നോവലിസ്റ്റ് അഖിലിന്‌ ജെ.സി.ബി ഒരു അവാര്‍ഡല്ല; എഴുതിത്തീരാത്ത സ്വന്തം ജീവിതമാണ്!


അഖില്‍ കെ./കെ. വിശ്വനാഥ്, ശ്രീകാന്ത് കോട്ടക്കല്‍

7 min read
Read later
Print
Share

പാരമ്പര്യമോ ജന്മസിദ്ധമായ പ്രതിഭയോ അതോ ജീവിത സാഹചര്യങ്ങളോ ഏതാണ് ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത്? കൃത്യമായ ഉത്തരമില്ലാത്ത ചോദ്യമാണിത്. എഴുത്തിന്റെ ലോകത്തുനിന്ന് എത്രയോ കാതങ്ങളകലെ ജീവിതത്തിന്റെ തീച്ചൂടില്‍ ജീവിക്കുന്ന ഒരു യുവാവ് എഴുത്തുകാരനായ കഥയാണിത്. തിളയ്ക്കുന്ന പകലില്‍ പൊള്ളുന്ന ജെ.സി.ബി.യിലിരുന്ന് മണ്ണും കല്ലും മറിച്ചിടുമ്പോഴും ഈ

അഖിൽ.കെ/ഫോട്ടോ: ലതീഷ് പൂവത്തൂർ

സുഹൃത്തിന്റെ കൈയില്‍നിന്ന് കടംവാങ്ങിയ ടൊയോട്ട എറ്റിയോസ് കാറുമായി അഖില്‍, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുറത്ത്് കാത്തുനില്പുണ്ടായിരുന്നു. മെലിഞ്ഞുനീണ്ട്, കൃത്യമായി ഷേവ് ചെയ്യാത്ത കുറ്റിത്താടിയും കൂലിവേലചെയ്ത് തഴമ്പുപതിഞ്ഞ നീണ്ടകൈകളുമുള്ള ഇരുപത്തിയാറുകാരന്‍. പുറമേക്ക് ശാന്തമെങ്കിലും അകമേ, തീച്ചാമുണ്ഡിത്തെയ്യത്തിന്റെ കനല്‍ത്തറയായ മേലേരി പോലെ എരിയുന്ന കണ്ണുകള്‍. വടക്കേ മലബാറിന്റെ നാട്ടുപശിമ ഒട്ടും കലരാത്ത സംഭാഷണം.

പയ്യന്നൂരിന്റെ തിരക്കുപിടിച്ച ചെറുവഴികളിലൂടെ കുതിപ്പിച്ചും പെട്ടെന്ന് ബ്രേക്ക് ചവിട്ടിയും പിന്നെയും കുതിച്ചും വെട്ടിത്തിരിച്ചും അയാള്‍ വണ്ടിയോടിച്ചപ്പോള്‍ ഇത് കാര്‍ ഡ്രൈവിങ്ങിന്റെ താളമല്ലല്ലോ എന്നോര്‍മിപ്പിച്ചു. അതുകേട്ടപ്പോള്‍ മന്ദഹസിച്ചുകൊണ്ട് അഖില്‍ പറഞ്ഞു:

''സാറേ, ഞാന്‍ മുമ്പ് പൂഴിവണ്ടി ഓടിക്കാന്‍ പോയിരുന്നു. ജീവനും കെട്ടിപ്പിടിച്ച് ഒരു പാച്ചിലാണ്. പോലീസിന്റെ കൈയില്‍പ്പെട്ടാല്‍ പെട്ടു. വണ്ടിയിട്ട് ഓടണം... അതിന്റെ ഒരിതാണ് ഈ പോക്ക്...''

ചെറിയ അങ്ങാടികളും പൊടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിയും പാറുന്ന കവലകളും പാടങ്ങളും പുല്‍മേടുകളും ഇലകൊഴിഞ്ഞ് വിഷാദിച്ചുനില്‍ക്കുന്ന റബ്ബര്‍മരങ്ങളും നിറഞ്ഞ പയ്യന്നൂരിന്റെ ഉള്‍വഴികളിലൂടെ കാറോടിക്കുമ്പോള്‍ അഖില്‍ പറഞ്ഞുകൊണ്ടേയിരുന്നു: മണല്‍ലോറിയോടിക്കുന്നകാലത്ത് ഈ വഴിയിലൂടെ ഞാന്‍ പോലീസിനെ വെട്ടിച്ച് ഓടിയിട്ടുണ്ട്; ഈ പുഴയില്‍ മുങ്ങി ഞാന്‍ മണല്‍വാരിയിട്ടുണ്ട്; ഈ കാട് മുഴുവന്‍ ഞാനാണ് വെട്ടിയത്; കുട്ടിക്കാലത്ത്, പുലര്‍ച്ചെ വെട്ടംവീഴുംമുമ്പ് ഈ റോഡിലൂടെ പത്രക്കെട്ടെടുക്കാന്‍ അങ്ങാടിയിലേക്ക് ഞാന്‍ പേടിച്ചുപേടിച്ച് സൈക്കിളോടിച്ചിട്ടുണ്ട്...

ഈ ഇരുപത്തിയാറു വയസ്സിനുള്ളില്‍ അഖില്‍ എന്തൊക്കെ ജോലിചെയ്തിട്ടുണ്ട്...

= ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പത്രവിതരണം, അതേ പ്രായത്തില്‍ത്തന്നെ പുഴയില്‍ പൂഴിവാരല്‍, ലോറിയില്‍ പൂഴി ലോഡ് ചെയ്യല്‍, രാത്രി ടൈല്‍സ് പണി, പെയിന്റിങ്, മെഷീന്‍വെച്ച് കാടുവെട്ടല്‍, ധാന്യമില്ലിലെ പണിക്കാരന്‍, പച്ചക്കറിക്കടയിലെ എടുത്തുകൊടുപ്പുകാരന്‍,ഡെലിവറി ബോയ്, ഏഴിമല നാവിക അക്കാദമിയില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കല്‍... ഇപ്പോള്‍ ഞാന്‍ ജെ.സി.ബി. ഡ്രൈവറാണ്.

അപ്പോള്‍ എഴുത്തിലേക്കുവന്നത് എപ്പോഴാണ്...

(ഞങ്ങളുടെ ക്ലീഷേ ചോദ്യത്തിനുമുന്നില്‍ നിസ്സഹായനായി ചിരിച്ചുകൊണ്ട് അഖില്‍ പറഞ്ഞു)

=എഴുത്തിലേക്ക് വന്നതൊന്നുമല്ല സാര്‍, എഴുത്ത് എന്റെ ദുരിതജീവിതത്തില്‍നിന്നും ഇറങ്ങിവരുന്നതാണ്. എന്റെ ആലംബമില്ലാത്ത ഏകാന്തതകളില്‍, വേനല്‍ക്കാറ്റില്‍ ഉണക്കമരത്തില്‍ തീപടരുംപോലെ ആളുന്നതാണ്. അപ്പോള്‍ മാത്രമാണ് ഈ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യുന്നു എന്ന് എനിക്കു തോന്നുന്നത്; ജീവിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുന്നത്.

'നീലച്ചടയന്‍' എന്ന പേരിലൊരു കഥാസമാഹാരമാണ് അഖിലിന്റേതായി ആദ്യം വെളിച്ചംകണ്ട സൃഷ്ടി. പിന്നീടാണ് മാതൃഭൂമി ബുക്‌സിലൂടെ 'സിംഹത്തിന്റെ കഥ'യെന്ന നോവല്‍ പുറത്തിറങ്ങുന്നത്. എഴുത്തുകാരനായി മാറിയതിനുപിന്നിലെ പശ്ചാത്തലം എന്താണ്?

=അമ്മ പുഷ്പവല്ലി ചുമട്ടുപണിക്കു പോയായിരുന്നു ഞങ്ങളുടെ കുടുംബം പോറ്റിയിരുന്നത്. അമ്മയെ എന്നാലാവുംവിധം സഹായിക്കണമെന്ന ആഗ്രഹത്തില്‍ ഞാന്‍ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ പത്രവിതരണത്തിന് പോയിത്തുടങ്ങി. ഇവിടത്തെ മാതൃഭൂമി ഏജന്റില്‍നിന്ന് പത്രങ്ങള്‍ വാങ്ങി നൂറിലധികം വീടുകളില്‍ വിതരണംചെയ്യും. പുലര്‍ച്ചെ മൂന്നുമണിക്കൊക്കെ വീട്ടില്‍നിന്നിറങ്ങി അഞ്ചാറു കിലോമീറ്റര്‍ സൈക്കിള്‍ചവിട്ടി പയ്യന്നൂരില്‍പ്പോയി പത്രമെടുത്തുകൊണ്ടുവരണം. ഇരുട്ടില്‍ പുറത്തിറങ്ങിനടക്കുന്നത് വലിയ പേടിയുള്ള കാര്യമായിരുന്നു. പോരെങ്കില്‍ വഴിയിലൊരു ശ്മശാനവുമുണ്ട്. ആ പേടിമാറ്റാന്‍ മനസ്സില്‍ ഓരോ കഥകള്‍ മെനഞ്ഞ് അതിനെക്കുറിച്ച് ചിന്തിക്കും. അങ്ങനെ മെനഞ്ഞെടുത്ത കഥകള്‍ പിന്നെ കടലാസിലേക്ക് പകര്‍ത്താന്‍തുടങ്ങി. അങ്ങനെയെഴുതിയ കഥകള്‍ ഞാന്‍തന്നെ വായിച്ചുനോക്കിയപ്പോള്‍ കൊള്ളാവുന്നതാണെന്നുതോന്നി. അതെല്ലാം ഓരോ പ്രസാധകര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും അയക്കും. എല്ലാം തിരിച്ചുവന്നപ്പോള്‍ നിരാശതോന്നി. വാശിയും സങ്കടവും കാരണം അതില്‍ നാലു കഥകളെടുത്ത് കത്തിച്ചുകളഞ്ഞു. ആ സമയത്താണ് ഒരു പരസ്യം കാണുന്നത്, 'ആര്‍ക്കുവേണമെങ്കിലും എഴുത്തുകാരനാവാം' എന്നായിരുന്നു. അതില്‍ കൊടുത്തിരുന്ന നമ്പറിലേക്ക് വിളിച്ചു. നൂറുപേജുള്ള പുസ്തകം അടിക്കുന്നതിന് ഇരുപതിനായിരം രൂപയാവുമെന്ന് പറഞ്ഞു. അപ്പോഴേക്കും ഞാന്‍ ജെ.സി.ബി. ഡ്രൈവറായി ജോലിചെയ്യാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് അത്യാവശ്യത്തിന് കാശൊക്കെ കൈയിലുണ്ട്. പക്ഷേ, എന്റെ കൈയില്‍ അന്ന് അമ്പതുപേജ് പുസ്തകത്തിനുള്ള കഥകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അവര്‍ പറഞ്ഞു അമ്പതായാലും നൂറായാലും ഒരേ കാശാണെന്ന്. അപ്പോള്‍ ഞാന്‍ മൂന്നുനാലുദിവസം അവധിയെടുത്ത് കത്തിച്ചുകളഞ്ഞ കഥകള്‍ ഓര്‍മയില്‍നിന്ന് ഓര്‍ത്തെടുത്ത് എഴുതി. മുന്നൂറ് കോപ്പിയായിരുന്നു അടിച്ചത്. അടിച്ചതിനുശേഷം ഞാന്‍ ആറായിരം രൂപകൊടുത്ത് അമ്പതു കോപ്പി വാങ്ങണമെന്ന് അവര്‍ പറഞ്ഞു. വീണ്ടും ആ തുക സംഘടിപ്പിച്ച് പുസ്തകം വാങ്ങേണ്ടിവന്നു.

കോറോം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവരെ പഠിച്ചു. ഹ്യൂമാനിറ്റീസായിരുന്നു വിഷയം. 83 ശതമാനം മാര്‍ക്കുണ്ടായിരുന്നു. കോളേജിലൊക്കെ വേണമെങ്കില്‍ അഡ്മിഷന്‍ കിട്ടും. പക്ഷേ, പണമില്ലാത്തതുകൊണ്ട് പഠനം നിര്‍ത്തേണ്ടിവന്നു. ഫോട്ടോഗ്രാഫറായിരുന്ന അച്ഛന്‍ മോഹനന്‍ ആ ജോലി അവസാനിപ്പിച്ചതോടെ ഞങ്ങളുടെ കാര്യങ്ങള്‍ ബുദ്ധിമുട്ടിലായി. കുറച്ചു മുതിര്‍ന്നപ്പോള്‍ പുലര്‍ച്ചെ രണ്ടരമണിവരെയൊക്കെ വണ്ണാത്തിപ്പുഴയില്‍നിന്നുള്ള പൂഴിവാരി ലോറിയില്‍ നിറയ്ക്കുന്ന പണിക്കൊക്കെ പോവാന്‍തുടങ്ങി. അതുകഴിഞ്ഞായിരുന്നു പത്രവിതരണം.

Akhil K

തുടക്കത്തില്‍ സിനിമയ്ക്കുള്ള കഥയായാണ് എഴുതിത്തുടങ്ങിയത്. ആ കഥകളുമായി പല സംവിധായകരെയും കാണാനിറങ്ങി. മുഷിഞ്ഞ മുണ്ടും ആരോടെങ്കിലും കടംവാങ്ങിയ പാകമാവാത്ത ഷര്‍ട്ടുമായിരിക്കും വേഷം. പിന്നെ ഇപ്പോഴത്തെ ക്കാള്‍ ചടച്ചരൂപം. കാണുന്നവരാരും എന്നെയങ്ങോട്ടടുപ്പിക്കില്ല. ഒറ്റപ്പാലത്ത് താമസിക്കുന്ന ഒരു സംവിധായകന്റെ വീട്ടില്‍ച്ചെന്നു. അദ്ദേഹമപ്പോള്‍ സ്ഥലത്തില്ല. ഭാര്യയേയുള്ളൂ. എന്റെ രൂപം കണ്ടപ്പോള്‍ത്തന്നെ അവര്‍ക്ക് സംശയമായി. അവിടെ പാലുകൊടുക്കാന്‍വന്ന ചേട്ടനും രണ്ടുപേരുംചേര്‍ന്ന് എന്റെ കൈയിലുള്ള സഞ്ചി പരിശോധിച്ചു. ഞാന്‍ ചെറുത്തപ്പോള്‍ എല്ലാവരും ചേര്‍ന്ന് എന്നെ നന്നായി കൈകാര്യംചെയ്തു. അന്നുകിട്ടിയ അടിയുടെ വേദനയില്‍ സിനിമാസ്വപ്നങ്ങള്‍ അവസാനിപ്പിച്ചു.

വീട്ടിനടുത്ത് തായാട്ട് ശങ്കരന്‍സ്മാരക വായനശാല എന്ന ലൈബ്രറിയുണ്ട്. അവിടത്തെ ലൈബ്രേറിയനായ ചേട്ടന്‍ വീണ് കാലൊടിഞ്ഞു. രണ്ടരമാസത്തേക്ക് ലൈബ്രറിയില്‍ വരാനാവില്ല. പകരം എന്നോട് നില്‍ക്കാമോയെന്നു ചോദിച്ചു. പൈസ കിട്ടുമെന്നതുകൊണ്ട് ഞാനതിന് തയ്യാറായി. അന്നെനിക്ക് പതിനേഴോ പതിനെട്ടോ വയസ്സാണ്. തുടക്കത്തില്‍ ഞാന്‍ ഒരു പുസ്തകവും തുറന്നുനോക്കിയില്ല. പിന്നെ അവിടെയിരുന്ന് ബോറടിക്കുമ്പോള്‍ ഏതെങ്കിലും പുസ്തകമെടുത്ത് വായിക്കാന്‍ശ്രമിക്കും. ആനന്ദിന്റെ ഒരു പുസ്തകമാണ് ആദ്യം വായിച്ചത്. അന്നതെനിക്ക് ശരിക്കും മനസ്സിലായതുപോലുമില്ല. അതിനിടയ്ക്കാണ് ബെന്യാമിന്റെ 'ആടു ജീവിതം' ഇറങ്ങുന്നത്. അന്നത്ര പ്രസിദ്ധമായിരുന്നില്ല ആ പുസ്തകം. പക്ഷേ, വായിച്ചപ്പോള്‍ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. കൂടുതല്‍ കഥകളെഴുതണമെന്ന് തോന്നലുമുണ്ടാക്കി. ആ രണ്ടരമാസംകൊണ്ട് പത്തുപതിനഞ്ചു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാകും. പിന്നെ കുറേക്കാലത്തേക്ക് തീരെ വായനയേ ഉണ്ടായിരുന്നില്ല. ജീവിക്കാന്‍വേണ്ടി പലപല പണികള്‍ക്കുപിറകേ ഓടുകയായിരുന്നു. എന്റെ ജീവിതത്തില്‍ നാല്പതോ നാല്പത്തിയഞ്ചോ പുസ്തകങ്ങളേ ഇതേവരെ വായിച്ചിട്ടുള്ളൂ.

സംസാരത്തിനിടെ അഖില്‍ കാര്‍ റോഡില്‍നിന്ന് വെട്ടിച്ച് വര്‍ക്ക് സൈറ്റിലേക്ക് തിരിച്ചു. മുന്നില്‍ ഭീമന്‍കൈകളുള്ള വലിയ മണ്ണുമാന്തിയന്ത്രം. ചിരപരിചിതനായ പാപ്പാന്‍ ഇണക്കമുള്ള ആനയുടെ പുറത്തേക്കുകയറുന്ന വഴക്കത്തോടെ അഖില്‍ അതിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നു. വലിയ ശബ്ദത്തോടെ യന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങി. റൊട്ടേറ്റിങ് ചെയറുപോലുള്ള ഡ്രൈവിങ് സീറ്റ് ഇരുവശത്തേക്കും തിരിച്ച് ഭീമന്‍വാഹനത്തിന്റെ കൈകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ അഖില്‍ ഫോട്ടോഗ്രാഫര്‍ക്ക് പോസ് ചെയ്തു. എത്രതവണ ചിരിക്കാന്‍ പറഞ്ഞിട്ടും അഖിലിന്റെ മുഖത്ത് ചിരിവരുന്നില്ല.

അതെന്താ ചിരിക്കാത്തത്...

=സത്യത്തില്‍ എനിക്കങ്ങനെ ചിരിക്കാനറിയില്ല സാറേ...

എന്താ അഖിലിന് സമൂഹത്തോട് വെറുപ്പാണോ...

=ചെറുപ്പം തൊട്ടേ എന്റെ അനുഭവങ്ങള്‍ അങ്ങനെയായിരുന്നു. ക്ലാസില്‍ ഏറ്റവും ചടച്ച പയ്യന്‍. ഏറ്റവും സൗന്ദര്യം കുറഞ്ഞവന്‍. പാകമാവാത്ത മുഷിഞ്ഞ വസ്ത്രം മാത്രം ധരിക്കുന്ന കുട്ടി. ക്ലാസില്‍ ആരുടെയെങ്കിലും എന്തെങ്കിലും കളഞ്ഞുപോയാല്‍ എന്നെയാവും സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുക. അന്നേദിവസം ഞാന്‍ ക്ലാസിലില്ലെന്നു പറഞ്ഞപ്പോള്‍ ഒരു ടീച്ചര്‍ പറഞ്ഞത് ഓര്‍മയുണ്ട്: ഈ ക്ലാസില്‍ മോഷ്ടിക്കേണ്ട ആവശ്യം അഖിലിനേ ഉള്ളൂ. ഞാനെന്തു പണിക്കുപോയാലും അവിടെയുള്ളവര്‍ക്ക് എന്നെയിഷ്ടമാവില്ല. കുറച്ചുകാലംകൊണ്ട് പറഞ്ഞുവിടും. എഴുതിയപ്പോള്‍ മാത്രമാണ് മറ്റുള്ളവരില്‍നിന്ന് നല്ലതുകേട്ടത്. അതുകൊണ്ടുതന്നെയാണ് ഞാനെഴുതുന്നതും.

ജെ.സി.ബി. ഡ്രൈവറുടെ ജോലി ആയാസകരമല്ലേ?

=നല്ല ചൂടായിരിക്കും എപ്പോഴും. അത് സഹിക്കാന്‍ ബുദ്ധിമുട്ടാണ്. കടുത്തചൂടില്‍ കഴിയുന്നതു കാരണം ഞാന്‍ നോണ്‍വെജ് കഴിക്കാറില്ല. ഈ നാട്ടില്‍ ഒന്നുരണ്ട് അടി കുഴിച്ചാല്‍ത്തന്നെ പാറയാണ്. പിന്നെ പാറ പൊട്ടിക്കണം. ജെ.സി.ബി.യുടെ കൈകൊണ്ട് പാറയില്‍ ഇടിക്കുമ്പോള്‍ നല്ല കുലുക്കമുണ്ടാവും. അതുകാരണം നടുവിന് വേദനയുണ്ട്. ഡിസ്‌കിന് തേയ്മാനമുണ്ടോ എന്ന് സംശയമുണ്ട്. എന്നാലും ജോലിയില്‍നിന്ന് ജീവിക്കാനുള്ള പണം കിട്ടും. അതാണല്ലോ പ്രധാനം. ഇപ്പോള്‍ എഴുത്തില്‍നിന്ന് ചെറിയ വരുമാനം കിട്ടിത്തുടങ്ങിയിട്ടുണ്ട്.

ആദ്യ കഥകള്‍ എങ്ങനെയാണ് അഖിലിന്റെ മനസ്സില്‍ രൂപപ്പെട്ടത്...

=ഞാന്‍ പറഞ്ഞല്ലോ, രാത്രിയില്‍ നടക്കുമ്പോള്‍ പേടിമാറ്റുന്നതിന് മനസ്സില്‍ ഒരു കാര്യമിട്ട് ഇങ്ങനെ ചിന്തിക്കും. അതിന്റെ പിറകോട്ടും മുന്നിലോട്ടും ഡെവലപ് ചെയ്തുനോക്കും. അങ്ങനെ കുറച്ചുകഴിയുമ്പോള്‍ സംഭാഷണങ്ങള്‍വരെ മനസ്സില്‍വരും. അങ്ങനെയാണ് സിനിമയ്ക്ക് കഥയെഴുതാമെന്നു ചിന്തിച്ചത്.

സിനിമയെഴുതാന്‍ ഇപ്പോള്‍ ശ്രമിക്കാറുണ്ടോ

=ഇപ്പോള്‍ സിനിമയെഴുതാനുള്ള ഒരു താത്പര്യം ഉണ്ടാവുന്നില്ല. കഥകള്‍ വായിച്ച് പലരും സിനിമയ്‌ക്കെഴുതുന്നതിനു വിളിച്ചിരുന്നു. പക്ഷേ, ഇപ്പോഴതിന് ശ്രമിക്കുന്നില്ല. കുറച്ചുകാലംകഴിഞ്ഞ് ഞാനതിന് ഇനിയും തുനിഞ്ഞെന്നുവരാം.

പുതിയ നോവലായ സിംഹത്തിന്റെ കഥയിലെയും മറ്റും ഭാഷയും രചനാരീതിയും വളരെ പുതുമയുള്ളതാണെന്നുതോന്നി. ഈ ഭാഷയെങ്ങനെയാണ് വികസിച്ചുവന്നത്.

=ഞാനെഴുതിയത് മറ്റാര്‍ക്കും വായിക്കാന്‍ കൊടുത്തിരുന്നില്ല. കാരണം, വീട്ടിനടുത്തൊന്നും അങ്ങനത്തെ വായനക്കാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എഡിറ്റുചെയ്യാത്ത ഭാഷയാണ് എന്റേത്. പിന്നെ വലിയ പദസമ്പത്തുണ്ടാവാനുള്ള വായനവും എനിക്കില്ല. അതെവിടെനിന്ന് കിട്ടുന്നുവെന്ന് സത്യംപറഞ്ഞാല്‍ എനിക്കറിയില്ല. സ്വാഭാവികമായ ഭാഷയായതുകൊണ്ടാവും നിങ്ങള്‍ക്കങ്ങനെ തോന്നുന്നത്. പിന്നെ വലിയ തെറ്റില്ലാത്ത ഭാഷയാണെന്ന് നന്നായി വായിക്കുന്നവര്‍ പറഞ്ഞപ്പോള്‍ എനിക്കൊരു ആത്മവിശ്വാസം വന്നു.

കഥകള്‍ ആളുകള്‍ ശ്രദ്ധിക്കുന്നെന്നു മനസ്സിലായത് എപ്പോഴാണ്?

=അതിനുകാരണം പ്രധാനമായും ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ബിപിന്‍ചന്ദ്രന്‍ സാറാണ്. ഓണ്‍ലൈനില്‍ പുസ്തകം ഓര്‍ഡര്‍ചെയ്ത് വായിച്ചാണ് ബിപിനേട്ടന്‍ വിളിക്കുന്നത്. തിരക്കഥാകൃത്ത് ബിപിന്‍ചന്ദ്രനാണെന്നു പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് മനസ്സിലായി. അതിനൊരു കാരണമുണ്ട്. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം അഭിനയിക്കാന്‍ അവസരം ചോദിച്ചുപോവുമ്പോള്‍ അതിലെ സംവിധായകന്‍ അയാളോട് ഇരിക്കാന്‍ പറയുന്നുണ്ട്. ഞാനതുവരെ കഥപറയാന്‍പോയ സംവിധായകരാരും എന്നോട് ഇരിക്കാന്‍ പറഞ്ഞിട്ടില്ല. അപ്പോള്‍ ഇങ്ങനെ ഇരിക്കാന്‍ പറയുന്ന രംഗം എഴുതിയത് ആരാണെന്ന് അറിയണമെന്നുതോന്നി. സിനിമകഴിഞ്ഞപ്പോള്‍ തിയേറ്ററിനുപുറത്തുള്ള പോസ്റ്ററില്‍ ആ പേര് നോക്കിവെച്ചു. അങ്ങനെ മനസ്സില്‍പ്പതിഞ്ഞ പേരാണത്. ബിപിനേട്ടന്‍ എന്നോട് സംസാരിച്ചശേഷം എന്റെ കഥാസമാഹാരത്തിലെ ഒരു കഥ സിനിമയാക്കാന്‍ താത്പര്യമുണ്ടെന്നു പറഞ്ഞ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. അതിനുശേഷം അദ്ദേഹം പത്രത്തിലും എന്റെ കഥകളെക്കുറിച്ചെഴുതി. അതോടെയാണ് ആളുകള്‍ നീലച്ചടയന്‍ തിരഞ്ഞുപിടിച്ച് വായിക്കാന്‍ തുടങ്ങിയത്.

Akhil with family
അഖില്‍ കുടുംബത്തോടൊപ്പം

കഥകള്‍ വായിച്ചിട്ട് ആളുകള്‍ വിളിക്കാറുണ്ടോ

= ഒരിക്കല്‍ ബെന്യാമിന്‍സാര്‍ വിളിച്ചിരുന്നു. അദ്ദേഹം കുറെ നല്ല വാക്കുകള്‍ പറഞ്ഞു. എന്റെ പുതിയ പുസ്തകത്തില്‍ ചേര്‍ക്കുന്നതിനായി ഒരു കുറിപ്പും എഴുതിത്തന്നു. സിനിമയില്‍നിന്നും പലരും വിളിച്ചു. അതിരന്റെ സംവിധായകന്‍ വിവേക് സാര്‍, പിന്നെ ജോയ് മാത്യു സാര്‍. ജോയ് മാത്യു സാര്‍ കുറേനേരം സംസാരിച്ചു. അതെനിക്ക് വലിയ ആത്മവിശ്വാസം തന്നു.

കുടുംബത്തിനുള്ളില്‍നിന്ന് എഴുത്തിന് പ്രോത്സാഹനം ലഭിച്ചിരുന്നില്ലേ?

=എന്റെ അച്ഛനും അമ്മയുമൊന്നും അങ്ങനെ വായിക്കുന്നവരല്ല. പക്ഷേ, വീടിനടുത്ത് എന്റെ അമ്മയുടെ ബന്ധുവായ ചേച്ചിയുണ്ട്. പേര് കാവ്യ. ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തില്‍ ജേണലിസ്റ്റായിരുന്നു, പിന്നീട് മലയാളം സര്‍വകലാശാലയില്‍ അധ്യാപികയായും ജോലിചെയ്തിരുന്നു. കാവ്യച്ചേച്ചിയും അവരുടെ അച്ഛനുമെല്ലാം നല്ല വായനക്കാരണ്. അവരുടെ സുഹൃത്തുക്കളുമായെല്ലാം സാഹിത്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേട്ടിരിക്കുമായിരുന്നു. ചേച്ചി കുറെ സഹായിച്ചിട്ടുണ്ട്.

സുഹൃത്തുക്കള്‍ ഇല്ലേ?

=നാട്ടില്‍ തീരേ കുറവാണ്. ഫെയ്സ്ബുക്കില്‍നിന്നു കിട്ടിയ സുഹൃത്തുക്കളുമായായിരുന്നു അടുപ്പം. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട ഒരു സുഹൃത്ത് ട്രെയിനില്‍ പയ്യന്നൂര്‍വഴി കടന്നുപോവുമ്പോള്‍ കാണാന്‍പറ്റുമോയെന്ന് ചോദിച്ച് വിളിച്ചു. അവനൊപ്പം ഒരു സുഹൃത്തുകൂടിയുണ്ടെന്നും പറഞ്ഞു. ഞാന്‍ ഹോട്ടലില്‍നിന്ന് രണ്ടു ബിരിയാണിയൊക്കെ വാങ്ങി കാണാന്‍പോയി. സംസാരിച്ചശേഷം വണ്ടി നീങ്ങുമ്പോള്‍ അവന്‍ സുഹൃത്തിനോട് പറഞ്ഞു: ''ഇതെന്റെ സുഹൃത്താണ്. എഴുതുകയൊക്കെ ചെയ്യും. കണ്ടാല്‍ പേടിയാവുമെന്നേയുള്ളൂ. ആള് പാവമാണ്.'' നാട്ടില്‍നിന്ന് അത്തരം അനുഭവം കുറേയുണ്ടായിട്ടുണ്ട്. അന്നത്തെ സംഭവം എന്നെ വല്ലാതെ ബാധിച്ചു. അതിനുശേഷം അങ്ങനെയാരെയും കാണാനൊന്നും പോവാറില്ലായിരുന്നു.

കാവിമുണ്ടും ഷര്‍ട്ടും തന്നെയാണോഎഴുത്തുകാരന്റെ വേഷം?

=വസ്ത്രങ്ങള്‍ അത്ര നല്ലതൊന്നും ഉണ്ടായിരുന്നില്ല. അതിനുള്ള കാശില്ലായിരുന്നു. വലിയ താത്പര്യവും തോന്നിയിരുന്നില്ല. ആദ്യമായി ഒരു പാന്റ്‌സ് വാങ്ങുന്നത് രണ്ടാഴ്ചമുമ്പ് 'സിംഹത്തിന്റെ കഥ' പ്രകാശനംചെയ്യുന്നതിന്റെ തലേദിവസമാണ്. അനിയന്‍ പറഞ്ഞു: ''എം. മുകുന്ദന്‍സാറെപ്പോലെ വലിയ ആളുകളൊക്കെ വരുന്നതല്ലേ, ഒരു പാന്റ്സിട്ടുപോവുന്നതാണ് നല്ലത്.'' അങ്ങനെയാണ് ഞാന്‍ ആദ്യമായി പാന്റ്‌സ് വാങ്ങുന്നതും ധരിക്കുന്നതും.

പ്രണയം ഉണ്ടായിട്ടുണ്ടോ?

book cover
അഖില്‍.കെ എഴുതിയ നോവല്‍ വാങ്ങാം
">
അഖില്‍.കെ എഴുതിയ നോവല്‍ വാങ്ങാം

=ഇല്ല. സ്‌നേഹിക്കപ്പെടാനോ അംഗീകരിക്കപ്പെടാനോയുള്ള എന്തെങ്കിലും യോഗ്യത എനിക്കുള്ളതായി തോന്നിയിട്ടില്ല. അതുകൊണ്ട് അതിനു ശ്രമിച്ചിട്ടുമില്ല. അതില്‍ വലിയ വിഷമവും തോന്നിയിട്ടില്ല. പിന്നെ കഥകള്‍ വായിക്കുന്ന ചില സുഹൃത്തുക്കള്‍ ചില സമ്മാനങ്ങള്‍ തരാറുണ്ട്. ഞാനിട്ടിരിക്കുന്ന ഈ ഷര്‍ട്ട് ഒരു ചേച്ചി വാങ്ങിത്തന്നതാണ്. ഈ വാച്ച് കഥ വായിക്കുന്ന എഫ്.ബി.യിലെ ഒരു സുഹൃത്ത് അയച്ചുതന്നതാണ്. അതൊക്കെ മാറ്റിനിര്‍ത്തിയാല്‍ എനിക്ക് സുഹൃത്തുക്കളും ഉറ്റവരും പൊതുവേ കുറവാണ്.

അഖിലിന്റെ ആദ്യനോവലായ'സിംഹത്തിന്റെ കഥ'യുടെ പ്രകാശനച്ചടങ്ങിലെ മുഖ്യസാന്നിധ്യം എം. മുകുന്ദനായിരുന്നു. ആ സമയത്തുതന്നെയായിരുന്നു എം. മുകുന്ദന് 25 ലക്ഷം രൂപ പ്രതിഫലത്തുകയുള്ള ജെ.സി.ബി. പുരസ്‌കാരം ലഭിച്ചത്. തന്റെ പ്രസംഗത്തിനിടെ അഖില്‍ മുകുന്ദനെ നോക്കി പറഞ്ഞു: ''സാറിന് അവാര്‍ഡുതന്ന അതേ കമ്പനിയുടെ ജെ.സി.ബി.യാണ് ഞാന്‍ ഓടിക്കുന്നത്''. അതുകേട്ട് മുകുന്ദന്‍ സ്‌നേഹത്തോടെ ചിരിച്ചു. അതേ കമ്പനിതന്നെയെന്ന് തലകുലുക്കി സമ്മതിച്ചു. ശേഷം അഖിലിനോട് കുറെ സംസാരിച്ചു.

അതെ, അഖിലിന് ജെ.സി.ബി. ഒരവാര്‍ഡിന്റെ പേരല്ല; സ്വന്തം ജീവിതമാണ്!

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
balu

2 min

അതിര് | ഒരു കൊറോണക്കാല വിചാരം

Mar 24, 2020


ഒളപ്പമണ്ണ, ചങ്ങമ്പുഴ ഫോട്ടോ: മാതൃഭൂമി

2 min

'നാളെ എന്റെ പേരില്‍ മന അറിയപ്പെടില്ലെന്നാരുകണ്ടു?';ചങ്ങമ്പുഴയ്ക്ക് ഒളപ്പമണ്ണയുടെ മറുപടി

Jan 10, 2023


sudha murthy

5 min

വിശന്നുപൊരിഞ്ഞിരിക്കുമ്പോഴും 'ഇപ്പോ കഴിച്ചതേയുള്ളൂ' എന്ന മലയാളിപത്രാസ് ഒടിച്ചുമടക്കി സുധാമൂര്‍ത്തി

Dec 27, 2022


Most Commented