പ്രമുഖ കഥാപ്രസംഗകാരൻ വി. സാംബശിവൻ ചിത്രകാരൻെറ ഭാവനയിൽ
മുഖത്ത് നോക്കി സംസാരിക്കുന്ന സത്യസന്ധമായ വഴി സ്വയം വരിച്ച കലയാണ് കഥാപ്രസംഗം. അത് ആരംഭിച്ചത് 1924 ഇടവമാസത്തിലാണ്. കൃത്യമായ തീയതി ഏതെന്ന വിവരം ലഭ്യമല്ല.
കഥാപ്രസംഗം എന്ന കലയ്ക്ക് തുടക്കമിട്ടത് സി.എ.സത്യദേവന് ആണ്. അദ്ദേഹം സംഗീതജ്ഞനായിരുന്നു. ശ്രീനാരായണ ശിഷ്യനും ആയിരുന്നു. നെയ്യാറ്റിന്‍കര കുന്നുംപാറ ക്ഷേത്രത്തില്‍ ഒരിക്കല്‍ അദ്ദേഹം ഒരു ഹരികഥാ കാലക്ഷേപം നടത്തി, 'മാര്‍ക്കണ്ഡേയ ചരിതം'. ശിവ മാഹാത്മ്യം ഉദ്ഘോഷിക്കുന്ന ആ കഥയില്‍ അദ്ദേഹം ഉദ്ധരിച്ച സംസ്കൃത ശ്ലോകങ്ങള്‍ പറഞ്ഞു കൊടുത്തത് മഹാകവി കുമാരനാശാന് ആയിരുന്നു. അതിനാല്‍ ഹരികഥ കേള്‍ക്കുവാന്‍ മഹാകവിയും അവിടെ എത്തി. അത്യന്തം ഹൃദ്യമായിരുന്ന ആ പരിപാടി കണ്ട മഹാകവി , സത്യദേവനോട് പറഞ്ഞു, ''എന്റെ കാവ്യ കൃതികളായ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ഇതുപോലെ അങ്ങ് പാടിപ്പറയണം''. രണ്ടു കൃതികളുടെയും കയ്യെഴുത്ത് പ്രതികള്‍ ആശാന് സത്യദേവന് നല്‍കുകയും ചെയ്തു. ''കാവ്യങ്ങള്‍ പാടിപ്പറയുമ്പോള്‍ ഹരികഥയിലെ ശാസ്ത്രീയ സംഗീതം ഒഴിവാക്കുന്നത് നന്ന്. കാരണം അക്ഷരവും കലയും നിഷേധിക്കപ്പെട്ട സാധുലക്ഷങ്ങളാണിത് കേള്‍ക്കേണ്ടത്. അവര്‍ക്ക് പഥ്യമാകുന്ന നാടന്‍ ശീലുകളില്‍ കവിത പാടണം. ഹരികഥയിലെ 'ഭക്തി'യില്‍ നിന്ന് 'സാമൂഹ്യ' സമസ്യയിലേക്ക് വിഷയം മാറുകയുമാണല്ലൊ. അപ്പോള്‍ ഒരു പുതിയ കലാരൂപം ജന്മമെടുക്കുകയും ചെയ്യും.'' ആശാന്റെ ഈ നിര്‍ദേശത്തില്‍ പേരിടാത്ത ഒരു നവകഥനകലയുടെ സങ്കല്പനം ചിലമ്പൊലിക്കൊണ്ടു.
ഏതാനും ആഴ്ചകഴിഞ്ഞ് ആശാന് ബോട്ടപകടത്തില്‍ മരണപ്പെട്ടു. ശോകഗ്രസ്തനായ സത്യദേവന് ആശാന്റെ അഭിലാഷം സാക്ഷാത്കരിക്കാന്‍ ദൃഢനിശ്ചയം കൈക്കൊണ്ടു. ആ കലയ്ക്ക് ജന്മം നല്‍കുക. ഡോ.പല്‍പ്പുവും, സി.കെ.കുഞ്ഞിരാമനും പണ്ഡിറ്റ് കറുപ്പനുമൊക്കെയായി ചര്‍ച്ച ചെയ്ത് സത്യദേവന് ആശാന്റെ ചണ്ഡാലഭിക്ഷുകിയെ അധികരിച്ച് ആ കലാരൂപത്തിന് ജന്മം നല്‍കുകയും കഥാപ്രസംഗം എന്ന് പേരിടുകയും ചെയ്തു. ചെറായിക്ക് സമീപം ചേന്ദമംഗലം എന്ന സ്ഥലത്ത് കേളപ്പനാശാന്‍ എന്ന മാന്യന്റെ ഉടമസ്ഥതയില്‍ ഉളള സ്കൂള്‍ അങ്കണത്തില്‍ സി.എ.സത്യദേവന് അത് അവതരിപ്പിച്ചു.
കഥാപ്രസംഗം പിറന്ന വാര്‍ത്ത നാട്ടില്‍ പരന്നു. ശ്രീനാരായണ ഗുരുവിനെ സത്യദേവന് ചെന്നു കണ്ടു. '' ഈ കലയില്‍ നീ ശോഭിക്കും. പുരോഹിത ബ്രാഹ്മണരും മറ്റുമുണ്ടാക്കുന്ന അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരെ നീ സഭ്യമായി സംസാരിക്കുക. നീ വിജയിക്കുക തന്നെ ചെയ്യും', ഗുരു സത്യദേവനെ ആശീര്‍വദിച്ചു. കുന്നുംപാറ ക്ഷേത്രത്തില്‍ അന്ന് ഹരികഥ കേള്‍ക്കാനും ഗുരുദേവന് സന്നിഹിതനായിരുന്നു.

പ്രചാരവും വളര്‍ച്ചയും
കഥാപ്രസംഗകലയില്‍ സത്യദേവന്റെ പാതയില്‍ അനേകം അനുയായികള്‍ വന്നു. സ്വാമി ബ്രഹ്മവ്രതന്, സ്വാമി മംഗളാനന്ദന്‍, കെ.കെ.വാദ്ധ്യാര്, കെ.കെ തോമസ്, പി.സി.എബ്രഹാം, ജോസഫ് കൈമാപറമ്പന്‍, എം.പി.മന്മഥന് തുടങ്ങിയവര്‍ ആശാന്റെ കാവ്യങ്ങള്‍ക്ക് പുറമെ വള്ളത്തോള്‍, ഉള്ളൂര്‍ എന്നീ മഹാകവികളുടെ കൃതികളും അവര്‍ പാടിപ്പറഞ്ഞു. ശബ്ദസൗന്ദര്യ നിബദ്ധമായി കാവ്യശകലങ്ങള്‍ അനഭ്യസ്തവിദ്യര്ക്കും അങ്ങനെ സ്വായത്തമായി.
1944-ല്‍ കെടാമംഗലം സദാനന്ദന് അരങ്ങേറി. 1949-ല്‍ വി.സാംബശിവന് ചങ്ങമ്പുഴയുടെ 'ദേവത'യുമായി അരങ്ങേറി. തഴവാ കെ.ജി.കേശവപ്പണിക്കര്‍, ബേബി താമരശ്ശേരി, ഇടക്കൊച്ചി പ്രഭാകരന്, കാപ്പില്‍ നടരാജന്,വെണ്‍പാലക്കര വിശ്വംഭരന്, മലബാറില്‍ വടകര അശോകന്, തുറവൂര്‍ രാമചന്ദ്രന് തുടങ്ങിയവര്‍ അക്കാലത്ത് വന്ന ചില പ്രമുഖരാണ്. സമാന്തരമായി ഹരികഥാ പ്രസ്ഥാനം നിലകൊണ്ടിരുന്നു. പണ്ഡിറ്റ് വാമനന് മാസ്റ്റര്‍, ചേര്‍ത്തല ഭവാനിയമ്മ, പട്ടം സരസ്വതിയമ്മാള്‍, ആര്.പി. പുത്തൂര്‍ എന്നിവര്‍ ആ ധാരയില്‍ നിലകൊണ്ടവര്‍ ആണ്.
ആധുനിക കഥാപ്രസംഗ ശില്പികളായി വാഴ്ത്തപ്പെടുന്നവര്‍ കെടാമംഗലം സദാനന്ദനും വി.സാംബശിവനുമാണ്. നാടക സിനിമാ രംഗങ്ങളില്‍ കൂടി വ്യാപിച്ച കലാ പ്രവര്‍ത്തനമായിരുന്നു കെടാമംഗലത്തിന്റേത്. സമ്പൂര്‍ണമായി കഥാപ്രസംഗത്തിന് സമര്‍പ്പിച്ച ജീവിതമായിരുന്നു സാംബശിവന്റേത്. അറുപതുകളുടെ തുടക്കത്തില്‍ ഖണ്ഡകാവ്യങ്ങള്‍ പാടിപ്പറയുന്ന കല എന്ന വിവക്ഷ കഥാപ്രസംഗം ആര്‍ജിച്ചിരുന്നു. ജനകീയ കവികളായ ചങ്ങമ്പുഴ, വയലാര്‍, ഇടശ്ശേരി, വൈലോപ്പിള്ളി, ജി ശങ്കരക്കുറുപ്പ് എന്നിവരുടെ കാവ്യങ്ങള്‍ കഥാപ്രസംഗകലയ്ക്ക് വിഷയീഭവിച്ചു. കാഥികരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കൃതികള്‍ക്ക് ക്ഷാമം നേരിട്ടു. സാംബശിവന് സ്വന്തമായി ഖണ്ഡകാവ്യങ്ങള്‍ എഴുതി. എന്നാല്‍ 1962-ല്‍ പൊറ്റക്കാടിന്റെ 'പുള്ളിമാന്‍' എന്ന ചെറുകഥ അദ്ദേഹം കഥാപ്രസംഗമാക്കി വിജയിപ്പിച്ചു. തുടര്‍ന്ന് ഒരു റഷ്യന്‍ നാടകം, ടോള്‍സ്റ്റോയിയുടെ 'ദി പവര്‍ ഓഫ് ഡാര്‍ക്ക്നെസ് ', 1963-ല്‍ സാംബശിവന് ആവിഷ്കരിച്ച് 'അനീസ്യ' എന്ന പേരില്‍ കഥാവേദിയില്‍ ചരിത്രം സൃഷ്ടിച്ചു. ഇതൊരു വലിയ തുടക്കമായി. തുടര്‍ന്ന് ഒഥെല്ലൊ, കാരമസൊവ് സഹോദരന്മാര്, അന്നാക്കരീനിന തുടങ്ങിയ ഈടുറ്റ വിശ്വസാഹിത്യ കൃതികള്‍ ഉള്‍പ്പടെ 55 വ്യത്യസ്ത കൃതികള്‍ അദ്ദേഹം കൊണ്ടുവന്നു. ഇതര കാഥികരായ കടയ്ക്കോട് വിശ്വംഭരന്, ഓച്ചിറ രാമചന്ദ്രന്, കൊല്ലം ബാബു, ഇരവിപുരം ഭാസി, തേവര്‍തോട്ടം സുകുമാരന്‍, കടവൂര്‍ ബാലന്, കുണ്ടറ സോമന്, വി.ഹര്‍ഷകുമാര്‍ ഡി.രാധാകൃഷ്ണന്, അയിലം ഉണ്ണികൃഷ്ണന്, തെക്കുംഭാഗം വിശ്വംഭരന് തുടങ്ങിയ കാഥികരും വിശ്വസാഹിത്യപ്പെരുമഴ തന്നെ കേരളത്തില്‍ പെയ്യിച്ചു.
കഥാപ്രസംഗ കലയുടെ ചരിത്രപ്രാധാന്യം
1924-ല്‍ പിറന്ന കഥാപ്രസംഗ പ്രസ്ഥാനം നവോത്ഥാന ഉല്പന്നമാണ്. മറ്റ് ഒരു സംഘടിത സാംസ്കാരിക പ്രസ്ഥാനവും ഇല്ലാതിരുന്ന കാലത്ത് ഒറ്റക്ക് കലാസാംസ്കാരിക സേവനം നിര്‍വഹിച്ച കലാരൂപമാണ് കഥാപ്രസംഗം. കഥാപ്രസംഗം പിറന്ന് പിന്നെയും 13 വര്‍ഷം കഴിഞ്ഞാണ് (1937-ല്‍ ) ജീവല്‍ സാഹിത്യ പ്രസ്ഥാനം രൂപം കൊണ്ടത്. പി.എന്‍ പണിക്കരുടെ ഗ്രന്ഥശാലാ പ്രസ്ഥാനം 1945-ല്‍ ഉണ്ടായത് കഥാപ്രസംഗകല പിറന്ന് 21 വര്‍ഷത്തിന് ശേഷമാണ് .അങ്ങനെ നമ്മുടെ ഉന്നതശീര്ഷങ്ങളായ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്ക് മുമ്പേ പറന്ന പക്ഷിയാണ് കഥാപ്രസംഗ പ്രസ്ഥാനം. ഇത് നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ആധികാരികമായി രേഖപ്പെടുത്തേണ്ട വസ്തുതയാകുന്നു; ഒപ്പംആ കല സമര്‍പ്പിച്ച സേവനങ്ങളും. അത് സാധാരണ ജനങ്ങളില്‍ സാഹിത്യാവബോധവും കാവ്യ സമ്പര്‍ക്കവും സൃഷ്ടിച്ചു. നല്ല ഭാഷ കേള്‍പ്പിച്ച് ശുദ്ധിയായും സൗന്ദര്യവത്തായും ഭാഷ പ്രയോഗിക്കാനും ജനസാമാന്യത്തിനെ പ്രാപ്തരാക്കി. ചെവിത്തഴമ്പിലൂടെ ആപ്തവാക്യ മഹിമയുള്ള കാവ്യശകലങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചു. കേരള ജനതയ്ക്ക് പാരായണ കൗതുകത്തിലേക്കും അത് വഴി വിശ്വസാഹിത്യ വിഹായസ്സിലേക്കും വാതില്‍ തുറന്ന കലയാണ് കഥാപ്രസംഗം.
പിതാവിന്റെ നിര്‍ദേശപ്രകാരമാണ് ഞാന്‍ കഥാപ്രസംഗവേദിയില്‍ എത്തുന്നത്. കാലം പ്രാതികൂല്യങ്ങള്‍ നല്കി എങ്കിലും വേദികളില്‍ വ്യത്യസ്ത കഥകള്‍ നിര്‍ലോഭം ആവിഷ്കരിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞു. കോളജില്‍ രസതന്ത്രം പഠിപ്പിച്ചിരുന്ന എനിക്ക് ശാസ്ത്ര സംഭവങ്ങളും സിദ്ധാന്തങ്ങളും ശാസ്ത്രഞ്ജരുടെ ജീവിത കഥകളിലൂടെ കഥാപ്രസംഗശില്പങ്ങളാക്കി വിജയിപ്പിക്കാന്‍ കഴിഞ്ഞു. പിതാവിന്റെ ജനപ്രീതിയും സ്വപരിശ്രമങ്ങളും പ്രമുഖ കാഥികരുടെ സാന്നിദ്ധ്യവും പചോദനമായി. വേദിയില്‍ ഇപ്പോഴും സജീവമായി നൂറിലേറെ പ്രശസ്തരായ കാഥികര്‍ കഥ പറയുന്നുണ്ടെങ്കിലും ഈ കല 'അന്യം നിന്നു' എന്ന് പറയാന്‍ ചിലര്‍ മടിക്കുന്നില്ല.

കഥാപ്രസംഗത്തിന് ശതാബ്ദി
2024-ല്‍ നൂറ് വര്‍ഷം തികയുന്ന കഥാപ്രസംഗകലയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് വി. സാംബശിവന് ഫൗണ്ടേഷന് തിരിതെളിച്ചു. വി.സാംബശിവന്റെ ജന്മദിനത്തിന് തൊട്ടടുത്ത ദിവസം, 2022 ജൂലൈ 5 ന് വിശ്വസിനിമാ സംവിധായകന് ഷാജി എന്‍ കരുണ്‍ ആണ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. 'വി.സാംബശിവന് സ്മൃതി'യില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം സി.എ.സത്യദേവന്, കടയ്ക്കോട് വിശ്വംഭരന്, കെടാമംഗലം സദാനന്ദന്, ഒ എന്‍ വി കുറുപ്പ്, വയലാര്‍ രാമവര്‍മ്മ എന്നിവരുടെ സ്മൃതികളില്‍ നിന്ന് ഓരോ തിരികൊളുത്തി വാങ്ങി സംഗമിപ്പിച്ച് 'ശതാബ്ദി സംഗമ ദീപം' തെളിയിച്ചിരുന്നു. അതില്‍ നിന്ന് നാളമെടുത്താണ് ഷാജി എന്‍ കരുണ്‍ ഭദ്രദീപം കൊളുത്തിയത്. അദ്ദേഹം തുടര്‍ന്ന്, കഥാപ്രസംഗമെന്ന ആശയം പകര്‍ന്നുതന്ന മഹാകവി കുമാരനാശാന്റെ സ്മാരകത്തില്‍ നിന്ന് ലഭിച്ച ഒരു കസ്തൂരി ചെമ്പക തൈ, വി.സാംബശിവന്റെ സ്മാരക മുറ്റത്ത് നട്ടുകൊണ്ട് ശതാബ്ദി ആഘോഷത്തുടക്കം സാര്‍ത്ഥകമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..