ്ങിലെത്തിച്ചിട്ടുണ്ട്.

ദിവ്യാംഗനനായ ദമയന്തിയെ വര്‍ണ്ണിച്ചുളള സ്വന്തം ശ്ലോകങ്ങള്‍ മനോധര്‍മ്മമായി ശിഷ്യനിലൂടെ കോവിഡ് കാലത്ത് അരങ്ങിലെത്തിക്കാനായി.84-ലും ഗോപി ആശാന്‍ അരങ്ങിലെ നിറ സാന്നിദ്ധ്യമാണ്.വടക്കും തെക്കും ശൈലികള്‍ക്ക് ഒരുപോലെ സ്വീകാര്യന്‍ .ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കഥകളി വേഷക്കാരന്‍. കലാമണ്ഡലത്തില്‍ പഠിച്ച് അവിടെ അധ്യാപകനും പ്രിന്‍സിപ്പലും ഭരണ സമിതി അംഗവുമാകാന്‍ അവസരം കൈവന്ന അപൂര്‍വ്വ സൗഭാഗ്യത്തിനുടമ.

പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ക്ക് മുന്നിലും വിദേശ രാജ്യങ്ങളിലെ വിഖ്യാത തിയ്യറ്ററുകളിലും കഥകളി അവതരിപ്പിക്കാനായതിന്റെ ധന്യത മനസ്സില്‍ സൂക്ഷിക്കുന്ന കഥകളിയുടെ മരതക ശോഭ സിനിമയിലും അഭിനയിച്ചു. സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ മാത്രമല്ല വിഖ്യാത സംവിധായകര്‍ വരെ ഗോപി ആശാന്റെ ആരാധകരാണ്. പത്മശ്രീ ബഹുമതിയ്ക്ക് പുറമെ കാളിദാസ് സമ്മാന്‍,കേന്ദ്ര സംഗീത അക്കാദമി പുരസ്‌ക്കാരം,കലാമണ്ഡലം ഫെല്ലോഷിപ്പ് , ശ്രീ ഗുരുവായുരപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങളും കലാജീവിതത്തില്‍ ആചാര്യനെ തേടിയെത്തി.

Content Highlights: Kalamandalam Gopi Kathakali Guruvayur Temple

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented